

ഐടി കമ്പനികൾ ഇന്ത്യയിൽ തൊഴിൽ നൽകുന്നതിനെതിരേ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നടത്തിയ ഭീഷണി ഇന്നലെ ഇന്ത്യൻ വിപണിയെ വീഴ്ത്തി. കരാറിൽ എത്താത്തവർക്കു തീരുവ 50 ശതമാനം വരെ ആകാം എന്ന ഭീഷണിയും വിപണിയെ ബാധിച്ചു.
ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് മികച്ച നേട്ടത്തിലാണെങ്കിലും ഏഷ്യൻ വിപണികൾ ഇടിവിലാണ്. ഇന്ത്യൻ വിപണിയിലും ആവേശം നഷ്ടമായ നിലയാണ്. ഇന്ത്യൻ ഐടി കമ്പനികൾ കുറഞ്ഞ ലാഭ വളർച്ചയാണു കാണിക്കുന്നത്. ഇന്ത്യക്കു വ്യാപാര കാര്യത്തിൽ ട്രംപിൽ നിന്ന് വളരെ ഉദാര സമീപനം കിട്ടുമെന്നു വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞതു വിപണി മുഖവിലയ്ക്ക് എടുക്കും എന്ന സൂചനയില്ല.
ട്രംപ് ഇന്നലെ വ്യാപാര സമയത്തിനു ശേഷം യുഎസ് ഫെഡറൽ റിസർവിൻ്റെ ആസ്ഥാനം സന്ദർശിച്ചു. അവിടത്തെ പുതിയ നിർമിതി കണ്ടു. അതിൻ്റെ ചെലവിനെപ്പറ്റി ട്രംപ് പറഞ്ഞതു ഫെഡ് ചെയർമാൻ ജെറോം പവൽ തിരുത്തി. അതിനു ശേഷം ട്രംപ് പറഞ്ഞത് പവലിനെ പുറത്താക്കുന്നില്ല എന്നാണ്. അടുത്ത മേയിൽ വിരമിക്കുന്ന പവൽ ശരിയായതു ചെയ്യും എന്ന കമൻ്റും ട്രംപ് പറഞ്ഞു. പലിശ കുറയ്ക്കലാണു ട്രംപ് ഉദ്ദേശിച്ചത്. അടുത്തയാഴ്ച ചേരുന്ന ഫെഡ് കമ്മിറ്റി പലിശ കുറയ്ക്കില്ലെന്നും സെപ്റ്റംബറിൽ കുറച്ചേക്കും എന്നുമാണു വിപണിയുടെ നിഗമനം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,968.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,994 ലേക്കു കയറിയിട്ടു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ വിപണികൾ ഇന്നലെയും നേട്ടം കുറിച്ചു. ഫ്രാൻസ് ഒഴികെ എല്ലാ രാജ്യങ്ങളിലും സൂചികകൾ ഉയർന്നു. 15 ശതമാനം തീരുവയോടെ യുഎസുമായി വ്യാപാരകരാർ സാധ്യമാകും എന്ന പ്രതീക്ഷയാണു വിപണിയിൽ ഉള്ളത്.
അമേരിക്കൻ വിപണികൾ വ്യാഴാഴ്ചയും ഭിന്ന ദിശകളിലായി. എസ് ആൻഡ് പിയും നാസ്ഡാകും റെക്കോർഡ് കുറിച്ച് ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഗൂഗിളിൻ്റെ മാതൃകമ്പനി ആൽഫബെറ്റ് പ്രതീക്ഷയിലും മികച്ച റിസൽട്ട് പ്രസിദ്ധീകരിച്ചു. ഇലോൺ മസ്കിൻ്റെ ടെസ്‌ലയുടെ വിൽപന തുടർച്ചയായ ആറാം മാസവും ഇടിഞ്ഞ സാഹചര്യത്തിൽ ഓഹരി ഒൻപതു ശതമാനം താഴ്ന്നു. ടെസ്‌ലയുടെ പക്കലുണ്ടായിരുന്ന ബിറ്റ് കോയിനുകളിൽ 80 ശതമാനവും വില താഴ്ന്നു നിന്ന സമയത്തു വിറ്റു ശതകാേടികൾ നഷ്ടമാക്കി ന്ന റിപ്പോർട്ടും പുറത്തുവന്നു. ഐബിഎമ്മിൻ്റെ മോശം റിസൽട്ടിൽ ഡൗ ജോൺസ് നഷ്ടത്തിലേക്കു വീണു. കരാറിൽ വരാത്ത രാജ്യങ്ങൾ ഓഗസ്റ്റ് ഒന്നിനു ശേഷം 15 മുതൽ 50 വരെ ശതമാനം ചുങ്കം നൽകേണ്ടി വരും എന്നു ട്രംപ് ഇന്നലെ ഭീഷണിപ്പെടുത്തിയതും വിപണിയെ അസ്വസ്ഥമാക്കി.
ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 316.38 പോയിൻ്റ് (0.70%) താഴ്ന് 44,693.91 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 4.44 പോയിൻ്റ് (0.07%) ഉയർന്ന് 6363.35 എന്ന റെക്കോർഡിൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 37.94 പോയിൻ്റ് (0.18%) കയറി 21,057.96 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേട്ടത്തിലാണ്. ഡൗ 0.25 ഉം എസ് ആൻഡ് പി 0.24 ഉം നാസ്ഡാക് 0.22 ഉം ശതമാനം ഉയർന്നു നീങ്ങുന്നു. ഇൻ്റലും മറ്റും നല്ല റിസൽട്ട് പുറത്തുവിട്ടതു വിപണിയെ സഹായിച്ചു.ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.. ജാപ്പനീസ്, ദക്ഷിണ കൊറിയൻ, ഓസ്ട്രേലിയൻ, ചൈനീസ് വിപണികൾ താഴ്ന്നു.
ഐടി കമ്പനികൾ ഇന്ത്യയിൽ തൊഴിൽ നൽകുന്നത് അവസാനിപ്പിക്കണം എന്ന ട്രംപിൻ്റെ പ്രസ്താവന ഇന്നലെ ഇന്ത്യൻ വിപണിയെ താഴ്ത്തി. ട്രംപ് ഫെഡ് ആസ്ഥാനം സന്ദർശിക്കും എന്ന അറിയിപ്പും വിപണിയെ ആശങ്കയിലാക്കി. ബുധനാഴ്ച ഉണ്ടാക്കിയ നേട്ടമെല്ലാം നഷ്ടമാക്കുന്നതിലേക്കാണ് ഇക്കാര്യങ്ങൾ നയിച്ചത്. ഐടി സൂചിക 2.21 ശതമാനം ഇടിഞ്ഞു. എഫ്എംസിജി, റിയൽറ്റി മേഖലകളും ദുർബലമായി. പൊതുമേഖലാ ബാങ്കുകളും ഫാർമ, ഹെൽത്ത്കെയർ ഓഹരികളും ഉയർന്നു.
പ്രതിവാര സെറ്റിൽമെൻ്റ് ദിവസമായ ഇന്നലെയും വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ വലിയ വിൽപനക്കാരായി.
നിഫ്റ്റി വ്യാഴാഴ്ച 157.80 പോയിൻ്റ് (0.63%) താഴ്ന്ന് 25,062.10 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 542.47 പോയിൻ്റ് (0.66%) നഷ്ടത്തോടെ 82,184.17 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 144.40 പോയിൻ്റ് (0.25%) താഴ്ന്ന് 57,066.05 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 346.40 പോയിൻ്റ് (0.58%) നഷ്ടപ്പെടുത്തി 58,960.70 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 206.40 പോയിൻ്റ് (1.09%) കുറഞ്ഞ് 18,686.80 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ബിഎസ്ഇയിൽ ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1542 ഓഹരികൾ ഉയർന്നപ്പോൾ 2517 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1109 എണ്ണം. താഴ്ന്നത് 1860 ഓഹരികൾ.
എൻഎസ്ഇയിൽ 72 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 29 എണ്ണമാണ്. 68 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 54 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 2133.69 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 2617.14 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി 25,250നു മുകളിൽ കരുത്തോടെ കയറിയാൽ മാത്രമേ 25,400-25,550 മേഖലയിലേക്കു മുന്നേറ്റം പ്രതീക്ഷിക്കാവൂ എന്ന നില തുടരുന്നു. അതുവരെ നിഫ്റ്റി സമാഹരണം തുടരും എന്നാണു വിലയിരുത്തൽ. ഇന്നു നിഫ്റ്റിക്ക് 25,020 ഉം 24,880 ഉം പിന്തുണയാകും. 25,200 ലും 25,330 ലും തടസം ഉണ്ടാകാം.
