

ആഗാേള പ്രവണതകളിൽ നിന്നു വിട്ടുമാറി ഇന്ത്യൻ വിപണി കുതിപ്പ് തുടരുകയാണ്. എന്നാൽ വ്യാപാരയുദ്ധവും ഫെഡ് ചെയർമാന് എതിരായ പ്രസിഡൻ്റ് ട്രംപിൻ്റെ നീക്കങ്ങളും യുഎസ് വിപണിയെ വലിയ ഇടിവിലാക്കി. ഇന്ന് ഏഷ്യൻ വിപണികളും താഴുകയാണ്. ഡോളർ മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി. ഇനിയും താഴും എന്നാണു സൂചന. സ്വർണവും സ്വിസ് ഫ്രാങ്കുമാണ് നേട്ടമുണ്ടാക്കുന്ന ആസ്തികൾ.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,075 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,100 വരെ കയറിയിട്ടു താഴ്ന്നു. നിഫ്റ്റി ഇന്നു രാവിലെ താഴ്ചയിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ആഗോള വളർച്ച സംബന്ധിച്ച ഐഎംഎഫിൻ്റെ പുതിയ നിഗമനം ഇന്നു പുറത്തുവിടും. തീരുവയുദ്ധത്തിൻ്റെ വിശ്വരൂപം കണ്ട ശേഷമുള്ള ആദ്യ സാമ്പത്തിക പ്രവചനമാകും അത്. ആഗോള വളർച്ചയിൽ ഗണ്യമായ ഇടിവ് കാണിക്കുന്നതാകും റിപ്പോർട്ട് എന്ന് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞിട്ടുണ്ട്.
യൂറോപ്യൻ വിപണികൾക്കു തിങ്കളാഴ്ച അവധി ആയിരുന്നു. യുഎസ് വിപണി തിങ്കളാഴ്ച വലിയ താഴ്ചയിലാണ് അവസാനിച്ചത്. പ്രസിഡൻ്റ് ട്രംപ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ വീണ്ടും പരിഹസിക്കുകയും പലിശ ഉടനേ കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഫെഡിൻ്റെ സ്വയംഭരണം ഇല്ലാതാക്കുന്ന ഏതു നടപടിയും വിപണികളെ തകർക്കും എന്നും യുഎസ് ആസ്തികളിൽ നിന്നു നിക്ഷേപകരെ പിന്തിരിപ്പിക്കും എന്നും വിദഗ്ധർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇന്നു റിസൽട്ട് പ്രസിദ്ധീകരിക്കുന്ന ടെസ്‌ല ഇന്നലെ ആറു ശതമാനം ഇടിഞ്ഞു. ഈ വർഷം ഇതുവരെ 40 ശതമാനം തകർച്ചയാണ് ഓഹരിക്കുള്ളത്. കയറ്റുമതി നിയന്ത്രണത്തെ തുടർന്ന് എൻവിഡിയ ഓഹരി നാലര ശതമാനം താഴ്ന്നു. ഈ വർഷം ഇതുവരെ ഓഹരി 30 ശതമാനം നഷ്ടത്തിലാണ്.
തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 971.82 പോയിൻ്റ് (2.48%) ഇടിഞ്ഞ് 38,170.41 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 124.50 പോയിൻ്റ് (2.36%) താഴ്ന്ന് 5158.20 ൽ അവസാനിച്ചു. നാസ്ഡാക് 415.55 പോയിൻ്റ് (2.55%) നഷ്ടത്തോടെ 15,870.90 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ഉയർച്ചയിലാണ്. ഡൗ 0.33 ഉം എസ് ആൻഡ് പി 0.39 ഉം നാസ്ഡാക് 0.38 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ കാൽ ശതമാനം താഴ്ന്നു. കൊറിയൻ വിപണി അര ശതമാനം താഴ്ന്നു. ഹോങ്‌കോങ് സൂചികയും താഴ്ചയിലാണ്.
