റിസര്‍വ് ബാങ്ക് നീക്കം ബാങ്കുകള്‍ക്ക് നേട്ടമാകും; വ്യാപാര ഉടമ്പടി ചര്‍ച്ചയില്‍ നിരാശ; വിദേശ സൂചനകൾ പോസിറ്റീവ് ആയില്ല; ക്രൂഡ് ഓയിൽ വില ഇടിയുന്നു

മുത്തൂറ്റ് ഫിനാൻസിനു 115 ശാഖകൾ കൂടി തുടങ്ങാൻ റിസർവ് ബാങ്കിൻ്റെ അനുമതി
TCM, Morning Business News
Morning business newscanva
Published on

തിരിച്ചു കയറാനുള്ള ശ്രമത്തിൽ തുടർച്ചയായി പരാജയപ്പെട്ട ഇന്ത്യൻ വിപണിക്ക് ഇന്നും തണുപ്പൻ തുടക്കമാണു കാത്തിരിക്കുന്നത്. കുതിപ്പിനു പ്രേരിപ്പിക്കുന്ന ഒന്നും വിദേശ വിപണികളിൽ ഇല്ല. 

രാജ്യത്തു മൈക്രോ ഫിനാൻസ് വായ്പകളിൽ കിട്ടാക്കടം റെക്കോർഡ് നിലയിലേക്കു കയറി എന്ന റിപ്പോർട്ട് ഇന്നു വിപണിയിൽ ചലനം ഉണ്ടാക്കാം. എൻബിഎഫ്സി കൾക്കു നൽകുന്ന വായ്പകൾക്കുള്ള വകയിരുത്തൽ തോത് റിസർവ് ബാങ്ക് കുറച്ചത് ബാങ്കുകൾക്കു നേട്ടമാകും. ഇന്ത്യ -യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര ഉടമ്പടിക്കായി തുടങ്ങിയ ചർച്ചകളിൽ ഉദ്ദേശിച്ചത്ര പുരോഗതി ഉണ്ടാകാത്തത് വിപണിയെ നിരാശപ്പെടുത്തും.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച 22,586 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,585 ആണ്. ഇന്ത്യൻ വിപണി ഇന്നും  നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ചയും ബുധനാഴ്ചയും നേട്ടത്തിൽ അവസാനിച്ചു. കമ്പനി റിസൽട്ടുകൾ മെച്ചമായതും ജർമൻ തെരഞ്ഞെടുപ്പിലെ യാഥാസ്ഥിതിക വിജയവുമാണു വിപണികളെ ഉയർത്തിയത്. ഇന്നലെ വിപണി അടച്ച ശേഷമാണു യൂറോപ്യൻ കാറുകൾക്ക് 25 ശതമാനം ചുങ്കം ചുമത്തുമെന്ന ഡോണൾഡ് ട്രംപിൻ്റെ പ്രഖ്യാപനം വന്നത്.

യുഎസ് വിപണി രണ്ടു ദിവസവും ഭിന്നദിശകളിലായിരുന്നു.

ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 159.95 പോയിൻ്റ് (0.37%) ഉയർന്ന് 43,621.20 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 28 പോയിൻ്റ് (0.47%) നഷ്ടത്തോടെ 5955.25 ലും നാസ്ഡാക് കോംപസിറ്റ് സൂചിക 260.57 പോയിൻ്റ് (1.35%) ഇടിവോടെ 19,026. 40 ലും അവസാനിച്ചു. ബുധനാഴ്ച ഡൗ ജോൺസ് സൂചിക 188.04 പോയിൻ്റ് (0.43%) താഴ്ന്ന് 43,433.12 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 0.81 പോയിൻ്റ് (0.01%) കയറി  5956.06 ലും നാസ്ഡാക് കോംപസിറ്റ് സൂചിക 48.88 പോയിൻ്റ് (0.26%) ഉയർന്ന് 19,075.26 ലും അവസാനിച്ചു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഭിന്ന ദിശകളിലാണ്. ഡൗജോൺസ് 0.11 ശതമാനം താണു. എസ് ആൻഡ് പി 500 സൂചിക 0.05 ഉം നാസ്ഡാക്  0.02 ഉം ശതമാനം കയറി നിൽക്കുന്നു. 

