തിരിച്ചുകയറാൻ ഉത്തേജകം തേടി വിപണി; ചുങ്കം ചുമത്തൽ ഭീഷണി ആവർത്തിച്ച് ട്രംപ്; ഏഷ്യൻ സൂചനകൾ നെഗറ്റീവ്; സ്വർണം റെക്കോർഡിൽ

ക്രൂഡ് ഓയിൽ ഉയർന്നു; രൂപക്ക് നേരിയ കയറ്റം; ക്രിപ്റ്റോകൾ താഴോട്ട്
TCM, Morning Business News
Morning business newscanva
Published on

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അയൽ രാജ്യങ്ങൾക്കും മറ്റു രാജ്യങ്ങൾക്കും എതിരായ ചുങ്കം നടപടിക്കു മാറ്റമില്ല എന്ന് ആവർത്തിച്ചു പറഞ്ഞത് ഏഷ്യൻ വിപണികളെ ഇന്നുരാവിലെ താഴ്ത്തി. യുഎസ് വിപണി ഇന്നലെ തിരിച്ചു കയറ്റ ശ്രമത്തിൽ പരാജയപ്പെട്ടു. ചുങ്കം, വിലക്കയറ്റം, വളർച്ചക്കുറവ് എന്നീ ത്രിവിധ ഭീഷണികൾ എല്ലാ വിപണികളെയും ഉലയ്ക്കുകയാണ്. 

ഇന്ത്യൻ വിപണി എട്ടര മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി. സെൻസെക്സ് 75,000 നു താഴെ വന്നു. വിപണിയിൽ കരടികൾ ആധിപത്യം ഉറപ്പിക്കുന്നു എന്നാണു വിപണി കരുതുന്നത്. ഒരു തിരിച്ചു കയറ്റത്തിനു സഹായിക്കുന്ന പ്രഖ്യാപനങ്ങളോ സാമ്പത്തിക സൂചകങ്ങളോ ഉണ്ടായിട്ടുമില്ല. വെള്ളിയാഴ്ച മൂന്നാം പാദ ജിഡിപി കണക്ക് വരും. 6.4 ശതമാനത്തിനടുത്ത വളർച്ചയാണു പ്രതീക്ഷ. 

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി 22,586 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,590 ആയി. ഇന്ത്യൻ വിപണി ഇന്നും  നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച നഷ്ടത്തിൽ അവസാനിച്ചു. എന്നാൽ ജർമൻ വിപണി തെരഞ്ഞെടുപ്പിലെ യാഥാസ്ഥിതിക മുന്നേറ്റത്തെ തുടർന്നു കയറി.ടെക് നിക്ഷേപകമ്പനി പ്രോസൂസ്, 430 കോടി ഡോളറിനു ജസ്റ്റ് ഈറ്റ് ടേക്ക് എവേയെ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ജസ്റ്റ് ഈറ്റ് ഓഹരിയെ 54 ശതമാനം ഉയർത്തി. പ്രോസൂസ് 8.8 ശതമാനം ഇടിഞ്ഞു.

വെള്ളിയാഴ്ചത്തെ പതനത്തിൽ നിന്നു കയറാനുള്ള യുഎസ് വിപണിയുടെ ശ്രമം ഇന്നലെ വിജയിച്ചില്ല. നാസ്ഡാകും എസ് ആൻഡ് പിയും താഴ്ന്നു. ഡൗ ജോൺസ് കൂടുതൽ സമയം നേട്ടത്തിൽ ആയിരുന്നെങ്കിലും അവസാനം നാമമാത്ര നേട്ടത്തിൽ ഒതുങ്ങി.

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 33.19 പോയിൻ്റ് (0.08%) ഉയർന്ന് 43,461.21 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 29.88 പോയിൻ്റ് (0.50%) നഷ്ടത്തോടെ 5983.25 ലും നാസ്ഡാക് കോംപസിറ്റ് സൂചിക 237.08 പോയിൻ്റ് (1.21%) ഇടിവോടെ 19,286.92ലും അവസാനിച്ചു. 