ആഗോള വിപണികളുടെ ഗതിയിൽ നിന്നു മാറി സ്വന്തം വഴിയേ നീങ്ങുകയാണ് ഇന്ത്യൻ വിപണി. അഞ്ചു ദിവസം കൊണ്ടു സെൻസെക്സ് 4218.83 പോയിൻ്റും (5.61 ശതമാനം) നിഫ്റ്റി 1363.75 പോയിൻ്റും (5.99 ശതമാനം) കുതിച്ചു കയറി. ബാങ്ക് നിഫ്റ്റി അഞ്ചു ദിവസം കൊണ്ട് 9.22 ശതമാനം ഉയർന്ന് 55,000 നു മുകളിൽ കടന്നു.
വിദേശ നിക്ഷേപകർ വിപണിയിലേക്കു തിരിച്ചു വന്നതാണു കയറ്റത്തിനു പിന്നിൽ. നാലു ദിവസം കൊണ്ട് അവർ 16,640 കോടി രൂപയാണ് ക്യാഷ് വിപണിയിൽ നിക്ഷേപിച്ചത്. ഇതൊരു നയം മാറ്റമായി കാണാൻ മിക്കവരും തയാറല്ല.
തിങ്കളാഴ്ച നിഫ്റ്റി 273.90 പോയിൻ്റ് (1.15%) കയറി 24,125.55 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 855.30 പോയിൻ്റ് (1.09%) ഉയർന്ന് 79,408.50 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 1014.30 പോയിൻ്റ് (1.87%) കയറി 55,304.50 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 2.50 ശതമാനം (1316.65 പോയിൻ്റ്) നേട്ടത്തോടെ 53,974.45 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 2.21 ശതമാനം കയറി 16,773.35 ൽ ക്ലോസ് ചെയ്തു.
എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും ഇന്നലെ ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ താഴ്ന്ന ഐടി സൂചിക 2.29 ശതമാനം ഉയർച്ചയോടെ ഇന്നലെ തിരിച്ചു വരവ് നടത്തി. പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, ഓട്ടോ, മെറ്റൽ, റിയൽറ്റി, ഓയിൽ - ഗ്യാസ് തുടങ്ങിയവയും രണ്ടു ശതമാനത്തിലധികം കുതിച്ചു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2903 ഓഹരികൾ ഉയർന്നപ്പോൾ 1199 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 2251 എണ്ണം. താഴ്ന്നത് 683 ഓഹരികൾ.
എൻഎസ്ഇയിൽ 93 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയതു 16 എണ്ണമാണ്. 166 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 54 എണ്ണം ലോവർ സർക്കീട്ടിൽ എത്തി.
വിദേശനിക്ഷേപകർ തിങ്കളാഴ്ചയും വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 1970.17 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 246.89 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണി ബുള്ളിഷ് ആവേശത്തിലാണു ക്ലോസ് ചെയ്തത്. എങ്കിലും നിഫ്റ്റി 24,000 മേഖലയിൽ സമാഹരണം നടത്താനുള്ള സാധ്യത നിലനിൽക്കുന്നു. ഇന്നു നിഫ്റ്റിക്ക് 23,960ഉം 23,895 ഉം പിന്തുണയാകും. 23,185 ലും 24,250 ലും തടസം ഉണ്ടാകാം.
നാലാം പാദ വരുമാനം 35.1 ശതമാനം ഇടിഞ്ഞ അലോക് ഇൻഡസ്ട്രീസ് നഷ്ടം 215.9 കോടിയിൽ നിന്ന് 74.5 കോടിയായി കുറച്ചു. കമ്പനിയുടെ സിഎഫ്ഒ രാജി പ്രഖ്യാപിച്ചു.
അനന്ത് രാജ് ലിമിറ്റഡ് വരുമാനം 22.2 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 51.5 ശതമാനം കുതിച്ച് 118.6 കോടി രൂപയായി.
