ഏഷ്യൻ വിപണികൾ മുന്നേറ്റത്തിൽ; തീരുവ ഭീഷണി അവഗണിച്ച് ഇന്ത്യയിൽ ആവേശം തുടരുന്നു; ക്രൂഡ് ഓയിൽ 95 ഡോളറിലേക്ക്; സ്വർണം ചാഞ്ചാട്ടത്തിൽ

25% തീരുവ എന്ന ഭീഷണിക്കു വഴങ്ങി അമേരിക്കയുമായി വ്യാപാര കരാറിൽ ഏർപ്പെടേണ്ട എന്നാകും ഇന്ത്യയുടെ നിലപാട് എന്നാണു സൂചന
Stock Market Pre-opening Analysis
Morning Business NewsImage: Dhanam Business Media
Published on: 

യുഎസ് വിപണി തിരിച്ചു കയറിയതിനു പിന്നാലെ ഏഷ്യൻ വിപണികൾ കുതിപ്പിലായി. വിദേശനിക്ഷേപകരുടെ വരവിൽ മുന്നേറ്റം തുടരുന്ന ഇന്ത്യക്കു കൂടുതൽ ആവേശം പകരുന്നതാണു സാഹചര്യം. ഇന്ത്യ-യുഎസ് വ്യാപാര കരാർ കാര്യം അനിശ്ചിതത്വത്തിൽ ആയെങ്കിലും വിപണി ആശങ്കയിലല്ല. അതേ സമയം ക്രൂഡ് ഓയിൽ വില 95 ഡോളറിലേക്കു നീങ്ങുന്നത് വിപണിയെ വിഷമിപ്പിക്കും. പലിശഗതി സംബന്ധിച്ച അവ്യക്തത സ്വർണവിലയെ വല്ലാത്ത ചാഞ്ചാട്ടത്തിലാക്കി. ഇന്നലെ 3500 ഡോളറിനു താഴെ ചെന്നിട്ടു കയറിയ സ്വർണം ഇന്നു തുടക്കത്തിൽ താഴ്ന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ്

വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 26,050 വരെ കയറി. ഇന്നു രാവിലെ 26,115 ലേക്ക് എത്തി. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

തീരുവ ആഘാതം വീണ്ടും

അമേരിക്കയിൽ നിന്നു വീണ്ടും തീരുവ ആഘാതം. നിലവിലുള്ളവയ്ക്കു പുറമേ ഒരു തീരുവ കൂടി വരുന്നു. കരാർ ഉണ്ടാക്കിയാൽ 17 ശതമാനം, അല്ലെങ്കിൽ 25 ശതമാനം എന്നതാണു ഭീഷണി. ഇപ്പോൾ എംഎഫ്എൻ (സുഹൃദ് രാജ്യങ്ങൾക്കുള്ള പൊതു നിരക്ക്) നിരക്കിനു പുറമെ 10 ശതമാനം ഉണ്ട്. കരാറുണ്ടാക്കിയാൽ 10 എന്നതു 17 ആകും. അല്ലെങ്കിൽ 25. കഴിഞ്ഞ വർഷം ഏപ്രിലിൽ ആദ്യം ചുമത്തിയത് 25% ആയിരുന്നു. കോടതി തള്ളിക്കളഞ്ഞ ആ നിരക്ക് വീണ്ടും കൊണ്ടുവരാനാണു ട്രംപ് ഭരണകൂടത്തിൻ്റെ ശ്രമം.

പുതിയ തീരുവ നടപ്പാക്കും മുൻപ് പരസ്യ തെളിവെടുപ്പുകളും മറ്റും നടത്തും. ജനുവരി അവസാനമേ നടപ്പാകൂ. അതിനെതിരേ കേസിനു സാധ്യത ഉണ്ട്.

ഇന്ത്യ പ്രതീക്ഷിച്ച ആനുകൂല്യം തീരുവകാര്യത്തിൽ ഉണ്ടായിട്ടില്ല.

