

പശ്ചിമേഷ്യൻ സ്ഥിതിവിശേഷത്തിൽ മാറ്റമില്ല. വിപണികൾ അതിലെ ആശങ്ക പ്രകടമാക്കിയാണ് ഇന്ന് ഏഷ്യയിൽ വ്യാപാരം തുടങ്ങിയത്. ചൈനയിലടക്കം ഓഹരികൾ താഴ്ന്നു. എന്നാൽ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലായി. ക്രൂഡ് ഓയിൽ വില 109 ഡോളറിനു സമീപമെത്തിയിട്ടു താഴ്ന്നു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,110.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,032 വരെ താഴ്ന്നു. നിഫ്റ്റി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്
ഉപരോധം നീക്കി യുദ്ധം അവസാനിപ്പിച്ചാൽ ഹോർമുസ് തുറക്കാം എന്ന ഇറാൻ്റെ പുതിയ നിർദേശം ചർച്ച ചെയ്ത അമേരിക്കൻ നേതൃത്വം പ്രതികരണം പരസ്യമാക്കിയില്ല. ഇറാൻ്റെ നിർദേശത്തിൽ പ്രസിഡൻ്റ് ട്രംപ് അതൃപ്തനാണെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യയിൽ നിന്നു പാക്കിസ്ഥാനിലേക്കു തിരിച്ചെത്തിയ ഇറാൻ വിദേശകാര്യമന്ത്രി അരാഖ്‌ചി പാക് നേതാക്കളുമായി ചർച്ച നടത്തി. ആണവകാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്ട എന്ന ഇറാൻ്റെ ആവശ്യം സ്വീകാര്യമല്ലെന്നു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
പശ്ചിമേഷ്യൻ യുദ്ധകാര്യത്തിൽ ചില കേന്ദ്രങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും യുഎസ് വിപണി കരുതലോടെ നീങ്ങി. ഡൗ ജോൺസ് നാമമാത്രമായി താഴുകയും മറ്റു സൂചികകൾ നേരിയ തോതിൽ ഉയരുകയും ചെയ്തു. ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 62.92 പോയിൻ്റ് (0.13%) താഴ്ന്ന് 49,167.79 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 8.83 പോയിൻ്റ് (0.12%) കൂടി 7173.91 ൽ അവസാനിച്ചു. നാസ്ഡാക് 50.50 പോയിൻ്റ് (0. 20%) ഉയർന്ന് 24,887.10 ൽ ക്ലോസ് ചെയ്തു.
ഇൻ്റൽ കുതിക്കുന്നു, ഹുവാങ്ങും
നിർമിത ബുദ്ധി ചിപ്പുകളും ഗ്രാഫിക് പ്രോസസർ യൂണിറ്റുകളും നിർമിക്കുന്ന എൻവിഡിയയുടെ ഓഹരി ഇന്നലെയും കുതിച്ചുകയറി. വ്യാപാരസമയത്ത് 4.1 ശതമാനം ഉയർന്ന് 216.61 ഡോളറിൽ ക്ലോസ് ചെയ്ത ഓഹരി പിന്നീട് 0.92 ശതമാനം കൂടി കയറി 218.60 ഡോളർ ആയി. കമ്പനിയുടെ വിപണിമൂല്യം 5.26 ട്രില്യൺ (ലക്ഷം കോടി) ഡോളർ കടന്നു. 12 മാസം കൊണ്ട് വില ഇരട്ടിച്ച ഓഹരി 2026 ൽ 16 ശതമാനം കയറി. ഇന്നലെ പല അനാലിസ്റ്റുകളും ഓഹരിക്ക് 268 ഡോളർ ലക്ഷ്യവില നിർണയിച്ചു. കമ്പനിയുടെ സ്ഥാപക സിഇഒ ജെൻസൻ ഹുവാങ്ങിൻ്റെ സമ്പത്ത് 18,710 കോടി ഡോളറിൽ എത്തി അദ്ദേഹത്തെ ഏഴാമത്തെ വലിയ സമ്പന്നനാക്കി.
