പശ്ചിമേഷ്യയിൽ വെടിനിർത്തലിന് സമ്മർദ്ദം; ആശങ്കകൾ അകലുന്നു; ഏഷ്യൻ വിപണികളിൽ ചെറിയ താഴ്ച മാത്രം; സ്വർണം താഴോട്ട്

ഡോളറിന് കയറ്റം; ക്രൂഡ് വില കയറിയിറങ്ങി; ക്രിപ്‌റ്റോകള്‍ ഇടിഞ്ഞു
Morning business news
Morning business newsCamva
Published on

പശ്ചിമേഷ്യൻ യുദ്ധത്തിൽ വെടി നിർത്തൽ സാധ്യത തെളിയുന്നു. ഇറാൻ്റെ പ്രത്യാക്രമണം ദുർബലമായി. റഷ്യയും ചൈനയും നിരുപാധിക വെടിനിർത്തലിന് സമ്മർദം ചെലുത്തുന്നു. ഇന്നു രാവിലെ വിപണികൾ താഴ്ന്നു വ്യാപാരം തുടങ്ങിയാലും പിന്നീടു കയറാനുള്ള പശ്ചാത്തലം ഇങ്ങനെ ഒരുങ്ങുന്നുണ്ട്. ഏഷ്യൻ വിപണികൾ തുടക്കത്തിൽ ചെറുതായേ താഴ്ന്നുള്ളു എന്നതും ആശ്വാസകരമാണ്.

ഇസ്രയേൽ- ഇറാൻ യുദ്ധത്തിലേക്ക് അമേരിക്ക വലിയ ബോംബിംഗുമായി പ്രവേശിച്ചു. അതിൻ്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും എന്ന പ്രവചനങ്ങൾ അസാധുവാക്കുന്ന പ്രതികരണമാണ് ഉണ്ടായത്. അതുകൊണ്ടു തന്നെ വിപണികൾ ചെറിയ താഴ്ചയിൽ നിൽക്കും എന്ന സൂചനയാണുള്ളത്. ക്രൂഡ് ഓയിൽ, സ്വർണ വിപണികളും കറൻസി വിനിമയ വിപണിയും ചെറിയ കയറ്റിറക്കങ്ങളിൽ നിന്നു. ഇന്നലെ (ഞായർ) പശ്ചിമേഷ്യൻ ഓഹരിവിപണികൾ ഉയർന്നാണു ക്ലോസ് ചെയ്തത്.

ഇറാന് സഖ്യരാജ്യങ്ങളും മിത്രരാജ്യങ്ങളും കാര്യമായ സഹായം നൽകിയില്ല. യുഎൻ രക്ഷാസമിതി യോഗം ചേരണമെന്ന് ആവശ്യപ്പെടുക മാത്രമാണ് അടുത്ത മിത്രങ്ങളായ റഷ്യയും ചൈനയും ചെയ്തത്. സമിതി ചേർന്നപ്പോൾ അവരും പാക്കിസ്ഥാനും കൂടി ആവശ്യപ്പെട്ടതാകട്ടെ ഉടനടി നിരുപാധികം വെടിനിർത്താൻ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്ന പ്രമേയം പാസാക്കണം എന്നും. ഇറാനും ഇറാൻ്റെ അനുകൂലികളും പ്രതീക്ഷിച്ച ഒരു കാര്യവും റഷ്യയോ ചൈനയോ ചെയ്തില്ല. അമേരിക്കയുമായി ഇറാൻ ആണവ കാര്യത്തിൽ ചർച്ച നടത്തണം എന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.

ഇറാന് പുതിയ സഹായം കിട്ടില്ലെന്നും യുദ്ധം വ്യാപിപ്പിക്കാനുളള ഇറാൻ്റെ ശേഷി പരിമിതമാണെന്നും വ്യക്തമായി. ഹോർമുസ് കടലിടുക്ക് അടച്ച് എണ്ണടാങ്കറുകൾ തടയും എന്ന് ഇറാൻ പാർലമെൻ്റ് പ്രമേയം പാസാക്കിയെങ്കിലും അതു നടപ്പാക്കാൻ യാതൊരു നീക്കവും ഇന്നു രാവിലെ വരെ കണ്ടില്ല.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,129 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,940 ലേക്കു വീണു. പിന്നീട് 24,995 വരെ കയറി. വിപണി ഇന്ന്  താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഉയർന്നെങ്കിലും ആഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. മിക്ക ന്നൂചികകളും ഒരു ശതമാനത്തിലധികം താഴ്ന്നു.

