കുതിപ്പ് തുടരാന്‍ വിപണികള്‍, ബുള്ളുകള്‍ ആവേശത്തില്‍, വില്‍പന സമ്മര്‍ദം തുടരും; സ്വര്‍ണക്കുതിപ്പ് തുടരുന്നു

ക്രൂഡ് ഓയില്‍ വില തിങ്കളാഴ്ച രാവിലെ കയറിയിട്ടു രാത്രി താഴ്ന്നു. ഇന്നു വീണ്ടും കയറി
tcm
Published on

വിപണികള്‍ ആവേശവും ഉത്സാഹവും കൈവിടുന്നില്ല. ഇന്നും റെക്കോഡ് തകര്‍ക്കലും പുതുക്കലും തുടരാനുള്ള തയാറെടുപ്പിലാണ് ബുള്ളുകള്‍. വിദേശ നിക്ഷേപകര്‍ ഇന്‍ഡെക്‌സ് ഫ്യൂച്ചേഴ്‌സില്‍ കൂടുതല്‍ ലോംഗ് പൊസിഷനുകള്‍ എടുക്കുന്നത് തുടര്‍ന്നും സൂചികകള്‍ കയറും എന്നതിന്റെ സൂചനയായി കണക്കാക്കുന്നു. വിദേശ സൂചനകളും പോസിറ്റീവ് ആണ്. ഉയര്‍ന്ന വിലയിലെ ലാഭമെടുക്കലുകാരുടെ വില്‍പന സമ്മര്‍ദം ഒപ്പമുണ്ട്.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,998ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,990ലേക്കു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശവിപണികള്‍

യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച ഉയര്‍ന്നു ക്ലോസ് ചെയ്തു. ജര്‍മനിയിലെ കൊമേഴ്‌സ് ബാങ്കിനെ കൈയടക്കാന്‍ ഇറ്റാലിയന്‍ ധനകാര്യ ഗ്രൂപ്പ് യൂണിക്രെഡിറ്റ് നടത്തുന്ന ശ്രമങ്ങളെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അപലപിച്ചതിനെ തുടര്‍ന്ന് കൊമേഴ്‌സ് ബാങ്ക് ഓഹരികള്‍ ആറു ശതമാനം ഇടിഞ്ഞു. യൂണിക്രെഡിറ്റ് ഇതിനകം ബാങ്കിന്റെ 21 ശതമാനം ഓഹരി വാങ്ങിയിട്ടുണ്ട്. അത് 29.9 ശതമാനമാക്കാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഗവണ്മെന്റ് എതിരായാല്‍ ഏറ്റെടുക്കല്‍ നടക്കില്ല.

യുഎസ് വിപണി തിങ്കളാഴ്ച കയറ്റിറക്കങ്ങള്‍ക്കു ശേഷം മിതമായ നേട്ടത്തില്‍ അവസാനിച്ചു. ഡൗവും എസ്ആന്‍ഡ്പിയും റെക്കോഡ് തിരുത്തി. യുഎസ് ഫെഡ് നവംബറിലും പലിശ അര ശതമാനം കുറയ്ക്കും എന്ന വിലയിരുത്തല്‍ പലരും പുറത്തുവിടുന്നുണ്ട്. ഇന്നു പുറത്തുവരുന്ന ബിസിനസ് വിശ്വാസ സൂചികയും ഫാക്ടറി ഉല്‍പാദന കണക്കും വിപണിഗതിയെ സ്വാധീനിക്കുന്നവയാണ്.

ഡൗ ജോണ്‍സ് സൂചിക 61.29 പോയിന്റ് (0.15%) ഉയര്‍ന്ന് 42,124.60ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 16.02 പോയിന്റ് (0.28%) കയറി 5718.57ല്‍ അവസാനിച്ചു. നാസ്ഡാക് സൂചിക 25.95 പോയിന്റ് (0.14%) നേട്ടത്താേടെ 17,974.30ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ 0.16 ഉം എസ്ആന്‍ഡ്പി 0.15 ഉം നാസ്ഡാക് 0.18 ഉം ശതമാനം താഴ്ന്നു നില്‍ക്കുന്നു.

യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില 3.743 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയില്‍ തുടരുന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നു നല്ല കയറ്റത്തിലാണ്. ജപ്പാനില്‍ വിപണി അവധിക്കു ശേഷം തുറന്നത് ഒന്നര ശതമാനം ഉയര്‍ന്നാണ്. ചൈന ബാങ്കുകളുടെ കരുതല്‍ പണ അനുപാതം അര ശതമാനം കുറച്ചു. ഇതു പലിശ നിരക്കു കുറയാനും വായ്പ കൂട്ടാനും സഹായിക്കും. ഹ്രസ്വകാല പലിശ ഇന്നലെ കുറച്ചിരുന്നു.

ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി വെള്ളിയാഴ്ചത്തെ കുതിപ്പിന്റെ തുടര്‍ച്ചയായി ഇന്നലെ മികച്ച കയറ്റം നടത്തി. സൂചികകള്‍ അര ശതമാനത്തിലധികം ഉയര്‍ന്നു. വിദേശനിക്ഷേപകര്‍ ഇന്നലെ താരതമ്യേന ചെറിയ ഇടപാടുകളേ നടത്തിയുള്ളൂ. ക്യാഷ് വിപണിയില്‍ വിദേശ ഫണ്ടുകള്‍ 404.42 കോടി രൂപയുടെ വാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1022.64 കോടിയുടെ ഓഹരികളും വാങ്ങി.

സെന്‍സെക്‌സ് 84,980.53 ഉം നിഫ്റ്റി 25,956.00 ഉം വരെ കയറി റെക്കോഡ് കുറിച്ചു. ക്ലോസിംഗും റെക്കോഡ് ആണ്.

തിങ്കളാഴ്ച എന്‍എസ്ഇയില്‍ 1768 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1,066 ഓഹരികള്‍ താണു. ബിഎസ്ഇയില്‍ 2,392 എണ്ണം കയറി, 1,719 എണ്ണം താഴ്ന്നു.

തിങ്കളാഴ്ച സെന്‍സെക്‌സ് 384.30 പോയിന്റ് (0.45%) കയറി 84,928.61ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 148.10 പോയിന്റ് (0.57%) ഉയര്‍ന്ന് 25,939.05ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.58% (312.60 പോയിന്റ്) നേട്ടത്തോടെ 54,105.80ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.84 ശതമാനം കയറി 60,712.40ലും സ്‌മോള്‍ ക്യാപ് സൂചിക 1.12% കുതിച്ച് 19,548.90ലും വ്യാപാരം അവസാനിപ്പിച്ചു.

ഐടി ഒഴികെ എല്ലാ മേഖലകളും കയറ്റത്തിലായിരുന്നു. 3.41 ശതമാനം ഉയര്‍ന്ന പൊതുമേഖലാ ബാങ്ക് സൂചിക നേട്ടത്തിനു മുന്നില്‍ നിന്നു. റിയല്‍റ്റി സൂചിക 2.23 ശതമാനം കയറി. ഓയില്‍-ഗ്യാസ്, ഓട്ടോ, കണ്‍സ്യൂമര്‍ ഡുറബിള്‍സ് മേഖലകളും മികച്ച മുന്നേറ്റം നടത്തി.

വിദേശ ഫണ്ടുകള്‍ വലിയ തോതില്‍ വാങ്ങിയതിനെ തുടര്‍ന്നു വി.ഐ.പി ഇന്‍ഡസ്ട്രീസ് ഓഹരി 12 ശതമാനത്തിലധികം ഉയര്‍ന്നു. ഫിനോലെക്‌സ് കേബിള്‍സ് 10 ശതമാനം കയറി.

സ്വര്‍ണാഭരണ കമ്പനികളായ കല്യാണ്‍ ജ്വല്ലേഴ്‌സ്, പിസി ജ്വല്ലേഴ്‌സ്, രാധിക ജൂവല്‍, സെന്‍കോ, സ്‌കൈ, തങ്കമയില്‍, ടിബിസെഡ് തുടങ്ങിയവ മൂന്നു മുതല്‍ ആറു വരെ ശതമാനം ഉയര്‍ന്നു. പിഎന്‍ ഗാഡ്ഗില്‍ പത്തു ശതമാനം കുതിച്ചു. സ്വര്‍ണവില കയറുന്നതാണു കാരണം.

വിപണിയുടെ ബുള്ളിഷ് മനോഭാവം കൂടുതല്‍ ശക്തമായി. നിഫ്റ്റി 26,000നും സെന്‍സെക്‌സ് 85,000നും മുകളിലേക്കു കയറും എന്ന വിശ്വാസത്തിലാണു ബുള്ളുകള്‍. 26,200ലാണു നിഫ്റ്റി വലിയ പ്രതിരോധം നേരിടുക. ഇന്നു നിഫ്റ്റിക്ക് 25,875 ലും 25,845 ലും പിന്തുണ ഉണ്ട്. 25,960 ഉം 25,985 ഉം തടസങ്ങളാകും.

