

തൻ്റെ നയപരിപാടികളിൽ മാറ്റമില്ലെന്നു കാണിക്കുന്ന ഉത്തരവുകൾ പുറത്തിറക്കി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തൻ്റെ രണ്ടാം വാഴ്ച ആരംഭിച്ചു. യുഎസിൽ ജനിച്ചതു കൊണ്ടു മാത്രം പൗരത്വം നൽകില്ലെന്നും എല്ലാ ഇറക്കുമതികൾക്കും ചുങ്കം ഉയർത്തുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ചൈനീസ് ഇറക്കുമതിക്കുള്ള അധികച്ചുങ്കം പഠനത്തിനു ശേഷമേ ഉണ്ടാകൂ. കാനഡയ്ക്കും മെക്സിക്കോയ്ക്കും അധികച്ചുങ്കം ഈ മാസം ചുമത്തും. നിർമിതബുദ്ധി ചിപ്പുകളുടെ കയറ്റുമതി നിയന്ത്രിച്ച ബൈഡൻ്റെ ഉത്തരവ് റദ്ദാക്കിയതാണ് ഇന്നലെ ഇന്ത്യക്കു പ്രയോജനകരമായി സംഭവിച്ച ഏക കാര്യം.
ലോകാരോഗ്യ സംഘടനയിലും കാലാവസ്ഥാ മാറ്റം പ്രതിരോധിക്കാനുള്ള പാരീസ് ഉടമ്പടിയിലും നിന്നു യുഎസ് പിന്മാറുന്നതിനും ഇന്നലെ ഉത്തരവിറങ്ങി.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,475 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,406 ലേക്കു താഴ്ന്നിട്ട് 23,420 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ചെറിയ നേട്ടത്താേടെ ക്ലോസ് ചെയ്തു. ട്രംപിൻ്റെ നയങ്ങൾ കണ്ടിട്ടു പ്രതികരിക്കാനാണു വിപണി ഉദ്ദേശിക്കുന്നത്.
യുഎസ് വിപണി ഇന്നലെ അവധിയായിരുന്നു.
യുഎസ് ഫ്യൂച്ചേഴ്സ് ഗണ്യമായി ഉയർന്നിട്ടു താഴ്ന്നു. ഡൗ ജോൺസ് 0.65 ഉം എസ് ആൻഡ് പി 0.61 ഉം നാസ്ഡാക് 0.68 ഉം ശതമാനം നേട്ടത്തിൽ എത്തിയതായിരുന്നു. കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരേ ചുങ്കം ചുമത്തും എന്നു പ്രഖ്യാപിച്ചതോടെ സൂചികകൾ നഷ്ടത്തിലേക്കു മാറി.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.544 ശതമാനം ആയി താഴ്ന്നു. വിലക്കയറ്റ ഭീഷണി ഒഴിഞ്ഞെന്നു വിപണി കണക്കാക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം താഴ്ന്നു. ചെെനയ്ക്ക് എതിരായ ചുങ്കം ചുമത്തൽ കാര്യം വിശദമായി പഠിച്ച ശേഷം തീരുമാനിക്കും എന്ന് സൂചന ഉണ്ടായതാണ് ഉയർന്നു വ്യാപാരം തുടങ്ങാൻ പ്രേരണയായത്. ചെെനീസ് ഓഹരികൾ കയറ്റം തുടർന്നു.
ഡോണൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണത്തിൽ ആവേശം പ്രകടിപ്പിച്ചാണു തിങ്കളാഴ്ച ഇന്ത്യൻ വിപണി നീങ്ങിയത്. വെള്ളിയാഴ്ചത്തെ നഷ്ടം നികത്തി. വിദേശനിക്ഷേപകർ ഉയർന്ന തോതിൽ വിൽപന തുടരുകയും ചെയ്തു.
തിങ്കളാഴ്ച നിഫ്റ്റി 141.55 പോയിൻ്റ് (0.61%) ഉയർന്ന് 23,344.75 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 454.11 പോയിൻ്റ് (0.59%) കയറി 77,073.44 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 810.20 പോയിൻ്റ് (1.67%) കുതിച്ച് 49,350.80 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.91 ശതമാനം കയറി 55,106.20 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 1.09 ശതമാനം ഉയർന്ന് 17,864.65 ൽ ക്ലോസ് ചെയ്തു.
