ടെക്നോളജി, എഐ മേഖലകളിൽ ഇടിവ്; ഏഷ്യൻ വിപണികൾ താഴ്ന്നു; കാറ്റിനെതിരേ നീങ്ങാൻ ഇന്ത്യ; ക്രൂഡ് 114 ഡോളറിലേക്ക്; സ്വർണവും വെള്ളിയും ഇടിയുന്നു

പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചു. ഇറാനിലേക്കു വീണ്ടും വ്യോമാക്രമണം ഉണ്ടാകുമെന്ന ഭീതിയുണ്ട്. സൗദി അറേബ്യയിൽ കൂടുതൽ ആക്രമണങ്ങൾ നടന്നു
Stock Market pre-opening analysis
Morning Business UpdatesImage: Cana/Dhanam Media
Published on: 

അമേരിക്കയിൽ ഇന്നലെ ടെക്നോളജി ഓഹരികൾക്കു നേരിട്ട തകർച്ച ഇന്നു രാവിലെ ഏഷ്യൻ വിപണികളെ ചെറുതായി ബാധിച്ചു. ഇന്ത്യ ഈ കാറ്റിൽ നിന്നു വിട്ടു നിൽക്കാം എന്ന പ്രതീക്ഷയിലാണ് രാവിലെ വ്യാപാരം തുടങ്ങുന്നത്.

ടെക്നോളജിയിലെ തകർച്ച കുറേ നിക്ഷേപകരെ കടപ്പത്രങ്ങളിലേക്കു നയിച്ചു. അതു കടപ്പത്ര വിലകൾ കൂട്ടി അവയിലെ നിക്ഷേപനേട്ടം കുറഞ്ഞു. നിർമിതബുദ്ധി (എഐ) മേഖലയിലെ നിക്ഷേപങ്ങൾ കുറയും എന്ന ഭീതി സ്വർണം, വെള്ളി വിലകളെ ഇടിച്ചു. ഇന്നലെയും ഇന്നു രാവിലെയുമായി സ്വർണത്തിനു നാലും വെള്ളിക്ക് എട്ടും ശതമാനം വിലയിടിഞ്ഞു.

പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചു. ഇറാനിലേക്കു വീണ്ടും വ്യോമാക്രമണം ഉണ്ടാകുമെന്ന ഭീതിയുണ്ട്. സൗദി അറേബ്യയിൽ കൂടുതൽ ആക്രമണങ്ങൾ നടന്നു. റഷ്യയിലേക്കു യുക്രെയ്നും തിരിച്ചും ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ 114 ഡോളറിനടുത്തായി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ്

വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 22,880.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,810 വരെ താഴ്ന്നിട്ട് അല്പം ഉയർന്നു. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

ടെക്നോളജി മേഖല തകർച്ചയിൽ

ടെക്നോളജി മേഖലയെപ്പറ്റി ആശങ്ക വളർത്തുന്ന റിസൽട്ടുകൾ മെറ്റാ പ്ലാറ്റ്ഫോംസും ടെസ്‌ലയും പുറത്തു വിട്ടത് ഇന്നലെ യുഎസ് വിപണികളെ വീഴ്ത്തി. അഞ്ചു വമ്പൻ ടെക് കമ്പനികൾക്കു മൊത്തം 80,000 കോടി ഡോളർ വിപണി മൂല്യമാണ് ഇന്നലെ നഷ്‌ടപ്പെട്ടത്. ഫിലാഡെൽഫിയ സെമികണ്ടക്ടർ സൂചിക ഏഴു ശതമാനം തകർച്ചയിലായി.

മെറ്റാ ഏഴു ശതമാനം ഇടിഞ്ഞു. രണ്ടു ദിവസത്തെ ഇടിവ് 12 ശതമാനം. കമ്പനിയുടെ വിപണിമൂല്യത്തിൽ ഇന്നലെ നഷ്‌ടം 10,000 കോടി ഡോളർ. എൻവിഡിയ 4.4 ഉം ആമസോൺ 4.6 ഉം മൈക്രോസോഫ്റ്റ് 2.2ഉം ആൽഫബെറ്റ് 3.1 ഉം ശതമാനം താഴ്ന്നു. ആപ്പിളും നെറ്റ്ഫ്ലിക്‌സും മാത്രമാണ് ഉയർന്നത്. എഎംഡി, മൈക്രോൺ, ഇൻ്റെൽ തുടങ്ങിയവ എട്ടു ശതമാനം വരെ ഇടിഞ്ഞു. കൊറിയൻ കമ്പനി എസ്കെ ഹൈനിക്സിൻ്റെ എഡിആർ എട്ടു ശതമാനം താഴ്ന്നു.

