

പശ്ചിമേഷ്യയിൽ സമാധാനത്തിനു മൂന്നു രാജ്യങ്ങൾ നടത്തിയ ശ്രമം ഫലം കണ്ടില്ലെങ്കിലും എണ്ണവില അൽപം താഴ്ന്നു. സൗദിയിലേക്കു പുതിയ ഹൂതി ആക്രമണം ഉണ്ടായില്ല. ഇന്നു നടക്കുന്ന ഇസ്രേലി തെരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും ഇസ്രയേലിൻ്റെ നയങ്ങളിൽ മാറ്റം ഉണ്ടാകില്ല.
ക്രൂഡ് വില താഴുന്നത് ഓഹരികൾക്ക് അനുകൂലമാണ്. എങ്കിലും വിദേശ ഫണ്ടുകളുടെ വിൽപന സമ്മർദത്തിൽ ഇന്ത്യൻ വിപണി ഇന്നു ദുർബലമായ തുടക്കത്തിലേക്കാണു നീങ്ങുന്നത്.
വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 22,655.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,672 വരെ കയറിയിട്ട് അൽപം താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നഷ്‌ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ പ്രതിനിധികൾ ടെഹറാനിലെത്തി ഇറാൻ അധികൃതരുമായി ഇന്നലെ ചർച്ച നടത്തി. നയതന്ത്ര നീക്കങ്ങൾ തുടരാം എന്നല്ലാതെ ഇറാനിൽ നിന്നു വേറേ ഉറപ്പൊന്നും ലഭിച്ചില്ല, ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയാണ് സൗദി പ്രതിരോധ മന്ത്രിയും പാക് സേനാ മേധാവിയും അടക്കമുള്ളവരോടു സംസാരിച്ചത്. ചർച്ചയ്ക്കു ശേഷവും ഹോർമുസിൽ ഒരു ടാങ്കറിനു നേരേ ആക്രമണം ഉണ്ടായതു ചർച്ച വിഫലമായി എന്നു കാണിക്കുന്നു. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചു യുദ്ധം വ്യാപിപ്പിക്കുന്നത് ഒഴിവാക്കാനാണു മെക്കാ പ്രതിരോധ സഹകരണ കരാറിലെ അംഗരാജ്യങ്ങൾ ശ്രമിച്ചത്. നവംബർ മൂന്നിലെ ഇടക്കാല തെരഞ്ഞെടുപ്പിനു മുൻപു ധാരണയിൽ എത്താൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തയാറാകും എന്ന പ്രതീക്ഷ ചിലർക്ക് ഉണ്ട്. ചർച്ച കണക്കിലെടുത്ത് ക്രൂഡ് ഓയിൽ വില ഇന്നലെ നാമമാത്രമായി കുറഞ്ഞു.
ഇന്നു തുടങ്ങുന്ന യുഎസ് ഫെഡറൽ റിസർവ് ഓപ്പൺ മാർക്കറ്റ് കമ്മിറ്റി യോഗം പലിശനിരക്ക് മാറ്റുകയില്ലെന്നാണ് വിപണി കരുതുന്നത്. മാറ്റാതിരിക്കാൻ 89.5 ശതമാനം സാധ്യതയാണു സിഎംഇ ഫെഡ് വാച്ച് കാണിക്കുന്നത്. ഡിസംബറിലെ യോഗത്തിൽ നിരക്കു കൂട്ടൽ സാധ്യത 92.3 ശതമാനം ഉണ്ട്. ഫെഡ് തീരുമാനം നാളെ അറിയാം. യൂറോപ്യൻ കേന്ദ്ര ബാങ്ക് വ്യാഴാഴ്ച തീരുമാനം പ്രഖ്യാപിക്കും. ബാങ്ക് ഓഫ് ജപ്പാൻ വെള്ളിയാഴ്ചയാണു നിരക്കു തീരുമാനം അറിയിക്കുക.
