വിദേശ വിപണികൾ കുതിപ്പിൽ; ഇന്ത്യൻ വിപണിയിൽ ഐപിഒ സമ്മർദ്ദം; ഡോളർ കയറുന്നു

രാഷ്ട്രീയം വിടുമെന്ന ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനത്തില്‍ ടെസ്ല ഓഹരി വില കുതിച്ചു; സ്വർണം ചാഞ്ചാടുന്നു
വിദേശ വിപണികൾ കുതിപ്പിൽ; ഇന്ത്യൻ വിപണിയിൽ ഐപിഒ സമ്മർദ്ദം; ഡോളർ കയറുന്നു
Published on

യൂറോപ്പ് - അമേരിക്ക വാണിജ്യ യുദ്ധം ധാരണയിൽ എത്താം എന്ന പ്രതീക്ഷ  ആഗാേള വിപണികളെ ഉയർത്തി. ഏഷ്യൻ വിപണികൾ ഇന്നും കയറ്റത്തിലാണ്. എന്നാൽ ഇന്നലെ വലിയ താഴ്ചയിലായ ഇന്ത്യൻ വിപണി ഇന്നും ദുർബലമായ തുടക്കമാണു പ്രതീക്ഷിക്കുന്നത്. വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ വാങ്ങലും കുറവാണ്. പുതിയ ഐപിഒകൾ വരുന്നതും വിപണിയിൽ വിൽപന സമ്മർദം കൂട്ടുന്നു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,869 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,885 ലേക്കു കയറിയിട്ടു താഴ്ന്നു. ഇന്നു വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ചയും നേട്ടത്തിൽ അവസാനിച്ചു. യുഎസ്- ഇയു ധാരണയുടെ സാധ്യത വിപണികളെ ആവേശം കൊള്ളിച്ചു. ജർമനിയുടെ ഡാക്സ് സൂചിക 24,226.49 എന്ന പുതിയ റെക്കോർഡിൽ ക്ലോസ് ചെയ്തു.

യൂറോപ്യൻ യൂണിയനുമായി ചർച്ചയ്ക്കു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തയാറായതിൻ്റെ ആവേശത്തിൽ യുഎസ് വിപണികൾ ഇന്നലെ കുതിച്ചുകയറി.യുഎസ് കൺസ്യൂമർ കോൺഫിഡൻസ് വിപണി പ്രതീക്ഷിച്ചതിലും മികച്ച നിലവാരത്തിലേക്കു കയറി.

താൻ രാഷ്ട്രീയം വിട്ട് കമ്പനികളുടെ കാര്യത്തിൽ ഇനി കൂടുതൽ ശ്രദ്ധിക്കുന്നതാണെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്ക് ഇന്നലെ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ താഴ്ചയിലായ ടെസ്‌ല ഓഹരി ഏഴു ശതമാനം കുതിച്ചു. എൻവിഡിയ അടക്കം മറ്റ് ടെക് ഓഹരികളും നേട്ടം ഉണ്ടാക്കി. ഇന്നു രാത്രി എൻവിഡിയയുടെ റിസൽട്ട് പ്രസിദ്ധീകരിക്കും.

ഡൗ ജോൺസ് സൂചിക ഇന്നലെ 740.58 പോയിൻ്റ് (1.78%) ഉയർന്ന് 42,343.65 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 118.72 പോയിൻ്റ് (2.05%) കുതിച്ച് 5921.54 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 461.96 പോയിൻ്റ് (2.47%) നേട്ടത്തോടെ 19,199.16 ൽ എത്തി.

ചൊവ്വാഴ്ച യുഎസ് ഫ്യൂച്ചേഴ്സ്  ഉയർന്നു. ഡൗ 63 ഉം (0.15%)  എസ് ആൻഡ് പി 7.00 ഉം (0.12%) നാസ്ഡാക് 23.25 ഉം (0.11%) പോയിൻ്റ് ഉയർന്നു. 

ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണ്.  ജപ്പാനിലും കൊറിയയിലും മുഖ്യ സൂചികകൾ ഉയർന്നു വ്യാപാരം തുടങ്ങി. 

ആശങ്കയിൽ ഇന്ത്യ

ഇന്ത്യൻ വിപണി ചാെവ്വാഴ്ച അപ്രതീക്ഷിതമായി താഴ്ന്നു. വാണിജ്യ കരാറുകൾ അത്ര അനുകൂലമാകില്ല എന്ന ധാരണയും ഉയർന്ന വിലയിൽ എത്തിയിരിക്കുന്ന ഓഹരികളിൽ നിന്നു വിറ്റു മാറുന്നതാണു നല്ലത് എന്ന ചിന്തയും വലിയ ഫണ്ടുകളെ വിൽപനയ്ക്കു പ്രേരിപ്പിച്ചു. 

ചൊവ്വാഴ്ച നിഫ്റ്റി 174.95 പോയിൻ്റ് (0.70%) താഴ്ന്ന് 24,826.20 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 624.82 പോയിൻ്റ് (0.76%) നഷ്ടത്തോടെ 81,551.63 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 219.20 പോയിൻ്റ് (0.39%) താഴ്ന്ന് 55,352.80 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 87.25 പോയിൻ്റ് (0.15 ശതമാനം) കയറി 57,154.50 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 17.35 പോയിൻ്റ് (0.10 ശതമാനം) ഉയർന്ന് 17,725.15 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി മാറി. ബിഎസ്ഇയിൽ 1897 ഓഹരികൾ ഉയർന്നപ്പോൾ 2053 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ  ഉയർന്നത് 1412 എണ്ണം. താഴ്ന്നത് 1 462 ഓഹരികൾ.