25% തീരുവ എന്ന ഭീഷണിക്കു വഴങ്ങി അമേരിക്കയുമായി വ്യാപാര കരാറിൽ ഏർപ്പെടേണ്ട എന്നാകും ഇന്ത്യയുടെ നിലപാട് എന്നാണു സൂചന. അടുത്ത മാസം മധ്യത്തിൽ ജി20 ഉച്ചകോടിക്കു മയാമിയിൽ എത്തേണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര മാറ്റി വയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ചില്ലറവിലക്കയറ്റം, പലിശ

ഒക്ടോബറിൽ യുഎസിലെ ചില്ലറവിലക്കയറ്റം 3.8 ശതമാനം ആയെന്നു പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) കാണിച്ചു. ഇന്ധന, ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 3.3% ആയി. രണ്ടും ഡിസംബറിൽ പലിശ കൂട്ടാൻ ഫെഡറൽ റിസർവിനെ പ്രേരിപ്പിക്കും. ഡിസംബർ ഒൻപതിനു ഫെഡ് നിരക്കുകൂട്ടാൻ 98.1% സാധ്യതയാണു സിഎംഇ ഫെഡ് വാച്ച് കാണിക്കുന്നത്. ജനുവരിയിൽ വീണ്ടും നിരക്കുകൂട്ടാനുള്ള സാധ്യത 70-ൽ നിന്ന് 59.7% ആയി കുറഞ്ഞു.

സെപ്റ്റംബറിലവസാനിച്ച മൂന്നാം പാദത്തിൽ യുഎസ് ജിഡിപി വളർച്ച 4.3 ശതമാനം ആയെന്നു പുതിയ എസ്റ്റിമേറ്റ് കാണിച്ചു. മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. പ്രതീക്ഷ 3.5% മാത്രമായിരുന്നു. വ്യവസായ നിക്ഷേപത്തിലെ വർധനയാണു കുതിപ്പിനു കാരണം.

യുഎസ് വിപണികൾ ഇടിഞ്ഞിട്ടു കയറി

ബുധനാഴ്ച ടെക്, എഐ മേഖലകളെപ്പറ്റി ആശങ്ക വളർന്ന് യുഎസ് വിപണികൾ വലിയ ഇടിവിലാണു വ്യാപാരം ആരംഭിച്ചത്. എന്നാൽ പിന്നീടു നഷ്‌ടം നികത്തി നേട്ടത്തിലാകുകയോ നഷ്‌ടം ഗണ്യമായി കുറയ്ക്കുകയോ ചെയ്തു. ഡൗ സൂചിക 1100 പോയിൻ്റ് താഴ്ന്നിട്ടു തിച്ചെ കയറി 164 പോയിൻ്റ് നേട്ടത്തിൽ അവസാനിച്ചു. നാസ്ഡാക് 4.6 ഉം എന്ന ആൻഡ് പി 3.2 ഉം ശതമാനം വരെ താഴ്ന്നിട്ടു നാമമാത്ര നഷ്‌ടത്തിലേക്കു കയറി.

കഴിഞ്ഞ ദിവസങ്ങളിൽ ഇടിഞ്ഞ ആന്ത്രോപിക് ഇന്നലെ ഉയർന്നെങ്കിലും ഐപിഒ വിലയുടെ താഴെയാണു ക്ലോസ് ചെയ്തത്. എൻവിഡിയ നാലു ശതമാനം ഇടിഞ്ഞു. ഓറക്കിൾ, മൈക്രോൺ, ഡെൽ, സൂപ്പർ മൈക്രോ, ടെറാഡൈൻ, വെസ്റ്റേൺ ഡിജിറ്റൽ, സിയെന തുടങ്ങിയവ വലിയ നഷ്‌ടം കാണിച്ചു.

ബുധനാഴ്ച ഡൗ ജോൺസ് സൂചിക 164.25 പോയിൻ്റ് (0.33%) ഉയർന്ന് 50,182.95 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 18.31 പോയിൻ്റ് (0.25%) താഴ്‌ന്ന് 7182.78 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 147.73 പോയിൻ്റ് (0.62%) നഷ്ടത്തോടെ 23,585.80 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഉയരുന്നു

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു നല്ല കയറ്റത്തിലാണ്. ഡൗ ജോൺസ് 177 പോയിൻ്റും (0.35%) എസ് ആൻഡ് പി 35 പോയിൻ്റും (0.48%) നാസ്ഡാക് 100 സൂചിക 130 പോയിൻ്റും (0.50%) ഉയർന്നു നീങ്ങുന്നു.

