

കോടതിവിധിക്കു ശേഷം അമേരിക്കൻ വ്യാപാര തീരുവ വിഷയം കൂടുതൽ അനിശ്ചിതത്വത്തിലായി. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇനി എന്തു തീരുമാനിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ട്രംപ് മുമ്പു പ്രഖ്യാപിച്ചതും കരാറാക്കിയതും ധാരണ ഉണ്ടാക്കിയതും എല്ലാം അപ്രസക്തമായി. ഇപ്പോൾ ഉള്ളത് 15 ശതമാനം ചുങ്കം. പണ്ട് (2025 ആദ്യം) ഉണ്ടായിരുന്ന നിരക്കുകൾക്ക് പുറമേ ആണിത്. പൂജ്യം മുതൽ ഒൻപതു വരെ ശതമാനമായിരുന്നു പഴയ നിരക്കുകൾ. ഇപ്പോഴത്തെ 15 ശതമാനം 150 ദിവസത്തേക്കാണ്. അതിനു ശേഷം നീട്ടണമെങ്കിൽ യുഎസ് കോൺഗ്രസ് പാസാക്കണം. ഈ 15 ശതമാനത്തിനു പകരം സ്ഥിരം നിരക്ക് നിശ്ചയിക്കാൻ ഓരോ രാജ്യത്തിനുമെതിരേ തെളിവെടുപ്പു നടത്തുമെന്നു ട്രംപ് പറഞ്ഞിട്ടുണ്ട്.
ഇന്ത്യയുമായുള്ള ധാരണ കരാർ ആക്കാൻ ഇന്നു തുടങ്ങുമെന്നു പ്രഖ്യാപിച്ച ചർച്ച അനിശ്ചിതകാലത്തേക്കു നീട്ടിവച്ചു. 18 ശതമാനത്തിൽ വാശിപിടിക്കുമെന്ന സൂചനയാണു ട്രംപ് ശനിയാഴ്ച നൽകിയത്. യുഎസ് സാധനങ്ങൾക്ക് ഇന്ത്യ ചുങ്കം ഈടാക്കിലെന്നും ട്രംപ് അവകാശപ്പെട്ടു.
ഇതിനിടെ ഇറാനെതിരെ പരിമിത ആക്രമണം ഉടൻ എന്ന രീതിയിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ആണവ കാര്യത്തിൽ ചർച്ച തുടരാൻ ഇറാൻ പുതിയ നിർദേശം ഇന്നോ നാളെയോ സമർപ്പിച്ചാൽ അത് ഒഴിവാകും. വെള്ളിയാഴ്ച ജനീവയിൽ ചർച്ച നടക്കും. ഏതായാലും ക്രൂഡ് ഓയിൽ വില താഴ്‌ന്നു. ആക്രമണ സാധ്യത കുറഞ്ഞു എന്നാണ് ഇതിലെ സൂചന.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 400 പോയിൻ്റ് കയറി 25,886.00 ൽ എത്തി. വ്യാപാരവ്യാപ്തം റെക്കോർഡ് കുറിച്ചു. യുഎസ് തീരുവക്കാര്യത്തിലെ കോടതിവിധിയെ തുടർന്നാണിത്. തുടർനടപടികൾ അറിഞ്ഞ ശേഷം ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 25,675 ലേക്കു താഴ്ന്നിട്ട് 25,775 വരെ കയറി. വീണ്ടും താഴ്ന്നു. വിപണി ഇന്ന് 150 ലേറെ പോയിൻ്റ് ഉയർന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ഇൻഫോസിസ് വെള്ളിയാഴ്ച 0.69 ശതമാനം ഉയർന്നു. തുടർവ്യാപാരത്തിൽ 0.25 ശതമാനം കയറി. വിപ്രോ 0.89 ശതമാനം ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 1.77 ശതമാനം നേട്ടം ഉണ്ടാക്കി.
അമേരിക്കൻ വിപണി വെള്ളിയാഴ്ച വലിയ ചാഞ്ചാട്ടത്തിനു ശേഷം മികച്ച നേട്ടത്തിൽ അവസാനിച്ചു. ട്രംപിൻ്റെ പകരം തീരുവ റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിനു ശേഷമാണു വിപണി നല്ല നേട്ടത്തിലേക്കു കയറിയത്. രാവിലെ നാലാം പാദ ജിഡിപി വളർച്ച പതീക്ഷയിലും താഴെയായത് വിപണിയെ വല്ലാതെ ഉലച്ചു. രണ്ടര ശതമാനം വളർച്ച പ്രതീക്ഷിച്ച സ്ഥാനത്ത് ഉണ്ടായത് 1.4 ശതമാനം വളർച്ച. മൂന്നാം പാദത്തിൽ വളർച്ച 4 .4 ശതമാനം ഉണ്ടായിരുന്നു. സർക്കാർ ഒരു മാസത്തിലേറെ സ്തംഭിച്ചതാണ് വളർച്ച കുറയാൻ കാരണം. പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) എന്ന ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും കൂടുതലായതും വിപണിയെ താഴ്‌ത്തി. ഇന്ധന, ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള പിസിഇ മുന്നു ശതമാനം ആയി.
