

എൻവിഡിയയിലെ ജെൻസൻ ഹുവാങ്ങിൻ്റെ തിരിച്ചുവരവിനെ തുടർന്നുള്ള ആവേശം അടങ്ങുന്നു. എഐ മേഖലയുടെ ഭീമമായ കടം വിപണിയെ ആശങ്കയിലാക്കുന്നു. അതിൻ്റെ ഫലമായി ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഇടിഞ്ഞു. യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു.
സബ്സിഡിയുടെയും അമിത ഉൽപാദന ശേഷിയുടെയും പേരിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കു യുഎസ് ഭരണകൂടം ഇന്നു പുതിയ തീരുവ പ്രഖ്യാപിക്കും. നിലവിലെ 10 ശതമാനം തീരുവയ്ക്കു പുറമെയാകും ഇത്. ഇന്ത്യയിലെ വിപണിസമയം കഴിഞ്ഞാകും പ്രഖ്യാപനം.
ഇത്തരം ആശങ്കകൾ ഉണ്ടെങ്കിലും മികച്ച മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ നിക്ഷേപകർ ഇന്ന്.
ക്രൂഡ് ഓയിലും സ്വർണവും രാവിലെ ഇടിവിലാണ്.
വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,806 വരെ കയറി. ഇന്നു രാവിലെ 25,690 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
ഇന്ത്യയും ചൈനയും വിയറ്റ്നാമും അടക്കം 15 രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയനും ആണ് അമേരിക്ക ഇന്നു പുതിയ തീരുവ പ്രഖ്യാപിക്കുന്നത്. ഇവിടങ്ങളിൽ അമിത ഉൽപാദന ശേഷി ഉണ്ടെന്നും സബ്സിഡി നൽകുന്നുണ്ടെന്നും കണ്ടെത്തി എന്ന പേരിലാണു തീരുവ. നിർബന്ധിത ജോലിയുടെ പേരിൽ ജൂണിൽ ചുമത്തിയ 10 ശതമാനം തീരുവയ്ക്കു പുറമെയാണിത്. സെക്ഷൻ 301 പ്രകാരം മാർച്ചിൽ ആരംഭിച്ച അന്വേഷണങ്ങൾക്കു ശേഷമുള്ള നടപടി യുഎസ് വ്യാപാരപ്രതിനിധി ജമീസൺ ഗ്രീയർ ആണു പ്രഖ്യാപിക്കുക. വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്കു ചുമത്തുന്ന തീരുവയിലും കുറവേ ഇന്ത്യക്ക് ഉണ്ടാകൂ എന്ന് ഈയിടെ നടന്ന ചർച്ചകളിൽ അമേരിക്ക ഉറപ്പു നൽകിയിരുന്നു. ഗണ്യമായ കുറവ് ഇല്ലെങ്കിൽ വസ്ത്രകയറ്റുമതിയിലും മറ്റും തിരിച്ചടിയാകും. ഈ തീരുവ അറിഞ്ഞ ശേഷമേ അമേരിക്കയുമായുള്ള വ്യാപാരകരാർ കാര്യത്തിൽ ഇന്ത്യ തീരുമാനം എടുക്കൂ.
യുഎസ് ഭരണകൂടം ഇടപെട്ട് ജെൻസൻ ഹുവാങ്ങിനെ എൻവിഡിയ സിഇഒ ആയി പുനരവരോധിച്ചു. തിങ്കളാഴ്ച ഇതിൻ്റെ ആവേശത്തിൽ എൻവിഡിയ 35% വരെ കുതിച്ചു. നാസ്ഡാക് സൂചിക 6.51 ശതമാനം ഉയർന്നതിനൊപ്പം മറ്റു യുഎസ് സൂചികകളും മുന്നേറി. എന്നാൽ ചൊവ്വാഴ്ച നാസ്ഡാക് 1.48% ഇടിഞ്ഞു. ആന്ത്രോപിക് ഐപിഒ വിലയ്ക്കു താഴെയായി.എഐ അനുബന്ധ മേഖലകളിലെ കോർവീവ് അടക്കമുള്ള കമ്പനികളും വലിയ വീഴ്ചയിലായി.
