ഇറാനെതിരേ ഇനി സാമ്പത്തിക യുദ്ധം; പ്രഖ്യാപനം രാത്രി; പ്രതികരണത്തെപ്പറ്റി ആശങ്ക; ക്രൂഡ് ഓയിൽ 93 ഡോളറിനു താഴെ; സ്വർണം കയറ്റത്തിൽ

ഇറാനെതിരായ പുതിയ യു.എസ്. സാമ്പത്തിക ഉപരോധ ഭീഷണിയിൽ ആഗോള വിപണികൾ അനിശ്ചിതത്വം നിഴലിക്കുമ്പോൾ ക്രൂഡ് ഓയിൽ വില 93 ഡോളറിന് താഴേക്ക്; സുരക്ഷിത നിക്ഷേപമായി സ്വർണം കുതിച്ചുയരുന്നു
Stock Market Pre-opening Analysis
Morning Business NewsDhanam Media
Published on

ഇറാനെതിരേ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ അമേരിക്ക ഇന്നു രാത്രി ഒൻപതിനു ശേഷം പ്രഖ്യാപിക്കും. അതേച്ചൊല്ലിയുള്ള ആശങ്കകളിലാണ് ഇന്ത്യ അടക്കമുള്ള ഓഹരി വിപണികളും കറൻസി വിപണികളും. സാമ്പത്തിക ഉപരോധത്തിൽ സഹകരിക്കുന്ന രാജ്യങ്ങളെ ഇറാൻ ആക്രമിക്കും എന്നു ഭീഷണിയുണ്ട്. അത് വീണ്ടും വലിയ യുദ്ധമാകുമോ എന്നും ആശങ്ക പ്രബലമാണ്. അതിനാൽ വിപണിയിൽ കരുതലോടെയുള്ള നീക്കങ്ങൾ പ്രതീക്ഷിച്ചാൽ മതി.

ക്രൂഡ് ഓയിൽ വില രാവിലെ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു 93 ഡോളറിനു താഴെ എത്തി. സ്വർണം കയറ്റത്തിലാണ്. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,329.00-ൽ ക്ലോസ് ചെയ്തു. ഇന്നു (ഓഗസ്റ്റ് 24) രാവിലെ 24,361 വരെ ഉയർന്നു. ഇന്ത്യൻ വിപണി ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യു.എസ് വിപണി കയറി

കടപ്പത്രങ്ങളുടെ ഇടിവ് തുടർന്നെങ്കിലും വെള്ളിയാഴ്ച യു.എസ് വിപണി ഉയർന്നു. വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 517.80 പോയിൻ്റ് (0.98 ശതമാനം) ഉയർന്ന് 53,277.01-ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 33.21 പോയിൻ്റ് (0.43%) കയറി 7674.37-ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 113.29 പോയിൻ്റ് (0.44%) നേട്ടത്തോടെ 26,180.46-ൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് കഴിഞ്ഞയാഴ്ച 6.8 ശതമാനം താഴ്‌ന്നു. എസ് ആൻഡ് പി 1.4 ഉം നാസ്ഡാക് രണ്ടും ശതമാനം നഷ്‌ടപ്പെടുത്തി.

ഫ്യൂച്ചേഴ്സ് ഭിന്ന ദിശകളിൽ

യു.എസ് ഫ്യൂച്ചേഴ്സ് ചെറിയ കയറ്റത്തിലാണ്. ഡൗ ജോൺസ് 22 പോയിൻ്റും (0.04%) എസ് ആൻഡ് പി 5 പോയിൻ്റും (0.07%) നാസ്ഡാക് 8 പോയിൻ്റും(0.03%) ഉയർന്നു നീങ്ങുന്നു.

