വിപണികളിൽ അനിശ്ചിതത്വം; ഏഷ്യൻ സൂചനകൾ നെഗറ്റീവ്; ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ലാതെ യുഎസ്; ക്രൂഡ് ഓയിലും സ്വർണവും കുതിക്കുന്നു

രൂപയുടെ വിനിമയ നിരക്കില്‍ ചാഞ്ചാട്ടം; ക്രിപ്‌റ്റോകള്‍ക്ക് കയറ്റം; ഓഹരി വിപണി തിങ്കളാഴ്ച അവധി
TCM, Morning Business News
Morning business newscanva
Published on

ട്രംപിൻ്റെ തീരുവയുദ്ധം അനിശ്ചിതത്വം വർധിപ്പിക്കുന്നു. നിക്ഷേപങ്ങൾ നഷ്ടസാധ്യത കൂടിയ ഓഹരികളിൽ നിന്ന് സ്വർണത്തിലേക്കും കടപ്പത്രങ്ങളിലേക്കും മാറുന്നു. ഈ ആഗാേള പ്രവണതയിൽ നിന്നു വഴിമാറിയാണ് ഇന്നലെ ഇന്ത്യൻ വിപണി നീങ്ങിയത്. ഇന്നും വേറിട്ട വഴിയേ നീങ്ങുമെന്നു കുറേപ്പേർ കരുതുന്നു. 

ഏഷ്യൻ വിപണികൾ നൽകുന്ന സൂചന നെഗറ്റീവ് ആണ്. ക്രൂഡ് ഓയിൽ വില 74 ഡോളർ കടന്നു. 

ഡൽഹിയിൽ നടക്കുന്ന ഇന്ത്യ -യുഎസ് വ്യാപാര കരാർ ചർച്ചയിൽ നിന്ന് ഇനിയും വെളുത്ത പുക വന്നിട്ടില്ല. ധാന്യങ്ങളും ക്ഷീരോൽപന്നങ്ങളും അടക്കം കാർഷികാേൽപന്നങ്ങളുടെ തീരുവ കുറയ്ക്കണം, ഇറക്കുമതി നിയന്ത്രണം നീക്കണം എന്നീ ഡിമാൻഡുകളിൽ അമേരിക്ക വിട്ടുവീഴ്ചയ്ക്കു തയാറായിട്ടില്ല. ഇന്ത്യയിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനികൾ ഇടപാടുകാരുടേതടക്കം വ്യാപാരഡാറ്റ മുഴുവൻ ഇന്ത്യയിലെ സെർവറുകളിൽ  സൂക്ഷിക്കണം എന്ന ഇന്ത്യയുടെ ആവശ്യം യുഎസും സ്വീകരിക്കുന്നില്ല. രണ്ടു ദിവസം കൂടി ചർച്ച തുടരും. അതിലെ പുരോഗതി വിപണിയെ സ്വാധീനിക്കും.

തിങ്കളാഴ്ച വിപണികൾക്ക് അവധിയാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി 23,753 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,742 നും 23,760 നുമിടയിൽ കയറിയിറങ്ങി.  ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ചയും നഷ്ടത്തിലായി. വാഹനങ്ങൾക്കു ട്രംപ് ചുങ്കം ചുമത്തിയത് വാഹനകമ്പനികളെ താഴ്ത്തി. കാനഡയും യൂറോപ്പും ചേർന്ന് യുഎസ് നീക്കത്തെ പ്രതിരോധിക്കാൻ ശ്രമിച്ചാൽ കൂടുതൽ ചുങ്കം ചുമത്തുമെന്ന ട്രംപിൻ്റെ പ്രസ്താവനയും വിപണിക്ക് ആഘാതമായി.

