വിപണിയിൽ കരുതലോടെ നീങ്ങേണ്ട സമയം; യുഎസ് വിപണി കുതിച്ചു; ഫ്യൂച്ചേഴ്സ് താഴുന്നു; ഏഷ്യൻ സൂചികകൾ താഴോട്ട്

മഹാരാഷ്ട്രയിലെ ബിജെപി വിജയവും വിദേശനിക്ഷേപകരുടെ വലിയ വാങ്ങലും ഇന്നലെ ഇന്ത്യൻ വിപണിയെ ഒന്നേകാൽ ശതമാനം ഉയർത്തി. രണ്ടു ദിവസം കൊണ്ടു നാലു ശതമാനത്തോളം ഉയർന്നതു വിപണിയിൽ പുൾ ബായ്ക്ക് റാലി തുടങ്ങി എന്നു പലരിലും പ്രതീക്ഷ ജനിപ്പിക്കുന്നുണ്ട്. പക്ഷേ അത്ര ശുഭാപ്തി വിശ്വാസം തഴക്കം ചെന്ന നിക്ഷേകരും ബ്രോക്കർമാരും പ്രകടിപ്പിക്കുന്നില്ല. അദാനി ഗ്രൂപ്പിൻ്റെ പ്രശ്നങ്ങൾ തുടങ്ങിയതേ ഉള്ളൂ എന്നാണു വിലയിരുത്തൽ. ഫ്രഞ്ച് കമ്പനി ടോട്ടൽ പുതിയ നിക്ഷേപങ്ങൾ മരവിപ്പിച്ചത് ഉദാഹരണമാണ്. ഏതായാലും വിപണിയിൽ കരുതലോടെ നീങ്ങേണ്ട ദിവസങ്ങളാണ് ഇത്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,347 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,300 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യുഎസ് വിപണി തിങ്കളാഴ്ച നല്ല നേട്ടത്തിലായിരുന്നു. പ്രധാന സൂചികകൾ റെക്കോർഡ് തിരുത്തി. ഹെഡ്ജ് ഫണ്ട് സ്ഥാപകനും മേധാവിയുമായ സ്കോട്ട് ബെസൻ്റിൻ്റെ നിയമനത്തിനു വിപണി നൽകിയ വരവേൽപായി ഇന്നലത്തെ കുതിപ്പിനെ കാണാം. ട്രംപിൻ്റെ നയങ്ങളെ വിപണിക്കു ദോഷം വരുത്താതെ നടപ്പാക്കാൻ ബെസൻ്റിനു കഴിയും എന്നാണു വിലയിരുത്തൽ. വിലക്കയറ്റം വർധിപ്പിക്കാതെ ട്രംപിൻ്റെ ചുങ്കം കൂട്ടൽ നടപ്പാക്കാനുള്ള വെെഭവം അദ്ദേഹത്തിൽ നിന്നു പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് യുഎസ് കടപ്പത്രങ്ങളുടെ നിക്ഷേപ നേട്ടം താഴുകയും കടപ്പത്ര വിലകൾ കൂടുകയും ചെയ്തു. നാളെ പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ സൂചിക വരുമ്പോൾ നാടകീയ കയറ്റം ഇല്ലെങ്കിൽ കടപ്പത്ര വിലകൾ വീണ്ടും കൂടാം.

ഡൗ ജോൺസ് ഒരു ശതമാനത്തോളം ഉയർന്ന് ക്ലോസിംഗിൽ റെക്കോർഡ് കുറിച്ചു. എസ് ആൻഡ് പി ഇൻട്രാ ഡേ റെക്കോർഡ് തിരുത്തി. റസൽ 2000 ഉം റെക്കോർഡ് ക്ലോസിംഗിലായി.

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 440.06 പോയിൻ്റ് (0.99%) കുതിച്ച് 44,736.57 ൽ ക്ലോസ് ചെയ്തു.എസ് ആൻഡ് പി 18.03 പോയിൻ്റ് (0.30%) ഉയർന്ന് 5987.37 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 51.19 പോയിൻ്റ് (0.27%) കയറി 19,054.84 ൽ ക്ലോസ് ചെയ്തു.

യുഎസ് സൂചികകൾ ഫ്യൂച്ചേഴ്സിൽ താഴ്ന്നു. ഡൗ 0.22 ഉം എസ് ആൻഡ് പി 0.29 ഉം നാസ്ഡാക് 0.32 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.285 ശതമാനം മാത്രം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് കയറി. വിപണി കുറഞ്ഞ പലിശ നിരക്ക് മുന്നിൽ കാണുന്നതു കൊണ്ടാണ് ഇത്.

