

അമേരിക്കയുമായുള്ള വ്യാപാരകരാർ ഉടനെ ഉണ്ടാകാനിടയില്ല എന്ന സൂചനകൾ കയറ്റുമതി വ്യവസായികളെ ആശങ്കയിലാക്കും. കരാർ ഇല്ലെങ്കിൽ ഓഗസ്റ്റ് ഒന്നു മുതൽ 26 ശതമാനം ചുങ്കം നൽകേണ്ടിവരും. ഇതു വിയറ്റ്നാമും ഇന്തോനീഷ്യയും ഒരു പക്ഷേ ബംഗ്ലാദേശും നൽകേണ്ടി വരുന്നതിലും കൂടുതലാണ്. ഏതു വിധേനയും കരാർ വേണമെന്നാണ് വസ്ത്ര, സമുദ്രാേൽപന്ന, ആഭരണ കയറ്റുമതിക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ത്യയുടെ ആവശ്യങ്ങൾക്കു വഴിപ്പെടാൻ അമേരിക്ക തയാറാകാത്തതിനാൽ ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്. ഓഗസ്റ്റ് മധ്യത്തിലേ ഇനി ചർച്ച ഉണ്ടാകൂ എന്നാണു സൂചന.
ഇതിനിടെ ഡോളർ ദുർബലമായി വരുന്നുണ്ടെങ്കിലും ഇന്ത്യയുടെ രൂപയ്ക്ക് അത് ആശ്വാസമായിട്ടില്ല. വ്യാപാരകരാർ ഉണ്ടാകാത്തപക്ഷം കയറ്റുമതി ഇടിയുന്ന സാധ്യതയാണ് ഈ ദിവസങ്ങളിൽ രൂപയെ താഴ്ത്തിയത്.
തിങ്കളാഴ്ചത്തെ കുതിപ്പിനെ തുടർന്ന് വിപണിയിൽ ആവേശം ഉയർന്നിട്ടുണ്ടെങ്കിലും അതു തുടർന്നു പോകുക എളുപ്പമായിരിക്കില്ല.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,182.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,190 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ വിപണികൾ ഇന്നലെ ഭിന്ന ദിശകളിൽ ക്ലോസ് ചെയ്തു. വ്യാപാര കരാർ വിഷയത്തിൽ തുടരുന്ന അനിശ്ചിതത്വം വിപണികളെ ദിശനിർണയിക്കുന്നതിൽ നിന്നു തടയുന്നു. രാജ്യാന്തം സാഹചര്യങ്ങളിലെ മാറ്റം കണക്കാക്കി ലണ്ടനിലെ എഫ്ടിഎസ്ഇ 100 സൂചികയിലെ 59 കമ്പനികൾ രണ്ടാം പാദത്തിലെ ലാഭപ്രതീക്ഷ കുറഞ്ഞേക്കും എന്നു മുന്നറിയിപ്പ് നൽകി. യുകെയിലെ ഉപഭോക്തൃ മനോഭാവം മൂന്നു വർഷത്തിനിടയിലെ ഏറ്റവും വലിയ വീഴ്ചയാണു കഴിഞ്ഞയാഴ്ച കാണിച്ചത്. ബ്രിട്ടനിലെ തൊഴിലില്ലായ്മ 2021 നു ശേഷമുളള ഏറ്റവും ഉയർന്ന തോതിലായി.
അമേരിക്കൻ വിപണികൾ ഇന്നലെ നേട്ടത്തോടുകൂടി വ്യാപാരം തുടങ്ങിയിട്ട് ഭിന്നദിശകളിൽ അവസാനിച്ചു. തുടക്കത്തിലെ നേട്ടം നിലനിർത്തിയതുമില്ല. രാവിലെ റെക്കോർഡ് തിരുത്തിയ എസ് ആൻഡ് പിയും നാസ്ഡാകും കുറഞ്ഞ നേട്ടത്തോടെ ക്ലോസ് ചെയ്തു. എസ് ആൻഡ് പി ആദ്യമായാണ് 6300 നു മുകളിൽ ക്ലോസ് ചെയ്തത്.
ടെക് മേഖലയിലെ വമ്പന്മാർ പലരും ഈയാഴ്ച രണ്ടാം പാദ റിസൽട്ടുകൾ പുറത്തുവിടും. എസ് ആൻഡ് പി 500 രണ്ടാം പാദത്തിൽ 3.4 ശതമാനം ലാഭവളർച്ച കാണിക്കുമ്പോൾ മാഗ്നിഫിസൻ്റ് സെവൻ 14 ശതമാനം ലാഭവർധന കാണിക്കും എന്ന നിഗമനത്തിലാണ് അനാലിസ്റ്റുകൾ. ടെക് ഭീമന്മാരുടെ കുതിപ്പ് ആ വിശകലനം ആധാരമാക്കിയാണ്.
ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 19.12 പോയിൻ്റ് (0.04%) താഴ്ന്ന് 44,323.07 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 8.80 പോയിൻ്റ് (0.14%) നേട്ടത്തോടെ 6305.60 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 78.52 പോയിൻ്റ് (0.38%) കയറി 20,974.17 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ 0.13 ഉം എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.04 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജാപ്പനീസ്, ദക്ഷിണ കൊറിയൻ, ഓസ്ട്രേലിയൻ വിപണികൾ ഉയർന്നു. ഹോങ് കോങ്, ചൈനീസ് വിപണികളും നേട്ടത്തിൽ വ്യാപാരം തുടങ്ങി. ജപ്പാനിൽ തെരഞ്ഞെടുപ്പു പരാജയം പ്രധാനമന്ത്ര ഷിഗേരു ഇഷിബ രാജിവയ്ക്കണമെന്ന ആവശ്യം പ്രധാനഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ശക്തമാക്കി. അമേരിക്കയുമായുള്ള വ്യാപാരകരാർ ആകും വരെ പദവിയിൽ തുടരാനുള അദ്ദേഹത്തിൻ്റെ ശ്രമം നടന്നെന്നു വരില്ല.
രണ്ടു ദിവസത്തെ ഇടിവിനു ശേഷം വമ്പൻ ബാങ്കുകളുടെ മികച്ച റിസൽട്ടിൻ്റെ ബലത്തിൽ ഇന്ത്യൻ വിപണി ഇന്നലെ തിരിച്ചു കയറി. നിഫ്റ്റി 25,000 വും സെൻസെക്സ് 82,000വും തിരിച്ചുപിടിച്ചു. അപ്രതീക്ഷിതമായ കയറ്റം ഇന്നും മുന്നേറ്റ പ്രതീക്ഷ നൽകിയിട്ടുണ്ട്.
എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും ഒന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതാണ് ഇന്നലെ വിപണിമനോഭാവം മാറ്റിയത്. രണ്ടു ബാങ്കുകളും രണ്ടു ശതമാനത്തിലധികം കുതിച്ചു. സ്വകാര്യബാങ്കുകളുടെ സൂചിക 1.26 ശതമാനം ഉയർന്നു. എന്നാൽ പൊതുമേഖലാ ബാങ്കുകൾക്ക് ഇന്നലെ ക്ഷീണമായിരുന്നു.
ഒറ്റനോട്ടത്തിൽ മികച്ച റിസൽട്ട് പുറത്തുവിട്ട റിലയൻസ് ഓഹരി ഇന്നലെ 3.2 ശതമാനം താഴ്ന്നാണ് അവസാനിച്ചത്. ഓഹരിക്ക് പല ബ്രോക്കറേജുകളും ഉയർന്ന ലക്ഷ്യവില നിശ്ചയിക്കുകയും വാങ്ങൽ ശിപാർശ നൽകുകയും ചെയ്തെങ്കിലും ഫണ്ടുകൾ അടക്കം ലാഭമെടുക്കലിനു മുതിർന്നു.
എറ്റേണൽ (സൊമാറ്റോ) ലാഭം 90 ശതമാനം ഇടിഞ്ഞതായ റിസൽട്ട് പുറത്തുവിട്ടിട്ടും കമ്പനിയുടെ ഓഹരി ഏഴര ശതമാനം കുതിച്ചു. വിറ്റുവരവ് 70 ശതമാനം വർധിച്ചിട്ടും ചെലവിലെ വർധന മൂലം ലാഭം താഴോട്ടായി. ക്വിക്ക് കൊമേഴ്സ് നടത്തുന്ന ബ്ലിങ്കിറ്റിനു സൊമാറ്റോയേക്കാൾ കൂടുതൽ വിലയ്ക്കുള്ള ഓർഡറുകൾ ലഭിച്ചു. ബ്ലിങ്കിറ്റ് 243 സ്റ്റോറുകൾ ഒന്നാം പാദത്തിൽ തുറന്നു. ഇപ്പോഴത്തെ 1544 ൽ നിന്ന് ഡിസംബർ അവസാനം 2000 സ്റ്റോറിൽ എത്തുകയാണു ലക്ഷ്യം. വളർച്ച സാധ്യതകൾ ആണ് ഓഹരിവിലയെ ഉയർത്തിയത്.
വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ വിൽപനക്കാരായി.
നിഫ്റ്റി തിങ്കളാഴ്ച 122.30 പോയിൻ്റ് (0.49%) ഉയർന്ന് 25,090.70 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 442.61 പോയിൻ്റ് (0.54%) നേട്ടത്തോടെ 82,200.34 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 669.75 പോയിൻ്റ് (1.19%) കുതിച്ച് 56,952.75 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 363.85 പോയിൻ്റ് (0.62%) കയറി 59,468.35 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 1.35 പോയിൻ്റ് (0.01%) കുറഞ്ഞ് 18,958.30 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ബിഎസ്ഇയിൽ ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1892 ഓഹരികൾ ഉയർന്നപ്പോൾ 2264 ഓഹരികൾ ഇടിഞ്ഞു. എന്നാൽ എൻഎസ്ഇയിൽ കയറ്റം മുന്നിൽ നിന്നു. ഉയർന്നത് 1490 എണ്ണം. താഴ്ന്നത് 1481 ഓഹരികൾ.
എൻഎസ്ഇയിൽ 85 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 29 എണ്ണമാണ്. 87 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 76 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 1681.23 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 3578.43 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വലിയ താഴ്ചയിലേക്കു വീഴാം എന്ന ആശങ്കയിൽ നിന്ന് കുതിച്ചുയർന്ന വിപണി ഇന്നും കയറും എന്ന പ്രതീക്ഷയിലാണു നിക്ഷേപകർ. എന്നാൽ നിഫ്റ്റി 25,250നു മുകളിൽ കരുത്തോടെ കയറിയാൽ മാത്രമേ തുടർകയറ്റം ഉണ്ടാകൂ എന്നാണ് നിക്ഷേപവിദഗ്ധർ പറയുന്നത്. അതുവരെ 24,900 പിന്തുണയായി വർത്തിക്കും.
ഇന്നു നിഫ്റ്റിക്ക് 24,940 ഉം 24,800 ഉം പിന്തുണയാകും. 25,110 ലും 25,250 ലും തടസം ഉണ്ടാകാം.
കാതൽമേഖലയിലെ വ്യവസായങ്ങൾ ഇനിയും തിരിച്ചു കയറിയിട്ടില്ല എന്നു ജൂണിലെ കണക്ക് കാണിച്ചു. എട്ടു കാതൽമേഖലാ വ്യവസായങ്ങളുടെ വളർച്ച 1.7 ശതമാനം മാത്രമായി. കഴിഞ്ഞ വർഷം ജൂണിൽ അഞ്ചു ശതമാനമായിരുന്നു വളർച്ച. മേയിലെ 1.2 ശതമാനത്തേക്കാൾ മെച്ചമാണ് എന്നതു മാത്രമാണ് എടുത്തു പറയാവുന്ന കാര്യം. വ്യവസായ ഉൽപാദന സൂചികയിൽ 40.27 ശതമാനം പങ്ക് കാതൽമേഖലയ്ക്ക് ഉണ്ട്.
കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, രാസവളം, വൈദ്യുതി എന്നിവയുടെ ഉൽപാദനം കുറഞ്ഞു. കൽക്കരി 6.8%, ക്രൂഡ് ഓയിൽ 1.2%, പ്രകൃതിവാതകം 2.8%, രാസവളം 1.2%, വെെദ്യതി 2.8% എന്ന തോതിലാണു കുറഞ്ഞത്. സ്റ്റീൽ 9.3%, സിമൻ്റ് 9.2%, റിഫൈനറി ഉൽപന്നങ്ങൾ 3.4% എന്ന തോതിൽ വർധിച്ചു.
ഏപ്രിൽ - ജൂൺ പാദത്തിൽ കാതൽമേഖലയുടെ വളർച്ച 1.3 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 6.2 ശതമാനം ഉണ്ടായിരുന്നതാണ്.
സ്വർണവില കുതിച്ചു കയറി. ഡോളറിൻ്റെ ദൗർബല്യവും വ്യാപാരയുദ്ധ ഭീതിയും സ്വർണത്തിലേക്കു നിക്ഷേപകരെ നയിക്കുന്നു.ഊഹക്കച്ചവടക്കാരും സ്വർണം കയറ്റം തുടരുമെന്ന മട്ടിലാണ് പൊസിഷനുകൾ എടുക്കുന്നത്. സ്വർണം ഇന്നലെ ഔൺസിനു 47 ഡോളർ കയറി 3397.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3403 ഡോളറിലേക്കു കയറിയിട്ടു താഴ്ന്നു.
