ട്രംപിൻ്റെ പ്രസംഗം കാത്തു വിപണികൾ; തീരുവയിലും ഇറാൻ കാര്യത്തിലും വ്യക്തത പ്രതീക്ഷിക്കുന്നു; ആശ്വാസറാലി കാത്ത് ഇന്ത്യൻ വിപണി; ടാറ്റാ ഗ്രൂപ്പിൽ ചെയർമാന് എതിരേ നോയൽ ടാറ്റാ; സ്വർണവും ക്രിപ്റ്റോകളും തിരിച്ചു കയറുന്നു

ഐടി കമ്പനികളിൽ വലിയ നിക്ഷേപം നടത്തിയിട്ടുള്ള എൽഐസിക്കും മ്യൂച്വൽ ഫണ്ടുകൾക്കും അറ്റ ആസ്തി മൂല്യത്തിൽ വലിയ ഇടിവു വന്നിട്ടുണ്ട്
Morning business news
Morning business newsCanva
Published on

ഇന്നു രാവിലെ യുഎസ് പ്രസിഡൻ്റ് നടത്തുന്ന പ്രസംഗം തീരുവ കാര്യത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കും എന്ന പ്രതീക്ഷയിലാണു ലോക വിപണികൾ. ഇന്ത്യയും അങ്ങനെ തന്നെ. ഇറാൻ വിഷയത്തിലും പ്രസംഗം വ്യക്തത വരുത്തും എന്നു കരുതുന്നു.

രാവിലെ ക്രൂഡ് ഓയിൽ താഴ്‌ന്നും സ്വർണം ഉയർന്നും നിൽക്കുന്നു. ക്രിപ്റ്റോ കറൻസികൾ താഴ്ചയിൽ നിന്നു കയറി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ് രാത്രി 25,654.50 ൽ എത്തി. ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 25,684 ലേക്കു കയറിയിട്ട് അൽപം താഴ്‌ന്നു. വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ഇൻഫോസിസ് ചൊവ്വാഴ്ച 0.50 ശതമാനം താഴ്ന്നു. തുടർ വ്യാപാരത്തിൽ 0.22 ശതമാനം കയറി. വിപ്രോ 2.28 ശതമാനം ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 0.47 ശതമാനം കൂടി താഴ്ന്നു.

യുഎസ് വിപണി കയറി

തീരുവകാര്യത്തിൽ പ്രസിഡൻ്റ് ട്രംപ് ഒടുവിൽ പിന്മാറും എന്ന ധാരണയും നിർമിതബുദ്ധി (എഐ) ഭീതി അമിതമായി എന്ന തോന്നലും ഇന്നലെ യുഎസ് വിപണിയെ തിരിച്ചു കയറ്റി. ഇന്ത്യൻ സമയം ഇന്നു രാവിലെ പ്രസിഡൻ്റ് ട്രംപ് നടത്തുന്ന വാർഷിക സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ പല ആശങ്കകൾക്കും പരിഹാരം ഉണ്ടാകുമെന്ന വിശ്വാസവും വിപണിയിൽ പരന്നിട്ടുണ്ട്. ''എല്ലാവരോടും പകയോടെ'' നീങ്ങുന്ന ട്രംപ് ഒടുവിൽ നിലപാടിൽ നിന്നു മാറും എന്നാണു പലരും കരുതുന്നത്. മറ്റു രാജ്യങ്ങൾക്കു 15 ശതമാനം തീരുവ പ്രഖ്യാപിച്ചെങ്കിലും ഇന്നലെ നടപ്പായതു 10 ശതമാനം മാത്രമാണ്. ക്രമേണ 15 ശതമാനം ആക്കുമെന്നാണ് ഇപ്പോൾ പറയുന്നത്.