ലാഭക്ഷമത കുറയുന്നു, എഐക്കു വേണ്ടിയുള്ള മൂലധനച്ചെലവ് അതിഭീമമായി കൂടുന്നു, അതിനെടുക്കുന്ന കടം വീട്ടാൻ തക്ക അധിക വരുമാനം ഉറപ്പില്ല- ഇതാണു വിപണി ടെക് മേഖലയിൽ കാണുന്ന വിഷയം. ഫ്രീ ക്യാഷ് ഫ്ലോ ഇല്ലാത്ത നിലയിൽ കമ്പനി എത്തി എന്നാണു മെറ്റായുടെ റിസൽട്ട് കാണിച്ചത്. മുൻപ് നിരീക്ഷകർ ഈ അപായ സാധ്യത ചൂണ്ടിക്കാണിച്ചപ്പോൾ അമിതമായ ആശങ്ക എന്നു പറഞ്ഞു വിപണി തള്ളിയതാണ്.

എഐ കമ്പനികൾക്കു വേണ്ടത്ര മൂലധനം കിട്ടാൻ പ്രയാസമായി എന്ന് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് പറഞ്ഞതും വിപണിയെ വീഴ്ത്തി.

ഓഹരികളിൽ നിന്നു കുറേ നിക്ഷേപകർ സർക്കാർ കടപ്പത്രങ്ങളിലേക്കു മാറിയത് അവയുടെ വില ഉയർത്തി. കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം (yield) അഞ്ചു ശതമാനത്തിൽ താഴെയായി.

ക്രൂഡ് ഓയിൽ വില 113 ഡോളറിലേക്കു കയറിയതും വിപണികളെ ബാധിച്ചു.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 11.89 പോയിൻ്റ് (0.02 ശതമാനം) ഉയർന്ന് 52,867.98 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 93.74 പോയിൻ്റ് (1.21%) നഷ്ടത്തോടെ 7663.43 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 693.99 പോയിൻ്റ് (2.60%) ഇടിഞ്ഞ് 26,008.86 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് താഴുന്നു

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നും താഴോട്ടാണ്. ഡൗ ജോൺസ് 92 പോയിൻ്റും (0.17%) എസ് ആൻഡ് പി 6 പോയിൻ്റും (0.08%) താഴ്ന്നു. നാസ്ഡാക് 56 പോയിൻ്റ് (0.19%) ഉയർന്നു.

എഡിആർ വിപണി

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വ്യാഴാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാരസമയത്ത് 1.01 ശതമാനം താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 1.02% ഉയർന്ന് 22.67 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.35% കയറിയിട്ടു തുടർ വ്യാപാരത്തിൽ 0.17% താഴ്ന്ന് 29.89 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിതസമയത്ത് 3.69% ഉയർന്ന ശേഷം തുടർ വ്യാപാരത്തിൽ 1.44% നഷ്ടത്തോടെ 13.03 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.86% കയറിയ ശേഷം തുടർവ്യാപാരത്തിൽ 0.22 ശതമാനം ഉയർന്ന് 2.1949 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് ഇടിവിൽ

യൂറോപ്യൻ ഓഹരിവിപണികൾ വ്യാഴാഴ്ച ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ബാങ്കുകളാണു തകർച്ചയ്ക്കു മുന്നിൽ നിന്നത്. ക്രൂഡ് ഓയിൽ വിലയും ഫ്രഞ്ച് കടപ്പത്രങ്ങളുടെ ഇടിവും വിപണികളെ താഴ്‌ത്തി.

ഏഷ്യൻ വിപണികൾ താഴുന്നു

പ്രധാന ഏഷ്യൻ വിപണികൾ ഇന്നും നഷ്ടത്തിലാണ്. ദക്ഷിണ കൊറിയയിലെ കോസ്‌പി സൂചിക മൂന്നു ശതമാനം നഷ്ടത്തിൽ നിന്ന് 1.5 ശതമാനം നഷ്ടത്തിലേക്കു മാറി. എസ്കെ ഹൈനിക്സും സാംസങ്ങും നഷ്‌ടം കുറച്ചു. ജപ്പാനിലെ നിക്കൈ സൂചിക 1.95 ശതമാനം നഷ്‌ടത്തിലാണ്. ഓസ്ട്രേലിയൻ സൂചിക 0.40 ശതമാനം താഴ്ന്നു. ഹാങ് സെങ് സൂചിക നാമമാത്രമായി കയറി. ചൈനയിലെ ഷാങ്ഹായ് സൂചിക 1.5 ശതമാനം താഴ്‌ന്നു. തായ്‌വാൻ സൂചിക 1.80 ശതമാനം ഇടിഞ്ഞു.

