ഇറാൻ ചർച്ചാസംഘ നേതാവ് പുറത്ത്; ലബനനിൽ വെടിനിർത്തൽ തുടരും; ഏഷ്യൻ വിപണികൾ ദുർബലം; ഇന്ത്യൻ വിപണി പ്രതീക്ഷയോടെ; ക്രൂഡ് ഓയിൽ 106 ഡോളർ കടന്നു

അമേരിക്ക ഇറാൻ്റെ ഒരു എണ്ണ ടാങ്കർ കൂടി ഇന്ത്യാ സമുദ്രത്തിൽ നിന്നു പിടിച്ചെടുത്തു
Pre Market Analysis
Morning business newsCanva
Published on

ഇസ്രയേൽ- ലബനൻ വെടിനിർത്തൽ 30 ദിവസം നീട്ടാൻ തീരുമാനിച്ചെങ്കിലും യുഎസ്- ഇറാൻ ചർച്ച തുടങ്ങാൻ ധാരണ ഉണ്ടായില്ല. ചർച്ചയ്ക്കുള്ള ഇറാൻ സംഘത്തെ നയിച്ചിരുന്ന സ്പീക്കർ മുഹമ്മദ് ഖാലിബാഫിനെ സംഘത്തിൽ നിന്നു രാജിവയ്പിച്ചതായാണു റിപ്പോർട്ട്. തീവ്രവാദികളായ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർ (ഐആർജിസി) ആണു പ്രായോഗിക വാദിയായ ഖാലിബാഫിനെ സമ്മർദം ചെലുത്തി ഒഴിവാക്കിയത്. ഇറാൻ്റെ ഭരണതലത്തിൽ തീവ്രവാദികളും മിതവാദികളും തമ്മിൽ കടുത്ത പോര് നടക്കുന്നു എന്നാണു റിപ്പോർട്ടുകൾ. ഇതിനിടെ അമേരിക്ക ഇറാൻ്റെ ഒരു എണ്ണ ടാങ്കർ കൂടി ഇന്ത്യാ സമുദ്രത്തിൽ നിന്നു പിടിച്ചെടുത്തു. ഇതോടെ എണ്ണവില 1066 ഡോളറിനു മുകളിൽ കയറി. എങ്കിലും ഓഹരി വിപണികൾ വലിയ തകർച്ചയിലേക്കു നീങ്ങിയിട്ടില്ല. ഇന്നുരാവിലെ ഏഷ്യൻ വിപണികൾ ചെറിയ താഴ്ചയിലാണ്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,124.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,262 വരെ കയറി. നിഫ്റ്റി ഇന്നു ഗണ്യമായ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യുഎസ് വിപണി താഴ്ന്നു

പശ്ചിമേഷ്യൻ യുദ്ധം തീരുന്നതിനു സൂചന ഇല്ലെന്നായതു വ്യാഴാഴ്ച യുഎസ് വിപണികളെ താഴ്‌ത്തി. ടെക്നോളജി, സോഫ്റ്റ് വേർ കമ്പനികളുടെ മോശപ്പെട്ട പ്രകടനവും ക്രൂഡ് ഓയിൽ വിലയുടെ കുതിപ്പും വിപണിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി. ഐബിഎം എട്ടും സർവീസ് നൗ 18 ഉം മൈക്രോസോഫ്‌റ്റ് നാലും പലാൻ്റിർ ഏഴും ഓറക്കിൾ ആറും ശതമാനം ഇടിഞ്ഞു.

സമൂഹമാധ്യമ ഭീമൻ മെറ്റാ പ്ലാറ്റ്ഫോംസ് പത്തു ശതമാനം ജീവനക്കാരെ (8000 പേരെ) പിരിച്ചുവിടുമെന്നും 6000 പേരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുമെന്നും അറിയിച്ചു. നിർമിതബുദ്ധിയിൽ കൂടുതൽ നിക്ഷേപം നടത്താനാണു തീരുമാനം.

ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 179.71 പോയിൻ്റ് (0.36%) താഴ്ന്ന് 49,310.32 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 29.50 പോയിൻ്റ് (0.41%) നഷ്ടത്തോടെ 7108.40 ൽ അവസാനിച്ചു. നാസ്ഡാക് 219.06 പോയിൻ്റ് (0.89%) ഇടിവോടെ 24,438.50 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഭിന്നവഴികളിൽ

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഭിന്നദിശകളിലാണ്. ലബനനിലെ വെടിനിർത്തൽ മൂന്നാഴ്ച നീട്ടിയത് വിപണിക്കു ചെറിയ ആശ്വാസമായി. ഇൻ്റൽ കോർപറേഷൻ ഒന്നാം പാദത്തിൽ പ്രതീക്ഷയിലും മികച്ച ലാഭമുണ്ടാക്കുകയും വരുമാന-ലാഭപ്രതീക്ഷകൾ ഉയർത്തുകയും ചെയ്തത് തുടർവ്യാപാരത്തിൽ ഓഹരിയെ 20 ശതമാനം കുതിക്കാൻ സഹായിച്ചു. . ഡൗ ജോൺസ് 65 പോയിൻ്റ് (0.13%) താഴ്ന്നു നിൽക്കുന്നു. എസ് ആൻഡ് പി 12.5 പോയിൻ്റും (0.16%) നാസ്ഡാക് 184 പോയിൻ്റും (0.68%) ഉയർന്നു നീങ്ങുന്നു.

ഇന്ത്യൻ എഡിആറുകൾ ദുർബലം

ന്യൂയോർക്കിൽ എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ വ്യാഴാഴ്ച 2.26 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.67 ശതമാനം കയറി 25.68 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 1.27 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 28.05 ഡോളറിൽ നിന്നു. ഇൻഫോസിസ് എഡിആർ 4.01 ശതമാനം ഇടിഞ്ഞിട്ടു തുടർ വ്യാപാരത്തിൽ 0.08 ശതമാനം കയറി 12.95 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ 3.79 ശതമാനം ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ 3.19 ശതമാനം കയറി 2.09 ഡോളർ ആയി.

യൂറോപ്പ്, ഏഷ്യ

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച ദിനദിശകളിലായി. ജർമൻ, യുകെ സൂചികകൾ താഴ്ന്നു. രണ്ടു വർഷത്തിനിടയിലെ ഏറ്റവും മികച്ച ലാഭവർധന കാണിച്ച ലോറിയൽ ഒൻപതു ശതമാനം കുതിച്ചു അപ്രതീക്ഷിത ലാഭക്കയറ്റത്തിൽ നോകിയ 6.4 ശതമാനം ഉയർന്നു.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഭിന്നദിശകളിലാണ്. ജപ്പാനിലെ നിക്കൈ 0.70 ശതമാനം കയറി. ജപ്പാനിൽ കാതൽ വിലക്കയറ്റം 1.8 ശതമാനത്തിലേക്ക് ഉയർന്നു.

ദക്ഷിണ കൊറിയയിലെ കോസ്പി ഇന്നു രാവിലെ 0.30 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ സൂചിക 0.60 ശതമാനം താഴ്ന്നു. ചൈനീസ് വിപണി 0.50 ശതമാനവും ഹോങ് കോങ് വിപണി 0.90 ശതമാനവും താഴ്ചയിലാണ്

ഇന്ത്യൻ വിപണി ഇടിഞ്ഞു

പശ്ചിമേഷ്യൻ സമാധാനപ്രതീക്ഷ അകന്നതും ക്രൂഡ് ഓയിൽ വില 105 ഡോളറിനു മുകളിലേക്കു കയറിയതും ഇന്ത്യൻ വിപണിയെ ഇന്നലെയും തകർച്ചയിലാക്കി. വിദേശനിക്ഷേപകർ വിൽപന തുടരുകയും ചെയ്തു. റിസർവ് ബാങ്ക് കിണഞ്ഞു പരിശ്രമിച്ചിട്ടും രൂപയുടെ വിനിമയനിരക്കു കുത്തനേ താഴ്ന്നു. കമ്പനികളുടെ നാലാം പാദ റിസൽട്ടിലും ആശ്വാസത്തിനു വക ഉണ്ടായില്ല.

