വിപണികൾ താഴോട്ട്; ക്രൂഡ് ഓയിൽ ലഭ്യതയിൽ ആശങ്ക; ബ്രെൻ്റ് ഇനം ക്രൂഡ് 102 ഡോളറിനു മുകളിൽ; ഏഷ്യൻ വിപണികൾ കയറിയിട്ട് ഇറങ്ങി

ഗിഫ്റ്റ് നിഫ്റ്റി സൂചിക ഇന്നു രാവിലെ 24,200 വരെ ഇടിഞ്ഞു. നിഫ്റ്റി ഇന്നും ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
morning market news
Published on

ഇറാനും യുഎസും തമ്മിൽ ചർച്ച പുനരാരംഭിക്കുന്നതിൻ്റെ സൂചനകൾ ഇല്ലാത്തത് ഇന്നും വിപണിയെ താഴ്‌ത്താം. ഏഷ്യൻ വിപണികൾ രാവിലെ കുതിച്ചു റെക്കോർഡ് തിരുത്തിയെങ്കിലും പിന്നീടു വലിയ നഷ്‌ടത്തിലായി. ഇന്നലെ ഉയർന്ന അമേരിക്കൻ വിപണിയുടെ ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഹോർമുസ് കപ്പൽച്ചാൽ അടഞ്ഞു കിടക്കുന്നതിനാൽ ക്രൂഡ് ഓയിൽ ലഭ്യത കുറവായത് വിപണിയെ വിഷമിപ്പിക്കുന്നുണ്ട്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില 102 ഡോളറിനു മുകളിൽ കയറിയിട്ട് അൽപം താഴ്ന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,315-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,200 വരെ ഇടിഞ്ഞു. നിഫ്റ്റി ഇന്നും ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യുഎസ് വിപണി കുതിച്ചു

വെടിനിർത്തൽ നീട്ടിയത് യുദ്ധം പ്രായോഗികമായി അവസാനിക്കുന്നതിൻ്റെ സൂചനയായി കണ്ട് യുഎസ് വിപണികൾ ഇന്നലെ ഉയർന്നു. എസ് ആൻഡ് പിയും നാസ്ഡാക് കോംപസിറ്റും റെക്കോർഡ് കുറിച്ചു. പ്രതീക്ഷയിലും മികച്ച റിസൽട്ടുകൾ ഒന്നാം പാദത്തിൽ ഉണ്ടാക്കുന്നതാണ് യുഎസ് വിപണികളെ ഉയർത്തുന്നത്. നഷ്‌ടം പ്രതീക്ഷയിലും കുറവായതിനാൽ ബോയിംഗ് ഓഹരി 5.5 ശതമാനം ഉയർന്നു.

ഡൗ ജോൺസ് സൂചിക ബുധനാഴ്ച 340.65 പോയിൻ്റ് (0.69%) കയറി 49,490.03 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 73.89 പോയിൻ്റ് (1.05%) നേട്ടത്തോടെ 7137.90 ൽ അവസാനിച്ചു. നാസ്ഡാക് 397.60 പോയിൻ്റ് (1.64%) കുതിപ്പോടെ 24,657.57 ൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണ്. ഐബിഎം, സർവീസ് നൗ, ടെസ്‌ല എന്നിവ റിസൽട്ടിനു ശേഷം ഇടിഞ്ഞതാണ് ഒരു കാരണം. ഡൗ ജോൺസ് 274 പോയിൻ്റും (0.55%) എസ് ആൻഡ് പി 27 പോയിൻ്റും (0.37%) നാസ്ഡാക് 70 പോയിൻ്റും (0.26%) താഴ്ന്നു നീങ്ങുന്നു.

