ടെക്നോളജി ഓഹരികൾ തിരിച്ചു കയറുന്നു; ഏഷ്യൻ വിപണികളിൽ ഉണർവ്; യുഎസ് ഫ്യൂച്ചേഴ്സ് ഉയരുന്നു; സ്വർണം ഇടിയുന്നു

അമേരിക്കൻ വാണിജ്യ പ്രതിനിധി ജാമീസൺ ഗ്രീർ ഡൽഹിയിൽ വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി വാണിജ്യകരാറിനെപ്പറ്റി ചർച്ച നടത്തി. ഇന്നു ചർച്ച അവസാനിക്കും
Pre Market Analysis
Morning business newsCanva
Published on

പശ്ചിമേഷ്യൻ സമാധാന നീക്കങ്ങൾ പുരോഗമിക്കുന്നു. ക്രൂഡ് ഓയിൽ വില താഴുന്നു. ഇതിനിടെ അമേരിക്ക പലിശ ഉയർത്തുമെന്ന അഭ്യൂഹം സ്വർണത്തെ താഴ്‌ത്തി, ഡോളറിനെ ഉയർത്തി. ഇന്നലെ വലിയ തകർച്ചയിലായ ടെക്നോളജി മേഖല ഇന്നു തിരിച്ചുകയറുന്ന സൂചന നൽകി. കൊറിയൻ വിപണി ഉയർന്നു. യുഎസ് ഫ്യൂച്ചേഴ്സും നേട്ടത്തിലായി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,857.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,878 വരെ ഉയർന്നു. ഇന്നു വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ഇറാൻ ചർച്ച തുടരുന്നു

സ്വിറ്റ്സർലൻഡിൽ നടക്കുന്ന യുഎസ് -ഇറാൻ ചർച്ച പുരോഗമിക്കുന്നു. ഹോർമുസിൽ കപ്പൽ ഗതാഗതം മെച്ചപ്പെട്ടു. ആണവപരിശോധന അനുവദിച്ചില്ലെങ്കിൽ ചർച്ചയിൽ നിന്നു പിന്മാറുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ്റെ പ്രസിഡൻ്റും മന്ത്രിമാരും ഇന്നലെ പാക്കിസ്ഥാനിൽ എത്തി മധ്യസ്ഥതയ്ക്കു നന്ദി അറിയിച്ചു.

വാണിജ്യകരാർ ചർച്ച

അമേരിക്കൻ വാണിജ്യ പ്രതിനിധി ജാമീസൺ ഗ്രീർ ഇന്നലെ ഡൽഹിയിൽ വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി വാണിജ്യകരാറിനെപ്പറ്റി ചർച്ച നടത്തി. ഇന്നു ചർച്ച അവസാനിക്കും. മറ്റ് ഏഷ്യൻ രാജ്യങ്ങൾക്കുള്ളതിലും കുറഞ്ഞ തീരുവനിരക്ക് നേടിയെടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. കരാറിന് മൂന്നു വർഷത്തിൽ കൂടുതൽ പ്രാബല്യം നൽകരുതെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.

മൺസൂൺ കമ്മി

തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ജൂൺ 23 ലെ നിലവച്ച് 42.3 ശതമാനം കുറവാണെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. രണ്ടാഴ്ച നിശ്ചലമായിരുന്ന മഴ പരിധി മുംബൈയിലേക്കും കടന്നു. എങ്കിലും രാജ്യത്തെ 72 ശതമാനം പ്രദേശത്തും മഴക്കുറവ് 20 ശതമാനത്തിലധികമാണ്. പ്രധാന കാർഷിക മേഖലകളിൽ 40 മുതൽ 90 വരെ ശതമാനം കുറവ് മഴയേ ലഭിച്ചിട്ടുള്ളൂ. എൽ നിനോ പ്രതിഭാസമാണു കാരണം. രാജ്യത്തെ കാർഷിക ഉൽപാദനത്തിൽ ഗണ്യമായ ഇടിവിന് ഇതു വഴി തെളിക്കും. ജിഡിപി വളർച്ചയെയും ബാധിക്കും.

