ട്രംപ് അയയുന്നു; വിപണികളിൽ ആശ്വാസറാലി; ഡോളർ തിരിച്ചു കയറുന്നു; സ്വർണം താഴോട്ട്

തീരുവ യുദ്ധം ആഗോള വളര്‍ച്ച കുറക്കുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്; ഏഷ്യന്‍ വിപണികള്‍ മികച്ച നേട്ടത്തില്‍; ക്രിപ്‌റ്റോകള്‍ക്ക് കുതിപ്പ്
TCM, Morning Business News
Morning business newscanva
Published on

വിപണികൾ ആശ്വാസത്തിലേക്കു മാറുകയാണ്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, താൻ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ പുറത്താക്കാൻ ഉദ്ദേശിക്കുന്നില്ല എന്നു പ്രഖ്യാപിച്ചു. വ്യാപാരയുദ്ധം തുടരാൻ പറ്റില്ലെന്നും പരിഹാരം ഉണ്ടായേ തീരൂ എന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കാേട്ട് ബെസൻ്റ് പറഞ്ഞു. ഇതു രണ്ടും വിപണികളിൽ ആശ്വാസറാലിക്കു വഴി തെളിച്ചു. യുഎസ് വിപണി ഇന്നലെ വലിയ കുതിപ്പ് നടത്തി. ഫ്യൂച്ചേഴ്സ് ഒന്നര ശതമാനം കയറ്റത്തിലാണ്. ഡോളർ ഉയർന്നു, സ്വർണം താണു. ഇന്നലെ നേരിയ കയറ്റം നടത്തിയ ഇന്ത്യൻ വിപണി ഇന്നു കുതിക്കാം.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,315 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,390 വരെ കയറി. നിഫ്റ്റി ഇന്നു രാവിലെ മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ആഗോളവളർച്ച ഗണ്യമായി കുറയുമെന്നു കാണിക്കുന്ന ഐഎംഎഫ് റിപ്പോർട്ട് ഇന്നലെ പുറത്തുവിട്ടു. 2025 ൽ ആഗോളവളർച്ച 2.8 ശതമാനമായിരിക്കും എന്നാണു പുതിയ നിഗമനം. 3.3% വളരും എന്നാണു ജനുവരിയിൽ കണക്കാക്കിയത്. 2026 ലെ പ്രതീക്ഷ 3.1 ൽ നിന്നു മൂന്നു ശതമാനമായി കുറച്ചു. തീരുവയുദ്ധമാണു കാരണം.

ഇന്ത്യയുടെ വളർച്ച പ്രതീക്ഷ 2025-26 ധനകാര്യ വർഷം 6.5 ൽ നിന്ന് 6.2 ശതമാനമായി കുറച്ചു. അടുത്ത വർഷ അടുത്ത വർഷം 6.3 ശതമാനം വളരാം. പ്രതീക്ഷ കുറച്ചെങ്കിലും ഇന്ത്യ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്ഘടന എന്ന പേരു നിലനിർത്തും.

അമേരിക്കയുടെ വളർച്ച പ്രതീക്ഷ 2.7 ശതമാനത്തിൽ നിന്നു 1.8% ആയി കുറച്ചു. ചൈനയുടെ വളർച്ച പ്രതീക്ഷ 4.6 ൽ നിന്ന് നാലു ശതമാനമായി താഴ്ത്തി. യൂറോ മേഖലയുടെ വളർച്ച പ്രതീക്ഷ 0.8 ശതമാനമാണ്. മാന്ദ്യത്തിലേക്കു വിരൽ ചൂണ്ടുന്നതല്ല ഐഎംഎഫ് റിപ്പോർട്ട് എന്നത് ആശ്വാസകരമാണ്.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ഇന്നലെ നഷ്ടത്തിൽ വ്യാപാരം നടത്തിയ ശേഷം ചെറിയ നേട്ടത്തിൽ അവസാനിച്ചു. വണ്ണം കുറയ്ക്കാനുള്ള ഔഷധ ഗവേഷണത്തിൽ എലി ലിലിയുടെ ഓർഫ്ലോർഗ്ലിപോൺ എന്ന സംയുക്തം മികച്ച ഫലം കാണിച്ചതായ റിപ്പോർട്ട് ഇതേ മേഖലയിൽ സജീവമായ നോവോ നോർഡിസ്കിൻ്റെയും സീലാൻഡ് ഫാർമയുടെയും ഓഹരികളെ 8.4 ശതമാനം വീതം താഴ്ത്തി.

