
പശ്ചിമേഷ്യയിലെ ദുർബലമായ വെടിനിർത്തൽ രണ്ടാം ദിവസവും പിടിച്ചു നിൽക്കുന്നു. എന്നാൽ വിപണികൾ അതിൽ ആവേശം കാണുന്നില്ല. അമേരിക്ക - ഇറാൻ - ഇസ്രയേൽ ചർച്ച എങ്ങനെ നീങ്ങും എന്ന ആശങ്ക എങ്ങും ഉണ്ട്. തീരുവവിഷയത്തിൽ ധാരണ ഉണ്ടാകാത്തതും വിപണിയെ വിഷമിപ്പിക്കുന്നുണ്ട്. ജൂലൈ ഒൻപതിനകം ധാരണ ഉണ്ടായില്ലെങ്കിൽ താൻ ഏകപക്ഷീയമായി പ്രഖ്യാപിച്ച തീരുവ ഈടാക്കും എന്നാണ് ബ്രിട്ടൻ ഒഴികെയുള്ള രാജ്യങ്ങളോടു ട്രംപ് പറഞ്ഞിട്ടുള്ളത്. ആ നിരക്കുകൾ താങ്ങാവുന്നതിനും അപ്പുറമാണ്.
ഇന്നു രാവിലെ നേട്ടത്തിൽ തുടങ്ങിയ ഏഷ്യൻ വിപണികൾ പിന്നീടു താഴ്ന്നു. യുഎസ് ഫ്യൂച്ചേഴ്സും നഷ്ടത്തിലേക്കു മാറി.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,159 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,171 ലേക്കു കയറിയിട്ടു താഴ്ന്നു. വിപണി ഇന്നും നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച മികച്ച നേട്ടത്തിലാണ് അവസാനിച്ചത്. സൂചികകൾ ഒന്നര ശതമാനത്തിലധികം ഉയർന്നു. പശ്ചിമേഷ്യൻ യുദ്ധവിരാമം യൂറോപ്യൻ കറൻസികളെ ഉയർത്തി.
ചൊവ്വാഴ്ച യുഎസ് വിപണി ആവേശകരമായ കയറ്റം നടത്തി. യുദ്ധവിരാമത്തെ തുടർന്ന് എണ്ണവില ഇന്നലെ വീണ്ടും താഴ്ന്നു. വ്യാേമയാന കമ്പനികൾ നല്ല ഉയർച്ച കാണിച്ചു. ടെക്നോളജി ഓഹരികൾ കയറി. അഡ്വാൻസ്ഡ് മൈക്രോ 6.83ഉം ബ്രോഡ്കോം നാലും എൻവിഡിയ 2.6 ഉം ശതമാനം നേട്ടം ഉണ്ടാക്കി. ഇന്നലെ യുഎസ് പ്രതിനിധിസഭയുടെ കമ്മിറ്റി മുൻപാകെ മൊഴി നൽകിയ ഫെഡ് ചെയർമാൻ ജെറോം പവൽ ജൂലൈയിലെ യോഗത്തിൽ പലിശനിരക്ക് കുറയ്ക്കാൻ സാധ്യത ഇല്ലെന്നു വ്യക്തമാക്കി. തീരുവവിഷയം എങ്ങനെ വരും എന്നു വ്യക്തമാകാനാണു ഫെഡ് കാത്തിരിക്കുന്നത് എന്നും പവൽ പറഞ്ഞു.
ഡൗ ജോൺസ് 507.24 പോയിൻ്റ് (1.19%) കുതിച്ചു കയറി 43,089.02 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 67.01 പോയിൻ്റ് (1.11%) നേട്ടത്തിൽ 6092.18 ൽ അവസാനിച്ചു. നാസ്ഡാക് 281.56 പോയിൻ്റ് (1.43%) കയറി 19,912.53 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ 0.02 ഉം എസ് ആൻഡ് പി 0.03 ഉം നാസ്ഡാക് 0.02 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു തുടക്കത്തിൽ ഉയർന്നിട്ടു താഴ്ന്നു ഹോങ് കോങ് വിപണി ഉയർന്നു. ചൈനീസ് വിപണി ചെറിയ താഴ്ചയിലാണ്.
