വ്യാപാരയുദ്ധം കടുപ്പിച്ച്‌ ട്രംപ്; വിപണികളിൽ ചോരപ്പുഴ ഒഴുകാൻ സാധ്യത; ചുങ്കം കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നു; ക്രൂഡ് ഓയിൽ കയറി

ഇന്ത്യയുടെ മൂന്നാം പാദ ജിഡിപി കണക്ക് ഇന്നു വെെകുന്നേരം പുറത്തുവിടും
TCM, Morning Business News
Morning business newscanva
Published on

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വീണ്ടും വിപണികളെ ചോരപ്പുഴയിൽ താഴ്ത്തുന്നു. ചൊവ്വാഴ്ച കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് 25 ശതമാനവും ചൈനയ്ക്ക് അധികമായി 10 ശതമാനവും ചുങ്കം ചുമത്തും എന്നു ട്രംപ് ഇന്നലെ പ്രഖ്യാപിച്ചു. ഏപ്രിലിൽ ഇന്ത്യക്കും മറ്റും ബദൽ ചുങ്കം വരും.

ഈ പ്രഖ്യാപനം ഇന്നലെ യുഎസ് വിപണികളെയും ഇന്ന് ഏഷ്യൻ വിപണികളെയും വലിയ താഴ്ചയിലാക്കി. ഇന്ത്യൻ വിപണിയുടെ തിരിച്ചുകയറ്റ പ്രതീക്ഷ ഇതോടെ ഇല്ലാതായി. ഇന്ത്യ കാറുകൾക്കും മദ്യത്തിനും രാസവസ്തുക്കൾക്കും ചുങ്കം കുറച്ച് ബദൽ ചുങ്ക ഭീഷണിയിൽ നിന്നു രക്ഷപ്പെടാൻ തീവ്രശ്രമം നടത്തുന്നുണ്ട്. ഉദാരമായ ഇറക്കുമതി പല ഇന്ത്യൻ വ്യവസായങ്ങൾക്കും തിരിച്ചടിയാകും.

ഇന്ത്യയുടെ മൂന്നാം പാദ ജിഡിപി കണക്ക് ഇന്നു വെെകുന്നേരം പുറത്തുവിടും. 6.2 -6.4 ശതമാനം വളർച്ചയാണു പ്രതീക്ഷ.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച 22,560 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,535 ആണ്. ഇന്ത്യൻ വിപണി ഇന്നു വലിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച വലിയ നഷ്ടത്തിൽ അവസാനിച്ചു. യൂറോപ്യൻ കാറുകൾക്ക് 25 ശതമാനം ചുങ്കം ചുമത്തുമെന്ന ഡോണൾഡ് ട്രംപിൻ്റെ പ്രഖ്യാപനം വാഹന കമ്പനി ഓഹരികളെ നാലു ശതമാനം ഇടിച്ചു. ഫെരാരി ഓഹരി എട്ടു ശതമാനം താഴ്ന്നു. ഫെരാരിയുടെ മാതൃകമ്പനിയിലെ ഓഹരിയിൽ നാലു ശതമാനം സ്ഥാപകമായ ആഞ്ഞെല്ലി കുടുംബം വിറ്റതു തകർച്ചയ്ക്കു കാരണമായി. വരുമാന പ്രതീക്ഷ ഉയർത്തിയ റോൾസ് റോയ്സ് 16 ശതമാനം കുതിച്ചു.