വാഹനങ്ങൾ, റിയൽറ്റി, ബാങ്ക്, ധനകാര്യ, ഐടി, കൺസ്യൂമർ ഡ്യുറബിൾ, മെറ്റൽ, ഓയിൽ കമ്പനികളാണ് ഇന്നലെ വലിയ താഴ്ചയിലായത്. വളർച്ച നിരക്ക് താഴുകയും അറ്റപലിശ വരുമാനം കുറയുകയും ചെയ്ത യൂണിയൻ ബാങ്കിൻ്റെ ഓഹരി 7.5 ശതമാനം ഇടിഞ്ഞു.

ഹെൽത്ത് കെയറും ഫാർമസ്യൂട്ടിക്കൽസും വലിയ മുന്നേറ്റം നടത്തി. വൺ സോഴ്‌സ് സ്പെഷാൽറ്റി രണ്ടാം ദിവസവും കുതിച്ച് 10.80 ശതമാനം ഉയർന്നു. ഒരു മാസം കൊണ്ട് ഓഹരി 36 ശതമാനം കയറി. ഡോ.റെഡ്ഡീസ് 8.87 ഉം സ്‌ട്രൈഡ്സ് ഫാർമ 7.28 ഉം പിരമൾ ഫാർമ 6.54 ഉം സിപ്ല 5.72 ഉം ഗ്ലെൻമാർക്ക് 4.82ഉം ശതമാനം മുന്നേറി.

വിദേശ നിക്ഷേപകർ വ്യാഴാഴ്‌ച വലിയ വിൽപനക്കാരായി. സ്വദേശി ഫണ്ടുകളുടെ വാങ്ങൽ കുറവായിരുന്നു. ക്യാഷ് വിപണിയിൽ വിദേശികൾ 3254.71 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശികൾ 941.35 കോടി രൂപയുടെ വാങ്ങലും നടത്തി.

സെൻസെക്‌സ് വ്യാഴാഴ്ച 852.49 പോയിൻ്റ് (1.09%) താഴ്ന്ന് 77,664.00 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 205.05 പോയിൻ്റ് (0.84%) ഇടിവോടെ 24,173.05 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 819.45 പോയിൻ്റ് (1.43%) നഷ്ടത്തോടെ 56,305.00 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 248.80 പോയിൻ്റ് (0.41%) താഴ്ന്ന് 59,952.80 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 119.60 പോയിൻ്റ് (0.67%) നഷ്ടത്തോടെ 17,720.75 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നഷ്ടത്തിലായി. ബിഎസ്ഇയിൽ 1681 ഓഹരികൾ കയറിയപ്പോൾ 2602 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 1246 എണ്ണം ഉയർന്നപ്പോൾ 2026 എണ്ണം ഇടിഞ്ഞു.

