യുദ്ധഭീതിയിൽ വിപണി വീണ്ടും ഇടിയുന്നു; ഏഷ്യൻ സൂചികകൾക്കു വൻതകർച്ച; സ്വർണവില കുത്തനേ താഴോട്ട്

ഇറാൻ്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിക്കാൻ ട്രംപ് തുനിയും എന്നു റിപ്പോർട്ടുണ്ട്
Morning business news
Morning business newsCanva
Published on

യുദ്ധഭീതിയിൽ വിപണികൾ വീണ്ടും ചോരപ്പുഴയിലാണ്. അമേരിക്കയും ഇറാനും പരസ്പരം മുഴക്കുന്ന ഭീഷണികളെ തുടർന്ന് എണ്ണവില ഉയരത്തിൽ തുടരുകയാണ്. ഇറാൻ്റെ മിസൈൽ ശേഷിയിലെ അപ്രതീക്ഷിത മുന്നേറ്റവും ആശങ്കകൂട്ടി. രാവിലെ ഏഷ്യൻ വിപണികൾ തകർച്ചയിലായി. യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നെങ്കിലും പിന്നീടു നഷ്ടം കുറച്ചു. സമാധാന ശ്രമങ്ങളെപ്പറ്റി പലർക്കും പ്രതീക്ഷയുണ്ട്.

സ്വർണവും വെള്ളിയും കുത്തനേ ഇടിഞ്ഞു. ഡോളർ 94 രൂപയിലേക്കു കയറും എന്നും ആശങ്കയുണ്ട്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,133.50 ൽ അവസാനിച്ചു. ഇന്നു രാവിലെ 22,737 വരെ ഇടിഞ്ഞു. നിഫ്റ്റി കനത്ത നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

അന്ത്യശാസനങ്ങളും ഭീഷണികളുമായി ഇറാൻ യുദ്ധം നാലാമത്തെ ആഴ്ചയിലേക്കു കടന്നു. അമേരിക്കൻ സമയം തിങ്കളാഴ്ച വൈകുന്നേരത്തിനകം ഹോർമുസ് കപ്പൽച്ചാൽ തുറന്നില്ലെങ്കിൽ ഇറാൻ്റെ ഊർജനിലയങ്ങൾ നശിപ്പിക്കും എന്നു യുഎസ് പ്രസിഡൻ്റ് ട്രംപ് അന്ത്യശാസനം നൽകി. തങ്ങളുടെ വൈദ്യുതി നിലയങ്ങളെ തൊട്ടാൽ പശ്ചിമേഷ്യയിലെ എല്ലാ ഇന്ധന സംവിധാനങ്ങളും ജലസ്രോതസുകള് തകർക്കുമെന്ന് ഇറാനും ഭീഷണിപ്പെടുത്തി. ഇത് യുദ്ധം ഒത്തു തീർക്കാനുള്ള ശ്രമങ്ങൾ തുടങ്ങാൻ പലരെയും പ്രേരിപ്പിച്ചു.

ഇന്ത്യയിൽ നിന്ന് 1800 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ഇന്ത്യാ സമുദ്രത്തിലുളള ഡിയേഗോ ഗാർസ്യയിലേക്ക് ഇറാൻ രണ്ടു മിസൈലുകൾ അയച്ചു. ഒന്ന് പരാജയപ്പെട്ടു, ഒന്നിനെ വീഴ്ത്തി. ഇറാനിൽ നിന്ന് 4000 കിലോമീറ്റർ തെക്കുള്ള ഈ ദ്വീപ സമൂഹത്തിൽ അമേരിക്കയുടെയും ബ്രിട്ടൻ്റെയും സേനാ താവളങ്ങൾ ഉണ്ട്. 4000 കിലോമീറ്റർ പോകാവുന്ന ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ ഇറാന് ഉണ്ടെന്നതിൻ്റെ ആദ്യ തെളിവാണിത്. റോം, പാരീസ്, ബർലിൻ തുടങ്ങിയ യൂറോപ്യൻ തലസ്ഥാനങ്ങളിലേക്കു മിസൈൽ തൊടുക്കാൻ ഇറാനു കഴിയും എന്നാണ് ഇതു കാണിക്കുന്നത്.

ഇറാൻ്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിക്കാൻ ട്രംപ് തുനിയും എന്നു റിപ്പോർട്ടുണ്ട്. കരയുദ്ധത്തിനായി ആയിരക്കണക്കിനു മറീനുകളെ ഗൾഫിൽ എത്തിച്ചത് ഇതിനാണ് എന്നാണ് നിഗമനം.

എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ വെള്ളിയാഴ്ച ന്യൂയോർക്കിൽ 1.42 ശതമാനം ഉയർന്നു. പിന്നീടു തുടർവ്യാപാരത്തിൽ 2.87 ശതമാനം ഇടിഞ്ഞു. ഐസിഐസിഐ ബാങ്ക് ഓഹരി നിശ്ചിത സമയത്ത് 1.23 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 2.90 ശതമാനം താഴ്ന്നു. ഇൻഫോസിസ് എഡിആർ ഉയർന്നപ്പോൾ വിപ്രോ താഴ്ന്നു.

യുഎസ് വിപണി താഴ്ന്നു

യുദ്ധ ഭീതിയിൽ യുഎസ് വിപണികൾ വെള്ളിയാഴ്ചയും ഇടിഞ്ഞു. എസ് ആൻഡ് പിയും നാസ്ഡാകും സമീപകാല ഉയരത്തിൽ നിന്നു 10 ശതമാനത്തിലധികം ഇടിഞ്ഞു തിരുത്തൽ മേഖലയിൽ പ്രവേശിച്ചു.

ഡൗ ജോൺസ് 443.96 പോയിൻ്റ് (0.96%) താഴ്ന്ന് 45,577.47 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100.01 പോയിൻ്റ് (1.51%) നഷ്ടത്തോടെ 6506.48 ൽ അവസാനിച്ചു. നാസ്ഡാക് 443.08 പോയിൻ്റ് (2.01%) ഇടിവോടെ 21,647.61 ൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ ജോൺസ് 49 പോയിൻ്റും (0.11%) എസ് ആൻഡ് പി 19 പോയിൻ്റും (0.28%) നാസ്ഡാക് 93 പോയിൻ്റും (0.38%) താഴ്ന്നു നീങ്ങുന്നു.

യുദ്ധം വ്യാപകമാകും എന്ന ഭീതി മൂലം യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച രണ്ടു ശതമാനം നഷ്ടത്തിൽ അവസാനിച്ചു.

ഏഷ്യൻ വിപണികൾ ഇന്നു വലിയ ഇടിവിലാണ്. ജപ്പാനിൽ നിക്കൈയും ദക്ഷിണ കൊറിയയിലെ കോസ്‌പിയും അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. ഓസ്ട്രേലിയൻ സൂചിക 1.40 ശതമാനം താഴ്ന്നു. ഹോങ് കോങ്, ചൈനീസ് വിപണികളും താഴ്ന്നു വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി നേട്ടത്തിൽ

വെള്ളിയാഴ്ച ഇന്ത്യൻ വിപണി മികച്ച ആശ്വാസറാലി നടത്തിയെങ്കിലും ഉച്ചയ്ക്കു ശേഷം ഗണ്യമായ ഇടിവുണ്ടായി. തുടർന്ന് ചെറിയ നേട്ടത്തോടെ വിപണി ക്ലോസ് ചെയ്തു. ക്രൂഡ് ഓയിൽ വില ഉയർന്നതാണ് ആശ്വാസറാലി പരാജയപ്പെടാൻ കാരണം.

യുദ്ധം ആരംഭിച്ച ശേഷമുള്ള മൂന്നാഴ്ച കൊണ്ട് സെൻസെക്സ് 8.3 ഉം നിഫ്റ്റി 8.2ഉം ശതമാനം നഷ്ടത്തിലായി. ഈ മൂന്നാഴ്ച കൊണ്ടു വിദേശ നിക്ഷേപകർ 88,180 കോടി രൂപ (960 കോടി ഡോളർ) ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചു. ഫെബ്രുവരിയിൽ അവർ 22,615 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചിരുന്നു. ജനുവരിയിലെ കണക്കുകൂടി ചേർത്താൽ 2026-ൽ ഇതുവരെ വിദേശികൾ 1,04,000 കോടി രൂപ പിൻവലിച്ചിട്ടുണ്ട്. ജനുവരിയിലെ ഉയർന്ന നിലയിൽ നിന്ന് സെൻസെക്സിനു 11,626.06 പോയിൻ്റും (13.49%) നിഫ്റ്റിക്ക് 3258.70 പോയിൻ്റും (12.36%) ഇടിവുണ്ടായി.

സെൻസെക്‌സ് വെള്ളിയാഴ്ച 325.72 പോയിൻ്റ് (0.44%) ഉയർന്ന് 74,532.96 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 112.35 പോയിൻ്റ് (0.49%) കയറി 23,114.50 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 23.95 പോയിൻ്റ് (0.04%) നഷ്ടത്തോടെ 53,427.05 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 303.20 പോയിൻ്റ് (0.67%) ഉയർന്ന് 54,855.50 ലും സ്മോൾ ക്യാപ് 100 സൂചിക 14.35 പോയിൻ്റ് (0.09%) കയറി 15,718.60 ലും അവസാനിച്ചു.

വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികളും ഉയർന്നു. ബിഎസ്ഇയിൽ 2414 ഓഹരികൾ ഉയർന്നപ്പോൾ 1863 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 1877 എണ്ണം ഉയർന്നപ്പോൾ 1334 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകർ വെള്ളിയാഴ്ചയും വിൽപന തുടർന്നു. ക്യാഷ് വിപണിയിൽ വിദേശ ഫണ്ടുകൾ 5518.39 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5706.23 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

സ്വർണം, വെള്ളി തകർച്ചയിൽ

യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വർണവും വെള്ളിയും വലിയ തകർച്ചയിലായി. സാധാരണ യുദ്ധവേളകളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണവും വെള്ളിയും കുതിച്ചുയരുന്നതാണ്. ഇത്തവണ ക്രൂഡ് വിലക്കയറ്റം പലിശനിരക്കു കൂട്ടാൻ കേന്ദ്രബാങ്കുകളെ പ്രേരിപ്പിക്കും എന്ന ആശങ്കയിൽ വിശിഷ്ട ലോഹങ്ങൾ കുത്തനേ ഇടിഞ്ഞു. യുദ്ധം തുടങ്ങിയ ശേഷം മൂന്നാഴ്ച കൊണ്ട് സ്വർണം 14.9 ഉം വെള്ളി 27.6 ഉം ശതമാനം ഇടിവിലായി. കഴിഞ്ഞ ആഴ്ച മാത്രം സ്വർണം 10 ശതമാനം നഷ്ടത്തിലായി. ആറു വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര വീഴ്ചയാണിത്.

വെള്ളിയാഴ്ച സ്വർണം ഔൺസിന് 158 ഡോളർ (3.4%) കുറഞ്ഞ് 4492.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില മൂന്നു ശതമാനത്തിലധികം ഇടിഞ്ഞ് 4350 ഡോളറിൽ എത്തി. പിന്നീട് 4440 ലേക്കു കയറി. വെള്ളിവില ഔൺസിന് ഇന്നു രാവിലെ 67.45 ഡോളറാണ്.

പ്ലാറ്റിനം 1893 ഡോളർ, പല്ലാഡിയം 1405 ഡോളർ, റോഡിയം 10,400 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വെള്ളിയാഴ്ച 960 രൂപയും ശനിയാഴ്ച 2200 രൂപയും ഇടിഞ്ഞ് 1,07,040 രൂപയിൽ എത്തി.

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളിയാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,44,825 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,27,470 രൂപയിൽ അവസാനിച്ചു.

ലോഹങ്ങൾ കയറി

വ്യാഴാഴ്ച വലിയ ഇടിവിലായ വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച തിരിച്ചു കയറിയപ്പോൾ അലൂമിനിയം മാത്രം മാറി നിന്നു. ചെമ്പ് 1.66 ശതമാനം ഉയർന്നു ടണ്ണിന് 12,021.40 ഡോളറിൽ എത്തി. അലൂമിനിയം 1.16 ശതമാനം താഴ്ന്ന് 3190.62 ഡോളർ ആയി. ടിൻ അഞ്ചു ശതമാനം കുതിച്ചു. നിക്കലും ലെഡും സിങ്കും ഉയർന്നു.

റബർ ഇടിവിൽ

വെള്ളിയാഴ്ച രാജ്യാന്തര വിപണിയിൽ റബർ 1.25 ശതമാനം താഴ്ന്നു കിലോഗ്രാമിന് 189.80 സെൻ്റിൽ എത്തി. കൃത്രിമ റബർ വില 0.11 ശതമാനം താഴ്ന്നു ടണ്ണിന് 15,816.67 യുവാൻ ആയി.

കൊക്കോ വില 2.28 ശതമാനം കുറഞ്ഞ് ടണ്ണിന് 3255.00 ഡോളറിൽ എത്തി.

തേയിലവില 5.21 ശതമാനം ഉയർന്നു കിലോഗ്രാമിന് 157.40 രൂപയായി. കാപ്പി 2.94 ശതമാനം കയറി പൗണ്ടിന് 309.75 സെൻ്റിൽ എത്തി. പാം ഓയിൽ വില ടണ്ണിനു 4580 മലേഷ്യൻ റിംഗിറ്റിലേക്ക് ഉയർന്നു.

പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 5.13 ശതമാനം വരെ ഉയർന്നു. യൂറിയ ടണ്ണിന് 684 ഡോളറിൽ എത്തി.

ഡോളർ സൂചിക കയറി

ഡോളർ സൂചിക വെള്ളിയാഴ്ച ഉയർന്ന് 99.65 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.69 ലേക്കു കയറി.