ഡൗ ജോൺസ് 500ലേറെ പോയിൻ്റ് ചാഞ്ചാടിയ ശേഷം 230.81 പോയിൻ്റ് (0.47%) ഉയർന്ന് 49,625.97ലും എസ് ആൻഡ് പി 47.62 പോയിൻ്റ് (0.69%) കയറി 6909.51ലും നാസ്ഡാക് കോംപസിറ്റ് 203.34 പോയിൻ്റ് (0.90%) നേട്ടത്തോടെ 22,886.07 ലും ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് വലിയ നഷ്ടത്തിലാണ്. ഡൗ ജോൺസ് 0.50 ഉം എസ് ആൻഡ് പി 0.60 ഉം നാസ്ഡാക് 0.77 ഉം ശതമാനം താഴ്‌ന്നു നീങ്ങുന്നു.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച മികച്ച നേട്ടത്തിൽ അവസാനിച്ചു. പകരം തീരുവ റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിയാണു പ്രേരകം.
ചൈനയിലും ജപ്പാനിലും ഇന്നു വിപണി അവധിയാണ്. മറ്റു വിപണികൾ ഇന്നു ഭിന്നദിശകളിലായി. ഓസ്ട്രേലിയൻ വിപണി 0.60 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ വിപണി ഒന്നര ശതമാനം കുതിച്ച് റെക്കോർഡ് തിരുത്തി. എല്ലാ രാജ്യങ്ങൾക്കും അമേരിക്ക 15 ശതമാനം തീരുവ ആക്കുന്നതു തങ്ങൾക്കു സഹായകരമാകും എന്ന ധാരണയിലാണു കൊറിയൻ വിപണി. ഹോങ് കോങ് വിപണി രണ്ടു ശതമാനത്തിലധികം കുതിച്ചു.
ഇറാനിൽ അമേരിക്കൻ ആക്രമണം ഉടനില്ല എന്ന പ്രതീക്ഷയും യുഎസ്- ഇന്ത്യ വ്യാപാര ചർച്ച തിങ്കളാഴ്ച തുടങ്ങും എന്നതും വെള്ളിയാഴ്ച ഇന്ത്യൻ വിപണിയെ ഉയർത്തി. എന്നാൽ ഐടി കമ്പനികൾ വീണ്ടും താഴ്ചയിലായി. ബാങ്ക്, മെറ്റൽ ഓഹരികളിലെ ഉണർവ് മുഖ്യസൂചികകളെ മിതമായ നേട്ടത്തിൽ ക്ലോസ് ചെയ്യിച്ചു. എന്നാൽ വിശാലവിപണി നഷ്‌ടത്തിലായിരുന്നു.
രാവിലെ ദുർബല നിലയിൽ വ്യാപാരം തുടങ്ങിയ വിപണി ഉച്ചയ്ക്കു മുൻപ് നല്ല നേട്ടത്തിൽ എത്തി. സെൻസെക്സ് 83,132 ഉം നിഫ്റ്റി 25,663 ഉം വരെ ഉയർന്നു നിന്ന ശേഷം ഗണ്യമായി താഴ്‌ന്നിട്ടാണു ക്ലോസ് ചെയ്തത്. മിഡ് ക്യാപ് സൂചിക അര ശതമാനത്തോളം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക നഷ്ടത്തിൽ അവസാനിച്ചു.
ഐടി സൂചിക തുടർച്ചയായ മൂന്നാമത്തെ ആഴ്ചയാണ് ഇടിഞ്ഞത്. മൂന്നാഴ്ച കൊണ്ടു നഷ്‌ടം 17 ശതമാനം. ഡിസംബറിലെ ഉയർന്ന നിലയിൽ നിന്ന് ഐടി സൂചിക 30 ശതമാനത്തിലധികം ഇടിവിലാണ്.
