
വിദേശ വിപണികൾ ഏതു വഴി നീങ്ങിയാലും ഇന്ത്യൻ വിപണിയെ അതു ബാധിക്കുന്നില്ല. രണ്ടാഴ്ചയായി വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ പണം നിക്ഷേപിക്കുന്നതു തന്നെ പ്രധാനകാരണം. അതിർത്തിയിലെ സംഘർഷാവസ്ഥയാേ ആഗോള വ്യാപാരയുദ്ധമോ തൽക്കാലം കണക്കിലെടുക്കാതെയാണ് ഇന്ത്യൻ സൂചികകൾ കുതിക്കുന്നത്. ഇന്നലെ മികച്ച മുന്നേറ്റം നടത്തിയ വിപണി ഇന്നും കയറ്റം തുടരാനാണു സാധ്യത.
വ്യാപാരയുദ്ധത്തിൽ ചൈനയുമായി അമേരിക്ക ധാരണയിൽ എത്തും എന്ന സൂചനയോടെയാണു കഴിഞ്ഞ വാരാന്ത്യം കടന്നുപോയത്. പക്ഷേ 10 മുതൽ 50 വരെ ശതമാനം തീരുവ എല്ലാവർക്കും ചുമത്തും എന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പിന്നീടു പറഞ്ഞു. കരാറിനു ചൈനയാണു മുൻകൈ എടുക്കേണ്ടത് എന്നു യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞതോടെ യുഎസ് - ചൈന ധാരണ അകലെയാണെന്നു വ്യക്തമായി.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,430 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,494 വരെ കയറി. നിഫ്റ്റി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. യുഎസ് വിപണി തിങ്കളാഴ്ചയും ഭിന്ന ദിശകളിൽ നീങ്ങി. പ്രമുഖ ടെക്നോളജി ഓഹരികളുടെ റിസൽട്ട് വരാനിരിക്കെ നാസ്ഡാക് സൂചിക അൽപം താഴ്ന്നു. മുഖ്യ സൂചികകൾ നേട്ടത്തോടെ വ്യാപാരം തുടങ്ങിയിട്ടു നഷ്ടത്തിലേക്കു വീണു. അവസാനമണിക്കൂറിലാണു തിരിച്ചു കയറി ചെറിയ നേട്ടത്തിൽ അവസാനിച്ചത്.
ഇന്ന് യുഎസ് തൊഴിൽ കണക്ക് പുറത്തുവരും. നാളെ ജിഡിപി കണക്കും. ഈയാഴ്ച ആമസോൺ, ആപ്പിൾ, മെറ്റാ, മൈക്രോസോഫ്റ്റ് എന്നിവയുടെ റിസൽട്ട് വരും. വീസ, കൊക്ക കോള, എലി ലില്ലി, ബെർക്‌ഷയർ ഹാഥവേ തുടങ്ങി എസ് ആൻഡ് പി 500 ലെ 180 കമ്പനികൾ ഈയാഴ്ച റിസൽട്ട് പുറത്തുവിടും.
ട്രംപിൻ്റെ തീരുവ പ്രഖ്യാപനങ്ങൾ സമ്പദ്ഘടനയെ എങ്ങനെ ബാധിക്കും എന്നതിൻ്റെ സൂചന അവയിൽ ഉണ്ടാകും. ഭൂരിപക്ഷം തീരുവകളും മേയ് ആദ്യമാണു നടപ്പാകുന്നത്. അതിനു മുൻപു സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള തിരക്ക് ഏപ്രിലിലെ കണക്കുകളിൽ പ്രതിഫലിക്കും. ഉപയോക്താക്കൾ വല്ലാത്ത ആശങ്കയിലാണെന്നു കൺസ്യൂമർ കോൺഫിഡൻസ് സർവേകൾ കാണിച്ചിട്ടുണ്ട്.
യുഎസ് കമ്പനികളുടെ രണ്ടാം പാദത്തിലെയും മുഴുവൻ വർഷത്തെയും റിസൽട്ട് മോശമാകും എന്നാണു വിലയിരുത്തൽ.
തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 114.09 പോയിൻ്റ് (0.28%) ഉയർന്ന് 40,227.59 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 3.54 പോയിൻ്റ് (0.06%) കയറി 5528.75 ൽ അവസാനിച്ചു. നാസ്ഡാക് 16.81 പോയിൻ്റ് (0.10%) താഴ്ന്ന് 17,366.13 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ കയറ്റത്തിലാണ്. ഡൗ 0.16 ഉം എസ് ആൻഡ് പി 0.25 ഉം നാസ്ഡാക് 0. 34 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ വിപണി അവധിയിലാണ്. ഹോങ് കോങ് വിപണി അര ശതമാനം ഉയർന്നപ്പോൾ ഷാങ്ഹായ് വിപണി അൽപം താഴ്ന്നു.