പശ്ചിമേഷ്യൻ യുദ്ധം അവസാനിച്ചെന്ന പ്രഖ്യാപനത്തെ തുടർന്നു രാവിലെ വലിയ കുതിപ്പ് നടത്തിയ ഇന്ത്യൻ വിപണി പിന്നീടു കിതച്ചു. ഇറാനും ഇസ്രയലും പരസ്പരം വെടിനിർത്തൽ ലംഘനം ആരോപിച്ചതു സെൻസെക്സിനെ ആയിരം പോയിൻ്റ് താഴാൻ പ്രേരിപ്പിച്ചു. മുഖ്യസൂചികകൾ ചെറിയ നേട്ടത്തോടെ അവസാനിച്ചു. എന്നാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കുറേക്കൂടി ഉയർന്ന നേട്ടം രേഖപ്പെടുത്തി.
നിഫ്റ്റി 172.45 പോയിൻ്റ് (0.29%) ഉയർന്ന് 25,044.35 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 158.32 പോയിൻ്റ് (0.19%) നേട്ടത്തോടെ 82,055.11 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 402.35 പോയിൻ്റ് (0.72%) ഉയർന്ന് 56,461.90 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 415.60 പോയിൻ്റ് (0.71 ശതമാനം) നേട്ടത്തോടെ 58,622.40 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 131.85 പോയിൻ്റ് (0.72 ശതമാനം) കയറി 18,452.75 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2615 ഓഹരികൾ ഉയർന്നപ്പോൾ 1385 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1963 എണ്ണം. താഴ്ന്നത് 917 ഓഹരികൾ.
എൻഎസ്ഇയിൽ 44 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 31 എണ്ണമാണ്. 111 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 53 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 5266.01 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 5209.60 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
യുദ്ധവിരാമവും ക്രൂഡ് ഓയിൽ വിലയിടിവും വിപണിക്ക് ഉയരാൻ തക്ക ഊർജം നൽകുന്നു. ക്രൂഡ് വില താഴുന്നതും വിലക്കയറ്റം കുറയുന്നതും ഇന്ത്യയുടെ ഈ വർഷത്തെ ജിഡിപി വളർച്ച 6.5 ശതമാനമാക്കും എന്ന് എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്സ് വിലയിരുത്തി. നേരത്തേ ഇവർ കണക്കാക്കിയതിലും 0.2 ശതമാനം അധികമാണിത്.
12,500 കോടി രൂപയുടെ എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് ഇഷ്യു അടക്കം പല ഐപിഒകൾ വരുന്നത് വിപണിയുടെ മുന്നേറ്റത്തിനു തടസമാകുമോ എന്ന് ആശങ്കയുണ്ട്. അങ്ങനെ വന്നാൽ 24, 800 -25,300 മേഖലയിലെ സമാഹരണം തുടരാനാകും വിപണി ശ്രമിക്കുക എന്നു പലരും കരുതുന്നു. ഇന്നലെ 25,300 നു മുകളിൽ കടന്ന നിഫ്റ്റിക്ക് ആ നിലവാരം നിലനിർത്താനായില്ല.
നിഫ്റ്റി ഇന്ന് കരുത്തോടെ 25,300 കടന്നാൽ ബുൾ മുന്നേറ്റം പുനരാരംഭിക്കും. ഇന്നു നിഫ്റ്റിക്ക് 25,005 ഉം 24,805 ഉം പിന്തുണയാകും. 25,245 ലും 25,315 ലും തടസം ഉണ്ടാകാം.
സ്വർണം ഇന്നലെയും വലിയ ചാഞ്ചാട്ടത്തിലായി. പശ്ചിമേഷ്യൻ വെടിനിർത്തൽ സംബന്ധിച്ച ചില അവ്യക്തതകൾ ഔൺസിന് 3371 ഡോളർ വരെ ഉയർത്തുകയും 3293 ഡോളർ വരെ താഴ്ത്തുകയും ചെയ്തു. ഒടുവിൽ 3322.9 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3329 ഡോളറിലേക്കു കയറി.
കേരളത്തിൽ ചൊവ്വാഴ്ച സ്വർണം പവന് 1080 രൂപ കുറഞ്ഞ് 72,760 രൂപയായി.
