തീരുവക്കാര്യത്തിൽ ആശ്വാസ സൂചന; വിപണികൾ കുതിച്ചു; ഇന്ത്യയിലും ആവേശം തുടരുന്നു

ഏഷ്യന്‍ വിപണികള്‍ പോസിറ്റീവ്; ക്രൂഡ് ഓയിൽ വീണ്ടും കയറി; രൂപയും നേട്ടത്തിൽ
TCM, Morning Business News
Morning business newscanva
Published on

തീരുവക്കാര്യത്തിൽ ആശങ്കപ്പെട്ടത്ര ആഘാതം ഏപ്രിൽ രണ്ടിന് ഉണ്ടാകുകയില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയത് വിപണികളെ ശാന്തമാക്കി. ആവശ്യത്തിന് അയവ് ഉണ്ടാകും എന്നാണു ട്രംപ് പറഞ്ഞത്. യുഎസ് മാർക്കറ്റ് കുതിച്ചു. ഏഷ്യൻ വിപണികളും രാവിലെ നേട്ടത്തിലാണ്. ഇന്നലെ വലിയ മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി ഇന്നും കയറും എന്നാണു സൂചന.

അതേസമയം വെനസ്വേലയിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് 25 ശതമാനം ചുങ്കം ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതു ക്രൂഡ് ഓയിൽ വിലയെ 73 ഡോളറിലേക്കു കയറ്റി.

എല്ലാ രാജ്യങ്ങൾക്കും പകരത്തിനു പകരം ചുങ്കം ചുമത്തുകയില്ലെന്ന് ഇന്നലെ വോൾ സ്ട്രീറ്റ് ജേർണലും ബ്ലൂംബർഗ് ന്യൂസും റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ യൂണിയനടക്കം15 ശതമാനം രാജ്യങ്ങളാണ് ഏപ്രിൽ രണ്ടിലെ പ്രഖ്യാപനത്തിൽ ചുങ്കത്തിനു വിധേയരാകുക എന്നാണു റിപ്പോർട്ട്. ഇന്ത്യ ഇതിൽ വരുന്നുണ്ട്. യുഎസുമായി വ്യാപാരമിച്ചം ഉള്ള ഇന്ത്യ, ചൈന, ഓസ്ട്രേലിയ, കാനഡ ബ്രസീൽ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, വിയറ്റ്നാം എന്നിവയുടെ പേര് റിപ്പോർട്ടുകളിൽ ഉണ്ട്.

ഇന്ത്യയുമായി പുതിയ വ്യാപാരകരാർ കാര്യം ചർച്ച ചെയ്യാൻ യുഎസ് പ്രതിനിധി സംഘം ഇന്നു ഡൽഹിയിൽ എത്തും. ചർച്ച നാലഞ്ചു ദിവസം നീളും. ഏതെല്ലാം മേഖലകളിൽ എത്ര മാറ്റം വരുത്തണം എന്നതാണ് ചർച്ച ചെയ്യുന്നത്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി 23,743 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,770-ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നും നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ തങ്കളാഴ്ച ചെറിയ നഷ്ടത്തിൽ അവസാനിച്ചു. റൗണ്ടപ് കളനാശിനി ഉപയോഗിച്ചു കാൻസർ ബാധിച്ച ദമ്പതികൾക്ക് 210 കോടി ഡോളർ നഷ്ടപരിഹാരം നൽകാൻ കലിഫോർണിയയിലെ ഒരു കോടതി വിധിച്ചതിനെ തുടർന്ന് ജർമൻ ബയോടെക് കമ്പനി ബായറിൻ്റെ ഓഹരി ഏഴര ശതമാനം ഇടിഞ്ഞു. റൗണ്ടപ് നിർമിക്കുന്ന മൊൺസാൻ്റോയെ ഒരു വർഷം മുമ്പു വാങ്ങിയ ശേഷം ബായർ ഓഹരി 40 ശതമാനത്തിലധികം താഴ്ന്നു.

തീരുവക്കാര്യത്തിൽ അയവ് ഉണ്ടെന്ന ട്രംപിൻ്റെ പ്രസ്താവന ഇന്നലെ യുഎസ് വിപണിയെ കുതിച്ചുയരാൻ സഹായിച്ചു. ഡൗ സൂചിക 600-ഓളം പോയിൻ്റ് ഉയർന്നു. 12 ശതമാനം കുതിച്ച ടെസ്‌ലയുടെ പിൻബലത്തിൽ ടെക് ഓഹരികൾ നാസ്ഡാക് സൂചികയെ രണ്ടേകാൽ ശതമാനം ഉയർത്തി.

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 597.97 പോയിൻ്റ് (1.42%) ഉയർന്ന് 42,583.30 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 100.01 പോയിൻ്റ് (1.76%) നേട്ടത്തോടെ 5767.57 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 404.54 പോയിൻ്റ് (2.27%) കയറി 18,188.60 ൽ ക്ലോസ് ചെയ്തു. 

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് കാര്യമായ മാറ്റമില്ലാതെ തുടരുന്നു. 

