വിപണികൾ ചുവന്നു തന്നെ; 100 ഡോളർ കടന്ന ക്രൂഡ് ഓയിൽ അൽപം താഴ്ന്നു; യു.എസ് തീരുവയിൽ ഇന്ത്യക്ക് ആശ്വാസം; സ്വർണം താഴ്ന്നു

ഗിഫ്റ്റ് നിഫ്റ്റി സൂചിക ഇന്നു രാവിലെ 23,716 വരെ കയറിയിട്ടു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നും വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്
Stock Market Morning Analysis
Canva
Published on

യൂറോപ്യൻ, അമേരിക്കൻ വിപണികളിൽ ചോരപ്പുഴ. ഇന്നു രാവിലെ ഏഷ്യൻ വിപണികളും ചുവപ്പിലായി. ക്രൂഡ് ഓയിൽ 102 ഡോളർ വരെ കയറിയിട്ട് 100-നു താഴേക്കു മാറി. ടെഹറാനിലേക്കു വരെ യുഎസ് ബോംബിംഗ് വ്യാപിപ്പിച്ചു അതേ സമയം ചെങ്കടലിൽ സൗദി അറേബ്യൻ എണ്ണക്കപ്പലുകളെ ഹൂതി ഭീകരർ ആക്രമിച്ചു. സ്വർണവില താഴ്ന്നു.

അമേരിക്ക പുതിയ തീരുവകൾ പ്രഖ്യാപിച്ചു. 10-ഉം 12.5-ഉം ശതമാനമാണു ചുമത്തിയത്. ഇന്ത്യ 10 ശതമാനം ഗ്രൂപ്പിൽ ആയത് ആശ്വാസകരമായി. എന്നാൽ അയൽ രാജ്യങ്ങൾക്കും അതേ നിരക്കാണ്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,668-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,716 വരെ കയറിയിട്ടു താഴ്ന്നു. വിപണി ഇന്നും വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

തീരുവയിൽ ആശ്വാസം

അമേരിക്ക ഇന്നലെ പ്രഖ്യാപിച്ച പുതിയ തീരുവ ഇന്ത്യക്ക് ആശ്വാസമായി. 10 ശതമാനം മാത്രം. നിലവിൽ ഉള്ള നിരക്ക്. ട്രംപ് 2025-ൽ പ്രഖ്യാപിച്ച നിരക്ക് കോടതി റദ്ദാക്കിയതിനു ശേഷം ഇന്ത്യക്കു 10 ശതമാനം ആയിരുന്നു തീരുവ. അതിൻ്റെ കാലാവധി ഇന്നലെ തീർന്നു. പകരം അടിമപ്പണി അന്വേഷണം നടത്തി എന്ന് അവകാശപ്പെട്ട് പ്രഖ്യാപിച്ചതാണ് പുതിയ നിരക്ക്. ഇത് ഇന്നു പ്രാബല്യത്തിൽ വന്നു.

ഇന്ത്യക്കു പുറമേ പാക്കിസ്ഥാനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പത്തു ശതമാനം തീരുവയേ ഉള്ളൂ. കയറ്റുമതിയിൽ ഇന്ത്യയുമായി മത്സരിക്കുന്ന രാജ്യങ്ങളാണ് അവ. യു.കെ, യൂറോപ്യൻ യൂണിയൻ, കാനഡ എന്നിവയ്ക്കും 10 ശതമാനമേ ഉള്ളൂ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയവയ്ക്ക് 12.5 ശതമാനം പ്രഖ്യാപിച്ചു. എന്നാൽ ജപ്പാനും കൊറിയയും സ്വിറ്റ്സർലൻഡും അടക്കം അമേരിക്കയുമായി കരാർ ഉണ്ടാക്കിയ രാജ്യങ്ങൾക്ക് അതനുസരിച്ചുള്ള കിഴിവ് കിട്ടും.

മൺസൂൺ കമ്മി 17.3 ശതമാനം

തെക്കുപടിഞ്ഞാറൻ മൺസൂൺ മെച്ചപ്പെട്ടു വരുന്നു. മഴയിലെ കമ്മി ജൂലൈ 23-ന് 17.3 ശതമാനം ആയി കുറഞ്ഞെന്നു കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. ഐ.എം.ഡിയുടെ നിർവചനമനുസരിച്ച് ശരാശരിയിൽ നിന്നു 19 ശതമാനം കൂടിയതോ കുറഞ്ഞതോ ആയ മഴ നോർമൽ ആണ്. കേരളത്തിൽ കമ്മി 35.7 ശതമാനത്തിലേക്കു കയറി.

ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്, ജാർഖണ്ഡ്, ഗുജറാത്ത്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ 20 ശതമാനത്തിലധികമാണു മഴക്കുറവ്. രാജ്യത്തെ ഭൂവിസ്തൃതിയിൽ 49 ശതമാനത്തിലും മഴയുടെ കമ്മി 20 ശതമാനത്തിൽ കൂടുതലാണ്.

യു.എസ് വിപണി ഇടിഞ്ഞു

ക്രൂഡ് ഓയിൽ വില 1000 ഡോളറിനു മുകളിൽ കടന്നതും ആൽഫബെറ്റ്, ടെസ്‌‍ല കമ്പനികളുടെ റിസൽട്ട് ടെക് മേഖലയെപ്പറ്റി ആശങ്ക വളർത്തിയതും വ്യാഴാഴ്ച യു.എസ് വിപണിയെ ഇടിവിലാക്കി.

ഗൂഗിളിൻ്റെ മാതൃ കമ്പനി ആൽഫബെറ്റ് ഈ വർഷത്തെ മൂലധനനിക്ഷേപം 20,500 കോടി ഡോളർ വരെ എത്താം എന്ന മുന്നറിയിപ്പ് നൽകി. എഐ മേഖലയിലെ വലിയ മുതൽ മുടക്കിനെപ്പറ്റി നിക്ഷേപകർ ഇപ്പോൾ ആശങ്കയിലാണ്. ഇലോൺ മസ്കിൻ്റെ ഇലക്ട്രിക് കാർ കമ്പനി ടെസ്‌‍ല പ്രതീക്ഷയിലും കുറഞ്ഞ ലാഭമേ ഉണ്ടാക്കിയുള്ളു. ചെലവുകൾ അധികരിച്ചു. രണ്ടു കമ്പനികൾക്കും കാഷ് ഫ്ലോ നെഗറ്റീവ് ആയി. ആൽഫബെറ്റ് ഓഹരി ഏഴും ടെസ്‌‍ല 14.52-ഉം ശതമാനം വീതവും ഇടിഞ്ഞു. മസ്‌കിൻ്റെ സ്പേസ് എക്സ് ഓഹരി വിപണി സമയത്ത് 2.59 ശതമാനം ഉയർന്നെങ്കിലും തുടർവ്യാപാരത്തിൽ 1.89 ശതമാനം താഴ്ന്നു. എൻവിഡിയ, ആമസോൺ, ആപ്പിൾ, എ.എം.ഡി, മൈക്രോസോഫ്റ്റ് തുടങ്ങിയവയും ഇടിവിലായി.

ഇൻ്റൽ 15 വർഷത്തിനിടയിലെ ഏറ്റവും മികച്ച പാദഫലം പുറത്തിറക്കി. വരുന്ന പാദങ്ങളെപ്പറ്റി വലിയ പ്രതീക്ഷയും അവതരിപ്പിച്ചു. പതിവു സമയത്ത് 2.33 ശതമാനം താഴ്ന്ന ഓഹരി തുടർവ്യാപാരത്തിൽ 3.59 ശതമാനം കുതിച്ചു.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 507 പോയിൻ്റ് (0.97 ശതമാനം) താഴ്ന്ന് 51,712-ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 91 പോയിൻ്റ് (1.21%) നഷ്ടത്തോടെ 7408-ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 553 പോയിൻ്റ് (2.15%) ഇടിഞ്ഞ് 25,138-ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഉയർന്നു

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ ജോൺസ് 58 പോയിൻ്റും( 0.11%) എസ് ആൻഡ് പി 8 പോയിൻ്റും (0.10%) നാസ്ഡാക് 17 പോയിൻ്റും (0.06%) ഉയർന്നു നീങ്ങുന്നു.

