പലിശപ്പേടി കുറയുന്നു; വിപണികൾക്കു നേട്ടം; യു.എസ് ഫ്യൂച്ചേഴ്‌സിൽ മുന്നേറ്റം; ഏഷ്യൻ വിപണികൾ ദുർബലം; സ്വർണം കയറുന്നു

ഗിഫ്റ്റ് നിഫ്റ്റി സൂചിക ഇന്നു രാവിലെ 26,202 വരെ കയറിയിട്ടു താഴ്ന്നു; ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
Stock Market Pre-opening Analysis
Morning News UpdatesImage: Canva
Published on: 

കഴിഞ്ഞ ആഴ്ച തകർന്ന യു.എസ് വിപണികൾ ഇന്നു തിരിച്ചുകയറും എന്നു സൂചിപ്പിച്ചു ഫ്യൂച്ചേഴ്സ് രണ്ടു ശതമാനത്തിലധികം നേട്ടത്തിലായി. വിദേശ നിക്ഷേപകർ ആവേശത്തോടെ വാങ്ങൽ തുടരുന്നത് ഇന്ത്യൻ വിപണിയിലെ മുന്നേറ്റത്തിനു വേഗം കൂട്ടും എന്നാണു പ്രതീക്ഷ.

ഇന്നു രാവിലെ ക്രൂഡ് ഓയിൽ താഴുകയും സ്വർണം കുതിച്ചു കയറുകയും ചെയ്തു. ചൊവ്വാഴ്ച ഇന്ത്യൻ വിപണിയും വ്യാഴാഴ്ച അമേരിക്കൻ വിപണിയും അവധിയിലാണ്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി സൂചിക വെള്ളിയാഴ്ച രാത്രി 25,836.00-ൽ ക്ലോസ് ചെയ്തു. ഇന്നു (നവംബർ 23) രാവിലെ 26,202 വരെ കയറിയിട്ടു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

പലിശയും സ്വർണവും

ഡിസംബറിൽ യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് അര ശതമാനം കൂട്ടും എന്നു കഴിഞ്ഞ ആഴ്ച പ്രബലമായ ധാരണയ്ക്കു വാരാന്ത്യത്തിൽ മാറ്റം വന്നു. ഡിസംബറിലെ 0.25 ശതമാനം നിരക്കു വർധനയ്ക്കു 94 ശതമാനം സാധ്യതയാണ് ഇപ്പോൾ കൽപിക്കുന്നത്. ജനുവരിയിലും മാർച്ചിലും കൂടി ഒരു വർധന മാത്രം എന്നാണു പുതിയ നിഗമനം. ഈ പ്രതീക്ഷ ഓഹരികൾക്കു നേട്ടമാകും. ഒപ്പം സ്വർണവും കയറും. ഡിസംബറിൽ 0.50 ശതമാനം വർധന എന്ന പേടിയിൽ വെള്ളിയാഴ്ച സ്വർണം 3502 ഡോളർ വരെ ഇടിഞ്ഞിരുന്നു. ഇന്നു രാവലെ 3600 ഡോളറിനു മുകളിലായി സ്വർണം.

യു.എസ് വിപണികൾ തിരുത്തലിൽ

വെള്ളിയാഴ്ചയും കനത്ത ഇടിവ് നേരിട്ടതോടെ കഴിഞ്ഞ ആഴ്ച അമേരിക്കൻ വിപണികൾ അപ്രതീക്ഷിതമായി തിരുത്തലിലേക്കു വീണു. മുഖ്യ സൂചികകകളെല്ലാം റെക്കോർഡ് ഉയത്തിൽ നിന്നു പത്തു ശതമാനത്തിലധികം താഴെയായി. നാസ്ഡാക് 2026-ലെ നേട്ടം മുഴുവൻ നഷ്‌ടപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് ഐപിഒ വഴി ആന്ത്രോപിക് വിപണിയിൽ നിന്നു ഗണ്യമായ സമ്പത്ത് വലിച്ചതും എൻവിഡിയയുടെ പ്രശ്നങ്ങളും വിലക്കയറ്റത്തിനെതിരായ പോരാട്ടത്തിൽ തോൽക്കുന്ന ഫെഡറൽ റിസർവ് ഇനി പലിശ വർധനയുടെ തോതു കൂട്ടും എന്ന ധാരണയും എസ് ആൻഡ് പി-500 സൂചിക 200 ദിന മൂവിംഗ് ശരാശരിക്കു താഴെയായതും കമ്പനികളുടെ ലാഭവർധന കുറഞ്ഞു വരുന്നതും ഒക്കെയാണു കഴിഞ്ഞ ആഴ്ചത്തെ വലിയ ഇടിവിനു കാരണമായി പറയുന്നത്. ഈയാഴ്ച ഗതിമാറും എന്ന സൂചന നൽകി ഫ്യൂച്ചേഴ്സ് ഇന്നു തിരിച്ചുകയറി.