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച അര ശതമാനം ഉയർന്നു ക്ലോസ് ചെയ്തു. ഇറ്റലിയിലെ ബാങ്കോ ബിപിഎം എന്ന ബാങ്കിനെ 1050 കോടി ഡോളറിന് ഏറ്റെടുക്കാൻ ഇറ്റലിയിലെ തന്നെ യൂണിക്രെഡിറ്റ് താൽപര്യം അറിയിച്ചു. യൂണിക്രെഡിറ്റ് 4.8 ശതമാനം താണപ്പോൾ ബാങ്കോ ബിപിഎം 5.5% ഉയർന്നു. ബിപിഎമ്മിനെ ഏറ്റെടുത്ത ശേഷം മാത്രമേ ജർമനിയിലെ കൊമേഴ്സ് ബാങ്കിനെ വാങ്ങാൻ ശ്രമിക്കൂ എന്നു യൂണിക്രെഡിറ്റ് അറിയിച്ചത് കൊമേഴ്സ് ബാങ്കിനെ അഞ്ചു ശതമാനം താഴ്ത്തി.

ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നു. ജപ്പാനിൽ നിക്കൈ 1.73 ശതമാനം ഇടിഞ്ഞു. കൊറിയൻ സൂചിക അര ശതമാനം താണു. ഓസ്ട്രേലിയൻ സൂചികയും താഴ്ചയിലായി.

ഇന്ത്യൻ വിപണി

തിങ്കളാഴ്ചയും ഇന്ത്യൻ വിപണി നല്ല കയറ്റത്തിലായി. വെള്ളിയാഴ്ചയുടെ അത്രയും ആക്കം ഇന്നലത്തെ കയറ്റത്തിനില്ലായിരുന്നു. എങ്കിലും കൂടുതൽ വിശാലമായിരുന്നു കയറ്റം. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നല്ല ഉയർച്ച കാണിച്ചു.

ഇപ്പോഴും പുൾ ബായ്ക്ക് റാലി തുടങ്ങി എന്നു പറയാവുന്ന നില ആയിട്ടില്ല. എങ്കിലും വിപണി കുറേക്കൂടി ഉയരും എന്നു നിരീക്ഷകർ കരുതുന്നു.

രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം ആ നിലയിൽ നിന്നു ചെറിയ കയറ്റിറക്കങ്ങളോടെ വ്യാപാരം നീങ്ങി തുടങ്ങിയ നിലവാരത്തിനടുത്ത് ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം വീണ്ടും കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2675 ഓഹരികൾ ഉയർന്നപ്പോൾ 1389 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1955 എണ്ണം ഉയർന്നു, താഴ്ന്നത് 886 എണ്ണം.

നിഫ്റ്റി 314.65 പോയിൻ്റ് (1.32%) കുതിച്ച് 24,221.90 ൽ അവസാനിച്ചു. സെൻസെക്സ് 992.74 പോയിൻ്റ് (1.25%) കയറി 80,109.85 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 2.10 ശതമാനം (1072.10 പോയിൻ്റ്) ഉയർന്ന് 52,207.50 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.61 ശതമാനം കയറി 55,900.55 ലും സ്മോൾ ക്യാപ് സൂചിക 2.03 ശതമാനം കുതിച്ച് 18,115.85 ലും ക്ലോസ് ചെയ്തു.

എല്ലാ മേഖലകളും ഇന്നലെ നേട്ടം കുറിച്ചു. റിയൽറ്റി, പൊതുമേഖലാ ബാങ്കുകൾ, ഓയിൽ - ഗ്യാസ്, ധനകാര്യ മേഖലകളാണു കൂടുതൽ നേട്ടം ഉണ്ടാക്കിയത്. ഐടി, ഓട്ടോ, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ്, ഫാർമ, ഹെൽത്ത് കെയർ എന്നിവയും നല്ല നേട്ടം ഉണ്ടാക്കി.

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി 1803.55 രൂപ എന്ന റെക്കോർഡ് കുറിച്ചിട്ട് താഴ്ന്നു ക്ലോസ് ചെയ്തു. റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണു നിഫ്റ്റിയുടെ ഉയർച്ചയിൽ മുന്തിയ പങ്ക് വഹിച്ചത്.