ഇന്ത്യൻ എഡിആറുകൾ താഴ്ന്നു

ന്യൂയോർക്കിൽ എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ ബുധനാഴ്ച 1.32 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.69 ശതമാനം കയറി 26.28 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 0.91 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 0.25 ശതമാനം കൂടി താഴ്‌ന്ന് 28.34 ഡോളറിലായി. ഇൻഫോസിസ് എഡിആർ 4.19 ശതമാനം ഇടിഞ്ഞിട്ടു തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 13.48 ഡോളറിൽ തുടർന്നു. വിപ്രോ 0.94 ശതമാനം ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 2.11 ഡോളർ ആയി.

യൂറോപ്പ്, ഏഷ്യ

യൂറോപ്യൻ വിപണികൾ ബുധനാഴ്ചയും താഴ്ന്നു. ജർമനി ഈ വർഷത്തെ ജിഡിപി വളർച്ച പ്രതീക്ഷ ഒന്നിൽ നിന്ന് 0.5 ശതമാനമായി കുറച്ചതാണ് പ്രധാനകാരണം ഇറാൻ യുദ്ധം മൂലമുള്ള വിലക്കയറ്റവും തടസങ്ങളുമാണു ജർമനി ചൂണ്ടിക്കാട്ടിയത്. വിലക്കയറ്റം 2.7 ശതമാനമാകും എന്നും ജർമനി കരുതുന്നു. യുകെയിൽ മാർച്ചിലെ ചില്ലറ വിലക്കയറ്റം 3.3 ശതമാനമായി.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ മുന്നേറി. പക്ഷേ പിന്നീടു നഷ്‌ടത്തിലേക്കു വീണു. ജപ്പാനിലെ നിക്കൈയും ദക്ഷിണ കൊറിയയിലെ കോസ്പിയും ഇന്നു രാവിലെ റെക്കോർഡ് തിരുത്തിയിട്ടാണു 0.40 നഷ്‌ടത്തിലേക്കു വീണത്. ഓസ്ട്രേലിയൻ സൂചിക 0.60 ശതമാനം താഴ്ന്നു. ചൈനീസ് വിപണി 0.12 ശതമാനം ഉയർന്നു. ഹോങ് കോങ് വിപണി 0.80 ശതമാനം താഴ്ചയിലാണ്.

ഇന്ത്യൻ വിപണി താഴ്ചയിൽ

പശ്ചിമേഷ്യൻ സമാധാനപ്രതീക്ഷ നഷ്ടമായത് ബുധനാഴ്ച ഇന്ത്യൻ വിപണിയെ താഴ്‌ത്തി. ഐടി കമ്പനികളുടെ ബിസിനസും ലാഭവളർച്ചയും മോശമാകുമെന്നു ചില ബ്രോക്കറേജുകൾ വിലയിരുത്തിയത് ആ മേഖലയെ വല്ലാതെ ഉലച്ചു. ഒരവസരത്തിൽ നിഫ്റ്റി ഐടി സൂചിക അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. എച്ച്സിഎൽ ടെക് റിസൽട്ട് മോശമായതിനെ തുടർന്ന് ഓഹരി 11 ശതമാനത്തോളം നഷ്ടത്തിലായി. വമ്പൻ ഐടി കമ്പനികളും കനത്ത തിരിച്ചടി നേരിട്ടു.

ധനകാര്യ, ഓട്ടോ, ബാങ്ക് മേഖലകളും ദുർബലമായി. എഫ്എംസിജിയും റിയൽറ്റിയും മീഡിയയും മെറ്റലും ഓയിലും ഉയർന്നു. എഥനോൾ നയം കൂടുതൽ ഉദാരമാക്കും എന്ന റിപ്പോർട്ടുകളെ തുടർന്ന് പഞ്ചസാര മിൽ ഓഹരികൾ മുന്നേറി. വിദേശ നിക്ഷേപകർ ബുധനാഴ്ചയും വിൽപനക്കാരായി. സ്വദേശി ഫണ്ടുകളും വിൽപനയിലേക്കു മാറി. ക്യാഷ് വിപണിയിൽ വിദേശികൾ 2078.36 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശികൾ 1048.17 കോടി രൂപയുടെ വില്പനയും നടത്തി.