എൻവിഡിയയുടെ ഉയർന്ന ലാഭക്കണക്കുകളിൽ കൃത്രിമം ഉണ്ടോ എന്നു സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) അന്വേഷണമാരംഭിച്ചതു വെള്ളിയാഴ്ച എൻവിഡിയയെ 14 ശതമാനം ഇടിച്ചിട്ടു. നവംബറിൽ എൻവിഡിയ 40 ശതമാനം ഇടിഞ്ഞു. ഇന്നു ഫ്യൂച്ചേഴ്സിൽ എൻവിഡിയ 3.6 ശതമാനം ഉയർന്നു.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 949.73 പോയിൻ്റ് (1.93 ശതമാനം) താഴ്ന്ന് 48,147.33 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 265.44 പോയിൻ്റ് (3.70%) നഷ്ടത്തോടെ 6910.39 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 1261.47 പോയിൻ്റ് (5.28%) ഇടിഞ്ഞ് 22,617.73 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് കുതിക്കുന്നു

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു വലിയ നേട്ടത്തിലാണ്. ഡൗ ജോൺസ് 811 പോയിൻ്റും (1.68%) എസ് ആൻഡ് പി 150 പോയിൻ്റും (2.18%) നാസ്ഡാക് 100 സൂചിക 706 പോയിൻ്റും (2.81%) ഉയർന്നു നീങ്ങുന്നു.

എഡിആർ വിപണി

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വെള്ളിയാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാരസമയത്ത് 4.50 ശതമാനം കുതിച്ചിട്ടു തുടർ വ്യാപാരത്തിൽ 0.29% കയറി 27.50 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.63% ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 0.06% കുറഞ്ഞ് 35.45 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിതസമയത്ത് 3.26% ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 1.16% താഴ്ന്നു 11.89 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.49% കയറി തുടർ വ്യാപാരത്തിൽ 0.49% ഉയർന്ന് 2.0 6 ഡോളറിൽ അവസാനിച്ചു.

നഷ്ടം തുടർന്നു യൂറോപ്പ്

എഐ, ടെക് ആശങ്കയും പലിശപ്പേടിയും യൂറോപ്യൻ ഓഹരി സൂചികകളെ വെള്ളിയാഴ്ച രണ്ടു ശതമാനത്തിലധികം ഇടിവിലാക്കി.

ഏഷ്യൻ വിപണികൾ താഴ്ന്നു

ഏഷ്യൻ വിപണികൾ ഇന്നും നഷ്ടത്തിലാണ്. ദക്ഷിണ കൊറിയയിലെ കോസ്‌പി സൂചിക 3.5 ശതമാനം താഴ്ന്നു. ജപ്പാനിലെ വിപണി ഇന്ന് അവധിയിലാണ്. ഓസ്ട്രേലിയൻ സൂചിക ആദ്യം താണിട്ടു 0.15 ശതമാനം നേട്ടത്തിലായി. തായ്‌വാൻ സൂചിക ഒരു ശതമാനം താഴ്ന്നു. ഷാങ്ഹായ് സൂചികയും ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചികയും 1.40 ശതമാനം വീതം താഴ്ന്നു.