ഇടിവ് തുടർന്ന് ഇന്ത്യൻ വിപണി

ക്രൂഡ് ഓയിൽ വിലക്കയറ്റവും സൗദിയിലെ വർധിച്ച ഹൂതി ആക്രമണവും ഇന്ത്യൻ വിപണിയെ മൂന്നാം ദിവസവും താഴ്‌ത്തി. തുടക്കം മുതൽ താഴോട്ടായിരുന്ന വിപണി പലവട്ടം തിരിച്ചു കയറാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. വിശാലവിപണിയിലായിരുന്നു കൂടുതൽ ഇടിവ്. മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് സൂചികകൾ കുത്തനേ താണു.

ടൂറിസം, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ എന്നിവ ഒഴികെ എല്ലാ മേഖലകളും ഇടിഞ്ഞു. കഴിഞ്ഞ ദിവസം കുതിച്ച ഐടി മേഖല ഇന്നലെ ഒരു ശതമാനത്തിലധികം താഴ്ചയിലായി.

വിശാലവിപണിയിൽ ഉയരുന്ന ഓരോഹരിക്കു രണ്ട് ഓഹരികൾ താഴുന്ന അവസ്ഥയായിരുന്നു. ബിഎസ്ഇയിൽ 1388 ഓഹരികൾ കയറി, 2965 ഓഹരികൾ നഷ്‌ടത്തിലായി. എൻഎസ്ഇയിൽ 1023 ഓഹരികൾ കയറിയപ്പോൾ 2494 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകർ വ്യാഴാഴ്ച വലിയ വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 3458.70 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2891.32 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി.

വ്യാഴാഴ്ച സെൻസെക്‌സ് 460.30 പോയിൻ്റ് (0.62%) താഴ്‌ന്ന് 73,249.39 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 123.70 പോയിൻ്റ് (0.54%) നഷ്ടത്തോടെ. 22,687.65 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 51.20 പോയിൻ്റ് (0.09%) താഴ്‌ന്ന് 54,925.70 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 501.90 പോയിൻ്റ് (0.87%) ഇടിവോടെ 57,063.95 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 211.40 പോയിൻ്റ് (1.14%) താഴ്ന്ന് 18,275.90 ൽ ക്ലോസ് ചെയ്തു.

കമ്പനികൾ, വാർത്തകൾ

ഡിജിറ്റൽ സർട്ടിഫിക്കേഷൻ, സൈബർ സെക്യൂരിറ്റി കമ്പനിയായ ഇമുദ്രയിൽ ഡിജിറ്റൽ നുഴഞ്ഞുകയറ്റം നടന്നതായ റിപ്പോർട്ട് ഓഹരിയെ ഇന്നലെ 20 ശതമാനം ഇടിവിലാക്കി. ഈയാഴ്ച ഇതുവരെ ഓഹരിക്കു 36 ശതമാനം തകർച്ചയുണ്ടായി. കമ്പനി സെക്യൂരിറ്റി സർട്ടിഫിക്കേഷൻ ബിസിനസ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. കമ്പനിയുടെ വരുമാനത്തിൽ ഒരു ശതമാനം മാത്രമേ ഇതിൽ നിന്നു കിട്ടുന്നുള്ളൂ എന്നാണ് പറയുന്നത്.

ക്വിക്ക് കൊമേഴ്സ് സ്ഥാപനമായ സ്വിഗ്ഗി രണ്ടാം പാദത്തിൽ വരുമാനം 54.4 ശതമാനം ഉയർത്തി. അറ്റ നഷ്‌ടം 1092 കോടിയിൽ നിന്ന് 922 കോടി രൂപയായി കുറച്ചു.