സെൻസെക്‌സ് ബുധനാഴ്ച 756.84 പോയിൻ്റ് (0.95%) താഴ്ന്ന് 78,516.49 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 198.50 പോയിൻ്റ് (0.81%) ഇടിവോടെ 24,378.10 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 247.00 പോയിൻ്റ് (0.43%) നഷ്ടത്തോടെ 57,124.45 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 114.90 പോയിൻ്റ് (0.19%) നേട്ടത്തോടെ 60,201.60 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 198.85 പോയിൻ്റ് (1.13%) ഉയർന്ന് 17,840.35 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിൽ ഭൂരിപക്ഷം ഓഹരികൾ കയറ്റത്തിലായിരുന്നു. ബിഎസ്ഇയിൽ 2391 ഓഹരികൾ കയറിയപ്പോൾ 1895 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 1923 എണ്ണം ഉയർന്നപ്പോൾ 1344 എണ്ണം ഇടിഞ്ഞു.

കമ്പനികൾ, വാർത്തകൾ

ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ട്രെൻ്റിൻ്റെ നാലാം പാദ റിസൽട്ട് വിപണിയുടെ പ്രതീക്ഷകൾ മറികടന്നു. ലാഭമാർജിൻ 15.5 ൽ നിന്നു 18.5 ശതമാനമായി. വരുമാനം 19.2 ഉം പ്രവർത്തനലാഭം 42.3 ഉം അറ്റാദായം 32.5ഉം ശതമാനം കുതിച്ചുകയറി. രണ്ട് ഓഹരിക്ക് ഒന്നു വീതം ബോണസ് ഓഹരി നൽകാൻ ബോർഡ് യോഗം തീരുമാനിച്ചു. അവകാൾ ഇഷ്യു നടത്തി 2500 കോടി രൂപയുടെ മൂലധന സമാഹരണത്തിനും ബോർഡ് തീരുമാനമെടുത്തു. റെക്കോർഡ് തീയതികളും മറ്റും പിന്നീടു തീരുമാനിക്കും.

ഓറക്കിൾ ഫിനാൻഷ്യൽ സർവീസസിൻ്റെ നാലാം പാദ ഫലം മൂന്നാം പാദത്തെ അപേക്ഷിച്ചു മികച്ചതായി. വരുമാനം 5.1 ഉം പ്രവർത്തന ലാഭം 29.5 ഉം അറ്റാദായം 38.1 ഉം ശതമാനം വർധിച്ചു. ലാഭമാർജിൻ തലേ പാദത്തിലെ 41.7 ൽ നിന്ന് 51.2 ശതമാനമായി കയറി. എസ്ബിഐ ലൈഫ് ഇൻഷ്വറൻസ് നാലാംപാദത്തിൽ പ്രതീക്ഷയിലധികം പുതിയ ബിസിനസ് പ്രീമിയം നേടി. പുതിയ പ്രീമിയം 20.4 ശതമാനം വർധിച്ചു. എന്നാൽ ലാഭമാർജിൻ 30.5 ൽ നിന്ന് 28.4 ശതമാനമായി കുറഞ്ഞു. വരുമാനം 9.4 ശതമാനവും പ്രവർത്തനലാഭം 14.4 ശതമാനവും വർധിച്ചെങ്കിലും ടാറ്റാ കമ്യൂണിക്കേഷൻസിൻ്റെ നാലാം പാദ അറ്റാദായം 74.7 ശതമാനം ഇടിഞ്ഞു. ലാഭമാർജിൻ 18.73 ൽ നിന്നു 19.59 ശതമാനമായി.