യുഎസ് വിപണി ഇന്നലെ കുത്തനേ ഇടിഞ്ഞു. മെക്സിക്കോയ്ക്കും കാനഡയ്ക്കും എതിരായ 25 ശതമാനം ചുങ്കം അടുത്ത ചൊവ്വാഴ്ച നിലവിൽ വരുമെന്ന പ്രഖ്യാപനമാണ് വിപണിയെ ഉലച്ചത്. ഫെബ്രുവരി ആദ്യം നടപ്പാക്കാനിരുന്നത് ചർച്ചകൾക്കു വേണ്ടി ഒരു മാസത്തേക്കു നീട്ടിവച്ചിരുന്നു. ഇതുവരെയും അതിർത്തി വഴിയുള്ള മയക്കുമരുന്നു കടത്തു കുറഞ്ഞിട്ടില്ലെന്നു പറഞ്ഞാണു ട്രംപ് ചുങ്കം ചുമത്തൽ തീയതി ഇന്നലെ പ്രഖ്യാപിച്ചത്. ചൈനീസ് ഉൽപന്നങ്ങൾക്കു നേരത്തേ ചുമത്തിയ പത്തിനു പുറമേ 10 ശതമാനം ചുങ്കം കൂടി ചാെവ്വാഴ്ച നിലവിൽ വരും. (യുഎസ് ഉൽപന്നങ്ങൾക്കു ചൈന 15 ശതമാനം ചുങ്കം ബദലായി ചുമത്തിയിട്ടുണ്ട്). എല്ലാ രാജ്യങ്ങൾക്കും അവർ ഈടാക്കുന്നതിനു തുല്യമായ ബദൽ ചുങ്കം ഏപ്രിൽ രണ്ടിനു നടപ്പാക്കും എന്നതിൽ മാറ്റമില്ലെന്നും ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി. സ്റ്റീൽ, അലൂമിനിയം ഇറക്കുമതികൾക്കു ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം ചുങ്കം മാർച്ച് 12 നു പ്രാബല്യത്തിൽ ആകും. ഇവയെല്ലാം ചേരുമ്പോൾ വിലക്കയറ്റം പിടിയിൽ നിൽക്കാതെ കുതിക്കുമെന്നും സാമ്പത്തിക വളർച്ച കുറയുമെന്നും ആണു ഭീതി.

നിർമിതബുദ്ധി ചിപ്പുകൾ നിർമിക്കുന്ന എൻവിഡിയയുടെ നാലാം പാദ റിസൽട്ട് പ്രതീക്ഷയിലും മെച്ചമായെങ്കിലും ഓഹരി എട്ടു ശതമാനം ഇടിഞ്ഞു. കമ്പനി മുൻ പാദങ്ങളിൽ പ്രതീക്ഷയുടെ ഇരട്ടിയിലേറെ വളർന്നിരുന്ന സ്ഥാനത്ത് ഇപ്പോഴത്തെ വളർച്ച കുറവാണ് എന്നതാണു കാരണം. ഇതോടെ ഓഹരിയുടെ വിപണിമൂല്യം മൂന്നു ട്രില്യൺ  (ലക്ഷം കോടി) ഡോളറിൽ നിന്നു താഴെയായി. മൂന്നു ട്രില്യൺ ക്ലബിൽ ആപ്പിൾ മാത്രമേ ഇനി ഉള്ളൂ. 2.94 ട്രില്യൺ ഡോളർ മൂല്യം ഉള്ള എൻവിഡിയ മെെക്രോസോഫ്റ്റിനേക്കാൾ വിലയേറിയതാണ്.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 193.62 പോയിൻ്റ് (0.45%) താഴ്ന്ന് 43,239.50 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 94.49 പോയിൻ്റ് (1.59%) നഷ്ടത്തോടെ 5861.57 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 530.84 പോയിൻ്റ് (2.78%) ഇടിഞ്ഞ് 18,544.40 ൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഭിന്ന ദിശകളിലാണ്. ഡൗ ജോൺസ് 0.04 ശതമാനം താണു. എസ് ആൻഡ് പി 500 സൂചിക 0.04 ഉം നാസ്ഡാക്  0.09 ഉം ശതമാനം കയറി നിൽക്കുന്നു. 

ഏഷ്യൻ വിപണികൾ രാവിലെ തകർച്ചയിലായി. വ്യാപാരയുദ്ധം അതിവേഗം പരിധി കടക്കുന്നതായാണ് ഏഷ്യൻ രാജ്യങ്ങൾ കണക്കാക്കുന്നത്.  ജപ്പാനിൽ വിപണി മൂന്നു ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ദിവസം കുതിച്ച ഹോങ് കോങ് ഓഹരികൾ ഇന്നു രണ്ടു ശതമാനം താഴ്ന്നു .

