സാമ്പത്തിക ഉപരോധം വിലയിരുത്തി വിപണി; വീണ്ടും H1B വീസ ഫീസ്; ചിപ്പ് കമ്പനികൾക്കു വീഴ്ച; ഏഷ്യൻ വിപണികൾ താഴുന്നു; ക്രൂഡ് ഓയിൽ താഴ്ന്നു; സ്വർണം കുതിക്കുന്നു

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്; യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു കാര്യമായ മാറ്റം കാണിക്കുന്നില്ല
Stock Market Morning Analysis
Image courtesy: Canva
Published on

ഇറാനെതിരേ പുതിയ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതിൻ്റെ തുടർനടപടികൾ തുടങ്ങാനിരിക്കുന്നതേ ഉള്ളൂ. ക്രൂഡ് ഓയിൽ വില അതിനു ശേഷം രണ്ടര ശതമാനം ഇടിഞ്ഞു. ഡോളറും താഴ്ന്നു നിൽക്കുന്നു. നടപടികൾ എത്രമാത്രം ഉണ്ടാകും എന്നു വരും ദിവസങ്ങളിലേ അറിയൂ. ക്രൂഡ് ഓയിൽ 92 ഡോളറിനു താഴേക്കു നീങ്ങി. സ്വർണം ഉയർന്നു. ഏഷ്യൻ വിപണികൾ താഴ്ചയിലാണ്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,144.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,170 വരെ ഉയർന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

സാമ്പത്തിക ഉപരോധം വരുന്നു

ഇറാനുമായി സാമ്പത്തിക ബന്ധങ്ങൾ തുടരുന്നവർക്ക് എതിരേ ഡോളർ ഉപരോധം അടക്കം നടപടികൾ ഉണ്ടാകും എന്ന് അമേരിക്ക ഇന്നലെ പ്രഖ്യാപിച്ചു. ഡോളർ അധിഷ്ഠിത ബാങ്കിംഗ് സംവിധാനത്തിൽ നിന്ന് ആ രാജ്യങ്ങളെ ഒഴിവാക്കും എന്നാണു യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് പറഞ്ഞത്. ഇറാൻ്റെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായ ചൈനയെയും ഇങ്ങനെ ഉപരോധിക്കും എന്നു ബെസൻ്റ് സൂചിപ്പിച്ചു.

ചൈനയെ ഉപരോധിച്ചില്ലെങ്കിൽ നടപടി വേണ്ടത്ര ഫലപ്പെടുകയില്ല. ചൈനയെ പെടുത്തിയാൽ മറ്റു പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഓരോ രാജ്യവും നിശ്ചിത തീയതിക്കകം ഇറാനുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കണം എന്ന സന്ദേശം യുഎസ് നൽകും. പാലിച്ചില്ലെങ്കിൽ രാജ്യാന്തര ബാങ്കിംഗ്, പണകൈമാറ്റ സംവിധാനങ്ങളിൽ നിന്ന് അവയെ മാറ്റും എന്നാണു പ്രഖ്യാപനം. നടപടികൾ സാവധാനമേ ഉണ്ടാകൂ. ഉപരോധം മറികടക്കാൻ തങ്ങൾക്കറിയാമെന്ന് ഇറാൻ പ്രതികരിച്ചു. ഇറാൻ്റെ എണ്ണ അനധികൃതമായി കടത്തുന്നതിനു സഹായിക്കുന്ന കമ്പനികളെയും വ്യക്തികളെയും ആണ് ആദ്യഘട്ടത്തിൽ ഉപരോധത്തിലാക്കുന്നത്.

