

വീണ്ടും പലിശപ്പേടി വിപണികളെ ബാധിക്കുന്നു. ഇന്നലെ യുഎസ് വിപണി ഇടിഞ്ഞു. ഇന്ന് ജപ്പാൻ ഒഴികെ ഏഷ്യൻ വിപണികൾ താഴ്ചയിലാണ്. അമേരിക്കൻ ഫെഡ് ഒക്ടോബറിൽ വീണ്ടും പലിശ കൂട്ടും എന്നാണു സൂചന. ഇന്ത്യയുടെ റിസർവ് ബാങ്കും അടുത്ത മാസം പലിശ വർധിപ്പിക്കും എന്നു കരുതപ്പെടുന്നു.
ക്രൂഡ് ഓയിൽ വില ഇന്നലെ 103 ഡോളറിലേക്കു കയറിയിട്ട് ഇന്നു രാവിലെ അൽപം താഴ്ന്നു. സ്വർണം ഔൺസിന് 4300 ഡോളറിലേക്കു വീണു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,307.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,240 വരെ ഇടിഞ്ഞു. ഇന്ത്യൻ വിപണി ഇന്നു വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
യുഎൻ സമ്മേളന അവസരത്തിൽ നടന്ന യുഎസ് -ഇറാൻ ചർച്ചകൾ ഫലപ്രദമായില്ല. കീഴടങ്ങില്ലെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു.. നവംബറിലെ യുഎസ്. തെരഞ്ഞെടുപ്പു കഴിയും വരെ യുദ്ധം തുടരും എന്നു തന്നെയാണു നിരീക്ഷകർ കരുതുന്നത്. ട്രംപിന് ഒരു രാഷ്ട്രീയ തോൽവി ഉറപ്പുവരുത്തുന്ന സാഹചര്യം നഷ്ടമാക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും മധ്യസ്ഥർ ചർച്ച തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില ഇന്നലെ അഞ്ചു ശതമാനത്തോളം തിരിച്ചുകയറി. 98 ഡോളറിനടുത്തു വരെ താഴ്ന്ന ബ്രെൻ്റ് ഇനം 103 ഡോളറിനു മുകളിലായി.
ഇന്നു വാഷിംഗ്ടണിൽ എത്തുന്ന ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്, ട്രംപുമായി ഒന്നിലേറെ കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. വാണിജ്യ മേഖലയിൽ എന്തു ധാരണയാണു രൂപപ്പെടാൻ പോകുന്നത് എന്നാണു വിപണികൾ ഉറ്റുനോക്കുന്നത്. ഒരു വർഷം മുൻപു പ്രഖ്യാപിച്ച "വാണിജ്യ വെടിനിർത്തൽ" രണ്ടു മാസം കൂടി നീട്ടിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് ഇന്നലെ പറഞ്ഞു.
ചൈനയ്ക്കും ഇന്ത്യക്കും എതിരേ 100 ശതമാനം തീരുവ ചുമത്താൻ അധികാരം നൽകുന്ന നിയമം ഉപയോഗിക്കാൻ ട്രംപ് ഇപ്പോൾ തുനിയുകയില്ല എന്ന് ഉറപ്പായി. എങ്കിലും നിയമം ഭീഷണിയായി തുടരും. വാഷിംഗ്ടണിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുമായി ഈ നിയമത്തിൻ്റെ കാര്യം വിദേശകാര്യമന്ത്രി ജയശങ്കർ ചർച്ച നടത്തി.
ഇറാൻ സമാധാന പ്രതീക്ഷ അകലുകയും ക്രൂഡ് ഓയിൽ കുതിച്ചുകയറുകയും ചെയ്തതോടെ യുഎസ് വിപണി വീണ്ടും പലിശപ്പേടിയിലായി. സേവന മേഖലയിലും ഫാക്ടറി ഉൽപാദനത്തിലും മികച്ച മുന്നേറ്റം കാണിക്കുന്ന സർവേകൾ പുറത്തുവന്നു. ഇനിയും പലിശ കൂട്ടിയാലും സാമ്പത്തിക വളർച്ചയ്ക്കു കോട്ടം വരില്ല എന്ന സൂചനയാണുള്ളത്. ഒക്ടോബർ അവസാനം ഫെഡ് പലിശ കൂട്ടാനുളള സാധ്യത 70 ശതമാനത്തിലേക്കു കയറി. കടപ്പത്രവിലകൾ ഇടിഞ്ഞു. കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കുതിച്ചു കയറി. 2007 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 5.135 ശതമാനത്തിലേക്ക് 10 വർഷ കടപ്പത്രത്തിലെ നേട്ടം എത്തി. ഇതിൻ്റെ ഫലമായി ഇന്നലെ ഓഹരികൾ ഇടിഞ്ഞു. കടപ്പത്രവിലകൾ പിന്നീട് അൽപം കയറിയെങ്കിലും ആശങ്ക മാറിയിട്ടില്ല. എഐ മേഖലയിലും മറ്റുമുള്ള വൻ നിക്ഷേപങ്ങൾ കടമെടുത്താണു നടക്കുന്നത്. കടത്തിനു പലിശ കൂടുമ്പോൾ ലാഭമാർജിനുകൾ കുറയും. ഈ ആശങ്ക വിപണിയിൽ ഇടിവ് തുടരാൻ കാരണമാകുമോ എന്നു വരും ദിവസങ്ങൾ കാണിക്കും.