യുഎസ് വിപണി ചൊവ്വാഴ്ച ശക്തമായ തിരിച്ചുവരവ് നടത്തി. തിങ്കളാഴ്ചത്തെ നഷ്ടമെല്ലാം ഇന്നലെ തീർത്തു. ചൈനയുമായുള്ള വ്യാപാരയുദ്ധത്തിൽ  ഒത്തുതീർപ്പിൻ്റെ സാധ്യത യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് സൂചിപ്പിച്ചതാണു വിപണിയെ സഹായിച്ചത്. ഇപ്പോഴത്തെ നില തുടരാനാവില്ല എന്ന് ജെപി മോർഗൻ ചെയ്സ് ബാങ്ക് സംഘടിപ്പിച്ച ഒരു നിക്ഷേപക സംഗമത്തിൽ അദ്ദേഹം പറഞ്ഞു. 

വിപണി നല്ല നേട്ടത്തോടെ അവസാനിച്ച ശേഷമാണ് പവലിനെ മാറ്റാൻ ശ്രമമില്ലെന്നു ട്രംപ് പറഞ്ഞത്. ഇതോടെ ഫ്യൂച്ചേഴ്സിൽ വലിയ കയറ്റം ഉണ്ടായി. വരുമാനം 20 ശതമാനം കുറഞ്ഞതു കാണിച്ച ടെസ്‌ലയുടെ റിസൽട്ടും വിപണി അടച്ച ശേഷമാണു വന്നത്. അടുത്ത മാസം മുതൽ സർക്കാരിലെ പണി കുറച്ചിട്ട് കമ്പനിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും എന്ന് ഇലോൺ മസ്ക് പറഞ്ഞു. പകൽ 4.6 ശതമാനം ഉയർന്ന ടെസ്‌ല ഓഹരി ഇതോടെ അനൗപചാരിക വിപണിയിൽ മറ്റൊരു നാലര ശതമാനം കൂടി കയറി.

ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 1016.57 പോയിൻ്റ് (2.66%) കുതിച്ച് 39,186.98 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 129.5 6 പോയിൻ്റ് (2.51%) ഉയർന്ന് 5287.76 ൽ അവസാനിച്ചു. നാസ്ഡാക് 429.52 പോയിൻ്റ് (2.71%) നേട്ടത്തോടെ 16,300.42 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ വലിയ ഉയർച്ചയിലാണ്. ഡൗ 1.49 ഉം എസ് ആൻഡ് പി 1.78 ഉം നാസ്ഡാക് 1.96 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.  

ഇന്നലെ താഴ്ന്ന ഏഷ്യൻ വിപണികൾ ഇന്നു രാവിലെ മികച്ച നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ രണ്ടു ശതമാനം കുതിച്ചു. കൊറിയൻ വിപണിയും രണ്ടു ശതമാനം കയറി. ഹോങ്‌കോങ് സൂചികയും കുതിപ്പിലാണ്.

ഇന്ത്യൻ വിപണി ഉയർന്നു

കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പ് ഉപേക്ഷിച്ചു ചെറിയ നേട്ടത്തിൽ ഒതുങ്ങുകയാണ് ഇന്നലെ ഇന്ത്യൻ വിപണി ചെയ്തത്. തുടക്കത്തിൽ താഴ്ചയിലേക്ക് നീങ്ങിയ ശേഷം മികച്ച തിരിച്ചുകയറ്റം നടത്തി. പിന്നീടു നേട്ടങ്ങൾ മിക്കവാറും ഉപേക്ഷിച്ചു. സെൻസെക്സ് 79,824 വരെയും നിഫ്റ്റി 24, 242 വരെയും കയറിയ ശേഷമാണ് കുറഞ്ഞ നേട്ടത്തിൽ ക്ലോസ് ചെയ്തത്.

ചൊവ്വാഴ്ച നിഫ്റ്റി 41.70 പോയിൻ്റ് (0.17%) കയറി 24,167.25 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 187.09 പോയിൻ്റ് (0.24%) ഉയർന്ന് 79,595.59 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 324.70 പോയിൻ്റ് (0.62.%) കയറി 55,647.20 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 0.78 ശതമാനം (422.70 പോയിൻ്റ്) നേട്ടത്തോടെ 54,397.15 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 0.73 ശതമാനം കയറി 16,896.00 ൽ ക്ലോസ് ചെയ്തു.