കോൾഗേറ്റ് പാമൊലീവിൻ്റെ രണ്ടാം പാദ വരുമാനം 12.2 ശതമാനം കൂടിയപ്പോൾ അറ്റാദായവർധന 4.1 ശതമാനമാണ്. ലാഭവും ലാഭമാർജിനും പ്രതീക്ഷയേക്കാൾ കുറവായി.

സൈയൻ്റ് രണ്ടാം പാദ വരുമാനം 77 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 22 ശതമാനം കൂട്ടി. ലാഭമാർജിനും കൂടി.

സ്വർണം 4000 ഡോളറിനു താഴെ

സ്വർണവും വെള്ളിയും ഇന്നലെ അപ്രതീക്ഷിതമായി ഇടിഞ്ഞു. ഇന്നും വിലയിടിവ് തുടരുകയാണ്. ഡോളർ ദുർബലമാകുകയും പലിശവർധന ഡിസംബറിലേ ഉണ്ടാകൂ എന്ന ധാരണ പടരുകയും ചെയ്ത ദിവസം സ്വർണത്തിനു മൂന്നു ശതമാനത്തോളം ഇടിവുണ്ടായതിന് വ്യക്തമായ വിശദീകരണം ആരും നൽകുന്നില്ല. ഇറാനിലും സൗദി അറേബ്യയിലും ആക്രമണം വർധിക്കാനുള്ള സാധ്യത സ്വർണത്തെ കയറ്റേണ്ടതായിരുന്നു. കടപ്പത്രവിലകൾ കൂടിയതും സ്വർണത്തെ താഴ്ത്തേണ്ട കാര്യമായിരുന്നില്ല. ടെക്നോളജി ഓഹരികളുടെ തകർച്ച എഐ മേഖലയെ പ്രതിസന്ധിയിലാക്കും എന്ന ആശങ്ക വിപണിക്കുണ്ട്. എഐ പ്രോസസറുകളിൽ സ്വർണവും വെള്ളിയും ഉപയോഗിക്കുന്നുണ്ട്.

വ്യാഴാഴ്ച 117 ഡോളർ (2.88%) ഇടിഞ്ഞ സ്വർണം ഔൺസിന് 4025.30 ഡോളറിൽ ക്ലോസ് ചെയ്തു. ജൂലൈക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസിംഗാണിത്. ഇന്നു രാവിലെ വീണ്ടും താഴ്‌ന്ന് 3986 ഡോളറിൽ എത്തി. പിന്നീട് കയറി 4010 ലെത്തി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വ്യാഴാഴ്ച 1240 രൂപ കുറഞ്ഞ് 1,05,880 രൂപ ആയി.

വെള്ളിവില വ്യാഴാഴ്ച ആറു ശതമാനം ഇടിഞ്ഞ് ഔൺസിന് 54.72 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 54.37 ഡോളറിലേക്കു താഴ്ന്നു.

പ്ലാറ്റിനം 1553 ഡോളർ, പല്ലാഡിയം 1031 ഡോളർ, റോഡിയം 8625 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

റബർ: വിദേശത്തു താഴ്ച, ഇന്ത്യയിൽ കയറ്റം

രാജ്യാന്തര വിപണിയിൽ റബർ വില വീണ്ടും താഴ്ന്നു. കേരളത്തിൽ മഴ മൂലം വിലക്കയറ്റം തുടർന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 288.20 ഡോളറും ആർഎസ്എസ് മൂന്ന് 284.80 ഡോളറും ആയി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 29,050 രൂപയിലേക്കു കയറി.

ലോഹങ്ങൾ ഇടിഞ്ഞു

നിക്കൽ ഒഴികെ വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ച ഇടിഞ്ഞു. ടെക്നോളജി ഓഹരികളുടെ തകർച്ചയാണു പ്രധാനകാരണം.

ചെമ്പ് ഇന്നലെ 1.77 ശതമാനം താഴ്‌ന്നു ടണ്ണിന് 14,213.85 ഡോളർ ആയി. അലൂമിനിയം 0.56 ശതമാനം താഴ്ന്നു 3007.55 ഡോളറിൽ എത്തി. നിക്കൽ 0.65 ശതമാനം കയറി. ടിന്നും ലെഡും സിങ്കും ഇടിഞ്ഞു.

കൊക്കോ താഴ്ന്നു

കൊക്കോ വില 4.47 ശതമാനം താന്ന് ടണ്ണിന് 5582 ഡോളറിൽ ക്ലോസ് ചെയ്തു.