ഹിമാദ്രി സ്പെഷാലിറ്റി കെമിക്കൽസിനു നാലാം പാദത്തിൽ വരുമാനം 3.6 ശതമാനം കുറഞ്ഞെങ്കിലും അറ്റാദായം 35.1 ശതമാനം കുതിച്ച് 155.6 കോടി രൂപയിൽ എത്തി.
വരുമാനം 39.6 ശതമാനം കുതിച്ചെങ്കിലും പിറ്റി എൻജിനിയറിംഗ് ലാഭം 21.4 ശതമാനം ഇടിഞ്ഞു.
മഹീന്ദ്ര ലോജിസ്റ്റിക്സ് വരുമാനം 8.2 ശതമാനം വർധിച്ചപ്പോൾ നഷ്ടം 12.85 കോടിയിൽ നിന്ന് 6.75 കോടിയായി കുറഞ്ഞു. കമ്പനിയുടെ എംഡി - സിഇഒ രാജിവച്ചതിനെ തുടർന്ന് ഹേമന്ത് സിക്കയെ ആ പദവിയിലേക്കു നിയമിച്ചു.
എച്ച്സിഎൽ ടെക്നോളജീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻസ്, ഹാവൽസ് ഇന്ത്യ, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ടാറ്റാ കമ്യൂണിക്കേഷൻസ്, വാരീ എൻജിനിയേഴ്സ്, വർധമാൻ സ്പെഷൽ സ്റ്റീൽസ്, ഡെൽറ്റാ കോർപറേഷൻ തുടങ്ങിയ കമ്പനികൾ ഇന്നു നാലാം പാദ റിസൽട്ട് പുറത്തുവിടും.
റെക്കോർഡ് എന്ന പദത്തിന് അർഥമില്ലാതാക്കിക്കൊണ്ട് സ്വർണം ഉയരങ്ങൾ മറികടക്കുകയാണ്. ഡോളറിൻ്റെ ഇടിവും അമേരിക്കൻ ആസ്തികൾ വിറ്റൊഴിയാൻ വിപണി കാണിക്കുന്ന ധൃതിയും ചേർന്നു സ്വർണത്തെ അസാധാരണ ഉയരങ്ങളിൽ എത്തിച്ചു. ഇനിയും കയറ്റം തുടരുമെന്നും ഔൺസിനു 4000 ഡോളർ കടക്കുമെന്നും വിപണി കരുതുന്നു.
ഇന്നലെ സ്വർണം മൂന്നു ശതമാനത്തിലധികം കുതിച്ചു. ഏപ്രിലിൽ ഇതു മൂന്നാം തവണയാണ് പ്രതിദിന കയറ്റം മൂന്നു ശതമാനത്തിലധികം കയറുന്നത്. 2008 നവംബറിൽ ആഗോള മാന്ദ്യത്തിനിടെ നാലു ദിവസം സ്വർണവില പ്രതിദിനം മൂന്നര ശതമാനത്തിലധികം കയറിയിട്ടുണ്ട്. വീണ്ടും 2016 ൽ ഔൺസിന് 1060 ഡോളറിൽ നിന്ന് 1275 ഡോളറിലേക്കു സ്വർണം കയറിയപ്പോഴും സമാന കയറ്റം ഉണ്ടായിരുന്നു. എന്നാൽ തുടർച്ചയായി രണ്ടു വർഷം ഇരട്ടയക്ക വളർച്ച കുറിച്ച ശേഷം നാലു മാസത്തിനകം 28 ശതമാനം കുതിപ്പ് ഉണ്ടാകുന്നതു പോലുള്ള അസാധാരണത്വം അന്നൊന്നും ഇല്ലായിരുന്നു.
തിങ്കളാഴ്ച ഔൺസിന് 96.40 ഡോളർ കുതിച്ച് 3425.40 ഡോളറിലാണു സ്വർണവില ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വില വീണ്ടും കയറി 3338.00 ഡോളർ വരെ എത്തി. പിന്നീട് താഴ്ന്ന് 3430 ആയി.