വെള്ളിവില ഔൺസിന് 35.85 ഡോളറിലേക്കു താഴ്ന്നു.
പ്രധാന വ്യാവസായിക ലോഹങ്ങൾ ഇന്നലെ താഴ്ന്നു , മറ്റുള്ളവ ഉയർന്നു. ചെമ്പ് 1.04 ശതമാനം ഇടിഞ്ഞു ടണ്ണിന് 9930.25 ഡോളറിൽ എത്തി. അലൂമിനിയം O.11 ശതമാനം താഴ്ന്ന് 2576.18 ഡോളർ ആയി. നിക്കലും സിങ്കും ടിന്നും ലെഡും ഉയർന്നു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.93 ശതമാനം കുറഞ്ഞ് 169.60 സെൻ്റ് ആയി. കൊക്കോ 7.30 ശതമാനം കുതിച്ചു കയറി ടണ്ണിന് 9179.22 ഡോളറിൽ എത്തി. കാപ്പി 3.33 ശതമാനം ഉയർന്നു. തേയില വില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ വില 0.13 ശതമാനം കയറി.
പശ്ചിമേഷ്യൻ വെടിനിർത്തൽ തുടരുന്നത് യുഎസ് ഡോളറിനെ വീണ്ടും താഴ്ത്തി. ചൊവ്വാഴ്ച സൂചിക 97.86 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 97.88 ലാണ്. കറൻസി വിപണിയിൽ ഡോളർ ദുർബലമായി. യൂറോ 1.1617 ഡോളറിലും പൗണ്ട് 1.3612 ഡോളറിലും ആയി. ജാപ്പനീസ് യെൻ ഡോളറിന് 144. 97 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു. യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില ഉയർന്നു. അവയിലെ നിക്ഷേപനേട്ടം 4.302 ശതമാനത്തിലേക്ക് ഇടിഞ്ഞു.ചാെവ്വാഴ്ച രൂപ മികച്ച നേട്ടത്തിലായി. ഡോളർ 78 പൈസ താഴ്ന്ന് 85.97 രൂപയിൽ ക്ലോസ് ചെയ്തു. ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ കയറ്റമാണിത്. വ്യാപാരത്തിനിടെ ഡോളർ 85.91 രൂപ വരെ താണതാണ്.ചൈനയുടെ കറൻസി ഒരു ഡോളറിന് 7.17 യുവാൻ എന്ന നിലയിലേക്കു കയറി.
ക്രൂഡ് ഓയിൽ വില താഴ്ന്നിട്ടു കയറി. 67 ഡോളറിനു താഴെ എത്തിയ ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 1.4 ശതമാനം ഉയർന്ന് 68.08 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 65.32 ഡോളറിലും മർബൻ ക്രൂഡ് 67.84 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില 0.82 ശതമാനം ഉയർന്നു.
ക്രിപ്റ്റോ കറൻസികൾ വീണ്ടും കയറി. ബിറ്റ് കോയിൻ മൂന്നര ശതമാനം ഉയർന്ന് 1,06,500 ഡോളറിൽ എത്തി. ഈഥർ 2460 ഡോളറിനു മുകളിലായി. മറ്റു ക്രിപ്റ്റോകളും അഞ്ചു ശതമാനത്തിലധികം ഉയർന്നു.
(2025 ജൂൺ 24, ചൊവ്വ)
സെൻസെക്സ്30 82,055.11 +0.19%
നിഫ്റ്റി50 25,044.35 +0.29%
ബാങ്ക് നിഫ്റ്റി 56,461.90 +0.72%
മിഡ് ക്യാപ്100 58,622.40 +0.71%
സ്മോൾക്യാപ്100 18,452.75 +0.72%
ഡൗജോൺസ് 43,089.02 +1.19%
എസ്ആൻഡ്പി 6092.18 +1.11%
നാസ്ഡാക് 19,912.53 +1.43%
ഡോളർ($) ₹86.13 -₹0.62
സ്വർണം(ഔൺസ്) $3322.98 -$13.12
സ്വർണം(പവൻ) ₹72,760 -₹1080
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $67.14 -$1.97
Read DhanamOnline in English
Subscribe to Dhanam Magazine