മൂന്നു വിഷയങ്ങളാണു വിപണിയെ അലട്ടുന്നത്. ഒന്ന്: എൻവിഡിയ ബോർഡ് കഴിവോ കാഴ്ചപ്പാടോ ഇല്ലാത്ത ഒന്നാണെന്നു രണ്ടാഴ്ചത്തെ സംഭവവികാസങ്ങൾ കാണിക്കുന്നു. കമ്പനിഭരണത്തിനു ശരിയായ മേൽനോട്ടം വഹിക്കാനോ ശരിയായ ദിശാബോധം നൽകാനോ കമ്പനി ബോർഡിനു കഴിയില്ല. ഭാവിയിൽ അതു പ്രശ്നങ്ങളിലേക്കു നയിക്കും.
രണ്ട്: ഹുവാങ് എൻവിഡിയയുടെ വിൽപന കൂട്ടാനും ആധിപത്യം നിലനിർത്താനും വേണ്ടി ഉണ്ടാക്കിയ ശതകോടികളുടെ നിക്ഷേപ കരാറുകൾ പാലിക്കുക എളുപ്പമല്ല. ഈ നിക്ഷേപം കണക്കാക്കി എടുത്ത വലിയ കടങ്ങൾ തിരിച്ചടയ്ക്കാൻ കോർവീവ് മുതൽ ഡസൻ കണക്കിനു കമ്പനികൾക്കു കഴിയാതെ വരും. മിക്ക കമ്പനികളുടെയും കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 15 ശതമാനത്തിനു മുകളിലായി. എൻവിഡിയയുടെയും ആന്ത്രോപിക്കിൻ്റെയും മറ്റും കടത്തിൻ്റെ ഇൻഷ്വറൻസ് (സിഡിഎസ് ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ്) നിരക്ക് ഇരട്ടിയോളമായി. ഇതെല്ലാം വിപണിക്ക് അപായ സൂചനയാണ്.
മൂന്ന്: ധാർമികമായ പല ചോദ്യങ്ങളും ഉയരുന്നു. ചാരവനിതയോടുള്ള അവിഹിതബന്ധത്തിനു കുഴപ്പമില്ലെന്നു പ്രസിഡൻ്റ് ട്രംപ് പറഞ്ഞെങ്കിലും അതിൽ പലതരം അന്വേഷണങ്ങൾ തുടരും. കോൺഗ്രസിൽ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകൾ വാശിയോടെ രഹസ്യങ്ങൾ ചികയും. അതിലുപരി കമ്പനിയിൽ ഹുവാങ് സമ്മതിച്ച അവിഹിതങ്ങൾ മൂന്നെണ്ണമുണ്ട്. കീഴ് ജീവനക്കാരുമായി ഏതു രീതിയിലായാലും ലൈംഗികബന്ധം പുലർത്തിയ ഒരാളെ തുടരാൻ അനുവദിക്കാമോ? കമ്പനിയുടെ പെരുമാറ്റച്ചട്ടം പല തവണ ലംഘിച്ച സാരഥി തുടരുന്നതു നൽകുന്ന സന്ദേശം എന്താണ്? കമ്പനിയെ ലാഭത്തിൽ നയിക്കാൻ വേറെ ആളില്ലെന്നതിൻ്റെ പേരിൽ തെറ്റുകാരൻ തുടരുന്നതു ശരിയോ?
ഈ വിഷയങ്ങൾക്കു വരും ദിവസങ്ങളിൽ കമ്പനി മറുപടി കണ്ടെത്തേണ്ടിവരും. അതു വിപണിക്കു രസിക്കുന്നതാകണം എന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ച തിരുത്തലിലേക്കു വീണ അമേരിക്കൻ വിപണികൾ തിങ്കളാഴ്ച ആവേശ പൂർവം തിരിച്ചു കയറി. എൻവിഡിയയിൽ ഹുവാങ് തിരിച്ചു വന്നതാണു കാരണം. എന്നാൽ ചൊവ്വാഴ്ച വിപണികൾ പുനരാലോചനയിലായി. എൻവിഡിയയും ആന്ത്രോപിക്കും എഐ, ചിപ്, ഡാറ്റാ സെൻ്റർ ഓഹരികളും നാസ്ഡാകും താഴ്ന്നു. ഡൗ ജോൺസ് സൂചിക മാത്രം ഉയർന്നു.
തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 1447.98 പോയിൻ്റ് (3.01 ശതമാനം) ഉയർന്ന് 49,595.31 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 326.78 പോയിൻ്റ് (4.73%) കയറി 7237.17 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 1471.83 പോയിൻ്റ് (6.51%) കുതിച്ച് 24,089.56 ൽ ക്ലോസ് ചെയ്തു.
ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 423.39 പോയിൻ്റ് (0. 85%) ഉയർന്ന് 50,018. 70 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 36.08 പോയിൻ്റ് (0. 50%) താഴ്ന്ന് 7201.09 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 356.02 പോയിൻ്റ് (1.48%) ഇടിഞ്ഞ് 23,733.54 ൽ ക്ലോസ് ചെയ്തു.
അമേരിക്കൻ ഔഷധകമ്പനി ഇൻസ്മെഡിനെ യൂറോപ്യൻ കമ്പനി സനോഫി 4100 കോടി ഡോളറിന് ഏറ്റെടുക്കുന്നത് ഔഷധകമ്പനികളെ നേട്ടത്തിലാക്കി. ഇൻസ്മെഡ് 14 ശതമാനം കുതിച്ചു. പാരീസിൽ സനോഫി 10 ശതമാനം ഉയർന്നു. സനോഫിയുടെ ചില ഔഷധങ്ങളുടെ പേറ്റൻ്റ് കാലാവധി കഴിയാറായി. ഇൻസ്മെഡിനു ചില പുതിയ ഔഷധങ്ങൾ പരീക്ഷണഘട്ടത്തിൽ ഉണ്ട്.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നഷ്ടത്തിലാണ്. ഡൗ ജോൺസ് 164 പോയിൻ്റും (0.33%) എസ് ആൻഡ് പി 31 പോയിൻ്റും (0.42%) നാസ്ഡാക് 100 സൂചിക 156 പോയിൻ്റും (0.59%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ചൊവ്വാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാരസമയത്ത് 1.58 ശതമാനം ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 27.56 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.21% ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 0.13% കൂടി കയറി 35.95 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിതസമയത്ത് 3.22% ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 0.24% താഴ്ന്നു 12.46 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 0.96% കയറി തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 2.10 ഡോളറിൽ അവസാനിച്ചു.
എഐ, ടെക് ആശങ്ക ഉയർന്നതും പലിശപ്പേടി തുടരുന്നതും യൂറോപ്യൻ ഓഹരി സൂചികകളെ ചൊവ്വാഴ്ച ഒരു ശതമാനത്തിലധികം താഴ്ത്തി.
ഏഷ്യൻ വിപണികൾ ഇന്നും വലിയ നഷ്ടത്തിലാണ്. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക അഞ്ചു ശതമാനം ഇടിഞ്ഞു. ജപ്പാനിലെ വിപണി 2.60% താഴ്ന്നു. എഐ, ടെക് കമ്പനികളിൽ വലിയ നിക്ഷേപമുള്ള സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് 14 ശതമാനം ഇടിഞ്ഞു. മൂന്നാഴ്ച കൊണ്ട് അവർ 42 ശതമാനം തകർച്ചയിലായി. ഓസ്ട്രേലിയൻ സൂചിക 0.65 ശതമാനം നഷ്ടത്തിലായി. തായ്വാൻ സൂചിക ആറു ശതമാനം താഴ്ന്നു. ഷാങ്ഹായ് സൂചിക ഒരു ശതമാനം നഷ്ടത്തിലാണ്. ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചിക 0.70 ശതമാനം ഉയർന്നു.
