തീരുവ ചര്‍ച്ചയില്‍ ഇന്ത്യക്ക് പ്രതീക്ഷ; ഏഷ്യൻ സൂചനകൾ പോസിറ്റീവ്; യുക്രെയിനിലെ ഭാഗിക വെടിനിര്‍ത്തല്‍ ക്രൂഡ് വില നിര്‍ണയിക്കും

കരിങ്കടലിലും ഊർജമേഖലയിലും വെടിനിർത്താനുള്ള റഷ്യ-യുഎസ്-യുക്രെയ്ൻ ധാരണയുടെ പുരോഗതി അനുസരിച്ചാകും ക്രൂഡ് വിലയുടെ നീക്കം.
TCM, Morning Business News
Morning business newscanva
Published on

അമേരിക്കൻ പ്രസിഡൻ്റ് തീരുവയുദ്ധം സംബന്ധിച്ചു നടത്തുന്ന പ്രസ്താവനകളിലാണു വിപണി ശ്രദ്ധിക്കുന്നത്. ചില രാജ്യങ്ങൾക്കു ''പകരത്തിനു പകരം" തീരുവയിൽ ഇളവ് നൽകും എന്ന പ്രസ്താവനയിൽ ഇന്ത്യയും മറ്റ് ഏഷ്യൻ രാജ്യങ്ങളും വലിയ ആശ്വാസം കാണുന്നുണ്ട്. പക്ഷേ ആർക്കൊക്കെ ഇളവുണ്ടാകും എന്നു വാഷിംഗ്ടൺ പറഞ്ഞിട്ടില്ല.

യുഎസ് വാണിജ്യ പ്രതിനിധി സംഘം ഡൽഹിയിൽ ചർച്ച നടത്തി വരികയാണ്. അമേരിക്കയിൽ നിന്നുള്ള 2300 കോടി ഡോളർ ഇറക്കുമതിക്കു ചുങ്കം കുറയ്ക്കാൻ ഇന്ത്യ സമ്മതിക്കും എന്നു സൂചനയുണ്ട്. പക്ഷേ ധാന്യങ്ങൾ അടക്കമുളള കാർഷിക ഇറക്കുമതി അനുവദിക്കണം എന്ന ആവശ്യം ചർച്ചയുടെ പുരോഗതിക്കു തടസമാണ്. എങ്കിലും ഇന്ത്യൻ വിപണി ആശ്വാസപ്രതീക്ഷയിലാണ് ഇന്നു വ്യാപാരം തുടങ്ങുക.

യുക്രെയ്നിൽ വെടിനിർത്തും എന്ന ട്രംപ് പ്രഖ്യാപനത്തിൽ വിശ്വാസം വരാത്ത വിപണി ക്രൂഡ് ഓയിൽ വില ഉയർത്തി 73.30 ഡോളറിൽ എത്തിച്ചു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി 23,756 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,767-ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നും നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ചാെവ്വാഴ്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. തലേന്ന് ഏഴു ശതമാനം ഇടിഞ്ഞ ബായർ അഞ്ചു ശതമാനം ഉയർന്നു. ജർമനിയുടെ സോഫ്റ്റ് വേർ കമ്പനി സാപ് യൂറോപ്പിലെ ഏറ്റവും വിലപ്പെട്ട കമ്പനിയായി. നോവോ നോർഡിസ്കിനെയാണു പിന്നിലാക്കിയത്.

