

പലിശനിരക്കിനെപ്പറ്റി ആഗാേള വിപണികളും അമേരിക്കയിലേക്കുള്ള കയറ്റുമതിച്ചുങ്കത്തെപ്പറ്റി ഇന്ത്യൻ വിപണിയും ആശങ്കയിലാണ്. അതിൻ്റെ ചാഞ്ചാട്ടം ഇന്നു വിപണിയിൽ പ്രതീക്ഷിക്കാം.
യുക്രെയ്ൻ യുദ്ധം സമീപകാലത്തു തീരുമെന്ന പ്രതീക്ഷ ഇല്ലാതായത് ക്രൂഡ് ഓയിൽ വിലയെ ഉയർത്തുകയാണ്. പശ്ചിമേഷ്യയിലെ സ്ഥിതിയും മോശമായി മാറുന്നു.
ജിഎസ്ടി നിരക്കു കുറയ്ക്കൽ നിർദേശത്തിനു മന്ത്രിതല സമിതി ഇന്നലെ അംഗീകാരം നൽകി. സെപ്റ്റംബർ മൂന്നാം വാരത്തിൽ ജിഎസ്ടി കൗൺസിൽ ഇത് അംഗീകരിച്ചാൽ ഒക്ടോബർ ഒന്നിനു നികുതിയിളവ് നടപ്പിലാകും.
ഇന്ത്യ - അമേരിക്ക വ്യാപാര ചർച്ചയുടെ അടുത്ത ഘട്ടം എന്നു നടക്കും എന്നറിവായിട്ടില്ല. ഓഗസ്റ്റ് 28 മുതൽ 50 ശതമാനം ചുങ്കമാണ് ഇന്ത്യൻ സാധനങ്ങൾക്ക് അമേരിക്ക ചുമത്തുക എന്നാണു ഭീഷണി. യുക്രെയ്ൻ സമാധാനചർച്ച എങ്ങുമെത്താതെ നീങ്ങുന്ന സാഹചര്യത്തിൽ അമേരിക്ക ഇന്ത്യയുടെ പിഴച്ചുങ്കം നടപ്പാക്കുക തന്നെ ചെയ്യും എന്നാണു വിലയിരുത്തൽ. മൊത്തം 50 ശതമാനം ചുങ്കം വരുന്നത് അമേരിക്കയിലേക്കു കഴിഞ്ഞ വർഷം നടന്ന കയറ്റുമതിയുടെ 60 ശതമാനവും ഇടിയാൻ കാരണമാകാം. കഴിഞ്ഞ വർഷം 8900 കോടി ഡോളറിൻ്റെ കയറ്റുമതി ഉണ്ടായിരുന്നു. 60 ശതമാനം കുറവ് വരുന്നത് ഇന്ത്യയുടെ ജിഡിപിയിൽ ഒരു വർഷം ഒരു ശതമാനം ഇടിവ് വരുത്താം. ഈ വർഷം അഞ്ചുമാസം പിന്നിട്ടതിനാൽ ഇടിവ് 0.40 ശതമാനത്തിൽ ഒതുങ്ങും എന്നാണു പ്രതീക്ഷ.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,094.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,070 വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ചയും ഭിന്നദിശകളിലായി. സ്റ്റാേക്സ് 600 നാമമാത്രമായി താഴ്ന്നപ്പോൾ ജർമനിയിലെ ഡാക്സ് നാമമാത്രമായി ഉയർന്നു. ഫ്രാൻസിലെ സിഎസി 0.44 ശതമാനം താഴ്ന്നപ്പോൾ എഫ്ടിഎസ്ഇ ഉയർന്നു.
യുഎസ് - യൂറോപ്പ് വ്യാപാര ധാരണയുടെ വിശദാംശങ്ങൾ പുറത്തുവന്നു. യൂറോപ്പിൽ നിന്നുള്ള ഫാർമസ്യൂട്ടിക്കൽസിന് യുഎസ് തീരുവ 15 ശതമാനത്തിൽ ഒതുങ്ങി. അമേരിക്കൻ വ്യവസായ ഉൽപന്നങ്ങളുടെ തീരുവ ഇല്ലാതാക്കുമ്പോൾ യൂറോപ്യൻ കാറുകൾക്കും വാഹഘടകങ്ങൾക്കും തീരുവ 15 ശതമാനമാക്കാൻ അമേരിക്ക തയാറാണ്.