നിർമിക ബുദ്ധി മേഖലയുടെ ഹരമായ എൻവിഡിയ ഇന്നലെ പ്രതീക്ഷയിലും മികച്ച റിസൽട്ട് പുറത്തുവിട്ടു. ലാഭ വളർച്ച 78 ശതമാനമാണ്. 2025 ൽ നേരത്തേ പ്രതീക്ഷിച്ചതിലും മികച്ച ബിസിനസ് വളർച്ചയാണു കമ്പനി പ്രതീക്ഷിക്കുന്നത്. അതേ സമയം സെയിൽസ് ഫോഴ്സ് റിസൽട്ട് പ്രതീക്ഷയേക്കാൾ മോശമായി.

ഏഷ്യൻ വിപണികൾ രാവിലെ ഉയർന്നു. ജപ്പാനിൽ വിപണി 0.15 ശതമാനം കയറി. കഴിഞ്ഞ ദിവസം കുതിച്ച ഹോങ് കോങ് ഓഹരികൾ ഇന്നും ഉയർന്നു.

ഇന്ത്യൻ വിപണി ഭിന്നദിശകളിൽ

ഇന്ത്യൻ വിപണി ചൊവ്വാഴ്ച ഭിന്ന ദിശകളിൽ നീങ്ങി. സെൻസെക്സ് തുടർച്ചയായ അഞ്ചു ദിവസത്തെ താഴ്ചയ്ക്കു ശേഷം ഉയർന്നു. എന്നാൽ നിഫ്റ്റി ആറാം ദിവസവും നഷ്ടത്തിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും താഴ്ന്നു.

 നിഫ്റ്റി 5.80 പോയിൻ്റ് (0.03%) കുറഞ്ഞ് 22,547.55 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 147.71 പോയിൻ്റ് (0.20%) നേട്ടത്തോടെ 74,602.12 ൽ വ്യാപാരം  അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി  43.60 പോയിൻ്റ് (0.09%) താഴ്ചയോടെ 48,608.35 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.62 ശതമാനം (310.95 പോയിൻ്റ്) കുറഞ്ഞ് 49,702.15 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 0.44 ശതമാനം (68.70) പോയിൻ്റ്) താഴ്ന്ന് 15,408.60 ൽ ക്ലോസ് ചെയ്തു.

ചാെവ്വാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 3259.10 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 3030.78 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. 

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇടിവിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1636 ഓഹരികൾ ഉയർന്നപ്പോൾ 2313 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1112 എണ്ണം ഉയർന്നു, താഴ്ന്നത് 1685 എണ്ണം. 

വിപണി ഒരു പുൾ ബായ്ക്ക് റാലി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കരടികളുടെ പിടി ദുർബലമായിട്ടില്ല. മൊമെൻ്റം സൂചികകൾ ആണ് തിരിച്ചു കയറ്റ സൂചന നൽകുന്നത്. പക്ഷേ വിപണിമനോഭാവം ബെയറിഷ് ആയി തുടരുന്നു. പുൾ ബായ്ക്ക് റാലി ഉണ്ടായാൽ 22,700 - 22,800 മേഖലയിലേക്കു തിരിച്ചെത്താനാകും. മറിച്ചായാൽ 22,400- 22,300 മേഖലയിലേക്കു സൂചിക ഇടിയും.  ഇന്ന് 22,520 ഉം 22,450 ഉം നിഫ്റ്റിക്കു പിന്തുണയാകാം. 22,600 ലും 22,675 ലും നിഫ്റ്റിക്കു തടസം നേരിടാം. 

കമ്പനികൾ, വാർത്തകൾ

റിസർവ് ബാങ്കിൻ്റെ നിബന്ധനകൾ പാലിക്കാനായി ടാറ്റാ കാപ്പിറ്റൽ താമസിയാതെ ഐപിഒ നടത്തും. പുതിയ 23  കോടി ഓഹരികളും നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള കുറേ ഓഹരികളും ആകും വിപണിയിൽ ഇറക്കുക. 15,000 കോടി രൂപയുടേതാകും ഐപിഒ എന്നാണ് നിഗമനം.