ഏഷ്യൻ വിപണികൾ ഇന്ന് നേട്ടത്തിലാണ്. ജപ്പാനിലും ദക്ഷിണ കൊറിയയിലും ഓസ്ട്രേലിയയിലും സൂചിക ഉയർന്നു. ചൈനീസ് വിപണിയുടെ തുടക്കം താഴ്ചയിലാണ്.

കുതിച്ചു കയറി ഇന്ത്യൻ വിപണി 

തിങ്കളാഴ്ച ഇന്ത്യൻ വിപണി മികച്ച കുതിപ്പ് കാഴ്ചവച്ചു. ഓഹരികളും രൂപയും 2025 ലെ നഷ്ടം നികത്തി. മാർച്ച് 13 നു ശേഷം സെൻസെക്സും

നിഫ്റ്റിയും 5.6 ശതമാനം വീതം കയറി. ഇതേ കാലയളവിൽ മിഡ് ക്യാപ് 100 സൂചിക 9.1 ഉം സ്മോൾ ക്യാപ് 100 സൂചിക 9.8 ഉം ശതമാനം കുതിച്ചു.

തീരുവക്കാര്യത്തിൽ അമേരിക്ക അയയും എന്ന സൂചനയും വിദേശനിക്ഷേപകർ അടുത്തടുത്ത ദിവസങ്ങളിൽ വാങ്ങലുകാരായതും വിപണി മനോഭാവം മാറ്റി. 

വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 3055.76 കാേടി രൂപ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ 98.54 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

തിങ്കളാഴ്ച നിഫ്റ്റി 307.95 പോയിൻ്റ് (1.32%) ഉയർന്ന് 23,658.35 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1078.87 പോയിൻ്റ് (1.40%) കുതിച്ച് 77,984.38 ൽ വ്യാപാരം  അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 1111.40 പോയിൻ്റ് (2.20%) ഉയർന്ന് 51,704.95 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.30 ശതമാനം വർധിച്ച്  52,524.05 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 1.10 ശതമാനം കയറി 16,363.70 ൽ ക്ലോസ് ചെയ്തു.

ബാങ്കുകൾ, ധനകാര്യ കമ്പനികൾ, ഐടി, റിയൽറ്റി, ഓയിൽ -ഗ്യാസ് എന്നിവ നേട്ടത്തിനു മുന്നിൽ നിന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയ ബാങ്കുകൾ നാലു ശതമാനത്തിലധികം കുതിച്ചു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി തുടരുന്നു.  ബിഎസ്ഇയിൽ 2458 ഓഹരികൾ ഉയർന്നപ്പോൾ 1689 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1865 എണ്ണം ഉയർന്നു, താഴ്ന്നത് 1082 എണ്ണം. 

വിപണി മനോഭാവം കൂടുതൽ ബുള്ളിഷ് ആയി. നിഫ്റ്റി 23,800 കടന്നാൽ 24,000-24,200 മേഖല ലക്ഷ്യമിടുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ  പറയുന്നു. 23,500- 23,400 മേഖല നിഫ്റ്റിക്കു പിന്തുണയായി നിൽക്കുന്നുണ്ട്. ഇന്നു നിഫ്റ്റിക്ക് 23,500 ലും 23,430 ലും പിന്തുണ പ്രതീക്ഷിക്കാം. 23,770 ലും 23,870 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

എച്ച്സിഎൽ ടെക്നോളജീസ്, വെസ്റ്റേൺ യൂണിയൻ്റെ ടെക്നോളജി നവീകരണത്തിനു സഖ്യം ഉണ്ടാക്കി. ഹൈദരാബാദിൽ ഇതിനായി ടെക്നോളജി സെൻ്റർ സ്ഥാപിക്കും.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂകോ ബാങ്ക് എന്നിവ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെൻ്റ് (ക്യുഐപി) ആരംഭിച്ചു.

ഒരു ജർമൻ കമ്പനിക്കു വേണ്ടി രണ്ടു വിവിധോദ്ദേശ്യ യാനപാത്രങ്ങൾ നിർമിക്കാൻ ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്സ് കരാറിൽ ഏർപ്പെട്ടു. ആ കമ്പനിക്ക് ആറു സമാന യാനപാത്രങ്ങൾ നിർമിച്ചു നൽകിയിട്ടുണ്ട്.

ടിടികെ പ്രസ്റ്റീജ് നോൺ എക്സിക്യൂട്ടീവ് ചെയർമാനും ഡയറക്ടറുമായ ടി.ടി. ജഗന്നാഥൻ പദവികൾ ഒഴിഞ്ഞു. വൈസ് ചെയർമാൻ ടി.ടി. രഘുനാഥൻ ആണു പിൻഗാമി.

ബ്രിട്ടാനിയയുടെ ഗുജറാത്ത് ജഗാഡിയയിലെ ഫാക്ടറിയിൽ പണിമുടക്ക് മൂലം പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. തൊഴിലാളികളുമായി ചർച്ച നടന്നു വരുന്നു.