ടെക്നോളജി ഓഹരികളിലെ ഇടിവ് തുടർന്നതും റീട്ടെയിൽ ഭീമൻ വോൾമാർട്ട് പ്രതീക്ഷയിലും മോശം റിസൽട്ട് പുറത്തുവിട്ടതും ഇന്നലെ യുഎസ് വിപണിയെ താഴ്ത്തി. എസ് ആൻഡ് പി തുടർച്ചയായ അഞ്ചാം ദിവസമാണ് ഇടിഞ്ഞത്.
വോൾമാർട്ട് വിറ്റുവരവ് പ്രതീക്ഷയെ മറികടന്നു. എന്നാൽ ലാഭം പ്രതീക്ഷയിലും താഴെയായി. വരും പാദങ്ങളിലെ വിറ്റുവരവും ലാഭവും പ്രതീക്ഷകൾ ഉയർത്തി നിശ്ചയിച്ചു. ഉയർന്ന തീരുവ കമ്പനിയുടെ ലാഭമാർജിനുകൾ കുറയ്ക്കുന്നതായി മാനേജ്മെൻ്റ് സൂചിപ്പിച്ചു.
സോളാർ, വിൻഡ് പവർ പദ്ധതികൾക്ക് അനുമതി നൽകില്ലെന്നു പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത് സോളർ ഓഹരികളെ ഇടിച്ചു താഴ്ത്തി.
ബ്യൂട്ടി റീട്ടെയ്ലർ കമ്പനി കോടി രണ്ടാം പാദത്തിൽ നഷ്ടത്തിലായതോടെ ഓഹരി 20 ശതമാനം ഇടിഞ്ഞു.
ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 152.81 പോയിൻ്റ് (0.34%) താഴ്ന്ന് 44,785.50 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 25.61 പോയിൻ്റ് (0.40%) നഷ്ടത്തോടെ 6370.17 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 72.55
പോയിൻ്റ് (0.34%) താഴ്ന്ന് 21,100.31 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.05 ഉം എസ് ആൻഡ് പി 0.04 ഉം ഉയരത്തിൽ നീങ്ങുന്നു. നാസ്ഡാക് 0.08 ശതമാനം താഴ്ന്നു നീങ്ങുന്നു. ഏഷ്യൻ വിപണികൾ ഇന്നും ഭിന്ന ദിശകളിലാണ്.. ജപ്പാനിലെ കാതൽ വിലക്കയറ്റം 3.3 ൽ നിന്ന് ജൂലൈയിൽ 3.1 ശതമാനമായി കുറഞ്ഞു. നിക്കെെ സൂചിക രാവിലെ 0.10 ശതമാനം ഉയർന്നു.. ദക്ഷിണ കൊറിയൻ, ഓസ്ട്രേലിയൻ സൂചികകൾ താഴ്ന്നു.
വിദേശികളുടെയും സ്വദേശികളുടെയും വിൽപന സമ്മർദത്തിനിടയിലും ഇന്ത്യൻ വിപണി ഇന്നലെ തുടർച്ചയായ ആറാം ദിവസവും നേട്ടം ഉണ്ടാക്കി. നിഫ്റ്റിയും സെൻസെക്സും രാവിലെ എത്തിയ ഉയരത്തിൽ നിന്നു വീണ് ദിവസത്തിലെ താഴ്ന്ന നിലവാരത്തിലാണു ക്ലോസ് ചെയ്തത്. വിപണി മനോഭാവവും ദുർബലമായി.
ഓഗസ്റ്റ് 28 മുതൽ ചുമത്തും എന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയ 25 ശതമാനം പിഴച്ചുങ്കം ഒഴിവാകില്ല എന്ന സൂചന വിപണിയെ താഴ്ത്തുന്നു.
റിയൽറ്റി, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ മേഖലകളാണ് ഇന്നലെ വിപണിയുടെ ഉയർച്ചയ്ക്കു സഹായിച്ചത്. റിലയൻസും ഉയർന്നു. എഫ്എംസിജിയും ഓട്ടാേയും ഇടിവിലായി.
ഡെറിവേറ്റീവ് വ്യാപാര കോൺട്രാക്ടുകളുടെ കാലാവധി നീട്ടാൻ സെബി ആലോചിക്കുന്നു എന്ന റിപ്പാേർട്ട് ബിഎസ്ഇ, ഏഞ്ചൽ വൺ ഓഹരികളെ ഏഴു ശതമാനത്തിലധികം താഴ്ത്തി. എക്സ്ചേഞ്ചുകളുടെയും ബ്രോക്കറേജുകളുടെയും വരുമാനം കുറയ്ക്കുന്നതാണ് ഈ നീക്കം.