കുതിച്ചുകയറ്റം തുടർന്നു വിപണി

വിദേശ നിക്ഷേപകർ ആവേശപൂർവം വാങ്ങൽ തുടർന്നത് ഇന്ത്യൻ വിപണിയെ വെള്ളിയാഴ്ചയും വലിയ കുതിപ്പിലാക്കി. മിഡ് ക്യാപ് സൂചിക ഉയർന്നപ്പോൾ സ്‌മോൾ ക്യാപ് സൂചിക അൽപം താഴ്ന്നു. ഭൂരിപക്ഷം ഓഹരികൾക്കു വില കുറഞ്ഞു. പ്രധാനമായും വിപണിമൂല്യം കൂടിയ ഓഹരികളാണു കയറുന്നത്. ബാങ്കുകളും ധനകാര്യ കമ്പനികളും റിയൽറ്റിയും ഐടിയും ആണു വെള്ളിയാഴ്ച നേട്ടത്തിനു മുൻനിരയിൽ നിന്നത്.

ബിഎസ്ഇയുടെ വിപണിമൂല്യം 514.18 ലക്ഷം കോടി (ട്രില്യൺ) രൂപ (5.53 ട്രില്യൺ ഡോളർ) ആയി ഉയർന്നു. എൻഎസ്ഇയുടെ വിപണിമൂല്യം 509.05 ട്രില്യൺ രൂപ (5.48 ട്രില്യൺ ഡോളർ) ആയി വർധിച്ചു.

വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇയിൽ 1725 ഓഹരികൾ ഉയർന്നു, 2660 ഓഹരികൾ നഷ്‌ടത്തിലായി. എൻഎസ്ഇയിൽ 1406 ഓഹരികൾ കയറിയപ്പോൾ 2192 എണ്ണം താഴ്ന്നു. വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 10,308.42 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി ഇന്നലെ 4859.80 കോടി രൂപയുടെ അറ്റ വിൽപന നടത്തി.

വെള്ളിയാഴ്ച സെൻസെക്‌സ് 897.96 പോയിൻ്റ് (1.08%) ഉയർന്ന് 83,919.71ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 286.30 പോയിൻ്റ് (1.12%) നേട്ടത്തോടെ 25,800.60ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1572.20 പോയിൻ്റ് (2.49%) കുതിച്ച് 64,635.20ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്-100 സൂചിക 406.60 പോയിൻ്റ് (0.66%) മുന്നേറി 62,031.00ൽ അവസാനിച്ചു. സ്മോൾ ക്യാപ്-100 സൂചിക 24.80 പോയിൻ്റ് (0.13%) താഴ്‌ന്ന് 19,443.60ൽ ക്ലോസ് ചെയ്തു.

കമ്പനികൾ, വാർത്തകൾ

ടാറ്റ സ്റ്റീൽ രണ്ടു ബിസിനസുകൾ 28,000 കോടി രൂപയ്ക്കു വിൽക്കാൻ കരാറിലായി. സ്റ്റീൽ ട്യൂബ് ബിസിനസ് 11,700 കോടി രൂപയ്ക്കും ടാറ്റ സ്റ്റീൽ കളേഴ്‌സ് യൂണിറ്റ് 16,300 കോടി രൂപയ്ക്കും എപിഎൽ അപ്പോളോയ്ക്കു നൽകും. എസ്ബിഐ സെക്യൂരിറ്റീസ് ടാറ്റ സ്റ്റീലിന് 200 രൂപ ലക്ഷ്യവില നിശ്ചയിച്ചു. രണ്ടു വർഷം വരുമാനം 8.3ഉം അറ്റാദായം 36ഉം ശതമാനം വീതം വളർച്ച കാണിക്കും എന്നാണു വിലയിരുത്തൽ.

വെൽസ്പൺ ലിവിംഗ് രണ്ടു വർഷം കൊണ്ട് 3200 കോടി രൂപ നിക്ഷേപിച്ചു ടെറി ടവൽ നിർമാണ ശേഷി 29,000 ടൺ വർധിപ്പിക്കും. മാരുതി സുസുകി ഏതാനും മോഡലുകളുടെ വില വർധിപിച്ചു.