എ.ഡി.ആർ വിപണി

ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വെള്ളിയാഴ്ച എച്ച്.ഡി.എഫ്.സി ബാങ്ക് വ്യാപാര സമയത്ത് 1.11 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 0.34% കൂടി കയറി 23.68 ഡോളറിൽ ക്ലോസ് ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക് നിശ്ചിത സമയത്ത് 0.81% കയറിയ ശേഷം തുടർ വ്യാപാരത്തിൽ 1.14 ശതമാനം ഉയർന്ന് 30.25 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 0.93% ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 0.13% താഴ്ന്നു 11.93 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.05 ശതമാനം ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 1.89 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് നേട്ടത്തിൽ

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഉയർന്നു. കമ്പനി റിസൽട്ടുകളുടെ മികവിൽ സറ്റോക്സ് 600 റെക്കോർഡിനടുത്താണ്. യൂറോ കറൻസിയും ഉയർന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ദക്ഷിണ കൊറിയയിൽ കോസ്‌പി സൂചിക ഒരു ശതമാനം ഇടിവിലാണ്. സാംസങ് ഇലക്ട്രോണിക്സ് എട്ടു ശതമാനം ഇടിഞ്ഞു. എസ്.കെ ഹൈനിക്സ് 2.5 ശതമാനം കയറി. ജപ്പാനിൽ നിക്കൈ സൂചിക ചാഞ്ചാടുകയാണ്. ഓസ്ട്രേലിയൻ വിപണി 0.40 ശതമാനം ഉയർന്നു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.65 ശതമാനം ഉയർന്നു. ഷാങ്ഹായ് സൂചിക 0.50 ശതമാനം താഴ്ന്നു. തായ്‌‍വാൻ സൂചിക കയറി.

ഇന്ത്യ ചാഞ്ചാട്ടത്തിൽ

വെള്ളിയാഴ്ച ഇന്ത്യൻ വിപണി ചാഞ്ചാട്ടത്തിലായിരുന്നു. നേട്ടത്തോടെ വ്യാപാരം തുടങ്ങിയിട്ടു നഷ്ടത്തിലേക്കു വീണു. പിന്നീടു മുഴുവൻ സമയവും കയറിയിറങ്ങി. വിദേശ നിക്ഷേപകർ വിൽപന തുടരുകയാണ്. അവർ ക്യാഷ് വിപണിയിൽ 542.71 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 2,124.14 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

വെള്ളിയാഴ്ച സെൻസെക്‌സ് 3.11 പോയിൻ്റ് (0.00%) കൂടി 77,540.83-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 20.15 പോയിൻ്റ് (0.08%) നേട്ടത്തോടെ 24,252.00-ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 266.05 പോയിൻ്റ് (0.46%) ഉയർന്ന് 57,761.95-ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്-100 സൂചിക 64.20 പോയിൻ്റ് (0.10%) കയറി 63,735.75-ൽ അവസാനിച്ചു. സ്മോൾ ക്യാപ്-100 സൂചിക 136.30 പോയിൻ്റ് (0.69%) നേട്ടത്തോടെ 19,977.75-ൽ ക്ലോസ് ചെയ്തു. വിശാല വിപണിയിൽ കൂടുതൽ ഓഹരികൾ ഉയർന്നു. ബി.എസ്.ഇയിൽ 2,177 ഓഹരികൾ കയറി, 2152 ഓഹരികൾ താഴ്ന്നു. എൻ.എസ്.ഇയിൽ 1,873 എണ്ണം ഉയർന്നപ്പോൾ 1,633 എണ്ണം താഴ്ന്നു.

തീരുവ ഇല്ലാതെ 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയതു പഞ്ചസാരമിൽ ഓഹരികളെ ഇടിവിലാക്കി. മൂന്നു ദിവസം തുടർച്ചയായി ഉയർന്ന ബൽറാം പുർ ചീനി, ശക്തി, റാണ, രാജശ്രീ, ശ്രീരേണുക, പൊന്നി, ഡാൽമിയ, അവധ്, ദ്വാരികേശ്, ധാംപുർ തുടങ്ങിയവ നഷ്‌ടത്തിലായി. മെറ്റൽ, റിയൽറ്റി, ബാങ്ക്, ധനകാര്യ ഓഹരികൾ മികച്ച നേട്ടം ഉണ്ടാക്കിയപ്പോൾ ഐടി, വാഹന, എഫ്എംസിജി, ഹെൽത്ത്, മീഡിയ ഓഹരികൾ താഴ്ന്നു.

സ്വർണം കുതിപ്പ് തുടരുന്നു

കടപ്പത്രവിപണിയിലെ അശാന്തിയും ഇറാനെതിരായ സാമ്പത്തിക ഉപരോധത്തെപ്പറ്റി ഉള്ള ആശങ്കയും സ്വർണക്കുതിപ്പിന് ആക്കം കൂട്ടുകയാണ്. കടപ്പത്രവിപണിയിലെ നീക്കങ്ങൾ പലിശ കൂടും എന്നാണു കാണിക്കുന്നത്. വെള്ളിയാഴ്ച രണ്ടു ശതമാനം ഉയർന്ന സ്വർണം ഔൺസിസ് 4604.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4,642 ഡോളർ വരെ ഉയർന്ന ശേഷം 4,630-ൽ ആയി.

