തീരുവവിഷയത്തിലെ അനിശ്ചിതത്വം നീളുകയാണ്. അവസരം മുതലെടുത്ത് അമേരിക്കയോടു വില പേശാൻ ശ്രമിക്കുന്ന രാജ്യങ്ങൾക്കു കൂടിയ തീരുവ ചുമത്തും എന്നു പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. ഇന്നു പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരാനിരിക്കെ ഏതാകും നിരക്ക് എന്നതിൽ വ്യക്തത ഇല്ല താനും. ഇപ്പോൾ ഏതെങ്കിലും നിരക്കു ചുമത്തിയാൽ തന്നെ ദിവസങ്ങൾക്കകം അതു മാറ്റാൻ ട്രംപ് മടിക്കില്ല എന്നാണ് ആശങ്ക.
വ്യാഴാഴ്ച ജനീവയിൽ ചർച്ച വച്ചിരിക്കെ ഇറാനു നേരേ ഇന്നോ നാളെയോ ആക്രമണം ഉണ്ടാകില്ല എന്ന വിശ്വാസത്തിലാണു ലോകം. നിർമിതബുദ്ധിയിൽ വീണ്ടും ആശങ്ക ഉയരുന്നതായി തിങ്കളാഴ്ചത്തെ യുഎസ് വിപണി കാണിക്കുന്നു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,599.50 ൽ എത്തി. ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 25,563 ലേക്കു താഴ്ന്നിട്ട് 25,631 വരെ കയറി. വീണ്ടും ഇടിഞ്ഞു. വിപണി ഇന്ന് ഗണ്യമായ താഴ്ചയോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന. ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ഇൻഫോസിസ് തിങ്കളാഴ്ച 5.05 ശതമാനം ഇടിഞ്ഞു. തുടർ വ്യാപാരത്തിൽ 0.07 ശതമാനം താഴ്ന്നു. വിപ്രോ 3.10 ശതമാനം താഴ്‌ന്ന ശേഷം തുടർവ്യാപാരത്തിൽ 0.46 ശതമാനം കൂടി ഇടിഞ്ഞു.
തീരുവകാര്യത്തിൽ പ്രസിഡൻ്റ് ട്രംപ് ''എല്ലാവരോടും പകയോടെ'' നീങ്ങും എന്നു വ്യക്തമായതോടെ തിങ്കളാഴ്ച അമേരിക്കൻ വിപണി വലിയ ഇടിവിലായി. ഒപ്പം നിർമിതബുദ്ധി (എഐ) ആശങ്കകൾ വീണ്ടും ശക്തിപ്പെട്ടു.
സുപ്രീം കോടതി വിധി അവസരമാക്കി കളികൾക്ക് ആരെങ്കിലും മുതിർന്നാൽ അവർക്കു കനത്ത പിഴത്തീരുവ ചുമത്തും എന്ന മുന്നറിയിപ്പും ട്രംപ് നൽകി. എല്ലാം കൂടി തീരുവകാര്യത്തിൽ അനിശ്ചിതത്വമാണു കൂടുന്നത്. പുതിയ നിരക്ക് ഇന്നു പ്രാബല്യത്തിൽ വരേണ്ടതാണ്. മൊത്തം 15 ശതമാനം തീരുവ എന്നതു പാലിച്ചില്ലെങ്കിൽ യുഎസുമായുള്ള വ്യാപാര കരാറിൽ നിന്നു പിന്മാറുമെന്നു യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു. കരാർ അംഗീകരിക്കാനുളള പാർലമെൻ്റ് സമ്മേളനം അവർ നീട്ടിവച്ചു.
ആന്ത്രോപിക് എഐ തങ്ങളുടെ പുതിയ ക്ലോഡ് കോഡ് ഉൽപന്നത്തിൻ്റെ ശേഷികൾ വെളിപ്പെടുത്തിയതോടെ ഐബിഎം ഓഹരി 13 ശതമാനം ഇടിഞ്ഞു. ക്രൗഡ് സ്‌ട്രൈക് എന്ന സോഫ്റ്റ്‌വേർ കമ്പനി 10 ശതമാനം താഴ്‌ന്നു. ധനകാര്യ കമ്പനികളായ മാസ്റ്റർ കാർഡും അമേരിക്കൻ എക്സ്പ്രസും എഐ ഭീതിയിൽ ഏഴു ശതമാനത്തോളം നഷ്‌ടത്തിലായി.