യുഎസ് വിപണി താഴ്ചയിൽ

യുഎസ് വിപണികൾ ഇന്നലെ ഇടിഞ്ഞു. ടെക്നോളജി ഓഹരികളിലെ വിൽപനസമ്മർദം നാസ്ഡാകിനെയും എസ് ആൻഡ് പിയെയും വലിയ താഴ്ചയിലാക്കി. നിർമിതബുദ്ധി (എഐ)യുടെ പേരിലുള്ള ഭീമമായ നിക്ഷേപത്തെ വിപണി സംശയത്തോടെയാണു വീക്ഷിക്കുന്നത്.

ദക്ഷിണ കൊറിയൻ വിപണിയെ ഈ ആശങ്ക ഇന്നലെ പത്തു ശതമാനം തകർച്ചയിലാക്കി. അവിടെ എസ്‌കെ ഹൈനിക്സും സാംസംഗും കൂപ്പുകുത്തി. കഴിഞ്ഞ ആഴ്ചകളിൽ ആ കമ്പനികളുടെ കുതിപ്പ് കൊറിയൻ വിപണിസൂചികയെ റെക്കോർഡിലേക്ക് കയറ്റിയതാണ്.

യുഎസ് മെമ്മറി ചിപ് നിർമാണ കമ്പനികളായ മൈക്രോണും സാൻഡിസ്കും ഇന്നലെ 13 ശതമാനം ഇടിഞ്ഞു. ഒരു വർഷം കൊണ്ട് 762 ശതമാനം കുതിച്ച മൈക്രോൺ ഇന്നു വ്യാപാര സമയത്തിനു ശേഷം മൂന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിക്കും. വരുമാനം മൂന്നിരട്ടിയാകുമെന്നും 19.72 ഡോളർ ഇപിഎസ് ഉണ്ടാകുമെന്നും ആണു നിഗമനം.

തുടർച്ചയായ മൂന്നു ദിവസം ഇടിഞ്ഞ സ്പേസ് എക്സ് ഇന്നലെ ഒരു ശതമാനം ഉയർന്നു ക്ലോസ് ചെയ്തു. ഓഹരി ഇപ്പോൾ ലിസ്റ്റിംഗ് വിലയ്ക്കു തൊട്ടടുത്താണ്. നിക്ഷേപകർക്കു നഷ്‌ടം 60,000 കോടി ഡോളർ. കഴിഞ്ഞ ദിവസം കമ്പനി 2500 കോടി ഡോളറിൻ്റെ കടപ്പത്രങ്ങൾ ഇറക്കി.

ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 45.87 പോയിൻ്റ് (0.09 ശതമാനം) താഴ്ന്ന് 51,666.84 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 107.33 പോയിൻ്റ് (1.44%) നഷ്ടത്തോടെ 7365.46 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 579.56 പോയിൻ്റ് (2.22%)ഇടിഞ്ഞ് 25,587.04 ൽ ക്ലോസ് ചെയ്തു.

ടെക് എഡിആറുകൾ കയറി

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണി സമയത്ത് 0.28 ശതമാനം താഴ്ന്നിട്ട് തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 25.02 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.74 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 1.27 ശതമാനം ഇടിഞ്ഞ് 27.96 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 0.19 ശതമാനം കയറിയശേഷം തുടർവ്യാപാരത്തിൽ 1.95 ശതമാനം കുതിച്ച് 11ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 2.23 ശതമാനം കുതിച്ച് 2.29 ഡോളറിൽ അവസാനിച്ചു.

ഫ്യൂച്ചേഴ്സ് ഉയർന്നു

വലിയ നഷ്ടത്തിൽ വിപണി ക്ലോസ് ചെയ്ത ശേഷം യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നു. ഡൗ ജോൺസ് 13 പോയിൻ്റും (0.02%) എസ് ആൻഡ് പി 13 പോയിൻ്റും (0.17%) നാസ്ഡാക് 140 പോയിൻ്റും (0.47%) നേട്ടത്തോടെ നീങ്ങുന്നു.

