ആശ്വാസറാലി കാത്തു വിപണി; പശ്ചിമേഷ്യയിൽ ചർച്ച തുടരുന്നു; ക്രൂഡ് ഓയിൽ ഉയർന്ന നിലയിൽ; ഉൽപന്ന അവധി വ്യാപാരത്തിലേക്ക് വിദേശികളും; ഭക്ഷ്യ എണ്ണ ഇറക്കുമതിക്കു ചുങ്കം കുറച്ചു

ഗിഫ്റ്റ് നിഫ്റ്റി സൂചിക ഇന്നു രാവിലെ 23,156 വരെ ഉയർന്നു; ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിന്റെ സൂചന
Stock Market Pre-opening Analysis
Morning Business NewsImage: Dhanam Media
Published on: 

വലിയ തകർച്ചയ്ക്കു ശേഷം ആശ്വാസറാലി പ്രതീക്ഷിച്ചാണ് ഇന്ന് (സെപ്റ്റംബർ 25) ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങുന്നത്. വിദേശ വിപണികൾ പ്രത്യേക ദിശാബോധം കാണിക്കുന്നില്ല. ക്രൂഡ് ഓയിൽ വില അൽപം താഴ്‌ന്നെങ്കിലും 106 ഡോളറിനടുത്താണു നിൽക്കുന്നത്. പശ്ചിമേഷ്യൻ കാര്യത്തിൽ ചർച്ച തുടരുകയാണെങ്കിലും ധാരണയിൽ എത്താനുള്ള വഴി തെളിഞ്ഞിട്ടില്ല.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി സൂചിക വ്യാഴാഴ്ച രാത്രി 23,100.00ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,156 വരെ ഉയർന്നു. പിന്നീട് അൽപം താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

കാർഷികേതര ഉൽപന്നങ്ങളുടെ ഡെറിവേറ്റീവ് വ്യാപാരത്തിൽ വിദേശ നിക്ഷേപകരെ അനുവദിക്കുന്നതായി സെബി (SEBI) ഇന്നലെ അറിയിച്ചു. ദീർഘകാലമായുള്ള ആവശ്യമാണിത്. ഇന്ത്യയിലെ പോർട്ട് ഫോളിയോ മാനേജുമെൻ്റ് സർവീസു(PMS)കാർക്ക് വിദേശ ഓഹരികളിലും കടപ്പത്രങ്ങളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം അനുവദിക്കും എന്നും സെബി അറിയിച്ചു. ലിസ്റ്റ് ചെയ്യാത്ത കടപ്പത്രങ്ങളിലെ നിക്ഷേപവും അനുവദിക്കും.

നയതന്ത്ര നീക്കങ്ങൾ തുടരുന്നു

യു.എൻ സമ്മേളന വേളയിൽ യു.എസ്-ഇറാൻ ചർച്ചകൾ തുടരുകയാണ്. യു.എസ് തെരഞ്ഞെടുപ്പിനു മുൻപു കരാറിനു തയാറാണെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ഇറാനുമേലുള്ള നാവിക ഉപരോധം നീക്കുന്നതിനു പകരമായി ഹോർമുസ് കടലിടുക്ക് തുറക്കാം എന്ന ഇറാൻ്റെ ഓഫറാണ് പുതിയ ധാരണയ്ക്കു വഴിതുറക്കുന്നത് എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പക്ഷേ സ്ഥിരീകരണമില്ല.

ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്, ചർച്ചകളാണു വേണ്ടതെന്നു യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനോടു പറഞ്ഞെങ്കിലും എന്തെങ്കിലും ഫോർമുല അവതരിപ്പിച്ചതായി സൂചനയില്ല. ഷി—ട്രംപ് ചർച്ചകൾ ഇന്നു തുടരും. വാണിജ്യ തർക്കങ്ങൾ ലഘൂകരിക്കുന്നതാണു പ്രധാന വിഷയം.

