

ഇന്ത്യൻ വിപണി ഇന്ന് ആവേശത്തുടക്കമാണു പ്രതീക്ഷിക്കുന്നത്. ഇന്നലെ യുഎസ് വിപണി കുതിച്ചതും ഇന്ന് ഏഷ്യൻ വിപണികൾ കയറ്റത്തിലായതും നിക്ഷേപകർക്കു പ്രത്യാശ പകരുന്നു. ക്രൂഡ് ഓയിൽ വില 110 ഡോളറിൽ തുടരുന്നുണ്ടെങ്കിലും രൂപ ഇന്നു നേട്ടം ഉണ്ടാക്കും എന്നാണു പ്രതീക്ഷ.
വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,035.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,041 വരെ ഉയർന്നു. ഇന്ത്യൻ വിപണി ഇന്നു മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
ഇറാനിൽ പാക്കിസ്ഥാൻ്റെയും ഖത്തറിൻ്റെയും പ്രതിനിധികൾ ഇന്നലെ ചർച്ച നടത്തിയെങ്കിലും സമാധാന സാധ്യത തെളിഞ്ഞിട്ടില്ല. നവംബർ മൂന്നിലെ യുഎസ് തെരഞ്ഞെടുപ്പു കഴിയുന്നതു വരെ വലിയ സംഭവവികാസങ്ങൾ പ്രതീക്ഷിക്കുന്നില്ല. ക്രൂഡ് ഓയിൽ വില 110 ഡോളറിനടുത്തു നിൽക്കുകയാണ്. ഇന്ധനവില ഇനിയും ഉയർത്താൻ ഹോർമുസിലും സൗദി അറേബ്യയിലും ആക്രമണം വർധിപ്പിക്കാൻ ഇറാൻ ശ്രമിക്കും എന്നു വിപണി ഭയക്കുന്നു.
യുക്രെയ്നിൽ യുഎസ് സംഘം ഇന്നു ചർച്ചയ്ക്കായി എത്തുന്നുണ്ട്. ഊർജമേഖലയിലെ ആക്രമണങ്ങൾ കുറയ്ക്കാനാകും അവർ സമ്മർദം ചെലുത്തുക.
യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്നലെ മുംബൈയിൽ എത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി. ഇന്ത്യ-യുഎസ് വ്യാപാര കരാർ ആഴ്ചകൾക്കകം ഒപ്പിടും എന്നു റൂബിയോ പറഞ്ഞു. ഇതേ സൂചന അമേരിക്കയിലെ ഒരു ചടങ്ങിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും നൽകി. എന്നാൽ ധാരണയിലേക്ക് അടുക്കുന്നു എന്നു മാത്രമേ ജയശങ്കർ പറഞ്ഞുള്ളു. നവംബർ മൂന്നിനുശേഷം മാറുന്ന രാഷ്ട്രീയ കാലാവസ്ഥ വിലയിരുത്താനാണ് ഇന്ത്യ കാത്തിരിക്കുന്നത് എന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റൂബിയോ റിലയൻസിൻ്റെ ജാംനഗർ റിഫൈനറിയും വന്താര മൃഗശാലയും സന്ദർശിക്കും. റിലയൻസ്, ടാറ്റാ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ് മേധാവികളുമായി റൂബിയോ ചർച്ച നടത്തും.
ആശങ്കകൾ മറികടന്ന് എഐ മേഖലയും നാസ്ഡാക് സൂചികയും കരുത്തോടെ മുന്നേറി. മികച്ച റിസൽട്ട് പുറത്തുവിട്ടിട്ടും ജനറൽ മോട്ടോഴ്സ് ഏഴു ശതമാനം ഇടിഞ്ഞു. എന്നാൽ 3 എം റിസൽട്ട് ഓഹരിയെ 5.78 ശതമാനം കയറ്റി. മികച്ച മൂന്നാം പാദ റിസൽട്ടുകളെപറ്റിയുള്ള പ്രതീക്ഷ ഡൗ ജോൺസിനെ വീണ്ടും കുതിപ്പിലാക്കി.
തിങ്കളാഴ്ച ഒരു ശതമാനത്തിലധികം ഉയർന്ന നാസ്ഡാക് ഇന്നലെ നെറ്റ്ഫ്ലിക്സിൻ്റെ വരുമാന പ്രതീക്ഷ കുറവായതിനെ തുടർന്നു നാമമാത്രമായി താഴ്ന്നു. നെറ്റ്ഫ്ലിക്സിൻ്റെ റിസൽട്ട് മെച്ചമായെങ്കിലും മാനേജ്മെൻ്റ് പരസ്യവും മറ്റു വരുമാനവും കുറഞ്ഞ തോതിലേ വളരൂ എന്നു വിലയിരുത്തി. ഓഹരി വിപണി സമയത്ത് 1.66 ശതമാനവും തുടർവ്യാപാരത്തിൽ ആറു ശതമാനവും ഇടിഞ്ഞു.