ഐടിയും ഓയിൽ ഗ്യാസും ഒഴികെ എല്ലാ മേഖലകളും ഇന്നലെ ഉയർന്നു. റിയൽറ്റിയും എഫ്എംസിജിയും കൺസ്യൂമർ ഡ്യൂറബിൾസും  ആണു നേട്ടത്തിനു മുന്നിൽ നിന്നത്.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2459 ഓഹരികൾ  ഉയർന്നപ്പോൾ 1526 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1834 എണ്ണം. താഴ്ന്നത് 1059 ഓഹരികൾ.

എൻഎസ്ഇയിൽ 71 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയതു 11 എണ്ണമാണ്. 155 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 46 എണ്ണം ലോവർ സർക്കീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ഇന്നലെയും വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 1290.43 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 885.63 കോടി രൂപയുടെ ഓഹരികൾ വിറ്റു.

വിപണി ബുള്ളിഷ് ആയിട്ടല്ല അവസാനിച്ചത്. എന്നാൽ പിന്നീടുള്ള സംഭവവികാസങ്ങൾ വിപണിക്കു കുതിപ്പ് തുടരാൻ സാഹചര്യം ഒരുക്കുന്നവയാണ്. 24,200 കടന്നാൽ 24,550 വരെ നിഫ്റ്റിക്കു മുന്നേറ്റം സുഗമമാകും എന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്.

ഇന്നു നിഫ്റ്റിക്ക് 24,100ഉം 23,995 ഉം പിന്തുണയാകും. 24,225 ലും 24,330 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

എച്ച്സിഎൽ ടെക്നോളജീസിൻ്റെ വരുമാനം ഡോളറിൽ ഒരു ശതമാനം കുറഞ്ഞു. ലാഭം 6.2 ശതമാനം ഇടിഞ്ഞു. ലാഭമാർജിൻ 19.5 ൽ നിന്നു 18 ശതമാനമായി. അടുത്ത വർഷം ഡോളറിൽ രണ്ടു മുതൽ അഞ്ചുവരെ ശതമാനം വരുമാന വളർച്ച പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യലിന് പലിശവരുമാനം ഒൻപതു ശതമാനം കൂടിയെങ്കിലും ലാഭം ഒൻപതു ശതമാനം കുറഞ്ഞു.

സിയൻ്റ് വരുമാനം 18.3 ശതമാനം കൂടിയപ്പോൾ ലാഭം 36.5 ശതമാനം വർധിച്ച് 31 കോടി രൂപയായി.

578 കോടി രൂപയുടെ ഒറ്റത്തവണ നേട്ടത്തിൻ്റെ ബലത്തിൽ ടാറ്റാ കമ്യൂണിക്കേഷൻസ് അറ്റാദായം 223 ശതമാനം വർധിച്ച് 1040 കോടി രൂപയായി.

എയു സ്മോൾ ഫിനാൻസ് ബാങ്ക് ലാഭം 4.7 ശതമാനം കുറഞ്ഞു.

ഡെൽറ്റാ കോർപറേഷന് വരുമാനം കുറഞ്ഞെങ്കിലും ഒറ്റത്തവണ നേട്ടത്തിൻ്റെ ബലത്തിൽ ലാഭം 127 ശതമാനം വർധിച്ചു.

റിസൽട്ടുകൾ ഇന്ന്

ടാറ്റാ കൺസ്യൂമർ, മെെൻഡ് ട്രീ, ബജാജ് ഹൗസിംഗ്, കാൻഫിൻ ഹോംസ്, ഡാൽമിയ ഭാരത്, റാലിസ് ഇന്ത്യ, മഹാരാഷ്ട്ര സ്കൂട്ടേഴ്സ് , സുപ്രീം പെട്രോ കെം, തമിഴ്നാട് മെർക്കൻ്റെെൽ ബാങ്ക്, ആസ്ടെക് 

ലൈഫ്, വെൻഡ്ട് ഇന്ത്യ തുടങ്ങിയ കമ്പനികൾ ഇന്നു റിസൽട്ട് പുറത്തിറക്കും.

തിരിച്ചിറങ്ങി സ്വർണം

വ്യാപാരയുദ്ധം അവസാനിച്ചേക്കും എന്ന പ്രതീക്ഷയും ഫെഡ് മേധാവിയെ പുറത്താക്കുന്നില്ല എന്ന ട്രംപിൻ്റെ പ്രഖ്യാപനവും സ്വർണത്തെ അത്യുന്നതങ്ങളിൽ നിന്നു താഴ്ത്തി. 