കേരളത്തിൽ 22 കാരറ്റ് സ്വർണം വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂടി പവന് 2,800 രൂപ കുതിച്ച് 1,19,600 രൂപയിൽ എത്തി. ഇന്നും വില ഉയരാം.

വെള്ളി വില വെള്ളിയാഴ്ച അൽപം ഉയർന്ന് ഔൺസിന് 69.11 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 69.34 ഡോളറിലേക്കു കയറി. പ്ലാറ്റിനം 1,874 ഡോളർ, പല്ലാഡിയം 1,332 ഡോളർ, റോഡിയം 8,550 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ ഉയർന്നു

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഉയർന്നു. ചെമ്പ് 0.86 ശതമാനം കയറി 14,290.85 ഡോളറിൽ എത്തി. അലൂമിനിയം 0.53 ശതമാനം നേട്ടത്തോടെ 3215.83 ഡോളർ ആയി. സിങ്കും ലെഡ്ഡും ടിന്നും നിക്കലും ഉയർന്നു.

റബർ കയറ്റത്തിൽ

രാജ്യാന്തര റബർവില ഗണ്യമായി ഉയർന്നു. കേരളത്തിൽ വില മാറ്റമില്ല. ബാങ്കോക്കിൽ ആർ.എസ്.എസ്-1 ക്വിൻ്റലിന് 284.46 ഡോളറിലും ആർ.എസ്.എസ്-3 ക്വിൻ്റലിന് 280.96 ഡോളറിലും എത്തി. കേരളത്തിൽ ആർ.എസ്.എസ്-4 ക്വിൻ്റലിന് 27,400 രൂപയിൽ തുടർന്നു.

കൊക്കോ ചാഞ്ചാടുന്നു, പാമോയിൽ ഉയരുന്നു

കൊക്കോ വില ടണ്ണിന് 6064 ഡോളർ വരെ ഉയർന്ന ശേഷം 6034 ഡോളറിൽ ക്ലോസ് ചെയ്തു. കാലാവസ്ഥ പ്രതികൂലമായതിനാൽ ഉൽപാദനം 13 ശതമാനം കുറയുമെന്നാണു ഘാനയിലെ കൊക്കോ ബോർഡ് കണക്കാക്കുന്നത്. ഐവറി കോസ്റ്റിൽ ഉൽപാദനം 10 ശതമാനത്തിലധികം ഇടിയും. ഏറ്റവുമധികം കൊക്കോ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇവ. ആഗോള മിച്ചം 2026-27 ൽ 66 ശതമാനം ഇടിഞ്ഞ് 1,11,000 ടൺ ആകുമെന്നു ഹെഡ്ജ് പോയിൻ്റ് ഗ്ലോബൽ മാർക്കറ്റ്സ് കണക്കാക്കുന്നു.

അറബിക്ക കാപ്പിവില 2.02 ശതമാനം താഴ്ന്നു പൗണ്ടിന് 3.23 ഡോളർ ആയി. എൽ നിനോ മൂലം ഉൽപാദനം കുറയും എന്ന ആശങ്കയുണ്ട്. പാമോയിൽ വില വാരാന്ത്യത്തിൽ 5000 മലേഷ്യൻ റിംഗിറ്റിനു മുകളിലേക്ക് കയറി. ഉൽപാദനം കുറയുന്നതും ഇൻഡോനീഷ ബയോ ഡീസലിനായി പാമോയിൽ ഉപയോഗിക്കുന്നതും ആണു കാരണം. വെള്ളിയാഴ്ച വില 1.15 ശതമാനം കയറി ടണ്ണിനു 5018 മലേഷ്യൻ റിംഗിറ്റിൽ എത്തി.