സെൻസെക്സ് 316.51 പോയിൻ്റ് (0.38%) ഉയർന്ന് 82,814.71 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 116.90 പോയിൻ്റ് (0.46%) നേട്ടത്തോടെ 25,571.25 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 432.45 പോയിൻ്റ് (0.71%) കയറി 61,172.00 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 286.30 പോയിൻ്റ് (0.48%) ഉയർന്ന് 59,573.95 ലും സ്മോൾ ക്യാപ് 100 സൂചിക 18.20 പോയിൻ്റ് (0.11%) താഴ്‌ന്ന് 17,002.15 ലും വ്യാപാരം അവസാനിപ്പിച്ചു.
വിപണിയിൽ കയറ്റ -ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1882 ഓഹരികൾ കയറിയപ്പോൾ 2303 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ 1514 എണ്ണം ഉയർന്നു, 1615 എണ്ണം ഇടിഞ്ഞു.
എൻഎസ്ഇയിൽ 47 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 157 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. ആറെണ്ണം അപ്പർ സർകീട്ടിലും ഒരെണ്ണം ലോവർ സർകീട്ടിലും എത്തി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച അറ്റവിൽപനക്കാരായി. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 934.61 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2637.15 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
നിഫ്റ്റി 26,000 ലേക്കു വഴി തുറക്കുന്നു എന്നു കാണിച്ചു കൊണ്ടാണു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. പിന്നീട് തീരുവ റദ്ദാക്കിയ കോടതി ഉത്തരവ് ആവേശം വർധിപ്പിച്ചു. പക്ഷേ പിന്നീടു ട്രംപ് പുതിയ തീരുവ ചുമത്തിയതോടെ ആവേശം മാറി. ഇന്നു നിഫ്റ്റി വ്യാഴാഴ്ചത്തെ ക്ലോസിംഗ് നിലയായ 25,400 നു താഴേക്ക് പോയാൽ 25,200-25,100 മേഖലയിലാകും എത്തുക.25,400 നു മുകളിൽ നിന്നാൽ വരും ദിവസങ്ങളിൽ 25,500 -25,600 മേഖലയിലേക്കു കയറ്റം തുടരും. 25,425 ഉം 25,360 ഉം ഇന്നു നിഫ്റ്റിക്കു പിന്തുണയാകാം. 25,650 ലും 25, 720 ലും തടസം ഉണ്ടാകാം.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൻ്റെ ചണ്ഡിഗഡ് ബാങ്കിൽ ഹരിയാന സർക്കാരിൻ്റെ അക്കൗണ്ടിൽ നിന്ന് 590 കോടി രൂപയുടെ വെട്ടിപ്പ് നടന്നത് ഇന്നു ബാങ്ക് ഓഹരിയെ ബാധിക്കും. ബാങ്കിലെ നാലു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. അക്കൗണ്ട് ക്ലോസ് ചെയ്തു മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ ഗവണ്മെൻ്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണു വെട്ടിപ്പ് കണ്ടുപിടിച്ചത്. ആഗോള അക്കൗണ്ടിംഗ് സ്ഥാപനമായ കെപിഎംജിയെ വിശദമായ അന്വേഷണത്തിനു ചുമതലപ്പെടുത്തി. ബാങ്കിൻ്റെ കഴിഞ്ഞ പാദത്തിലെ അറ്റാദായത്തേക്കാൾ കൂടിയ തുകയാണു തിരിമറിയിൽ നഷ്ടമായത്. ഈ വർഷം പ്രതീക്ഷിച്ചിരുന്ന ലാഭത്തിൻ്റെ 20 ശതമാനവും ബാങ്കിൻ്റെ അറ്റ മൂല്യത്തിൻ്റെ 1.2 ശതമാനവും വരും ഇത്. ബാങ്ക് മാനേജ്മെൻ്റ് രാവിലെ ഓഹരി അനാലിസ്റ്റുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും.
എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെൻ്റ് കമ്പനി ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിലെ ഓഹരി പങ്കാളിത്തം ഏഴു ശതമാനത്തിനു മുകളിലേക്ക് ഉയർത്തി.
കഴിഞ്ഞ മൂന്നു മാസം കൊണ്ട് എൽഐസി, രണ്ടു ശതമാനത്തിലധികം ഓഹരി വാങ്ങി ഔഷധ കമ്പനിയായ സിപ്ലയിലെ പങ്കാളിത്തം 9.1 ശതമാനമായി ഉയർത്തി.