കേരളത്തിൽ തിങ്കളാഴ്ച പവന് 80 രൂപ കൂടി 73,440 രൂപയായി.
വെള്ളിവില ഇന്നലെ ഔൺസിന് 38.90 ഡോളർ വരെ കയറിയിട്ട് 38.86 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ 38.84 ഡോളറിലാണ്. 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് വെള്ളി. വെള്ളി അവധിവില 41 ഡോളർ വരെ കയറും എന്നാണു നിഗമനം.
വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ചയും കുതിപ്പ് തുടർന്നു. ചെമ്പ് 1.10 ശതമാനം ഉയർന്നു ടണ്ണിന് 9773.35 ഡോളറിൽ എത്തി. അലൂമിനിയം 1.40 ശതമാനം കുതിച്ച് 2642.50 ഡോളർ ആയി. നിക്കലും സിങ്കും ടിന്നും മികച്ച മുന്നേറ്റം നടത്തി. ലെഡ് നാമമാത്രമായി താഴ്ന്നു.
രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 0.42 ശതമാനം കയറി 168.80 സെൻ്റിൽ എത്തി. കൊക്കോ 4.56 ശതമാനം ഉയർന്ന് ടണ്ണിന് 8156 ഡോളർ ആയി. കാപ്പിയും തേയിലയും വീണ്ടും താഴ്ന്നു. പാം ഓയിൽ വില 2.09 ശതമാനം താഴ്ന്നു.
യുഎസ് ഡോളർ സൂചിക താഴാേട്ടുള്ള യാത്ര തിങ്കളാഴ്ചയും തുടർന്നു. ഇന്നലെ 97.85 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.93 ലാണു സൂചിക.
കറൻസി വിപണിയിൽ യൂറോ 1.1687 ഡോളറിലേക്കും പൗണ്ട് 1.34 8 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 147.52 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കൂടി. അവയിലെ നിക്ഷേപനേട്ടം 4.376 ശതമാനത്തിലേക്ക് താഴ്ന്നു. യുഎസ് സമ്പദ്ഘടന മാന്ദ്യഭീതിയിൽ നിന്നു മാറിയതായ വിലയിരുത്തലാണു കാരണം.
രൂപ തിങ്കളാഴ്ചയും ഇടിഞ്ഞു. വ്യാപാരത്തിനിടെ 86.35 രൂപ വരെ കയറിയ ഡോളർ റിസർവ് ബാങ്ക് ഇടപെടലിനെ തുടർന്ന് അൽപം താഴ്ന്നു. ഡോളർ 14 പൈസ കയറി 86.29 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിൽ തുടർന്നു.
ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിലെ താഴ്ച തുടർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 68.82 ഡോളറിലേക്കു താഴ്ന്നു. ഇന്നു രാവിലെ ഡബ്ല്യുടിഐ ഇനം 66.87 ഡോളറിലും മർബൻ ക്രൂഡ് 70.92 ഡോളറിലും ആണ്. പ്രകൃതിവാതക വില അൽപം താഴ്ന്നു..
ക്രിപ്റ്റോ കറൻസികൾ താഴ്ന്നു. ബിറ്റ് കോയിൻ 1,17,000 ഡോളറിനു സമീപമാണ്. ഈഥർ 3750 ഡോളറിനു താഴെ നിൽക്കുന്നു.
(2025 ജൂലൈ 21, തിങ്കൾ)
സെൻസെക്സ്30 82,200.34 +0.54%
നിഫ്റ്റി50 25,090.70 +0.49%
ബാങ്ക് നിഫ്റ്റി 56,952.75 +1.19%
മിഡ് ക്യാപ്100 59,468.35 +0.62%
സ്മോൾക്യാപ്100 18,958.30 -0.01%
ഡൗജോൺസ് 44,323.07 -0.04%
എസ്ആൻഡ്പി 6305.60 +0.14%
നാസ്ഡാക് 20,974.17 +0.38%
ഡോളർ($) ₹86.29 +₹0.14
സ്വർണം(ഔൺസ്) $3397.70 +$47.00
സ്വർണം(പവൻ) ₹73,440 +₹80
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $69.09 -$0.19
Read DhanamOnline in English
Subscribe to Dhanam Magazine