ഫ്യൂച്ചേഴ്സ് കയറുന്നു
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. ഡൗ ജോൺസ് 80 പോയിൻ്റും (0.16%) എസ് ആൻഡ് പി 12 പോയിൻ്റും (0.17%) നാസ്ഡാക് 36 പോയിൻ്റും (0.13%) ഉയർന്നു നീങ്ങുന്നു.
ന്യൂയോർക്കിൽ എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ തിങ്കളാഴ്ച 0.23 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 1.01 ശതമാനം കയറി 25.97 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 0.22 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 1.63 ശതമാനം ഉയർന്ന് 27.99 ഡോളറിൽ നിന്നു. ഇൻഫോസിസ് എഡിആർ 4.51 ശതമാനം ഇടിഞ്ഞിട്ടു തുടർ വ്യാപാരത്തിൽ 0.33 ശതമാനം കയറി 12.32 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ 0.49 ശതമാനം കയറിയ ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 2.05 ഡോളർ ആയി.
യുദ്ധഭീതി തുടരുന്നതിനാൽ യൂറോപ്യൻ വിപണികൾ തിങ്കളാഴ്ചയും താഴ്ന്നു. ഇന്നലെ നേട്ടത്തിലായിരുന്ന ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലേക്കു മാറി. ജപ്പാനിലെ നിക്കൈയും ദക്ഷിണ കൊറിയയിലെ കോസ്പിയും ഇന്നു രാവിലെ 0.50 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ സൂചിക 0.55 ശതമാനം താഴ്ന്നു. ചൈനീസ്, ഹോങ് കോങ് വിപണികൾ 0.40 ശതമാന താഴ്ചയിലാണ്.
ക്രൂഡ് ഓയിൽ വില 108 ഡോളർ വരെ കയറിയ ഇന്നലെ ഇന്ത്യൻ വിപണി മികച്ച നേട്ടം ഉണ്ടാക്കി. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലെ കുതിപ്പാണു വിപണിയെ ശരിക്കും ഉയർത്തിയത്. ഐടി, റിയൽറ്റി, ഫാർമ, കൺസ്യൂമർ ഡ്യുറബിൾസ്, ഹെൽത്ത് കെയർ, ഓട്ടോ, മെറ്റൽ, മീഡിയ തുടങ്ങിയ മേഖലകളിൽ വലിയ കുതിപ്പ് ഉണ്ടായി.
വിദേശനിക്ഷേപകരുടെ വിൽപന തിങ്കളാഴ്ചയും തുടർന്നു. വിദേശികൾ ഇന്നലെ ക്യാഷ് വിപണിയിൽ 1151.48 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശികൾ 4123.92 കോടി രൂപയുടെ വാങ്ങലും നടത്തി.
സെൻസെക്‌സ് തിങ്കളാഴ്ച 639.42 പോയിൻ്റ് (0.83%) ഉയർന്ന് 77,303.63ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 194.75 പോയിൻ്റ് (0.81%) കയറി 24,092.70 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 174.55 പോയിൻ്റ് (0.31%) നേട്ടത്തോടെ 56,264.30 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 873.55. പോയിൻ്റ് (1.47%) കുതിച്ച് 60,248.35 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 333.45 പോയിൻ്റ് (1.90%) ഉയർന്ന് 17,900.65 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നേട്ടത്തിലായി. ബിഎസ്ഇയിൽ 3023 ഓഹരികൾ കയറിയപ്പോൾ 1345 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 2544 എണ്ണം ഉയർന്നപ്പോൾ 791 എണ്ണം ഇടിഞ്ഞു. രാജിവച്ച സിഇഒയ്ക്കു പകരം സ്ഥാപക ചെയർമാനു സിഇഒ ചുമതല ഏൽപ്പിച്ച കോഹാൻസ് ലൈഫ് സയൻസസിൻ്റെ ഓഹരി ഇന്നലെ 20 ശതമാനം കുതിച്ചു. നാലാം പാദ റിസൽട്ട് ആവേശകരമാക്കിയ തൻല പ്ലാറ്റ്ഫോംസ് ഓഹരി 20 ശതമാനം ഉയർന്നു.