എ.ഡി.ആർ വിപണി

ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വ്യാഴാഴ്ച എച്ച്.ഡി.എഫ്.സി ബാങ്ക് വിപണിസമയത്ത് 0.22 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.09 ശതമാനം കയറി 23.15 ഡോളറിൽ ക്ലോസ് ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക് നിശ്ചിത സമയത്ത് 0.71% താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 0.17% കയറി 29.29 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 2.38% ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 0.37% ഉയർന്ന് 10.71 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണി സമയത്ത് 1.66% താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 1.78 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് തകർച്ചയിൽ

യൂറോപ്യൻ വിപണികൾ ഇന്നലെ ഇടിഞ്ഞു. ക്രൂഡ് വിലക്കയറ്റവും ചെങ്കടലിലെ കപ്പൽ നീക്കത്തിനുള്ള തടസവും യൂറോപ്യൻ വിപണികളെ ഒന്നര ശതമാനം തകർച്ചയിലാക്കി. അമേരിക്ക ഇന്നു ചുമത്തുന്ന തീരുവയെപ്പറ്റി ഉള്ള ഭീതിയും വിപണിയെ ദുർബലമാക്കി.

ഏഷ്യൻ വിപണികൾ ഇടിയുന്നു

ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ദക്ഷിണ കൊറിയൻ സൂചിക കോസ്‌പി മൂന്നു ശതമാനം ഇടിഞ്ഞു. ജാപ്പനീസ് നിക്കൈ സൂചിക 2.5 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ സൂചിക 0.60 ശതമാനം കുറഞ്ഞു. ഹോങ് കോങ് ഒരു ശതമാനം താഴ്ന്നു. ഷാങ്ഹായ് അര ശതമാനം താണു.

വീണ്ടും താഴ്‌ന്ന് ഇന്ത്യ

ക്രൂഡ് ഓയിൽ വില നൂറു ഡോളറിനെ സമീപിച്ചതും അമേരിക്കയുടെ തീരുവ നടപടികളെപ്പറ്റിയുള്ള ആശങ്കയും ഇന്ത്യൻ വിപണിയെ നാലാം ദിവസവും നഷ്‌ടത്തിലാക്കി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഇന്നലെയും ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

വിദേശ നിക്ഷേപകർ ഇന്നലെ വിൽപന വർധിപ്പിച്ചു. അവർ കാഷ് വിപണിയിൽ 2,999 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 2,947 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി.

വ്യാഴാഴ്ച സെൻസെക്‌സ് 364 പോയിൻ്റ് (0.47%) താഴ്ന്ന് 76,391-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 127 പോയിൻ്റ് (0.53%) നഷ്ടത്തോടെ 23,870-ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 535 പോയിൻ്റ് (0.94%) താഴ്ന്ന് 56,592-ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്-100 സൂചിക 616 പോയിൻ്റ് (0.99%) നഷ്‌ടത്തോടെ 61,685-ൽ അവസാനിച്ചു. സ്മോൾ ക്യാപ്-100 സൂചിക 193 പോയിൻ്റ് (1.01%) താഴ്ന്ന് 18,936.-ൽ ക്ലോസ് ചെയ്തു.

ഉയരുന്നതിൻ്റെ ഇരട്ടിയോളം ഓഹരികൾ ഇന്നലെ താഴ്ന്നു. ബി.എസ്.ഇയിൽ 1,556 ഓഹരികൾ കയറി; 2,684 ഓഹരികൾ താഴ്ന്നു. എൻ.എസ്.ഇയിൽ 1,135 എണ്ണം ഉയർന്നപ്പോൾ 2,084 എണ്ണം താഴ്ന്നു.

കമ്പനികൾ, വാർത്തകൾ

ഇൻഡിഗോ വിമാന സർവീസ് നടത്തുന്ന ഇൻ്റർഗ്ലോബ് ഏവിയേഷൻ ജൂൺ പാദത്തിൽ 238 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. പശ്ചിമേഷ്യൻ മേഖലയിലെ സർവീസ് മുടങ്ങിയതും ഇന്ധനവിലക്കയറ്റവും രൂപയുടെ ഇടിവും ഒക്കെയാണു കാരണങ്ങൾ.

