

സ്വിറ്റ്സർലൻഡിലെ ലൂസേണിൽ നടക്കുന്ന പശ്ചിമേഷ്യൻ സമാധാന ചർച്ചയിൽ നിർണായക പുരോഗതി. കരാർ ചർച്ചയ്ക്കുള്ള മാർഗരേഖ അംഗീകരിച്ചു. ചർച്ചകളുടെ മേൽനോട്ട സമിതിക്കു രൂപം നൽകി. ലബനൻ വിഷയത്തിൽ കൂടിയാലോചനാ സമിതി ഉണ്ടാക്കി. ഇത് ഇന്നു വിപണികൾക്ക് ഉണർവ് പകരുന്നു. ഏഷ്യൻ വിപണികൾ മുന്നേറി. ക്രൂഡ് ഓയിൽ 80 ഡോളറിനു താഴെയായി. സ്വർണം 4200 ഡോളറിനു മുകളിൽ എത്തി.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,090-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,183 വരെ കയറി. ഇന്നു വിപണി മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ജൂൺ 21ലെ നിലവച്ച് 42 ശതമാനം കുറവാണെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജ്യത്തെ 69 ശതമാനം സ്ഥലത്തും മഴക്കുറവ് 20 ശതമാനത്തിലധികമാണ്. ഈ നില തുടർന്നാൽ ഈയാഴ്ച അവസാനം മഴക്കുറവ് 50 ശതമാനത്തിലധികം ആകും. പ്രധാന കാർഷിക മേഖലകളിൽ 27 മുതൽ 84 വരെ ശതമാനം കുറവ് മഴയേ ലഭിച്ചിട്ടുള്ളൂ. എൽ നിനോ പ്രതിഭാസമാണു കാരണം. രാജ്യത്തെ കാർഷിക ഉൽപാദനത്തിൽ ഗണ്യമായ ഇടിവിന് ഇതു വഴി തെളിക്കും. ജി.ഡി.പി വളർച്ചയെ ബാധിക്കുന്ന നിലയിലേക്കാണു കാര്യങ്ങളുടെ പോക്ക്.
റിലയൻസിൻ്റെ ജിയോ പ്ലാറ്റ്ഫോംസ് ഐ.പി.ഒ നടത്തുന്നതിനു പ്രാരംഭമായി കരടു പ്രോസ്പെക്റ്റസ് സെബിക്കു സമർപ്പിച്ചു. 37,700 കോടി രൂപ സമാഹരിക്കാൻ ഉദ്ദേശിക്കുന്നു. കമ്പനിക്കു 14 ലക്ഷം കോടി രൂപ വിപണി മൂല്യമാണു പ്രതീക്ഷ. 17.72 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള റിലയൻസിൻ്റെ തൊട്ടടുത്ത സ്ഥാനത്താകും ജിയോ. എച്ച്.ഡി.എഫ്.സി. ബാങ്കിന് 12.01-ഉം എയർടെലിന് 11.64-ഉം ലക്ഷം കോടി രൂപ വിപണിമൂല്യം ഉണ്ട്.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻ.എസ്.ഇ) ഡ്രാഫ്റ്റ് പ്രോസ്പെക്റ്റസ് നൽകി ഐ.പി.ഒ നടപടികളിലാണ്. 30,000 കോടി രൂപയാണ് അവർ സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. റിലയൻസ് സ്വദേശി നിർമിതബുദ്ധി ശൃംഖല സ്ഥാപിക്കാനുള്ള ബൃഹദ് പദ്ധതി കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. ജിയോയുടെ ഐ.പി.ഒ വഴി കടം ഗണ്യമായി കുറയ്ക്കുന്ന ഗ്രൂപ്പിന് നിർമിതബുദ്ധിയിൽ നിക്ഷേപം എളുപ്പമാകും.
യു.എസ് വിപണികൾ വെള്ളിയാഴ്ച അവധിയിൽ ആയിരുന്നു. വ്യാഴാഴ്ച സൂചികകൾ മികച്ച നേട്ടം ഉണ്ടാക്കി.
ഫ്യൂച്ചേഴ്സ് താഴ്ചയിൽ
യു.എസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ ജോൺസ് 57 പോയിൻ്റും (0.11%) എസ് ആൻഡ് പി 16 പോയിൻ്റും (0.21%) നാസ്ഡാക് 67 പോയിൻ്റും (0.2 2%) താഴ്ന്നു നീങ്ങുന്നു.
യൂറോപ്പ് താഴ്ന്നു
സ്വിറ്റ്സർലൻഡിലെ പശ്ചിമേഷ്യൻ ചർച്ചയിൽ അനിശ്ചിതത്വം ഉണ്ടായതിനെ തുടർന്ന് യൂറോപ്യൻ ഓഹരികൾ വെള്ളിയാഴ്ച താഴ്ന്നു.
