

അമേരിക്കയും യൂറോപ്യൻ യൂണിയനും വ്യാപാര കരാറിൽ എത്തി. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും യൂറോപ്യൻ യൂണിയൻ പ്രസിഡൻ്റ് ഉർസുല ഫോൺ ഡെർ ലെയ്നും സ്കോട്ട്ലൻഡിലെ ടേൺബെറിയിൽ ട്രംപിൻ്റെ റിസോർട്ടിൽ ഞായറാഴ്ച നടത്തിയ ചർച്ചയിലാണു ധാരണ.
യൂറോപ്യൻ ഉൽപന്നങ്ങൾക്ക് യുഎസ് 15 ശതമാനം ചുങ്കം ചുമത്തും. യുഎസ് സാധനങ്ങൾക്കു യൂറോപ്പ് നിലവിൽ ഈടാക്കുന്ന ചുങ്കത്തിൽ മാറ്റം വരുത്തില്ല. യൂറോപ്യൻ യൂണിയൻ യുഎസിൽ നിന്ന് 75,000 കോടി ഡോളറിൻ്റെ ഇന്ധനം വാങ്ങുകയും അമേരിക്കയിൽ 60,000 കോടി ഡോളറിൻ്റെ മൂലധന നിക്ഷേപം നടത്തുകയും എന്നും എന്ന് ഉറപ്പു നൽകി. വലിയ വ്യാപാരയുദ്ധം ഒഴിവായതിൻ്റെ ആശ്വാസത്തിൽ യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ കയറ്റത്തിലാണ്.
ചൈന - യുഎസ് വ്യാപാര കരാറിൻ്റെ കാലാവധി 90 ദിവസം കൂടി നീട്ടാൻ ഇന്നു യൂറോപ്പിൽ നടക്കുന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും തീരുമാനിക്കും എന്നാണു റിപ്പോർട്ട്.
ഇന്ത്യയുമായുള്ള വ്യാപാരകരാർ കാര്യത്തിൽ ഇതുവരെ ട്രംപിൻ്റെ പ്രഖ്യാപനം ഉണ്ടായിട്ടില്ല. യൂറോപ്പിനു ചുമത്തുന്ന 15 ശതമാനം ചുങ്കം തന്നെ ഇന്ത്യക്കും ചുമത്തും എന്നാണ് ന്യൂഡൽഹിയുടെ ധാരണ. ജപ്പാനും 15 ശതമാനമാണു നിരക്ക്. ഇന്ത്യയോടു മത്സരിക്കുന്ന വിയറ്റ്നാമിന് 20 ഉം ഇന്തോനീഷ്യക്കു 19 ഉം ശതമാനമാണു യുഎസ് ചുമത്തുന്നത്. ബംഗ്ലാദേശിൻ്റെ ചുങ്കം തീരുമാനമായില്ല. താരതമ്യത്തിൽ 15 ശതമാനം തീരുവ ഇന്ത്യക്ക് നേട്ടമാകും എന്നാണു വിലയിരുത്തൽ. ബ്രിട്ടൻ ഒഴികെ എല്ലാ രാജ്യങ്ങൾക്കും ട്രംപ് ചുമത്തുന്ന കുറഞ്ഞ തീരുവയാണ് 15 ശതമാനം. പത്തു ശതമാനം എന്ന മുൻ പ്രഖ്യാപനം ട്രംപ് ഉപേക്ഷിച്ചു.
കഴിഞ്ഞയാഴ്ച ഇന്ത്യൻ വിപണി തുടർച്ചയായ താഴ്ചകളുടെ നാലു വാരം പിന്നിട്ടു. മുഖ്യമായും വ്യാപാരകരാർ ചർച്ചയുടെ അനിശ്ചിതത്വവും ദുർബലമായ കമ്പനി റിസൽട്ടുകളും ആണു വിപണിയെ ഇടിച്ചു താഴ്ത്തിയത്. വ്യാപാരകരാർ കാര്യത്തിൽ തീരുമാനം ഉടനേ പ്രതീക്ഷിക്കുന്നുണ്ട്. ഈ വെള്ളിയാഴ്ച പുതിയ തീരുവ പ്രാബല്യത്തിൽ വരുമെന്നാണു ട്രംപിൻ്റെ പ്രഖ്യാപനം. അതുവരെ അനിശ്ചിതത്വം തുടരും.