ഇൻഫോസിസ് ടെക്നോളജീസ് നിർമിതബുദ്ധി വിന്യാസത്തിന് ഓപ്പൺ എഐയുമായി സഖ്യം ഉണ്ടാക്കി. ഓപ്പൺ എഐയുടെ കോഡക്സ് അടക്കമുള്ള മോഡലുകൾ ഇൻഫിയുടെ ടോപ്പാസ് ഫാബ്രിക്കിൽ ചേർക്കും. ഇൻഫോസിസ് ഡയറക്ടർ ബോർഡ് ഇന്നു നാലാം പാദ കണക്കുകൾ അംഗീകരിക്കുന്നതോടൊപ്പം സിഇഒ സലിൽ പരീഖ് തുടരുന്ന കാര്യത്തെപ്പറ്റി തീരുമാനം എടുക്കും. എൽ ആൻഡ് ടി ടെക്നോളജി സർവീസസിൻ്റെ നാലാം പാദത്തിൽ വരുമാനവും ലാഭവും വിപണിയുടെ നിഗമനത്തോളം വന്നില്ല. വരുമാനം 8.3 ശതമാനം കൂടി. അറ്റാദായ വർധന 9.7 ശതമാനമാണ്. ലാഭമാർജിൻ 15.2 ശതമാനമായി.

സ്വർണം ചാഞ്ചാടുന്നു

പശ്ചിമേഷ്യൻ കാര്യങ്ങളിലെ അനിശ്ചിതത്വം സ്വർണ വിപണിയെ ചാഞ്ചാട്ടത്തിൽ നിർത്തുകയാണ്. ബുധനാഴ്ച 4693- 4773 ഡോളർ പരിധിയിൽ കയറിയിറങ്ങിയ വില ചെറിയ നേട്ടത്തോടെ ഔൺസിന് 4740.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4735 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ബുധനാഴ്ച 400 രൂപ കുറഞ്ഞ് 1,13,480 രൂപയിൽ എത്തി.

വെള്ളി വില ഔൺസിന് 77.85 ഡോളറിൽ ക്ലോസ് ചെയ്തിട്ട് ഇന്നു രാവിലെ 77.42 ഡോളറിലേക്ക് താണു. പ്ലാറ്റിനം 2063 ഡോളർ, പല്ലാഡിയം 1530 ഡോളർ, റോഡിയം 9750 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ ഭിന്നദിശകളിൽ

യുദ്ധം സംബന്ധിച്ചു തുടരുന്ന അനിശ്ചിതത്വം വ്യാവസായിക ലോഹങ്ങളെ ഭിന്നദിശകളിലാക്കി. ചെമ്പ് 0.03 ശതമാനം താഴ്ന്നു ടണ്ണിന് 13,196.85 ഡോളറിൽ എത്തി. അലൂമിനിയം 1.95 ശതമാനം കുതിച്ച് ടണ്ണിന് 3615.21 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും സിങ്കും ഉയർന്നപ്പോൾ ലെഡും ടിന്നും താഴ്ന്നു.

കൊക്കോ വില ഉയർന്നു

രാജ്യാന്തര വിപണിയിൽ ബുധനാഴ്ച റബർ വില കിലോഗ്രാമിന് 205.30 സെൻ്റിൽ തുടർന്നു. കൃത്രിമ റബർ വില മാറ്റമില്ലാതെ ടണ്ണിന് 16,775.00 യുവാൻ തുടർന്നു. കൊക്കോ വില 2.90 ശതമാനം ഉയർന്നു ടണ്ണിന് 3404.00 ഡോളർ ആയി. തേയിലവില മാറ്റമില്ലാതെ കിലോഗ്രാമിനു 181.94 രൂപയിൽ തുടർന്നു. കാപ്പി 2.34 ശതമാനം ഉയർന്നു പൗണ്ടിന് 289. 26 സെൻ്റിൽ എത്തി. പാം ഓയിൽ വില 1.51 ശതമാനം ഉയർന്നു ടണ്ണിനു 4628 മലേഷ്യൻ റിംഗിറ്റിൽ എത്തി.

പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 0.40 ശതമാനം വരെ ഉയർന്നു. യൂറിയ 0.47 ശതമാനം താഴ്ന്നു ടണ്ണിന് 694.75 ഡോളർ ആയി. ഡൈ അമോണിയം ഫോസ്ഫേറ്റ് ടണ്ണിന് 725.00 ഡോളറിൽ തുടരുന്നു.

ഡോളർ സൂചിക കയറുന്നു

യുഎസ് ഡോളർ സൂചിക ബുധനാഴ്ച ഉയർന്ന് 98.59 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.62 ലേക്കു കയറി. യൂറോ 1.1708 ഡോളറിലേക്കും പൗണ്ട് 1.3498 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 159.40 യെൻ എന്ന നിലയിലാണ്. ചൈനീസ് യുവാൻ ഡോളറിന് 6.82 യുവാൻ എന്ന നിരക്കിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 4.313 ശതമാനമായി ഉയർന്നു.

രൂപ വീണ്ടും താഴ്ന്നു

ഡോളറുമായുള്ള വിനിമയത്തിൽ രൂപ ബുധനാഴ്ചയും ദുർബലമായി. ഉയർന്നു വ്യാപാരം തുടങ്ങിയ ഡോളർ 30 പൈസ നേട്ടത്തോടെ 93.80 രൂപയിൽ ക്ലോസ് ചെയ്തു. രൂപ- ഡോളർ ഫോർവേഡ് വ്യാപാരത്തിലെ കർശന നിബന്ധനകൾ നീക്കിയ റിസർവ് ബാങ്കിൻ്റെ പ്രതീക്ഷയ്ക്കു വിപരീതമായാണു വിപണി നീങ്ങിയത്. ഡോളർ 94.15 രൂപയിലേക്കു കയറും എന്നു പലരും കരുതുന്നു.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 93.89 രൂപയിലേക്കു കയറി. ചൈനീസ് യുവാൻ 13.75 രൂപയിലും യൂറോ 109.84 രൂപയിലും എത്തി.

ക്രൂഡ് ഓയിൽ കയറുന്നു

ഹോർമുസിലെ കപ്പൽ ഗതാഗത പ്രതിസന്ധി വീണ്ടും രൂക്ഷമായത് ക്രൂഡ് ഓയിൽ വിലയെ ഉയർത്തി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ മൂന്നര ശതമാനം ഉയർന്ന് 101.91 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.25 ലേക്കു കയറി. ഡബ്ള്യുടിഐ ഇനം ക്രൂഡ് 93.39 ഡോളറിൽ എത്തി.

ക്രിപ്റ്റോകൾ കയറി

യുദ്ധഗതി സംബന്ധിച്ച ആശങ്ക തുടർന്നെങ്കിലും ക്രിപ്റ്റോ കറൻസികൾ ഉയർന്നു. ബിറ്റ്കോയിൻ 78,400 ഡോളറിനു മുകളിൽ എത്തി. ഈഥർ 2375 ഡോളറിനും സൊലാന 87 ഡോളറിനും മുകളിൽ നിൽക്കുന്നു.

വിപണി സൂചനകൾ

(2026 ഏപ്രിൽ 22, ബുധൻ)

  • സെൻസെക്സ് 78,516.49 -0.95%

  • നിഫ്റ്റി-50 24,378.10 -0.81%

  • ബാങ്ക് നിഫ്റ്റി 57,124.45 -0.43%

  • മിഡ്ക്യാപ്-100 60,201.60 +0.19%

  • സ്മോൾക്യാപ്-100 17,840.35 +1.13%

  • ഡൗജോൺസ് 49,490.03 +0.69%

  • എസ്ആൻഡ്പി 7137.90 +1.05%

  • നാസ്ഡാക് 24,657. 57 +1.64%

  • ഡോളർ ₹93.80 +₹0.30

  • സ്വർണം (ഔൺസ്) $4740.90 +19.80

  • സ്വർണം (പവൻ) ₹1,13,480 -₹400

  • ബ്രെൻ്റ് ക്രൂഡ് ഓയിൽ $101.91 +$03.43

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com