ഇൻഫോസിസ് റിസൽട്ട് നിരാശപ്പെടുത്തി

ഇൻഫോസിസ് ടെക്നോളജീസിൻ്റെ നാലാം പാദ റിസൽട്ട് തൃപ്തികരമായില്ല. സ്ഥിര കറൻസിയിൽ വരുമാനം തലേ പാദത്തേക്കൾ 1.6 ശതമാനം താഴ്ന്നു. വാർഷികാടിസ്ഥാനത്തിൽ 13.4 ശതമാനം വർധിച്ചു. പ്രവർത്തന ലാഭം 13.6 ശതമാനം വർധിച്ചു. ലാഭമാർജിൻ 21 ശതമാനമായി. എന്നാൽ കമ്പനിക്കു ലഭിച്ച കോൺട്രാക്റ്റുകളുടെ തുക 480 കോടി ഡോളറിൽ നിന്ന് 320 കോടി ഡോളർ ആയി താഴ്ന്നു. ഈ ധനകാര്യ വർഷത്തെ വരുമാന പ്രതീക്ഷ 1.5-3.5 ശതമാനം മാത്രമാണ്. 2.0 - 5.0 ശതമാനമായിരുന്നു പ്രതീക്ഷ. റിസൽട്ടിനു ശേഷം യുഎസ് വിപണിയിൽ ഇൻഫി എഡിആർ നാലു ശതമാനം ഇടിഞ്ഞു. ഈയാഴ്ച അഞ്ചു ശതമാനത്തിലധികം താഴ്ന്ന ഓഹരി 2026ൽ 25 ശതമാനം ഇടിഞ്ഞു. അനാലിസ്റ്റുകളിൽ ഭൂരിപക്ഷവും ഓഹരിക്ക് വാങ്ങൽ ശിപാർശ തുടർന്നു. നൊമുറ ഓഹരിയുടെ ലക്ഷ്യവില 1630 ൽ നിന്ന് 1640 രൂപയായി ഉയർത്തി. ഇന്നലത്തെ വിലയേക്കാൾ 33 ശതമാനം അധികമാണിത്.

ഇന്ത്യൻ വിപണിയെ തരം താഴ്‌ത്തി ജെപി മോർഗൻ

വിദേശ ബ്രോക്കറേജ് ജെപി മോർഗൻ ഇന്ത്യൻ ഓഹരി വിപണിയുടെ റേറ്റിംഗ് താഴ്‌ത്തി. ഓവർവെയിറ്റ് എന്നതിൽ നിന്ന് ന്യൂട്രലിലേക്കാണു താഴ്ത്തിയത്. നിഫ്റ്റി 50 യുടെ ലക്ഷ്യവിലയും താഴ്‌ത്തി. ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് ഇവർ ഇന്ത്യൻ വിപണിയെ തരം താഴ്ത്തുന്നത്.

ബുൾ സാഹചര്യത്തിലെ നിഫ്റ്റി 50 ലക്ഷ്യം 33,000 ൽ നിന്നു 30,000 ആക്കി. ബേസ് സാഹചര്യത്തിലേത് 30,000 ൽ നിന്ന് 27,000 ആക്കിയപ്പോൾ ബെയർ സഹചര്യത്തിലേത് 24,000 ൽ നിന്ന് 20,500 ആക്കി. മറ്റു വികസ്വര രാജ്യങ്ങളെ അപേക്ഷിച്ചു കൂടിയ പിഇ അനുപാതത്തിലാണ് ഇന്ത്യൻ ഓഹരി വിലകൾ എന്നും ലാഭവർധന കുറയുമെന്നും ബ്രോക്കറേജ് വിലയിരുത്തി.

കമ്പനികൾ, വാർത്തകൾ

എൽടിഐ മൈൻഡ് ട്രീ നാലാംപാദത്തിൽ അനാലിസ്റ്റ് പ്രതീക്ഷയോടു പൊരുത്തപ്പെടുന്ന റിസൽട്ട് പ്രസിദ്ധീകരിച്ചു. തലേ പാദത്തെ അപേക്ഷിച്ച് വരുമാനം 4.7 ശതമാനം കൂടിയപ്പോൾ അറ്റാദായം 44.6 ശതമാനം കുതിച്ചു.

നാലാം പാദത്തിൽ ടാറ്റാ കാപ്പിറ്റൽ അറ്റാദായം 80.5 ശതമാനം കയറി.

അദാനി എനർജി സൊലൂഷൻസ് നാലാം പാദത്തിൽ വരുമാനം 16.8 ശതമാനം കൂടിയപ്പോൾ അറ്റാദായം 5.7 ശതമാനം മാത്രം വർധിച്ചു. പ്രവർത്തന ലാഭം 4.7 ശതമാനം കുറഞ്ഞു. ലാഭമാർജിൻ 35.3 ൽ നിന്ന് 28.8 ശതമാനമായി താഴ്ന്നു.