എല്ലാ ആശങ്കകളെയും അനിശ്ചിതത്വങ്ങളെയും മാറ്റി വച്ച് ഇന്ത്യൻ വിപണി ഇന്നലെ കുതിച്ചു കയറി. ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തി സംഘർഷം നീണ്ട ഏറ്റുമുട്ടലിലേക്കാേ സമ്പൂർണയുദ്ധത്തിലേക്കോ നീങ്ങിയാൽ വിപണി വലിയ താഴ്ചയിലാകും എന്നതു വിപണി പ്രവർത്തകർ മനസിലാക്കുന്നുണ്ട്. എങ്കിലും തൽക്കാലം വിപണിയെ കയറ്റി ലാഭമെടുക്കാനാണു ബുള്ളുകളുടെ ശ്രമം.
ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി താമസിയാതെ തയാറാകും എന്നു യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് പറഞ്ഞത് ഇന്നലെ വിപണിയെ സഹായിച്ചു.
റിലയൻസ് ഇൻഡസ്ടീസ് ഓഹരി ഇന്നലെ 5.07 ശതമാനം ഉയർന്ന് 1366.30 രൂപയിൽ എത്തി. കഴിഞ്ഞ ജൂലൈയിൽ ഓഹരി 1608.80 രൂപ വരെ എത്തിയതാണ്. ഇന്നലെ പല വിദേശ ബ്രോക്കറേജുകൾ റിലയൻസ് ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. നുവാമ 1708 ഉം ജെഫറീസ് 1660 ഉം സിഎൽഎസ്എ യും നൊമുറയും 1650 ഉം രൂപയാണു ലക്ഷ്യ വില പറയുന്നത്.
എസ്എംഎൽ ഇസുസുവിൻ്റെ ഭൂരിപക്ഷം ഓഹരി മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാങ്ങുന്നതായി പ്രഖ്യാപിച്ചു. 555 കോടി രൂപയ്ക്ക് 59 ശതമാനം ഓഹരി സ്വന്തമാക്കും. ഓഹരി ഒന്നിന് 650 രൂപയ്ക്കാണ് ഇടപാട്. വിപണിവിലയുടെ 40 ശതമാനത്തിൽ താഴെയാണിത്. ഇനി ഓപ്പൺ ഓഫർ ഉണ്ടാകും. എസ്എംഎൽ ഓഹരി 10 ശതമാനം താഴ്ന്ന് 1600 രൂപയ്ക്കു താഴെയായി. മഹീന്ദ്ര ഓഹരി 2.30 ശതമാനം ഉയർന്നു. ഇലക്ട്രിക് വാണിജ്യവാഹന വിപണിയിൽ കുതിക്കാൻ ഈ ഏറ്റെടുക്കൽ മഹീന്ദ്രയെ സഹായിക്കും എന്നാണു പ്രതീക്ഷ.
ഐടി ഒഴികെ എല്ലാ മേഖലകളും ഇന്നലെ നേട്ടത്തിലായി. ബാങ്ക്, ധനകാര്യ, റിയൽറ്റി, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ - ഗ്യാസ്, ഫാർമ, ഹെൽത്ത് കെയർ, മെറ്റൽ, മീഡിയ എന്നിവ ഉയർന്നു.
തിങ്കളാഴ്ച നിഫ്റ്റി 289.15 പോയിൻ്റ് (1.20%) ഉയർന്ന് 24,328.50 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1005. S4 പോയിൻ്റ് (1.27%) നേട്ടത്തോടെ 80,218.37 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 768.75 പോയിൻ്റ് (1.41%) കുതിച്ച് 55,432.80 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 870.05 പോയിൻ്റ് (1.62 ശതമാനം) ഉയർന്ന് 54,440.25 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 0.78 ശതമാനം കയറി 16,676.90 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ബിഎസ്ഇയിൽ ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1914 ഓഹരികൾ ഉയർന്നപ്പോൾ 2091 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ കയറ്റത്തിനായി മുൻതൂക്കം. ഉയർന്നത് 1532 എണ്ണം. താഴ്ന്നത് 1375 ഓഹരികൾ.
എൻഎസ്ഇയിൽ 24 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 28 എണ്ണമാണ്. 67 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 88 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ തിങ്കളാഴ്ചയും വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 2474.10 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 2817.64 കോടി രൂപയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞ ഒൻപതു വ്യാപാര ദിനങ്ങൾ കൊണ്ട് വിദേശികൾ 34,974 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചു.
