

യുഎസ്-ഇറാൻ സമാധാന ചർച്ച നടക്കും, നടക്കില്ല എന്നുള്ള തർക്കം ഇന്നലെ ലോക വിപണികളെ അശാന്തമാക്കി. ഓഹരികൾ താഴുകയും ക്രൂഡ് ഓയിൽ 100 ഡോളറിനു മുകളിൽ കയറുകയും ചെയ്തു. എന്നാൽ ഇന്നു രാവിലെ സമാധാന പ്രതീക്ഷ ശക്തമായി. അമേരിക്ക 15 ഇന ഒത്തുതീർപ്പു നിർദേശങ്ങൾ പാക്കിസ്ഥാൻ വഴി ഇറാനു കൈമാറി എന്ന റിപ്പോർട്ടാണു വിപണികളെ സഹായിച്ചത്. ഏഷ്യൻ വിപണികളും യുഎസ് ഫ്യൂച്ചേഴ്സും കുതിച്ചു. ക്രൂഡ് ഓയിൽ ഇടിഞ്ഞു 100 ഡോളറിനു താഴെയായി. സ്വർണം കുതിച്ചുയർന്നു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 22,913.00 ൽ അവസാനിച്ചു. ഇന്നു രാവിലെ 23,240 വരെ കയറിയിട്ടു ചാഞ്ചാടി. നിഫ്റ്റി 200 ലധികം പോയിൻ്റ് നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ ചൊവ്വാഴ്ച ന്യൂയോർക്കിൽ 1.10 ശതമാനം താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 1.75 ശതമാനം കയറി. ഐസിഐസിഐ ബാങ്ക് ഓഹരി നിശ്ചിത സമയത്ത് 1.59 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 1.81 ശതമാനം കയറി. ഇൻഫോസിസ് എഡിആർ 1.65 ശതമാനം താഴ്ന്നിട്ട് തുടർവ്യാപാരത്തിൽ 0.54 ശതമാനം ഉയർന്നു. വിപ്രോ 2.78 ശതമാനം ഇടിഞ്ഞിട്ടു തുടർവ്യാപാരത്തിൽ 1.42 ശതമാനം ഉയർന്നു.
ഇറാനുമായി സന്ധിചർച്ച ഉണ്ടാകുമോ എന്ന ആശങ്ക ഇന്നലെ യുഎസ് വിപണികളെ താഴ്ത്തി. ഇറാൻ ചർച്ചയില്ലെന്നു പറഞ്ഞതും യുഎസ്, ഇസ്രേലി ഉദ്യോഗസ്ഥർ വ്യക്തമായി ഒന്നും പറയാത്തതുമാണു കാരണം. ഡൗ ഒരു ശതമാനം താഴ്ന്നിട്ട് 630 പോയിൻ്റ് കയറിയ ശേഷം ചെറിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ഡൗ ജോൺസ് 84.41 പോയിൻ്റ് (0.18%) താഴ്ന്ന് 46,124.06 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 24.63 പോയിൻ്റ് (0.37%) കുറഞ്ഞ് 6556.37 ൽ അവസാനിച്ചു. നാസ്ഡാക് 184.87 പോയിൻ്റ് (0.84%) നഷ്ടത്തോടെ 21,761.89 ൽ ക്ലോസ് ചെയ്തു.
യുദ്ധം തീർക്കാൻ 15 ഇന നിർദേശ പത്രിക യുഎസ് ഇറാനു കൈമാറി എന്ന വാർത്തയെ തുടർന്ന് ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഗണ്യമായ നേട്ടത്തിലാണ്. ഡൗ ജോൺസ് 406 പോയിൻ്റും (0.88%) എസ് ആൻഡ് പി 54 പോയിൻ്റും (0.80%) നാസ്ഡാക് 225 പോയിൻ്റും (0.90%) ഉയർന്നു നീങ്ങുന്നു. യുദ്ധ കാര്യത്തിലെ അനിശ്ചിതത്വം മൂലം യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ഭിന്നദിശകളിൽ അവസാനിച്ചു.
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈയും ദക്ഷിണ കൊറിയയിൽ കോസ്‌പിയും മൂന്നു ശതമാനം വീതം ഉയർന്നു. ഓസ്ട്രേലിയൻ സൂചിക രണ്ടു ശതമാനം കയറി. ഹോങ് കോങ്, ചൈനീസ് വിപണികളും ഗണ്യമായി ഉയർന്നു വ്യാപാരം തുടങ്ങി.