ബാരലിനു 108.8 ഡോളർ വരെ ഉയർന്ന ക്രൂഡ് ഓയിൽ വില, ചർച്ച തുടരുന്ന സാഹചര്യത്തിൽ ഇന്നലെ അൽപം താഴ്ന്നു 106.6 ഡോളർ ആയി.

മാറ്റമില്ലാതെ പലിശപ്പേടി

അമേരിക്കയിലും മറ്റു രാജ്യങ്ങളിലും കടപ്പത്ര വിലകൾ ഇടിയുകയാണ്. അവയിലെ നിക്ഷേപനേട്ടം (yield) 2004 നു ശേഷമുള ഏറ്റവും ഉയർന്ന നിലയായി. രണ്ടു വർഷ ട്രഷറിക്ക് 4.92ഉം 10 വർഷത്തിന് 5.225ഉം 30 വർഷത്തിന് 5.502ഉം ശതമാനമായി നിക്ഷേപനേട്ടം ഉയർന്നു. പിന്നീട് അൽപം കുറഞ്ഞു. നിക്ഷേപനേട്ടം ഉയരുമ്പോൾ പുതിയ ബോണ്ടുകൾക്ക് അതനുസരിച്ചു കൂടിയ പലിശ നൽകണം.

സ്വകാര്യ മേഖലയുടെ കടപ്പത്രങ്ങൾക്കും കൂടുതൽ പലിശ നൽകേണ്ടി വരും. 600 കോടി ഡോളറിൻ്റെ കടപ്പത്രങ്ങൾ തിരിച്ചുവാങ്ങുമെന്നു യു.എസ് ഗവണ്മെൻ്റ് പ്രഖ്യാപിച്ചിട്ടും കടപ്പത്ര തകർച്ചയ്ക്കു മാറ്റമില്ല. യു.എസിൽ 30 വർഷ പാർപ്പിടവായ്പപയുടെ പലിശ 2024നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 7.45 ശതമാനത്തിൽ എത്തി. കടപ്പത്ര തകർച്ച തുടരുന്നത് ഓഹരി, കറൻസി വിപണികളെയും ഉലയ്ക്കുമെന്നും സാമ്പത്തിക മാന്ദ്യത്തിനു വഴി തെളിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

യു.എസ് വിപണി താഴ്ന്നു

ഒക്ടോബറിൽ യു.എസ് ഫെഡ്. പലിശ വർധിപ്പിക്കാനുള്ള സാധ്യത 68 ശതമാനമായി ഉയർന്നു. ക്രൂഡ് ഓയിൽ വില കുതിച്ചു. ഡീസൽ വില ഗാലന് 6.52 ഡോളർ കടന്നു. ഇതെല്ലാം ഇന്നലെ യു.എസ് വിപണികളെ താഴ്ത്തി. നാസ്ഡാക് മാത്രം നാമമാത്ര നേട്ടത്തിൽ നിന്നു.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 161.61 പോയിൻ്റ് (0. 31%) താഴ്ന്ന് 51,349.98ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 1.90 പോയിൻ്റ് (0.02%) കുറഞ്ഞ് 7704.13ൽ എത്തി. നാസ്ഡാക് കോംപസിറ്റ് 3.34 പോയിൻ്റ് (0.01%) കയറി 26,939.37ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് താഴ്ചയിൽ

യു.എസ് ഫ്യൂച്ചേഴ്‌സ് താഴ്ച തുടർന്നു. ഡൗ ജോൺസ് 20 പോയിൻ്റും (0.04%) എസ് ആൻഡ് പി 4 പോയിൻ്റും (0.05%) താഴ്ന്നു. നാസ്ഡാക് 38 പോയിൻ്റ് (0.12%) ഉയർന്നു.