നിർമിതബുദ്ധി ഭീമൻ ആന്ത്രോപിക് നവംബർ രണ്ടാംവാരം ഐപിഒ നടത്തുന്നതിനുള്ള പ്രാരംഭ പ്രോസ്പെക്ടസ് സമർപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആകും ഇത് എന്നു കരുതപ്പെടുന്നു. ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് ജൂണിൽ 8580 കോടി ഡോളർ സമാഹരിച്ചതാണു നിലവിലെ റെക്കോർഡ്. 10,000 കോടി ഡോളറാണ് ആന്ത്രോപിക് ലക്ഷ്യമിടുന്നത്. ഡാരിയോ അമോഡേ നയിക്കുന്ന ഈ കമ്പനിയുടേതാണ് നിർമിതബുദ്ധി ഏജൻ്റ് ക്ലോഡ്. അഞ്ചു വർഷം പഴക്കമുള്ള കമ്പനി വരുമാനം വലിയതോതിൽ വർധിപ്പിച്ചു വരികയാണെങ്കിലും ഭീമമായ നഷ്ടത്തിലാണ്. കഴിഞ്ഞ വർഷ ആദ്യ ആറു മാസം 120 കോടി ഡോളർ വരുമാനത്തിൽ 1300 കോടി നഷ്‌ടം ഉണ്ടാക്കി. ഈ വർഷം ആദ്യ പകുതിയിൽ വരുമാനം 1630 കോടി ഡോളർ ആയി കുതിച്ചപ്പോൾ നഷ്ടം 8070 കോടി ഡോളറായി വർധിച്ചു. 6 മേയ് മാസത്തിൽ കമ്പനി 6500 കോടി ഡോളർ വിവിധ ഫണ്ടുകളിൽ നിന്നു സമാഹരിച്ചിരുന്നു. നിർമിതബുദ്ധി ഏജൻ്റുമാരും പ്ലാറ്റ്ഫോമുകളും മനുഷ്യനിയന്ത്രണം അംഗീകരിക്കാത്ത സാഹചര്യം ഉണ്ടാകാമെന്നും അത് മാനവരാശിക്ക് അസ്തിത്വഭീഷണി ഉയർത്താമെന്നും ആന്ത്രോപിക് മുന്നറിയിപ്പ് നൽകുന്നുണ്ട്. കമ്പനിക്ക് രണ്ടു ലക്ഷം കോടി ഡോളർ വില മതിച്ചാകും ഓഹരിവിൽപന എന്നു കരുതിയിരുന്നു. എന്നാൽ ഇപ്പോഴത്തെ മതിപ്പുവില 1.5 ലക്ഷം കോടി ഡോളറാണ്. ചാറ്റ്ജിപിടി ഉടമകളായ ഓപ്പൺ എഐ അടുത്ത വർഷം ഐപിഒ നടത്താൻ നടപടികൾ തുടങ്ങിയിട്ടുണ്ട്.
ചാഞ്ചാട്ടങ്ങൾക്കു ശേഷം യുഎസ് വിപണി ഇന്നലെ നേട്ടത്തിൽ അവസാനിച്ചു. നാമമാത്ര നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം ഒരു ശതമാനത്തോളം ഉയർന്ന സൂചികകൾ മിതമായ നേട്ടത്തിൽ ക്ലോസ് ചെയ്തു. ആന്ത്രോപിക് ഐപിഒ നടത്താൻ രേഖകൾ സമർപ്പിച്ചതു വിപണിക്ക് ആവേശമായി.
തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 146.42 പോയിൻ്റ് (0.2 8 ശതമാനം) ഉയർന്ന് 52,361.58 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 53.09 പോയിൻ്റ് (0.70%) നേട്ടത്തോടെ 7676.77 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 214.04 പോയിൻ്റ് (0.83%) മുന്നേറി 26,169.38 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേട്ടത്തിലാണ്. ഡൗ ജോൺസ് 20 പോയിൻ്റും (0.04 ശതമാനം) എസ് ആൻഡ് പി 14 പോയിൻ്റും (0.18%) നാസ്ഡാക് 141 പോയിൻ്റും (0.48%) ഉയർന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ തിങ്കളാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാരസമയത്ത് 1.72 ശതമാനം താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 1.01% ഉയർന്ന് 21.93 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.61% താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 29.28 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിതസമയത്ത് 0.65% കയറിയ ശേഷം തുടർ വ്യാപാരത്തിൽ 0.88% നഷ്ടത്തോടെ 12.32 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 0.95% താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 0.48% കൂടി കുറഞ്ഞ് 2.08 ഡോളറിൽ അവസാനിച്ചു.
യൂറോപ്യൻ ഓഹരിവിപണികൾ തിങ്കളാഴ്ച മികച്ച മുന്നേറ്റം നടത്തി. ഐടി സേവന മേഖലയിലെ കമ്പനികൾ നേട്ടത്തിലായി. ബ്രസീലിൽ ഇടതുപക്ഷഭരണം തുടരുന്നതിൻ്റെ പേരിൽ അവിടെ ബിസിനസ് ഉള്ള ബാങ്കോ സാൻ്റാണ്ടറും ടെലഫോണിക്കയും 7.5 ശതമാനം വരെ ഇടിഞ്ഞു.