ഇൻഫോസിസ് ടെക്നോളജീസ് ജൂൺ പാദത്തിൽ അറ്റാദായം തലേ പാദത്തെ അപേക്ഷിച്ച് 8.6 ശതമാനം ഇടിഞ്ഞു. വാർഷികാടിസ്ഥാനത്തിൽ 12.2 ശതമാനം കൂടി. വരുമാനം വാർഷികാടിസ്ഥാനത്തിൽ 14 ശതമാനവും തലേ പാദത്തിൽ നിന്ന് 3.9 ശതമാനവും കൂടി. വരുന്ന പാദങ്ങളിലേക്ക് വരുമാന പ്രതീക്ഷ 1.3-3.0 ശതമാനത്തിലേക്കു താഴ്‌ത്തി. അടുത്ത മാർച്ചിൽ വിരമിക്കുന്ന സലിൽ പരീഖിനു പകരം കമ്പനിയിലെ ഗ്ലോബൽ ബിസിനസ് മേധാവി ആശിസ് കുമാർ ദാഷിനെ സി.ഇ.ഒയും എം.ഡിയുമായി പ്രഖ്യാപിച്ചു.

മീഷോ ലിമിറ്റഡ് ജൂൺ പാദത്തിലെ നഷ്ടം പകുതിയായി കുറച്ചു. വിറ്റുവരവ് 48 ശതമാനം കൂടി. സിയൻ്റ് ലിമിറ്റഡ് ജൂൺ പാദത്തിലെ അറ്റാദായം 90 ശതമാനം വർധിപ്പിച്ചു.

സ്വർണം ഇടിയുന്നു

ക്രൂഡ് ഓയിൽ വിലക്കയറ്റം പലിശ വർധനയിലേക്കു നയിക്കും എന്ന ആശങ്ക സ്വർണത്തെ വലിച്ചു താഴ്‌ത്തി. സെപ്റ്റംബറിൽ യു.എസ് ഫെഡ് നിരക്ക് വർധിപ്പിക്കുന്നതിന് 80 ശതമാനം സാധ്യതയാണ് വിപണി കണക്കാക്കുന്നത്.

സ്വർണം ഇന്നലെ 80.80 ഡോളർ (1.96 ശതമാനം) ഇടിഞ്ഞ് ഔൺസിനു 4,051 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4,045 ഡോളറിനടുത്തു നിൽക്കുന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വ്യാഴാഴ്ച രാവിലെ 560 രൂപ വർധിച്ച് 1,08,000 രൂപ ആയി. ഉച്ചയ്ക്കു ശേഷം വില 800 രൂപ കുറഞ്ഞ് 1,07,200 രൂപയിൽ എത്തി.

വെള്ളിവില താഴ്‌ന്ന് ഔൺസിന് 57.78 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 57.70 ഡോളർ ആയി. പ്ലാറ്റിനം 1,592 ഡോളർ, പല്ലാഡിയം 1,236 ഡോളർ, റോഡിയം 7,825 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ ഭിന്നദിശകളിൽ

ചെമ്പും അലൂമിനിയവും ടിന്നും താഴ്ന്നു. മറ്റു ലോഹങ്ങൾ ഉയർന്നു. ചെമ്പ് 1.07 ശതമാനം ഇടിഞ്ഞു ടണ്ണിനു 13,744.85 ഡോളർ ആയി. അലൂമിനിയം 0.25 ശതമാനം കുറഞ്ഞ് 3,182-ൽ ക്ലോസ് ചെയ്തു. സിങ്കും ലെഡും നിക്കലും കയറി.

ബാങ്കോക്കിൽ റബർ ഉയർന്നു

രാജ്യാന്തര റബർ വില ഇന്നലെ നാമമാത്രമായി ഉയർന്നു. ബാങ്കോക്കിൽ ആർ.എസ്.എസ്-1 ക്വിൻ്റലിന് 289.90 ഡോളറിൽ തുടർന്നപ്പോൾ ആർ.എസ്.എസ്-3ന്റെ വില 286.50 ഡോളറിൽ എത്തി. കേരളത്തിൽ ആർ.എസ്.എസ്-4 ഇനം ക്വിൻ്റലിന് 28,200 രൂപയിൽ തുടർന്നു. ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പാണു വിലകൂടാൻ കാരണം.

കാപ്പി താഴ്ന്നു, കൊക്കോ ഉയർന്നു

കൊക്കോ വില വ്യാഴാഴ്ച 0.73 ശതമാനം ഉയർന്നു ടണ്ണിന് 5367 ഡോളറിൽ എത്തി. എൽ നിനോ പ്രതിഭാസം ഉണ്ടെങ്കിലും ഇൻഡോനീഷയിൽ ഉൽപാദനം കൂടും എന്ന് അന്താരാഷ്ട്ര കൊക്കോ സംഘടന വിലയിരുത്തി. പശ്ചിമാഫ്രിക്കയിൽ ഉൽപാദനം കുറയും.

