

യൂറോപ്യൻ യൂണിയനുമായി അമേരിക്ക വ്യാപാര കരാറിൽ എത്തും എന്ന പ്രതീക്ഷയിൽ ആഗാേള വിപണികൾ കുതിക്കുകയാണ്. യുഎസ് വിപണികളെ പിന്തുടർന്ന് ഏഷ്യൻ വിപണികളും രാവിലെ കയറ്റത്തിലാണ്. ഇന്ത്യൻ വിപണി മുന്നേറ്റം തുടരുമെന്നു പരക്കെ പ്രതീക്ഷയുണ്ട്.
ഇന്ത്യ ഇന്നു ബ്രിട്ടനുമായി ഒപ്പിടുന്ന വ്യാപാരകരാർ ഉൽപന്ന കയറ്റുമതിയേക്കാൾ ബ്രിട്ടനിൽ പ്രഫഷണലുകളുടെ പ്രവേശന സാധ്യത കൂട്ടുന്നതാണ്. ഇന്ത്യയിൽ ബ്രിട്ടീഷ് നിക്ഷേപവും വർധിച്ചേക്കാം. 2023-24 ൽ 1450 കോടി ഡോളറിൻ്റെ ഉൽപന്നങ്ങൾ മാത്രമേ ഇന്ത്യ യുകെയിലേക്കു കയറ്റുമതി ചെയ്തുള്ളൂ. ഇറക്കുമതി 860 കോടി ഡോളറിൻ്റേതും. ഇന്ത്യ - അമേരിക്ക വ്യാപാര കരാറിൻ്റെ കാര്യത്തിൽ യുഎസ് പ്രസിഡൻ്റ് ട്രംപിൻ്റെ തീരുമാനം വെെകില്ല എന്നാണു പ്രതീക്ഷ.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,292.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,305 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ വിപണികൾ ഇന്നലെ മികച്ച നേട്ടം കുറിച്ചു. ജർമനി ഒഴികെ എല്ലാ രാജ്യങ്ങളിലും സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു. യുഎസുമായി വ്യാപാരകരാർ സാധ്യമാകും എന്ന പ്രതീക്ഷയാണു വിപണികളെ ഉയർത്തിയത്. വാഹന കമ്പനികൾ നല്ല നേട്ടം ഉണ്ടാക്കി.
അമേരിക്കൻ വിപണികൾ ബുധനാഴ്ച കുതിച്ചു. എസ് ആൻഡ് പിയും നാസ്ഡാകും റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. വ്യാപാര കരാർ പ്രതീക്ഷകളാണു വിപണിയെ കയറ്റുന്നത്. കരാർ ആയ രാജ്യങ്ങളിൽ (ബ്രിട്ടൻ, ജപ്പാൻ, ഇന്തോനീഷ്യ, ഫിലിപ്പീൻസ്) അമേരിക്കൻ ഉൽപന്നങ്ങൾക്ക് ചുങ്കമില്ലാതെ പ്രവേശനം കിട്ടും. ബ്രിട്ടൻ ഒഴികെ മറ്റു രാജ്യങ്ങൾ അമേരിക്കയിലേക്കു
വിൽക്കാൻ 15 ശതമാനമാേ അതിലധികമാേ ചുങ്കം നൽകണം. തികച്ചും ഏകപക്ഷീയമായ ഈ വ്യവസ്ഥയ്ക്കു പുറമേ അമേരിക്കയിൽ മൂലധന നിക്ഷേപവും ട്രംപ് നിർബന്ധിക്കുന്നുണ്ട്.
ഡൗ ജോൺസ് സൂചിക ബുധനാഴ്ച 507.85 പോയിൻ്റ് (1.14%) കുതിച്ച് 45,010.29 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 49.29 പോയിൻ്റ് (0.78%) നേട്ടത്തോടെ 6358.91 എന്ന റെക്കോർഡിൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 127.33 പോയിൻ്റ് (0.61%) കയറി 21,020.02 ൽ ക്ലോസ് ചെയ്തു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ 0.27 ശതമാനം താഴ്ന്നും എസ് ആൻഡ് പി 0.08 ഉം നാസ്ഡാക് 0.35 ഉം ശതമാനം ഉയർന്നും നീങ്ങുന്നു. ഏഷ്യൻ വിപണികൾ ഇന്നും കയറ്റത്തിലാണ്. ജാപ്പനീസ് സൂചിക നിക്കൈ രണ്ടു ശതമാനം കുതിച്ചു. കൂടുതൽ വിശാലമായ ടോപ്പിക്സ് സൂചിക റെക്കോർഡ് ഉയരത്തിലായി. ദക്ഷിണ കൊറിയൻ, ഓസ്ട്രേലിയൻ വിപണികളും ഉയർന്നു.