വിപണി ബുള്ളിഷ് മനോഭാവം വീണ്ടെടുത്തു. നിഫ്റ്റിക്ക് 24,550 -24,850 മേഖലയിലേക്കു കുതിപ്പ് ആരംഭിക്കാൻ കഴിയും. ഇന്നു നിഫ്റ്റിക്ക് 24,130 ഉം 24,065 ഉം പിന്തുണയാകും. 24,360 ലും 24,430 ലും തടസം ഉണ്ടാകാം.
ഇൻഡസ് ഇൻഡ് ബാങ്കിൻ്റെ ഡെറിവേറ്റീവ് വ്യാപാരത്തിൽ വന്ന നഷ്ടത്തിൻ്റെ പശ്ചാത്തലത്തിൽ ബാങ്കിൻ്റെ ഡെപ്യൂട്ടി സിഇഒ അരുൺ ഖുറാണ രാജിവച്ചു. ഈ വിഷയത്തിൽ ഉന്നത മാനേജ്മെൻ്റിലെ ആദ്യ രാജിയാണിത്.
ടിവിഎസ് മോട്ടോർ കമ്പനിക്കു നാലാം പാദത്തിൽ വരുമാനം 17 ശതമാനം കൂടിയപ്പോൾ അറ്റാദായം 67 ശതമാനം കുതിച്ചു.
അൾട്രാടെക് സിമൻ്റിന് വിറ്റുവരവ് 14 ശതമാനം കൂടിയപ്പോൾ അറ്റാദായം 10 ശതമാനം ഉയർന്നു.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റ പലിശ വരുമാനം നാലു ശതമാനം കുറഞ്ഞെങ്കിലും അറ്റാദായം 28 ശതമാനം വർധിച്ചു.
ഐഡിബിഐ ബാങ്കിൻ്റെ പലിശ വരുമാനം നാമമാത്രമായി കുറഞ്ഞെങ്കിലും അറ്റാദായ 26 ശതമാനം കുതിച്ചു.
ഹെക്സാവേർ ടെക്നോളജീസിന് വരുമാനം 16.7 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 17.2 ശതമാനം ഉയർന്നു.
ആർപിജി ലൈഫ് സയൻസസിന് വരുമാനം 12.7 ശതമാനം വർധിച്ചപ്പോൾ അറ്റാദായം ഒൻപതു മടങ്ങായി. 109.9 കോടി രൂപയുടെ ഒറ്റത്തവണ വരുമാനമാണു കാരണം.
അദാനി ഗ്രീൻ എനർജിയുടെ വരുമാനം 21.6 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 53.3 ശതമാനം കൂടി. അദാനി ടോട്ടൽ ഗ്യാസിന് വരുമാനം 3.6 ശതമാനം കൂടിയപ്പോൾ ലാഭം 8.6 ശതമാനം ഉയർന്നു.
ഓബറോയ് റിയൽറ്റിയുടെ വരുമാനം 12.5 ശതമാനം കുറഞ്ഞപ്പോൾ ലാഭം 45 ശതമാനം ഇടിഞ്ഞു.
അറ്റ പലിശ വരുമാനം 45.5 ശതമാനം വർധിച്ചിട്ടും ഫിനോ പേമെൻ്റ്സ് ബാങ്കിൻ്റെ ലാഭം 4.8 ശതമാനം കുറഞ്ഞു.
ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ബിപിസിഎൽ, അംബുജ സിമൻ്റ്സ്, സിയറ്റ്, സ്റ്റാർ ഹെൽത്ത്, ട്രെൻ്റ്, വിശാൽ മെഗാ മാർട്ട്, യുടിഐ അസറ്റ് മാനേജ്മെൻ്റ് കമ്പനി, പ്രാജ് ഇൻഡസ്ട്രീസ് തുടങ്ങിയവ ഇന്നു നാലാം പാദ റിസൽട്ടുകൾ പ്രസിദ്ധീകരിക്കും.
പുതിയ ആഴ്ചയുടെ തുടക്കത്തിൽ ഒരു ശതമാനം ഇടിഞ്ഞ സ്വർണം യുഎസ് - ഓഹരിവിപണി താഴ്ന്നതോടെ വീണ്ടും കയറി. എന്നാൽ ഓഹരികൾ അവസാന മണിക്കൂറിൽ കുതിച്ചപ്പോൾ സ്വർണനേട്ടം അൽപം കുറഞ്ഞു. ഇന്നു രാവിലെ വില ഇടിയുകയും ചെയ്തു. തിങ്കളാഴ്ച സ്വർണം ഔൺസിനു 3344.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3325 ഡോളർ വരെ താഴ്ന്നു.