എൻഎസ്ഇയിൽ 42 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 13 എണ്ണമാണ്. 101 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 51 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ചൊവ്വാഴ്ച  ക്യാഷ് വിപണിയിൽ 348.45 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 10,104.66 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റി 24,700 ലെ പിന്തുണ ഇന്നു നിലനിർത്തിയാൽ 25,000 ലേക്കു മുന്നേറ്റം തുടരാനാകും. അതിനു താഴോട്ടു വീണാൽ 24,450 - 24,500 ആകും പിന്തുണ നില. ഇന്നു നിഫ്റ്റിക്ക് 24, 725 ഉം 24,640 ഉം പിന്തുണയാകും. 25,000 ലും 25,090 ലും തടസം ഉണ്ടാകാം.

സ്വർണം ചാഞ്ചാടുന്നു

സ്വർണം ചാഞ്ചാട്ടത്തിലാണ്. ഡോളർ സ്ഥിരത കൈവരിക്കാത്തതാണു കാരണം. ഇന്നലെ സ്വർണം ഔൺസിന് 32 ഡോളർ കുറഞ്ഞ് 3302 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3315 ഡോളറിലേക്കു കയറി..

കേരളത്തിൽ ചൊവ്വാഴ്ച പവന് വില കയറിയിറങ്ങിയ ശേഷം 120 രൂപ കുറഞ്ഞ് വില 71,480 രൂപയിൽ എത്തി. 

വെള്ളിവില ഔൺസിന് 33.23 ഡോളറിലാണ്.

ചൊവ്വാഴ്ച വ്യാവസായിക ലോഹങ്ങൾ പൊതുവേ ഉയർന്നു. ചെമ്പ് 0.61 ശതമാനം കയറി ടണ്ണിന് 9652.50 ഡോളറിൽ എത്തി. അലൂമിനിയം 0.64 ശതമാനം ഉയർന്ന് 2476.52 ഡോളർ ആയി. ലെഡ്, സിങ്ക്, നിക്കൽ എന്നിവ ഉയർന്നപ്പോൾ ടിൻ താഴ്ന്നു.

റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.77 ശതമാനം ഉയർന്ന് 170.50 സെൻ്റ് ആയി. കൊക്കോ 0.95 ശതമാനം താഴ്ന്ന് ടണ്ണിന് 9.770.87 ഡോളർ ആയി.

ഡോളർ സൂചിക ഉയരുന്നു

 വ്യാപാരയുദ്ധത്തിൽ ധാരണയ്ക്കു സാധ്യത തെളിഞ്ഞത് ഡോളർ സൂചികയെ  ഉയർത്തി. തിങ്കളാഴ്ച സൂചിക അൽപം ഉയർന്ന് 99.52 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.64 ആയി.

യൂറോ 1.1332 ഡോളറിലേക്കു താഴ്ന്നു. പൗണ്ട് 1.351 ഡോളറിലാണ്. ജാപ്പനീസ് യെൻ ഡോളറിന് 144.26 യെൻ എന്ന നിരക്കിലേക്ക് ഇടിഞ്ഞു.

യുഎസ് 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.469 ശതമാനത്തിലേക്കു താഴ്ന്നു. 

രൂപ തിങ്കളാഴ്ച 24 പെെസ താഴ്ന്നു. ഡോളർ 85.33 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.20 യുവാൻ എന്ന നിലയിൽ തുടരുന്നു.

ക്രൂഡ്  ഓയിൽ കയറിയിറങ്ങി

ക്രൂഡ് ഓയിൽ കയറിയിറങ്ങി. ഇന്നു രാവിലെ ബ്രെൻ്റ് 64.50 ഉം ഡബ്ല്യുടിഐ 61.35ഉം മർബൻ ക്രൂഡ് 63.47'ഉം  ഡോളറിലേക്കു കയറി.  

ബിറ്റ് കോയിൻ ചാഞ്ചാടുന്നു

ബിറ്റ് കോയിൻ ചാെവ്വാഴ്ച ചാഞ്ചാട്ടം തുടർന്നു.  ഇന്നു രാവിലെ 1.09 ലക്ഷം ഡോളറിനു താഴെ ആണ്. ഈഥർ 2650 ഡോളറിനടുത്തു തുടരുന്നു. 

വിപണി സൂചനകൾ

(2025 മേയ് 27, ചൊവ്വ)

സെൻസെക്സ്30   81,551.63     -0.76%

നിഫ്റ്റി50       24,826.20         -0.70%

ബാങ്ക് നിഫ്റ്റി   55,352.80       -0.39%

മിഡ് ക്യാപ്100   57,154.50     +0.15%

സ്മോൾക്യാപ്100  17,725.15    +0.10%

ഡൗജോൺസ്   42,343.65    +1.78%

എസ്ആൻഡ്പി   5921.54      +2.05%

നാസ്ഡാക്      19,199.16    +2.47%

ഡോളർ($)     ₹85.33        +₹0.24

സ്വർണം(ഔൺസ്) $3302.00   -$38.00

സ്വർണം(പവൻ)    ₹71,480      -₹120

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $64.09   -$0.65

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com