ബജാജ് ഹൗസിംഗ് ഫിനാൻസ് നാലാം പാദത്തിൽ വരുമാനം 15.9 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 14.1 ശതമാനം ഉയർത്തി. എയു സ്മോൾ ഫിനാൻസ് ബാങ്ക് നാലാം പാദത്തിൽ അറ്റാദായം 65.1 ശതമാനം വർധിപ്പിച്ചു. മൂന്ന് ഓഹരിക്ക് ഒന്ന് എന്ന അനുപാതത്തിൽ സിറ്റി യൂണിയൻ ബാങ്ക് ബോണസ് ഇഷ്യു പ്രഖ്യാപിച്ചു. ബാങ്കിൻ്റെ അറ്റപലിശ വരുമാനം 31 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 25 ശതമാനം കൂടി. അൾട്രാടെക് സിമൻ്റ് നാലാം പാദത്തിൽ വരുമാനം 12 ശതമാന കൂടിയപ്പോൾ അറ്റാദായം 20 ശതമാനം വർധിപ്പിച്ചു. കമ്പനി ഓഹരിയൊന്നിന് 240 രൂപ വച്ചു പ്രത്യേക ലാഭവീതം പ്രഖ്യാപിച്ചു. 7072 കോടി രൂപയാണ് ഇതിനു വേണ്ടി വരിക.
യുദ്ധത്തിൻ്റെ അനിശ്ചിതത്വം സ്വർണവിപണിയെ ചാഞ്ചാടിക്കുന്നു. തിങ്കളാഴ്ച 4666-4731 ഡോളർ പരിധിയിൽ കയറിയിറങ്ങിയ സ്വർണവില 27.70 ഡോളർ നഷ്ടത്തോടെ ഔൺസിന് 4681.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4695 ഡോളറിലേക്ക് കയറിയ സ്വർണം പിന്നീടു 4687 ഡോളറിലായി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് തിങ്കളാഴ്ച 240 രൂപ കുറഞ്ഞ് 1,12,720 രൂപയിൽ എത്തി. വെള്ളിവില തിങ്കളാഴ്ച ഔൺസിന് 75.39 ഡോളറിൽ ക്ലോസ് ചെയ്തിട്ട് ഇന്നു രാവിലെ 75.45 ഡോളറിലേക്ക് കയറി. പ്ലാറ്റിനം 1984 ഡോളർ, പല്ലാഡിയം 1448 ഡോളർ, റോഡിയം 9650 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
ലോഹങ്ങൾ താഴ്ചയിൽ
വ്യാവസായിക ലോഹങ്ങൾ മിക്കവയും തിങ്കളാഴ്ച താഴ്ന്നു. ചെമ്പ് 0.14 ശതമാനം താണു ടണ്ണിന് 13,211.35 ഡോളറിൽ എത്തി. അലൂമിനിയം 0.53 ശതമാനം താഴ്ന്നു ടണ്ണിന് 3578.33 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും ടിന്നും ഉയർന്നപ്പോൾ ലെഡും സിങ്കും താഴ്ന്നു.