വെള്ളിയാഴ്ച യുഎസ് വിപണി ഭിന്ന ദിശകളിലാണു നീങ്ങിയത്. എസ് ആൻഡ് പി തുടർച്ചയായ മൂന്നാം ദിവസവും താഴ്ന്നു. ആഴ്ചയിലെ നഷ്ടം 0.15 ശതമാനമാണ്. നാസ്ഡാകും നഷ്ടം കുറിച്ചു. ഡൗ ജോൺസ് സൂചിക മാത്രം ഉയർന്നു.

ഡൗ ജോൺസ് 35.16 പോയിൻ്റ് (0.08%) ഉയർന്ന് 42,206.82 ൽ ക്ലാേസ് ചെയ്തു.എസ് ആൻഡ് പി 13.03 പോയിൻ്റ് (0.22%) നഷ്ടത്തിൽ 5967.84 ൽ അവസാനിച്ചു. നാസ്ഡാക് 98.86 പോയിൻ്റ് (0.51%) താഴ്ന്ന് 19,447.41 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.43 ഉം എസ് ആൻഡ് പി 0.44 ഉം  നാസ്ഡാക് 0.57 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു. 

ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ 0.58 ശതമാനം താഴ്ന്നു ദക്ഷിണ കൊറിയൻ സൂചിക ഒരു ശതമാനം ഇടിഞ്ഞു. ഹോങ് കോങ് വിപണിയും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.

ഇന്ത്യൻ വിപണി കുതിച്ചു

പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ നടക്കും എന്ന പ്രതീക്ഷ വെള്ളിയാഴ്ച ഇന്ത്യൻ വിപണിയെ നല്ല കയറ്റത്തിലേക്കു നയിച്ചു. തുടക്കം മുതൽ നേട്ടത്തിലായിരുന്ന വിപണി ഒടുവിൽ ഏറ്റവും ഉയർന്ന നിലയ്ക്കു സമീപം ക്ലോസ് ചെയ്തു.

നിഫ്റ്റി 319.15 പോയിൻ്റ് (1.29%) കുതിച്ച് 25,112.40 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1046.30 പോയിൻ്റ് (1.29%) ഉയർന്ന് 82,408.17 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 675.40 പോയിൻ്റ് (1.22%) കയറി 56,252.85 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 835.55 പോയിൻ്റ് (1.46 ശതമാനം) നേട്ടത്തോടെ 57,995.50 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 181.10 പോയിൻ്റ് (1.01 ശതമാനം) കയറി 18,194.20 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി മാറി. ബിഎസ്ഇയിൽ 2411 ഓഹരികൾ ഉയർന്നപ്പോൾ 1545 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ  ഉയർന്നത് 1909 എണ്ണം. താഴ്ന്നത് 961 ഓഹരികൾ.

എൻഎസ്ഇയിൽ 28 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 38 എണ്ണമാണ്. 67 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 70 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 7704 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 3657.70 കോടി രൂപയുടെ ഓഹരികൾ വിറ്റു. കഴിഞ്ഞയാഴ്ച 1209 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽ വിദേശികൾ നിക്ഷേപിച്ചത്. എന്നാൽ ജൂണിൽ ഇതുവരെ വിദേശികളുടെ വിൽപന 4192 കോടി രൂപ വരും.

യുദ്ധവും അനുബന്ധ കാര്യങ്ങളും തന്നെയാണു വിപണിഗതിയെ ഈയാഴ്ച നിയന്ത്രിക്കുക. 24,700 പിന്തുണ നിലവാരമായി തുടരുന്നു. ഇതിനു താഴെ പോയാൽ പതനം വലുതാകും. ഇന്നു  നിഫ്റ്റിക്ക് 24,875 ഉം 24,655 ഉം പിന്തുണയാകും. 25,150 ലും 25,230 ലും തടസം ഉണ്ടാകാം.

സ്വർണം താഴ്ന്നു

ഇറാനിലെ സാഹചര്യവും അവരുടെ നീക്കങ്ങളും കാത്തു കഴിയുകയാണ് സ്വർണവിപണി. പ്രതീക്ഷിച്ചതു പോലുള്ള പ്രതികരണം ഉണ്ടാകാത്തതിനാൽ സ്വർണം താഴ്ന്നു. ഔൺസിന് 3370 ഡോളറിനടുത്തു കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്ത സ്വർണം ഇന്നു 3350 ഡോളറിലേക്കു താഴ്ന്നു. പിന്നീട് അൽപം കയറി.

കേരളത്തിൽ ശനിയാഴ്ച സ്വർണം പവന് 200 രൂപ വർധിച്ച് 73,880 രൂപയായി. ഇന്നു വില കുറയും.