ഇന്നു രാവിലെ ഫ്യൂച്ചേഴ്സിൽ സൂചികകൾ ചെറിയ കയറ്റത്തിലാണ്.. ഡൗജോൺസ് 0.16 ഉം എസ് ആൻഡ് പി 500 സൂചിക 0.13 ഉം നാസ്ഡാക്  0.04 ഉം ശതമാനം കയറി നിൽക്കുന്നു. 

ഏഷ്യൻ വിപണികൾ വലിയ താഴ്ചയിലായി.  ജപ്പാനിൽ വിപണി 0.85 ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയയിലും ദക്ഷിണ കൊറിയയിലും വിപണികൾ മുക്കാൽ ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചു.

ഇന്ത്യൻ വിപണി കൂടുതൽ താഴ്ചയിൽ

ഇന്ത്യൻ വിപണി തിങ്കളാഴ്ചയും ഒരു ശതമാനത്തിലധികം നഷ്ടത്തിൽ അവസാനിച്ചു. എട്ടു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണു മുഖ്യ സൂചികകൾ. വിദേശനിക്ഷേപകർ വിൽപന വർധിപ്പിച്ചു. യുഎസ് ചുങ്കം ചുമത്തലിൽ ഇന്ത്യക്ക് ഇളവു കിട്ടുകയില്ല എന്ന മുന്നറിയിപ്പുകൾ വിപണിയെ വലിച്ചു താഴ്ത്തുകയാണ്. ഐടി മേഖലയുടെ വളർച്ച താഴ്ന്ന ഒറ്റയക്കങ്ങളിൽ ആകുമെന്ന റിപ്പോർട്ട് ഐടി കമ്പനികളെ ഇടിച്ചു. പ്രമുഖ വ്യാവസായിക ലോഹങ്ങൾക്കു വില കുറഞ്ഞത് മെറ്റൽ സൂചികയെ താഴ്ത്തി.

 നിഫ്റ്റി 243.40 പോയിൻ്റ് (1.07%) ഇടിഞ്ഞ് 22,552.50 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 856.66 പോയിൻ്റ് (1.14%) നഷ്ടത്തോടെ 74,454.41 ൽ വ്യാപാരം  അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി വലിയ ഇടിവിലായ ശേഷം നഷ്ടം കുറച്ച് 329.25 പോയിൻ്റ് (0.67%) താഴ്ചയോടെ 48,651.95 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.94 ശതമാനം (473.10 പോയിൻ്റ്) കുറഞ്ഞ് 50,013.10 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 1.02 ശതമാനം (159.60) പോയിൻ്റ്) താഴ്ന്ന് 15,477.30 ൽ ക്ലോസ് ചെയ്തു.

തിങ്കളാഴ്ച വിദേശനിക്ഷേപകർ വിൽപന കൂട്ടി. ക്യാഷ് വിപണിയിൽ അവർ 6286.70 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 5185.65 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. 

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇടിവിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1157 ഓഹരികൾ ഉയർന്നപ്പോൾ 2879 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 775 എണ്ണം ഉയർന്നു, താഴ്ന്നത് 2097 എണ്ണം. നിഫ്റ്റി 22,700 ലെ പിന്തുണനിലയും നഷ്ടപ്പെടുത്തിയത് വിപണിയെ കരടി വലയത്തിലേക്കു നയിക്കുന്നതായി. 20 മാസ എക്സ്പൊണൻഷ്യൽ മൂവിംഗ് ആവരേജ് ആയ 22,400 ആണ് ഇനി നിഫ്റ്റിക്ക് പിന്തുണനില. ഈ ദിവസങ്ങളിൽ 22,700- 22,800 തടസമേഖലയായി നില കൊള്ളും. . ഇന്ന് 22,520 ഉം 22,430 ഉം നിഫ്റ്റിക്കു പിന്തുണയാകാം. 22,640 ലും 22,730 ലും നിഫ്റ്റിക്കു തടസം നേരിടാം. 