എഡിആർ വിപണി

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ബുധനാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാരസമയത്ത് 2.87 ശതമാനം ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 28.35 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.67% ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 0.52% കൂടി കയറി 36.69 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിതസമയത്ത് 4.24% കുതിച്ചിട്ടു തുടർവ്യാപാരത്തിൽ 0.31% കയറി 13.06 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 3.33% കയറിയിട്ടു തുടർ വ്യാപാരത്തിൽ 0.44% താഴ്ന്നു 2.16 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് നഷ്‌ടത്തിൽ

അമേരിക്കയിൽ എഐ കമ്പനികൾ ഫ്യൂച്ചേഴ്സിൽ താഴ്ന്നതു യൂറോപ്യൻ ഓഹരി സൂചികകളെ ബുധനാഴ്ച ഒരു ശതമാനത്തിലധികം താഴ്‌ത്തി. ഇൻസ്‌മെഡ് എന്ന യുഎസ് കമ്പനിയെ ഏറ്റെടുക്കുന്ന സനോഫി ഗണ്യമായി ഉയർന്നു. സെമി കണ്ടക്ടർ ഓഹരികൾ വീണു.

ഏഷ്യൻ വിപണികൾ നേട്ടത്തിൽ

ഏഷ്യൻ വിപണികൾ ഇന്നു മികച്ച നേട്ടത്തിലാണ്. ദക്ഷിണ കൊറിയയിലെ കോസ്‌പി സൂചിക രണ്ടു ശതമാനം ഉയർന്നു. വിലക്കയറ്റം കൂടി നിൽക്കുന്ന സാഹചര്യത്തിൽ ദക്ഷിണ കൊറിയൻ കേന്ദ്രബാങ്ക് കുറഞ്ഞ പലിശ 0.25 ശതമാനം കുട്ടി. ജപ്പാനിൽ നിക്കൈ സൂചിക 1.95% കയറി. ഓസ്ട്രേലിയൻ സൂചിക 0.65 ശതമാനം ഉയർന്നു. തായ്‌വാൻ സൂചിക 2.40 ശതമാനം കുതിച്ചു. ഷാങ്ഹായ് സൂചിക 0.50 ശതമാനം കയറ്റത്തിലാണ്. ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചിക 1.25 ശതമാനം ഉയർന്നു.

ഇന്ത്യയിൽ കുതിപ്പ്

വിദേശഫണ്ടുകളും സ്വദേശി ഫണ്ടുകളും ഒരുപോലെ വാങ്ങലുകാരായ ഇന്നലെ ഇന്ത്യൻ വിപണി വലിയ മുന്നേറ്റം നടത്തി. സ്മോൾ ക്യാപ് 100 ഒഴികെ എല്ലാ സൂചികകളും കുതിച്ചു. മീഡിയ, മെറ്റൽ, കൺസ്യൂമർ ഡ്യുറബിൾസ് എന്നിവ ഒഴികെ എല്ലാ മേഖലകളും ഉയർന്നു. എഫ്എംസിജി, ഫാർമ, ഹെൽത്ത് കെയർ, ബാങ്ക്, ധനകാര്യ, ഓട്ടോ, ഐടി മേഖലകൾ നല്ല നേട്ടത്തിലായി.

ബിഎസ്ഇയുടെ വിപണിമൂല്യം 512.48 ലക്ഷം കോടി (ട്രില്യൺ) രൂപ (5.54 ട്രില്യൺ ഡോളർ) ആയി കുതിച്ചു. എൻഎസ്ഇയുടെ വിപണിമൂല്യം 507.09 ട്രില്യൺ രൂപ (5.48 ട്രില്യൺ ഡോളർ) ആയി കയറി.

വിശാലവിപണിയിൽ കൂടുതവ ഓഹരികൾ നഷ്‌ടത്തിൽ തുടർന്നു. ബിഎസ്ഇയിൽ 1901 ഓഹരികൾ ഉയർന്നു, 2546 ഓഹരികൾ നഷ്‌ടത്തിലായി. എൻഎസ്ഇയിൽ 1569 ഓഹരികൾ കയറിയപ്പോൾ 2042 എണ്ണം താഴ്ന്നു.

ബുധനാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 4479.08 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി ഇന്നലെ 4018.72 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.

ബുധനാഴ്ച സെൻസെക്‌സ് 1502.29 പോയിൻ്റ് (1.82%) ഉയർന്ന് 83,938.28 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 469.60 പോയിൻ്റ് (1.85%) നേട്ടത്തോടെ 25,819.25 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1117.90 പോയിൻ്റ് (1.79%) കുതിച്ച് 63,703.25 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 181.55 പോയിൻ്റ് (0.30%) ഉയർന്ന് 61,584.75 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 85.05 പോയിൻ്റ് (0.44%) കുറഞ്ഞ് 19,229.35 ൽ ക്ലോസ് ചെയ്തു.