വാഹനങ്ങളും എഫ്എംസിജിയും ഒഴികെ എല്ലാ മേഖലകളും ഇന്നലെ ഉയർന്നു ക്ലോസ് ചെയ്തു. ബാങ്ക്, ധനകാര്യ മേഖലകൾ മികച്ച നേട്ടം ഉണ്ടാക്കി. പൊതുമേഖലാ ബാങ്കുകൾ 1.99 ഉം സ്വകാര്യ ബാങ്കുകൾ 2.38 ഉം ശതമാനം ഉയർന്നു. ഇന്നലെ മൂന്നാം പാദ റിസൽട്ട് പ്രഖ്യാപിച്ച പൊതുമേഖലാ ബാങ്കുകൾ മികച്ച ലാഭവർധന കാണിച്ചു.
വിദേശ നിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 4336.54 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 4321.96 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. വിദേശികൾ ഈ മാസം ഇതു വരെ 50,912.60 കോടിയുടെ ഓഹരികൾ വിറ്റിട്ടുണ്ട്.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2467 ഓഹരികൾ ഉയർന്നപ്പോൾ 1603 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1809 എണ്ണം ഉയർന്നു, താഴ്ന്നത് 1053 എണ്ണം.
വിപണിമനോഭാവം ബുള്ളിഷ് ആയി മാറുന്നുണ്ട്. നിഫ്റ്റി സൂചിക 23,400 നു മുകളിലേക്ക് കരുത്തോടെ കടന്നാൽ 23,600 വരെ വഴി തെളിയും. നിഫ്റ്റിക്ക് ഇന്ന് 23,220 ലും 23,085 ലും ഹ്രസ്വകാല പിന്തുണ കിട്ടാം. 23,385 ഉം 23,440 ഉം തടസങ്ങൾ ആകാം.
പഞ്ചസാം കയറ്റുമതി വിലക്ക് നീക്കിയത് പഞ്ചസാർ കമ്പനികളെ ഇന്നു സഹായിക്കും.
ടാറ്റാ ടെക്നോളജീസ്, ഡാൽമിയ ഭാരത്, ഇന്ത്യാ സിമൻ്റ്സ്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഐസിഐസിഐ പ്രൂഡൻഷ്യൽ, തൻല പ്ലാറ്റ്ഫോംസ്, പിഎൻബി ഹൗസിംഗ്, ഇന്ത്യ മാർട്ട്, യൂകോ ബാങ്ക് തുടങ്ങിയവ ഇന്നു റിസൽട്ട് പ്രസിദ്ധീകരിക്കും.
എൽ ആൻഡ് ടി ഫിനാൻസ് പലിശ വരുമാനം 11 ശതമാനം വർധിപ്പിച്ചപ്പോൾ ലാഭം രണ്ടു ശതമാനം ഇടിഞ്ഞു. പലിശ മാർജിൻ 8.97 ൽ നിന്ന് 8.5 ശതമാനം ആയി താണു.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൻ്റെ വരുമാനം 57.4 ശതമാനം കൂടിയ പേ
പാൾ പ്രവർത്തന ലാഭം 10 മടങ്ങായി. അറ്റാദായം 5.4 കോടിയിൽ നിന്നു 160 കോടിയായി.
ഓബറായ് റിയൽറ്റിയുടെ വരുമാനം 34 ശതമാനവും അറ്റാദായം 71.7 ശതമാനവും കുതിച്ചു. ലാഭമാർജിൻ 48.3 ൽ നിന്ന് 60.7 ശതമാനമായി.
ഡിക്സൺ ടെക്നോളജീസ് വരുമാനം 117 ശതമാനവും അറ്റാദായം 122.8 ശതമാനവും കുതിച്ചു.
സൺടെക് റിയൽറ്റി വരുമാനം 281 ശതമാനം ഉയർന്നപ്പോൾ അറ്റാദായം നാലു മടങ്ങിലധികമായി.
ഡോണൾഡ് ട്രംപ് പറഞ്ഞ കാര്യങ്ങൾ പലതും നീട്ടിവച്ചു. ഇറക്കുമതിച്ചുങ്കം കൂട്ടൽ പെട്ടെന്നു നടപ്പാക്കുന്നില്ലെന്നു വച്ചതായി സൂചന. ഇതോടെ സ്വർണമടക്കം പല ആസ്തികളും വിലയുടെ ഗതി നിർണയിക്കാൻ പറ്റാത്ത നിലയിലായി. തിങ്കളാഴ്ച സ്വർണം ഔൺസിന് 5.60 ഉയർന്ന് 2708.60 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 2717 ഡോളറിലേക്കു കയറി.
കേരളത്തിൽ തിങ്കളാഴ്ച സ്വർണവില പവന് 120 രൂപ കൂടി 59,600 രൂപയിൽ എത്തി.