വാഹനങ്ങൾക്കുള്ള ചുങ്കം യുഎസ് വിപണിയെയും താഴ്ത്തി. ട്രംപിൻ്റെ നീക്കങ്ങൾ അദ്ദേഹത്തെ ഊറ്റമായി പിന്തുണച്ചിരുന്ന വ്യവസായികളെയും വിപണിയിലെ നിക്ഷേപ മാനേജർമാരെയും പോലും ചിന്താക്കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ ചെയ്തു കമ്പനികളെ അമേരിക്കയിൽ നിക്ഷേപിക്കാനായി കൊണ്ടുവരാൻ പറ്റുമോ എന്നാണ് അവർ ചോദിക്കുന്നത്. കാനഡയോടും മെക്സിക്കോയോടും ട്രംപ് തന്നെ ഉണ്ടാക്കിയ കരാറിനെ പോലും പുതിയ ചുങ്കം പ്രഖ്യാപനത്തിൽ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അമേരിക്കയുടെ വിശ്വാസ്യത നഷ്ടമാക്കുകയും സഖ്യകക്ഷികളെ എതിരാളികൾ ആക്കുകയുമാണു ട്രംപ് എന്നു വിപണിയും കരുതുന്നു. അമേരിക്കൻ കമ്പനികളായ ജനറൽ മോട്ടോഴ്സ് ഏഴും ഫോഡ് നാലും ശതമാനം ഇടിഞ്ഞു. ഇലോൺ മസ്കിൻ്റെ ടെസ്‌ല മാത്രം അൽപം (0.4%) ഉയർന്നു.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 155.09 പോയിൻ്റ് (0.37%) താഴ്ന്ന് 42,299.70 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 18.89 പോയിൻ്റ് (0.33%) നഷ്ടത്തോടെ 5693.31 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 94.98 പോയിൻ്റ് (0.53%) ഇടിഞ്ഞ് 17,804.00 ൽ ക്ലോസ് ചെയ്തു. 

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ കയറ്റത്തിലാണ്. ഡൗ 0.08 ഉം എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.03 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്നും ഇടിവിലാണ്.  ജപ്പാനിൽ നിക്കൈ രണ്ടു ശതമാനം ഇടിഞ്ഞു.

ദക്ഷിണ കൊറിയയിൽ പ്രധാന  സൂചിക ഒന്നര ശതമാനം താഴ്ന്നു. ചൈനീസ് വിപണിയുടെ തുടക്കവും  നഷ്ടത്തിലാണ്.

താഴ്ചയിൽ നിന്നു കുതിച്ച് ഇന്ത്യൻ വിപണി 

വിദേശ നിക്ഷേപകരും സ്വദേശി ഫണ്ടുകളും വലിയ വാങ്ങലുകാരായ ഇന്നലെ താഴ്ന്ന നിലയിൽ വ്യാപാരം തുടങ്ങിയ ശേഷം ഗണ്യമായി ഉയർന്നാണ് ഇന്ത്യൻ വിപണി ക്ലോസ് ചെയ്തത്. പ്രതിമാസ ഡെറിവേറ്റീവ് ക്ലോസിംഗ് ദിനമായിരുന്നു ഇന്നലെ. മാർച്ച് സീരീസിൽ നിഫ്റ്റി നേട്ടത്തോടെ അവസാനിച്ചു.

ഇന്നലെ സെൻസെക്സ് 77,082 ൽ നിന്ന് 77,747 വരെയും നിഫ്റ്റി 23,412 ൽ നിന്ന് 23,615 വരെയും കയറി. നിഫ്റ്റി 23,575 നും സെൻസെക്സ് 77,600 നും മുകളിൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും ഉയർന്നു. 

ഓട്ടോ, ഫാർമ, ഹെൽത്ത് കെയർ എന്നിവ ഒഴികെ എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. പൊതുമേഖലാ ബാങ്കുകൾ, റിയൽറ്റി, ഓയിൽ - ഗ്യാസ്, മീഡിയ എന്നിവയാണ് വലിയ നേട്ടം ഉണ്ടാക്കിയത്. എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, ബജാജ് ഫിനാൻസ് എന്നിവയുടെ കുതിപ്പാണു മുഖ്യ സൂചികകളെ കയറ്റിയത്.