യുഎസ് വിപണി ഇന്നലെ നേട്ടത്തിൽ അവസാനിച്ചെങ്കിലും വിപണിമനോഭാവം ഒട്ടും ആവേശകരമല്ല. കോൺഫറൻസ് ബോർഡിൻ്റെ ഉപഭോക്തൃവിശ്വാസ സർവേയിലെ കണ്ടെത്തൽ നിരാശാജനകമായി. ഇപ്പോഴത്തെ

അവസ്ഥയെപ്പറ്റി ഉപഭാേക്താക്കൾക്കുള്ള അഭിപ്രായം തുടർച്ചയായ നാലാം മാസവും കുറഞ്ഞു. ഭാവിയെപ്പറ്റിയുള്ള കാഴ്ചപ്പാട് 12 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന 65.2 എന്ന നിയിലായി. ഉപഭോക്താക്കൾ സാമ്പത്തികമാന്ദ്യം മുന്നിൽ കാണുന്നു എന്നാണ് വിദഗ്ധർ വിലയിരുത്തിയത്. ഓഹരി വിപണിയും തൊഴിൽ വിപണിയും കയറും എന്നു കരുതുന്നവർ 30 ശതമാനത്തിൽ താഴെയായി.

ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 4.18 പോയിൻ്റ് (0.01%) കൂടി 42,587.50 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 9.08 പോയിൻ്റ് (0.16%) ഉയർന്ന് 5776.65 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 83.26 പോയിൻ്റ് (0.46%) കയറി 18,188.60 ൽ ക്ലോസ് ചെയ്തു. 

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ഡൗ 0.07 ഉം എസ് ആൻഡ് പി 0.08 ഉം നാസ്ഡാക് 0.13 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്ന് കയറ്റത്തിലാണ്. ജപ്പാനിലും ദക്ഷിണ കൊറിയയിലും ഓസ്ട്രേലിയയിലും സൂചിക ഉയർന്നു. ചൈനീസ് വിപണിയുടെ തുടക്കവും നേട്ടത്തിലാണ്.

തിരിച്ചിറങ്ങി ഇന്ത്യൻ വിപണി 

രാവിലെ ഒരു ശതമാനത്തോളം കുതിച്ചു കയറിയ ശേഷം നേട്ടങ്ങൾ മുഴുവൻ നഷ്ടപ്പെടുത്തിയാണ് ഇന്ത്യൻ വിപണി ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. സെൻസെക്സ് 78,742 വരെ കയറിയിട്ട് 78,017ലും നിഫ്റ്റി 23,870 വരെ കയറിയിട്ട് 23,668 ലും തിരിച്ചു വന്നു നാമമാത്ര നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഐടിയും സ്വകാര്യ ബാങ്കുകളും ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം ഒന്നും ഒന്നരയും ശതമാനം ഇടിഞ്ഞു. തീരുവക്കാര്യത്തിൽ ഇന്ത്യക്കു കാര്യമായ ആനുകൂല്യം കിട്ടില്ല എന്നും കാർഷികോൽപന്ന ഇറക്കുമതി അനുവദിക്കുകയും ചുങ്കം ഗണ്യമായി കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യണമെന്നും വ്യക്തമായി വരികയാണ്. ഇടത്തരം കമ്പനികളാകും അതുമൂലം കൂടുതൽ ബുദ്ധിമുട്ടിലാകുക.

വിദേശനിക്ഷേപകർ ഇന്നലെ അറ്റവാങ്ങലുകാർ ആയിരുന്നെങ്കിലും സ്വദേശി ഫണ്ടുകൾ ഗണ്യമായ വിൽപന നടത്തി. വിദേശികൾ ക്യാഷ് വിപണിയിൽ 5371.57 കാേടി രൂപയുടെ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 2768.87 കോടി രൂപയുടെ ഓഹരികൾ വിറ്റു. കഴിഞ്ഞ അഞ്ചു ദിവസം കൊണ്ടു വിദേശികൾ 23,000 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചു.

ചൊവ്വാഴ്ച നിഫ്റ്റി 10.30 പോയിൻ്റ് (0.04%) ഉയർന്ന് 23,668.65 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 32.81 പോയിൻ്റ് (0.04%) കയറി 78,017.19 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 97 പോയിൻ്റ് (0.19%) താഴ്ന്ന് 51,607.95 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.06 ശതമാനം താഴ്ന്ന് 51,969.75 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 1.56 ശതമാനം ഇടിഞ്ഞ് 16,108.90 ൽ ക്ലോസ് ചെയ്തു.