എഡിആർ വിപണി

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ എച്ച്ഡിഎഫ്സി ബാങ്ക് വ്യാഴാഴ്ച വ്യാപാര സമയത്ത് 0.18 ശതമാനം കയറിയ ശേഷം തുടർവ്യാപാരത്തിൽ 0.31 ശതമാനം ഉയർന്ന് 22.90 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.11% താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ 0.14 ശതമാനം കയറി 27.92 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 2.33% ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ 0.43% ഉയർന്നു 10.55 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 2.96 ശതമാനം താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 0.01% കൂടി 1.6401 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് ഇടിഞ്ഞു

യൂറോപ്യൻ ഓഹരിവിപണികൾ വ്യാഴാഴ്ചയും ഇടിഞ്ഞു. ഇന്ധന -ഊർജ വിലകൾ കുതിക്കുന്നതാണു കാരണം. നേട്ടമുണ്ടാക്കി. കടപ്പത്ര വിലകളും ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിൽ

ഏഷ്യൻ വിപണികൾ പലതും ഇന്ന് അവധിയിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 1.20 ശതമാനം ഉയർന്നു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 1.85 ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയൻ സൂചിക 0.60 ശതമാനം നഷ്‌ടത്തിലാണ്.

ഇന്ത്യൻ വിപണിക്കു തകർച്ച

മൂന്ന് ആഘാതങ്ങൾ ഒരേ സമയം ഏറ്റ ഇന്ത്യൻ വിപണി ഇന്നലെ വലിയ തകർച്ചയിലായി. ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനും പലിശപ്പേടിക്കും പുറമേ ഇൻഷ്വറൻസ് വിൽപനയ്ക്കു കൊണ്ടുവന്ന പുതിയ മാർഗരേഖയുടെ ആഘാതവും വിപണിയെ വീഴ്ത്തി.

ഇൻഷ്വറൻസ് വിതരണ കമ്മീഷൻ വെട്ടിക്കുറയ്ക്കുന്ന നിർദേശമാണു റെഗുലേറ്റർ ആയ ഐ.ആർ.ഡി.എ.ഐ നിർദേശിച്ചത്. ഇൻഷ്വറൻസ് വിൽപനക്കാരുടെ ജോലി ഒട്ടും ആദായകരമല്ലാതാക്കുന്നതാണു നിർദേശങ്ങൾ എന്നാണു വിമർശനം. ഇത് ഇൻഷ്വറൻസ് കമ്പനികൾക്കു മാത്രമല്ല ബാങ്കുകൾ, എൻ.ബി.എഫ്.സികൾക്കും വരുമാനം ഗണ്യമായി കുറയ്ക്കും. ബാങ്കുകളുടെ വരുമാനത്തിൽ എട്ടു മുതൽ 16 വരെ ശതമാനം ഇൻഷ്വറൻസ് വിൽപനയിൽ നിന്നാണ്. ബാങ്കുകളുടെയും പ്രമുഖ എൻ.ബി.എഫ്.സികളുടെയും ലാഭം കുത്തനേ കുറയ്ക്കുന്നതാണു നിർദിഷ്‌ട മാറ്റങ്ങൾ.

സാമ്പത്തികവളർച്ച സംബന്ധിച്ച നല്ല പ്രവചനങ്ങളുടെ ആവേശം മുഴുവൻ കെടുത്തി ഇൻഷ്വറൻസ് പരിഷ്‌കാര ആശയം. പോളിസി ബസാർ ഫിൻടെക്ക് ഓഹരി 36 ഉം ടർട്ടിൽമിൻ്റ് ഫിൻടെക്ക് 20 ഉം ശതമാനം ഇടിഞ്ഞു. മാക്സ് ഫിനാൻസ് 10 ശതമാനം നഷ്ടത്തിലായി. ബാങ്ക് സൂചിക 1.96 ഉം ധനകാര്യ സൂചിക 2.39ഉം ശതമാനം ഇടിഞ്ഞാണ് അവസാനിച്ചത്.