വിദേശ നിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 9947.55 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. കഴിഞ്ഞ സെപ്റ്റംബർ 20 ന് അവർ നടത്തിയ 14,064 കോടി രൂപയുടെ അറ്റ വാങ്ങലിനു ശേഷമുള്ള ഏറ്റവും ഉയർന്ന ഏകദിന വാങ്ങലാണിത്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 6907.97 കോടി രൂപയുടെ ഓഹരികൾ വിറ്റു.

നിഫ്റ്റിക്ക് ഇന്ന് 24,155 ലും 24,105 ലും പിന്തുണ കിട്ടാം. 24,320 ഉം 24,370 ഉം തടസങ്ങൾ ആകാം.

അദാനി ഗ്രൂപ്പിനു വീണ്ടും താഴ്ച

അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലെ രാവിലെ നല്ല നേട്ടം ഉണ്ടാക്കി. പക്ഷേ ഉച്ചയ്ക്കു ശേഷം അഞ്ചു കമ്പനികൾ നഷ്ടത്തിലായി. മറ്റുള്ളവയുടെ നേട്ടം ഗണ്യമായി കുറഞ്ഞു. ഫ്രഞ്ച് ഊർജ ഗ്രൂപ്പ് ടോട്ടൽ അദാനി ഗ്രൂപ്പിൽ പണം മുടക്കുന്നതു തൽക്കാലം നിർത്തിവച്ചതായി ഉച്ചയ്ക്കു ശേഷമാണ് അറിഞ്ഞത്. കൈക്കൂലി ആരോപണത്തിൽ നിന്നു മുക്തമായ ശേഷമേ ഇനി പണം മുടക്കൂ എന്നാണു ടോട്ടൽ നിലപാട്. അദാനി ടോട്ടൽ ഗ്യാസ് എന്ന സംയുക്ത കമ്പനിക്കു പുറമേ മറ്റ് ഊർജ കമ്പനികളിലും ടോട്ടലിൻ്റെ സാമ്പത്തികവും സാങ്കേതികവുമായ പങ്കാളിത്തം ഉണ്ട്. അവരുടെ വിട്ടുനിൽക്കൽ ഗ്രൂപ്പിൻ്റെ പദ്ധതികളെ ബാധിക്കുകയും ധനസമാഹരണ യത്നങ്ങളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യും.

വിവാദത്തിലായ അദാനി ഗ്രീൻ ഓഹരി ഇന്നലെ രാവിലെ എട്ടു ശതമാനത്തിലധികം ഉയർന്നിട്ട് വൈകുന്നേരം 9.2 ശതമാനം താഴ്ന്നു ക്ലോസ് ചെയ്തു. അദാനി എനർജി, അദാനി പവർ, അദാനി ടോട്ടൽ, എൻഡിടിവി എന്നിവയും അങ്ങനെ തന്നെ. രാവിലെ നാലര ശതമാനത്തിലധികം ഉയർന്ന അദാനി എൻ്റർപ്രൈസസ് 1.67 ശതമാനം മാത്രം നേട്ടത്തിൽ ക്ലോസ് ചെയ്തു.

കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പ് ഓഹരികൾ വാങ്ങി രക്ഷകരായി മാറിയ ജിക്യുജി പാർട്ട്നേഴ്സ് ഇപ്പോൾ അദാനി ഓഹരികൾ വിൽക്കില്ല എന്ന് ഇന്നലെ പറഞ്ഞു. തിങ്കളാഴ്ച നേരിയ ഉയർച്ചയിൽ ക്ലോസ് ചെയ്ത ജിക്യുജി ഓഹരികൾ ഇന്നു രാവിലെ രണ്ടര ശതമാനം കയറി. ഓസ്ട്രേലിയയിലെ സിഡ്നി എക്സചേഞ്ചിലാണ് ഇതിൻ്റെ വ്യാപാരം. അഞ്ചു ദിവസം കൊണ്ട് 12.5 ശതമാനം നഷ്ടത്തിലാണ് ജിക്യുജി.

ഫെഡറൽ ബാങ്ക് കയറി

ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ 213.50 രൂപ വരെ കയറിയിട്ട് 1.33 ശതമാനം നേട്ടത്തോടെ 212.16 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് 1.96% കയറി 22.87 രൂപയിൽ അവസാനിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കും ഫെഡറൽ ബാങ്കിൻ്റെ ഉപകമ്പനി ഫെഡ് ഫിനയും സ്വർണപ്പണയ വായ്പാരംഗത്തു സഹകരിക്കാൻ കരാർ ഉണ്ടാക്കി.