ഡൗ ജോൺസ് 821.91 പോയിൻ്റ് (1.66%) ഇടിഞ്ഞ് 48,804.06 ലും എസ് ആൻഡ് പി 71.76 പോയിൻ്റ് (1.04%) താഴ്‌ന്ന് 6837.75 ലും നാസ്ഡാക് കോംപസിറ്റ് 258.80 പോയിൻ്റ് (1.13%) നഷ്ടത്തോടെ 22,627.27 ലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. ഡൗ ജോൺസ് 0.10 ഉം എസ് ആൻഡ് പി 0.14 ഉം നാസ്ഡാക് 0.22 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച വലിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. കാഗ്രിസേമ എന്ന ഭാരം കുറയ്ക്കൽ ഔഷധം എലൈ ലില്ലിയുടെ ടിർസെപാടൈഡിനെ അപേക്ഷിച്ചു ദുർബലമാണെന്നു പരീക്ഷണത്തിൽ കണ്ടത് നിർമാതാക്കളായ നോവോ നോർഡിസ്‌കിനെ 15 ശതമാനം താഴ്‌ത്തി.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്നദിശകളിലാണ്. ജപ്പാനിൽ നിക്കൈ 0.75 ശതമാനം കയറി. ഓസ്ട്രേലിയൻ വിപണി 0.20 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ വിപണി ഒരു ശതമാനം താഴ്‌ചയിലാണ്. എല്ലാ രാജ്യങ്ങൾക്കും അമേരിക്ക 15 ശതമാനം തീരുവ ആക്കുന്നതു തങ്ങൾക്കു സഹായകരമാകും എന്ന ധാരണ കൊറിയൻ വിപണി തിരുത്തി. ഹോങ് കോങ് വിപണി 0.70 ശതമാനത്തിലധികം താഴ്ന്നു. ഒരാഴ്ചത്തെ അവധിക്കു ശേഷം തുറന്ന ചൈനീസ് വിപണി 1.15 ശതമാനം ഉയർന്നു. ചൈനീസ് കേന്ദ്ര ബാങ്ക് തുടർച്ചയായ 10 -ാം മാസവും പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല.
തീരുവകാര്യത്തിൽ ഇന്ത്യക്കു സഹായകമാണു പുതിയ സംഭവവികാസങ്ങൾ എന്ന ധാരണയിൽ ഇന്ത്യൻ വിപണി ഇന്നലെ തുടക്കത്തിൽ വലിയ കുതിപ്പ് നടത്തി. കാര്യങ്ങൾ ഒട്ടും അനുകൂലമായിട്ടില്ല എന്നു ക്രമേണ മനസിലായതോടെ നേട്ടം കുറച്ചു. മിഡ് ക്യാപ് സൂചിക നഷ്ടത്തിലായി. വിശാലവിപണിയും നഷ്‌ടമാണു കാണിച്ചത്.
ട്രംപ് ഇന്നലെ നടത്തിയ പ്രസ്താവന പഴയധാരണയിൽ നിന്ന് ഒരു മാറ്റത്തിനും തയാറില്ല എന്നാണു കാണിക്കുന്നത്. ഇപ്പോൾ വന്നിട്ടുള്ള നില എല്ലാ രാജ്യങ്ങൾക്കും ഒരേ തീരുവ എന്നതാണ്. വിയറ്റ്നാമിനോ ബംഗ്ലാദേശിനോ ഇക്വഡോറിനോ ഇന്ത്യയേക്കാൾ കൂടിയ തീരുവ ഇല്ല, കുറഞ്ഞ തീരുവയും ഇല്ല. എപ്പോഴാണ് ഈ സാഹചര്യം മാറുക എന്ന് ആർക്കും പറയാൻ കഴിയില്ല. ഇന്ത്യൻ കയറ്റുമതിക്കാർ ഈ ദിവസങ്ങളിലെ കയറ്റുമതി മാറ്റിവയ്ക്കുകയാണ്.