പാക്കിസ്ഥാൻ്റെ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഇറാനിലെത്തി ഉന്നത നേതാക്കളുമായി നടത്തിയ ചർച്ച ഫലമൊന്നും ഉണ്ടാക്കിയതായി കാണുന്നില്ല. ഇന്ത്യ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

എച്ച് വൺ ബി കുരുക്ക് വീണ്ടും

എച്ച് വൺ ബി വീസകൾക്കു വീണ്ടും ഒരു ലക്ഷം രൂപയുടെ ഫീസ് വരുന്നു. കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം ചുമത്തിയ ഒരു ലക്ഷം ഡോളർ ഫീസ് കോടതി റദ്ദാക്കിയതിനെ തുടർന്നാണിത്. 1,03,265 ഡോളർ ആണു പുതിയ നിർദിഷ്‌ട നിരക്ക്. പരാതികൾ നൽകാൻ 30 ദിവസം ഉണ്ട്. അതിനു ശേഷമാണ് ഇതു പ്രാബല്യത്തിലാകുക. ഇന്ത്യക്കാരാണ് ഈ വീസകളിൽ ബഹുഭൂരിപക്ഷവും നേടുന്നത്.

ടി.സി.എസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ ഇന്ത്യൻ ഐടി സേവന കമ്പനികളുടെ ഓഹരികൾ ഇന്ന് ഈ നീക്കത്തോടു പ്രതികരിക്കും. ഇന്നലെ ന്യൂയോർക്കിലെ എ.ഡി.ആർ വ്യാപാരത്തിൽ ഐടി കമ്പനികൾ ദുർബലമായി.

യു.എസ് വിപണി ഭിന്നദിശകളിൽ

കംപ്യൂട്ടർ ചിപ് ഓഹരികളുടെ ഇടിവിൽ എസ് ആൻഡ് പിയും നാസ്ഡാക് കോംപസിറ്റും ഇന്നലെ നഷ്‌ടത്തിലായി. എന്നാൽ ഡൗ ജോൺസ് ഉയർന്നു. കടപ്പത്ര വിലയിടിവിന് ഇന്നലെ അല്പം മാറ്റമുണ്ടായി. കടപ്പത്രങ്ങൾ തിരിച്ചു വാങ്ങാൻ ട്രഷറി ജനറൽ അക്കൗണ്ടിലെ ഒരു ട്രില്യൺ (ലക്ഷം കോടി) ഡോളർ ഉപയോഗിക്കാൻ പറ്റും എന്ന റിപ്പോർട്ടാണ് വിപണിയുടെ ആശങ്കകൾ കുറച്ചത്. എങ്കിലും മൗലിക പ്രശ്നം അവസാനിച്ചിട്ടില്ല. അടുത്ത മാസം വീണ്ടും കടപ്പത്രവിപണിയിൽ അസ്വസ്ഥത ഉണ്ടായേക്കാം.

ഡൗ ജോൺസ് സൂചിക 140.15 പോയിൻ്റ് (0.26 ശതമാനം) ഉയർന്ന് 53,417.16 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 21.51 പോയിൻ്റ് (0.28%) താഴ്ന്ന് 7652.86 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 200.26 പോയിൻ്റ് (0.77%) നഷ്ടത്തോടെ 25,980.19 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഫ്ലാറ്റ്

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു കാര്യമായ മാറ്റം കാണിക്കുന്നില്ല. ഡൗ ജോൺസ് 7 പോയിൻ്റ് (0.02%) താഴ്ന്നു. എസ് ആൻഡ് പി 3 പോയിൻ്റും (0.04%) . നാസ്ഡാക് 15 പോയിൻ്റും (0.05%) ഉയർന്നു നീങ്ങുന്നു.