ഓൺലൈൻ റിയൽ മണി ഗെയിമിംഗ് നിരാേധിക്കുന്ന നിയമം നടപ്പാകുമ്പോൾ, പോക്കർ ബാസിയിലെ 800 കോടിയിൽ പരം രൂപയുടെ നിക്ഷേപം നസാറ ടെക്നോളജീസ് എഴുതിത്തള്ളേണ്ടി വരും. നസാറ ഓഹരി ഇന്നലെ രണ്ടു ശതമാനത്തിലധികം താഴ്ന്നു. മൂന്നു ദിവസം കൊണ്ട് 15 ശതമാനം ഇടിവാണ് ഓഹരിക്കുണ്ടായത്.
215 കോടി രൂപയുടെ വീൽ സെറ്റ് നിർമിച്ചു നൽകാൻ കരാർ കിട്ടിയ ജൂപ്പിറ്റർ വാഗൺസ് എട്ടു ശതമാനം വരെ കുതിച്ചിട്ട് 3.5 ശതമാനം നേട്ടത്തിൽ ഒതുങ്ങി.
കഴിഞ്ഞ ദിവസങ്ങളിൽ 28 ശതമാനം ഉയർന്ന ഒല ഇലക്ട്രിക് ഇന്നലെ എട്ടു ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞ മാസത്തെ രാഹന രജിസ്ട്രേഷൻ കണക്കുകൾ കാണിച്ചത് ആഥർ എനർജി, ഒലയെ പിന്തള്ളി എന്നാണ്.
നിഫ്റ്റി ഇന്നലെ 33.20 പോയിൻ്റ് (0.13%) ഉയർന്ന് 25,083.00 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 142.87 പോയിൻ്റ് (0.17%) കയറി 82,000.71 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 56.95 പോയിൻ്റ് (0.10%) ഉയർന്ന് 55,755.45 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 221.55 പോയിൻ്റ് (0.38%) താഴ്ന്ന് 57,708.95 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 2.05 പോയിൻ്റ് (0.01%) താഴ്ന്ന് 17,966.35 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഒപ്പത്തിനൊപ്പം ആയി. ബിഎസ്ഇയിൽ 2039 ഓഹരികൾ ഉയർന്നപ്പോൾ 2058 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1503 എണ്ണം. താഴ്ന്നത് 1475 ഓഹരികൾ.
എൻഎസ്ഇയിൽ 110 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 31 എണ്ണമാണ്. 99 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 35 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 1246.51 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 2546.27 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിക്ക് ഇന്ന് 25,035 ഉം 24,995 ഉം പിന്തുണയാകും. 25,135 ലും 25,195 ലും തടസം ഉണ്ടാകാം.
വേദാന്ത ലിമിറ്റഡ് ഓഹരി ഒന്നിന് 16 രൂപ വച്ച് രണ്ടാം ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു. 6256 കോടി രൂപ ഇതു വഴി ഓഹരി ഉടമകൾക്കു കിട്ടും. 51 ശതമാനം ലണ്ടൻ ആസ്ഥാനമായുളള വേദാന്ത റിസോഴ്സസിനാണു കിട്ടുക. അവരുടെ ഭീമമായ കടബാധ്യത കുറയ്ക്കാനാണ് ഇതുപയോഗിക്കുക. കഴിഞ്ഞ വർഷം ഓഹരി ഒന്നിനു 43.5 രൂപ വച്ച് 17,000-ൽ പരം കോടി രൂപ ലാഭവീതമായി നൽകിയിരുന്നു. വേദാന്തയുടെ ഒന്നാം പാദ വരുമാനം തലേപാദത്തേക്കാൾ 6.5 ശതമാനവും ലാഭം 8.6 ശതമാനവും കുറഞ്ഞു.
ഐഡിബിഐ ബാങ്കിൻ്റെ സ്വകാര്യവൽക്കരണ നടപടി വേഗത്തിലായി. ഡിസംബറിനകം വിൽപന നടക്കും.