അറബിക്ക കാപ്പി പൗണ്ടിന് 1.17 ശതമാനം കുറഞ്ഞ് 3.125 ഡോളർ ആയി.

പാം ഓയിൽ 0.52 ശതമാനം താഴ്ന്ന് ടണ്ണിന് 4792 മലേഷ്യൻ റിംഗിറ്റ് ആയി.

ഡോളർ സൂചിക താഴ്ചയിൽ

യുഎസ് ഡോളർ സൂചിക വ്യാഴാഴ്ചയും താഴ്ന്ന് 101.61 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.52 ലേക്ക് താഴ്ന്നു.

യൂറോ ഇന്ന് 1.1219 ഡോളറിലും പൗണ്ട് 1.34 ഡോളറിലും ആണ്. ജാപ്പനീസ് യെൻ ഒരു ഡോളറിന് 156.77 യെൻ ആയി കയറി. ജപ്പാനും യുഎസ് ട്രഷറിയും ഒന്നിച്ചു നീങ്ങിയാണു യെന്നിനെ കയറ്റിയത്.

ചൈനീസ് യുവാൻ ഡോളറിന് 6.68 എന്ന നിലയിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.968 ശതമാനമായി കുറഞ്ഞു. കടപ്പത്രങ്ങളിലേക്കു കൂടുതൽ നിക്ഷേപം എത്തുന്നതാണു കാരണം.

രൂപയ്ക്ക് ഇടിവ്

തുടർച്ചയായ എട്ടു ദിവസം കയറിയ രൂപ ഇന്നലെ താഴ്ന്നു. ഡോളർ 36 പൈസ കൂടി 94.82 രൂപയിൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ 94.71 നും 94.80 നുമിടയിൽ കയറിയിറങ്ങിയിട്ടു 94.74 രൂപയിൽ നിൽക്കുന്നു.

ചൈനീസ് യുവാൻ 14.20 രൂപയിലേക്കു കയറി. യൂറോ 106.40 രൂപയായി.

ക്രൂഡ് ഓയിൽ 114 ലേക്ക്

ഹോർമുസിലും സൗദി അറേബ്യയിലും യുക്രെയ്നിലും ആക്രമണങ്ങൾ തുടക്കുന്നു. ഇറാനിലേക്ക് യുഎസ്- ഇസ്രേലി സംയുക്ത ആക്രമണം പുനരാരംഭിക്കാം എന്ന ഭീഷണി ഉണ്ട്. ഇതു ക്രൂഡ് ഓയിലിൻ്റെ അവധിവില ഉയർത്തുകയാണ്. അതേസമയം ലഭ്യത കൂടിയതു സ്പോട്ട് വില താഴ്‌ത്തിയിട്ടുണ്ട്. അവധിവില ഇനിയും കൂടും എന്നാണു സൂചന.

ബ്രെൻ്റ് ഇനം വ്യാഴാഴ്ച നാലു ശതമാനം കുതിച്ച് 113.17 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഉയർന്ന് 113.76 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 99.85 ഡോളറിലാണ്.

ക്രിപ്റ്റോകൾ ഇടിഞ്ഞു

ക്രിപ്റ്റോ കറൻസികൾ വീണ്ടും നഷ്ടത്തിലായി. ബിറ്റ്കോയിൻ ഇന്നു രാവിലെ 81,200 ഡോളറിനു താഴെ വന്നു. ഈഥർ 2390 ഡോളറിനും സൊലാന 104.00 ഡോളറിനും താഴെ എത്തി.

വിപണിസൂചനകൾ

(2026 ഒക്‌ടോബർ 22, വ്യാഴം)

സെൻസെക്സ് 73,249.39 -0.62%

നിഫ്റ്റി50 22,687.65 -0.54%

ബാങ്ക് നിഫ്റ്റി 54,925.70 -0.09%

മിഡ്ക്യാപ്100 57,063.95 -0.87%

സ്മോൾക്യാപ്100 18,275.90 -1.14%

ഡൗജോൺസ് 52,867.98 +0.02%

എസ്ആൻഡ്പി 7663.43 -1. 21%

നാസ്ഡാക് 26,008.86 -2.60%

ഡോളർ ₹94.82 +₹0.36

സ്വർണം(ഔൺസ്)$4025.30 -$117.00

സ്വർണം(പവൻ) ₹1,05,880 -₹1240

ക്രൂഡ്ഓയിൽബ്രെൻ്റ് $113.17 +$4.35

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com