ഈ കോലാഹലം മൂലം എൻ.എസ്.ഇ ഓഹരിയുടെ ലിസ്റ്റിംഗിനു പകിട്ട് കുറഞ്ഞു. 1785 രൂപയ്ക്ക് ഐ.പി.ഒ നടത്തിയ എൻ.എസ്.ഇ 1,800 രൂപയിൽ ലിസ്റ്റ് ചെയ്തു. 1,878 വരെ കയറിയിട്ട് 1,818 രൂപയിൽ ക്ലോസ് ചെയ്തു. വിദേശ ബ്രോക്കറേജ് മക്കാറീ 1,950 രൂപയാണ് ഓഹരിക്കു ലക്ഷ്യവില നിർണയിച്ചത്. എംകേ ഗ്ലോബൽ 2,030 രൂപയാക്കി ലക്ഷ്യവില.

ഇന്നലെ ബഹുഭൂരിപക്ഷം ഓഹരികൾ നഷ്ടത്തിലായി. ബിഎസ്ഇയിൽ 1362 ഓഹരികൾ നേട്ടം ഉണ്ടാക്കിയപ്പോൾ 3013 ഓഹരികൾ നഷ്‌ടത്തിലായി. എൻഎസ്ഇയിൽ 931 ഓഹരികൾ കയറിയപ്പോൾ 2571 എണ്ണം ഇടിഞ്ഞു. വിദേശ നിക്ഷേപകർ ഇന്നലെ കനത്ത വിൽപനക്കാരായി മാറി. വ്യാഴാഴ്ച അവർ ക്യാഷ് വിപണിയിൽ 5,027.36 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4,301.18 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.

വ്യാഴാഴ്ച സെൻസെക്‌സ് 1247.71 പോയിൻ്റ് (1.67%) ഇടിഞ്ഞ് 73,580.54 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 383.70 പോയിൻ്റ് (1.64%) നഷ്ടത്തോടെ 23,063.10 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1110.40 പോയിൻ്റ് (1.96%) താഴ്ന്ന് 55,438.50 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1406.30 പോയിൻ്റ് (2.25%) ഇടിഞ്ഞ് 60,990.15 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 306.75 പോയിൻ്റ് (1.53%) ഉയർന്ന് 19,991.50 ൽ ക്ലോസ് ചെയ്തു.

സ്വർണം ചാഞ്ചാടുന്നു

പലിശവർധന തുടരും എന്ന ആശങ്ക സ്വർണത്തെ ചാഞ്ചാട്ടത്തിലാക്കി. വ്യാഴാഴ്ച 12.60 ഡോളർ (0.29%) താഴ്ന്ന് ഔൺസിന് 4275 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4288 ഡോളർ വരെ കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വ്യാഴാഴ്ച 1120 രൂപ കുറഞ്ഞ് 1,11,960 രൂപ ആയി.

വെള്ളിവില വ്യാഴാഴ്ച ഒരു ശതമാനം താഴ്‌ന്ന് ഔൺസിന് 63.97 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 64.03 ഡോളറിലേക്കു കയറി. പ്ലാറ്റിനം 1753 ഡോളർ, പല്ലാഡിയം 1244 ഡോളർ, റോഡിയം 9000 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ ഭിന്നദിശകളിൽ

വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ച പല വഴിയേ നീങ്ങി. ചെമ്പ് 0.20 ശതമാനം ഉയർന്നു ടണ്ണിന് 14,763.85 ഡോളർ ആയി. അലൂമിനിയം 0.22 ശതമാനം കുറഞ്ഞ് 3252.10 ഡോളറിൽ എത്തി. ലെഡും സിങ്കും ഉയർന്നു. നിക്കലും ടിന്നും താഴ്ന്നു.

റബർ കയറ്റം തുടരുന്നു

രാജ്യാന്തര വിപണിയിലും കേരളത്തിലും റബർവില കയറ്റം തുടർന്നു. ബാങ്കോക്കിൽ ആർഎസ്എസ്-1 ക്വിൻ്റലിന് 287.05 ഡോളറിലും ആർഎസ്എസ്-3 ക്വിന്റലിന് 283.60 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ്-4 ഇനം ക്വിൻ്റലിന് 27,550 രൂപയിലേക്ക് കയറി.

