ഐടി സേവന മേഖലയിൽ വെല്ലുവിളി; വ്യാപാര കരാറിലെ ആശങ്ക നീങ്ങുന്നില്ല; ഏഷ്യൻ വിപണികൾ ഇടിവിൽ

ഇന്ത്യൻ വിപണി വീണ്ടും ആശങ്കയിൽ;സ്വർണം താഴ്ന്നു; ക്രൂഡ് ഓയിൽ ഉയരുന്നു
Morning business news
Morning business newsCanva
Published on

ഇന്ത്യയിലും പുറത്തും വിപണി കൂടുതൽ ദുരിതം മുന്നിൽ കാണുന്നു. ഇന്ത്യയുടെ വ്യാപാരകരാർചർച്ച എങ്ങും എത്തിയിട്ടില്ല. അതു കയറ്റുമതിയെ സാരമായി ബാധിക്കും. ഐടി സേവന കമ്പനികൾ ദൂരിതം നിറഞ്ഞ കാലത്തിലേക്കാണു നീങ്ങുന്നത്. ഈ വർഷത്തെ വരുമാന - ലാഭ പ്രതീക്ഷകൾ ഗണ്യമായി താഴ്ത്തേണ്ടി വരും. ബാങ്ക് മേഖലയും കിട്ടാക്കടങ്ങൾ വർധിക്കുമെന്ന ആശങ്കയിലായി. 

ഏപ്രിൽ - ജൂണിലെ വ്യവസായ ഉൽപാദന വളർച്ച 5.4 ശതമാനത്തിൽ നിന്ന് രണ്ടു ശതമാനമായി ഇടിഞ്ഞതും ശുഭകരമല്ല.

ജൂണിലെ വ്യവസായ ഉൽപാദന വളർച്ച 10 മാസത്തിലെ ഏറ്റവും കുറഞ്ഞ 1.5 ശതമാനം മാത്രമാണ്. ഖനന, വെെദ്യുതി മേഖലകളാണു ജൂണിൽ കൂടുതൽ താഴ്ചയിലായത്.

വിദേശനിക്ഷേപകരും ഇന്ത്യയെ വിട്ടു പോകുന്ന തിരക്കിലാണ്. ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും ഒക്കെയാണ് അവരുടെ ലക്ഷ്യങ്ങൾ.യൂറോപ്പിലും അമേരിക്കയിലും യുഎസ് - യൂറോപ്പ് കരാർ ആവേശത്തിനു പകരം ആശങ്കയാണ് ജനിപ്പിച്ചത്. ഇന്നലെ യൂറോപ്യൻ വിപണികൾ ഇടിഞ്ഞു. ഇന്നു രാവിലെ ഏഷ്യൻ വിപണികളും താഴ്ന്നു. ഇന്ത്യൻ വിപണിയിലും ആശങ്കയാണ് മുന്നിൽ.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,650.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ  24,679 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ഗണ്യമായ നഷ്ടത്തിൽ അവസാനിച്ചു. യുഎസ് -യൂറോപ്യൻ യൂണിയൻ കരാർ യൂറോപ്പിനു ഭാരമാണെന്ന വിലയിരുത്തലാണു വിപണിയിൽ ഉള്ളത്. വാഹന കമ്പനികളും ഹൈനെക്കൻ പോലുള്ള മദ്യ കമ്പനികള താഴ്ന്നു. രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷമാണു പിന്മാറ്റം. അമേരിക്കയിൽ കൂടുതൽ മൂലധന നിക്ഷേപവും അവിടെ നിന്നു കൂടുതൽ ഇന്ധനം വാങ്ങലും ഓഫർ ചെയ്തിട്ടും 15 ശതമാനം തീരുവയാണു യൂറോപ്പിനു ചുമത്തിയിരിക്കുന്നത്. 