ഇന്നലെ തുടക്കത്തിലെ ആവേശത്തിനു ശേഷം നേട്ടം ഗണ്യമായി കുറച്ച ഇന്ത്യൻ വിപണി പിന്നീടു മികച്ച മുന്നേറ്റത്തോടെ ക്ലോസ് ചെയ്തു. യുദ്ധകാര്യത്തിൽ വ്യക്തമായ ധാരണകൾ ഉണ്ടാകും വരെ വിപണി വന്യമായ ചാഞ്ചാട്ടത്തിലാകും എന്നാണു പരിചയ സമ്പന്നരായ നിക്ഷേപകർ പറയുന്നത്.
സെൻസെക്‌സ് ചൊവ്വാഴ്ച 1372.06 പോയിൻ്റ് (1.89%) ഉയർന്ന് 74,068.45 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 399.75 പോയിൻ്റ് (1.78%) കയറി 22,912.40 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1167.90 പോയിൻ്റ് (2.27%) നേട്ടത്തോടെ 52,605.65 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1369.45 പോയിൻ്റ് (2.60%) ഉയർന്ന് 54,087.00 ലും സ്മോൾ ക്യാപ് 100 സൂചിക 396.50 പോയിൻ്റ് (2.63%) കയറി 15,495.20 ലും അവസാനിച്ചു.
വിശാല വിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികളും ഉയർന്നു. ബിഎസ്ഇയിൽ 2949 ഓഹരികൾ ഉയർന്നപ്പോൾ 1319 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 2471 എണ്ണം ഉയർന്നപ്പോൾ 799 എണ്ണം ഇടിഞ്ഞു. വിദേശനിക്ഷേപകർ ചൊവ്വാഴ്ചയും വലിയ വിൽപന തുടർന്നു. ക്യാഷ് വിപണിയിൽ വിദേശ ഫണ്ടുകൾ 8009.56 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5867.15 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.
സമാധാനത്തിലേക്കു പശ്ചിമേഷ്യ നീങ്ങിയേക്കും എന്ന പ്രതീക്ഷയിൽ സ്വർണവും വെള്ളിയും കുതിക്കുകയാണ്. ഇന്നലെ ആശങ്കകളെ തുടർന്നു വലിയ ചാഞ്ചാട്ടം ഉണ്ടായെങ്കിലും സ്വർണം ഒന്നര ശതമാനം ഉയർന്നാണു ക്ലോസ് ചെയ്തത്. വെള്ളി ഏഴു ശതമാനം കയറി. ഇന്നു രാവിലെയും വിശിഷ്ട ലോഹങ്ങൾ കുതിച്ചു കയറി. ഇന്നലെ സ്വർണം ഔൺസിന് 67.20 ഡോളർ ഉയർന്ന് 4475.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100 ഡോളർ (2.23%) കുതിച്ച് 4576 ഡോളറിൽ എത്തി.
വെള്ളി ഇന്നലെ 71.36 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ 2.5 ശതമാനത്തിലധികം കയറി ഔൺസിന് 74.14 ഡോളറിലായി. പ്ലാറ്റിനം 1994 ഡോളർ, പല്ലാഡിയം 1464 ഡോളർ, റോഡിയം 10,000 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ഇന്നലെ വില താഴുകയും കൂടുകയും ചെയ്തു. ഒടുവിൽ പവന് 280 രൂപ നഷ്ടത്തിൽ 1,04,800 രൂപയിൽ വ്യാപാരം അവസാനിച്ചു. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) ചൊവ്വാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,38,743 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,24,210 രൂപയിൽ അവസാനിച്ചു.
ലോഹങ്ങൾ ഭിന്നദിശകളിൽ
വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ചയും ഭിന്നദിശകളിലായി. ചെമ്പ് 0.11 ശതമാനം താഴ്ന്നു ടണ്ണിന് 11,878.10 ഡോളറിൽ എത്തി. അലൂമിനിയം 0.88 ശതമാനം ഉയർന്ന് 3237.09 ഡോളർ ആയി. ടിൻ ഉയർന്നു. സിങ്കും നിക്കലും ലെഡും താഴ്ന്നു.
ചൊവ്വാഴ്ച രാജ്യാന്തര വിപണിയിൽ റബർ വില 0.85 ശതമാനം ഉയർന്നു കിലോഗ്രാമിന് 190.90 സെൻ്റിൽ എത്തി. കൃത്രിമ റബർ വില 4.06 ശതമാനം കുതിച്ച് ടണ്ണിന് 17,516.67 യുവാൻ ആയി.
കൊക്കോ വില 1.67 ശതമാനം ഉയർന്ന് ടണ്ണിന് 3233.00 ഡോളറിൽ എത്തി. തേയിലവില കിലോഗ്രാമിന് 157.40 രൂപയിൽ തുടർന്നു. കാപ്പി 3.96 ശതമാനം ഉയർന്നു പൗണ്ടിന് 319.15 സെൻ്റിൽ എത്തി. പാം ഓയിൽ വില ടണ്ണിനു 4580 മലേഷ്യൻ റിംഗിറ്റിൽ തുടരുന്നു.
പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 4.56 ശതമാനം വരെ ഇടിഞ്ഞു. യൂറിയ ടണ്ണിന് 675.00 ഡോളറിലേക്കു കയറി.
പശ്ചിമേഷ്യയിൽ സമാധാന സാധ്യത വളർന്നതുമൂലം ഡോളർ സൂചിക താഴോട്ടു നീങ്ങി. ചൊവ്വാഴ്ച സൂചിക 99.43 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.09 ലേക്കു താഴ്ന്നിട്ട് അൽപം കയറി. യൂറോ 1.1622 ഡോളറിലേക്കും പൗണ്ട് 1.3426 ഡോളറിലേക്കും ഉയർന്നു. ജാപ്പനീസ് യെൻ ഡോളറിന് 158.74 യെൻ എന്ന നിലയിലേക്ക് എത്തി. ചൈനീസ് യുവാൻ ഡോളറിന് 6.88 യുവാൻ എന്ന നിരക്കിലേക്ക് കയറി.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.346 ശതമാനമായി താഴ്ന്നു. പലിശ ഉയരും എന്ന ആശങ്ക കുറഞ്ഞതാണു കാരണം.
രൂപ ഇന്നലെ തുടക്കത്തിലെ ഗണ്യമായ നേട്ടം നിലനിർത്താതെയാണ് അവസാനിച്ചത്. എങ്കിലും ഡോളർ 11 പൈസ താഴ്ന്നു 93.87 രൂപയിൽ ക്ലാേസ് ചെയ്തു. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നലെ രാത്രി 94.28 രൂപ വരെ കയറിയിട്ട് 93.98 രൂപയിലേക്കു താഴ്ന്നു. ചൈനീസ് യുവാൻ 13.65 രൂപയിലേക്കും യൂറോ 109.34 രൂപയിലേക്കും കയറി. ഇന്ന് ഇന്ത്യയിലെ കറൻസി വ്യാപാരത്തിൽ ഇവയുടെ സ്വാധീനം പ്രകടമാകും.
സമാധാന ചർച്ചയെപ്പറ്റി ആശങ്ക നിലനിന്ന ഇന്നലെ ക്രൂഡ് ഓയിൽ വില അഞ്ചു ശതമാനത്തോളം ഉയർന്നു നിന്നു. ഇന്നു രാവിലെ സമാധാനപ്രതീക്ഷ ശക്തമായതോടെ വില കുത്തനേ താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ചൊവ്വാഴ്ച വീപ്പയ്ക്ക് 104.49 ഡോളറിലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 7.2 ശതമാനം ഇടിഞ്ഞ് 97.20 ഡോളറിലേക്കു താഴ്ന്നു. രാവിലെ ഡബ്ള്യുടിഐ ഇനം ക്രൂഡ് 86.92 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 12 ശതമാനം താഴ്ന്ന് 119.88 ഡോളറിലും നിൽക്കുന്നു. ഇന്ത്യൻ ബാസ്കറ്റ് ക്രൂഡിൻ്റെ വില ഇന്നലെ ഉയർന്ന് 157.04 ഡോളറിലാണു ക്ലോസ് ചെയ്തത്.
ക്രിപ്റ്റോകൾ നേട്ടത്തിൽ
സമാധാന പ്രതീക്ഷയിൽ ക്രിപ്റ്റോ കറൻസികൾ വീണ്ടും ഉയർന്നു. ബിറ്റ്കോയിൻ 70,850 ഡോളറിനു മുകളിൽ കയറി. ഈഥർ 2160 ഡോളറിനും സൊലാന 91.5 ഡോളറിനും മുകളിലാണ്.
(2026 മാർച്ച് 24, ചൊവ്വ)
സെൻസെക്സ് 74,068.45 +1.89%
നിഫ്റ്റി50 22,912.40 +1.78%
ബാങ്ക് നിഫ്റ്റി 52,605.65 +2.27%
മിഡ്ക്യാപ്100 54,087.00 +2.60%
സ്മോൾക്യാപ്100 15,495.20 +2.63%
ഡൗ ജോൺസ് 46,124.06 -0.18%
എസ് ആൻഡ് പി 6556.37 -0.37%
നാസ്ഡാക് 21,761.89 -0.84%
ഡോളർ ₹93.87 -₹0.11
സ്വർണം (ഔൺസ്) $4475.30 +67.20
സ്വർണം (പവൻ) ₹1,04,800 -₹280
ക്രൂഡ് ഓയിൽ ബ്രെൻ്റ് $104.49 +$4.55
Read DhanamOnline in English
Subscribe to Dhanam Magazine