റിഗ്ഗുകൾ നിർമിക്കാൻ യു എസ് കമ്പനി കരാർ നൽകിയതിനെ തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ് അഞ്ചു ശതമാനം കുതിച്ചു.

കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി 4.99 ശതമാനം കയറി 668.75 രൂപയിൽ ക്ലോസ് ചെയ്തു.

റെയിൽവേ കമ്പനികളും ഭാരത് ഇലക്ട്രോണിക്സ്, ഭെൽ തുടങ്ങിയ പൊതുമേഖലാ കമ്പനികളും ഇന്നലെ കയറി.

സ്വർണം വീണു

സ്വർണവില വലിയ താഴ്ചയിലായി. കഴിഞ്ഞ ആഴ്ചയിലെ ഉയർച്ചയിൽ 70 ശതമാനം ഇന്നലെ നഷ്ടപ്പെടുത്തി. ലാഭമെടുത്തു മാറുന്നവരാണ് ഇടിവിനു കാരണം. സ്കോട്ട് ബെസൻ്റിനെ നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ട്രഷറി സെക്രട്ടറിയായി നിയമിച്ചതിൽ നിക്ഷേപകർക്കുള്ള സന്തോഷത്തിൻ്റെ കൂടി ഫലമാണിത്. വോൾ സ്ട്രീറ്റിൽ ദീർഘകാലം പ്രവർത്തിച്ചു പരിചയമുള്ള ബെസൻ്റിനു വിപണിയുടെ മിടിപ്പുകൾ അറിയാം. ട്രംപിൻ്റെ പ്രൊട്ടക്ഷനിസ്റ്റ് നയങ്ങളെ വിപണിക്ക് അനിഷ്ടം വരാത്ത രീതിയിൽ മയപ്പെടുത്താൻ ബെസൻ്റിനു കഴിയും എന്നാണു പ്രതീക്ഷ. അത് ഓഹരി നിക്ഷേപത്തിൽ താൽപര്യം കൂട്ടുന്നു. സ്വർണം പോലുളള സുരക്ഷിത നിക്ഷേപങ്ങളിലെ താൽപര്യം കുറയ്ക്കുന്നു. ഇസ്രയേൽ-ഹിസ്ബുള്ള ധാരണയ്ക്കു സാധ്യത തെളിയുന്നതും യുക്രെയ്ൻ പ്രശ്നം കൂടുതൽ വഷളാകാത്തതും സ്വർണ് ഇടിവിനു സഹായിച്ചു.

ഇന്നലെ ഏഷ്യൻ വ്യാപാരം മുതൽ സ്വർണം താഴോട്ടായിരുന്നു. ദിവസം കഴിയുമ്പോൾ സ്വർണം ഔൺസിന് 3.37 ശതമാനം അഥവാ 91.60 ഡോളർ ഇടിഞ്ഞു. 2625.30 ഡോളറിലാണു ക്ലോസ് ചെയ്തത്. 2620 -2600 ഡോളറിലെ പിന്തുണയ്ക്കു തൊട്ടു മുകളിൽ. 2020 നവംബറിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വിലയിടിവ് ആണ് ഇന്നലെ കണ്ടത്. ഇന്നുരാവിലെ സ്വർണം 2629.20 ഡോളറിലേക്കു കയറി.

വില ഇനിയും താഴുമെന്നാണു വിലയിരുത്തൽ. 2582 ഡോളറിലാണു സ്വർണത്തിനു ബലമായ പിന്തുണ പലരും കാണുന്നത്. ഇടയ്ക്ക് അവിചാരിതമായ കാര്യങ്ങൾ സംഭവിക്കുന്നില്ലെങ്കിൽ ഫെഡറൽ റിസർവ് പലിശ കുറയ്ക്കൽ തുടർന്നാലേ സ്വർണം കയറ്റമാരംഭിക്കൂ എന്നു പൊതുവേ കരുതുന്നു.

കേരളത്തിൽ തിങ്കളാഴ്ച സ്വർണവില പവന് 800 രൂപ കുറഞ്ഞ് 57,600 രൂപയായി. ഇന്നും വില കുറയും. ഡോളർ നിരക്ക് കുറഞ്ഞതും സ്വർണവില താഴുന്നതിനെ സഹായിക്കും.