ഐടി സേവനമേഖലയിലെ വമ്പൻ ടിസിഎസ് ഈ വർഷം രണ്ടു ശതമാനം ജോലിക്കാരെ പിരിച്ചു വിടും എന്ന് ഇന്നലെ പ്രഖ്യാപിച്ചു. നിർമിതബുദ്ധി വ്യാപകമാകുന്നത് ഐടി സേവനങ്ങൾക്ക് ആവശ്യം കുറയ്ക്കുകയാണെന്നു കമ്പനി പറഞ്ഞു. ആറു ലക്ഷത്തിലധികം ജോലിക്കാരുളള ടിസിഎസ് ഇന്ത്യയിലും പുറത്തുമായി 12,000 ലധികം പേരെ ഒഴിവാക്കും. ഐടി കമ്പനികൾ പ്രതീക്ഷയിലും മോശമായ റിസൽട്ടുകൾ പുറത്തുവിടുന്ന സാഹചര്യത്തിൽ ഈ നീക്കവും വിപണിയിൽ നെഗറ്റീവ് പ്രതികരണം ഉണ്ടാക്കാം.
ഈയാഴ്ച യുഎസ് രണ്ടാം പാദ ജിഡിപി വളർച്ചയുടെ കണക്ക് പുറത്തുവരും. ഒന്നാം പാദത്തിൽ 0.5 ശതമാനം കുറഞ്ഞ വളർച്ച ഈ പാദത്തിൽ 2.4 ശതമാനം ഉയരും എന്നാണു പ്രതീക്ഷ. ബുധനാഴ്ച യുഎസ് ഫെഡറൽ റിസർവിൻ്റെ പണനയ പ്രഖ്യാപനം ഉണ്ടാകും. ഈ തവണ പലിശ കുറയ്ക്കൽ ഉണ്ടാവുകയില്ല എന്നാണു നിഗമനം. പലിശ കുറയ്ക്കൽ സെപ്റ്റംബർ മധ്യത്തിലെ യോഗത്തിൽ മാത്രമേ മിക്കവരും പ്രതീക്ഷിക്കുന്നുള്ളു.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,842.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,863 ലേക്കു കയറിയിട്ട് 24,819 ലേക്ക് താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ഫ്രാൻസ് ഒഴികെയുള്ള യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നഷ്ടത്തിൽ അവസാനിച്ചു. യുഎസ് യൂറോപ്യൻ യൂണിയൻ കരാറിനു സാധ്യത 50:50 മാത്രമാണെന്നു ട്രംപ് പറഞ്ഞത് ആശങ്ക വളർത്തി.
അമേരിക്കൻ വിപണികൾ വെള്ളിയാഴ്ച ഉയർന്നു ക്ലോസ് ചെയ്തു. ഭിന്ന ദിശകളിലായി. എസ് ആൻഡ് പി ഈ വർഷത്തെ 14-ാമത്തെയും നാസ്ഡാക് 15-ാമത്തെയും റെക്കോർഡ് കുറിച്ചു. മൂന്നു പ്രധാന സൂചികകളും പ്രതിവാര നേട്ടവും ഉണ്ടാക്കി. ആഴ്ചയിൽ ഡൗ 1.3 ഉം നാസ്ഡാക് ഒന്നും എസ് ആൻഡ് പി 1.5 ഉം ശതമാനം ഉയർന്നു. എസ് ആൻഡ് പി 500 പട്ടികയിൽ റിസൽട്ട് പ്രസിദ്ധീകരിച്ച 169 കമ്പനികളിൽ 82 ശതമാനവും വിപണിയുടെ നിഗമനത്തേക്കാൾ മികച്ച ഫലമാണ് ഉണ്ടാക്കിയത്.
ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 208.01 പോയിൻ്റ് (0.47%) കയറി 44,901.92 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 25.29 പോയിൻ്റ് (0.40%) ഉയർന്ന് 6388.64 എന്ന റെക്കോർഡിൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 50.36 പോയിൻ്റ് (0.24%) കയറി 21,108.32 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നല്ല നേട്ടത്തിലാണ്. ഡൗ 0.33 ഉം എസ് ആൻഡ് പി 0.37 ഉം നാസ്ഡാക് 0.50 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. വ്യാപാരയുദ്ധഭീതി മിക്കവാറും ഒഴിവായി. യുഎസ് - ചൈന ചർച്ചയിലാണ് എല്ലാവരുടെയും ശ്രദ്ധ. ജാപ്പനീസ് വിപണി തുടക്കത്തിൽ താഴ്ന്നു. ദക്ഷിണ കൊറിയൻ ഓസ്ട്രേലിയൻ വിപണികൾ ഉയർന്നു വ്യാപാരം തുടങ്ങി.
ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത് കെയർ മേഖലകൾ ഒഴികെയുള്ളവ ദുർബലമായതോടെ ഇന്ത്യൻ വിപണി വെള്ളിയാഴ്ച കൂടുതൽ ഇടിവിലായി. സ്മോൾ ക്യാപ് ( 2.10 ശതമാനം താഴ്ച), മിഡ് ക്യാപ് (1.61%) കമ്പനികൾ ആണ് തകർച്ചയ്ക്കു മുന്നിൽ തന്നത്. ഐടി, മെറ്റൽ, ഓയിൽ - ഗ്യാസ്, ഓട്ടോ, മീഡിയ തുടങ്ങിയ മേഖലകൾ വലിയ താഴ്ചയിലായി. 2024 ഒക്ടോബറിനു ശേഷം ഇതാദ്യമായി നിഫ്റ്റി സൂചിക തുടർച്ചയായ നാല് ആഴ്ച താഴ്ന്നു.
നിഫ്റ്റി വെള്ളിയാഴ്ച 225.10 പോയിൻ്റ് (0.90%) ഇടിഞ്ഞ് 24,837.00 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 721.08 പോയിൻ്റ് (0.88%) നഷ്ടത്തോടെ 81,463.09 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 537.15 പോയിൻ്റ് (0.94%) താഴ്ന്ന് 56,528.90 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 951.25 പോയിൻ്റ് (1.61%) നഷ്ടപ്പെടുത്തി 58,009. 45 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 392.35 പോയിൻ്റ് (2.10%) ഇടിഞ്ഞ് 18,294.45 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1061 ഓഹരികൾ മാത്രം ഉയർന്നപ്പോൾ 2969 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് കേവലം 591 എണ്ണം. താഴ്ന്നത് 2350 ഓഹരികൾ.
എൻഎസ്ഇയിൽ 42 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 36 എണ്ണമാണ്. 29 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 93 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 1979.96 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 2138.59 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി 25,000ലെ പിന്തുണ നഷ്ടപ്പെടുത്തിയതോടെ പിന്തുണ നിലവാരം 24,700 ലേക്കു താഴ്ന്നു. വാരാന്ത്യ സംഭവവികാസങ്ങൾ വിപണിയെ തിരിച്ചു കയറാൻ സഹായിക്കുന്നവയാണ്. ഇന്നു നിഫ്റ്റിക്ക് 24,805 ഉം 24,755 ഉം പിന്തുണയാകും. 24,960 ലും 25,010 ലും തടസം ഉണ്ടാകാം.
യൂറോപ്പുമായി അമേരിക്ക വ്യാപാര കരാറിൽ ഏർപ്പെടും എന്ന സൂചനയെ തുടർന്നുള്ള സ്വർണത്തിൻ്റെ ഇടിവ് തുടർന്നു. വെള്ളിയാഴ്ച 31 ഡോളർ താഴ്ന്ന് ഔൺസിന് 3338 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3326 ഡോളറിലേക്കു താഴ്ന്നിട്ട് 3337 ലേക്കു കയറി.