യുഎസ് വാഹനങ്ങൾക്ക് ചുങ്കം പ്രഖ്യാപിച്ചത് ടാറ്റാ മോട്ടോഴ്സിനെ ഏഴു ശതമാനം വരെ താഴ്ത്തി. ഇന്ത്യൻ ഓട്ടോ കംപോണൻ്റ്, ടയർ കമ്പനികൾക്കും ട്രംപിൻ്റെ ചുങ്കം ക്ഷീണം ചെയ്യും. ഔഷധങ്ങൾക്ക് താമസിയാതെ ചുങ്കം പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.

സൂചികകൾ ഉയർന്നെങ്കിലും വിപണി ദുർബലമായിരുന്നു. വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1638 ഓഹരികൾ  ഉയർന്നപ്പോൾ 2410 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1382 എണ്ണം. താഴ്ന്നത് 1537 എണ്ണം.

ഇന്നലെ 24 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയതു 325 എണ്ണമാണ്. 69 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 198 എണ്ണം ലോവർ സർക്കീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ഇന്നലെ വലിയ അറ്റവാങ്ങലുകാർ ആയിരുന്നു. വിദേശികൾ ക്യാഷ് വിപണിയിൽ 11,111.25 കാേടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 2517.70 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

വ്യാഴാഴ്ച നിഫ്റ്റി 105.10 പോയിൻ്റ് (0.45%) ഉയർന്ന് 23,591.95 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 317.93 പോയിൻ്റ് (0.41%) കയറി 77,606.43 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 366.85 പോയിൻ്റ് (0.72%) ഉയർന്ന് 51,575.85 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.37 ശതമാനം കയറി 51,839.40 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 1.15 ശതമാനം ഉയർന്ന് 16,119.85 ൽ ക്ലോസ് ചെയ്തു.

വിപണി മനോഭാവം ബുള്ളിഷ് ആയിട്ടില്ല. നിഫ്റ്റി 23,400 ലെ പിന്തുണ നിലനിർത്തിയാൽ മാത്രമേ  ഇപ്പോഴത്തെ സമാഹരണം കഴിഞ്ഞ് 23,800-24,000 മേഖലയിലേക്കു കയറാനാവൂ. പിന്തുണ നഷ്ടമായാൽ 23,200 ആണ് ആശ്രയം. ഇന്നു നിഫ്റ്റിക്ക് 23,460 ലും 23,320 ലും പിന്തുണ പ്രതീക്ഷിക്കാം. 23,640 ലും 23,780 ലും തടസം ഉണ്ടാകാം.

സ്വർണം ഉയർന്നു

ട്രംപ് നയങ്ങൾ ഉയർത്തുന്ന അനിശ്ചിതത്വം സ്വർണത്തെ വീണ്ടും റെക്കോർഡ് ഉയരത്തിൽ എത്തിച്ചു. ഔൺസിനു 3050 ഡോളറിനു മുകളിൽ സ്പോട്ട് വില ക്ലോസ് ചെയ്തു. അവധിവില 3068.80 ഡോളറിൽ ക്ലോസ് ചെയ്യും മുൻപ് 3070 വരെ കയറി. ഇന്നു രാവിലെ അവധിവില 3079 ഡോളറിൽ എത്തി. ഏഷ്യൻ വിപണികളിൽ അവധിവില 3107 ഡോളർ കടന്നു.

സാമ്പത്തിക അനിശ്ചിതത്വം സ്വർണവില സംബന്ധിച്ച പ്രവചനങ്ങൾ തിരുത്താൻ വലിയ ബാങ്കുകളെ പ്രേരിപ്പിച്ചു. 2025 അവസാനം 3100 ഡോളർ എന്നു പറഞ്ഞിരുന്ന ഗോൾഡ്മാൻ സാക്സ് അത് 3300 ഡോളർ ആക്കി. 2026-ലെ വിലലക്ഷ്യം 3500 ഡോളറായി ബാങ്ക് ഓഫ് അമേരിക്ക ഉയർത്തി.