കമ്പനികൾ, വാർത്തകൾ

പ്രമേഹ ചികിത്സയ്ക്കുള്ള ലൂപിൻ കമ്പനിയുടെ സിറ്റാഗ്ലിപ്റ്റിൻ, മെറ്റ്ഫോർമിൻ ടാബ്ലറ്റുകൾക്കു യുഎസ് എഫ്ഡിഎ അംഗീകാരം നൽകി.

എൽജി ഇലക്ട്രോണിക്സ് ഇന്ത്യയുടെ രണ്ടു ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ വിൽക്കുന്നു. 2320 കോടി രൂപയുടെ ഇടപാടാണിത്. വിൽക്കുന്ന ഓഹരി 180 ദിവസം കഴിഞ്ഞേ വിൽക്കാവൂ.

ഓട്ടോ കംപോണൻ്റ് കമ്പനി ഷാഫ്‌ലറിൻ്റെ ആറു ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ വിൽക്കുന്നു. 3188 കോടി രൂപയുടേതാണ് ഇടപാട്.

സ്വർണം ചാഞ്ചാട്ടത്തിൽ

സ്വർണവിപണി വലിയ ചാഞ്ചാട്ടമാണു കാണിക്കുന്നത്. ഈയാഴ്ച 3426 ഡോളർ വരെ താഴുകയും 3690 വരെ കയറുകയും ചെയ്തു. പലിശ, ഡോളർ എന്നിവയുടെ ഗതി സംബന്ധിച്ച അവ്യക്തതയാണു കാരണം. ഡിസംബറിലെ വർധനയ്ക്കു ശേഷം യുഎസ് ഫെഡറൽ റിസർവ് നിരക്കുകൂട്ടൽ മരവിപ്പിക്കും എന്ന ധാരണയാണു വില കയറ്റിയത്. എന്നാൽ യുഎസ് ചില്ലറവിലക്കയറ്റം വർധിച്ചതായ കണക്ക് നിരക്കു വർധന തുടരും എന്ന സൂചന നൽകി. വില താഴ്ന്നു 3426 ഡോളർ വരെ എത്തി. പിന്നീട് ഓഹരിവിപണി തിരിച്ചു കയറിയതും തീരുവ വർധന ജനുവരിക്കു ശേഷമേ നടപ്പാകൂ എന്നു വന്നതും സ്വർണത്തെ കയറ്റി. എന്നാൽ ഇന്നലെ ക്രൂഡ് ഓയിൽ 95 ഡോളറിനടുത്തേക്കു കയറിയതോടെ സ്വർണം വീണ്ടും താഴോട്ടായി.

ബുധനാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം 32.90 ഡോളർ (0.93%) കയറി ഔൺസിന് 3590.00 ഡോളറിലാണു സ്വർണം ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വില 3555 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ബുധനാഴ്ച 3320 രൂപ ഇടിഞ്ഞ് 90,400 രൂപയിൽ എത്തി.

വെള്ളിവില ബുധനാഴ്ച 38.09 ഡോളർ വരെ ഇടിഞ്ഞ ശേഷം ഉയർന്ന് ഔൺസിന് 41.53 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്ന് 41.21 ഡോളറിൽ എത്തി.

പ്ലാറ്റിനം 1281 ഡോളർ, പല്ലാഡിയം 853 ഡോളർ, റോഡിയം 8150 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

രാജ്യാന്തര റബർ വില കയറി

റബർ വിദേശത്തു കയറി. കേരളത്തിൽ മാറ്റമില്ലാതെ തുടർന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 275.90 ഡോളറും ആർഎസ്എസ് മൂന്ന് 272.50 ഡോളറും ആയി ഉയർന്നു. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 27,000 രൂപയിൽ നിൽക്കുന്നു.

ലോഹങ്ങൾ ഇടിവ് തുടരുന്നു

വ്യാവസായിക ലോഹങ്ങൾ ഇടിവ് തുടർന്നു. ടെക്നോളജി മേഖലയുടെ ക്ഷീണം ചെമ്പിന് അധിക ആഘാതമായി. ചെമ്പ് 2.77 ശതമാനം താഴ്ന്നു ടണ്ണിന് 11,701.85 ഡോളർ ആയി. ഏഴു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണു ചെമ്പ്. അലൂമിനിയം 0.65 ശതമാനം താഴ്ന്ന് 2759.85 ഡോളറിൽ എത്തി. ലെഡ് നാമമാത്രമായി ഉയർന്നു. ടിൻ 6.44 ശതമാനം ഇടിഞ്ഞു. നിക്കലും സിങ്കും താഴ്ന്നു.