യൂറോപ്പ് തളർന്നു

ടെക് കമ്പനികളുടെ ആഗോള പതനം യൂറോപ്യൻ സൂചികകളെയും തളർച്ചയിലാക്കി. പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ച യുകെയിലെ എഫ്ടിഎസ്ഇ 0.09 ശതമാനം മാത്രമേ താഴ്ന്നുള്ളൂ. അമേരിക്കൻ കമ്പനി ഇലൈ ലില്ലീ ഇറക്കിയ പുതിയ ഭാരം കുറയ്ക്കൽ ഔഷധം ഫൗണ്ടായോ വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാത്തത് ഈ രംഗത്തെ മുൻനിര കമ്പനിയായ നോവോ നോർഡിസ്കിനെ അഞ്ചു ശതമാനം ഉയർത്തി. മികച്ച ലാഭവർധനയിൽ ജർമൻ എൻ്റർപ്രൈസ് സോഫ്റ്റ്‌വേർ കമ്പനി സാപ് കുതിച്ചു.

ഏഷ്യൻ വിപണികൾ ഉയരുന്നു

ഏഷ്യൻ വിപണികൾ ഇന്നു ചെറിയ മുന്നേറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക ഒരു ശതമാനം താഴ്ന്നിട്ടു നഷ്‌ടം കുറച്ചു. ഓസ്ട്രേലിയൻ സൂചിക 0.10 ശതമാനം കയറി. ഇന്നലെ 10 ശതമാനം ഇടിഞ്ഞ ദക്ഷിണ കൊറിയൻ വിപണി സൂചിക കോസ്‌പി ഇന്നു രാവിലെ അഞ്ചു ശതമാനം തിരിച്ചുകയറി. സാംസങ് ഓഹരി ഒൻപതു ശതമാനം കുതിച്ചു. ഹോങ് കോങ് 0.35 ശതമാനം ഉയർന്നു. ഷാങ്ഹായ് 0.40 ശതമാനം താഴ്ന്നു.

ഇന്ത്യൻ വിപണി ഇടിഞ്ഞു

ടെക് ഓഹരികളിലെ ആഗോള തകർച്ചയും ലോഹങ്ങളുടെ വിലയിടിവും ഡോളർ കയറ്റവും എല്ലാം ചേർന്ന് ഇന്നലെ ഇന്ത്യൻ വിപണിയെ ഇടിച്ചിട്ടു. ഇന്ത്യൻ വിപണിമൂല്യം 5.5 ലക്ഷം കോടി രൂപ കണ്ട് നഷ്‌ടമായി.

വിദേശ നിക്ഷേപകർ ഇന്നലെ നാമമാത്ര വാങ്ങലുകാരായി മാറി. അവർ ക്യാഷ് വിപണിയിൽ 17.86 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 680.21 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

ചൊവ്വാഴ്ച സെൻസെക്‌സ് 893.39 പോയിൻ്റ് (1.16%) താഴ്ന്ന് 76,200.68 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 278.80 പോയിൻ്റ് (1.16%) നഷ്ടപ്പെടുത്തി 23,824.10 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 751.85 പോയിൻ്റ് (1. 30%) ഇടിഞ്ഞ് 57,183.75 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 658.75 പോയിൻ്റ് (1.05%) താഴ്ന്ന് 62,070.35 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 91.10 പോയിൻ്റ് (0.48%) കുറഞ്ഞ് 18,805.90 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ കയറുന്ന ഓരോഹരിക്കു രണ്ടെണ്ണം താഴുന്ന നിലയായിരുന്നു. ബിഎസ്ഇയിൽ 1427 ഓഹരികൾ കയറി, 2878 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1005 എണ്ണം ഉയർന്നപ്പോൾ 2269 എണ്ണം താഴ്ന്നു.