പൊതുമേഖലാ ബാങ്കുകൾ, കൺസ്യൂമർ ഡ്യൂറബിൾസ്, റിയൽറ്റി, ഓയിൽ - ഗ്യാസ്, മെറ്റൽ, ഫാർമ, ഓട്ടോ, മീഡിയ തുടങ്ങിയ മേഖലകൾ കൂടുതൽ ഇടിവിലായി.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി മാറി. ബിഎസ്ഇയിൽ 1049 ഓഹരികൾ ഉയർന്നപ്പോൾ 3025 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 674 എണ്ണം ഉയർന്നു, താഴ്ന്നത് 2258 എണ്ണം. 

വിപണി മനോഭാവം ദുർബലമായി. നിഫ്റ്റി 23,800 കടന്നെങ്കിലും അതു നിലനിർത്താൻ കഴിഞ്ഞില്ല. ഗതിമാറ്റം അപ്രതീക്ഷിതമായിരുന്നു. 23,800 നു മുകളിലേക്കു കൂടുതൽ ആക്കത്തോടെ എത്തിയാൽ മാത്രമേ 24,000 ലക്ഷ്യമിടാൻ കഴിയൂ എന്നു വ്യക്തമായി. അതുവരെ 23,500-23,400 മേഖലയിലെ പിന്തുണയിൽ സൂചിക സമാഹരണം നടത്തേണ്ടി വരും.

ഇന്നു നിഫ്റ്റിക്ക് 23,610 ലും 23,450 ലും പിന്തുണ പ്രതീക്ഷിക്കാം. 23,815 ലും 23,880 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

എസ്എംഎൽ ഇസുസുവിലെ ഭൂരിപക്ഷ ഓഹരി വാങ്ങാൻ അശോക് ലെയ്ലൻഡ് ജാപ്പനീസ് പ്രൊമോട്ടർമാരായ സുമിടോമോയുമായി ചർച്ച നടത്തുന്നതായി റിപ്പോർട്ട്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഈ കമ്പനിയിൽ താൽപര്യം കാണിച്ചിട്ടുണ്ട്.

ബിഎസ്എൻഎലിൻ്റെ ഭാരത് നെറ്റിനായി 10,805 കോടി രൂപയുടെ കരാർ എൻസിസി ലിമിറ്റഡിനു ലഭിച്ചു.

വെൽസ്പൺ എൻ്റർപ്രൈസസിനു ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനിൽ നിന്ന് 328 കോടി രൂപയുടെ പമ്പിംഗ് സ്റ്റേഷൻ നിർമാണ കരാർ ലഭിച്ചു.

വാരീ റിന്യൂവബിൾ ടെക്നോളജീസ് 232 കോടി രൂപയുടെ സൗരോർജ പ്രോജക്ടിനു കരാർ കിട്ടി.

ഫെഡറൽ ബാങ്ക്, ഏജിയാസുമായി ചേർന്നുള്ള ഏജിയാസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് കമ്പനിയിലെ ഓഹരി പങ്കാളിത്തം 26 ൽ നിന്നു 30 ശതമാനമായി ഉയർത്തി.

മാരുതി സുസുകിയിൽ നിന്ന് 2996 കോടി രൂപയുടെ കിഴിവ് നിഷേധിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. 2021-22 ലെ ഇടപാടുകൾക്കാണ് ഇത്.

സാംസംഗിന് 60.1 കോടി ഡോളറിൻ്റെ  (5250 കോടി രൂപ) ആദായനികുതി നോട്ടീസ് ലഭിച്ചു. ടെലിഫാേൺ ഇറക്കുമതിയുമായി ബന്ധപ്പെട്ടാണിത്.

സ്വർണം ഉയർന്നു

ഡോളറിൻ്റെ കരുത്തും വിപണിയിലെ അനിശ്ചിതത്വവും മൂലം സ്വർണം ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ സ്വർണം ഔൺസിനു 3020.70 ഡോളറിൽ ക്ലോസ് ചെയ്തു.