വിപണി സമയത്തിനു ശേഷം വന്ന സ്പേസ് എക്സ് റിസൽട്ട് വിപണിക്ക് ആവേശമായി. വരുമാനം 161 ശതമാനം കുതിച്ചു. തുടർവ്യാപാരത്തിൽ ഓഹരി എട്ടു ശതമാനം വരെ കുതിച്ചു. ടെസ്ലയുമായി ലയനത്തിനു കമ്മിറ്റിയെ നിയോഗിച്ചതായി ഇലോൺ മസ്ക് അറിയിച്ചു. അടുത്ത വർഷം അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ് എക്സിൻ്റെ ഓരോ ഓഹരി നൽകുമെന്നും മസ്ക് പറഞ്ഞു.
ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 529.85 പോയിൻ്റ് (1.02 ശതമാനം) കുതിച്ച് 52,495.88 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 21.84 പോയിൻ്റ് (0.28%) നേട്ടത്തോടെ 7712.57 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 6.07 പോയിൻ്റ് (0.02%) താഴ്ന്ന് 26,424.82 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ ജോൺസ് 23 പോയിൻ്റ് (0.04%) താഴ്ന്നു. എസ് ആൻഡ് പി 20 പോയിൻ്റും (0.27%) നാസ്ഡാക് 247 പോയിൻ്റും (0.83%) ഉയർന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാരസമയത്ത് 0.09 ശതമാനം താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 0.96% ഇടിഞ്ഞ് 22.84 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.36% കയറിയിട്ട് തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 29.88 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിതസമയത്ത് 3.77% കുതിച്ച ശേഷം തുടർ വ്യാപാരത്തിൽ 0.39% നഷ്ടത്തോടെ 12.61 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 6.22% കുതിച്ചുകയറിയ ശേഷം തുടർവ്യാപാരത്തിൽ 2.71 ശതമാനം താഴ്ന്ന് 1.9945 ഡോളറിൽ അവസാനിച്ചു.
യൂറോപ്യൻ ഓഹരിവിപണികൾ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും താഴ്ന്നു. സെമികണ്ടക്ടർ കമ്പനികൾ ഇടിവ് തുടർന്നു.
പ്രധാന ഏഷ്യൻ വിപണികൾ ഇന്നു മുന്നേറ്റത്തിലാണ്. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക രാവിലെ മൂന്നു ശതമാനം ഉയർന്നു.
ജപ്പാനിലെ നിക്കൈ സൂചിക 1.10 ശതമാനം കയറി. കഴിഞ്ഞ മാസം ജാപ്പനീസ് കയറ്റുമതി 16.7 ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയൻ സൂചിക 0.10 ശതമാനം താഴ്ന്നു. ഹാങ് സെങ് സൂചിക 0.40 ശതമാനം കയറി. ചൈനയിലെ ഷാങ്ഹായ് സൂചിക 0.10 ശതമാനം താഴ്ന്നു. തായ്വാൻ സൂചിക രണ്ടു ശതമാനം ഉയർന്നു.
രണ്ടു ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഇന്ത്യൻ വിപണി തിങ്കളാഴ്ച ഇടിഞ്ഞു. സെൻസെക്സ് 74,000 നും നിഫ്റ്റി 23,000 നും താഴേക്കു വീണു. മിഡ്, സ്മോൾ ക്യാപ് സൂചികകളും ഒരു ശതമാനം താഴ്ന്നു. .
വിശാലവിപണിയിൽ കൂടുതൽ ഓഹരികൾ താഴ്ചയിലായി. ബിഎസ്ഇയിൽ 1283 ഓഹരികൾ കയറി, 3153 ഓഹരികൾ നഷ്ടത്തിലായി. എൻഎസ്ഇയിൽ 846 ഓഹരികൾ കയറിയപ്പോൾ 2717 എണ്ണം ഇടിഞ്ഞു.
വിദേശനിക്ഷേപകർ തിങ്കളാഴ്ച വീണ്ടും വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 1148.64 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3201.19 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി.
തിങ്കളാഴ്ച സെൻസെക്സ് 876.37 പോയിൻ്റ് (1.17%) ഇടിഞ്ഞ് 73,852.90 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 257.20 പോയിൻ്റ് (1.11%) നഷ്ടത്തോടെ. 22,888.95 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 355.90 പോയിൻ്റ് (0.64%) താഴ്ന്ന് 55,488.10 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 641.80 പോയിൻ്റ് (1.09%) ഇടിവോടെ 58,487.95 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 194.05 പോയിൻ്റ് (1.01%) താഴ്ന്ന് 18,935.75 ൽ ക്ലോസ് ചെയ്തു.