ഇന്ത്യൻ വിപണി ദുർബലം

തിരിച്ചു കയറാനുള്ള ശ്രമത്തിൽ ഇന്ത്യൻ വിപണി വീണ്ടും പരാജയപ്പെട്ടു. ഫെബ്രുവരി സീരീസ് കോൺട്രാക്ടുകളുടെ സെറ്റിൽമെൻ്റ് ദിവസമായ ഇന്നലെ നാമമാത്ര താഴ്ചയിലുള്ള ക്ലോസിംഗ് ആണു സാധിച്ചത്. ഇതോടെ തുടർച്ചയായ അഞ്ചു പ്രതിമാസ സെറ്റിൽമെൻ്റുകൾ നഷ്ടത്തിൽ അവസാനിച്ചു. 29 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമാണ്.

ബാങ്ക്, ധനകാര്യ ഓഹരികളിലെ നേട്ടമാണ് ഇന്നലെ വിപണിയെ വലിയ താഴ്ചയിൽ നിന്നു രക്ഷിച്ചത്. എൻബിഎഫ്സി വായ്പകളുടെ വകയിരുത്തൽ അനുപാതം റിസർവ് ബാങ്ക് ഗണ്യമായി കുറച്ചു. ഇതു വഴി ബാങ്കുകൾക്കും മറ്റും 40,000 കോടി രൂപയുടെ മൂലധനം സ്വതന്ത്രമായി ലഭിക്കും. നാലു ലക്ഷം കോടി രൂപ കൂടുതലായി വായ്പ നൽകാൻ അതു സഹായിക്കും. 

റിയൽറ്റി, മീഡിയ, ഓട്ടോ, എഫ്എംസിജി, ഐടി, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ കൂടുതൽ താഴ്ന്നു. ആദിത്യ ബിർല ഗ്രൂപ്പിലെ അൾട്രാടെക് സിമൻ്റ് ഇലക്ട്രിക് കേബിൾ -വയർ നിർമാണത്തിലേക്കു കടക്കാൻ തീരുമാനിച്ചത് ഈ മേഖലയിലെ പ്രമുഖ കമ്പനികളെ 22 ശതമാനം വരെ താഴ്ത്തി. പോളി കാബ്, കെഇഐ ഇൻഡസ്ട്രീസ് എന്നിവയ്ക്കാണ് വലിയ ഇടിവ്.നിഫ്റ്റി 2.50 പോയിൻ്റ് (0.01%) കുറഞ്ഞ് 22,545.05 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 10.31 പോയിൻ്റ് (0.01%) നേട്ടത്തോടെ 74,612.43 ൽ വ്യാപാരം  അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി  135.45 പോയിൻ്റ് (0.28%) ഉയർന്ന് 48,743.80 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.14 ശതമാനം ( 565.40 പോയിൻ്റ്) താഴ്ന്ന് 49,136.75 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 1.64 ശതമാനം (252 പോയിൻ്റ്) ഇടിഞ്ഞ് 15,156.60 ൽ ക്ലോസ് ചെയ്തു.

വ്യാഴാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 556.56 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 1727.11 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. 