ടാറ്റാ കാപ്പിറ്റലിൽ ടാറ്റാ സൺസിന് 93 ശതമാനം ഓഹരി ഉണ്ട്. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഇൻ്റർനാഷണൽ ഫിനാൻസ് കോർപറേഷനും വിവിധ ടാറ്റാ ഗ്രൂപ്പ് കമ്പനികളുമാണു ബാക്കി ഓഹരികളുടെ ഉടമകൾ. ഐപിഒയ്ക്കു മുൻപ് ടാറ്റാ കാപ്പിറ്റൽ 1504 കോടി രൂപയുടെ അവകാശ ഇഷ്യു നടത്തും. അതിൽ ടാറ്റാ സൺസ്  1429 കോടി രൂപ മുടക്കും.

അനൗപചാരിക വിപണിയിലെ ഇടപാടുകൾ സൂചിപ്പിക്കുന്നത് ടാറ്റാ കാപ്പിറ്റൽ ഓഹരിക്ക് 1000 രൂപ വിലവരാം എന്നാണ്. അതനുസരിച്ചു കമ്പനിയുടെ മൂല്യം 3.7 ലക്ഷം കോടി രൂപ വരും. ലിസ്റ്റ് ചെയ്ത ശേഷവും ടാറ്റാ സൺസ് കമ്പനിയിൽ 75 ശതമാനം ഓഹരി നിലനിർത്തും എന്നാണു സൂചന.

ടാറ്റാ കാപ്പിറ്റലിൻ്റെ ഐപിഒ നീക്കത്തെ തുടർന്ന് ടാറ്റാ ഇൻവെസ്റ്റ്മെൻ്റ് കോർപറേഷൻ ഓഹരികൾ കഴിഞ്ഞ ദിവസം ഏഴു ശതമാനം കുതിച്ചു. ടാറ്റാ സൺസിൻ്റെ ഒരു വലിയ ഓഹരി ഉടമയാണ് ടാറ്റാ ഇൻവെസ്റ്റ്മെൻ്റ് കോർപറേഷൻ.

മുത്തൂറ്റ് ഫിനാൻസിനു 115 ശാഖകൾ കൂടി തുടങ്ങാൻ റിസർവ് ബാങ്കിൻ്റെ അനുമതി ലഭിച്ചു. സ്വർണം സൂക്ഷിക്കാൻ സേഫ് ഡിപ്പോസിറ്റ് വോൾട്ടുകൾ അടക്കം അടക്കം സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്നു റിസർവ് ബാങ്ക് നിർദേശിച്ചു.

സ്‌പൈസ് ജെറ്റ് മൂന്നാം പാദത്തിൽ 20.4 കോടി രൂപ അറ്റാദായം ഉണ്ടാക്കി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 299 കോടി രൂപ നഷ്ടം വരുത്തിയിരുന്നു. കമ്പനിയുടെ വരുമാനം 35 ശതമാനം ഇടിയുകയും ചെയ്തു.

ലാഭമെടുക്കലിൽ ഇടിഞ്ഞു സ്വർണം

ഉയർന്ന വിലയിലെ ലാഭമെടുക്കലുകാരുടെ സമ്മർദം തുടരുകയാണ്. ചൊവ്വാഴ്ച സ്വർണവില കുത്തനേ ഇടിഞ്ഞ് ഔൺസിന് 2915.20 ഡോളർ ആയി. ബുധനാഴ്ച രാജ്യാന്തര വില 2917 ഡോളറിൽ എത്തി. ഇന്നു രാവിലെ ഔൺസിന് 2918 ഡോളർ വരെ ഉയർന്നു.

കേരളത്തിൽ ചൊവ്വാഴ്ച പവന് 160 രൂപ കയറി 64,600 രൂപ എന്ന റെക്കോർഡ് കുറിച്ചു. ബുധനാഴ്ച 200 രൂപ കുറഞ്ഞ് 64,400 രൂപയായി. 

വെള്ളിവില ഔൺസിന് 31.87 ഡോളറിലേക്കു താഴ്ന്നു.