യുപിഎൽ (പഴയ യുനൈറ്റഡ് ഫോസ്ഫറസ്) കമ്പനിഘടന അഴിച്ചുപണിയുന്നു. യുപിഎൽ എന്നും യുപിഎൽ ഗ്ലോബൽ അഗ്രി സൊലൂഷൻസ് എന്നും രണ്ടു കമ്പനികൾ ലിസ്റ്റ് ചെയ്യും. യുപിഎലിൽ 33.1 ഉം യുപിഎൽ ഗ്ലോബലിൽ 71.6 ഉം ശതമാനം ഓഹരി പ്രൊമോട്ടർമാർ വഹിക്കും. അഗ്രി സൊലൂഷൻസ് ബിസിനസ് യുപിഎലിലും ക്രോപ് പ്രൊട്ടക്ഷൻ ബിസിനസ് യുപിഎൽ ഗ്ലോബലിലും ആയിരിക്കും.
യുദ്ധഭീതിയും തീരുവയിലെ അനിശ്ചിതത്വവും മൂലം സ്വർണം, വെള്ളി വിലകൾ വെള്ളിയാഴ്ച കുതിച്ചു കയറി. സ്വർണം 2.22 ഉം വെള്ളി 7.77 ഉം ശതമാനം കയറ്റത്തോടെയാണു വാരാന്ത്യത്തിലേക്കു നീങ്ങിയത്. ഇന്നു രാവിലെ വീണ്ടും കയറിയെങ്കിലും പിന്നീടു ചാഞ്ചാട്ടമായി.
സ്വർണം ഔൺസിന് 5108.70 ഡോളർ വരെ കയറിയ ശേഷം വെള്ളിയാഴ്ച 5107.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില ഒന്നര ശതമാനം ഉയർന്ന് 5171.80 ഡോളർ വരെ എത്തിയിട്ട് 5158 ലേക്കു താഴ്ന്നു നിൽക്കുന്നു.
വെള്ളി വെള്ളിയാഴ്ച ഔൺസിന് 84.85 ഡോളർ വരെ കയറിയിട്ട് 84.77 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 87.34 ഡോളർ വരെ കുതിച്ചിട്ട് അൽപം താഴ്ന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം വെള്ളിയാഴ്ച പവന് 80 രൂപ കൂടി 1,15,400 രൂപയിൽ എത്തി. ശനിയാഴ്ച 1400 രൂപ വർധിച്ച് 1,16,800 രൂപ ആയി. ഇന്നും വില ഉയരും.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളിയാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,57,399 രൂപ വരെ കയറിയിട്ട് 1,56,993 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,54,773 രൂപ വരെ കയറിയ ശേഷം 2,52,042 രൂപയിൽ അവസാനിച്ചു.
പ്ലാറ്റിനം 2185 ഉം പല്ലാഡിയം 1745 ഉം റോഡിയം 10,800 ഉം ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഭിന്നദിശകളിലായിരുന്നു. ചെമ്പ് 0.98 ശതമാനം കയറി ടണ്ണിനു 12,749.85 ഡോളറിൽ എത്തി. അലൂമിനിയം 0.87 ശതമാനം നേട്ടത്തോടെ ടണ്ണിന് 3102.65 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും സിങ്കും കയറി, ടിന്നും ലെഡും താഴ്‌ന്നു.
റബർ രാജ്യാന്തര വിപണിയിൽ 0.10 ശതമാനം ഉയർന്ന് കിലോഗ്രാമിന് 192.70 സെൻ്റിൽ എത്തി.
ആഴ്ചകളായി ഇടിഞ്ഞു കൊണ്ടിരുന്ന കൊക്കോ വില വെള്ളിയാഴ്ച 3.92 ശതമാനം കയറി ടണ്ണിനു 3178 ഡോളറിൽ എത്തി. ഒരു മാസം കൊണ്ട് 28.55 ശതമാനം ഇടിഞ്ഞ കൊക്കോ ഒരു വർഷം കൊണ്ട് 65 ശതമാനം നഷ്ടത്തിലായി.
ഘാനയിലും ഐവറി കോസ്റ്റിലും ഗോഡൗണുകളിൽ കൊക്കോ സ്റ്റോക്ക് റെക്കോർഡ് നിലയിലാണ്. പടിഞ്ഞാറൻ ആഫ്രിക്കയിൽ കാലാവസ്ഥ അനുകൂലമായത് ഉൽപാദനം ഉയർന്ന നിലയിൽ തുടരാൻ സഹായിക്കുന്നു. ലാറ്റിൻ അമേരിക്കയിലും ഉൽപാദനം വർധിച്ചിട്ടുണ്ട്.