ഏഷ്യയിൽ കയറ്റം
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 1.90 ശതമാനം ഉയർന്ന് 72,584 ൽ എത്തി റെക്കോർഡ് കുറിച്ചു. ഓസ്ട്രേലിയൻ സൂചിക 0.20 ശതമാനം കയറി. ദക്ഷിണ കൊറിയൻ വിപണി സൂചിക കോസ്‌പി 1.2 ശതമാനം ഉയർന്നു. ഹോങ് കോങ് 0.50 ശതമാനം താഴ്‌ന്നു. ഷാങ്ഹായ് 0.10 ശതമാനം കയറി.
വെള്ളിയാഴ്ച ഇന്ത്യൻ വിപണിയിലെ മുഖ്യ സൂചികകൾ നഷ്ടത്തിലായി. എന്നാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഉയർന്നു. മുഖ്യസൂചികകൾ താഴ്ന്ന നിലയിൽ നിന്നു ഗണ്യമായി തിരിച്ചു കയറിയ ശേഷമാണു ക്ലോസ് ചെയ്തത്. ഐടി തകർച്ചയും പശ്ചിമേഷ്യൻ അനിശ്ചിതത്വവും എണ്ണവിലയിലെ കയറ്റവും രാജ്യത്തെ വരൾച്ച ഭീഷണിയും ആണു വിപണിയെ ഉലച്ചത്.
ഐടി മേഖല വീണ്ടും ദുർബലമായി. ആക്സഞ്ചർ വരുമാനപ്രതീക്ഷ താഴ്ത്തിയതിനെ തുടർന്ന് ഇന്ത്യൻ ഐടി സൂചിക രാവിലെ ആറു ശതമാനം വരെ ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ച് 3.65 ശതമാനം താഴ്ന്നു ക്ലോസ് ചെയ്തു. ഓയിൽ, റിയൽറ്റി, ബാങ്ക്, ധനകാര്യ, ഓട്ടോ മേഖലകൾ താഴ്‌ന്നു. ഫാർമയും ഹെൽത്ത് കെയറും നേട്ടം കുറിച്ചു. വിദേശ നിക്ഷേപകർ (എഫ്ഐഐ) വെള്ളിയാഴ്ച വാങ്ങലുകാരായി മാറി. അവർ ക്യാഷ് വിപണിയിൽ 4859.07 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1159.64 കോടി രൂപയുടെ അറ്റ വിൽപനയും നടത്തി.
വെള്ളിയാഴ്ച സെൻസെക്‌സ് 607.08 പോയിൻ്റ് (0.78%) ഇടിഞ്ഞ് 76,802.90 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 154.90 പോയിൻ്റ് (0.64%) താഴ്ന്ന് 24,013.10 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 278.05 പോയിൻ്റ് (0.48%) നഷ്ടത്തോടെ 57,685.75 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 138.05 പോയിൻ്റ് (0.22%) ഉയർന്ന് 62,517.30 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 78.85 പോയിൻ്റ് (0.42%) കയറി 18,784.50 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിൽ കയറ്റവും ഇറക്കവും ഏകദേശം ഒപ്പമായിരുന്നു. ബിഎസ്ഇയിൽ 2110 ഓഹരികൾ കയറി, 2138 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1744 എണ്ണം ഉയർന്നപ്പോൾ 1516 എണ്ണം താഴ്ന്നു. ഫെഡറൽ ബാങ്ക് 324.90 രൂപ എന്ന റെക്കോർഡ് കുറിച്ച ശേഷം 1.11 ശതമാനം നേട്ടത്തോടെ 324.00 രൂപയിൽ ക്ലോസ് ചെയ്തു. വ്യാജകണക്ക് വിവാദത്തിൽ കുരുങ്ങി ഏഴു ദിവസം തുടർച്ചയായി ഇടിഞ്ഞ രാജേഷ് എക്സ്പോർട്സ് അഞ്ചാം ദിവസവും അഞ്ചു ശതമാനം കയറി അപ്പർ സർകീട്ടിൽ എത്തി.