കേരളം ആസ്ഥാനമായുളള നാലു വാണിജ്യ ബാങ്കുകളും ഇന്നലെ താഴ്‌ന്നു.

വ്യാജകണക്ക് വിവാദത്തിൽ കുരുങ്ങി ഏഴു ദിവസം തുടർച്ചയായി ഇടിഞ്ഞ രാജേഷ് എക്സ്പോർട്സ് ഏഴാം ദിവസവും അഞ്ചു ശതമാനം കയറി അപ്പർ സർകീട്ടിൽ എത്തി. കമ്പനിയുടെ ഓഫീസുകളിൽ ഇന്നലെ ഇഡി പരിശോധന നടത്തി.

സ്വർണം 4000 ഡോളറിലേക്ക്

ഡോളറിൻ്റെ കരുത്തും അമേരിക്കൻ ഫെഡറൽ റിസർവ് പലിശ കൂട്ടുമോ എന്ന ഭീതിയും സ്വർണവിലയെ ഇടിച്ചു താഴ്ത്തുകയാണ്. അമേരിക്കൻ പലിശവർധന സ്വർണത്തിൽ നിന്നു യുഎസ് കടപ്പത്രങ്ങളിലേക്കു നിക്ഷേപകരെ നയിക്കും. അതാണു സ്വർണത്തിനു ഭീഷണിയാകുന്നത്. വില ഔൺസിനു 4000 ഡോളറിനു താഴെ പോകുമോ എന്നാണ് ഇപ്പോൾ വിപണിയിലെ ചർച്ച.

ഇന്നലെ 1.92 ശതമാനം ഇടിഞ്ഞ സ്വർണം ഔൺസിന് 80.60 ഡോളർ കുറഞ്ഞ് 4112.00 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4067 ഡോളർ വരെ താഴ്ന്നിട്ട് അൽപം കയറി 4090 ഡോളറിനടുത്തു നിൽക്കുന്നു.

സ്വർണത്തിൻ്റെ ലക്ഷ്യവില 6000 ഡോളർ വരെ കണക്കാക്കിയിരുന്ന വലിയ നിക്ഷേപ ബാങ്കുകളും ബ്രോക്കറേജുകളും പ്രവചനവില താഴ്ത്തുകയാണ്. സ്വർണത്തിലെ നിക്ഷേപ താല്പര്യം തിരിച്ചു വന്നാൽ 5200 ഡോളർ ആകുമെന്നു മോർഗൻ സ്റ്റാൻലി പറയുന്നു. ഡോയിച്ച് ബാങ്ക് 2026 ലെ ലക്ഷ്യവില 4300 ഡോളർ ആയി താഴ്ത്തി. ഫെഡ് പലിശ കൂട്ടിയാൽ 3800 ഡോളർ വരെ വില ഇടിയാം എന്നാണു ബാങ്കിൻ്റെ വിലയിരുത്തൽ. ഗോൾഡ്മാൻ സാക്സ് 5400 -ൽ നിന്ന് 4900 ഡോളറായി ലക്ഷ്യവില കുറച്ചു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവൻ ഇന്നലെ 2480 രൂപ ഇടിഞ്ഞ് 1,06,040 രൂപ ആയി.

വെള്ളിവില ഇന്നലെ ആറു ശതമാനം ഇടിഞ്ഞ് ഔൺസിന് 61.93 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്നു.

പ്ലാറ്റിനം 1633 ഡോളർ, പല്ലാഡിയം 1203 ഡോളർ, റോഡിയം 7600 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ ഇടിഞ്ഞു

വ്യാവസായിക ലോഹങ്ങൾ ഇന്നലെ കുത്തനേ ഇടിഞ്ഞു. ചെമ്പ് 2.26 ശതമാനം താഴ്ന്നു ടണ്ണിനു 13,333.75 ഡോളർ ആയി. അലൂമിനിയം 4.67 ശതമാനം ഇടിഞ്ഞ് 3251.22 ൽ ക്ലോസ് ചെയ്തു. സിങ്കും നിക്കലും ടിന്നും ലെഡും താഴ്ന്നു.