വിദേശനിക്ഷേപകർ വാങ്ങൽ തുടർന്നെങ്കിലും ലാഭമെടുക്കാൻ മ്യൂച്വൽ ഫണ്ടുകളും വലിയ നിക്ഷേപകരും മത്സരിച്ചതോടെ തിങ്കളാഴ്ച ഇന്ത്യൻ വിപണി ഇടിഞ്ഞു. ഐടിയും റിയൽറ്റിയും കൺസ്യൂമർ ഡ്യുറബിൾസും മാത്രമാണു നേട്ടമുണ്ടാക്കിയത്. ബാങ്കുകൾക്കും മെറ്റൽ, ധനകാര്യ കമ്പനികൾക്കും ആയിരുന്നു വലിയ തകർച്ച.
ബിഎസ്ഇയുടെ വിപണിമൂല്യം 508.98 ലക്ഷം കോടി (ട്രില്യൺ) രൂപ (5.48 ട്രില്യൺ ഡോളർ) ആയി ഇടിഞ്ഞു. എൻഎസ്ഇയുടെ വിപണിമൂല്യം 503.14 ട്രില്യൺ രൂപ (5.42 ട്രില്യൺ ഡോളർ) ആയി താഴ്ന്നു.
വിശാലവിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇയിൽ 1518 ഓഹരികൾ ഉയർന്നു, 2970 ഓഹരികൾ നഷ്ടത്തിലായി. എൻഎസ്ഇയിൽ 1174 ഓഹരികൾ കയറിയപ്പോൾ 2443 എണ്ണം താഴ്ന്നു.
തിങ്കളാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 5672.99 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി ഇന്നലെ 2760.12 കോടി രൂപയുടെ അറ്റ വിൽപന നടത്തി.
തിങ്കളാഴ്ച സെൻസെക്സ് 1483.72 പോയിൻ്റ് (1.77%) താഴ്ന്ന് 82,435.99 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 450.95 പോയിൻ്റ് (1.75%) നഷ്ടത്തോടെ 25,349.65 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 2049.85 പോയിൻ്റ് (3.17%) ഇടിഞ്ഞ് 62,585.35 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 627.80 പോയിൻ്റ് (1.01%) താഴ്ന്ന് 61,403.20 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 129.20 പോയിൻ്റ് (0.66%) കുറഞ്ഞ് 19,314.40 ൽ ക്ലോസ് ചെയ്തു.
ഹ്യുണ്ടായി മോട്ടോർ ഇന്ത്യ വാഹനങ്ങൾക്ക് 8000 രൂപ വരെ വില വർധിപ്പിച്ചു. ഡിസംബർ ഒന്നിനു വർധന പ്രാബല്യത്തിലാകും.
മെട്രോ കോച്ചുകളും മറ്റും നിർമിക്കാ ദക്ഷിണ കൊറിയയിലെ വൂജിൻ ഇൻഡസ്ടിയൽ സിസ്റ്റംസുമായി ജൂപ്പിറ്റർ വാഗൺസ് കരാർ ഉണ്ടാക്കി. സംയുക്ത സംരംഭത്തിൽ 80 ശതമാനം ഓഹരി ജൂപ്പിറ്ററിനാകും.
ടാറ്റാ സ്റ്റീൽ ഏറ്റെടുക്കുന്ന എപിഎൽ അപ്പോളോയെ ലിസ്റ്റ് ചെയ്ത കമ്പനിയായി നിലനിർത്തുമെ ടാറ്റാ സ്റ്റീൽ വിശദീകരിച്ചു. കമ്പനിയുടെ കടബാധ്യത മൊത്ത ലാഭത്തിൻ്റെ രണ്ടരമടങ്ങായി കുറയ്ക്കും. ട്യൂബുകൾ, കളർകോട്ടഡ് സ്റ്റീൽ എന്നിവയുടെ ഉൽപാദന ശേഷി 75 ലക്ഷം ടൺ ആയും ക്രമേണ 155 ലക്ഷം ടൺ ആയും വർധിപ്പിക്കും.