പ്രധാന ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ദക്ഷിണ കൊറിയയിലെ കോസ്‌പി സൂചിക അഞ്ചു ശതമാനം ഉയർന്നു. ജപ്പാനിലെ നിക്കൈ സൂചിക 2.5 ശതമാനം കയറി.
താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങൾക്കു ശേഷം മികച്ച നേട്ടത്തിൽ അവസാനിച്ചു. പശ്ചിമേഷ്യൻ യുദ്ധഭീതിയും ക്രൂഡ് ഓയിൽ വിലക്കയറ്റവും നാലു ദിവസം തുടർച്ചയായി വിപണിയെ താഴ്ത്തിയതാണ്. ഇന്നലെയും ക്ലോസിംഗ് ഓക്‌ഷൻ സെഷനിൽ മുഖ്യസൂചികകൾ ഗണ്യമായ നേട്ടം ഉണ്ടാക്കി. മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് സൂചികകൾ തുടക്കത്തിൽ താഴ്ന്നെങ്കിലും പിന്നീടു നല്ല നേട്ടം ഉണ്ടാക്കി. അവയോടുള്ള വിപണി മനോഭാവത്തിൽ മാറ്റം കാണാം.
കൺസ്യൂമർ ഡ്യുറബിൾസും മീഡിയയും ഒഴികെ എല്ലാ മേഖലകളും ഇന്നലെ നേട്ടം ഉണ്ടാക്കി. മെറ്റൽ, ഫാർമ, ടൂറിസം, ഹെൽത്ത് കെയർ, കാപ്പിറ്റൽ മാർക്കറ്റ്, പ്രതിരോധ മേഖലകൾ കൂടുതൽ മുന്നേറി.
ഡോ.റെഡ്ഡീസ്, ലോറസ് ലാബ്സ്, മാൻകൈൻഡ് ഫാർമ തുടങ്ങിയവ നല്ല നേട്ടം ഉണ്ടാക്കി.ജെ എസ് ഡബ്ല്യു സ്റ്റീൽ, ഏഥർ എനർജി, കോഫോർജ് , ഇന്ത്യൻ ഓവർസീസ് ബാങ്ക് തുടങ്ങിയവ വലിയ കയറ്റം നടത്തി. ശ്രീറാം ഫിനാൻസ് 4.62ഉം ധനലക്ഷ്‌മി ബാങ്ക് 14.36 ഉം ഇമുദ്ര 9.72ഉം ശതമാനം ഇടിഞ്ഞു. പ്രതിരോധ മേഖലയിലെ അപ്പോളോ മൈക്രോയും പരസും മുന്നേറി.
വിശാലവിപണിയിൽ കൂടുതൽ ഓഹരികൾ നേട്ടം ഉണ്ടാക്കി. ബിഎസ്ഇയിൽ 2374 ഓഹരികൾ കയറി, 2060 ഓഹരികൾ നഷ്‌ടത്തിലായി. എൻഎസ്ഇയിൽ 2058 ഓഹരികൾ കയറിയപ്പോൾ 1512 എണ്ണം ഇടിഞ്ഞു.
വിദേശനിക്ഷേപകർ തിങ്കളാഴ്ച വീണ്ടും വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 1462.99 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2609.57 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി.
തിങ്കളാഴ്ച സെൻസെക്‌സ് 482.92 പോയിൻ്റ് (0.66%) ഉയർന്ന് 73,606.75 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 153.20 പോയിൻ്റ് (0.68%) നേട്ടത്തോടെ. 22,753.20 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 79.35 പോയിൻ്റ് (0.15%) വർധിച്ച് 54,366. 70 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 664.75 പോയിൻ്റ് (1.19%) നേട്ടത്തോടെ 56,465.40 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 245.55 പോയിൻ്റ് (1.38%) ഉയർന്ന് 17,985.00 ൽ ക്ലോസ് ചെയ്തു.
പലിശ കൂട്ടൽ ആശങ്ക മാറുകയും ക്രൂഡ് ഓയിൽ വില അൽപ്പം താഴുകയും ചെയ്ത ഇന്നലെ സ്വർണം ചെറിയ നേട്ടമുണ്ടാക്കി. തിങ്കളാഴ്ച 21.30 ഡോളർ (0.53%) കയറിയ സ്വർണം ഔൺസിന് 4018.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്നു 4012 ഡോളറിൽ എത്തി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് തിങ്കളാഴ്ച 120 രൂപ കൂടി 1,04, 680 രൂപ ആയി.