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇടിവിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 891 ഓഹരികൾ ഉയർന്നപ്പോൾ 3091 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 571 എണ്ണം ഉയർന്നു, താഴ്ന്നത് 2292 എണ്ണം. വിപണി മനോഭാവം ബെയറിഷ് ആയി തുടരുന്നു. നിഫ്റ്റി ഓവർസോൾഡ് നില തുടർച്ചയായ മൂന്നാം ദിവസവും കാണിക്കുന്നു. പക്ഷേ അതിനനുസരിച്ച് ഒരു പുൾ ബായ്ക്ക് റാലി ഉണ്ടായില്ല. ഇന്നു നിഫ്റ്റിക്ക് 22,515 ലും 22,450 ലും പിന്തുണ പ്രതീക്ഷിക്കാം. 22,600 ലും 22,660 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

വിറ്റുവരവ് 9.7 ശതമാനം കൂടിയപ്പോൾ സനോഫി ഇന്ത്യയുടെ അറ്റാദായം 31 ശതമാനം കൂടി. വരുമാനം 20.5 ശതമാനം വർധിച്ച കെഎസ്ബി യുടെ അറ്റാദായം 33.2 ശതമാനം കുതിച്ചു. ടാറ്റാ പവറിനു സോളർ എനർജി കോർപറേഷനിൽ നിന്ന് 632 കോടി രൂപയുടെ കരാർ ലഭിച്ചു. വൈദ്യുതി വിതരണ ശൃംഖലയ്ക്കായി ട്രാൻസ് റെയിൽ ലൈറ്റിംഗിന് 2752 കോടിയുടെ കരാർ കിട്ടി. എൽഐസിക്കു ജിഎസ്ടി വകുപ്പിൽ നിന്ന് 480 കോടി രൂപയുടെ നികുതി ഡിമാൻഡ് ലഭിച്ചു.

ലാഭമെടുക്കലിൽ ഇടിഞ്ഞു സ്വർണം

വ്യാപാരയുദ്ധം മുറുകുന്ന സാഹചര്യത്തിൽ സ്വർണവിപണി വലിയ ചാഞ്ചാട്ടങ്ങളിലേക്കു നീങ്ങും. ഡോളർ കരുത്തു നേടുന്നതും പലിശ ഉയരുന്നതും വളർച്ച കുറയുന്നതും സ്വർണത്തെ കയറ്റുകയും ഇറക്കുകയും ചെയ്യും. എങ്കിലും എല്ലാ കോളിളക്കങ്ങളും അവസാനമായി സ്വർണത്തിൻ്റെ കയറ്റത്തിലാണ് എത്തുക എന്ന ചരിത്രം വിപണി വിസ്മരിക്കുന്നില്ല. ഈയാഴ്ചത്തെ ലാഭമെടുക്കൽ ഇന്നലെയും തുടർന്നപ്പോൾ സ്വർണം 1.35 ശതമാനം ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്. ഒരാഴ്ച കൊണ്ട് സ്വർണം മൂന്നു ശതമാനം താഴ്ന്നു.

വ്യാഴാഴ്ച രാജ്യാന്തര വില ഔൺസിന് 39.40 ഡോളർ കുറഞ്ഞ് 2877.60 ഡോളറിൽ എത്തി. ഇന്നു രാവിലെ ഔൺസിന് 2874 ഡോളർ വരെ താഴ്ന്നു.

കേരളത്തിൽ വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 64,080 രൂപ ആയി. ഇന്നും വില കുറയാം. രൂപ ഇടിയാൻ സാധ്യത ഉള്ളതിനാൽ സ്വർണത്തിൻ്റെ രാജ്യാന്തര ഇടിവ് ഇവിടെ അതേ പടി ഉണ്ടായെന്നു വരില്ല.

വെള്ളിവില ഔൺസിന് 31.24 ഡോളറിലേക്കു താഴ്ന്നു.

വ്യാഴാഴ്ച ഡോളർ സൂചിക ഗണ്യമായി ഉയർന്ന് 107.24 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 107.30 ലാണ് സൂചിക.വ്യാഴാഴ്ച രാവിലെ രൂപ ഇടിഞ്ഞെങ്കിലും ഉച്ചയ്ക്കു ശേഷം റിസർവ് ബാങ്ക് ഇടപെട്ടതോടെ തിരിച്ചു കയറി. ഡോളർ ഒരു പെെസ താഴ്ന്ന് 87.20 രൂപയിൽ ക്ലോസ് ചെയ്തു.യുഎസ് കടപ്പത്രങ്ങളുടെ വില കൂടി, അവയിലെ നിക്ഷേപനേട്ടം വീണ്ടും കുറഞ്ഞു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.26 ശതമാനത്തിലേക്കു താഴ്ന്നു. 