ആന്ത്രോപിക് എഐ തങ്ങളുടെ പുതിയ ക്ലോഡ് കോഡ് ഉൽപന്നത്തിൻ്റെ ശേഷികൾ വെളിപ്പെടുത്തിയതോടെ 13 ശതമാനം ഇടിഞ്ഞ ഐബിഎം ഓഹരി ഇന്നലെ തിരിച്ചു കയറി. ചിപ്പുകൾക്കായി മെറ്റാ പ്ലാറ്റ്ഫോംസ് 10,000 കോടി ഡോളറിൻ്റെ കരാർ ഉണ്ടാക്കിയെന്ന റിപ്പോർട്ട് എഎംഡി ഓഹരിയെ 8.8 ശതമാനം ഉയർത്തി.

ഡൗ ജോൺസ് 370.44 പോയിൻ്റ് (0.76%) ഉയർന്ന് 49,174.50 ലും എസ് ആൻഡ് പി 52.32 പോയിൻ്റ് (0.77%) കയറി 6890.07 ലും നാസ്ഡാക് കോംപസിറ്റ് 236.41 പോയിൻ്റ് (1.05%) നേട്ടത്തോടെ 22,863.68 ലും ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഭിന്നദിശകളിലാണ്. ഡൗ ജോൺസ് 0.04 ഉം എസ് ആൻഡ് പി 0.02 ഉം ശതമാനം താഴ്‌ന്നു നീങ്ങുന്നു. നാസ്ഡാക് 0.06 ശതമാനം ഉയർന്നു.

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ഭിന്നദിശകളിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ സ്റ്റോക്സ് സൂചികയും ഫ്രഞ്ച് സിഎസിയും നേരിയ തോതിൽ ഉയർന്നു. മറ്റുള്ളവ നാമ മാത്രമായി താണു.

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ 1.2 ശതമാനം കയറി. ഓസ്ട്രേലിയൻ വിപണി ഒരു ശതമാനം ഉയർന്നു. ദക്ഷിണ കൊറിയൻ വിപണി 1.15 ശതമാനം കയറി റെക്കോർഡ് കുറിച്ചു.

ഇന്ത്യൻ വിപണി ഇടിഞ്ഞു

എഐ ഭീതിയിൽ ഐടി സേവന കമ്പനികൾ ഇടിഞ്ഞത് ഇന്നലെ ഇന്ത്യൻ വിപണിയെ വലിയ തകർച്ചയിലാക്കി. ഐടി മേഖലയിലെ ചെറുതും വല്ലതുമായ കമ്പനികൾ മൂന്നു മുതൽ എട്ടു വരെ ശതമാനം ഇടിഞ്ഞു. ഐടി സൂചിക ആറു ശതമാനത്തോളം വീണിട്ട് 4.74 ശതമാനം നഷ്ടത്തിൽ അവസാനിച്ചു. ഐടിയിലെ കമ്പനികൾ കഴിഞ്ഞ വർഷത്തെ ഉയർന്ന നിലയിൽ നിന്ന് 30 മുതൽ 45 വരെ ശതമാനം താഴ്‌ന്നാണ് ഇപ്പോൾ നീങ്ങുന്നത്. ഐടി കമ്പനികളിൽ വലിയ നിക്ഷേപം നടത്തിയിട്ടുള്ള എൽഐസിക്കും മ്യൂച്വൽ ഫണ്ടുകൾക്കും അറ്റ ആസ്തി മൂല്യത്തിൽ വലിയ ഇടിവു വന്നിട്ടുണ്ട്.

വിപരീത കാഴ്ചപ്പാട് വിപണിയിൽ ഉണ്ടെങ്കിലും നാലാം പാദത്തിൽ ഐടി കമ്പനികൾ നല്ല ലാഭവളർച്ച കാണിക്കുമെന്നും അടുത്ത ധനകാര്യ വർഷം വളർച്ച കൂടുതൽ മെച്ചമാകുമെന്നും കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് വിലയിരുത്തി. എഐ ഉൽപന്നങ്ങൾ ഐടി സേവന കമ്പനികളുടെ ലാഭം കൂട്ടാവുന്ന വിധം പ്രവർത്തനം സുഗമമാക്കും എന്നാണ് അവരുടെ നിഗമനം. ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിനേക്കാൾ അവരെ പുനർവിന്യസിക്കുന്നതിന് അവസരം ഉണ്ടാകും എന്നും നിഗമനം ഉണ്ട്.