കേരളത്തിൽ വെള്ളിയാഴ്ച പവൻ വില 360 രൂപ താഴ്ന്ന് 73,680 രൂപയായി. ശനിയാഴ്ച 400 രൂപകൂടി ഇടിഞ്ഞ് 73,280 രൂപയായി.
വെള്ളിവില വെള്ളിയാഴ്ച ഔൺസിന് 38.08 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ 38.15 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഭിന്നദിശകളിലായി. ചെമ്പ് 0.74 ശതമാനം താഴ്ന്നു ടണ്ണിന് 9788.00 ഡോളറിൽ എത്തി. അലൂമിനിയം 0.21 ശതമാനം കയറി 2652.00 ഡോളർ ആയി. നിക്കലും സിങ്കും താഴ്ന്നപ്പാേൾ ടിന്നും ലെഡും ഉയർന്നു.
രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 2.42 ശതമാനം കയറി 173.60 സെൻ്റിൽ എത്തി. കൊക്കോ 2.58 ശതമാനം ഉയർന്ന് ടണ്ണിന് 8333.67 ഡോളർ ആയി. കാപ്പി 2.52 ശതമാനം താഴ്ന്നു. തേയില 2.09 ശതമാനം താഴ്ന്നു. പാം ഓയിൽ വില 1.25 ശതമാനം കുറഞ്ഞു.
യുഎസ് ഡോളർ സൂചിക വാരാന്ത്യത്തിൽ ഉയർന്നിട്ട് ഇന്നു രാവിലെ താഴ്ന്നു. വെള്ളിയാഴ്ച 97.65 ൽ ക്ലോസ് ചെയ്ത സൂചിക ഇന്നു രാവിലെ 97.50 ലാണ്.
കറൻസി വിപണിയിൽ യൂറോ 1.1763 ഡോളറിലേക്കും പൗണ്ട് 1.3444 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 147.73 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കാര്യമായ മാറ്റമില്ലാതെ തുടർന്നു. അവയിലെ നിക്ഷേപനേട്ടം 4.396 ശതമാനത്തിലാണ്.
ഡോളർ രാജ്യാന്തര വിപണിയിൽ താഴ്ന്നു നിന്നെങ്കിലും രൂപ വീണ്ടും ഇടിവിലായി. ഡോളർ വെള്ളിയാഴ്ച 11 പൈസ കയറി 86.52 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.15 യുവാൻ എന്ന നിലയിൽ തുടർന്നു.
ക്രൂഡ് ഓയിൽ വിപണി വാരാന്ത്യത്തിൽ താഴ്ന്നിട്ട് ഇന്നു രാവിലെ കയറി. ബ്രെൻ്റ് ഇനം ക്രൂഡ് 68.44 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 68.84 ഡോളറിലും ഡബ്ല്യുടിഐ 65.50 ഡോളറിലും മർബൻ ക്രൂഡ് 71.20 ഡോളറിലും ആണ്.
ക്രിപ്റ്റോ കറൻസികൾ കുതിച്ചു. ബിറ്റ് കോയിൻ ഉയർന്ന് 1,19,300 ഡോളറിനു മുകളിലായി. ഈഥർ 3860 ഡോളറിലേക്കു കയറി.
(2025 ജൂലൈ 25, വെള്ളി)
സെൻസെക്സ്30 81,463.09 -0.88%
നിഫ്റ്റി50 24,837.00 -0.90%
ബാങ്ക് നിഫ്റ്റി 56,528.90 -0.94%
മിഡ് ക്യാപ്100 58,009.45 -1.61%
സ്മോൾക്യാപ്100 18,294.45 -2.10%
ഡൗജോൺസ് 44,901.92 +0.47%
എസ്ആൻഡ്പി 6388.64 +0.40%
നാസ്ഡാക് 21,108.32 +0.24%
ഡോളർ($) ₹86.52 +₹0.11
സ്വർണം(ഔൺസ്) $3338.00 -$31.00
സ്വർണം(പവൻ) ₹73,680 -₹360
ശനി ₹73,280 -₹400
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $68.44 -$0.74
Read DhanamOnline in English
Subscribe to Dhanam Magazine