ജപ്പാനുമായി യുഎസ് വ്യാപാര കരാറിൽ ഏർപ്പെട്ടത് ഇന്ത്യയുടെ കരാർ പ്രതീക്ഷകൾക്കു ജീവൻ പകർന്നു. 26 ശതമാനത്തിൽ നിന്നു തീരുവ ഗണ്യമായി കുറയും എന്ന് ഇന്ത്യൻ വക്താക്കൾ കണക്കാക്കുന്നു. ഇതെല്ലാം ഇന്നലെ വിപണിയെ കുതിപ്പിലേക്ക് നയിച്ചു.
ഇന്നലെ ബാങ്ക്, ധനകാര്യ, വാഹന, ഹെൽത്ത് കെയർ മേഖലകൾ വലിയ മുന്നേറ്റം നടത്തി. റിയൽറ്റിയും മീഡിയയും എഫ്എംസിജിയുമാണു തിരിച്ചടി നേരിട്ട മേഖലകൾ.
വിദേശനിക്ഷേപകർ ഇന്നലെയും ക്യാഷ് വിപണിയിൽ വലിയ വിൽപനക്കാരായി. എങ്കിലും വിപണിഗതിയെ അതു ബാധിച്ചില്ല :
നിഫ്റ്റി ചൊവ്വാഴ്ച 159 പോയിൻ്റ് (0.63%) ഉയർന്ന് 25,219.90 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 539.83 പോയിൻ്റ് (0.66%) കുതിപ്പോടെ 82,726.64 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 454.45 പോയിൻ്റ് (0.80%) കയറി 57,210.45 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 203.70 പോയിൻ്റ് (0.34%) ഉയർന്ന് 59,307.10 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 0.15 പോയിൻ്റ് (0.00%) കുറഞ്ഞ് 18,893.20 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ബിഎസ്ഇയിൽ ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1933 ഓഹരികൾ ഉയർന്നപ്പോൾ 2097 ഓഹരികൾ ഇടിഞ്ഞു. അതേ സമയം എൻഎസ്ഇയിൽ കയറ്റത്തിന് അനുകൂലമായി. അവിടെ ഉയർന്നത് 1497 എണ്ണം. താഴ്ന്നത് 1460 ഓഹരികൾ.
എൻഎസ്ഇയിൽ 71 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 25 എണ്ണമാണ്. 79 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 58 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 4209.11 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 4358.52 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
യുഎസ് -യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ഈ ദിവസങ്ങളിൽ പ്രഖ്യാപിക്കും. അതിൻ്റെ ഉള്ളടക്കമാണ് വരും ദിവസങ്ങളിൽ ഇന്ത്യൻ വിപണിയെ സ്വാധീനിക്കുക. നിഫ്റ്റി 25,250നു മുകളിൽ കരുത്തോടെ കയറിയാൽ 25,400-25,550 മേഖലയിലേക്കു മുന്നേറ്റം പ്രതീക്ഷിക്കാം. ഇന്നു നിഫ്റ്റിക്ക് 25,120 ഉം 25,030 ഉം പിന്തുണയാകും. 25,240 ലും 25,330 ലും തടസം ഉണ്ടാകാം.
ഇൻഫോസിസ് ടെക്നോളജീസ് ഒന്നാം പാദത്തിൽ വരുമാനം 7.5 ഉം അറ്റാദായം 8.7 ഉം ശതമാനം വർധിപ്പിച്ചു. ഈ വർഷത്തെ വരുമാന പ്രതീക്ഷ (ഡോളറിൽ) ഒന്നു മുതൽ മൂന്നു വരെ ശതമാനമായി ഉയർത്തി. നേരത്തേ പൂജ്യം മുതൽ മൂന്നുവരെ ശതമാനമായിരുന്നു പറഞ്ഞത്. കമ്പനി 380 കോടി ഡോളറിൻ്റെ കരാറുകൾ നേടി. പ്രവർത്തനലാഭ മാർജിൻ 21.1- ൽ നിന്ന് 20.8 ശതമാനമായി കുറഞ്ഞു.