സ്വർണം തിരിച്ചുകയറുന്നു

വലിയ തകർച്ചയ്ക്കു ശേഷം പുതിയ ആഴ്ചയിൽ സ്വർണം ഒരു തിരിച്ചു കയറ്റത്തിൻ്റെ ശ്രമത്തിലാണ്. ഒരു ശതമാനം ഉയർന്നു വ്യാപാരം തുടങ്ങിയ സ്വർണം രണ്ടര ശതമാനം കയറി ഔൺസിനു 3,630 ഡോളർ വരെ എത്തി. പിന്നീടു നേട്ടം അല്പം കുറച്ചു. പലിശ വർധന നീണ്ടുനിൽക്കില്ല എന്ന വിലയിരുത്തലാണു വിപണിയെ രാവിലെ നയിക്കുന്നത്. ജനുവരി വരെ യുദ്ധം ഇല്ലെന്ന പ്രസിഡൻ്റ് ട്രംപിൻ്റെ പ്രസ്താവന ക്രൂഡ് ഓയിൽ വിലയെ താഴ്ത്തുന്നതാണു പലിശയിലെ ശുഭാപ്തി വിശ്വാസത്തിനു കാരണം.

കഴിഞ്ഞ ആഴ്ച 3502 ഡോളർ വരെ താഴ്ന്ന സ്വർണം 3500നു താഴേക്കു പോയാൽ തുടർന്നു പത്തു ശതമാനം ഇടിവിലാകും എന്ന നിഗമനത്തിലായിരുന്നു വിപണി. 3,200 ഡോളറിലാണ് അടുത്ത പിന്തുണ നിലവാരം. ഇന്നു രാവിലെ ഉയർന്ന സ്വർണം ഈ ആക്കം തുടർന്നാൽ 3800നു മുകളിൽ കയറിയെന്നു വരാം.

വെള്ളിയാഴ്ച 87.20 ഡോളർ (2.41%) താഴ്ന്ന് ഔൺസിന് 3539.90 ഡോളറിലാണു സ്വർണം ക്ലോസ് ചെയ്തത്. ജനുവരി 29-ന് 5,595 ഡോളറിൽ എത്തിയ സ്വർണം ഇതുവരെ 37 ശതമാനം ഇടിഞ്ഞു. 2008ൽ ഉണ്ടായ 29 ശതമാനം ഇടിവ് മറികടക്കുന്നതായി ഈ വർഷത്തെ തകർച്ച.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വെള്ളിയാഴ്ച 2760 രൂപ ഇടിഞ്ഞ് 92,080 രൂപ ആയി. ശനിയാഴ്ച 360 രൂപ കുറഞ്ഞ് 91,720 രൂപയായി.

വെള്ളിവില വെള്ളിയാഴ്ച നാലു ശതമാനം ഇടിഞ്ഞ് ഔൺസിന് 41.37 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2.5 ശതമാനം കയറി 42.40 ഡോളറിൽ എത്തി. പ്ലാറ്റിനം 1316 ഡോളർ, പല്ലാഡിയം 885 ഡോളർ, റോഡിയം 8475 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ തകർച്ചയിൽ

പലിശപ്പേടിയിൽ വ്യാവസായിക ലോഹങ്ങൾ ഇടിവ് തുടർന്നു. ടെക്നോളജി മേഖലയുടെ ക്ഷീണം ചെമ്പിന് അധിക ആഘാതമായി. ചെമ്പ് 2.70 ശതമാനം ഇടിഞ്ഞ് ടണ്ണിന് 12,230.50 ഡോളർ ആയി. ഏഴു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണു ചെമ്പ്. അലൂമിനിയം 1.57 ശതമാനം താഴ്ന്ന് 2824.50 ഡോളറിൽ എത്തി. ലെഡ് നാമമാത്രമായി ഉയർന്നു. നിക്കലും സിങ്കും ടിന്നും താഴ്ന്നു.

റബർ വില താഴോട്ട്

റബർ വിലയിടിവ് വിദേശത്തും കേരളത്തിലും തുടർന്നു. ബാങ്കോക്കിൽ ആർഎസ്എസ്-1 ക്വിൻ്റലിന് 275.20 ഡോളറും ആർഎസ്എസ്-3 ക്വിൻ്റലിന് 271.80 ഡോളറും ആയി താഴ്ന്നു. കേരളത്തിൽ ആർഎസ്എസ്-4 ഇനം ക്വിൻ്റലിന് 27,100 രൂപ ആയി ഇടിഞ്ഞു.