കനറാ ബാങ്ക് ഒന്നാം പാദത്തിൽ അറ്റാദായം 21.67 ശതമാനം വർധിപ്പിച്ച് 4752 കോടി രൂപയിൽ എത്തിച്ചു. അറ്റ പലിശ വരുമാനം 1.7 ശതമാനം കുറഞ്ഞ് 9009 കോടി ആയപ്പോൾ മറ്റു വരുമാനം 32.7 ശതമാനം കുതിച്ച് 7060.48 കോടി രൂപയായി. മൊത്ത നിഷ്ക്രിയ ആസ്തി (എൻപിഎ) 4.14 ൽ നിന്ന് 2.69 ശതമാനം ആയും അറ്റ എൻപിഎ 1.24 ൽ നിന്ന് 0.63 ശതമാനം ആയും കുറഞ്ഞു.
ഇന്ത്യൻ ബാങ്കിനും മറ്റു വരുമാനം കൂടിയതു വഴി ലാഭം ഉയർത്താൻ കഴിഞ്ഞു. അറ്റാദായം 23.69 ശതമാനം കൂടി 2973 കോടി രൂപയായി. അറ്റപലിശ മാർജിൻ 3.44 ൽ നിന്ന് 3.23 ശതമാനമായി. അറ്റപലിശ വരുമാനം 2.93 ശതമാനം കൂടി 6359 കോടി രൂപയായി. മൊത്ത എൻപിഎ 3.77 ൽ നിന്നു 3.06 ശതമാനവും അറ്റ എൻപിഎ 0.39 -ൽ നിന്നു 0.21 ശതമാനവും ആയി.
ആർഇസി ഒന്നാം പാദത്തിൽ അറ്റാദായം 29 ശതമാനം വർധിപ്പിച്ച് 4465 കോടി രൂപയാക്കി. അറ്റ പലിശ വരുമാനം 37.6 ശതമാനം കൂടി 5666 കോടി രൂപയിൽ എത്തി.
മറ്റ് എക്സ്ചേഞ്ചുകൾക്ക് കൂടി നേട്ടമാകുന്ന ഊർജവ്യാപാര നയം വെെദ്യുതി റെഗുലേറ്ററി ഏജൻസി പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യൻ എനർജി ഏജൻസി (ഐഇഎക്സ്) ഓഹരി ഇന്നലെ 29.58 ശതമാനം ഇടിഞ്ഞു. വൈദ്യുതി വിപണിയിലെ കുത്തക ഐഇഎക്സിനു നഷ്ടമാകും. കമ്പനി ഒന്നാം പാദത്തിൽ അറ്റാദായം 25 ശതമാനം വർധിപ്പിച്ചു.
എസ്ബിഐ ലൈഫ് ഒന്നാം പാദത്തിൽ അറ്റാദായം 14 ശതമാനം വർധിപ്പിച്ചു.
824 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് അദാനി എനർജി ഒന്നാം പാദത്തിൽ 512 കോടി രൂപയുടെ അറ്റാദായത്തിലേക്കു കയറി.
ബജാജ് ഫിനാൻസിന് ഒന്നാം പാദത്തിൽ അറ്റാദായം 22 ശതമാനം വർധിച്ചു. അറ്റ പലിശ വരുമാനത്തിലും 22 ശതമാനം വർധനയുണ്ട്.
ഇന്നലെ മോശം റിസൽട്ടുകളെ തുടർന്ന് കോഫോർജ് 9.4 ഉം പെർസിസ്റ്റൻ്റ് 7.7 ഉം ശതമാനം ഇടിഞ്ഞു. കോഫോർജ് പ്രൊമോട്ട് ചെയ്ത സിഗ്നിറ്റി ടെക്നോളജീസ് ഇന്നലെ 9.7 ശതമാനം താഴ്ചയിലായി. പ്രൊമോട്ടർ ഗ്രൂപ്പ് വിറ്റ ഓഹരികൾ മോർഗൻ സ്റ്റാൻലിയാണു വാങ്ങിയത്.