ഇന്നലെ സ്വർണം ഔൺസിനു 3057.60 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3069.70 ഡോളർ വരെ കയറി. 

 തീരുവയുദ്ധത്തിൻ്റെ അടുത്തഘട്ടം വ്യക്തമാകുന്ന ഏപ്രിൽ രണ്ടിനു വീണ്ടും സ്വർണവിലയിൽ വലിയ മാറ്റം ഉണ്ടാകാം എന്നാണു വിപണിയിലെ സംസാരം. 

കേരളത്തിൽ വ്യാഴാഴ്ച ആഭരണസ്വർണം പവന് 320 രൂപ വർധിച്ച് 65,880 രൂപയിൽ എത്തി. രാജ്യാന്തര വിലയിലെ 1.12 ശതമാനം കയറ്റം ഇവിടെ ആവർത്തിച്ചാൽ പുതിയ റെക്കോർഡ് കുറിക്കും.66,480 രൂപയാണ് നിലവിലെ റെക്കോർഡ്. 

വെള്ളിവില ഔൺസിന് 34.40 ഡോളറിലേക്കു കുതിച്ചു. 

ഡോളർ സൂചിക വ്യാഴാഴ്ച അൽപം താഴ്ന്ന് 104.34 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.27 ആയി.

രൂപ ഇന്നലെ ചാഞ്ചാടിയ ശേഷം നഷ്ടം കുറച്ചു. ഡോളർ എഴു പെെസ കയറി 85.78 രൂപയിൽ ക്ലോസ് ചെയ്തു. 

യുഎസ് കടപ്പത്രവില ഇന്നലെ കുറഞ്ഞു, അവയിലെ നിക്ഷേപനേട്ടം വർധിച്ചു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.369 ശതമാനത്തിൽ എത്തി. പലിശ കൂടും എന്നാണ് കടപ്പത്ര വിപണി പറയുന്നത്.

74 ഡോളർ കടന്നു ക്രൂഡ്  ഓയിൽ 

ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലാണ്. യുക്രെയ്ൻ വെടിനിർത്തൽ ഇനിയും ആരംഭിച്ചിട്ടില്ല. റഷ്യയുടെ മേലുള്ള ഉപരോധം മാറിയിട്ടുമില്ല. ബ്രെൻ്റ് ഇനം ഇന്നലെ വീപ്പയ്ക്ക് 74.05 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 74.08 ഡോളറിലേക്കു കയറി. ഡബ്ല്യുടിഐ ഇനം 69.98 ഉം യുഎഇയുടെ മർബൻ ക്രൂഡ് 75.48 ഉം ഡോളറിലേക്കു നീങ്ങി. 

ക്രിപ്റ്റോകൾക്ക് കയറ്റം

ക്രിപ്റ്റോ കറൻസികൾ അൽപം കയറി. ബിറ്റ്കോയിൻ ഉയർന്ന് 87,200 ഡോളറിൽ എത്തി. ഈഥർ 2000 ഡോളറിനു മുകളിൽ കയറി. 

വിപണിസൂചനകൾ

(2025 മാർച്ച് 27, വ്യാഴം)

സെൻസെക്സ്30    77,606.43   +0.41%

നിഫ്റ്റി50       23,592.95        +0.45%

ബാങ്ക് നിഫ്റ്റി      51,575.85     +0.72%

മിഡ് ക്യാപ്100    51,839.40     +0.37%

സ്മോൾക്യാപ്100  16,119.85    +1.15%

ഡൗജോൺസ്     42,299.70     -0.37%

എസ് ആൻഡ് പി    5693.31    -0.33%

നാസ്ഡാക്      17,804.00    -0.53%

ഡോളർ($)     ₹85.78     +₹0.07

സ്വർണം(ഔൺസ്)  $3057.60   +$36.90

സ്വർണം(പവൻ) ₹65,880       +₹320 

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ   $74.05  +$0.26

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com