ഫിസിക്സ് വാലാ യൂണിവേഴ്സിറ്റി തുടങ്ങുന്നു. പാട്യാലയിൽ ഫിസിക്സ് വാലാ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കു പഞ്ചാബ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
തിങ്കളാഴ്ച വലിയ മുന്നേറ്റം നടത്തിയ സ്വർണം ചൊവ്വാഴ്ച വീണ്ടും കയറാൻ ശ്രമിച്ചിട്ടു താഴോട്ടു പതിച്ചു. ഇന്നു രാവിലെ വീണ്ടും താഴ്ന്നു. ഇന്നു യുഎസ് ചില്ലറവിലക്കയറ്റത്തിൻ്റെ ഒരു സൂചിക (പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ) പ്രസിദ്ധീകരിക്കും. അതും ന്യൂയോർക്ക് ഫെഡ് ചെയർമാൻ്റെ പ്രസംഗവും പലിശഗതി നിർണയിക്കുന്നവയാകും. ക്രൂഡ് ഓയിൽ ഉയർന്നതും എഐ അനുബന്ധകമ്പനികളുടെ കടത്തെപ്പറ്റി ആശങ്ക വളരുന്നതും പലിശനിരക്കു പ്രതീക്ഷയിലും അധികം കൂടാൻ കാരണമാകും എന്നു ഭീതിയുണ്ട്.
കഴിഞ്ഞ ആഴ്ച 3502 ഡോളർ വരെ താഴ്ന്ന സ്വർണം ഇനിയും താഴേക്കു പോയാൽ തുടർന്നു 3200 ഡോളറിലാണ് അടുത്ത പിന്തുണ എന്നു ചാർട്ടുകൾ വിലയിരുത്തുന്നവർ പറയുന്നു.
തിങ്കളാഴ്ച 96.30 ഡോളർ (2.72%) കയറി ഔൺസിന് 3636.20 ഡോളറിലാണു സ്വർണം ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച 79.10 ഡോളർ (2.18%) നഷ്ടപ്പെട്ട സ്വർണം 3557.10 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നു രാവിലെ 3533 ഡോളർ വരെ താഴ്ന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് തിങ്കളാഴ്ച 1080 രൂപ വർധിച്ച് 92,800 രൂപ ആയി. ചൊവ്വാഴ്ച 920 രൂപ കൂടി 93,720 രൂപയിൽ എത്തി.
വെള്ളിവില ചൊവ്വാഴ്ച അഞ്ചു ശതമാനം ഇടിഞ്ഞ് ഔൺസിന് 41.05
ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്ന് 40.46 ഡോളറിൽ എത്തി.
പ്ലാറ്റിനം 1271 ഡോളർ, പല്ലാഡിയം 839 ഡോളർ, റോഡിയം 8425 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
റബർ വിലയിടിവ് വിദേശത്തും കേരളത്തിലും തുടർന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 270.40 ഡോളറും ആർഎസ്എസ് മൂന്ന് 267.00 ഡോളറും ആയി താഴ്ന്നു. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 27,000 രൂപ ആയി.
വ്യാവസായിക ലോഹങ്ങൾ ഇടിവ് തുടർന്നു. ടെക്നോളജി മേഖലയുടെ ക്ഷീണം ചെമ്പിന് അധിക ആഘാതമായി. ചെമ്പ് 0.55 ശതമാനം താഴ്ന്നു ടണ്ണിന് 12,163.15 ഡോളർ ആയി. ഏഴു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണു ചെമ്പ്. അലൂമിനിയം 0.04 ശതമാനം കൂടി 2832.50 ഡോളറിൽ എത്തി. ടിൻ നാമമാത്രമായി ഉയർന്നു. നിക്കലും സിങ്കും ലെഡും താഴ്ന്നു.
കൊക്കോ വില 2.74 ശതമാനം ഉയർന്നു ടണ്ണിന് 5444 ഡോളറിൽ ക്ലോസ് ചെയ്തു. ഐവറി കോസ്റ്റിൽ നിന്ന് ഒക്ടോബർ 1 - നവംബർ 22 കാലത്തെ കൊക്കോ വരവ് 47 ശതമാനം ഇടിഞ്ഞു. മഴക്കുറവും രോഗങ്ങളും മൂലം ഉൽപാദനം 25 ശതമാനം വരെ കുറയും എന്നാണു കർഷക സംഘടനകൾ പറയുന്നത്.