ബുധനാഴ്ച ഡൗ ജോൺസ് സൂചിക 352.10 പോയിൻ്റ് (0.68 ശതമാനം) താഴ്ന്ന് 51,511.59 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 58.61 പോയിൻ്റ് (0.75%) നഷ്ടത്തോടെ 7706.03 ൽ എത്തി. നാസ്ഡാക് കോംപസിറ്റ് 308.24 പോയിൻ്റ് (1.13%) ഇടിഞ്ഞ് 26,936.04 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് താഴുകയാണ്. ഡൗ ജോൺസ് 63 പോയിൻ്റും (0.12%) എസ് ആൻഡ് പി 7 പോയിൻ്റും (0.08%) നാസ്ഡാക് 18 പോയിൻ്റും (0.06%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ എച്ച്ഡിഎഫ്സി ബാങ്ക് ബുധനാഴ്ച വ്യാപാര സമയത്ത് 2.65 ശതമാനം ഇടിഞ്ഞിട്ടു തുടർവ്യാപാരത്തിൽ 0.78 ശതമാനം കയറി 22.97 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.46% താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 27.91 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 0.09% താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ 0.93% ഉയർന്നു 10.85 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തും തുടർ വ്യാപാരത്തിലും മാറ്റമില്ലാതെ 1.69 ഡോളറിൽ അവസാനിച്ച
യൂറോപ്യൻ ഓഹരിവിപണികൾ ബുധനാഴ്ച താഴ്ന്നു. ഇന്ധന -ഊർജ കമ്പനികൾ നേട്ടമുണ്ടാക്കി. വാഹന കമ്പനികളും ധനകാര്യമേഖലയും താഴ്ന്നു.
ഏഷ്യൻ വിപണികൾ പലതും ഇന്നു നഷ്‌ടത്തിലാണ്. അവധികൾക്കു ശേഷം വ്യാപാരം തുടങ്ങിയ ജപ്പാനിൽ നിക്കൈ സൂചിക 1.75 ശതമാനം കുതിച്ചു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.75 ശതമാനം താഴ്ന്നു. തായ്‌വാൻ സൂചിക 0.50 ശതമാനം നഷ്‌ടത്തിലായി. ചൈനയിലെ ഷാങ്ഹായ് സൂചിക 0.35 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ സൂചിക 1.2 ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയൻ വിപണിക്ക് അവധിയാണ്.
ലോകവിപണിയിൽ ക്രൂഡ് ഓയിൽ താഴ്ന്നതിൻ്റെ ആവേശത്തിൽ ഇന്നലെ ഇന്ത്യൻ വിപണി മുന്നേറി. ഈ സാമ്പത്തിക വർഷം ഇന്ത്യ ഏഴു ശതമാനം വളർച്ച നേടും എന്ന് എല്ലാ റേറ്റിംഗ് ഏജൻസികളും ഏഷ്യൻ വികസന ബാങ്കും ഒഇസിഡിയും പറഞ്ഞതു വിപണിക്ക് ആവേശമായി. എസ് ആൻഡ് പി ഗ്ലോബൽ വളർച്ച പ്രതീക്ഷ 7 ശതമാനമായി ഉയർത്തി. നേരത്തേ 6.6 ശതമാനമാണു പ്രതീക്ഷിച്ചിരുന്നത്. ഫിച്ച് റേറ്റിംഗ്സ് വളർച്ചപ്രതീക്ഷ 6.4 ൽ നിന്ന് 6.9 ശതമാനമായി വർധിപ്പിച്ചു. മറ്റൊരു റേറ്റിംഗ് ഏജൻസിയായ മൂഡീസ് കഴിഞ്ഞ ആഴ്ച ഇന്ത്യയുടെ വളർച്ച നിഗമനം ആറിൽ നിന്ന് ഏഴു ശതമാനമായി ഉയർത്തിയിരുന്നു. എഡിബി 6.6 ൽ നിന്ന് ഏഴിലേക്കും ഒഇസിഡി 6.3 ൽ നിന്ന് 7.1ലേക്കും പ്രതീക്ഷ ഉയർത്തി.