അപ്പോളോ ഹോസ്പിറ്റൽസ് പ്രൊമോട്ടർ 1394 കോടി രൂപയുടെ 1.25 ശതമാനം ഓഹരി ബ്ലോക്ക് ഡീലിൽ വിൽക്കും. 7747 രൂപയാണു തറവില. ഇതു വിപണി വിലയേക്കാൾ 2.26 ശതമാനം കുറവാണ്.
ഫെഡറൽ റിസർവ് ചെയർമാൻ എന്തു പറയും എന്ന ആകാംക്ഷയിൽ നിൽക്കുന്ന വിപണിയിൽ സ്വർണം ചെറിയ താഴ്ചയോടെ ക്ലോസ് ചെയ്തു. ഇന്നലെ സ്വർണം ഔൺസിന് 9.70 ഡോളർ താഴ്ന്ന് 3339.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3335 ഡോളറിനു താഴെയായി.
കേരളത്തിൽ ഇന്നലെ പവൻവില 400 രൂപ വർധിച്ച് 73,840 രൂപയിൽ എത്തി.
വെള്ളിവില അര ശതമാനം ഔൺസിന് 38.14 ഡോളറിലായി.
വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിൽ നീങ്ങി. ചെമ്പ് 0. 36 ശതമാനം കയറി ടണ്ണിന് 9611 ഡോളറിൽ എത്തി. അലൂമിനിയം 0.21 ശതമാനം ഉയർന്ന് 2581.90 ഡോളർ ആയി. ലെഡ് കയറി. ടിന്നും നിക്കലും സിങ്കും താഴ്ന്നു.
രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 0.64 ശതമാനം താലന് 169.80 സെൻ്റിൽ എത്തി. കൊക്കോ 3.91 ശതമാനം താഴ്ന്നു ടണ്ണിന് 7462.49 ഡോളർ ആയി. കാപ്പി 4.39 ശതമാനം കയറി. തേയില വില 0.59 ശതമാനം കുറഞ്ഞു. പാം ഓയിൽ വില 0.78 ശതമാനം താഴ്ന്നു.
വ്യാഴാഴ്ച ഡോളർ സൂചിക ഉയർന്നു 98.62 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 98.70 ലേക്കു കയറി.
കറൻസി വിപണിയിൽ ഡോളർ നാമമാത്രമായി ഉയർന്നു. യൂറോ 1.1609 ഡോളറിലേക്കും പൗണ്ട് 1.3412 ഡോളറിലേക്കും താഴ്ന്നു.. ജാപ്പനീസ് യെൻ ഡോളറിന് 148.42 യെൻ എന്ന നിരക്കിലേക്ക് കുറഞ്ഞു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില താഴ്ന്നു. അവയിലെ നിക്ഷേപനേട്ടം 4.328 ശതമാനമായി ഉയർന്നു.
വ്യാഴാഴ്ച രൂപ വീണ്ടും ദുർബലമായി. ഡോളർ 20 പൈസ കയറി 87.27 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിൽ തുടർന്നു.
ക്രൂഡ് ഓയിൽ വില വ്യാഴാഴ്ച 1.24 ശതമാനം ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 67.67 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 67.47 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യുടിഐ 63.35 ഡോളറിലും മർബൻ ക്രൂഡ് 70.39 ഡോളറിലും ആണ്. പ്രകൃതിവാതക വില 0.50 ശതമാനം താഴ്ന്നു.
ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ് കോയിൻ 1,12,250 ഡോളറിനു സമീപം എത്തി. ഈഥർ 4230 ഡോളറിനു മുകളിൽ നിൽക്കുന്നു.
(2025 ഓഗസ്റ്റ് 21, വ്യാഴം)
സെൻസെക്സ്30 82,000.71 +0.17%
നിഫ്റ്റി50 25,083.00 +0.13%
ബാങ്ക് നിഫ്റ്റി 55,755.45 +0.10%
മിഡ് ക്യാപ്100 57,708.95 -0.39%
സ്മോൾക്യാപ്100 17,966.35 -0.01%
ഡൗജോൺസ് 44,788.50 -0.34%
എസ്ആൻഡ്പി 6370.1 -0.40%
നാസ്ഡാക് 21,100.31 -0.34%
ഡോളർ($) ₹81.27 +₹0.20
സ്വർണം(ഔൺസ്) $3339.20 -$09.70
സ്വർണം(പവൻ) ₹73,840 +₹400
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $67.67 +$0.83
Read DhanamOnline in English
Subscribe to Dhanam Magazine