വ്യാപാരയുദ്ധം അവസാനിക്കുന്നു എന്ന സൂചനകളെ തുടർന്നുള്ള സ്വർണത്തിൻ്റെ ഇടിവ് തുടരുകയാണ്. വ്യാഴാഴ്ച 18.70 ഡോളർ താഴ്ന്ന് ഔൺസിന് 3369 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഡോളറിലേക്കു 3373 ഡോളറിലേക്കു കയറി.
കേരളത്തിൽ വ്യാഴാഴ്ച പവൻ വില 1000 രൂപ ഇടിഞ്ഞ് 74,040 രൂപയായി. ഇന്നും വില കുറയാം എന്നാണു സൂചന.
വെള്ളിവില ഇന്നലെ ഔൺസിന് 39.08 ഡോളറിൽ അവസാനിച്ചു.
വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ച ഭിന്നദിശകളിലായി. ചെമ്പ് കാര്യമായ മാറ്റമില്ലാതെ ടണ്ണിന് 9860.95 ഡോളറിൽ എത്തി. അലൂമിനിയം 0.22 ശതമാനം കയറി 2646.32 ഡോളർ ആയി. നിക്കലും ലെഡും ടിന്നും ഉയർന്നു. സിങ്ക് താഴ്ന്നു.
രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 1.05 ശതമാനം താഴ്ന്ന് 169.50 സെൻ്റിൽ എത്തി. കൊക്കോ 2.46 ശതമാനം താഴ്ന്നു ടണ്ണിന് 8232 ഡോളർ ആയി. കാപ്പി 1. 33 ശതമാനം ഉയർന്നു. തേയില താഴ്ന്നു നിൽക്കുന്നു. പാം ഓയിൽ വില 0.07 ശതമാനം താഴ്ന്നു.
യുഎസ് ഡോളർ സൂചിക ചാഞ്ചാടി. വ്യാഴാഴ്ച 97.38 ൽ ക്ലോസ് ചെയ്ത സൂചിക ഇന്നു രാവിലെ 97.51 ലാണ്.
കറൻസി വിപണിയിൽ യൂറോ 1.1746 ഡോളറിലേക്കും പൗണ്ട് 1.3497 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 147.35 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില മാറ്റമില്ലാതെ തുടർന്നു. അവയിലെ നിക്ഷേപനേട്ടം 4.39 ശതമാനത്തിലാണ്.
ഡോളർ രാജ്യാന്തര വിപണിയിൽ താഴ്ന്നു നിന്നെങ്കിലും രൂപയ്ക്കു കാര്യമായ നേട്ടം ഉണ്ടായില്ല. ഡോളർ മാറ്റമില്ലാതെ 86.41 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.15 യുവാൻ എന്ന നിലയിലാണ്.
ക്രൂഡ് ഓയിൽ വിപണി അൽപം കയറി. ബ്രെൻ്റ് ഇനം ക്രൂഡ് 69.23 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 66.08 ഡോളറിലും മർബൻ ക്രൂഡ് 72.61 ഡോളറിലും ആണ്.
ക്രിപ്റ്റോ കറൻസികൾ ചാഞ്ചാടുകയാണ്. ബിറ്റ് കോയിൻ താഴ്ന്ന് 1,17,500 ഡോളറിനു താഴെയായി. ഈഥർ 3650 ഡോളറിനു സമീപം നിൽക്കുന്നു.
(2025 ജൂലൈ 24, വ്യാഴം)
സെൻസെക്സ്30 82,184.00 -0.66%
നിഫ്റ്റി50 25,062.10 -0.63%
ബാങ്ക് നിഫ്റ്റി 57,066.05 -0.25%
മിഡ് ക്യാപ്100 58,960.70 -0.58%
സ്മോൾക്യാപ്100 18,686.80 -1.09%
ഡൗജോൺസ് 44,693.91 -0.70%
എസ്ആൻഡ്പി 6363.35 +0.07%
നാസ്ഡാക് 21,057.96 +0.18%
ഡോളർ($) ₹86.41 +₹0.00
സ്വർണം(ഔൺസ്) $3369.00 -$18.70
സ്വർണം(പവൻ) ₹74,040 +₹1000
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $69.18 +$0.67
Read DhanamOnline in English
Subscribe to Dhanam Magazine