റബർ താഴ്ന്നു, കൊക്കോ കയറി

ചൊവ്വാഴ്ചയും വിദേശത്ത് റബർ വില താഴ്ന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 318.00 ഡോളറിലും ആർഎസ്എസ് മൂന്ന് 314.50 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 27,300 രൂപയിൽ തുടർന്നു.

കൊക്കോ വില ടണ്ണിന് 0.87 ശതമാനം കൂടി 4661 ഡോളറിൽ എത്തി. എൽ നിനോ പ്രതിഭാസം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉൽപാദനം കുറയ്ക്കും എന്നാണു നിഗമനം.

ഡോളർ സൂചിക ഉയരത്തിൽ

യുഎസ് ഡോളർ വീണ്ടും കയറി. ചൊവ്വാഴ്ച 101.42 വരെ കയറിയിട്ടു ഡോളർ സൂചിക 101.41 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.45 ൽ എത്തി.

യൂറോ 1.1371 ഡോളറിലേക്കും പൗണ്ട് 1.3191 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 161.58 യെൻ എന്ന നില വരെ ഇടിഞ്ഞു. 40 വർഷത്തെ ഏറ്റവും താഴ്ന്ന നിലയ്ക്കു സമീപമാണു യെൻ. ചൈനീസ് യുവാൻ ഡോളറിന് 6.79 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.491 ശതമാനമായി താഴ്ന്നു.

രൂപയ്ക്കു നഷ്‌ടം

ഇന്ത്യൻ രൂപ ചാഞ്ചാട്ടങ്ങൾക്കു ശേഷം ഇന്നലെയും നഷ്ടത്തിൽ അവസാനിച്ചു. ഡോളർ ആറു പൈസ നേട്ടത്തോടെ 94.74 രൂപയിൽ അവസാനിച്ചു.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 94.82 രൂപയായി. ചൈനീസ് യുവാൻ 13.95 രൂപയിലേക്കു താഴ്ന്നു. യൂറോ 107.77 രൂപയായി ഇടിഞ്ഞു.

ക്രൂഡ് ഓയിൽ 77 ഡോളറിനു താഴെ

ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങുകയാണ്. വാരാന്ത്യത്തിൽ 81.27 ഡോളറിൽ ആയിരുന്ന ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നുരാവിലെ വീപ്പയ്ക്ക് 76.32 ഡോളർ ആയി താഴ്ന്നു. പിന്നീട് അൽപം കയറി. ഡബ്ള്യുടിഐ ഇനം 72.47 ഡോളറിലേക്ക് ഇടിഞ്ഞു.

ക്രിപ്റ്റോകൾ താഴെ

ക്രിപ്റ്റോ കറൻസികൾ വീണ്ടും ഇടിവിലായി. ബിറ്റ് കോയിൻ ഇന്ന് 62,750 ഡോളറിനു താഴെ എത്തി. ഈഥർ 1670 ഡോളറിനും സൊലാന 70 ഡോളറിനും താഴെയാണ്.

വിപണിസൂചനകൾ

(2026 ജൂൺ 23, ചൊവ്വ)

സെൻസെക്സ് 76,200.68 -1.16%

നിഫ്റ്റി50 23,824.10 -1.16%

ബാങ്ക് നിഫ്റ്റി 57,183.75 -1.30%

മിഡ്ക്യാപ്100 62,070.35 -1.05%

സ്മോൾക്യാപ്100 18,805.90 -0. 48%

ഡൗജോൺസ് 51,666.84 -0.09%

എസ്ആൻഡ്പി 7365.46 -1.44%

നാസ്ഡാക് 25,587.04 -2.22%

ഡോളർ ₹94.74 +₹0.06

സ്വർണം(ഔൺസ്)$4112.00 -$80.60

സ്വർണം(പവൻ) ₹1,06,040 -₹2480

ക്രൂഡ്ഓയിൽബ്രെൻ്റ്$77.08 -$0.82

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com