സിയൻ്റിനു നാലാം പാദ വരുമാനം 4.2 ശതമാനം കൂടിയപ്പോൾ അറ്റാദായം 32.6 ശതമാനം ഇടിഞ്ഞു. ഒന്നിന് 1125 രൂപ വച്ച് 64 ലക്ഷം ഓഹരികൾ തിരിച്ചു വാങ്ങാൻ കമ്പനി തീരുമാനിച്ചു. ഇതിന് 720 കോടി രൂപ മുടക്കും.

വരുമാനം 14.1 ശതമാനം വർധിച്ചപ്പോൾ നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്കു മാറാൻ നാലാം പാദത്തിൽ മഹീന്ദ്ര ലോജിസ്റ്റിക്സിനു കഴിഞ്ഞു. പ്രവർത്തനലാഭം 44.6 ശതമാനം കുതിച്ചു.

സ്വർണം താഴ്ന്നു

പശ്ചിമേഷ്യൻ അനിശ്ചിതത്വം സ്വർണവിപണിയെ ഉലയ്ക്കുന്നു. വ്യഴ്ചേ 4664- 4753 ഡോളർ പരിധിയിൽ കയറിയിറങ്ങിയ വില ഒരു ശതമാനം നഷ്ടത്തോടെ ഔൺസിന് 4693.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4710 ഡോളറിലേക്കു കയറിയിട്ട് 4694 ലേക്കു താണു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ബുധനാഴ്ച 280 രൂപ കുറഞ്ഞ് 1,13,200 രൂപയിൽ എത്തി.

വെള്ളി വില ഔൺസിന് 75.56 ഡോളറിൽ ക്ലോസ് ചെയ്തിട്ട് ഇന്നു രാവിലെ 77.97 ഡോളറിലേക്ക് കയറി.

പ്ലാറ്റിനം 2017 ഡോളർ, പല്ലാഡിയം 1463 ഡോളർ, റോഡിയം 9700 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ പലവഴിയേ

യുദ്ധം സംബന്ധിച്ചു തുടരുന്ന അനിശ്ചിതത്വം വ്യാവസായിക ലോഹങ്ങളെ ഭിന്നദിശകളിലാക്കി. ചെമ്പ് 0.05 ശതമാനം താഴ്ന്നു ടണ്ണിന് 13,189.85 ഡോളറിൽ എത്തി. അലൂമിനിയം 0.10 ശതമാനം കൂടി ടണ്ണിന് 3618.75 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും ലെഡും ടിന്നും ഉയർന്നപ്പോൾ സിങ്ക് താഴ്ന്നു.

റബർ വില ഉയർന്നു

ബാങ്കോക്ക് വിപണിയിൽ വ്യാഴാഴ്ച ആർഎസ്എസ് 3 റബർ വില ക്വിൻ്റലിന് 2.62 ഡോളർ കയറി 274.50 ഡോളർ ആയി. കൃത്രിമ റബർ വില മാറ്റമില്ലാതെ ടണ്ണിന് 16,775.00 യുവാൻ തുടർന്നു.

കൊക്കോ വില 0.76 ശതമാനം ഉയർന്നു ടണ്ണിന് 3453.00 ഡോളർ ആയി.

തേയിലവില മാറ്റമില്ലാതെ കിലോഗ്രാമിനു 181.94 രൂപയിൽ തുടർന്നു. കാപ്പി 4.06 ശതമാനം ഉയർന്നു പൗണ്ടിന് 300.90 സെൻ്റിൽ എത്തി. പാം ഓയിൽ വില 1.06 ശതമാനം താഴ്ന്നു ടണ്ണിനു 4579 മലേഷ്യൻ റിംഗിറ്റിൽ എത്തി.

പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 0.82 ശതമാനം വരെ ഉയർന്നു. യൂറിയ 0.11 ശതമാനം താഴ്ന്നു ടണ്ണിന് 694.00 ഡോളർ ആയി. ഡൈ അമോണിയം ഫോസ്ഫേറ്റ് ടണ്ണിന് 725.00 ഡോളറിൽ തുടരുന്നു.

ഡോളർ സൂചിക ഉയർന്നു

യുഎസ് ഡോളർ സൂചിക വ്യാഴാഴ്ച ഉയർന്ന് 98.77 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.82 ലേക്കു കയറി.