എ.ഡി.ആർ വിപണി

ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ തിങ്കളാഴ്ച എച്ച്.ഡി.എഫ്.സി ബാങ്ക് വ്യാപാര സമയത്ത് 0.25 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.51% കൂടി നഷ്‌ടപ്പെടുത്തി 23.42 ഡോളറിൽ ക്ലോസ് ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക് നിശ്ചിത സമയത്ത് 0.90% ഇടിത്ത ശേഷം തുടർവ്യാപാരത്തിൽ 0.10 ശതമാനം താഴ്ന്ന് 29.61 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 1.01% ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 0.25% ഉയർന്നു 11.85 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 0.53 ശതമാനം ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ 0.53 ശതമാനം കയറി 1.89 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് ദുർബലം

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ചയും താഴ്ന്നു. എന്നാൽ യു.കെയിലെ എഫ്.ടി.എസ്.ഇ ഉയർന്നു. യൂറോ കറൻസി ഉയർന്ന നിലയിൽ തുടർന്നു.

ഏഷ്യൻ വിപണികൾ നഷ്ടത്തിൽ

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ദക്ഷിണ കൊറിയയിൽ കോസ്‌പി സൂചിക മൂന്നു ശതമാനം ഇടിവിലാണ്. സാംസങ് ഇലക്ട്രോണിക്സ് നാലും എസ്.കെ ഹൈനിക്സ് അഞ്ചും ശതമാനം ഇടിഞ്ഞു. ജപ്പാനിൽ നിക്കൈ സൂചിക 0.76 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ വിപണി 0.65 ശതമാനം ഉയർന്നു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.30 ശതമാനം ഉയർന്നു. ഷാങ്ഹായ് സൂചിക 0.45 ശതമാനം താഴ്ന്നു. തായ്‌‍വാൻ സൂചിക 1.2 ശതമാനം നഷ്ടത്തിലാണ്.

ഇന്ത്യൻ വിപണി നഷ്ടത്തിൽ

നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീടു താഴ്ചയിലേക്കു നീങ്ങി ചെറിയ നഷ്ടത്തിൽ അവസാനിച്ചു. ഇറാനെതിരായ യുഎസ് സാമ്പത്തികയുദ്ധം എങ്ങനെ ബാധിക്കും എന്ന ആശങ്കയാണു വിപണിയെ താഴ്‌ത്തിയത്. കടപ്പത്ര വിലകൾ താഴുന്നത് ലാഭം കുറയ്ക്കും എന്ന ഭീതിയിൽ പൊതുമേഖലാ ബാങ്കുകൾ ഇടിഞ്ഞു. പഞ്ചസാര കമ്പനികൾ രാവിലെ വലിയ കുതിപ്പ് നടത്തിയെങ്കിലും പിന്നീടു പിന്നോട്ടു പോയി. വിലക്കയറ്റം മെറ്റൽ ഓഹരികൾക്കു നേട്ടമായി.

വിദേശനിക്ഷേപകർ ഇന്നലെ വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 1181.66 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശിഫണ്ടുകൾ 2493.41 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

തിങ്കളാഴ്ച സെൻസെക്‌സ് 171.72 പോയിൻ്റ് (0.22%) താഴ്ന്ന് 77,369.11 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 32.95 പോയിൻ്റ് (0.14%) നഷ്‌ടത്തോടെ 24,219.05-ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 236.00 പോയിൻ്റ് (0.41%) താഴ്‌ന്ന് 57,525.95-ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്-100 സൂചിക 81.50 പോയിൻ്റ് (0.13%) കയറി 63,817.25-ൽ അവസാനിച്ചു. സ്മോൾ ക്യാപ്-100 സൂചിക 51.00 പോയിൻ്റ് (0.26%) കുറഞ്ഞ് 19,926.75-ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിൽ കൂടുതൽ ഓഹരികൾ നഷ്‌ടത്തിലായി. ബി.എസ്.ഇയിൽ 1,973 ഓഹരികൾ കയറിയപ്പോൾ 2,467 ഓഹരികൾ താഴ്ന്നു. എൻ.എസ്.ഇയിൽ 1,726 എണ്ണം ഉയർന്നപ്പോൾ 1,810 എണ്ണം താഴ്ന്നു.