ഐടിയിൽ ക്ഷീണം ഉണ്ടായാൽ റിയൽ എസ്റ്റേറ്റ് വളർച്ച കുറയും എന്ന ധാരണയിൽ റിയൽറ്റി ഓഹരികൾ ഇന്നലെ കുത്തനേ താണു.

കയറ്റുമതിക്കാർ അടയ്ക്കുന്ന ആഭ്യന്തരനികുതിക്ക് അനുവദിച്ചിരുന്ന റിബേറ്റ് (റോഡ്ടെപ്) പകുതിയായി കുറച്ചത് ഇന്നലെ വസ്ത്ര കയറ്റുമതി കമ്പനികളെ അഞ്ചു ശതമാനം വരെ താഴ്‌ത്തി.

തേജസ് യുദ്ധവിമാനത്തിന് അപകടങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് അവയുടെ പറത്തൽ നിർത്തി എന്ന റിപ്പോർട്ട് എച്ച്എഎൽ അധികൃതർ നിഷേധിച്ചു. എങ്കിലും എച്ച്എഎൽ ഓഹരി ഇന്നലെയും ഇടിഞ്ഞു. രണ്ടു ദിവസം കൊണ്ട് ആറു ശതമാനം താഴ്ചയിലായി ഓഹരി.

അമേരിക്കയുടെ പുതിയ 10 ശതമാനം തീരുവ ഇന്നലെ നടപ്പായി. ക്രമേണ ഇതു 15 ആകുമെന്നാണു പറഞ്ഞിട്ടുള്ളത്. 2025 ഫെബ്രുവരിക്കു മുൻപ് ഉണ്ടായിരുന്ന (ശരാശരി മൂന്നു ശതമാനം) തീരുവയ്ക്കു പുറമേ ആണിത്. ഇന്നു ട്രംപ് നടത്തുന്ന പ്രസംഗത്തിൽ ആശ്വാസകരമായി എന്തെങ്കിലും ഉണ്ടോ എന്നാണു വിപണി ഉറ്റുനോക്കുന്നത്. പല ഇന്ത്യൻ കമ്പനികളും അമേരിക്കയിലേക്കുള്ള കയറ്റുമതി തൽക്കാലം പിടിച്ചു വച്ചിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ എത്തും. നാളെ മടങ്ങും. ഇസ്രയേൽ ഒരു ഭീകരവിരുദ്ധ കൂട്ടായ്മ രൂപീകരിക്കുന്നതിൽ ഇന്ത്യ പങ്കാളിയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇറാനും സൗദി അറേബ്യക്കും യുഎഇക്കും ഖത്തറിനും രസിക്കാത്ത ഒരു കൂട്ടായ്മയാണ് ഇസ്രയേൽ മുന്നോട്ടു വയ്ക്കുന്നത്.

സെൻസെക്സ് ഇന്നലെ 1068.74 പോയിൻ്റ് (1.28%) ഇടിഞ്ഞ് 82,225.92 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 288.35 പോയിൻ്റ് (1.12%) നഷ്‌ടത്തോടെ 25,424.65 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 216.95 പോയിൻ്റ് (0.35%) താഴ്‌ന്ന് 61,047.30 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 189.30 പോയിൻ്റ് (0.32%) കുറഞ്ഞ് 59,066.35 ലും സ്മോൾ ക്യാപ് 100 സൂചിക 93.30 പോയിൻ്റ് (0.55%) നഷ്ടത്തോടെ 16,958.65 ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിൽ കയറ്റ -ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1344 ഓഹരികൾ കയറിയപ്പോൾ 2889 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ 1064 എണ്ണം ഉയർന്നു, 2096 എണ്ണം ഇടിഞ്ഞു.

എൻഎസ്ഇയിൽ 66 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 329 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. ഏഴെണ്ണം അപ്പർ സർകീട്ടിലും മൂന്നെണ്ണം ലോവർ സർകീട്ടിലും എത്തി.