കേരളത്തിൽ പവൻ വില തിങ്കളാഴ്ച 560 രൂപ വർധിച്ച് 72,120 രൂപയായി. ഇന്നും വില ഗണ്യമായി കൂടും.
വെള്ളിവില ഇന്നു രാവിലെ 32.70 ഡോളറിലേക്കു കയറി.
ചെമ്പുവില തിങ്കളാഴ്ച 2.72 ശതമാനം ഉയർന്നു ടണ്ണിന് 9352 ഡോളർ ആയി.
രാജ്യാന്തര വിപണിയിൽ റബർ 1.02 ശതമാനം ഉയർന്ന് കിലോഗ്രാമിന് 169.10 സെൻ്റ് ആയി. കൊക്കോ 4.89 ശതമാനം കുതിച്ച് 8747.05 ഡോളറിൽ നിൽക്കുന്നു. കാപ്പി 2.63 ശതമാനം ഇടിഞ്ഞു. പാമോയിൽ വില 1.61 ശതമാനം താഴ്ന്നു.
ഡോളർ സൂചിക വീണ്ടും താഴ്ന്നു. തിങ്കളാഴ്ച സൂചിക 98.28 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.55 എന്ന ലേക്ക് കയറി.
യൂറോ ഇന്നു രാവിലെ അൽപം താഴ്ന്ന് 1.149 ഡോളറിൽ എത്തി. പൗണ്ട് 1.337 ഡോളറിലേക്കു താണു. ജാപ്പനീസ് യെൻ ഡോളറിന് 141.05 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് കടപ്പത്രവില ഇന്നു രാവിലെ അൽപം കയറി. നിക്ഷേപനേട്ടം 4.405 ശതമാനത്തിലേക്കു താഴ്ന്നു.
രൂപ തിങ്കളാഴ്ച ഗണ്യമായി ഉയർന്നു. ഡോളർ 22 പൈസ കുറഞ്ഞ് 85.14 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ 85 രൂപയുടെ താഴേക്കു നീങ്ങും എന്നു നിരീക്ഷകർ കരുതുന്നു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.29 യുവാൻ എന്ന നിരക്കിലേക്കു കയറി.
ഇറാൻ യുഎസ് ആണവ ചർച്ചയിൽ പുരോഗതി ഉണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ക്രൂഡ് ഓയിൽ വില താഴ്ന്നു.
ബ്രെൻ്റ് ഇനം ഇന്നലെ ഒന്നര ഡോളർ താഴ്ന്ന് 66.50 ഡോളറിൽ ക്ലോസ് ചെയ്തു.. ഇന്നു രാവിലെ 66.77 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 63.59 ഡോളറിലേക്കു കയറി. യുഎഇയുടെ മർബൻ ക്രൂഡ് 68.40 ഡോളറിലേക്ക് ഉയർന്നു.
ക്രിപ്റ്റോ കറൻസികൾ വീണ്ടും ചാഞ്ചാടി. ബിറ്റ്കോയിൻ തിങ്കളാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം തിരികെ 87,300 ഡോളറിനു മുകളിൽ എത്തി. ഈഥർ 1575 ഡോളറിലേക്കു താഴ്ന്നു.
(2025 ഏപ്രിൽ 21, തിങ്കൾ)
സെൻസെക്സ്30 79,408.50 +1.09%
നിഫ്റ്റി50 24,125.55 +1.15%
ബാങ്ക് നിഫ്റ്റി 55,304.50 +1.87%
മിഡ് ക്യാപ്100 53,974.45 +2.50%
സ്മോൾക്യാപ്100 16,773.35 +2.21%
ഡൗജോൺസ് 38,170.40 -2.48%
എസ് ആൻഡ് പി 5158.20 -2.36%
നാസ്ഡാക് 15,870.00 -2.55%
ഡോളർ($) ₹85.14 -₹0.22
സ്വർണം(ഔൺസ്) $3425.40 +₹96.40
സ്വർണം(പവൻ) ₹72,120 +₹560.00
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $66.50 -$1.46
Read DhanamOnline in English
Subscribe to Dhanam Magazine