സ്വര്‍ണം ഉയരത്തില്‍

സ്വര്‍ണം ഇന്നലെ കയറിയിറങ്ങി ഉയര്‍ന്ന വിലയില്‍ ലാഭമെടുക്കലുകാര്‍ വില്‍പന സമ്മര്‍ദം ഉണ്ടാക്കി. ഔണ്‍സിന് 2,631.50 ഡോളര്‍ വരെ എത്തിയ സ്വര്‍ണം തിങ്കളാഴ്ച 2628.50 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2629 ഡോളറിലാണ്. ഡിസംബര്‍ അവധിവില 2,654 ഡോളര്‍ വരെ കയറി. പലരും സ്വര്‍ണത്തിന്റെ അടുത്ത വര്‍ഷത്തെ ലക്ഷ്യവില 3,000 ഡോളറിലേക്ക് ഉയര്‍ത്തി

കേരളത്തില്‍ സ്വര്‍ണവില ഇന്നലെ 160 രൂപകൂടി പവന് 55,840 രൂപ എന്ന റെക്കോഡ് കുറിച്ചു. ഇന്നും അല്‍പം കയറാം. വെള്ളിവില ഔണ്‍സിന് 31 ഡോളറിലേക്ക് വീണ്ടും കയറി.

ഡോളര്‍ സൂചിക തിങ്കളാഴ്ച ഉയര്‍ന്ന് 100.85ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.99 ലേക്കു കയറി. തിങ്കളാഴ്ച രാവിലെ നല്ല കയറ്റം നടത്തിയ ഇന്ത്യന്‍ രൂപ പിന്നീടു നേട്ടങ്ങള്‍ നഷ്ടമാക്കി. ഡോളര്‍ 12 പൈസ താഴ്ന്ന് 83.44 രൂപയില്‍ എത്തിയിട്ടു തിരിച്ചു കയറി 83.55 രൂപയില്‍ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയില്‍ വില തിങ്കളാഴ്ച രാവിലെ കയറിയിട്ടു രാത്രി താഴ്ന്നു. ഇന്നു വീണ്ടും കയറി. ബ്രെന്റ് ഇനം ഇന്നലെ 73.90 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 74.31 ഡോളര്‍ വരെ കയറി. ഡബ്ല്യുടിഐ ഇനം 70.81 ഉം യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 74.22 ഉം ഡോളറിലാണ്.

ക്രിപ്‌റ്റോ കറന്‍സികള്‍ അല്‍പം താഴ്ന്നു. ബിറ്റ്‌കോയിന്‍ 62,850 ഡോളറിലാണ്. ഈഥര്‍ 2,360 ഡോളറിനു താഴേക്കു നീങ്ങി.

വ്യാവസായിക ലോഹങ്ങള്‍ ഇന്നിലെയും ഭിന്ന ദിശകളിലായി. ചെമ്പ് 0.20 ശതമാനം ഉയര്‍ന്നു ടണ്ണിന് 9412.91 ഡോളറില്‍ എത്തി. അലൂമിനിയം 0.38 ശതമാനം കയറി ടണ്ണിന് 2494.33 ഡോളര്‍ ആയി. നിക്കല്‍ 1.01 ശതമാനം ഉയര്‍ന്നു. ടിന്‍ 0.31 ഉം സിങ്ക് 0.81 ഉം ലെഡ് 1.06 ഉം ശതമാനം താഴ്ന്നു.

വിപണിസൂചനകള്‍

(2024 സെപ്റ്റംബര്‍ 23, തിങ്കള്‍)

സെന്‍സെക്‌സ് 30 84,928.61 +0.45%

നിഫ്റ്റി50 25,939.05 +0.57%

ബാങ്ക് നിഫ്റ്റി 54,105.80 +0.58%

മിഡ് ക്യാപ് 100 60,712.40 +0.84%

സ്‌മോള്‍ ക്യാപ് 100 19,548.90 +1.12%

ഡൗ ജോണ്‍സ് 30 42,124.60

+0.15%

എസ് ആന്‍ഡ് പി 500 5718.51 +0.28%

നാസ്ഡാക് 17,974.30 +0.14%

ഡോളര്‍($) ?83.55 -?0.01

ഡോളര്‍ സൂചിക 100.85 +0.24

സ്വര്‍ണം (ഔണ്‍സ്) $2628.50 +$06.10

സ്വര്‍ണം (പവന്‍) ?55,840 +?160

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $73.90 -$00.82

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com