കൊക്കോ കയറി

കൊക്കോ വില അൽപം ഉയർന്നു ടണ്ണിന് 5421 ഡോളറിൽ ക്ലോസ് ചെയ്തു. ഐവറി കോസ്റ്റിൽ നിന്ന് ഒക്ടോബർ 1 - നവംബർ 22 കാലത്തെ കൊക്കോ വരവ് 47 ശതമാനം ഇടിഞ്ഞു. മഴക്കുറവും രോഗങ്ങളും മൂലം ഉൽപാദനം 25 ശതമാനം വരെ കുറയും എന്നാണു കർഷക സംഘടനകൾ പറയുന്നത്.

അറബിക്ക കാപ്പി പൗണ്ടിന് 2.685 ഡോളറിലേക്കു കയറി.

പാം ഓയിൽ 0.26 ശതമാനം താഴ്ന്ന ടണ്ണിന് 4229 മലേഷ്യൻ റിംഗിറ്റ് ആയി.

ഡോളർ സൂചിക

ഡോളർ സൂചിക ഇന്നലെയും താഴ്ന്നു 103.67 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.74 വരെ കയറി.

യൂറോ 1.0969 ഡോളറും പൗണ്ട് 1.3113 ഡോളറും ആയി. ഡോളർ 159.07 ജാപ്പനീസ് യെന്നിലേക്കു താണു.

ഡോളർ 6.66 ചൈനീസ് യുവാനിലേക്കു താഴ്ന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.864 ശതമാനത്തിലേക്കു താഴ്ന്നു.

രൂപ കുതിച്ചു

രൂപ വലിയ മുന്നേറ്റത്തിലായി. ബുധനാഴ്ച ഡോളർ 71 പൈസ നഷ്‌ടപ്പെടുത്തി 92.20 രൂപയിൽ ക്ലോസ് ചെയ്തു. ഇതോടെ എട്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായി രൂപ.

ഇന്നു രാവിലെ വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ 92.31 രൂപയിൽ നിൽക്കുന്നു.

ചൈനീസ് യുവാൻ 13.84 രൂപയിലേക്കു താഴ്ന്നു. യൂറോ 101.20 രൂപയിലേക്ക് ഇടിഞ്ഞു.

ക്രൂഡ് കയറുന്നു

ക്രൂഡ് ഓയിൽ ഇന്നലെ വലിയ മുന്നേറ്റത്തിലായി.95 ഡോളറിലേക്കു വില സമീപിക്കുന്നു. ബുധനാഴ്ച 3.5 ശതമാനം കയറിയ ബ്രെൻ്റ് ഇനം ക്രൂഡ് 94.61 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 94.92 ഡോളർ വരെ കയറി. ഡബ്ള്യുടിഐ ഇനം 84.32 ഡോളറിലാണ്.

ക്രിപ്റ്റോകൾ ഉയർന്നു

ക്രിപ്റ്റോ കറൻസികൾ വീണ്ടും ഉയർന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 60,700 ഡോളറിനു മുകളിൽ നിൽക്കുന്നു. ഈഥർ Iod ഡോളറിനും സൊലാന 71.00 ഡോളറിനും മുകളിലാണ്.

വിപണിസൂചനകൾ

(2026 നവംബർ 25, ബുധൻ)

സെൻസെക്സ് 83,938.28 +1.82%

നിഫ്റ്റി50 25,819.25 +1.85%

ബാങ്ക് നിഫ്റ്റി 63,703.25 +1.79%

മിഡ്ക്യാപ്100 61,584.75 +0.30%

സ്മോൾക്യാപ്100 19,229.35 -0.44%

ഡൗജോൺസ് 50,182.95 +0.33%

എസ്ആൻഡ്പി 7182.78 -0.25%

നാസ്ഡാക് 23,585.80 -0.62%

ഡോളർ ₹92.20 -₹0.71

സ്വർണം(ഔൺസ്)$3588.00 +$32.90

സ്വർണം(പവൻ) ₹90,400 -₹3320

ക്രൂഡ്ഓയിൽബ്രെൻ്റ് $94.61 +$03.21

Read DhanamOnline in English

Subscribe to Dhanam Magazine

```html ```