ചൊവ്വാഴ്ച ഡോളർ സൂചിക താഴ്ന്ന് 106. 31 ൽ ക്ലോസ് ചെയ്തു. ബുധനാഴ്ച  സൂചിക 106.51 വരെ കയറി. ഇന്നു രാവിലെ 106.56 ലാണ് സൂചിക.ചാെവ്വാഴ്ച രൂപ കുത്തനേ ഇടിഞ്ഞു. റിസർവ് ബാങ്ക് കുറേ ഫോർവേഡ് കോൺട്രാക്ടുകൾ സെറ്റിൽ ചെയ്യാൻ ശ്രമിച്ചതു വിപണിയിൽ ഡോളർ ഡിമാൻഡ് വർധിപ്പിച്ചു. ഡോളർ 52 പെെസ കയറി 87.21 രൂപയിൽ ക്ലോസ് ചെയ്തു.യുഎസ് കടപ്പത്രങ്ങളുടെ വില കൂടി, അവയിലെ നിക്ഷേപനേട്ടം വീണ്ടും കുറഞ്ഞു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.275 ശതമാനത്തിലേക്കു താഴ്ന്നു. 

ക്രൂഡ് ഓയിൽ താഴ്ചയിൽ

ക്രൂഡ് ഓയിൽ വില താഴ്ന്നു നീങ്ങുകയാണ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കം റഷ്യയുടെ മേൽ ഉള്ള ഉപരോധങ്ങൾ മാറ്റുന്നതിലേക്കു നയിക്കും എന്ന പ്രതീക്ഷ ജനിപ്പിച്ചിട്ടുണ്ട്. ചാെവ്വാഴ്ച 73.02 ഡോളറിലേക്ക് ഇടിഞ്ഞ ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ 72.79 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 72.76 ഡോളർ ആണ്. ഡബ്ല്യുടിഐ ഇനം 68.82 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 74.61 ഡോളറിലേക്കു നീങ്ങി. 

ക്രിപ്റ്റോകൾ ഇടിഞ്ഞു

ക്രിപ്റ്റോ കറൻസികൾ തുടർച്ചയായ ഇടിവിലാണ്. ട്രംപിൻ്റെ വിജയത്തെ തുടർന്നുണ്ടായ നേട്ടം മിക്കവാറും ക്രിപ്റ്റോകൾക്കു നഷ്ടമായി. ബിറ്റ് കോയിൻ ഇന്ന് 84,000 ഡോളറിനു താഴെ എത്തി.  ഈഥർ വില 2330 ഡോളറിനു താഴെയാണ്. മറ്റു ക്രിപ്റ്റോകളും വലിയ തകർച്ചയിലായി. യുഎസ് വളർച്ച, പലിശ തുടങ്ങിയവയെ പറ്റിയുള്ള ആശങ്കകളാണു വിപണിയെ വീഴ്ത്തുന്നത്.വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ചയും ഭിന്ന ദിശകളിലായി. ചെമ്പ് 0.90 ശതമാനം കയറി ടണ്ണിന് 9448.10 ഡോളറിലെത്തി. അലൂമിനിയം 0.24 ശതമാനം താഴ്ന്ന് 2632.50 ഡോളർ ആയി. സിങ്ക് 0.55 ഉം ലെഡ് 1.48 ഉം നിക്കൽ 1.57 ഉം  ശതമാനം കയറി. ടിൻ 0.36 ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 ഫെബ്രുവരി 25, ചാെവ്വ)

സെൻസെക്സ് 30       74,602.12      +0.20%
നിഫ്റ്റി50      22,547.55          -0.03%
ബാങ്ക് നിഫ്റ്റി    48,608.35    -0.09%

മിഡ് ക്യാപ് 100   49,702.15   -0.62%
സ്മോൾ ക്യാപ് 100    15,408.60   -0.44%

ഡൗ ജോൺസ്    43,621.20       +0.37%

എസ് ആൻഡ് പി    5955.25     -0.47%

നാസ്ഡാക്     19,026.40      -1.35%

ഡോളർ($)         ₹87.21       +₹0.52
ഡോളർ സൂചിക   106.31     -0.28
സ്വർണം (ഔൺസ്)   $2915.20   -$39.30

സ്വർണം(പവൻ) ₹64,600      +₹160    

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ    $73.02  -$01.90 

(2024 ഫെബ്രുവരി 26, ബുധൻ)
ഡൗ ജോൺസ്    43,433.12       -0.43%

എസ് ആൻഡ് പി    5956.06     +0.01%

നാസ്ഡാക്     19,075.26      +0.26%
ഡോളർ സൂചിക   106.51     +0.20
സ്വർണം (ഔൺസ്)   $2917.00   +$01.80

സ്വർണം(പവൻ) ₹64,400      -₹ 200    

 ക്രൂഡ് (ബ്രെൻ്റ്) ഓയിൽ    $72.79  -$00.23 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com