ഇറാനിൽ അമേരിക്കൻ ആക്രമണം വ്യാഴാഴ്ച വരെ പ്രതീക്ഷിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയും മറ്റന്നാളും ഇസ്രയേൽ സന്ദർശിക്കുന്നത് ഈ ഉറപ്പിലാണ്.
ഐടി സൂചിക തുടർച്ചയായ മൂന്നാമത്തെ ദിവസവും ഇടിഞ്ഞു. മെറ്റൽ, റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ്, പ്രതിരോധ ഓഹരികളും ഇന്നലെ താഴ്‌ന്നു. പൊതുമേഖലാ ബാങ്ക്, ഓട്ടോ, ഓയിൽ എഫ്എംസിജി, ഫാർമ, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകൾ ഉയർന്നു.
സെൻസെക്സ് 479.95 പോയിൻ്റ് (0.58%) ഉയർന്ന് 83,294.66 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 141.75 പോയിൻ്റ് (0.55%) നേട്ടത്തോടെ 25,713.00ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 92.25 പോയിൻ്റ് (0.15%) കയറി 61,264.25 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 258.30 പോയിൻ്റ് (0.43%) താഴ്‌ന്ന് 59,255.65 ലും സ്മോൾ ക്യാപ് 100 സൂചിക 49.80 പോയിൻ്റ് (0.29%) ഉയർന്ന് 17,051.95 ലും വ്യാപാരം അവസാനിപ്പിച്ചു.
വിപണിയിൽ കയറ്റ -ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1894 ഓഹരികൾ കയറിയപ്പോൾ 2435 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ 1488 എണ്ണം ഉയർന്നു, 1668 എണ്ണം ഇടിഞ്ഞു.
എൻഎസ്ഇയിൽ 92 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 191 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. ആറെണ്ണം അപ്പർ സർകീട്ടിലും മൂന്നെണ്ണം ലോവർ സർകീട്ടിലും എത്തി.
വിദേശനിക്ഷേപകർ തിങ്കളാഴ്ച അറ്റ വാങ്ങലുകാരായി, സ്വദേശികൾ അറ്റ വിൽപനക്കാരും. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 3483.70 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1292.24 കോടി രൂപയുടെ അറ്റ വിൽപനയും നടത്തി.
നിഫ്റ്റി 26,000 ലേക്കു വഴി തുറക്കുന്നു എന്ന ധാരണ ജനിപ്പിച്ചു കൊണ്ടാണ് ഇന്നലെ ക്ലോസ് ചെയ്തത്. പ്രധാന എല്ലാ മൂവിംഗ് ശരാശരികൾക്കും മുകളിൽ സൂചിക എത്തി. എങ്കിലും മുന്നേറ്റം തടസമില്ലാതെ തുടരാൻ തക്ക ആക്കം കാണുന്നില്ല. 25,800 നു മുകളിൽ കരുത്തോടെ കടന്നാലേ 26,000 പ്രാപ്യമാകൂ. 25,635 ഉം 25,595 ഉം ഇന്നു നിഫ്റ്റിക്കു പിന്തുണയാകാം. 25,760 ലും 25,800 ലും തടസം ഉണ്ടാകാം.
പ്രമുഖ ഇന്ത്യൻ ഐടി സേവന കമ്പനികളുടെ ലക്ഷ്യവില വിദേശ ബ്രോക്കറേജ് ജെഫറീസ് താഴ്‌ത്തി. എച്ച്സിഎൽ ടെക്നോളജീസ് 1390 രൂപ, ഇൻഫോസിസ് 1290 രൂപ, എംഫസിസ് 2450 രൂപ, മൈൻഡ്‌ട്രീ 4300 രൂപ, ടിസിഎസ് 2350 രൂപ, ഹെക്സാവേർ 460 രൂപ എന്നിങ്ങനെയാണ് പുതിയ ലക്ഷ്യവിലകൾ. കോഫോർജിൻ്റെയും ലക്ഷ്യവില താഴ്‌ത്തി.