അമേരിക്കയിൽ നിന്നുളള വിറ്റുവരവിലെ വർധന നാമമാത്രമായത് ഡോ. റെഡ്ഡീസ് ലബോറട്ടറീസിൻ്റെ ഒന്നാം പാദ വളർച്ച ദുർബലമാക്കി. എങ്കിലും കമ്പനി ലാഭം 11 ശതമാനം വർധിപ്പിച്ചു.
ബജാജ് ഹൗസിംഗ് ഫിനാൻസിൻ്റെ അറ്റ പലിശ വരുമാനം 33.4 ശതമാനവും അറ്റാദായം 21 ശതമാനവും വർധിച്ചു. മൊത്തം നിഷ്ക്രിയ ആസ്തി 0.3 ശതമാനമാണ്.
ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ് 9.8 ശതമാനം വരുമാന വളർച്ചയും 15 ശതമാനം ലാഭ വളർച്ചയും കാണിച്ചു. വിപണിയുടെ പ്രതീക്ഷയിലും കുറവാണിത്.
ബോംബെ ഡൈയിംഗ് ചെയർമാൻ നുസ്‌ലി വാഡിയയുടെ രണ്ടാമത്തെ പുത്രൻ ജേ (ജഹാംഗീർ) വാഡിയ വീണ്ടും കുടുംബ ബിസിനസിൽ ചേരുന്നു. 2011ൽ കമ്പനിയുടെ എംഡി ആയ ജേ കോവിഡ് കാലത്ത് ലണ്ടനിലേക്കു താമസം മാറ്റി. പിതാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കമ്പനിയിൽ നിന്നു വിട്ടു നിന്നു. ജേ തുടങ്ങിയ ഗോ ഫസ്റ്റ് വിമാനകമ്പനി നഷ്ടത്തെ തുടർന്ന് 2023-ൽ പാപ്പർ നടപടികളിലേക്കു സ്വമേധയാ നീങ്ങി. തിരച്ചു വരുന്ന ജേ ബോംബെ ഡൈയിംഗ് എംഡി ആകും. കമ്പനിയെ ഒരു വലിയ റിയൽ എസ്റ്റേറ്റ് പ്രസ്ഥാനമായി മാറ്റാനുള്ള പദ്ധതിയിലാണ് 51 വയസുള്ള ജേ. 81 വയസുള്ള പിതാവ് നുസ്‌ലി വാഡിയ ഗ്രൂപ്പ് ചെയർമാനായി തുടരും. ഗ്രൂപ്പിലെ ബോംബെ ബർമാ ട്രേഡിംഗ് കമ്പനിയും നാഷണൽ പെറോക്‌സൈഡും മൂത്ത സഹാേദരൻ നെസ് നയിക്കും. ജേയുടെ തിരിച്ചു വരവിൻ്റെ പേരിൽ ബോംബെ ഡൈയിംഗ് ഓഹരി ഇന്നലെ 13.43 ശതമാനം കുതിച്ചു.
തിലക് നഗർ ഇൻഡസ്ട്രീസ് ഫ്രഞ്ച് കമ്പനി പെർണോ റൈകാറിൽ നിന്നു 4,150 കോടി രൂപയ്ക്ക് ഇംപീരിയൽ ബ്ലൂ വിസ്കി വാങ്ങി. ഇന്ത്യയിലെ മൂന്നാമത്തെ വലിയ വിസ്കി ബ്രാൻഡ് ആണ് ഇത്. ഇംപീരിയൽ ബ്ലൂവിൻ്റെ ആഗാേള വിൽപനയുടെ 90 ശതമാനവും ഇന്ത്യയിലാണ്. 224 ലക്ഷം കെയ്സ് ആണു വാർഷിക വിൽപന. മാൻഷൻ ഹൗസ് അടക്കം പ്രമുഖ ബ്രാൻഡികളുടെ നിർമാതാക്കളാണു തിലക് നഗർ.
ചൊവ്വാഴ്ച 3432 ഡോളറിലായിരുന്ന സ്വർണം ഇന്നലെ 1.2 ശതമാനം ഇടിഞ്ഞു. ജപ്പാനുമായി യുഎസ് വ്യാപാര കരാർ ഉണ്ടാക്കിയതും യൂറോപ്യൻ യൂണിയനുമായി കരാർ ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും വിപണിയെ തീരുവകാര്യത്തിൽ ആശ്വാസത്തിലാക്കി. വ്യാപാരയുദ്ധം ഒഴിവാകുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം തേടേണ്ട ആവശ്യം ഇല്ലാതായി. ഇന്നലെ ഔൺസിന് 3387.70 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 3392 ഡോളറിലേക്കു കയറിയിട്ടു താഴ്ന്നു. വ്യാപാര കരാറുകളും അമേരിക്കൻ ഫെഡറൽ റിസർവിൻ്റെ പലിശ തീരുമാനവും ആണ് ഇനി സ്വർണവിപണിയെ നയിക്കുക.
