മുന്നേറ്റം നിലനിർത്താൻ പറ്റുമോ? മൺസൂൺ നേരത്തേ വരുന്നത് കൃഷിക്ക് സഹായം; ക്രൂഡ് ഓയിൽ വീണ്ടും 66 ഡോളറിനു മുകളിൽ

സ്വര്‍ണം കുതിച്ചു; ഡോളര്‍ സൂചിക ഇടിയുന്നു
TCM, Morning Business News
Morning business newscanva
Published on

വിപണികൾ ആശങ്കയിലാണ്. സമീപകാല കയറ്റം നിലനിർത്താനാകുമോ എന്നു പല കേന്ദ്രങ്ങളും സംശയിക്കുന്നു. യുഎസ് വിപണി ഇന്നലെ താഴുകയും ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു നീങ്ങുകയും ചെയ്യുന്നു. ഇറാൻ - യുഎസ് ചർച്ചയിൽ വേണ്ടത്ര പുരോഗതി ഉണ്ടാകാത്തതു ക്രൂഡ് ഓയിൽ വിലയെ 66 ഡോളറിനു മുകളിൽ കയറ്റി.

ഇന്ത്യയിലെ കാലവർഷം നാലു ദിവസത്തിനകം വൻകരയിൽ പെയ്തു തുടങ്ങും എന്നാണു കാലാവസ്ഥ വകുപ്പ് പറയുന്നത്. പതിവിലും നേരത്തേ മൺസൂൺ വരുന്നതു ഖാരിഫ് കൃഷിക്കു നേട്ടമാകും.

ഏപ്രിലിൽ കാതൽ വ്യവസായ മേഖലകളിലെ വളർച്ച എട്ടുമാസത്തെ ഏറ്റവും താഴ്ന്ന 0.5 ശതമാനമായി കുറഞ്ഞു. വ്യവസായ ഉൽപാദന സൂചികയിൽ 41 ശതമാനം പങ്കാണു കാതൽ മേഖലയ്ക്ക്  ഉള്ളത്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,805.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,791 ലേക്കു താഴ്ന്നു. പിന്നീട് അൽപം കയറി. ഇന്നു വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച നേട്ടത്തിൽ അവസാനിച്ചു. ദുർമേദസ് ചികിത്സിക്കാനുള്ള വിഗോവി മരുന്നിനു വിപണിയിൽ മത്സരം കൂടിയതിനെ തുടർന്നു സിഇഒയെ പുറത്താക്കിയ നോവോ നോർഡിസ്ക് ഓഹരി 3.3 ശതമാനം ഉയർന്നു. നഷ്ടത്തിലാകുകയും ഈ വർഷം കാര്യങ്ങൾ പന്തിയല്ലെന്ന് വ്യക്തമാക്കുകയും ചെയ്ത വോഡഫോൺ പിഎൽസി ഓഹരി ഏഴു ശതമാനം കുതിച്ചു. നഷ്ടം പ്രതീക്ഷിച്ചിരുന്നതാണെന്ന് അനാലിസ്റ്റുകൾ പറഞ്ഞു.

യുഎസ് വിപണി ആറു ദിവസത്തെ മുന്നേറ്റത്തിൽ നിന്നു മാറി ഇന്നലെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. റേറ്റിംഗ് താഴ്ത്തലിനെ ഇന്നലെ അവഗണിച്ച വിപണി ജെപി മോർഗൻ ചേയ്സ് മേധാവി ജെയ്മീ ഡൈമൺ നൽകിയ മുന്നറിയിപ്പ് ശ്രദ്ധിച്ചു. വളർച്ച മുരടിക്കുകയും വിലക്കയറ്റം പിടിവിടുകയും ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടിട്ടും വിപണി അതു ഗൗനിക്കുന്നില്ലെന്നു പറഞ്ഞ ഡൈമൺ വലിയ തകർച്ചയിലേക്കാണു വിപണി പോകുന്നതെന്നു മുന്നറിയിപ്പ് നൽകി. വ്യാപാരയുദ്ധപ്രഖ്യാപനത്തെ തുടർന്ന് 20 ശതമാനം വരെ ഇടിഞ്ഞ യുഎസ് വിപണി കഴിഞ്ഞ ഒരു മാസം കൊണ്ടു നഷ്ടം നികത്തി സർവകാല റെക്കോർഡിൽ നിന്നു മൂന്നു ശതമാനം താഴെ എത്തി നിൽക്കുകയാണ്.

ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 114.83 പോയിൻ്റ് (0.27%) താഴ്ന്ന് 42,677.24 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 23.14 പോയിൻ്റ് (0.39%) കുറഞ്ഞ് 5940.46 ൽ അവസാനിച്ചു. നാസ്ഡാക് 72.75 പോയിൻ്റ് (0.38%) നഷ്ടത്താേടെ  19,142.71 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ന്നു. ഡൗ 0.23 ഉം  എസ് ആൻഡ് പി 0.22 ഉം നാസ്ഡാക് 0.23 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു. 

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ സൂചിക കാൽ ശതമാനം താഴ്ന്നു. ജാപ്പനീസ് കയറ്റുമതി തുടർച്ചയായ രണ്ടാം മാസവും ഇടിഞ്ഞു. ഓസ്ട്രേലിയ, കൊറിയ, ഹോങ് കോങ്,  ഷാങ് ഹായ് സൂചികകൾ ഉയർന്നു വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി കൂടുതൽ താഴ്ചയിൽ

ഇന്ത്യൻ വിപണി ഇന്നലെ വലിയ വീഴ്ചയിലായി. വിദേശനിക്ഷേപകർ വൻതോതിൽ വിൽപനക്കാരായി. വിപണിയിൽ വാങ്ങലുകാർ കുറഞ്ഞു. എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് തുടങ്ങിയ വമ്പൻ ഓഹരികളുടെ വീഴ്ചയും വിപണിയെ താഴോട്ടു വലിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ നല്ല മുന്നേറ്റം നടത്തിയ പ്രതിരോധ ഓഹരികൾ ഇന്നലെയും തകർച്ചയിലായി.

ചൊവ്വാഴ്ച നിഫ്റ്റി 261.55 പോയിൻ്റ് (1.05%) താഴ്ന്ന് 24,683.90 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 872.98 പോയിൻ്റ് (1.06%) നഷ്ടത്തോടെ 81,186.44 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 543.35 പോയിൻ്റ് (0.98%) താഴ്ന്ന് 54,877.35 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 922.80 പോയിൻ്റ് (1.62 ശതമാനം) ഇടിഞ്ഞ് 56,182.65 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 166.65 പോയിൻ്റ് (0.94 ശതമാനം) താഴ്ന്ന് 17,483.00 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി മാറി. ബിഎസ്ഇയിൽ 1341 ഓഹരികൾ ഉയർന്നപ്പോൾ 2642 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ  ഉയർന്നത് 915 എണ്ണം. താഴ്ന്നത് 1974 ഓഹരികൾ.

എൻഎസ്ഇയിൽ 49 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 18 എണ്ണമാണ്. 117 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 55 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ചാെവ്വാഴ്ച ക്യാഷ് വിപണിയിൽ 10,016.10 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 6738.39 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റി 24,800 ലെ പിന്തുണ തകർത്തു താഴോട്ടു വീണ നിഫ്റ്റി ഇനി കാണുന്ന പിന്തുണ 24,500 ലാണ്. അവിടെ നിന്നില്ലെങ്കിൽ 24,380 - 24,240 മേഖല വരെ നീങ്ങാം. ഇന്നു നിഫ്റ്റിക്ക് 24,650 ഉം 24,450 ഉം പിന്തുണയാകും. 24,920 ലും 25,000 ലും തടസം ഉണ്ടാകാം.

സ്വർണം കുതിച്ചു

അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയതിനു തിങ്കളാഴ്ച വലിയ ഗൗരവം നൽകാതിരുന്ന വിപണികൾ  ഇന്നലെ പ്രതികരിച്ചു. ഡോളർ സൂചിക ഇടിഞ്ഞു, സ്വർണം കുതിച്ചു. ഔൺസിന് 61.70 ഡോളർ ഉയർന്ന് 3292.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില ഔൺസിന്  3306 ഡോളർ വരെ എത്തിയിട്ട് 3296 ലേക്കു താഴ്ന്നു

കേരളത്തിൽ ഇന്നലെ പവന് 360 രൂപ കുറഞ്ഞ് വില 69,680 രൂപയിൽ എത്തി. 