വിദേശനിക്ഷേപകർ ചൊവ്വാഴ്ച അറ്റ വിൽപനക്കാരായി. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 102.53 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3161.22 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

നിഫ്റ്റി ഒരു ആശ്വാസറാലി നടത്തി 25,500 - 25,600 മേഖലയിലെ തടസം മറി കടക്കും എന്നാണു പ്രതീക്ഷ. 25,300 -25, 200 നിഫ്റ്റിക്കു പിൻബലമാകും. ഇന്ന് 25,345 ഉം 25,275 ഉം നിഫ്റ്റിക്കു പിന്തുണയാകാം. 25,585 ലും 25,655 ലും തടസം ഉണ്ടാകാം.

ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ്റെ (ഐആർഎഫ്സി) രണ്ടു ശതമാനം ഓഹരി ഓഫർ ഫോർ സെയിലിൽ ഇന്നു വിൽക്കും. 104 രൂപയാണ് തറവില. അപേക്ഷകർ ഉണ്ടെങ്കിൽ രണ്ടു ശതമാനം ഓഹരി കൂടി വിൽക്കും

ടാറ്റാ ഗ്രൂപ്പിൽ ഇനി എന്ത്?

ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനു കാലാവധി നീട്ടി നൽകുന്നതിനു തടസം ഉയർന്നു. ടാറ്റാ സൺസിൽ 66 ശതമാനം ഓഹരി കൈയാളുന്ന നോയൽ ടാറ്റാ കാലാവധി നീട്ടാൻ ഉപാധികൾ വച്ചു. എയർ ഇന്ത്യയിലെയും മറ്റും നഷ്‌ടവും ചില കമ്പനികളിലെ വലിയ മൂലധന ചെലവും ചൂണ്ടിക്കാട്ടിയാണു ടാറ്റായുടെ എതിർപ്പ്. ടാറ്റാ സൺസ് ലിസ്റ്റ് ചെയ്യില്ല എന്നു ചന്ദ്രശേഖരൻ പ്രഖ്യാപിക്കണം എന്നും നോയൽ ആവശ്യപ്പെട്ടതായാണു റിപ്പോർട്ട്. 62 വയസുള്ള ചന്ദ്രശേഖരൻ്റെ കാലാവധി 2027 ഫെബ്രുവരി വരെയാണ്. അദ്ദേഹത്തെ മാറ്റിയില്ലെങ്കിൽ ഇപ്പോൾ 69 വയസുള്ള നോയലിന് ടാറ്റാ സൺസ് ചെയർമാനാകാൻ അവസരം ലഭിക്കാതെ പോകും. നോയൽ തടസമുന്നയിക്കുന്നതിൽ ഈ വിഷയം ഉണ്ടെന്നു പലരും കരുതുന്നു. ബോർഡിൽ ഭൂരിപക്ഷം താൻ തുടരുന്നതിനെ അനുകൂലിച്ചെങ്കിലും വോട്ടെടുപ്പ് വേണ്ട, പ്രശ്‌നം പിന്നീടു ചർച്ച ചെയ്യാം എന്ന നിലപാട് ചന്ദ്രശേഖരൻ എടുത്തു. ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ ഇന്നു ചെറുതല്ലാത്ത ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

ഇന്ത്യൻ സോളർ ഉൽപന്നങ്ങൾക്ക് 126 ശതമാനം തീരുവ

ഇന്ത്യയിൽ നിന്നുള്ള സോളർ ഉൽപന്ന ഇറക്കുമതിക്ക് അമേരിക്ക 126 ശതമാനം തീരുവ പ്രഖ്യാപിച്ചു. വാരീ എനർജീസ്, പ്രീമിയർ എനർജീസ്, വിക്രം സോളർ തുടങ്ങിയവ യുഎസിലേക്കു കയറ്റുമതി ഉള്ളവയാണ്. വാരീക്ക് അമേരിക്കയിൽ ഉൽപാദനമുണ്ട് ഈയിടെ ഒരു ഫാക്ടറി വാങ്ങുകയും ചെയ്തു. 60,000 കോടി രൂപയുടെ ഓർഡറുകൾ ഉള്ള കമ്പനിയാണു വാരീ. കഴിഞ്ഞ വർഷം ഇന്ത്യ 80 കോടി ഡോളറിൻ്റെ സോളർ ഉൽപന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഇന്തോനീഷയ്ക്ക് 86 മുതൽ 143 വരെയും ലാവോസിന് 81 ശതമാനവും തീരുവയാണു ചുമത്തിയത്.