തിങ്കളാഴ്ച ഔൺസിന് 96.40 ഡോളർ കുതിച്ച് 3425.40 ഡോളറിലാണു സ്വർണവില ക്ലോസ് ചെയ്തത്. ഇന്നലെ വില കുതിച്ച് 3492.80 ഡോളർ വരെ എത്തി. പിന്നീടു താഴ്ന്ന് 3328.60 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3375 ഡോളറിലേക്കു കയറി.

കേരളത്തിൽ പവൻ വില തിങ്കളാഴ്ച 2200 രൂപ വർധിച്ച് 74,320 രൂപയായി. പ്രതിദിന കയറ്റത്തിലെ റെക്കോർഡ് ആണ് ഈ കയറ്റം. ഇന്നു വില ഗണ്യമായി കുറയാം.

വെള്ളിവില ഇന്നു രാവിലെ 32.54 ഡോളറിലാണ്.

ചെമ്പുവില ചൊവ്വാഴ്ച 0.39 ശതമാനം ഉയർന്നു. 

രാജ്യാന്തര വിപണിയിൽ റബർ 1.30 ശതമാനം താഴ്ന്ന് കിലോഗ്രാമിന് 166.90 സെൻ്റ് ആയി. കൊക്കോ 5.69 ശതമാനം കുതിച്ച് 9244.56 ഡോളറിൽ എത്തി. കാപ്പി 3.35 ശതമാനം ഉയർന്നു. പാമോയിൽ വില 0.20 ശതമാനം താഴ്ന്നു. 

ഡോളർ കയറുന്നു, രൂപ താഴാം

ഡോളർ സൂചിക ചൊവ്വാഴ്ച ഒരു ശതമാനത്തിലധികം ഉയർന്നു 98.92 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.35 ലേക്ക് കയറി. 

യൂറോ ഇന്നു രാവിലെ താഴ്ന്ന് 1.138 ഡോളറിൽ എത്തി. പൗണ്ട് 1.328 ഡോളറിലേക്കു താണു. ജാപ്പനീസ് യെൻ ഡോളറിന് 142.34 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.

യുഎസ് കടപ്പത്രവില ഇന്നു കയറി. നിക്ഷേപനേട്ടം 4.356 ശതമാനത്തിലേക്കു താഴ്ന്നു. 

 രൂപ ചൊവ്വാഴ്ച അൽപം താഴ്ന്നു. ഡോളർ എട്ടു പൈസ കൂടി 85.22 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ ഇന്നും ഉയരും എന്നാണു നിഗമനം.

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.31 യുവാൻ എന്ന നിരക്കിലേക്കു താഴ്ന്നു. 

ക്രൂഡ്  ഓയിലിന് കയറ്റം

ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെൻ്റ് ഇനം 68.03 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 64.31 ഡോളറിലേക്കും യുഎഇയുടെ മർബൻ ക്രൂഡ് 68.68 ഡോളറിലേക്കും ഉയർന്നു. 

ക്രിപ്റ്റോകൾ കുതിച്ചു

ക്രിപ്റ്റോ കറൻസികൾ വലിയ കുതിപ്പിലായി. ബിറ്റ്കോയിൻ മാസങ്ങൾക്കു ശേഷം 90,000 ഡോളറിനു മുകളിൽ എത്തി. ഇന്നു രാവിലെ ബിറ്റ് കോയിൻ 92,500 ഡോളറിനടുത്താണ്. ഈഥർ 1750 ഡോളറിലേക്കു കയറി.

വിപണിസൂചനകൾ

(2025 ഏപ്രിൽ 22, ചൊവ്വ)

സെൻസെക്സ്30    79,595.59     +0.24%

നിഫ്റ്റി50       24,167.25         +0.17%

ബാങ്ക് നിഫ്റ്റി      55,647.20      + 0.62%

മിഡ് ക്യാപ്100    54,397.15       +0.78%

സ്മോൾക്യാപ്100  16,896.00    +2.21%

ഡൗജോൺസ്     39,186.98      +2.66%

എസ് ആൻഡ് പി    5287.76     +2.51%

നാസ്ഡാക്      16,300.42     +2.71%

ഡോളർ($)     ₹85.22        +₹0.08

സ്വർണം(ഔൺസ്) $3328.60   -₹96.80

സ്വർണം(പവൻ) ₹74,320       +₹2200.00

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $67.44   +$0.94

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com