ജനുവരിയിൽ ജെഫറീസ് നിശ്ചയിച്ച വിലയിൽ നിന്ന് 20 മുതൽ 33 വരെ ശതമാനം കുറവാണ് ഇവ. അന്നു വാങ്ങൽ ശിപാർശയും നൽകി. പിന്നീട് വില ഇടിഞ്ഞ ആഴ്ചകളിൽ ഇവർ ലക്ഷ്യവില താഴ്ത്തുകയോ വിൽക്കാൻ നിർദേശിക്കുകയോ ചെയ്തില്ല.കഴിഞ്ഞ ആഴ്ചകളിൽ വിദേശ ഫണ്ടുകൾ ഏറ്റവുമധികം വിൽപന നടത്തിയത് ഐടി കമ്പനികളിലാണ്. രണ്ടു മാസം കൊണ്ട് വില 30 ശതമാനം ഇടിഞ്ഞ ശേഷമാണ് ഇപ്പോഴത്തെ തിരുത്തൽ. പ്രമുഖ ഐടി കമ്പനികളുടെയെല്ലാം ഓഹരികൾ ഇന്നലെ ഇടിഞ്ഞു. ഐടി സൂചിക 1.42 ശതമാനത്തോളം താഴ്‌ന്നു.
പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന സോളർ ഇൻഡസ്ട്രീസിന് മോർഗൻ സ്‌റ്റാൻലി വലിയ ലാഭവളർച്ച കാണുന്നു. 2030 വരെ വരുമാനം 20 ഉം അറ്റാദായം 23 ഉം ശതമാനം വീതം പ്രതിവർഷം വളരും എന്നാണു വിലയിരുത്തൽ. ഓഹരിക്കു 16,151 രൂപയാണ് അവർ ലക്ഷ്യവില നിശ്ചയിച്ചത്. ഓഹരി ഇന്നലെ മൂന്നു ശതമാനം ഉയർന്നിട്ട് ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു.
സെമികണ്ടക്ടറുകളുടെ വില ഉയരുന്നതടക്കമുള്ള പ്രതികൂല ഘടകങ്ങൾ കണക്കാക്കി ഡിക്സൺ ടെക്നോളജീസിൻ്റെ ലക്ഷ്യവില മോർഗൻ സ്റ്റാൻലി 8700 രൂപയിലേക്കു താഴ്‌ത്തി. 11,000 രൂപ ഉണ്ടായിരുന്ന ഓഹരിവില 4.17 ശതമാനം താഴ്‌ന്നു. ടൊറൻ്റ് ഫാർമയ്ക്കു വിദേശ ബ്രോക്കറേജ് മക്കാറീ 5000 രൂപ ലക്ഷ്യവില നിശ്ചയിച്ചു.
ചണ്ഡിഗഡ് ശാഖയിൽ 590 കോടി രൂപയുടെ വെട്ടിപ്പ് നടന്ന ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൻ്റെ ഓഹരി 20 ശതമാനം വരെ ഇടിഞ്ഞു. ബാങ്കിൻ്റെ രണ്ടു ശതമാനം ഓഹരി രാവിലെ ബൾക്ക് ഇടപാടുകളിൽ കൈമാറ്റം ചെയ്യപ്പെട്ടു. ഹരിയാന സർക്കാർ ബാങ്കുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ചു. സർക്കാരിനു നഷ്ടമായ 590 കോടി രൂപ തിരിച്ചു നൽകുമെന്നു ബാങ്ക് അറിയിച്ചു. ബാങ്ക് കെപിഎംജിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തി.
ചില അനധികൃത ഇടപാടുകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഹരിയാന സർക്കാർ എയു സ്മോൾ ഫിനാൻസ് ബാങ്കിനോടു വിശദീകരണം തേടി. ബാങ്ക് ഓഹരി എട്ടു ശതമാനം വരെ ഇടിഞ്ഞു. കമ്പനിയുടെ പുനഃസംഘടന പ്രഖ്യാപിച്ചതിനെ തുടർന്ന് യുപിഎൽ ഓഹരി ഇന്നലെ 14.26 ശതമാനം ഇടിഞ്ഞു. 825 കോടി രൂപയുടെ ഔഷധവികസന -നിർമാണ കരാർ ലഭിച്ചതിനെ തുടർന്ന് മോർപെൻ ലബോറട്ടറീസ് ഓഹരി 15 ശതമാനം കുതിച്ചു.
കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി രാവിലെ 10 ശതമാനം വരെ ഉയർന്നു. യുഎസ് തീരുവ സംഭവവികാസങ്ങളെ തുടർന്നാണിത്. പിന്നീടു നേട്ടം 5.26 ശതമാനമായി കുറഞ്ഞു. എന്നാൽ വസ്‌ത്ര കയറ്റുമതിക്കാരായ ഗോകൽദാസ്, ഇൻഡോ കൗണ്ട്, വെൽസ്പൺ തുടങ്ങിയവ മൂന്നു മുതൽ ആറു വരെ ശതമാനം താഴ്ന്നു.
കൊച്ചിയിലെ സെൻട്രൽ എക്സൈസ് കമ്മീഷണർ ബിപിസിഎലിന് 1816.65 കോടി രൂപയുടെ ഡിമാൻഡ് നോട്ടീസ് അയച്ചു. നോട്ടീസിന് എതിരേ അപ്പീൽ നൽകുമെന്നു കമ്പനി അറിയിച്ചു. 2004 മുതൽ 2010 വരെയുള്ള കാലത്തെ 19 നോട്ടീസുകളിൽ അഡ്ജൂഡിക്കേറ്റിംഗ് അഥോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് പുതിയ നോട്ടീസ്. 476.94 കോടി രൂപയുടെ എക്സൈസ് ഡ്യൂട്ടിയും 1339.70 കോടി രൂപയുടെ പലിശയും ചേർന്നാണ് ഈ തുക.
യുദ്ധഭീതിയും തീരുവയിലെ അനിശ്ചിതത്വവും സ്വർണം, വെള്ളി വിലകളെ വീണ്ടും വലിയ നേട്ടത്തിലേക്കു നയിച്ചു. എന്നാൽ ഇന്നു രാവിലെ വലിയ ഇടിവിലായി. സ്വർണം ഔൺസിന് 5236 ഡോളർ വരെ കയറിയ ശേഷം തിങ്കളാഴ്ച രണ്ടര ശതമാനം നേട്ടത്തോടെ 5229.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 5250.90 ഡോളർ വരെ എത്തി. പിന്നീട് 5150 ഡോളറിനു താഴേക്ക് ഇടിഞ്ഞ ശേഷം 5180 ലേക്കു കയറി.
വെള്ളി തിങ്കളാഴ്ച ഔൺസിന് 89.17 ഡോളർ വരെ കയറിയിട്ട് 88.33 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്ന് 86.83 ൽ നിൽക്കുന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം തിങ്കളാഴ്ച കയറ്റിറക്കങ്ങൾക്കു ശേഷം പവന് 720 രൂപ കൂടി 1,17,520 രൂപയിൽ എത്തി.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) തിങ്കളാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,61,729 രൂപ വരെ കയറിയിട്ട് നാമമാത്രമായി താഴ്ന്നു ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,68,875 രൂപ വരെ കയറിയ ശേഷം 2,65,350 രൂപയിൽ അവസാനിച്ചു. പ്ലാറ്റിനം 2102 ഉം പല്ലാഡിയം 1693 ഉം റോഡിയം 11,300 ഉം ഡോളറിലേക്കു താഴ്ന്നു.
അലൂമിനിയം ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച കയറി. ചെമ്പ് 0.64 ശതമാനം ഉയർന്ന് ടണ്ണിനു 12,831.15 ഡോളറിൽ എത്തി. അലൂമിനിയം 0.26 ശതമാനം നഷ്ടത്തോടെ ടണ്ണിന് 3094.54 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും സിങ്കും ടിന്നും ലെഡും കയറി.