സ്വർണം ഇടിഞ്ഞു, കയറി

ഡോളറിൻ്റെ കയറ്റവും ഓഹരിവിപണി ട്രംപിൻ്റെ തീരുവ ആക്രമണത്തെ അവഗണിച്ചതും സ്വർണത്തെ ഇടിവിലാക്കി. വിറ്റു ലാഭമെടുക്കാൻ ഫണ്ടുകൾ മുതിർന്നതും വില താഴ്‌ത്തി. യുക്രെയ്ൻ യുദ്ധത്തിനു പണമുണ്ടാക്കാൻ റഷ്യ ജനുവരിയിലേതു പോലെ വലിയ അളവ് സ്വർണം ഈ മാസവും വിൽക്കുന്നുണ്ട് എന്നാണു റിപ്പോർട്ട്. ചൈനയാണ് അതത്രയും വാങ്ങുന്നത്. ചൈന കഴിഞ്ഞാൽ ഏറ്റവുമധികം സ്വർണം ഖനനം ചെയ്തെടുക്കുന്ന രാജ്യമാണു റഷ്യ.

സ്വർണം ഇന്നലെ ഔൺസിന് 5250 ഡോളറിൽ നിന്ന് 5094 വരെ ഇടിഞ്ഞ ശേഷം 1.62 ശതമാനം നഷ്ടത്തോടെ 5144.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില ചാഞ്ചാടിയ ശേഷം 5183 ഡോളറിലേക്കു കയറി.

വെള്ളി ചൊവ്വാഴ്ച ഔൺസിന് 84.91-89.03 ഡോളർ മേഖലയിൽ ചാഞ്ചാടിയിട്ട് 87.27 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 87.45 ഡോളറിൽ ൽ നിൽക്കുന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം ചൊവ്വാഴ്ച പവന് 1120 രൂപ കൂടി 1,18,640 രൂപയിൽ എത്തി.

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) ചൊവ്വാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,59,916 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,68,100 രൂപ വരെ കയറിയ ശേഷം ഇടിഞ്ഞ് 2,60,000 രൂപയിൽ അവസാനിച്ചു.

പ്ലാറ്റിനം 2157 ഉം പല്ലാഡിയം 1757 ഉം റോഡിയം 11,700 ഉം ഡോളറിലേക്കു കയറി.

ലോഹങ്ങൾ കയറി

ലെഡ് ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ച ഉയർന്നു. ചെമ്പ് 1.40 ശതമാനം കുതിച്ചു ടണ്ണിനു 13,010.35 ഡോളറിൽ എത്തി. അലൂമിനിയം 0.27 ശതമാനം നേട്ടത്തോടെ ടണ്ണിന് 3102.78 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും സിങ്കും ടിന്നും കയറി. ലെഡ് താഴ്‌ന്നു.

റബർ രാജ്യാന്തര വിപണിയിൽ 0.26 ശതമാനം ഉയർന്ന് കിലോഗ്രാമിന് 194.90 സെൻ്റിൽ എത്തി. കഴിഞ്ഞ ഏപ്രിലിലെ ഉയർന്ന വിലയിലേക്കു റബർ നീങ്ങും എന്നാണു വിലയിരുത്തൽ. കൊക്കോ വില ഇന്നലെയും താഴ്‌ന്നു. 0.45 ശതമാനം താഴ്‌ന്നു ടണ്ണിനു 3089 ഡോളറിൽ എത്തി.