എഐ ഗവേഷണത്തിനു നിയന്ത്രണം വരില്ല എന്നത് ഇന്ത്യൻ ഐടി സേവനമേഖലയ്ക്കു ക്ഷീണമാകും എന്ന ഭീതിയിൽ ഐടി കമ്പനികൾ താഴ്ന്നു. സ്റ്റീൽ, ചെമ്പ്, അലൂമിനിയം തുടങ്ങിയവയുടെ വില കൂടിയത് മെറ്റൽ കമ്പനികളെ കയറ്റത്തിലാക്കി. റിയൽറ്റി, എഫ്എംസിജി, ഫാർമ, ഹെൽത്ത് കെയർ, കാപ്പിറ്റൽ മാർക്കറ്റ് മേഖലകളും കുതിച്ചു. മിഡ് ക്യാപ്പുകളും സ്മോൾ ക്യാപ്പുകളും നല്ല നേട്ടത്തിൽ അവസാനിച്ചു.
ഇന്നലെ ഭൂരിപക്ഷം ഓഹരികൾ നേട്ടത്തിലായി. ബിഎസ്ഇയിൽ 2752 ഓഹരികൾ നേട്ടം ഉണ്ടാക്കി, 1655 ഓഹരികൾ നഷ്‌ടത്തിലായി. എൻഎസ്ഇയിൽ 2324 ഓഹരികൾ കയറിയപ്പോൾ 1224 എണ്ണം താഴ്ന്നു.
വിദേശനിക്ഷേപകർ ഇന്നലെ വാങ്ങലുകാരായി മാറി. ബുധനാഴ്ച അവർ ക്യാഷ് വിപണിയിൽ 1617.45 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2341.46 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.
ബുധനാഴ്ച സെൻസെക്‌സ് 299.17 പോയിൻ്റ് (0.40%) ഉയർന്ന് 74,828.25 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 117.80 പോയിൻ്റ് (0.50%) നേട്ടത്തോടെ 23,446.80 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 333.35 പോയിൻ്റ് (0.59%) കയറി 56,548.90 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 433.30 പോയിൻ്റ് (0.70%) കുതിച്ച് 62,396.45 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 176.05 പോയിൻ്റ് (0.89%) ഉയർന്ന് 19,991.50 ൽ ക്ലോസ് ചെയ്തു.
22,569 കോടി രൂപയുടെ ഐപിഒ നടത്തിയ എൻഎസ്ഇ ഇന്ന് ലിസ്റ്റ് ചെയ്യും. 1785 രൂപയിലാണ് ഐപിഒ വിൽപന. ഈ വിലയിൽ കമ്പനിക്ക് 4.42 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം ഉണ്ടാകും. വിപണിയിലെ മൂല്യത്തിൽ പത്താമതോ പതിനൊന്നാമതോ ആകും എൻഎസ്ഇ. ഹിന്ദുസ്ഥാൻ യൂണിലീവർ (4.58 ലക്ഷം കോടി), സൺ ഫാർമ (4.47 ലക്ഷം കോടി), ടൈറ്റൻ (4.33 ലക്ഷം കോടി) എന്നിവയുടെ അടുത്താകും ഇത്. എൻഎസ്ഇ ഓഹരികളിൽ 12.91 കോടി പേർ നിക്ഷേപകരായി. ഓഹരിക്ക് ഔട് പെർഫോം റേറ്റിംഗ് നൽകിയ വിദേശ ബ്രോക്കറേജ് മക്കാറീ 1965 രൂപ ലക്ഷ്യവില നിർണയിച്ചു.
പലിശവർധന തുടരും എന്ന ആശങ്ക ഇന്നലെ സ്വർണത്തെ വലിച്ചുതാഴ്‌ത്തി. ബുധനാഴ്ച 71.00 ഡോളർ (1.63%) താഴ്ന്ന് ഔൺസിന് 4288 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4299 ഡോളർ വരെ കയറി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ബുധനാഴ്ച 280 രൂപ കുറഞ്ഞ് 1,13,080 രൂപ ആയി.
വെള്ളിവില ബുധനാഴ്ച നാലു ശതമാനം ഇടിഞ്ഞ് ഔൺസിന് 64.58 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 64.47 ഡോളറിലേക്കു താഴ്‌ന്നു.