കൊക്കോ കയറി

കൊക്കോ വില 1.12 ശതമാനം ഉയർന്നു ടണ്ണിന് 5590 ഡോളറിൽ ക്ലോസ് ചെയ്തു. ഐവറി കോസ്റ്റിൻ്റെ പല ഭാഗങ്ങളിലും വരൾച്ച തുടരുന്നത് ഉൽപാദനം കുറയ്ക്കും എന്നു കരുതുന്നു. അറബിക്ക കാപ്പി 0.20 ശതമാനം കുറഞ്ഞ് പൗണ്ടിന് 2.754 ഡോളർ ആയി. പാം ഓയിൽ 0.08 ശതമാനം താഴ്ന്നു ഉയർന്നു ടണ്ണിന് 4772 മലേഷ്യൻ റിംഗിറ്റ് ആയി.

ഭക്ഷ്യവിലക്കയറ്റം പിടിച്ചുനിർത്താനായി ഇന്ത്യ പാമോയിൽ, സോയാബീൻ ഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയുടെ ഇറക്കുമതിച്ചുങ്കം കുറച്ചു.

ഡോളർ സൂചിക ഉയർന്നുതന്നെ

പലിശ വർധനയ്ക്കു ശേഷം ഉയരുന്ന യു.എസ് ഡോളർ സൂചിക വ്യാഴാഴ്ച 101.29ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.23ലേക്കു താഴ്ന്നു. യൂറോ 1.1377 ഡോളറിലേക്കും പൗണ്ട് 1.3215 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 158.85 യെൻ വരെ താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.71 എന്ന നിരക്കിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 5.186 ശതമാനത്തിലേക്കു കുതിച്ചു.

രൂപ ദുർബലം

വ്യാഴാഴ്ച രൂപ കൂടുതൽ ദുർബലമായി. ഡോളർ 22 പൈസ കയറി 95.96 രൂപയിൽ അവസാനിച്ചു. വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 96.17 രൂപയിൽ നിന്നു 95.96 ലേക്കു താഴ്ന്നു. ചൈനീസ് യുവാൻ 14.30 രൂപയിലേക്കു കയറി. യൂറോ 109.16 രൂപയായി ഉയർന്നു.

ക്രൂഡ് ഓയിൽ ഉയരത്തിൽ

ക്രൂഡ് ഓയിൽ ഇന്നലെ കുതിച്ചു കയറിയിട്ടു താഴ്ന്നു. ബ്രെൻ്റ് ഇനം 108.8 ഡോളർ വരെ എത്തിയിട്ടു 106.80 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.72 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യുടിഐ ഇനം 93.29 ഡോളറിലാണ്.

ക്രിപ്റ്റോകൾ ചാഞ്ചാട്ടത്തിൽ

ക്രിപ്റ്റോ കറൻസികൾ ഭിന്നദിശകളിലായി. ബിറ്റ്കോയിൻ ഇന്നു രാവിലെ 84,400 ഡോളറിനു മുകളിലായി. ഈഥർ 2680 ഡോളറിനും സൊലാന 117 ഡോളറിനും മുകളിൽ എത്തി.

വിപണി സൂചനകൾ

(2026 സെപ്റ്റംബർ 24, വ്യാഴം)

  • സെൻസെക്സ്: 73,580.54 -1.67%

  • നിഫ്റ്റി-50: 23,063.10 -1.64%

  • ബാങ്ക് നിഫ്റ്റി: 55,438.50 -1.96%

  • മിഡ് ക്യാപ്-100: 60,990.15 -2.25%

  • സ്മോൾ ക്യാപ്-100: 19,684.75 -1. 53%

  • ഡൗജോൺസ് 51,349.98 -0.31%

  • എസ്ആൻഡ്പി: 7704.13 -0.02%

  • നാസ്ഡാക്: 26,939.37 +0.01%

  • ഡോളർ: ₹95.96 +₹0.22

  • സ്വർണം (ഔൺസ്): $4275.40 -$12.60

  • സ്വർണം (പവൻ): ₹1,11,960 -₹1120

  • ക്രൂഡ് ഓയിൽ ബ്രെൻ്റ്: $103.08 +3.83

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com