ക്രൂഡ് ഓയിൽ ചാഞ്ചാടുന്നു

ക്രൂഡ് ഓയിൽ വില ഇന്നലെ ചാഞ്ചാടി. വെനസ്വെലയിൽ എണ്ണ ഖനനം നടത്താൻ ഷെവ്റോൺ കമ്പനിക്കു യുഎസ് നൽകിയ ലൈസൻസ് പ്രസിഡൻ്റ് ട്രംപ് റദ്ദാക്കിയത് വില രണ്ടു ശതമാനത്തിലധികം ഉയർത്തി. കനേഡിയൻ ഉൽപന്നങ്ങൾക്കുള്ള 10 ശതമാനം യുഎസ് ചുങ്കം അവിടെ നിന്നുള്ള ക്രൂഡ് ഓയിലിനും ബാധകമാണ്. അതും വില കൂട്ടാൻ സഹായിച്ചു. യുക്രെയ്ൻ സന്ധി ഉണ്ടായാൽ കൂടുതൽ റഷ്യൻ എണ്ണ വിപണിയിൽ എത്തും എന്ന പ്രതീക്ഷയും ഉണ്ട്.

വ്യാഴാഴ്ച 73.80 ഡോളറിലേക്ക് കയറിയാണ് ബ്രെൻ്റ് ഇനം ക്രൂഡ്  ക്ലാേസ് ചെയ്തത്. ഇന്നു രാവിലെ 74.04 ഡോളർ ആണ്. ഡബ്ല്യുടിഐ ഇനം 70.09 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 76.70 ഡോളറിലേക്കു നീങ്ങി. 

ക്രിപ്റ്റോകൾ താഴ്ന്നു തന്നെ

ക്രിപ്റ്റോ കറൻസികൾ താഴ്ചയിൽ തുടരുന്നു. ബിറ്റ് കോയിൻ ഇന്ന് 84,000 ഡോളറിനു താഴെ നിന്ന് ഒരു ശതമാനം കയറി 84,600 വരെ കയറി.  ഈഥർ വില 2300 ഡോളറിനു തൊട്ടടുത്താണ്. 

മിക്ക വ്യാവസായിക ലോഹങ്ങളും വ്യാഴാഴ്ച താഴ്ന്നു. ചെമ്പ് 0.71 ശതമാനം കുറഞ്ഞ് ടണ്ണിന് 9381.31 ഡോളറിലെത്തി. അലൂമിനിയം 0.14 ശതമാനം താഴ്ന്ന് 2628.85 ഡോളർ ആയി. ടിൻ 3.63 ഉം ലെഡ് 0.16 ഉം ശതമാനം താഴ്ന്നു.  നിക്കൽ 1.77 ഉം സിങ്ക് 0.28 ഉം  ശതമാനം കയറി. 

വിപണിസൂചനകൾ

(2024 ഫെബ്രുവരി 27, വ്യാഴം)

സെൻസെക്സ് 30       74,612.43      +0.01%
നിഫ്റ്റി50      22,545.05          -0.01%
ബാങ്ക് നിഫ്റ്റി    48,743.80    +0.28%

മിഡ് ക്യാപ് 100   49,136.75   -1.14%
സ്മോൾ ക്യാപ് 100    15,156.60   -1.64%

ഡൗ ജോൺസ്    43,239.50       -0.45%

എസ് ആൻഡ് പി    5861.57     -1.59%

നാസ്ഡാക്     18,544.40      -2.78%

ഡോളർ($)         ₹87.20       -₹0.01
ഡോളർ സൂചിക   107. 24     +0.82
സ്വർണം (ഔൺസ്)   $2877.60   -$39.40

സ്വർണം(പവൻ) ₹64,080      -₹320     

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ    $73.80  +$00.78 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com