പ്ലാറ്റിനം 1756 ഡോളർ, പല്ലാഡിയം 1249 ഡോളർ, റോഡിയം 8900 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
രാജ്യാന്തര വിപണിയിലും കേരളത്തിലും റബർവില കയറ്റം തുടർന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 283.46 ഡോളറിലും ആർഎസ്എസ് മൂന്ന് 280.00 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 27,500 രൂപയിലേക്ക് കയറി.
വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച താഴ്ന്നു. ലാഭമെടുക്കലും പലിശപ്പേടിയുമാണു കാരണങ്ങൾ.
ചെമ്പ് 0.42 ശതമാനം താഴ്ന്നു ടണ്ണിന് 14,733.85 ഡോളർ ആയി. അലൂമിനിയം 0.14 ശതമാനം കുറഞ്ഞ് 3259.20 ഡോളറിൽ എത്തി. ലെഡും സിങ്കും താഴ്ന്നു. നിക്കലും ടിന്നും ഉയർന്നു.
കൊക്കോ വില 2.17 ശതമാപ ഉയർന്നു ടണ്ണിന് 5519 ഡോളറിൽ ക്ലോസ് ചെയ്തു. ഐവറി കോസ്റ്റിൻ്റെ പല ഭാഗങ്ങളിലും വരൾച്ച തുടരുന്നത് ഉൽപാദനം കുറയ്ക്കും എന്നു കരുതുന്നു.
അറബിക്ക കാപ്പി 1.32 ശതമാനം കയറി പൗണ്ടിന് 2.759 ഡോളർ ആയി.
പാം ഓയിൽ 0.87 ശതമാനം താഴ്ന്നു ടണ്ണിന് 4768 മലേഷ്യൻ റിംഗിറ്റ് ആയി.
പലിശ വർധനയ്ക്കു ശേഷം ഉയരുന്ന യുഎസ് ഡോളർ സൂചിക ബുധനാഴ്ച കയറി 101.10 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും ഉയർന്നു 101.15 ആയി.
യൂറോ 1.1379 ഡോളറിലേക്കും പൗണ്ട് 1.3232 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 157.91 യെൻ വരെ താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.71 എന്ന നിരക്കിലേക്കു മാറി.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 5.114 ശതമാനത്തിലേക്കു കുതിച്ചു.
ബുധനാഴ്ച രൂപ ക്ഷീണത്തിലായി. ഡോളർ 15 പൈസ കയറി 95.74 രൂപയിൽ അവസാനിച്ചു.വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.79 രൂപയിലാണ്.
ചൈനീസ് യുവാൻ 14.27 രൂപയിൽ തുടർന്നു. യൂറോ 108.97 രൂപയായി താഴ്ന്നു.
ക്രൂഡ് ഓയിൽ ഇന്നലെ തിരിച്ചുകയറി. ബ്രെൻ്റ് ഇനം 98 ഡോളറിനടുത്ത് എത്തിയിട്ടു നാലു ശതമാനത്തിലധികം ഉയർന്ന് 103.08 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.10 ഡോളറിലേക്കു താഴ്ന്നു.
ഡബ്ള്യുടിഐ ഇനം 91.47 ഡോളറിലാണ്.
ക്രിപ്റ്റോ കറൻസികൾ വീണ്ടും ഇടിഞ്ഞു. ബിറ്റ്കോയിൻ ഇന്നു രാവിലെ 84,250 ഡോളറിനു താഴെയായി. ഈഥർ 2680 ഡോളറിനും സൊലാന 115 ഡോളറിനും താഴെ വന്നു.
(2026 സെപ്റ്റംബർ 23, ബുധൻ)
സെൻസെക്സ് 74,828.25 +0.40%
നിഫ്റ്റി50 23,446.80 +0.50%
ബാങ്ക് നിഫ്റ്റി 56,548.90 +0.59%
മിഡ്ക്യാപ്100 62,396.45 +0.70%
സ്മോൾക്യാപ്100 19,991.50 +0.89%
ഡൗജോൺസ് 51,511.59 -0.68%
എസ്ആൻഡ്പി 7706.03 -0.75%
നാസ്ഡാക് 26,936.04 -1.13%
ഡോളർ ₹95.74 +₹0.15
സ്വർണം(ഔൺസ്)$4288.00 -$71.00
സ്വർണം(പവൻ) ₹1,13,080 -₹280
ക്രൂഡ്ഓയിൽബ്രെൻ്റ് $103.08 +3.83
Read DhanamOnline in English
Subscribe to Dhanam Magazine