സ്വർണം 4,700 ഡോളറിലേക്ക്

ഏഴു ദിവസം കൊണ്ട് ആറു ശതമാനം കുതിച്ചു കയറിയ സ്വർണം മുന്നേറ്റം തുടരുകയാണ്. ഇന്ന് ഔൺസിന് 4,700 ഡോളറിലേക്കു കയറുന്നതിനാണു സ്വർണം ശ്രമിക്കുന്നത്. വിപണിയിൽ ബുള്ളുകൾക്ക് ആവേശം വർധിച്ചതായി ബാങ്ക് ഓഫ് അമേരിക്ക സർവേ കാണിച്ചു. തിങ്കളാഴ്ച ഒരു ശതമാനം ഉയർന്ന സ്വർണം ഔൺസിസ് 4,652.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില കുതിച്ചു 4,697.50 ഡോളർ വരെ ഉയർന്നിട്ടു 4,670 ലേക്കു താഴ്ന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം ഇന്നലെ പവന് 640 രൂപ വർധിച്ച് 1,20,240 രൂപയിൽ എത്തി. ഇന്നും വില ഗണ്യമായി ഉയരാം. വെള്ളിവില തിങ്കളാഴ്ച അൽപം താഴ്ന്ന് ഔൺസിന് 69.09 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 70.08 ഡോളറിലേക്കു കയറിയിട്ട് അല്പം താഴ്ന്നു നീങ്ങുന്നു. പ്ലാറ്റിനം 1,879 ഡോളർ, പല്ലാഡിയം 1,347 ഡോളർ, റോഡിയം 8,550 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ നേട്ടത്തിൽ

വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ചയും ഉയർന്നു. ചെമ്പ് 0.36 ശതമാനം കയറി 14,342.85 ഡോളറിൽ എത്തി. അലൂമിനിയം 0.20 ശതമാനം നേട്ടത്തോടെ 3,222.28 ഡോളർ ആയി. സിങ്കും ലെഡ്ഡും ടിന്നും നിക്കലും ഉയർന്നു.

റബർ ഉയർന്നു

രാജ്യാന്തര റബർവില ഗണ്യമായി ഉയർന്നു. കേരളത്തിൽ വില മാറ്റമില്ല. ബാങ്കോക്കിൽ ആർ.എസ്.എസ്-1 ക്വിൻ്റലിന് 286.20 ഡോളറിലും ആർ.എസ്.എസ്-3 ക്വിൻ്റലിന് 282.70 ഡോളറിലും എത്തി. കേരളത്തിൽ ആർ.എസ്.എസ്-4 ക്വിൻ്റലിന് 27,400 രൂപയിൽ തുടർന്നു.

കൊക്കോ താഴ്‌ന്നു, കാപ്പി കയറി

കൊക്കോ വില 1.74 ശതമാനം താഴ്ന്നു ടണ്ണിന് 5929 ഡോളറിൽ ക്ലോസ് ചെയ്തു. കാലാവസ്ഥ പ്രതികൂലമായതിനാൽ ഉൽപാദനം 13 ശതമാനം കുറയുമെന്നാണു ഘാനയിലെ കൊക്കോ ബോർഡ് കണക്കാക്കുന്നത്. ഐവറി കോസ്റ്റിൽ ഉൽപാദനം 10 ശതമാനത്തിലധികം ഇടിയും. ഏറ്റവുമധികം കൊക്കോ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇവ. ആഗോള മിച്ചം 2026-27 ൽ 66 ശതമാനം ഇടിഞ്ഞ് 1,11,000 ടൺ ആകുമെന്നു ഹെഡ്ജ് പോയിൻ്റ് ഗ്ലോബൽ മാർക്കറ്റ്സ് കണക്കാക്കുന്നു.

അറബിക്ക കാപ്പിവില 5.94 ശതമാനം കുതിച്ച് പൗണ്ടിന് 3.418 ഡോളർ ആയി. എൽ നിനോ മൂലം ഉൽപാദനം കുറയും എന്ന ആശങ്കയുണ്ട്.