അമേരിക്കൻ വിപണികളും തിങ്കളാഴ്ച പ്രതീക്ഷിച്ച മുന്നേറ്റം നടത്തിയില്ല യൂറോപ്പുമായും ഏകപക്ഷീയ കരാർ പ്രഖ്യാപിച്ചെങ്കിലും അത് അമേരിക്കൻ ഉപഭോക്താക്കൾക്കും കമ്പനികൾക്കും അമിതഭാരമാണു വരുത്തുന്നത് എന്നു വിപണി വിലയിരുത്തി.

ഡൗ സൂചിക താഴ്ന്നപ്പോൾ എസ് ആൻഡ് പി ഈ വർഷത്തെ 15-ാമത്തെയും നാസ്ഡാക് 16-ാമത്തെയും റെക്കോർഡ് കുറിച്ചു. ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 64.36 പോയിൻ്റ് (0.14%) താഴ്ന്നു 44,837.56 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 1.13 പോയിൻ്റ് (0.02%) ഉയർന്ന് 6389.77 എന്ന റെക്കോർഡിൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 70.27 പോയിൻ്റ് (0.33%) കയറി 21,178.58 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. 

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ 0.06 ഉം എസ് ആൻഡ് പി 0.11 ഉം  നാസ്ഡാക് 0.25 ഉം ശതമാനം ഉയർന്നു നീങ്ങുന്നു. ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. യുഎസ് - ചൈന വ്യാപാര ചർച്ചയിലാണ് എല്ലാവരുടെയും ശ്രദ്ധ. ജാപ്പനീസ് വിപണി തുടക്കത്തിൽ 0.75 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ വിപണി ഒരു ശതമാനം ഇടിഞ്ഞു.  ഓസ്ട്രേലിയൻ വിപണിയും താഴ്ന്നു വ്യാപാരം തുടങ്ങി. ഹോങ് കോങ്, ചൈനീസ് വിപണികളും താഴ്ചയിലാണ്. 

ഇന്ത്യൻ വിപണി വീണ്ടും ആശങ്കയിൽ

ഇന്ത്യൻ ഐടി മേഖല ആശങ്കപ്പെട്ടതിലും മോശമായ അവസ്ഥയിലേക്കാണു നീങ്ങുന്നത്. ടിസിഎസ് രണ്ടു ശതമാനം പേരെ പിരിച്ചുവിടുന്നതു തുടക്കം മാത്രം. മറ്റു കമ്പനികളും ഈ വഴിയേ നീങ്ങും. ഐടി മേഖലയിലെ ജീവനക്കാർക്കു കൂടുതൽ വായ്പ നൽകിയിട്ടുള്ള പുതിയ തലമുറ സ്വകാര്യ ബാങ്കുകളും ക്രെഡിറ്റ് കാർഡുകാരും പ്രശ്നനാളുകൾ ആണ് അഭിമുഖീകരിക്കാൻ പോകുന്നത്. ബാങ്കുകൾക്കു പൊതുവേ വായ്പാ വിതരണം കുറയുന്ന സമയത്ത് ഒരു നിർണായക വളർച്ച മേഖലയിലെ തിരിച്ചടി വലിയ ആഘാതമായി മാറും.

അമേരിക്കയുമായുള്ള വ്യാപാരചർച്ച എങ്ങുമെത്തുന്നില്ല. ഓഗസ്റ്റ് ഒന്ന് ഈ വെള്ളിയാഴ്ചയാണ്. കരാർ ഉണ്ടാകാത്ത നിലയ്ക്ക് ഇന്ത്യൻ സാധനങ്ങൾക്ക് 26 ശതമാനം ചുങ്കം വരുമോ എന്ന ആശങ്ക നിലനിൽക്കുന്നു. ഔപചാരിക ചർച്ച ഇനി ഓഗസ്റ്റ് പകുതിക്കേ ഉള്ളൂ. അമേരിക്കൻ ഉൽപന്നങ്ങൾക്കു മുഴുവൻ ചുങ്കം പാടേ ഒഴിവാക്കാൻ ഇന്ത്യ സമ്മതിക്കണം എന്നാണു ട്രംപ് ഭരണകൂടം ഇപ്പോൾ നിർബന്ധിക്കുന്നത്. അതു കരാർ നടപ്പാകുമ്പോൾ വേണം. ഇന്ത്യ- യുകെ കരാറിൽ 64 ശതമാനം സാധനങ്ങളേ ആദ്യഘട്ടത്തിൽ തീരുവവിമുക്തമാക്കുന്നുള്ളു. 10 വർഷം കൊണ്ട് 99 ശതമാനത്തിനു തീരുവ ഒഴിവാക്കും. കാർഷിക മേഖലയും തുറന്നു കൊടുക്കണം എന്ന ഡിമാൻഡിലും ട്രംപിനു വിട്ടുവീഴ്ച ഇല്ല.