എസ്ബിഐ ലൈഫ് ഇൻഷ്വറൻസ് കമ്പനിക്ക് 431 കോടി രൂപയുടെ ആദായനികുതി നോട്ടീസ് ലഭിച്ചു.

സ്വർണം താഴ്ന്നു

ലാഭമെടുക്കലുകാരുടെ വിൽപനയും ഡോളറിൻ്റെ കരുത്തും സ്വർണത്തെ ചാഞ്ചാടിച്ചു. ഔൺസിനു 3000 ഡോളറിന് അടുത്തുവരെ താഴ്ന്ന വില 3012.50 ൽ ക്ലോസ് ചെയ്തു. ഇന്നു യുഎസ് പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) കണക്ക് വരുന്നത് സ്വർണത്തിനു ഹ്രസ്വകാല ദിശാബാേധം നൽകും. തീരുവയുദ്ധത്തിൻ്റെ അടുത്തഘട്ടം വ്യക്തമാകുന്ന ഏപ്രിൽ രണ്ടിനു ശേഷമേ വിപണിയുടെ മധ്യകാലഗതി എങ്ങോട്ട് എന്നു നിർണയിക്കാനാകൂ. ഇന്നു രാവിലെ വില 3008 വരെ താഴ്ന്നിട്ട് 3016 ഡോളർ വരെ തിരിച്ചുകയറി.  

കേരളത്തിൽ തിങ്കളാഴ്ച ആഭരണസ്വർണം പവന് 120 രൂപ കുറഞ്ഞ് 65,720 രൂപയിൽ എത്തി. 

വെള്ളിവില ഔൺസിന് 32.93 ഡോളറിലേക്കു താഴ്ന്നു.

ഡോളർ സൂചിക തിങ്കളാഴ്ച ഉയർന്ന് 104.26 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.30 ആയി.

രൂപ തുടർച്ചയായ ഒൻപതാം ദിവസവും മികച്ച കുതിപ്പ് നടത്തി. 2025 ൽ വന്ന നഷ്ടമെല്ലാം രൂപ നികത്തി. ഡോളർ 33 പെെസ നഷ്ടപ്പെടുത്തി 85.64 രൂപയിൽ ക്ലോസ് ചെയ്തു.

ചെെനയുടെ യുവാൻ ഡോളറിന് 7.25 യുവാൻ എന്ന നിലയിൽ തുടരുന്നു.

യുഎസ് കടപ്പത്രവില തിങ്കളാഴ്ചയും താഴ്ന്നു, അവയിലെ നിക്ഷേപനേട്ടം കൂടി.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.33 ശതമാനത്തിൽ അവസാനിച്ചു. തീരുവയുദ്ധം ശങ്കിച്ചതിലും ചെറുതാകും എന്ന സൂചനയാണു കാരണം.

ക്രൂഡ് ഓയിൽ കയറുന്നു

വാരാന്ത്യത്തിൽ താഴ്ന്ന ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിലായി. വെനിസ്വെലയുടെ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25 ശതമാനം ചുങ്കം ചുമത്തും എന്ന യുഎസ് പ്രസിഡൻ്റിൻ്റെ പ്രഖ്യാപനമാണ് വില ഒന്നര ശതമാനം ഉയരാൻ കാരണം. ബ്രെൻ്റ് ഇനം ഇന്നു രാവിലെ വീപ്പയ്ക്ക് 73.03 ഡോളർ ആണ്. ഡബ്ല്യുടിഐ ഇനം 69.25 ഉം  യുഎഇയുടെ മർബൻ ക്രൂഡ് 74.28 ഉം ഡോളറിലേക്കു നീങ്ങി. 

ക്രിപ്റ്റോകൾക്ക് ഉണർവ്

ക്രിപ്റ്റോ കറൻസികൾ വീണ്ടും കയറി. ബിറ്റ്കോയിൻ മൂന്നു ശതമാനം ഉയർന്ന് 87,600 ഡോളറിൽ എത്തി. ഈഥർ നാലര ശതമാനം ഉയർന്ന് 2085 ഡോളറിനു സമീപമായി. 

വിപണിസൂചനകൾ

(2025 മാർച്ച് 24, തിങ്കൾ)

സെൻസെക്സ് 30       77,984.38      +1.40%

നിഫ്റ്റി50      23,658.35        +1.32%

ബാങ്ക് നിഫ്റ്റി    51,704.95    +1.30%

മിഡ് ക്യാപ്100  52,524.05    +1.30%

സ്മോൾ ക്യാപ് 100  16,363.70   +1.10%

ഡൗ ജോൺസ്  42,583.30   +1.42%

എസ് ആൻഡ് പി 5767.57   +0.08%

നാസ്ഡാക്     17,784.05    +1.76%

ഡോളർ($)         ₹85.64       -₹0.33

സ്വർണം (ഔൺസ്)   $3012.50   -$11.90

സ്വർണം(പവൻ) ₹65,720      -₹ 120 

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ    $73.03 -$00.87

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com