യൂറോ 1.1685 ഡോളറിലേക്കും പൗണ്ട് 1.3467 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 159.78 യെൻ എന്ന നിലയിലേക്കു താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.83 യുവാൻ എന്ന നിരക്കിൽ ആയി.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 4.33 ശതമാനമായി ഉയർന്നു.

രൂപ വീണ്ടും ഇടിഞ്ഞു

ഡോളറുമായുള്ള വിനിമയത്തിൽ രൂപ വ്യാഴാഴ്ചയും ദുർബലമായി. ഉയർന്നു വ്യാപാരം തുടങ്ങിയ ഡോളർ 31 പൈസ നേട്ടത്തോടെ 94.11 രൂപയിൽ ക്ലോസ് ചെയ്തു. രൂപ- ഡോളർ ഫോർവേഡ് വ്യാപാരത്തിലെ കർശന നിബന്ധനകൾ നീക്കിയ റിസർവ് ബാങ്കിൻ്റെ പ്രതീക്ഷയ്ക്കു വിപരീതമായാണു വിപണി നീങ്ങിയത്. ഡോളർ 94.14 രൂപയിലേക്കു കയറിയിട്ടാണു താഴ്ന്നു ക്ലോസ് ചെയ്തത്. റിസർവ് ബാങ്ക് വലിയ അളവിൽ ഡോളർ വിറ്റെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 94.24 രൂപയിലേക്കു കയറി.

ചൈനീസ് യുവാൻ 13.79 രൂപയിലും യൂറോ 109.98 രൂപയിലും എത്തി.

ക്രൂഡ് ഓയിൽ കുതിച്ചു

ഹോർമുസ് പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യാ സമുദ്രത്തിലും മറ്റും ഇറാൻ്റെ എണ്ണ ടാങ്കറുകൾ അമേരിക്ക പിടിച്ചതോടെ ലോകത്തിൽ എണ്ണലഭ്യത ഇടിഞ്ഞു. വില കുതിച്ചു.. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ മൂന്നര ശതമാനം ഉയർന്ന് വീപ്പയ്ക്ക് 105.07 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കുതിച്ച് 106.82 ലേക്കു കയറി. ഇനിയും കയറും എന്നാണു സൂചന. ഡബ്ള്യുടിഐ ഇനം ക്രൂഡ് 97.32 ഡോളറിൽ എത്തി.

ക്രിപ്റ്റോകൾ താഴ്ന്നു

യുദ്ധഗതി സംബന്ധിച്ച ആശങ്ക തുടരുന്നത് ക്രിപ്റ്റോ കറൻസികളെ താഴ്‌ത്തി. ഇന്നലെ 79,000 ഡോളർ വരെ എത്തിയ ബിറ്റ്കോയിൻ ഇന്നു രാവിലെ 78,500 ഡോളറിനു താഴെ ആയി. ഈഥർ 2335 ഡോളറിനും സൊലാന 87 ഡോളറിനും താഴെ നിൽക്കുന്നു.

വിപണിസൂചനകൾ

(2026 ഏപ്രിൽ 23, വ്യാഴം)

സെൻസെക്സ് 77,664.00 -1.09%

നിഫ്റ്റി50 24,173.05 -0.84%

ബാങ്ക് നിഫ്റ്റി 56,305.00 -1.43%

മിഡ്ക്യാപ്100 59,952.80 -0.41%

സ്മോൾക്യാപ്100 17,720.75 -0.67%

ഡൗജോൺസ് 49,310.32 -0.36%

എസ്ആൻഡ്പി 7108.40 -0.41%

നാസ്ഡാക് 24,438.50 -0.89%

ഡോളർ ₹94.11 +₹0.31

സ്വർണം(ഔൺസ്)$4693.80 -47.10

സ്വർണം(പവൻ) ₹1,13,200 -₹280

ക്രൂഡ്ഓയിൽബ്രെൻ്റ്$105.07 +$3.16

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com