വെള്ളിവില ഔൺസിന് 33.15 ഡോളറിലാണ്.

ചൊവ്വാഴ്ച വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായി. ചെമ്പുവില 0.14 ശതമാനം താഴ്ന്ന് ടണ്ണിന് 9528.85 ഡോളറിൽ എത്തി. അലൂമിനിയം വില 1.35 ശതമാനം ഉയർന്ന് ടണ്ണിന് 2476.01 ഡോളർ ആയി. ടിൻ 0.16 ഉം ലെഡ് 0.67 ഉം ശതമാനം താഴ്ന്നു. നിക്കലും സിങ്കും 0.27 ശതമാനം വീതം ഉയർന്നു.

രാജ്യാന്തര വിപണിയിൽ റബർ വില 0.17 ശതമാനം താഴ്ന്നു കിലോഗ്രാമിന് 172.50 സെൻ്റിൽ എത്തി. കൊക്കോ 0.05 ശതമാനം ഉയർന്ന് 10,910.61 ഡോളറിൽ എത്തി. കാപ്പി 1.61 ശതമാനം താഴ്ന്നു. പാമോയിൽ വില 0.67 ശതമാനം ഉയർന്നു.

ഡോളർ സൂചിക ഇടിയുന്നു

 ഡോളർ സൂചിക ചൊവ്വാഴ്ച താഴ്ന്ന് 100.12 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.94 ലേക്കു താഴ്ന്നു.

യൂറോ 1.12 93 ഡോളറിലേക്കും പൗണ്ട് 1.3403 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 144.26 യെൻ എന്ന നിരക്കിലേക്ക് കയറി.

ഇന്നു യുഎസ് കടപ്പത്രവില നാമമാത്രമായി താഴ്ന്നു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.495 ശതമാനത്തിലേക്കു കയറി. 

രൂപ വെള്ളിയാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങി, കൂടുതൽ താഴ്ന്ന് അവസാനിച്ചു. ഡോളർ 24 പൈസ വർധിച്ച് 85.64 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.22 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.

ക്രൂഡ്  ഓയിൽ കയറി

ക്രൂഡ് ഓയിൽ ഇന്നലെ നാമമാത്രമായി താഴ്ന്നിട്ട് ഇന്നു കയറി. ബ്രെൻ്റ് ഇനം ഇന്നലെ ബാരലിന് 65.38 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ ബ്രെൻ്റ് 66.39 ഉം ഡബ്ല്യുടിഐ 62.85 ഉം മർബൻ ക്രൂഡ് 65.83 ഉം  ഡോളറിൽ ആണ്.

ക്രിപ്റ്റോകൾ  ഉയർന്നു

ക്രിപ്റ്റോ കറൻസികൾ വീണ്ടും ഉയർന്നു. ബിറ്റ് കോയിൻ  ഇന്ന് 1,07,000 ഡോളർ കടന്നിട്ട് അൽപം താഴ്ന്നു. ഈഥർ 2530 ഡോളറിനടുത്തു തുടരുന്നു. 

വിപണിസൂചനകൾ

(2025 മേയ് 20, ചൊവ്വ)

സെൻസെക്സ്30   81,186.44     -1.06%

നിഫ്റ്റി50       24,683.90         -1.05%

ബാങ്ക് നിഫ്റ്റി   54,877.35       -0.98%

മിഡ് ക്യാപ്100   56,182.65     -1. 62%

സ്മോൾക്യാപ്100  17,483.00    -0.94%

ഡൗജോൺസ്   42,677.24     -0.27%

എസ്ആൻഡ്പി   5940.46      -0.39%

നാസ്ഡാക്      19,142.71     -0.38%

ഡോളർ($)     ₹85.64        +₹0.24

സ്വർണം(ഔൺസ്) $3292.20   +$61.70

സ്വർണം(പവൻ)    ₹69,680      -₹360

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $65.38   -$0.16 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com