ഡോളർ കയറുന്നു

യു.എസ് ഡോളർ സൂചിക വെള്ളിയാഴ്ച 98.80-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 98.76 വരെ താഴ്ന്നിട്ട് 98.84-ലേക്കു കയറി. യൂറോ 1.17 ഡോളറിലേക്കും പൗണ്ട് 1.3649 ഡോളറിലേക്കും നീങ്ങി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 158.94 യെന്നിലേക്കു താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.72 എന്ന നിരക്കിൽ തുടരുന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) വെള്ളിയാഴ്ച 4.736 ശതമാനത്തിലേക്കു കയറി. ഇന്ന് 4.716-ലേക്കു താഴ്ന്നു. 30 വർഷ കടപ്പത്രങ്ങളുടേത് 5.273% വരെ ഉയർന്നിട്ട് 5.253-ലേക്കു താഴ്ന്നു.

രൂപ കയറി

വെള്ളിയാഴ്ച ഇന്ത്യൻ രൂപ ചെറിയ നേട്ടത്തിൽ അവസാനിച്ചു. ഡോളർ ഒരു പൈസ കുറഞ്ഞു 95.70 രൂപയിൽ ക്ലോസ് ചെയ്തു. വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.98 രൂപ വരെ കയറിയിട്ട് 95.29 രൂപയിലേക്ക് ഇടിഞ്ഞു. പിന്നീട് 95.61 രൂപയായി. ചൈനീസ് യുവാൻ 14.26 രൂപയിലും യൂറോ 111.99 രൂപയിലും ആണ്.

ക്രൂഡ് ഓയിൽ ഇടിവിൽ

ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിൽ 94 ഡോളറിനെ സമീപിച്ചിട്ടു പുതിയ ആഴ്ചയിൽ താഴോട്ടു നീങ്ങുന്നു. കഴിഞ്ഞ ആഴ്ച അഞ്ചു ശതമാനം ഉയർന്ന ക്രൂഡ് ഓയിൽ ഇന്നു രാവിലെ രണ്ടു ശതമാനം ഇടിഞ്ഞു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വെള്ളിയാഴ്ച 0.61 ഡോളർ വർധിച്ച് 94.39 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2.16 ശതമാനം താഴ്‌ന്ന് 92.35 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 85.14 ഡോളറിലും എത്തി.

ക്രിപ്റ്റോകൾ കുതിപ്പിൽ

ക്രിപ്റ്റോ കറൻസികൾ വലിയ കുതിപ്പ് തുടർന്നു. ക്രിപ്റ്റോകൾക്ക് അനുകൂലമായ നിയമനിർമാണം മുന്നോട്ടു കൊണ്ടു പോകാൻ പ്രസിഡൻ്റ് ട്രംപ് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയതാണു പുതിയ സംഭവവികാസം. കഴിഞ്ഞ വർഷം കൊണ്ടുവന്ന ബിൽ സെനറ്റിൽ തഴയപ്പെട്ടു കിടക്കുകയായിരുന്നു. ബിറ്റ്കോയിൻ വാരാന്ത്യത്തിൽ കുതിച്ച് 78,026 ഡോളറിൽ എത്തി. ഇന്നു രാവിലെ 77,200 ലേക്കു താഴ്ന്നു. 2484 ഡോളർ വരെ കയറിയ ഈഥർ ഇന്ന് 2450 ഡോളറിനും 97.15 വരെ കുതിച്ച സൊലാന 94.50 ഡോളറിനും മുകളിൽ ആയി.

വിപണി സൂചനകൾ

(2026 ഓഗസ്റ്റ് 21, വെള്ളി)

  • സെൻസെക്സ്: 77,540. 83 +0.00%

  • നിഫ്റ്റി-50: 24,252.00 +0.08%

  • ബാങ്ക് നിഫ്റ്റി: 57,761.95 +0.46%

  • മിഡ് ക്യാപ്-100: 63,735.75 +0.10%

  • സ്മോൾ ക്യാപ്-100: 19,977.75 +0.69%

  • ഡൗജോൺസ്: 53,277.01 +0.98%

  • എസ്ആൻഡ്പി: 7674.37 +0.43%

  • നാസ്ഡാക്: 26,180.46 +0.44%

  • ഡോളർ: ₹95.70 -₹0.01

  • സ്വർണം (ഔൺസ്): $4604.40 +$84.10

  • സ്വർണം (പവൻ): ₹1,18,480 +₹1680

  • ശനി: ₹1,19,600 +₹1120

  • ക്രൂഡ് ഓയിൽ-ബ്രെൻ്റ്: $94.39 +0.61

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com