ബാങ്കോക്ക് വിപണിയിൽ തിങ്കളാഴ്ച ആർഎസ്എസ് 3 റബർ വില ക്വിൻ്റലിന് 277.10 ഡോളർ ആയി ഉയർന്നു. കൃത്രിമ റബർ വില ടണ്ണിന് 16,250.00 യുവാനിൽ തുടർന്നു. കൊക്കോ വില 3.93 ശതമാനം ഇടിഞ്ഞു ടണ്ണിന് 3296.00 ഡോളർ ആയി. തേയിലവില മാറ്റമില്ലാതെ കിലോഗ്രാമിനു 181.94 രൂപയിൽ തുടർന്നു. കാപ്പി 2.17 ശതമാനം താഴ്ന്നു പൗണ്ടിന് 288.50 സെൻ്റിൽ എത്തി. പാം ഓയിൽ വില 1.37 ശതമാനം താഴ്ന്നു ടണ്ണിനു 4534 മലേഷ്യൻ റിംഗിറ്റിൽ എത്തി. പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 0.80 ശതമാനം വരെ ഉയർന്നു. യൂറിയ വില 0.25 ശതമാനം താഴ്ന്നു ടണ്ണിന് 690.50 ഡോളറിൽ എത്തി. ഡൈ അമോണിയം ഫോസ്ഫേറ്റ് ടണ്ണിന് 725.00 ഡോളറിൽ തുടരുന്നു.
യുഎസ് ഡോളർ സൂചിക തിങ്കളാഴ്ച നാമമാത്ര കുറവോടെ 98.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.52 ലേക്കു കയറി. യൂറോ 1.1714 ഡോളറിലേക്കും പൗണ്ട് 1.3522 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 159.47 യെൻ എന്ന നിലയിലാണ്. ചൈനീസ് യുവാൻ ഡോളറിന് 6.82 യുവാൻ എന്ന നിരക്കിലേക്കു കയറി. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 4.346 ശതമാനമായി ഉയർന്നു.
ഡോളറുമായുള്ള വിനിമയത്തിൽ രൂപ തിങ്കളാഴ്ച അല്പം നേട്ടം ഉണ്ടാക്കി. ഡോളർ ആറു പൈസ നഷ്ടത്തോടെ 94.19 രൂപയിൽ ക്ലോസ് ചെയ്തു. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 94.29 രൂപയിലേക്കു കയറി. ചൈനീസ് യുവാൻ 13.81 രൂപയിലും യൂറോ 110.35 രൂപയിലും എത്തി.
യുദ്ധഭീതി വർധിച്ചത് ക്രൂഡ് ഓയിൽ വിലയെ വീണ്ടും ഉയർത്തി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നു രാവിലെ ഉയർന്ന് വീപ്പയ്ക്ക് 108.89 ഡോളറിൽ എത്തി. പിന്നീട് അൽപം താഴ്ന്നു. ഡബ്ള്യുടിഐ ഇനം ക്രൂഡ് 97.15 ഡോളറിൽ ആണ്.
ക്രിപ്റ്റോകൾ താഴ്ന്നു
ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 77,370 ഡോളറിനു താഴെ ആയി. ഈഥർ 2310 ഡോളറിനും സൊലാന 85 ഡോളറിനും താഴെ നിൽക്കുന്നു.
(2026 ഏപ്രിൽ 27, തിങ്കൾ)
സെൻസെക്സ് 77,303.63 +0.83%
നിഫ്റ്റി-50 24,902.70 +0.81%
ബാങ്ക് നിഫ്റ്റി 56,264.30 +0.31%
മിഡ്ക്യാപ്-100 60,248.35 +1.47%
സ്മോൾക്യാപ്-100 17,900.65 +1.90%
ഡൗജോൺസ് 49,167.79 -0.13%
എസ്ആൻഡ്പി 7173.91 +0.12%
നാസ്ഡാക് 24,887.10 +0.20%
ഡോളർ ₹94.19 -₹0.06
സ്വർണം (ഔൺസ്) $4681.20 -27.70
സ്വർണം (പവൻ) ₹1,12,720 -₹240
ബ്രെൻ്റ് ക്രൂഡ് ഓയിൽ $108.23 +$ 2.90
Read DhanamOnline in English
Subscribe to Dhanam Magazine