കൊക്കോ ഉയർന്നു

കൊക്കോ വില 1.33 ശതമാനം ഉയർന്നു ടണ്ണിന് 5270 ഡോളറിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി, ബ്ലൂംബർഗ് കമ്മോഡിറ്റി സൂചികകൾ കൊക്കോയുടെ വെയിറ്റേജ് ജനുവരിയിൽ കുറയ്ക്കാൻ തീരുമാനിച്ചതു വിലയിലെ മുന്നേറ്റത്തിനു തടസമായി. അറബിക്ക കാപ്പി പൗണ്ടിന് 2.6 85 ഡോളറിലേക്കു താഴ്ന്നു. പാം ഓയിൽ 2.68 ശതമാനം കുറഞ്ഞു ടണ്ണിന് 4217 മലേഷ്യൻ റിംഗിറ്റ് ആയി.

ഡോളർ സൂചിക

പലിശ കൂടുമെന്ന വിശ്വാസത്തിൽ യു.എസ് ഡോളർ സൂചിക ഉയരത്തിൽ തുടരുന്നു. വെള്ളിയാഴ്ച സൂചിക 103.81ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.77 വരെ താഴ്ന്നു. യൂറോ 1.098 ഡോളറും പൗണ്ട് 1.3108 ഡോളറും ആയി കയറി. ഡോളർ 158.87 ജാപ്പനീസ് യെന്നിലേക്കു താഴ്ന്നു. ഡോളർ 6.68 ചൈനീസ് യുവാനിലേക്കു കയറി. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.95 ശതമാനത്തിലേക്കു താഴ്ന്നു.

രൂപ കുതിച്ചു

രൂപയുടെ കയറ്റം തുടർന്നു. മാസങ്ങൾക്കു ശേഷം ഡോളർ 93 രൂപയ്ക്കു താഴെ വന്നു. വെള്ളിയാഴ്ച ഡോളർ 62 പൈസ ഇടിഞ്ഞ് 92.67 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ 92.67 രൂപയിൽ നിൽക്കുന്നു. ചൈനീസ് യുവാൻ 13.78 രൂപയിലേക്കു താഴ്ന്നു. യൂറോ ഇടിഞ്ഞു 101.48 രൂപയിൽ എത്തി.

ക്രൂഡ് താഴുന്നു

വെള്ളിയാഴ്ച ക്രൂഡ് ഓയിൽ അല്പം കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഉയർന്ന് 92.60 ഡോളറിൽ എത്തി. ഇന്നു രാവിലെ താഴ്ന്നു 92.14 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം ക്രൂഡ് ഓയിൽ 83.21 ഡോളറിലാണ്.

ക്രിപ്റ്റോകൾ കയറി

ക്രിപ്റ്റോ കറൻസികൾ വാരാന്ത്യത്തിലെ വലിയ തകർച്ചയ്ക്കു ശേഷം തിരിച്ചുകയറി. ബിറ്റ്കോയിൻ 55,000 ഡോളർ വരെ ഇടിഞ്ഞിട്ടു കയറി 60,900നു മുകളിൽ നിൽക്കുന്നു. ഈഥർ 1710 ഡോളറിനും സൊലാന 70.50 ഡോളറിനും മുകളിലാണ്.

വിപണി സൂചനകൾ

(2026 നവംബർ 20, വെള്ളി)

  • സെൻസെക്സ്: 83,919.71 +1.08%

  • നിഫ്റ്റി-50: 25,800.60 +1.12%

  • ബാങ്ക് നിഫ്റ്റി: 64,635.20 +2.49%

  • മിഡ് ക്യാപ്-100: 62,031.00 +0.66%

  • സ്മോൾ ക്യാപ്-100: 19,443.60 -0.13%

  • ഡൗജോൺസ്: 48,147.33 -1.93%

  • എസ്ആൻഡ്പി: 6910.39 -3.70%

  • നാസ്ഡാക്: 22,617.73 -5.28%

  • ഡോളർ: ₹92.67 -₹0.62

  • സ്വർണം (ഔൺസ്): $3539.90 -$87.20

  • സ്വർണം (പവൻ): ₹91,720 -₹360

  • ക്രൂഡ് ഓയിൽ ബ്രെൻ്റ്: $92.60 +$00.62

Read DhanamOnline in English

Subscribe to Dhanam Magazine

```html ```