ഡോളറിൻ്റെയും ഓഹരികളുടെയും ഇടിവാണു സ്വർണവിലയെ ഇന്നലെ ഉയർത്തിയത്. കമ്പനിറിസൽട്ടുകളും യുഎസ് ജിഡിപി കണക്കും ഒക്കെ ഈയാഴ്ച വിപണികളെ സ്വാധീനിക്കും. അതനുസരിച്ച് സ്വർണവും കയറിയിറങ്ങും.
കേരളത്തിൽ സ്വർണം പവന് ഇന്നലെ 520 രൂപ കുറഞ്ഞ് 71,520 രൂപയായി.
വെള്ളിവില ഇന്നു രാവിലെ ഔൺസിന് 33.09 ഡോളറാണ്.
ചെമ്പുവില തിങ്കളാഴ്ച 0.24 ശതമാനം കുറഞ്ഞു ടണ്ണിന് 9350 ഡോളർ ആയി. അലൂമിനിയം വില 0.08 ശതമാനം താഴ്ന്നു ടണ്ണിന് 2435.50 ഡോളർ ആയി. ലെഡ് ഒഴികെ എല്ലാ വ്യാവസായിക ലോഹങ്ങളും താഴ്ചയിലാണ്.
രാജ്യാന്തര വിപണിയിൽ റബർ 0.18 ശതമാനം താഴ്ന്നു കിലോഗ്രാമിന് 168.60 സെൻ്റ് ആയി. കൊക്കോ 3.94 ശതമാനം താഴ്ന്ന് 9033.29 ഡോളറിൽ എത്തി. കാപ്പി 2.23 ശതമാനം ഉയർന്നു. പാമോയിൽ വില 2.39 ശതമാനം താഴ്ന്നു.
ഡോളർ സൂചിക തിങ്കളാഴ്ച അര ശതമാനത്തിലധികം താഴ്ന്ന് 99.01 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.14 ലേക്ക് കയറി.
യൂറോ ഇന്നു രാവിലെ 1.139 ഡോളറിലേക്കു താഴ്ന്നു. പൗണ്ട് 1.3418 ഡോളറിലേക്കു താണു. ജാപ്പനീസ് യെൻ ഡോളറിന് 142.40 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു.
യുഎസ് കടപ്പത്രവില കയറ്റം തുടർന്നു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.206 ശതമാനത്തിലേക്ക് ഇടിഞ്ഞു.
രൂപ തിങ്കളാഴ്ച മികച്ച മുന്നേറ്റം നടത്തി. വ്യാപാരത്തിനിടെ ഡോളർ 84.96 രൂപവരെ താഴ്ന്നു. പിന്നീട് അൽപം കയറി 85.03 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.29 യുവാനിൽ നിന്ന് 7.30 യുവാനിലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെൻ്റ് ഇനം ബാരലിന് ഒരു ഡോളർ താഴ്ന്ന് 65.86 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 65.62 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം 61.84 ഡോളറിലേക്കും യുഎഇയുടെ മർബൻ ക്രൂഡ് 66.12 ഡോളറിലേക്കും താഴ്ന്നു.
ക്രിപ്റ്റോ കറൻസികൾ ഉയർന്ന നിലയിൽ ചാഞ്ചാടുകയാണ്. ബിറ്റ് കോയിൻ 93,000 ഡോളറിനു താഴെ എത്തിയ ശേഷം തിരിച്ചു കയറി 95,100 ഡോളർ കടന്നു. ഈഥർ 1800 ഡോളറിനു താഴേക്കു പോന്നു.
(2025 ഏപ്രിൽ 28, തിങ്ക)
സെൻസെക്സ്30 80,218.37 +1.27%
നിഫ്റ്റി50 24,328.50 +1.20%
ബാങ്ക് നിഫ്റ്റി 55,432.80 +1.41%
മിഡ് ക്യാപ്100 54,440.25 +1.62%
സ്മോൾക്യാപ്100 16,676.90 +0.78%
ഡൗജോൺസ് 40,227.59 +0.28%
എസ് ആൻഡ് പി 5528.75 +0.06%
നാസ്ഡാക് 17,366.13 -0.10%
ഡോളർ($) ₹85.03 -₹0.42
സ്വർണം(ഔൺസ്) $3344.80 +₹23.50
സ്വർണം(പവൻ) ₹71,520 -₹520.00
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $65.86 -$1.01
Read DhanamOnline in English
Subscribe to Dhanam Magazine