റബർ രാജ്യാന്തര വിപണിയിൽ 0.88 ശതമാനം ഉയർന്ന് കിലോഗ്രാമിന് 194.40 സെൻ്റിൽ എത്തി. ആഴ്ചകൾക്കു ശേഷം കഴിഞ്ഞ ദിവസം ഉയർന്ന കൊക്കോ വില ഇന്നലെ വീണ്ടും താഴ്‌ന്നു. 1.04 ശതമാനം താഴ്‌ന്നു ടണ്ണിനു 3145 ഡോളറിൽ എത്തി. തേയിലവില മാറ്റമില്ലാതെ തുടർന്നു.. കാപ്പി 2.61 ശതമാനം താഴ്ന്നു. പാം ഓയിൽ വില ടണ്ണിനു 4123 മലേഷ്യൻ റിംഗിറ്റിൽ തുടരുന്നു.
ഡോളർ സൂചിക തിങ്കളാഴ്ച 97.71 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.88 വരെ ഉയർന്നു. യൂറോ 1.1779 ഡോളറിലേക്കും പൗണ്ട് 1.3488 ഡോളറിലേക്കും താഴ്‌ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 155.02 യെൻ എന്ന നിലയിലേക്കു താണു. ചൈനീസ് യുവാൻ ഡോളറിന് 6.91 യുവാൻ എന്ന നിരക്കിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.042 ശതമാനമായി താഴ്ന്നു.
തിങ്കളാഴ്ച രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ടു. ഡോളർ 10 പൈസ കുറഞ്ഞ് 90.88 രൂപയിൽ ക്ലോസ് ചെയ്തു. തീരുവ വിഷയത്തിലെ ചാഞ്ചാട്ടങ്ങൾ ഇന്നു രൂപയെ ദുർബലമാക്കിയേക്കാം. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 91.02 രൂപ വരെ കയറി. ചൈനീസ് യുവാൻ 13.17 രൂപയിലേക്കു കയറി. ഇന്ന് ഇന്ത്യയിലെ വ്യാപാരത്തിൽ ഇതിൻ്റെ സ്വാധീനം പ്രകടമാകും എന്നാണു സൂചന.
വ്യാഴാഴ്ച ജനീവയിൽ യുഎസും ഇറാനും ചർച്ച നടത്തും എന്ന് ഉറപ്പായത് ക്രൂഡ് ഓയിൽ വില താഴ്‌ന്ന നിലയിൽ തുടരുന്നു.. എങ്കിലും യുദ്ധസന്നാഹം തുടരുന്നതിനാൽ വില ഇടിയുന്നുമില്ല. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ തിങ്കളാഴ്ച ബാരലിന് 71.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 71.44 ഡോളർ വരെ താഴ്‌ന്നു. ഡബ്ള്യുടിഐ ഇനം 66.27 ഉം യുഎഇയുടെ മർബൻ 71.51 ഉം ഡോളറിലാണ്. പ്രകൃതിവാതകവില 3.007 ഡോളറിലേക്കു കയറി.
ക്രിപ്റ്റോ കറൻസികൾ തിങ്കളാഴ്ച ഇടിഞ്ഞിട്ട് അല്പം തിരിച്ചു കയറി. ബിറ്റ്കോയിൻ 63,885 ഡോളർ വരെ ചെന്നിട്ട് ഇന്നു രാവിലെ 64,250 നു മുകളിൽ കയറി. ഈഥർ 1840 ഡോളറിനും സൊലാന 78 ഡോളറിനും താഴെ നിൽക്കുന്നു.
(2026 ഫെബ്രുവരി 24, ചൊവ്വ)
സെൻസെക്സ് 83,294.66 +0.58%
നിഫ്റ്റി50 25,713.00 +0.55%
ബാങ്ക് നിഫ്റ്റി 61,264.25 +0.15%
മിഡ്ക്യാപ്100 59,255.65 -0.43%
സ്മോൾക്യാപ്100 17,051.95 +0.29%
ഡൗ ജോൺസ് 48,804.06 -1.66%
എസ് ആൻഡ് പി 6837.75 -1.04%
നാസ്ഡാക് 22,627.27 -1.13%
ഡോളർ ₹90.88 -₹0.10
സ്വർണം (ഔൺസ്) $5229.40 +$121.50
സ്വർണം (പവൻ) ₹1,17,520 +₹720
ക്രൂഡ്ഓയിൽബ്രെൻ്റ് $71.50 -$0.26
Read DhanamOnline in English
Subscribe to Dhanam Magazine