ബജാജ് ഫിനാൻസിൻ്റെ രണ്ടാം പാദ അറ്റപലിശ വരുമാനം 23.6 ഉം മൊത്തം വരുമാനം 23 ഉം അറ്റാദായം 28.8 ഉം ശതമാനം വർധിച്ചു. ആസ്തി 26 ശതമാനം കൂടി.
പുനരുൽപാദന ഊർജ വികസനത്തി വായ്പ നൽകുന്ന ഐആർഡിഎ രണ്ടാം പാദത്തിൽ പ്രവർത്തന ലാഭം 16.5 ശതമാനം വർധിപ്പിച്ചു. അറ്റാദായ വർധന 0.5 ശതമാനം മാത്രമാണ്.
വാരീ റിന്യൂവബിൾ ടെക്നോളജീസിനു രണ്ടാം പാദത്തിൽ വരുമാനം 36.53 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 30 ശതമാനം ഇടിഞ്ഞു. 5500 കോടി രൂപയുടെ കരാറുകൾ കൈയിലുണ്ട്.
ഹിന്ദുസ്ഥാൻ സിങ്കിന് വരുമാനം 76.5 ശതമാനം കൂടിയപ്പോൾ രണ്ടാം പാദ അറ്റാദായം 142 ശതമാനം കുതിച്ചു. ഉൽപന്നവിലകൾ വർഷിച്ചതാണു കാരണം.
തലേപാദത്തെ അപേക്ഷിച്ചു വരുമാനം 3.4 ശതമാനം കൂടിയപ്പോൾ എൽ ആൻഡ് ടി ടെക്നോളജി സർവീസസിൻ്റെ അറ്റാദായം 53.7 ശതമാനം വർധിച്ചു.
അറ്റ പലിശ വരുമാനം 35 ശതമാനം വർധിച്ചപ്പോൾ പിരമൾ ഫിനാൻസിനു രണ്ടാം പാദ അറ്റാദായം 67 ശതമാനം കുതിച്ചു.
തുടർച്ചയായ മൂന്നാം മാസവും യുഎസിൽ പുതിയ പാർപ്പിടനിർമാണവും പാർപ്പിട വിൽപനയും കുറഞ്ഞത് ഉയർന്ന പലിശ നിരക്കു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി കാണിക്കുന്നു. ഇതു പലിശ വർധിപ്പിക്കും എന്ന ആശങ്ക കുറയ്ക്കേണ്ടതാണെങ്കിലും അങ്ങനെ സംഭവിച്ചില്ല. പലിശ കൂടും എന്ന നിഗമനത്തിൽ സ്വർണ വിപണി നീങ്ങി. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സ്വർണവില ഒരു ശതമാനം ഇടിഞ്ഞു. ഇന്നും താഴോട്ടാണു വിപണി പോകുന്നത്.
ഡിസംബറിൽ ഔൺസിന് 6500 ഡോളറിൽ സ്വർണം എത്തുമെന്ന് മുൻപ് പ്രവഹിച്ച സിഐബിസി കാപ്പിറ്റൽ മാർക്കറ്റ്സിലെ അനാലിസ്റ്റുകൾ ലക്ഷ്യവില 4500 ഡോളർ ആയി താഴ്ത്തി. 2027 ൽ ശരരാശരി വില 6500 ഡോളർ എന്ന പ്രവചനം 5200 ഡോളർ ആയും താഴ്ത്തി.
ചൊവ്വാഴ്ച 15.80 ഡോളർ (0.38%) നഷ്ടത്തോടെ ഔൺസിന് 4126.10 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 4121 ഡോളറിലായി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ചൊവ്വാഴ്ച 1440 രൂപ കുറഞ്ഞ് 1,07,120 രൂപയായി.
വെള്ളിവില ചൊവ്വാഴ്ച ഉയർന്ന് ഔൺസിന് 58.01 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 58.06 ഡോളറിലേക്കു കയറി.
പ്ലാറ്റിനം 1646 ഡോളർ, പല്ലാഡിയം 1085 ഡോളർ, റോഡിയം 8625 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
രാജ്യാന്തര വിപണിയിൽ റബർ വില കാര്യമായ മാറ്റമില്ലാതെ തുടർന്നു. കേരളത്തിൽ മഴ മൂലം വില കയറ്റം തുടർന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 291.00 ഡോളറും ആർഎസ്എസ് മൂന്ന് 287.60 ഡോളറും ആണ്. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 28,850 രൂപയിലേക്കു കയറി.