പശ്ചിമേഷ്യൻ സമാധാന ചർച്ച. മാറ്റിവച്ചു എന്ന പ്രചാരണം വെള്ളിയാഴ്ച സ്വർണത്തെ വീണ്ടും താഴ്‌ത്തി. ക്രൂഡ് ഓയിൽ വില കയറിയതും സ്വർണത്തിന് ആഘാതമായി. വിലക്കയറ്റം ഉയർന്നാൽ പലിശനിരക്ക് കൂടും എന്നതാണു സ്വർണത്തെ താഴ്‌ത്തിയത്. വെള്ളിയാഴ്ച 1.3 ശതമാനം ഇടിവോടെ സ്വർണം ഔൺസിന് 4,156.70 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ജനീവ ചർച്ചകൾ പുരോഗമിക്കുന്നു എന്ന റിപ്പോർട്ടിനെ തുടർന്ന് സ്വർണം വീണ്ടും കയറ്റത്തിലായി. ഇന്നു രാവിലെ 1.3 ശതമാനം കയറി ഔൺസിന് 4,220 ഡോളറിലേക്കു സ്വർണം എത്തി. പിന്നീട് അൽപം താഴ്‌ന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം ഗണ്യമായി ഇടിഞ്ഞു പവന് 1,07,120 രൂപ ആയി. ഇന്നു വില കയറിയേക്കാം. വെള്ളിയാഴ്ച ഇടിഞ്ഞ് 64.96 ഡോളറിൽ എത്തിയ വെള്ളിവില ഇന്നു രാവിലെ മൂന്നു ശതമാനം കയറി ഔൺസിന് 66.92 ഡോളറിൽ എത്തി. പ്ലാറ്റിനം 1,690 ഡോളർ, പല്ലാഡിയം 1260 ഡോളർ, റോഡിയം 7700 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
ലോഹങ്ങൾ താഴ്ചയിൽ
പലിശ കൂടുമെന്ന ഭീതി വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങളെ വീണ്ടും താഴ്‌ത്തി. ചെമ്പ് 0.60 ശതമാനം കുറഞ്ഞ് ടണ്ണിനു 13,530.15 ഡോളർ ആയി. അലൂമിനിയം 0.15 ശതമാനം താഴ്‌ന്ന് 3404.45 ൽ ക്ലോസ് ചെയ്തു. ലെഡും നിക്കലും ടിന്നും താഴ്ന്നു. സിങ്ക് ഉയർന്നു.
വിദേശത്ത് റബർ വില താഴ്ച തുടരുകയാണ്. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 320.50 ഡോളറിലും ആർഎസ്എസ് മൂന്ന് 317.00 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 27,400 രൂപയിൽ ആണ്. കൊക്കോ വില ടണ്ണിന് 4254 ഡോളറിൽ നിൽക്കുന്നു. ഫ്യൂച്ചേഴ്സ് 4400 ഡോളർ കടന്നു.
യു.എസ് ഡോളർ വീണ്ടും നേട്ടത്തിലായി. വ്യാഴാഴ്ച 100.85 ൽ ക്ലോസ് ചെയ്ത ഡോളർ സൂചിക 101.13 വരെ കയറിയിട്ടു 100.76ലേക്കു താഴ്ന്നു. യൂറോ 1.1466 ഡോളറിലേക്കും പൗണ്ട് 1.3224 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 161.47 യെൻ എന്ന നില വരെ ഇടിഞ്ഞു. 40 വർഷത്തെ ഏറ്റവും താഴ്ന്ന നിലയ്ക്കു സമീപമാണു യെൻ. ചൈനീസ് യുവാൻ ഡോളറിന് 6.77 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.477 ശതമാനമായി ഉയർന്നു.
വെള്ളിയാഴ്ച ഇന്ത്യൻ രൂപ ചാഞ്ചാട്ടങ്ങൾക്കു ശേഷം നാമമാത്ര നേട്ടം ഉണ്ടാക്കി. ഡോളർ ഒരു പൈസ നഷ്ടത്തോടെ 94.32 രൂപയിൽ അവസാനിച്ചു. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻ.ഡി.എഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 94.35 രൂപയായി. ചൈനീസ് യുവാൻ 13.93 രൂപയിലേക്കു താഴ്ന്നു. യൂറോ 108.06 രൂപയായി ഇടിഞ്ഞു.
വെള്ളിയാഴ്ച ഉയർന്ന ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ചയിലായി. കഴിഞ്ഞ ദിവസം 81.27 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ഇന്നു രാവിലെ വീപ്പയ്ക്ക് 79.41 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 75.72 ഡോളറിലേക്കു താഴ്ന്നു.
ക്രിപ്റ്റോകൾ കയറി
ക്രിപ്റ്റോ കറൻസികൾ താഴ്ന്നിട്ട് കയറി. വാരാന്ത്യത്തിൽ 62,250 ഡോളർ വരെ എത്തിയ ബിറ്റ് കോയിൻ ഇന്ന് 63,800 ഡോളറിനു മുകളിൽ എത്തി. ഈഥർ 1720 ഡോളറിനും സൊലാന 73 ഡോളറിനും മുകളിലാണ്.
(2026 ജൂൺ 19, വെള്ളി)
സെൻസെക്സ്: 76,802.90 -0.78%
നിഫ്റ്റി-50: 24,013.10 -0.64%
ബാങ്ക് നിഫ്റ്റി: 57,685.75 -0.48%
മിഡ്ക്യാപ്-100: 62,517.30 +0.22%
സ്മോൾക്യാപ്-100: 18,784.50 +0.42%
ഡൗജോൺസ്: 51,564.70 +0.14%
എസ്ആൻഡ്പി: 7500.58 +1.08%
നാസ്ഡാക്: 26,517.93 +1.91%
ഡോളർ: ₹94.32 -₹0.01
സ്വർണം (ഔൺസ്): $4156.70 -$53.70
സ്വർണം (പവൻ): ₹1,06,960 +₹320
ശനി: ₹1,07,120 +₹160
ബ്രെൻ്റ് ക്രൂഡ് ഓയിൽ: $81.20 +$1.35
Read DhanamOnline in English
Subscribe to Dhanam Magazine