
പശ്ചിമേഷ്യ തൽക്കാലം ശാന്തമാകുന്നു. ഇസ്രയേലും ഇറാനും വെടി നിർത്തുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. അതിനു മുൻപ് ഇറാൻ ഖത്തറിലെയും ഇറാഖിലെയും ഓരോ യുഎസ് സേനാ താവളങ്ങൾക്കു നേരേ മിസൈലുകൾ പ്രയോഗിച്ചു. മുൻപേ അറിയിച്ചിട്ടു തൊടുത്ത മിസൈലുകളെ യുഎസ് സേന ആകാശത്തു വച്ച് തകർത്തു. ഇറാൻ്റെ അണുബോംബ് നിർമാണ പരിപാടി തകർത്തെന്ന് അമേരിക്കയ്ക്കും ഇസ്രയേലിനും, യുഎസ് സേനാതാവളത്തിലേക്കും ഇസ്രയേലിൻ്റെ തലസ്ഥാനമടക്കം രാജ്യത്തുടനീളവും തങ്ങൾ ആക്രമണം നടത്തി എന്ന് ഇറാനും അവകാശപ്പെടാവുന്ന വിധം ആണ് വെടി നിർത്തൽ.
സമാധാനസാധ്യത ഏഷ്യൻ വിപണികളെ ഉയർത്തി. യുഎസ് ഫ്യൂച്ചേഴ്സും കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 12 ശതമാനം ഇടിഞ്ഞ് 70 ഡോളറിനു താഴെ എത്തി. സ്വർണം ഇടിയുകയും ഡോളർ ദുർബലമാകുകയും ചെയ്തു.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,050 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,188 ലേക്കു കയറി. പിന്നീട് അൽപം താഴ്ന്നു. വിപണി ഇന്ന് നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ചയും നഷ്ടത്തിലാണ് അവസാനിച്ചത്. നോവോ നോർഡിസ്കിൻ്റെ ഭാരം കുറയ്ക്കൽ ഔഷധം യുഎസ് ടെലി ഹെൽത്ത് കമ്പനി ഹിംസ് ആൻഡ് ഹെർസ് വഴി വിൽക്കാൻ രണ്ടു മാസം മുൻപ് ഉണ്ടാക്കിയ കരാർ കാലാവധിക്കു മുൻപേ റദ്ദാക്കി. ഹിംസ് ആൻഡ് ഹെർസ് ഓഹരി 35 ശതമാനം ഇടിഞ്ഞു. നോവോ ഓഹരി ആറു ശതമാനം താഴ്ന്നു. റോബോ ടാക്സി പരീക്ഷണം വിജയിച്ചെന്ന ഇലോൺ മസ്കിൻ്റെ പ്രസ്താവന ടെസ്‌ല ഓഹരിയെ എട്ടര ശതമാനം ഉയർത്തി.
തിങ്കളാഴ്ച യുഎസ് വിപണി കരുതലോടെ ഉയർന്നു. അമേരിക്കൻ ആക്രമണത്തിനു തിരിച്ചടിയായി ഇറാൻ എന്തു ചെയ്യും എന്നതിലെ ആശങ്ക ഉണ്ടായിരുന്നെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ നീക്കങ്ങൾ നടന്നത് വിപണിയെ ഉയർത്തി. ഇറാൻ കാര്യമായ പ്രത്യാക്രമണത്തിനു മുതിരാതിരുന്നത് ശുഭസൂചനയായി വിപണി കണ്ടു. മുഖ്യ സൂചികകൾ നല്ല നേട്ടം ഉണ്ടാക്കി.
ഡൗ ജോൺസ് 374.96 പോയിൻ്റ് (0.89%) ഉയർന്ന് 42,581.78 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 57.33 പോയിൻ്റ് (0.96%) നേട്ടത്തിൽ 6025.17 ൽ അവസാനിച്ചു. നാസ്ഡാക് 183.57 പോയിൻ്റ് (0.94%) കയറി 19,630.98 ൽ ക്ലോസ് ചെയ്തു.
പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച ഇസ്രയേൽ- ഇറാൻ വെടിനിർത്തലിനെ തുടർന്നു യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നല്ല നേട്ടത്തിലാണ്. ഡൗ 0.52 ഉം എസ് ആൻഡ് പി 0.5 7 ഉം നാസ്ഡാക് 0.79 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു തിരിച്ചു കയറി. ജപ്പാനിൽ നിക്കൈ 1.5 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയൻ സൂചിക രണ്ടു ശതമാനം കുതിച്ചു. ഹോങ് കോങ്, ചൈനീസ് വിപണികളും ഉയർന്നാണു വ്യാപാരം തുടങ്ങിയത്.
ഇറാൻ ഹോർമുസ് ജലപാത അടച്ച് ക്രൂഡ് ഓയിൽ, പ്രകൃതിവാതക വ്യാപാരം തടസപ്പെടുത്തും എന്ന ഭീതി ഇന്നലെ ഇന്ത്യൻ വിപണിയെ താഴ്ന്നു നീങ്ങാൻ പ്രേരിപ്പിച്ചു. രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി 1.2 ശതമാനത്തോളം ഇടിഞ്ഞു. പിന്നീടു നഷ്ടം പകുതിയായി കുറച്ചാണു ക്ലോസ് ചെയ്തത്. വ്യാപാര സമയം കഴിയും വരെ ഇറാൻ വലിയ പ്രത്യാക്രമണം നടത്താതിരുന്നതു വിപണിയെ സഹായിച്ചു.
നിഫ്റ്റി 140.50 പോയിൻ്റ് (0.56%) താഴ്ന്ന് 24,971.90 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 511.38 പോയിൻ്റ് (0.62%) നഷ്ടത്തോടെ 81,896.79 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 193.50 പോയിൻ്റ് (0.34%) താഴ്ന്ന് 56,059.35 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 211.30 പോയിൻ്റ് (0.36 ശതമാനം) നേട്ടത്തോടെ 58,206.80 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 126.70 പോയിൻ്റ് (0.70 ശതമാനം) കയറി 18,320.90 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1788 ഓഹരികൾ ഉയർന്നപ്പോൾ 2273 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1363 എണ്ണം. താഴ്ന്നത് 1544 ഓഹരികൾ.
എൻഎസ്ഇയിൽ 4 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 38 എണ്ണമാണ്. 79 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 101 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 1874.38 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 5591.77 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നത് ഇന്ന് ഇന്ത്യൻ വിപണിയെ ഉയർത്തും എന്നാണു പ്രതീക്ഷ. ക്രൂഡ് ഓയിൽ വില ഏഴും ശതമാനം ഇടിഞ്ഞത് ആ രംഗത്തെ ആശങ്കകൾ ഇല്ലാതാക്കുന്നു. നിഫ്റ്റി ഇന്ന് 25,100 കടന്നാൽ ബുൾ മുന്നേറ്റം പുനരാരംഭിക്കും. 25,200 തടസമായി മാറാം. 24,700 പിന്തുണ നിലവാരമായി തുടരുന്നുണ്ട്. ഇന്നു നിഫ്റ്റിക്ക് 24,865 ഉം 24,720 ഉം പിന്തുണയാകും. 25,040 ലും 25,190 ലും തടസം ഉണ്ടാകാം.
ഇസ്രയേലും ഇറാനും വെടിനിർത്തലിനു സമ്മതിച്ചെന്ന ട്രംപിൻ്റെ പ്രഖ്യാപനത്തെ തുടർന്നു സ്വർണവില ഒരു ശതമാനം ഇടിഞ്ഞു. ഔൺസിന് 3332 ഡോളർ വരെ എത്തി സ്വർണം. പിന്നീട് 3351ഡോളറിലേക്കു കയറി. വില ഇനിയും താഴാം എന്നാണു സൂചന.