ചൊവ്വാഴ്ച വ്യാവസായിക ലോഹങ്ങൾ ദിനദിശകളിലായി. തിങ്കളാഴ്ച താഴ്ന്ന ചെമ്പ് ഇന്നലെ 0.30 ശതമാനം കയറി ടണ്ണിന് 14,539.15 ഡോളർ ആയി. അലൂമിനിയം 0.53 ശതമാനം താഴ്ന്ന് 3003.72 ഡോളറിൽ എത്തി. നിക്കലും ടിന്നും ഉയർന്നു. ലെഡും സിങ്കും താഴ്ന്നു.
കൊക്കോ വില 1.97 ശതമാനം ഉയർന്ന് ടണ്ണിന് 5799 ഡോളറിൽ ക്ലോസ് ചെയ്തു.
അറബിക്ക കാപ്പി പൗണ്ടിന് 1.77 ശതമാനം താഴ്ന്ന് 3.10 ഡോളർ ആയി.
പാം ഓയിൽ 1.07 ശതമാനം ഉയർന്ന് ടണ്ണിന് 4817 മലേഷ്യൻ റിംഗിറ്റ് ആയി.
യുഎസ് ഡോളർ സൂചിക ചൊവ്വാഴ്ച
താഴ്ന്ന് 101.70 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.81 ലേക്ക് കയറി.
യൂറോ ഇന്ന് 1.1226 ഡോളറിലും പൗണ്ട് 1.3371 ഡോളറിലും ആണ്. ജാപ്പനീസ് യെൻ ഒരു ഡോളറിന് 158.33 യെൻ ആയി നിൽക്കുന്നു. ചൈനീസ് യുവാൻ ഡോളറിന് 6.68 എന്ന നിലയിലേക്കു താഴ്ന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 5.127 ശതമാനമായി കൂടി. പലിശനിരക്കു കൂട്ടുമെന്ന ഭീതി തുടരുന്നു എന്നാണ് ഇതു കാണിക്കുന്നത്.
രൂപ ആറാം ദിവസവും ഉയർന്നു. തിങ്കളാഴ്ച നാലു പൈസ താഴ്ന്ന ഡോളർ 94.92 രൂപയിൽ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ 94.73 രൂപയിലേക്കു താഴ്ന്നു. ഡോളർ സൂചികയും താഴ്ചയിലാണ്. രൂപയ്ക്കു വീണ്ടും കയറ്റത്തിനു സാധ്യതയുണ്ട്.
ചൈനീസ് യുവാൻ 14.19 രൂപയിൽ എത്തി. യൂറോ താഴ്ന്ന് 106.44 രൂപയായി.
തിങ്കളാഴ്ച 111 ഡോളർ കടന്ന ശേഷം ക്രൂഡ് ഓയിൽ അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം ചൊവ്വാഴ്ച താഴ്ന്ന് 108.79 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഉയർന്ന് 110.02 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 98.90 ഡോളറിലാണ്.
ക്രിപ്റ്റോ കറൻസികൾ വീണ്ടും നേട്ടത്തിലായി. ബിറ്റ്കോയിൻ ഇന്നു രാവിലെ 82,940 ഡോളറിനു മുകളിലായി. ഈഥർ 2450 ഡോളറിനും സൊലാന 106.50 ഡോളറിനും മുകളിൽ എത്തി.
(2026 ഒക്ടോബർ 19, തിങ്കൾ)
സെൻസെക്സ് 73,852.90 -1.17%
നിഫ്റ്റി50 22,888.95 -1.11%
ബാങ്ക് നിഫ്റ്റി 55,488.10 -0.64%
മിഡ്ക്യാപ്100 58,487.95 -1.09%
സ്മോൾക്യാപ്100 18,935.75 -1.01%
ഡൗജോൺസ് 51,966.03 -0.07%
എസ്ആൻഡ്പി 7690.73 +0.41%
നാസ്ഡാക് 26,430.89 +1.11%
ഡോളർ ₹94.92 -₹0.04
സ്വർണം(ഔൺസ്)$4141.90 -$24.20
സ്വർണം(പവൻ) ₹1,08,560 +₹280
ക്രൂഡ്ഓയിൽബ്രെൻ്റ് $109.55 -$0.31
2026 ഒക്ടോബർ 19, തിങ്കൾ
ഡൗജോൺസ് 52,495.88 +1.02%
എസ്ആൻഡ്പി 7712.57 +0.28%
നാസ്ഡാക് 26,424.82 -0.02%
സ്വർണം(ഔൺസ്)$4126.10 -$15.80
സ്വർണം(പവൻ) ₹1,07,120 -₹1440
ക്രൂഡ്ഓയിൽബ്രെൻ്റ് $108.79 -$0.76
Read DhanamOnline in English
Subscribe to Dhanam Magazine