വാരാന്ത്യത്തിൽ 5,000 മലേഷ്യൻ റിംഗിറ്റിനു മുകളിലേക്ക് കയറിയ പാമോയിൽ വില ഇന്നലെ 1.43 ശതമാനം താഴ്ന്നു 4,946 റിംഗിറ്റ് ആയി. ഉൽപാദനം കുറയുന്നതും ഇൻഡോനീഷ ബയോ ഡീസലിനായി പാമോയിൽ ഉപയോഗിക്കുന്നതും ആണു വില ഉയരാൻ കാരണം.

ഡോളർ താഴ്ചയിൽ

യു.എസ് ഡോളർ സൂചിക തിങ്കളാഴ്ച ഉയർന്ന് 99.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 98.95 വരെ താഴ്ന്നു. യൂറോ 1.1669 ഡോളറിലേക്കും പൗണ്ട് 1.3637 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 159.12 യെന്നിൽ എത്തി. ചൈനീസ് യുവാൻ ഡോളറിന് 6.72 എന്ന നിരക്കിൽ തുടരുന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) തിങ്കളാഴ്ച 4.708 ശതമാനത്തിലേക്കു താഴ്ന്നു. 30 വർഷ കടപ്പത്രങ്ങളുടേത് 5.236% വരെ താഴ്ന്നു.

രൂപ ദുർബലം

തിങ്കളാഴ്ച ഇന്ത്യൻ രൂപ ചെറിയ നഷ്ടത്തിൽ അവസാനിച്ചു. ഡോളർ അഞ്ചു പൈസ കൂടി 95.75 രൂപയിൽ ക്ലോസ് ചെയ്തു. വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.74 രൂപയിലാണ്. ചൈനീസ് യുവാൻ 14.24 രൂപയിലും യൂറോ 111.73 രൂപയിലും ആണ്.

ക്രൂഡ് ഓയിൽ 92-നു താഴെ

ക്രൂഡ് ഓയിൽ വില ഇന്നലെ രണ്ടര ശതമാനം ഇടിഞ്ഞു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ തിങ്കളാഴ്ച 2.22 ഡോളർ താണ് 92.17 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്നു 91.96 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 85.02 ഡോളറിലും എത്തി.

ക്രിപ്റ്റോകൾ കയറ്റത്തിൽ

ക്രിപ്റ്റോ കറൻസികൾ കുതിപ്പ് തുടർന്നു. ഇന്നലെ രാവിലെ താഴ്ന്ന ബിറ്റ്കോയിൻ ഇന്ന് 78,750 ഡോളറിനു മുകളിൽ എത്തി. ഈഥർ ഇന്ന് 2475 ഡോളറിനും സൊലാന 99.50 ഡോളറിനും മുകളിൽ ആയി.

വിപണി സൂചനകൾ

(2026 ഓഗസ്റ്റ് 24, തിങ്കൾ)

  • സെൻസെക്സ്: 77,369.11 -0.22%

  • നിഫ്റ്റി-50: 24,219.05 -0.14%

  • ബാങ്ക് നിഫ്റ്റി: 57,525.95 -0.41%

  • മിഡ് ക്യാപ്-100: 63,817.25 +0.13%

  • സ്മോൾക്യാപ്-100: 19,926.75 -0.26%

  • ഡൗജോൺസ്: 53,417.16 +0.26%

  • എസ്ആൻഡ്പി: 7652.86 -0.28%

  • നാസ്ഡാക്: 25,980.19 -0.77%

  • ഡോളർ: ₹95.75 +₹0.05

  • സ്വർണം (ഔൺസ്): $4652.80 +$48.40

  • സ്വർണം (പവൻ): ₹1,20,240 +₹640

  • ക്രൂഡ് ഓയിൽ-ബ്രെൻ്റ്: $92.17 -2.22

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com