അറബിക്ക കാപ്പിവില 1.86 ശതമാനം താഴ്‌ന്നു പൗണ്ടിന് 3.11 ഡോളർ ആയി. കാപ്പി സ്റ്റോക്ക് 2024 മാർച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.

ഡോളർ സൂചിക കയറുന്നു

യു.എസ് ഡോളർ സൂചിക വ്യാഴാഴ്ച ഉയർന്ന് 101.44 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.46 വരെ കയറി. യൂറോ 1.1377 ഡോളറിലേക്കും പൗണ്ട് 1.3314 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 163.89 യെൻ എന്ന നിലയിൽ എത്തി. ചൈനീസ് യുവാൻ ഡോളറിന് 6.77 യുവാനിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.703 ശതമാനത്തിലേക്കു കയറി. 2015 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

രൂപ സ്‌റ്റെഡി

വ്യാഴാഴ്ച ഇന്ത്യൻ രൂപ ചെറിയ ചാഞ്ചാട്ടങ്ങൾക്കു ശേഷം മാറ്റമില്ലാതെ അവസാനിച്ചു. ഡോളർ 96.57 രൂപയിൽ ക്ലോസ് ചെയ്തു. ക്രൂഡ് ഓയിൽ ഉയർന്നതിനാൽ ഇന്നു രൂപ സമ്മർദത്തിലാകും എന്നാണു സൂചന. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻ.ഡി.എഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 96.88 രൂപയിൽ ആണ്. ചൈനീസ് യുവാൻ 14.26 രൂപയിലും യൂറോ 109.90 രൂപയിലും നിൽക്കുന്നു.

100 ഡോളർ കടന്നു ക്രൂഡ് ഓയിൽ

ക്രൂഡ് ഓയിൽ വില കുതിച്ചു കയറി. ചെങ്കടലിൽ സൗദിയുടെ ടാങ്കറുകൾക്കു നേരേ ഹൂതികൾ ആക്രമണം നടത്തിയതാണു കാരണം. സൗദികൾ എണ്ണകയറ്റുമതി സൂയസ് കനാലിനു സമീപമുള്ള ഈജിപ്ഷ്യൻ തുറമുഖത്തേക്കു താൽക്കാലികമായി മാറ്റി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ ഏഴു ശതമാനം കയറി വീപ്പയ്ക്ക് 100.69 ഡോളറിൽ ക്ലോസ് ചെയ്തു. ഇടയ്ക്കു 102 വരെ എത്തിയിരുന്നു. ഇന്നു രാവിലെ വില ഒരു ശതമാനം താഴ്‌ന്ന് 99.68 ആയി. ഡബ്ള്യുടിഐ ഇനം 91.29 ഡോളറിൽ എത്തി.

ക്രിപ്റ്റോകൾ താഴോട്ട്

ക്രിപ്റ്റോകറൻസികൾ താഴ്ചയിലാണ്. ബിറ്റ് കോയിൻ ഇന്നു രാവിലെ 64,900 ഡോളറിനു താഴെ എത്തി. ഈഥർ 1870 ഡോളറിനും സൊലാന 76 ഡോളറിനും താഴെ വന്നു.

വിപണി സൂചനകൾ

(2026 ജൂലൈ 23, വ്യാഴം)

  • സെൻസെക്സ്: 76,391.39 -0. 47

  • നിഫ്റ്റി-50: 23,869.60 -0.53%

  • ബാങ്ക് നിഫ്റ്റി: 56,592.00 -0.94%

  • മിഡ്ക്യാപ്-100: 61,685.00 -0.99%

  • സ്മോൾക്യാപ്-100: 18,936.35 -1.01%

  • ഡൗജോൺസ്: 51,711.65 -0.97%

  • എസ്ആൻഡ്പി: 7408.96 -1.21%

  • നാസ്ഡാക്: 25,137.69 -2.15%

  • ഡോളർ: ₹96.57 +₹0.00

  • സ്വർണം (ഔൺസ്): $4050.60 -$80.80

  • സ്വർണം (പവൻ): ₹1,07,200 -₹240

  • ക്രൂഡ്ഓയിൽ-ബ്രെൻ്റ്: $100.69 +$6.62

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com