കേരളത്തിൽ ബുധനാഴ്ച പവൻ വില റെക്കോർഡ് തിരുത്തി. പവന് 760 രൂപ കൂടി 75,040 രൂപയായി. പഴയ റെക്കോർഡ് വില 74,560 രൂപ. ഇന്നു വില കുറയും എന്നാണു രാജ്യാന്തര വില നൽകുന്ന സൂചന.
വെള്ളിവില ഇന്നലെ ഔൺസിന് 39.08 ഡോളറിൽ അവസാനിച്ചു.
വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച ഭിന്ന ദിശകളിലായി. ചെമ്പ് 0.44 ശതമാനം ഉയർന്നു ടണ്ണിന് 9861.20 ഡോളറിൽ എത്തി. അലൂമിനിയം 0.57 ശതമാനം താഴ്ന്ന് 2640.45 ഡോളർ ആയി. നിക്കലും ലെഡും ടിന്നും സിങ്കും നല്ല മുന്നേറ്റം നടത്തി.
രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 0.53 ശതമാനം കയറി 171.30 സെൻ്റിൽ എത്തി. കൊക്കോ 3.82 ശതമാനം ഉയർന്നു ടണ്ണിന് 8460 ഡോളർ ആയി. കാപ്പി 1.15 ശതമാനം ഉയർന്നു. തേയില 2.09 ശതമാനം താഴ്ന്നു. പാം ഓയിൽ വില 0.37 ശതമാനം താഴ്ന്നു.
യുഎസ് ഡോളർ സൂചിക താഴാേട്ടുള്ള യാത്ര ബുധനാഴ്ചയും തുടർന്നു. ഇന്നലെ 97.21 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.15 ലാണു സൂചിക.
കറൻസി വിപണിയിൽ യൂറോ 1.1776 ഡോളറിലേക്കും പൗണ്ട് 1.3585 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 145.92 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.39 ശതമാനത്തിലേക്ക് കയറി.
ഡോളർ രാജ്യാന്തര വിപണിയിൽ താഴ്ന്നിട്ടും രൂപ ഇടിവ് തുടരുകയാണ്. ഡോളർ നാലു പൈസ കയറി 86.41 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.14 യുവാൻ എന്ന നിലയിലേക്കു കയറി.
ക്രൂഡ് ഓയിൽ വിപണി താഴ്ന്നിട്ടു കയറി. ബ്രെൻ്റ് ഇനം ക്രൂഡ് 68.70 ഡോളർ ആയി. ഇന്നു രാവിലെ ഡബ്ല്യുടിഐ ഇനം 65.46 ഡോളറിലും മർബൻ ക്രൂഡ് 71.46 ഡോളറിലും ആണ്. പ്രകൃതിവാതക വില അൽപം കയറി.
ക്രിപ്റ്റോ കറൻസികൾ ചാഞ്ചാടുകയാണ്. ബിറ്റ് കോയിൻ ഉയർന്ന് 1,19,000 ഡോളറിനു താഴെയാണ്. ഈഥർ 3635 ഡോളറിനു സമീപം നിൽക്കുന്നു.
(2025 ജൂലൈ 23, ബുധൻ)
സെൻസെക്സ്30 82,726.64 +0.66%
നിഫ്റ്റി50 25,219.90 +0.63%
ബാങ്ക് നിഫ്റ്റി 57,210.45 +0.80%
മിഡ് ക്യാപ്100 59,307.10 +0.34%
സ്മോൾക്യാപ്100 18,893.20 -0.00%
ഡൗജോൺസ് 45,010. 29 +1.14%
എസ്ആൻഡ്പി 6358.91 +0.78%
നാസ്ഡാക് 21,020.02 +0.61%
ഡോളർ($) ₹86.41 +₹0.04
സ്വർണം(ഔൺസ്) $3387.70 -$44.72
സ്വർണം(പവൻ) ₹75,040 +₹740
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $68.51 -$0.07
Read DhanamOnline in English
Subscribe to Dhanam Magazine