 തീരുവയുദ്ധത്തിൻ്റെ അടുത്തഘട്ടം വ്യക്തമാകുന്ന ഏപ്രിൽ രണ്ടിനു ശേഷമേ വിപണിയുടെ മധ്യകാലഗതി എങ്ങോട്ട് എന്നു നിർണയിക്കാനാകൂ. 

ഇന്നു രാവിലെ വില 3022 ഡോളർ വരെ കയറി. 

 കേരളത്തിൽ ചൊവ്വാഴ്ച ആഭരണസ്വർണം പവന് 240 രൂപ കുറഞ്ഞ് 65,480 രൂപയിൽ എത്തി. 

വെള്ളിവില ഔൺസിന് 32.78 ഡോളറിലേക്കു താഴ്ന്നു.

ഡോളർ സൂചിക ചൊവ്വാഴ്ച അൽപം താഴ്ന്ന് 104.18 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.28 ആയി.

തുടർച്ചയായ ഒൻപതു ദിവസം കയറിയ രൂപ ഇന്നലെ അൽപം പിന്നോട്ടു മാറി. ഡോളർ 12 പെെസ കയറി 85.76 രൂപയിൽ ക്ലോസ് ചെയ്തു. ഇറക്കുമതിക്കാർ ഡോളർ ഡിമാൻഡ് കൂട്ടിയതാണു കാരണം.

ചെെനയുടെ യുവാൻ ഡോളറിന് 7.26 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.

യുഎസ് കടപ്പത്രവില ഇന്നലെ കൂടി, അവയിലെ നിക്ഷേപനേട്ടം കുറഞ്ഞു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.317 ശതമാനത്തിൽ അവസാനിച്ചു. 

ക്രൂഡ് ഓയിൽ സ്‌റ്റെഡി

ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടർന്നു. കരിങ്കടലിലും ഊർജമേഖലയിലും വെടിനിർത്താനുള്ള റഷ്യ-യുഎസ്-യുക്രെയ്ൻ ധാരണയുടെ പുരോഗതി അനുസരിച്ചാകും വിലയുടെ നീക്കം.

ബ്രെൻ്റ് ഇനം ഇന്നു രാവിലെ വീപ്പയ്ക്ക് 73.30 ഡോളർ ആണ്. ഡബ്ല്യുടിഐ ഇനം 69.31 ഉം യുഎഇയുടെ മർബൻ ക്രൂഡ് 74.55 ഉം ഡോളറിലേക്കു നീങ്ങി. 

ക്രിപ്റ്റോകൾക്ക് ക്ഷീണം

ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ്കോയിൻ ഒരു ശതമാനം കുറഞ് 87,270 ഡോളറിൽ എത്തി. ഈഥർ ഒന്നര ശതമാനം താഴ്ന്ന് 2060 ഡോളറിനു താഴെയായി. 

വിപണിസൂചനകൾ

(2025 മാർച്ച് 25, ചൊവ്വ)

സെൻസെക്സ്30    78,017.19   +0.04%

നിഫ്റ്റി50       23,668.65        +0.04%

ബാങ്ക് നിഫ്റ്റി      51,607.95     -0.19%

മിഡ് ക്യാപ്100    51,969.75     -1.06%

സ്മോൾക്യാപ്100  16,108.90    -1.56%

ഡൗജോൺസ്     42,587.50     +0.01%

എസ് ആൻഡ് പി    5776.65    +0.16%

നാസ്ഡാക്      18,271.90    +0.46%

ഡോളർ($)     ₹85.76     +₹0.12

സ്വർണം(ഔൺസ്)  $3020.70   +$08.20

സ്വർണം(പവൻ) ₹65,480       -₹240 

 ക്രൂഡ്(ബ്രെൻ്റ്)ഓയിൽ   $73.17  +$0.14

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com