യൂറോ 1.1542 ഡോളറിലേക്കും പൗണ്ട് 1.3313 ഡോളറിലേക്കും താഴ്ന്ന. ജാപ്പനീസ് യെൻ ഡോളറിന് 159.47 യെൻ എന്ന നിലയിലേക്ക് താണു. ചൈനീസ് യുവാൻ ഡോളറിന് 6.89 യുവാൻ എന്ന നിരക്കിലേക്ക് കയറി.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.404 ശതമാനമായി ഉയർന്നു. പലിശ ഉയരും എന്നാണ് ഇതിലെ സൂചന.

ഡോളർ 94നരികെ

വെള്ളിയാഴ്ച രൂപ കുത്തനേ താഴ്ന്നു. ഡോളർ 1.08 രൂപ (1.26%) ഉയർന്ന് 93.71 രൂപയിൽ ക്ലോസ് ചെയ്തു. ഇനിയും താഴും എന്നാണു സൂചന. കയറ്റുമതി കുറയുകയും പെട്രോളിയം പ്രകൃതിവാതക വിലകൾ കുതിക്കുകയും ചെയ്യുന്നത് വാണിജ്യ കമ്മി ഉയർത്തും. വിദേശനിക്ഷേപകർ ഓഹരികളും കടപ്പത്രങ്ങളും വിറ്റു പണം മടക്കിക്കൊണ്ടുപോകുന്നു. പ്രത്യക്ഷ വിദേശ നിക്ഷേപവും ശുഷ്കമായി. എല്ലാം ചേരുമ്പോൾ അടവുശിഷ്ട നില (Balance of Payment) നെഗറ്റീവ് ആകും. റിസർവ് ബാങ്ക് ഫോർവേഡ് വിപണിയിൽ 10,000 കോടിയിലേറെ ഡോളറിൻ്റെ ഷോർട്ട് സെല്ലിംഗും നടത്തിയിട്ടുണ്ട്. ഇതെല്ലാം രൂപയെ ആക്രമിക്കാൻ വിപണിയെ പ്രേരിപ്പിക്കുന്ന കാര്യങ്ങളാണ്.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നലെ രാത്രി ഉയർന്നു 94.05 രൂപയിൽ എത്തി. ചൈനീസ് യുവാൻ 13.48 രൂപയിലേക്കും യൂറോ 108.38 രൂപയിലേക്കും കയറി. ഇന്ന് ഇന്ത്യയിലെ കറൻസി വ്യാപാരത്തിൽ ഇവയുടെ സ്വാധീനം പ്രകടമാകും.

ക്രൂഡ് ഓയിൽ ഉയർന്നു തന്നെ

യുദ്ധം മൂലം കുതിച്ച എണ്ണവില ഉയർന്ന നിലയിൽ തുടരുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വെള്ളിയാഴ്ച വീപ്പയ്ക്ക് 112.19 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 111.59 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യുടിഐ ഇനം ക്രൂഡ് 98.24 ഡോളറിൽ നിന്ന് 98.11 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 146.40 ഡോളറിലും നിൽക്കുന്നു. ഇന്ത്യൻ ബാസ്കറ്റ് ക്രൂഡിൻ്റെ വില 156.29 ഡോളറിലാണു കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. അതിനു ശേഷം മർബൻ ക്രൂഡും ഒമാൻ ക്രൂഡും അടക്കമുള്ളവയുടെ വില കൂടി.

ക്രിപ്റ്റോകൾ ഇടിയുന്നു

ക്രിപ്റ്റോ കറൻസികൾ വാരാന്ത്യത്തിൽ ഇടിഞ്ഞു. ഇന്നും ഇടിവ് തുടരുന്നു. ബിറ്റ്കോയിൻ 68,000 ഡോളറിനു താഴെ വന്നു. ഈഥർ 2060 ഡോളറിനും സൊലാന 87 ഡോളറിനും താഴെയാണ്.

വിപണിസൂചനകൾ

(2026 മാർച്ച് 20, വെള്ളി)

സെൻസെക്സ് 74,532.96 +0.44%

നിഫ്റ്റി50 23,114.50 +0.49%

ബാങ്ക് നിഫ്റ്റി 53,427.05 -0.04%

മിഡ്ക്യാപ്100 54,855.50 +0.67%

സ്മോൾക്യാപ്100 15,718.60 +0.09%

ഡൗ ജോൺസ് 45,577.47 -0.96%

എസ് ആൻഡ് പി 6506.48 -1.51%

നാസ്ഡാക് 21,647.61 -2.01%

ഡോളർ ₹93.71 +₹1.08

സ്വർണം(ഔൺസ്) $4492.20 -158.50

സ്വർണം (പവൻ) ₹1,09,240 -₹960

ശനി ₹1,07,040 -₹2200

ക്രൂഡ്ഓയിൽബ്രെൻ്റ് $112.19 +$3.54

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com