വെള്ളിവില ഔൺസിന് 36.12 ഡോളറിലേക്കു താഴ്ന്നു.

വെള്ളിയാഴ്ചയും വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലായി.  ചെമ്പ് 2.38 ശതമാനം കുതിച്ച് ടണ്ണിന് 9942.50 ഡോളറിൽ എത്തി. അലൂമിനിയം 0.90 ശതമാനം കയറി 2545.68 ഡോളർ ആയി. നിക്കലും ലെഡും താഴ്ന്നപ്പോൾ സിങ്കും ടിന്നും താഴ്ന്നു.

  റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 1.53 ശതമാനം താഴ്ന്ന് 161.30 സെൻ്റ് ആയി. കൊക്കോ 10.19 ശതമാനം ഇടിഞ്ഞ് ടണ്ണിന് 8637.47 ഡോളറിൽ എത്തി. കാപ്പി 0.4 ശതമാനം ഉയർന്നു. തേയില 4.47 ശതമാനം കയറി. പാം ഓയിൽ വില 0.32 ശതമാനം കയറി.

ഡോളർ ഉയർന്നു

 

ഇറാനിലെ ആക്രമണത്തെ തുടർന്നു യുഎസ് ഡോളർ ഉയർന്നു. വെള്ളിയാഴ്ച 98.71 ൽ ക്ലോസ് ചെയ്ത ഡോളർ സൂചിക ഇന്നു രാവിലെ 99.11 വരെ കയറി.  

കറൻസി വിപണിയിൽ ഡോളർ ദുർബലമായി. യൂറോ 1.1 48 ഡോളറിലും പൗണ്ട് 1.342 ഡോളറിലും ആയി. ജാപ്പനീസ് യെൻ ഡോളറിന് 146.70 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു. 

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.405 ശതമാനത്തിലേക്ക് ഉയർന്നു.

വെള്ളിയാഴ്ച രൂപ നേട്ടത്തിലായി. ഡോളർ 13 പൈസ താഴ്ന്ന്  86.59 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.19 യുവാൻ എന്ന നിലയിൽ തുടർന്നു.

ക്രൂഡ് ഓയിൽ കയറിയിറങ്ങി

പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക്  അമേരിക്കയും ചേർന്നെങ്കിലും ക്രൂഡ് ഓയിൽ വില ആശങ്കപ്പെട്ടതു പോലെ കുതിച്ചു കയറിയില്ല. ഹോർമുസ് കടൽപ്പാത അടയ്ക്കും എന്നതു ഭീഷണി മാത്രമാണെന്നു വിലയിരുത്തപ്പെടുന്നു. ക്രൂഡ് ഓയിൽ വില ഇന്നു രാവിലെ മൂന്നു ശതമാനം ഉയർന്നിട്ടു പിന്നീടു നേട്ടം കുറച്ചു.

ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു  രാവിലെ 2.7 ശതമാനം ഉയർന്ന് 79.08 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 75.85 ഡോളറിലും  മർബൻ ക്രൂഡ് 79.56 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില 1.8 ശതമാനം കയറി.

ക്രിപ്റ്റോ കറൻസികൾ ഇന്നലെ ഇടിഞ്ഞു. ബിറ്റ് കോയിൻ 99,000 ഡോളറിനു താഴെ വന്നിട്ട് ഇന്നു രാവിലെ 1,01,000 ഡോളറിൽ എത്തി. ഈഥർ 2230 ഡോളറിനു മുകളിലാണ്. മറ്റു ക്രിപ്റ്റോകളും ഇടിഞ്ഞു.

വിപണി സൂചനകൾ

(2025 ജൂൺ 20, വെള്ളി)

സെൻസെക്സ്30  82,408.17     +1.29%

നിഫ്റ്റി50       25,112.40          +1.29%

ബാങ്ക് നിഫ്റ്റി   56,252.85       +1.22%

മിഡ് ക്യാപ്100   57,995.50     +1.46%

സ്മോൾക്യാപ്100  18,194.20    +1.01%

ഡൗജോൺസ്   42,206.80      +0.08%

എസ്ആൻഡ്പി  5967.84      -0.22%

നാസ്ഡാക്      19,447.40       -0.51%

ഡോളർ($)     ₹86.59         -₹0.13

സ്വർണം(ഔൺസ്) $3369.09    +$00.14

സ്വർണം(പവൻ)       ₹73,680      -₹440                   

ശനി       ₹73,880      +₹200                    

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $77.01   -$1.47

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com