വെള്ളിവില ഔൺസിന് 30.40 ഡോളറിലേക്ക് താണു.
ഇറക്കുമതിച്ചുങ്കം വർധിപ്പിക്കാനുള്ള ഉത്തരവ് പഠനങ്ങൾക്കു ശേഷം മാത്രം എന്നു പുതിയ യുഎസ് ഭരണകൂടം സൂചിപ്പിച്ചത് ഡോളർ സൂചികയെ വലിച്ചു താഴ്ത്തി. സൂചിക 108.09 ഡോളറിൽ ക്ലോസ് ചെയ്തു. തലേന്നത്തേക്കാൾ 1.26 കുറവ്. ഇന്നു രാവിലെ സൂചിക 107.97 വരെ താഴ്ന്നിട്ട് 108.75 വരെ കയറി. പിന്നീട് അൽപം താഴ്ന്നു. ട്രംപ് ഭരണകൂടത്തിൻ്റെ നയങ്ങൾ പുറത്തുവരുന്നതനുസരിച്ച് സൂചിക ചാഞ്ചാടുകയാണ്
രൂപ തിങ്കളാഴ്ച നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു വീണ്ടും താഴ്ന്നു ഡോളർ 86.47 രൂപയിൽ ഓപ്പൺ ചെയ്തു. പക്ഷേ ക്രമേണ കയറി 86.57 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു സാഹചര്യങ്ങൾ മാറുന്നില്ലെങ്കിൽ രൂപയ്ക്കു ഗണ്യമായ കയറ്റം പ്രതീക്ഷിക്കാം.
ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും എണ്ണഖനനം വർധിപ്പിക്കാനും ഉള്ള തീരുമാനങ്ങൾ ഡോണൾഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചത് ക്രൂഡ് ഓയിൽ വില അൽപം താഴ്ത്തി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 79.79 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 80.10 ഡോളർ വരെ കയറി.ഡബ്ല്യുടിഐ ഇനം 76.74 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 83.40 ഡോളറിലും നിൽക്കുന്നു.
ക്രിപ്റ്റോ കറൻസികൾ ഇന്നലെ ആവേശത്തോടെ കുതിച്ചുയർന്നിട്ടു താഴ്ന്നു. ബിറ്റ് കോയിൻ 1,09,350 വരെ എത്തിയിട്ട് താഴ്ന്നു. ഇന്നു രാവിലെ 1,02,000 നു താഴെയാണ്.
ഈഥർ വില 3250 ഡോളറിനടുത്താണ്. ക്രിപ്റ്റോകൾ ഈയാഴ്ച വീണ്ടും കയറും എന്നാണു നിഗമനം. ക്രിപ്റ്റോകൾക്കു നിയമസാധുത നൽകാൻ ട്രംപ് നടപടി എടുക്കും എന്നു ക്രിപ്റ്റോ ബുള്ളുകൾ കരുതുന്നു.
വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ചയും ഭിന്നദിശകളിലായി. ചെമ്പ് 0.89 ശതമാനം ഉയർന്ന ടണ്ണിന് 9162.85 ഡോളറിലെത്തി. അലൂമിനിയം 0.26 ശതമാനം കയറി 2691.35 ഡോളർ ആയി. സിങ്ക് 0.27 ഉം ലെഡ് 0.65 ഉം ശതമാനം ഉയർന്നു. ടിൻ 0.20ഉം നിക്കൽ 1.03 ഉം ശതമാനം താഴ്ന്നു.
(2024 ജനുവരി 20, തിങ്കൾ)
സെൻസെക്സ് 30 77,073.44 +0.59%
നിഫ്റ്റി50 23,344.75 +0.61%
ബാങ്ക് നിഫ്റ്റി 49,350.80 +1.67%
മിഡ് ക്യാപ് 100 55,106.20 +0.91%
സ്മോൾ ക്യാപ് 100 17,864.65 +1.09%
ഡൗ ജോൺസ് 43,487.83 +0.0%
എസ് ആൻഡ് പി 5996.32 +0.00%
നാസ്ഡാക് 19,630.20 +0.00%
ഡോളർ($) ₹86.57 -₹0.04
ഡോളർ സൂചിക 108.09 -1.26
സ്വർണം (ഔൺസ്) $2708.60 +$05.60
സ്വർണം(പവൻ) ₹59,600 +₹120.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $79.79 -$01.00
Read DhanamOnline in English
Subscribe to Dhanam Magazine