വിപണി ഈ പ്രതികൂല ഘടകങ്ങൾക്കു മുന്നിൽ എന്തു നിലപാട് എടുക്കും എന്ന് ഈ ദിവസങ്ങൾ കാണിച്ചതാണ്. ഇനിയും ആ വഴിയേ നീങ്ങും എന്നാണ് ആശങ്ക.

എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത് കെയർ മേഖലകൾ ഒഴികെയുള്ളവ ദുർബലമായി തുടർന്നതോടെ ഇന്ത്യൻ വിപണി തുടർച്ചയായ മൂന്നാം ദിവസവും വലിയ താഴ്ചയിലായി. റിയൽറ്റി, ഐടി, മെറ്റൽ, മീഡിയ തുടങ്ങിയ മേഖലകൾ തകർച്ചയുടെ മുന്നിലായിരുന്നു സ്മോൾ ക്യാപ് (1.26 ശതമാനം താഴ്ച), മിഡ് ക്യാപ് (0.84%) കമ്പനികൾ വലിയ വീഴ്ച കണ്ടു. 

നിഫ്റ്റി തിങ്കളാഴ്ച 156.10 പോയിൻ്റ് (0.63%) താഴ്ന്ന് 24,680.90 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 572.07 പോയിൻ്റ് (0.70%) ഇടിവോടെ 80,891.02 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 444.00 പോയിൻ്റ് (0.79%) താഴ്ന്ന് 56,084.90 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 490.10 പോയിൻ്റ് (0.84%) നഷ്ടപ്പെടുത്തി 57,579.35 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 229.70 പോയിൻ്റ് (1.26%) ഇടിഞ്ഞ് 18,064.75 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1200 ഓഹരികൾ മാത്രം ഉയർന്നപ്പോൾ 2951 ഓഹരികൾ ഇടിഞ്ഞു.  എൻഎസ്ഇയിൽ ഉയർന്നത് കേവലം 808 എണ്ണം. താഴ്ന്നത് 2207 ഓഹരികൾ.

എൻഎസ്ഇയിൽ 57 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 62 എണ്ണമാണ്. 70 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 120 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 6082.47 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 6764.55 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

നിഫ്റ്റിയുടെ പിന്തുണനിലവാരം 24,500 ലേക്കു താഴ്ന്നു. ഇന്നു നിഫ്റ്റിക്ക് 24,645 ഉം 24,500 ഉം പിന്തുണയാകും. 24,830 ലും 24,980 ലും തടസം ഉണ്ടാകാം.

സ്വർണം താഴ്ന്നു

യൂറോപ്പ് - അമേരിക്ക വ്യാപാര കരാർ  സ്വർണത്തെ തുടർന്നും താഴ്ത്തി. തിങ്കളാഴ്ച 22.10 ഡോളർ താഴ്ന്ന് ഔൺസിന് 3315.90 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3307 ഡോളറിലേക്കു താഴ്ന്നിട്ട് 3315 ലേക്കു കയറി. വില ഇനിയും താഴും എന്ന സൂചന തുടരുന്നു.

കേരളത്തിൽ തിങ്കളാഴ്ച പവൻ വില മാറ്റമില്ലാതെ 73,280 രൂപയിൽ തുടർന്നു. ഇന്നു വില താഴും. 

വെള്ളിവില തിങ്കളാഴ്ച ഔൺസിന് 38.22 ഡോളറിൽ അവസാനിച്ചു. 

വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച ഇടിവിലായി. ചെമ്പ് 0.05 ശതമാനം താഴ്ന്നു ടണ്ണിന് 9782.90 ഡോളറിൽ എത്തി. അലൂമിനിയം 0.74 ശതമാനം ഇടിഞ്ഞ് 2632.45 ഡോളർ ആയി. നിക്കലും സിങ്കും ടിന്നും ലെഡും ഗണ്യമായി ഇടിഞ്ഞു. 

രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 1.27 ശതമാനം കയറി 175.80 സെൻ്റിൽ എത്തി. കൊക്കോ 2.95 ശതമാനം ഉയർന്ന് ടണ്ണിന് 8574.76 ഡോളർ ആയി. കാപ്പി 1.11 ശതമാനം കയറി. തേയില 1.84 ശതമാനം ഉയർന്നു. പാം ഓയിൽ വില വീണ്ടും 1.25 ശതമാനം കുറഞ്ഞു.

ഡോളർ കയറുന്നു

 യുഎസ് ഡോളർ സൂചിക ഇന്നലെ ഒരു ശതമാനത്തിലധികം ഉയർന്നു.  തിങ്കളാഴ്ച 98.69 വരെ ഉയർന്നിട്ട് 98.63 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 98.65 ലാണ്. 

കറൻസി വിപണിയിൽ യൂറോ 1.1591 ഡോളറിലേക്കും പൗണ്ട്  1.3355 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 148.58 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു. 

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ  വില അൽപം കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.412 ശതമാനത്തിലേക്കു കയറി.

ഡോളർ രാജ്യാന്തര വിപണിയിൽ ഉയർന്നതു മൂലം രൂപ വീണ്ടും ഇടിവിലായി. ഡോളർ തിങ്കളാഴ്ച രാവിലെ താഴ്ന്നിട്ടു ക്ലോസിംഗിൽ 15 പൈസ കയറി 86.67 രൂപയിൽ അവസാനിച്ചു.

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.

ക്രൂഡ് ഓയിൽ ഉയരുന്നു

ക്രൂഡ് ഓയിൽ വിപണി ഉണർവിലായി. യുഎസ്- യൂറോപ്പ് കരാറും യുഎസ് - ചൈന ചർച്ചയും ഡിമാൻഡ് ഉയർത്തുന്ന കാര്യങ്ങളാണ്. തിങ്കളാഴ്ച 2.34 ശതമാനം കയറിയ ബ്രെൻ്റ് ഇനം ക്രൂഡ് 70.04 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 70.08 ഡോളറിലും ഡബ്ല്യുടിഐ 66.7 ഡോളറിലും  മർബൻ ക്രൂഡ് 72.62 ഡോളറിലും ആണ്. പ്രകൃതിവാതക വില രണ്ടു ശതമാനം കൂടി.

ക്രിപ്റ്റോ കറൻസികൾ ചാഞ്ചാടി. ബിറ്റ് കോയിൻ താഴ്ന്ന് 1,18,200 ഡോളറിനു താഴെയായി. ഈഥർ 3800 ഡോളറിനു താഴെ എത്തി. 

വിപണിസൂചനകൾ

(2025 ജൂലൈ 28, തിങ്കൾ)

സെൻസെക്സ്30 80,891.02    -0.70%

നിഫ്റ്റി50       24,680.90         -0.63%

ബാങ്ക് നിഫ്റ്റി   56,084.90     -0.79%

മിഡ് ക്യാപ്100  57,579.35    -0.84%

സ്മോൾക്യാപ്100 18,064.75   -1.26%

ഡൗജോൺസ്  44,837.5    -0.14%

എസ്ആൻഡ്പി  6389.77    +0.02%

നാസ്ഡാക്      21,178.58     +0.33%

ഡോളർ($)     ₹86.67       +₹0.15

സ്വർണം(ഔൺസ്) $3315.90    -$22.10

സ്വർണം(പവൻ)   ₹73, 280    -₹00

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $70.04 +$1.60

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com