വെള്ളിവില ഇന്നലെ ഔൺസിന് 54.10 ഡോളറിൽ ക്ലോസ് ചെയ്തു.
പ്ലാറ്റിനം 1523 ഡോളർ, പല്ലാഡിയം 1025 ഡോളർ, റോഡിയം 8625 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
റബർ വില വിദേശത്തും കയറ്റത്തിലായി. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് 288.35 ഉം ആർഎസ്എസ് മൂന്ന് 284.90 ഉം ഡോളറിയ എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 29,350 രൂപയിലേക്കു കയറി.
അലൂമിനിയവും നിക്കലും ഒഴികെ വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച ഉയർന്നു. ചെമ്പ് 0.59 ശതമാനം കയറി ടണ്ണിന് 14,500.00 ഡോളർ ആയി. അലൂമിനിയം 0.10 ശതമാനം താഴ്ന്നു 3040.50 ഡോളറിൽ എത്തി. നിക്കൽ താഴ്ന്നു. ടിന്നും ലെഡും സിങ്കും ഉയർന്നു.
കൊക്കോ വില 1.59 ശതമാനം താഴ്ന്ന് ടണ്ണിന് 5503 ഡോളറിൽ ക്ലോസ് ചെയ്തു.
അറബിക്ക കാപ്പി പൗണ്ടിന് 2.59 ശതമാനം കുറഞ്ഞ് 2.995 ഡോളർ ആയി.
പാം ഓയിൽ 0.60 ശതമാനം താഴ്‌ന്നു ടണ്ണിന് 4789 മലേഷ്യൻ റിംഗിറ്റ് ആയി.
യുഎസ് ഡോളർ സൂചിക തിങ്കളാഴ്ച ഉയർന്നു 101.96 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.04 ലേക്ക് കയറി.
യൂറോ ഇന്ന് 1.166 ഡോളറിലും പൗണ്ട് 1.3336 ഡോളറിലും ആണ്. ജാപ്പനീസ് യെൻ ഒരു ഡോളറിന് 157.65 യെൻ ആയി.
ചൈനീസ് യുവാൻ ഡോളറിന് 6.67 യുവാനിലേക്കു കയറി.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.99 ശതമാനമായി കൂടി.
രൂപ വീണ്ടും താഴ്ന്നു. തിങ്കളാഴ്ച ഡോളർ 25 പൈസ കൂടി 95.19 രൂപയിൽ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ 95.20 രൂപയിൽ നിൽക്കുന്നു.
ചൈനീസ് യുവാൻ 14.27 രൂപയായും യൂറോ 106.36 രൂപയായും ഉയർന്നു.
ക്രൂഡ് ഓയിൽ തിങ്കളാഴ്ച ഒരു ശതമാനം താഴ്ന്നു. ഇന്നും ഇടിവ് തുടർന്നു. ബ്രെൻ്റ് ഇനം ഇന്നലെ താഴ്ന്ന് 115.81 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില ഒരു ശതമാനം കൂടി താഴ്ന്നു 114.90 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 101.10 ഡോളറിലാണ്.
ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 80,100 ഡോളറിനു താഴെ വന്നു. ഈഥർ 2325 ഡോളറിനും സൊലാന 101.00 ഡോളറിനും താഴെയാണ്.
(2026 ഒക്‌ടോബർ 26, തിങ്കൾ)
സെൻസെക്സ് 73,606.75 +0.66%
നിഫ്റ്റി50 22,753.20 +0.68%
ബാങ്ക് നിഫ്റ്റി 54,366.70 +0.15%
മിഡ്ക്യാപ്100 56,465.40 +1.19%
സ്മോൾക്യാപ്100 17,985.00 +1.38%
ഡൗജോൺസ് 52,361.58 +0.28%
എസ്ആൻഡ്പി 7676.77 +0.70%
നാസ്ഡാക് 26,169.38 +0.83%
ഡോളർ ₹95.19 +₹0.25
സ്വർണം(ഔൺസ്)$4018.20 +$21.30
സ്വർണം(പവൻ) ₹1,04,680 +₹120
ക്രൂഡ്ഓയിൽബ്രെൻ്റ് $115.81 -$0.91
Read DhanamOnline in English
Subscribe to Dhanam Magazine