തേയിലവില മാറ്റമില്ലാതെ തുടർന്നു.. കാപ്പി 0.01 ശതമാനം ഉയർന്നു. പാം ഓയിൽ വില ടണ്ണിനു 4112 മലേഷ്യൻ റിംഗിറ്റിൽ എത്തി.

ഡോളർ സൂചിക കയറി

ഡോളർ സൂചിക ചൊവ്വാഴ്ച ഉയർന്ന് 97.84 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.82 വരെ താഴ്‌ന്നു.

യൂറോ 1.1779 ഡോളറിലേക്കും പൗണ്ട് 1.3504 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 155.71 യെൻ എന്ന നിലയിലേക്കു താണു. ചൈനീസ് യുവാൻ ഡോളറിന് 6.91 യുവാൻ എന്ന നിരക്കിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.038 ശതമാനമായി താഴ്ന്നു.

രൂപയ്ക്കു കരുത്തു കൂടുമോ?

തിങ്കളാഴ്ച രൂപയുടെ വിനിമയ നിരക്ക് താഴ്‌ന്നു. ഡോളർ ഏഴു പൈസ വർധിച്ച് 90.95 രൂപയിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്കിൻ്റെ ഇടപെടലിനെ തുടർന്നാണു ഡോളർ 91 രൂപയിലേക്ക് എത്താതിരുന്നത്.

ഇന്നു രൂപ കുറച്ചുകൂടി ഉയർന്നേക്കാം. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 90.91 രൂപയിലേക്കു താഴ്‌ന്നു. ചൈനീസ് യുവാൻ 13.21 രൂപയിലേക്കു കയറുകയും ചെയ്തു. ഇന്ന് ഇന്ത്യയിലെ വ്യാപാരത്തിൽ ഇവയുടെ സ്വാധീനം പ്രകടമാകും.

ക്രൂഡ് ഓയിൽ താഴ്‌ന്നു

നാളെ ജനീവയിൽ യുഎസും ഇറാനും ചർച്ച നടത്തും എന്ന് ഉറപ്പായ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില താഴ്‌ന്ന നിലയിൽ തുടരുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ചൊവ്വാഴ്ച ബാരലിന് 71.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 71.38 ഡോളർ വരെ കയറി. ഡബ്ള്യുടിഐ ഇനം 66.19 ഉം യുഎഇയുടെ മർബൻ 70.55 ഉം ഡോളറിലാണ്. പ്രകൃതിവാതകവില 2.934 ഡോളറിലേക്കു താഴ്‌ന്നു.

ക്രിപ്റ്റോകൾ കയറി

ക്രിപ്റ്റോ കറൻസികൾ ചൊവ്വാഴ്ച ഇടിഞ്ഞിട്ട് ഇന്നു രാവിലെ തിരിച്ചു കയറി. ബിറ്റ്കോയിൻ 62,583 ഡോളർ വരെ താഴ്ന്നിട്ട് ഇന്നു രാവിലെ 66,100 നു മുകളിൽ കയറി. ഈഥർ 1910 ഡോളറിനും സൊലാന 82 ഡോളറിനും മുകളിൽ നിൽക്കുന്നു.

വിപണിസൂചനകൾ

(2026 ഫെബ്രുവരി 24, ചൊവ്വ)

സെൻസെക്സ് 82,225.92 -1.28%

നിഫ്റ്റി50 25,424.65 -1.12%

ബാങ്ക് നിഫ്റ്റി 61,047.30 -0.35%

മിഡ്ക്യാപ്100 59,066.35 -0.32%

സ്മോൾക്യാപ്100 16,958.65 -0.55%

ഡൗ ജോൺസ് 49,174.50 +0.76%

എസ് ആൻഡ് പി 6890.07 +0.77%

നാസ്ഡാക് 22,863.68 +1.05%

ഡോളർ ₹90.95 +₹0.07

സ്വർണം(ഔൺസ്) $5144.50 -$84.90

സ്വർണം (പവൻ) ₹1,18,640 +₹ 1120

ക്രൂഡ്ഓയിൽബ്രെൻ്റ് $71.20 -$0.30

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com