അറബിക്ക കാപ്പി പൗണ്ടിന് 2.60 ഡോളറിലേക്കു താഴ്ന്നു.
പാം ഓയിൽ 2.39 ശതമാനം കയറി ടണ്ണിന് 4240 മലേഷ്യൻ റിംഗിറ്റ് ആയി.
കഴിഞ്ഞ ദിവസം 104.30 വരെ കയറിയ ഡോളർ സൂചിക ഇന്നലെ താഴ്ന്നു 103.81 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.85 വരെ കയറി.
യൂറോ 1.0956 ഡോളറും പൗണ്ട് 1.3107 ഡോളറും ആയി. ഡോളർ 159.25 ജാപ്പനീസ് യെന്നിലേക്കു കയറി.
ഡോളർ 6.66 ചൈനീസ് യുവാനിലേക്കു താഴ്ന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.912 ശതമാനത്തിലേക്കു താഴ്ന്നു.
രൂപയുടെ കയറ്റത്തിനു തിങ്കളാഴ്ച തടസം നേരിട്ടു. രൂപയുടെ കുതിപ്പ് നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഡോളർ വിൽപന കുറച്ചു. ഇതോടെ തിങ്കളാഴ്ച ഡോളർ 24 പൈസ കയറി 92.91. രൂപയിൽ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ 92.75 രൂപയിൽ നിൽക്കുന്നു.
ചൈനീസ് യുവാൻ 13.94 രൂപയിലേക്കു കയറി. യൂറോ ഇടിഞ്ഞു 101.81 രൂപയിലേക്ക് ഉയർന്നു.
തിങ്കളാഴ്ച ഗണ്യമായി താഴ്ന്ന ക്രൂഡ് ഓയിൽ ഇന്നലെ കയറി. ബ്രെൻ്റ് ഇനം ക്രൂഡ് 91.40 ഡോളറിൽ എത്തി. ഇന്നു രാവിലെ താഴ്ന്നു 90.83 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം 81.51 ഡോളറിലാണ്.
ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ചയിലാണ്. ബിറ്റ്കോയിൻ ഇന്നു രാവിലെ 59,450 ഡോളറിനു താഴെ നിൽക്കുന്നു. ഈഥർ 1670 ഡോളറിനും സൊലാന 69.50 ഡോളറിനും താഴെയാണ്.
(2026 നവംബർ 23, തിങ്കൾ)
സെൻസെക്സ് 82,435.99 -1.77%
നിഫ്റ്റി50 25,349.65 -1.75%
ബാങ്ക് നിഫ്റ്റി 62,585.35 -3.17%
മിഡ്ക്യാപ്100 61,403.20 -1.01%
സ്മോൾക്യാപ്100 19,314.40 -0.66%
ഡൗജോൺസ് 49,595.31 +3.01%
എസ്ആൻഡ്പി 7237.17 +4.73%
നാസ്ഡാക് 24,089.56 +6.51%
ഡോളർ ₹92.91 +₹0.24
സ്വർണം(ഔൺസ്)$3636.20 +$96.30
സ്വർണം(പവൻ) ₹92,800 +₹ 1080
ക്രൂഡ്ഓയിൽബ്രെൻ്റ് $89.37 -$03.20
2026 നവംബർ 24, ചൊവ്വ
ഡൗജോൺസ് 50,018.70 +0.85%
എസ്ആൻഡ്പി 7201.09 -0.50%
നാസ്ഡാക് 23,733.54 -1.48%
സ്വർണം(ഔൺസ്)$3557.10 -$79.10
സ്വർണം(പവൻ) ₹93,720 +₹920
ക്രൂഡ്ഓയിൽബ്രെൻ്റ് $91.40 +$02.03
Read DhanamOnline in English
Subscribe to Dhanam Magazine