കേരളത്തിൽ തിങ്കളാഴ്ച സ്വർണം പവന് 40 രൂപ കുറഞ്ഞ് 73,840 രൂപയായി. ഇന്നും വില കുറയും.
വെള്ളിവില ഔൺസിന് 36.05 ഡോളറിലേക്കു താഴ്ന്നു.
വ്യാവസായിക ലോഹങ്ങൾ പൊതുവേ ഉയർന്നു. ചെമ്പ് 0.92 ശതമാനം കുതിച്ച് ടണ്ണിന് 10,034.20 ഡോളറിൽ എത്തി. അലൂമിനിയം 1.31 ശതമാനം കയറി 2579.13 ഡോളർ ആയി. നിക്കൽ താഴ്ന്നപ്പോൾ സിങ്കും ടിന്നും ലെഡും ഉയർന്നു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.12 ശതമാനം കുറഞ്ഞ് 161.10 സെൻ്റ് ആയി. കൊക്കോ 0.96 ശതമാനം താഴ്ന്നു ടണ്ണിന് 8554.75 ഡോളറിൽ എത്തി. കാപ്പി 2.87 ശതമാനം ഉയർന്നു. പാം ഓയിൽ വില 1.28 ശതമാനം താഴ്ന്നു.
പശ്ചിമേഷ്യൻ വെടിനിർത്തൽ യുഎസ് ഡോളറിനെ താഴ്ത്തി. തിങ്കളാഴ്ച ഡോളർ സൂചിക 98.42 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 98.15 വരെ താഴ്ന്നു.
കറൻസി വിപണിയിൽ ഡോളർ ദുർബലമായി. യൂറോ 1.1595 ഡോളറിലും പൗണ്ട് 1.354 ഡോളറിലും ആയി. ജാപ്പനീസ് യെൻ ഡോളറിന് 145.55 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില ഉയർന്നു. അവയിലെ നിക്ഷേപനേട്ടം 4.348 ശതമാനത്തിലേക്ക് ഇടിഞ്ഞു.
തിങ്കളാഴ്ച രൂപ നഷ്ടത്തിലായി. ഡോളർ 16 പൈസ ഉയർന്ന് 86.75 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിലേക്കു കയറി.
പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നത് ക്രൂഡ് ഓയിൽ വിലയെ കുത്തനേ താഴ്ത്തി. ബ്രെൻ്റ് ഇനം ക്രൂഡ് 12.5 ശതമാനം താഴ്ന്ന് 69.11 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 66.11 ഡോളറിലും മർബൻ ക്രൂഡ് 70.35 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില ഒരു ശതമാനം താഴ്ന്നു.ക്രിപ്റ്റോ കറൻസികൾ കുതിച്ചു കയറി. ബിറ്റ് കോയിൻ 6.5 ശതമാനം കയറി 1,05, 500 ഡോളറിൽ എത്തി. ഈഥർ 10.5 ശതമാനം കുതിച്ച് 2410 ഡോളറിനു മുകളിലായ. മറ്റു ക്രിപ്റ്റോകളും 10 ശതമാനത്തിലധികം ഉയർന്നു.
(2025 ജൂൺ 23, തിങ്കൾ)
സെൻസെക്സ്30 81,896.79 -0.62%
നിഫ്റ്റി50 24,971.90 -0.56%
ബാങ്ക് നിഫ്റ്റി 56,059.35 -0.34%
മിഡ് ക്യാപ്100 58,206.80 +0.36%
സ്മോൾക്യാപ്100 18,320.90 +0.70%
ഡൗജോൺസ് 42,581.78 +0.89%
എസ്ആൻഡ്പി 6025.84 +0.96%
നാസ്ഡാക് 19,630.98 +0.94%
ഡോളർ($) ₹86.75 +₹0.16
സ്വർണം(ഔൺസ്) $3336.10 -$33.95
സ്വർണം(പവൻ) ₹73,840 -₹40
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $69.11 -$9.97
Read DhanamOnline in English
Subscribe to Dhanam Magazine