റെക്കോർഡ് കുറിച്ച്  സ്വർണം

ഉയർന്ന വിലയിലെ ലാഭമെടുക്കലുകാരുടെ സമ്മർദത്തെ മറികടന്നു സ്വർണം തിങ്കളാഴ്ച രാജ്യാന്തര വിപണിയിൽ റെക്കോർഡ് തിരുത്തി. 3000 ഡോളറിലേക്കാണു വില നീങ്ങുന്നത് എന്നാണു വിലയിരുത്തൽ. ഇന്നലെ സ്വർണം ഔൺസിന് 18 ഡോളർ കുതിച്ച് 2954.30 ഡോളറിൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടയിൽ വില 2959 ഡോളർ വരെ കയറിയിരുന്നു. ഇന്നു രാവിലെ വില 2948.90 ഡോളറിലേക്കു താഴ്ന്നു. 

കേരളത്തിൽ തിങ്കളാഴ്ച പവന് 80 രൂപ കയറി 64,440 രൂപ ആയി. ഇന്നു വില ഗണ്യമായി ഉയരാം.

വെള്ളിവില ഔൺസിന് 32.28 ഡോളറിൽ ആണ്.

തിങ്കളാഴ്ച ഡോളർ സൂചിക നാമമാത്രമായി താഴ്ന്ന് 106.60 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 106.77 വരെ കയറി. തിങ്കളാഴ്ച രൂപ നാമമാത്രമായി കയറി. ഡോളർ രണ്ടു പെെസ താഴ്ന്ന് 86.69 രൂപയിൽ ക്ലാേസ് ചെയ്തു. യുഎസ് കടപ്പത്രങ്ങളുടെ വില കൂടി, അവയിലെ നിക്ഷേപനേട്ടം വീണ്ടും കുറഞ്ഞു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.38 ശതമാനത്തിലേക്കു താഴ്ന്നു. 


ക്രൂഡ് ഓയിൽ ഉയർന്നു

ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച അൽപം കയറി. ഇറാഖ് ഉൽപാദനം കൂട്ടൽ നീട്ടിവച്ചതും ഇറാനെതിരായ ഉപരോധം കടുപ്പിച്ചതുമാണു നേരിയ കയറ്റത്തിനു കാരണം. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 74.92 ഡോളറിൽ എത്തി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 74.90 ഡോളറിലേക്കു താഴ്ന്നു. ഡബ്ല്യുടിഐ ഇനം 70.90 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 77.03 ഡോളറിലേക്കു നീങ്ങി. 

ക്രിപ്റ്റോകൾ താഴോട്ട്

ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ് കോയിൻ ഇന്നു രാവിലെ 91,500 ഡോളർ വരെ താഴ്ന്നു.  ഈഥർ വില 2500 ഡോളറിന് താഴെയായി. 

പ്രമുഖ വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ചയും താഴ്ന്നു. ചെമ്പ് 0.31 ശതമാനം കുറഞ്ഞ് ടണ്ണിന് 9489.49 ഡോളറിലെത്തി. അലൂമിനിയം 0.68 ശതമാനം താഴ്ന്ന് 2658.98 ഡോളർ ആയി. സിങ്ക് 1.66 ശതമാനം നഷ്ടത്തിലായി. ലെഡ് 0.75 ഉം നിക്കൽ 0.20 ഉം   ടിൻ 0.71 ഉം ശതമാനം കയറി. 

വിപണിസൂചനകൾ

(2024 ഫെബ്രുവരി 24, തിങ്കൾ)

സെൻസെക്സ് 30       74,454.41      -1.14%
നിഫ്റ്റി50      22,552.50          -1.07%
ബാങ്ക് നിഫ്റ്റി    48,651.95    -0.67%

മിഡ് ക്യാപ് 100   50,013.10   -0.94%
സ്മോൾ ക്യാപ് 100    15,477.30   -1.02%

ഡൗ ജോൺസ്    43,461.21       +0.08%

എസ് ആൻഡ് പി    5983.25     -0.50%

നാസ്ഡാക്     19,286.92      -1.21%

ഡോളർ($)         ₹86.69       -₹0.02
ഡോളർ സൂചിക   106.60     -0.01
സ്വർണം (ഔൺസ്)   $2954.30   +$18.00

സ്വർണം(പവൻ) ₹64,440      +₹80    

 ക്രൂഡ് (ബ്രെൻ്റ്) ഓയിൽ    $74.92  +$00.49

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com