തേയില 1.37 ശതമാനം ഉയർന്നു. കാപ്പി 0.11 ശതമാനം കയറി. പാം ഓയിൽ വില 2.79 ശതമാനം കൂടി ടണ്ണിനു 4123 മലേഷ്യൻ റിംഗിറ്റിൽ എത്തി.
ഡോളർ സൂചിക വെള്ളിയാഴ്ച 97.80 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.36 വരെ താഴ്ന്നു.
യൂറോ 1.1825 ഡോളറിലേക്കും പൗണ്ട് 1.3518 ഡോളറിലേക്കും ഉയർന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 154.20 യെൻ എന്ന നിലയിലേക്കു കയറി. ചൈനീസ് യുവാൻ ഡോളറിന് 6.91 യുവാൻ എന്ന നിരക്കിൽ തുടർന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.086 ശതമാനമായി ഉയർന്നു.
വെള്ളിയാഴ്ച രൂപയുടെ വിനിമയ നിരക്ക് 35 ശതമാനം താഴ്ന്നു. ഡോളർ 31 പൈസ കൂടി 90.98 രൂപയിൽ ക്ലോസ് ചെയ്തു. തീരുവ വിഷയത്തിലെ ചാഞ്ചാട്ടങ്ങൾ ഇന്നു രൂപയ്ക്കു ബലമായേക്കും. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇടിഞ്ഞു. ഡോളർ ഇന്നു രാവിലെ 90.77 രൂപയിലാണ്. ചൈനീസ് യുവാൻ 13.13 രൂപയിലേക്കു താഴ്ന്നു. ഇന്ന് ഇന്ത്യയിലെ വ്യാപാരത്തിൽ ഇതിൻ്റെ സ്വാധീനം പ്രകടമാകും എന്നാണു പ്രതീക്ഷ.
ഇറാനിൽ പരിമിതമായ യുഎസ് ആക്രമണം ഉണ്ടാകാം എന്നതിലേക്കു യുദ്ധഭീതി കുറഞ്ഞിട്ടുണ്ട്. ഇറാൻ ഇന്നോ നാളെയോ പുതിയ നിർദേശങ്ങൾ നൽകിയാൽ വെള്ളിയാഴ്ച ചർച്ച പുനരാരംഭിക്കാം എന്നാണു യുഎസ് നിലപാട്. നിർദേശങ്ങൾ സമർപ്പിച്ചില്ലെങ്കിൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ പരിമിത ആക്രമണം എന്നാണു ട്രംപിൻ്റെ മുന്നറിയിപ്പ്. അതിനാൽ ക്രൂഡ് ഓയിൽ വില ഇന്നു താഴുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വെള്ളിയാഴ്ച ബാരലിന് 71.76 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 70.90 ഡോളർ വരെ താഴ്‌ന്നു. ഡബ്ള്യുടിഐ ഇനം 65.66 ഉം യുഎഇയുടെ മർബൻ 72.06 ഉം ഡോളറിലാണ്. പ്രകൃതിവാതകവില കയറി 3.181 ഡോളറിലേക്കു കയറി.
ക്രിപ്റ്റോ കറൻസികൾ വാരാന്ത്യത്തിൽ കയറിയിട്ടു വീണ്ടും ഇടിഞ്ഞു. ബിറ്റ്കോയിൻ ഇന്നു രാവിലെ 64,500 ഡോളറിനു താഴെ എത്തി. ഈഥർ 1860 ഡോളറിനും സൊലാന 78 ഡോളറിനും താഴെ നിൽക്കുന്നു.
(2026 ഫെബ്രുവരി 20, വെള്ളി)
സെൻസെക്സ് 82,814.71 +0.38%
നിഫ്റ്റി50 25,571.25 +0.46%
ബാങ്ക് നിഫ്റ്റി 61,172.00 +0.71%
മിഡ്ക്യാപ്100 59,573.95 +0.48%
സ്മോൾക്യാപ്100 17,002.15 -0.11%
ഡൗ ജോൺസ് 49,625.97 +0.47%
എസ് ആൻഡ് പി 6909.51 +0.69%
നാസ്ഡാക് 22,886.07 +0.90%
ഡോളർ ₹90.98 +₹0.31
സ്വർണം(ഔൺസ്) $5107.90 +$110.70
സ്വർണം (പവൻ) ₹1,15,400 +₹80
ശനി ₹1,16,800 +₹1400
ക്രൂഡ്ഓയിൽബ്രെൻ്റ് $71.76 -$0.24
Read DhanamOnline in English
Subscribe to Dhanam Magazine