വെള്ളിവില 3.3 ശതമാനം ഇടിഞ്ഞ് ഔൺസിന് 30.26 ഡോളറിലേക്കു വീണു.

കറൻസി വിപണിയിൽ ഡോളർ ഇന്നലെ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ഇന്നലെ രാവിലെ ഡോളർ സൂചിക 106.84 ലായിരുന്നു. ക്ലോസിംഗ് 106.82 ലും. ഇന്നു രാവിലെ 107.29 ലേക്കു കയറി.

ഡോളർ സമ്മർദം കുറഞ്ഞതു രൂപയെ സഹായിച്ചു. ഡോളർ 16 പൈസ കുറഞ്ഞ് 84.29 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക താഴ്ന്നു നിന്നാൽ രൂപ വീണ്ടും കയറാം.

ക്രൂഡ് ഓയിൽ വില വീണ്ടും ഇടിഞ്ഞു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വെള്ളിയാഴ്ച 2.8 ശതമാനം താഴ്ന്ന് 73.06 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 72.78 ഡോളർ ആയി താണു. ഡബ്ല്യുടിഐ ഇനം 68.69 ഉം യുഎഇയുടെ മർബൻ ക്രൂഡ് 71.98 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ താഴ്ന്നു

സ്വർണം പോലെ ക്രിപ്റ്റോ കറൻസികൾക്കും വലിയ ഇടിവാണ് ഇന്നലെ നേരിട്ടത്. ഒരു ലക്ഷം ഡോളറിലേക്കു കുതിച്ചിരുന്ന ബിറ്റ് കോയിൻ ഒറ്റ ദിവസം കൊണ്ടു 4200 ഡോളർ (4.3 ശതമാനം) ഇടിഞ്ഞ് 94,000 ഡോളറിനു താഴെയായി. മറ്റു പല ക്രിപ്റ്റോ കറൻസികളും എട്ടു ശതമാനം വരെ താഴ്ന്നു. ട്രംപിൻ്റെ വിജയത്തിനു ശേഷം പ്രധാന ക്രിപ്റ്റോകൾ 40 ശതമാനം വരെ കയറിയതാണ്. ലാഭമെടുക്കൽ മുതൽ ഇടിവിനു പല കാരണങ്ങളും പറയുന്നുണ്ട്. ബിറ്റ്കോയിൻ 78,000 ഡോളർ വരെ താഴുമെന്നു പ്രവചിക്കുന്നവരും ഉണ്ട്. ബിറ്റ്കോയിൻ ഇന്നു രാവിലെ ഒന്നര ശതമാനം കയറി 94,500 നടുത്താണ്. അതേ സമയം കഴിഞ്ഞ ദിവസങ്ങളിൽ ഇടിഞ്ഞ ഈഥർ ഇന്നലെ മൂന്നു ശതമാനം കയറി 3440 ഡോളറിനു മുകളിൽ എത്തി.

സ്കോട്ട് ബെസൻ്റിൻ്റെ നിയമനം വ്യാവസായിക ലോഹങ്ങളെ ഉയർത്തി.

ചെമ്പ് 1.07 ശതമാനം ഉയർന്ന് ടണ്ണിന് 8923.26 ഡോളറിൽ എത്തി. അലൂമിനിയം 1.07 ശതമാനം കയറി ടണ്ണിന് 2651.98 ഡോളർ ആയി. സിങ്ക് 1.87 ഉം ടിൻ 0.77 ഉം നിക്കൽ 1.29 ഉം ലെഡ് 1.27 ഉം ശതമാനം ഉയർന്നു.

വിപണിസൂചനകൾ

(2024 നവംബർ 25, തിങ്കൾ)

സെൻസെക്സ് 30 80,109. 85 +1.25%

നിഫ്റ്റി50 24,221.90 +1.32%

ബാങ്ക് നിഫ്റ്റി 52,207.50 +2.10%

മിഡ് ക്യാപ് 100 55,900.55 +1.61%

സ്മോൾ ക്യാപ് 100 18,115.85 +2.03%

ഡൗ ജോൺസ് 44,736.57 +0.99%

എസ് ആൻഡ് പി 5987.37 +0.30%

നാസ്ഡാക് 19,054.84 +0.27%

ഡോളർ($) ₹84.29 -₹0.16

ഡോളർ സൂചിക 106.82 -0.78

സ്വർണം (ഔൺസ്) $2625.30 -$91.60

സ്വർണം(പവൻ) ₹57,600 -₹800

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.06 -$02.11

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it