വീണ്ടും ഇറാൻ്റെ മിസൈൽ; പ്രത്യാക്രമണം ഉണ്ടായില്ല; ക്രൂഡ് ഓയിൽ വില 88 ഡോളറിലേക്ക്; ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ; യുഎസ് പണനയം ഇന്ന്

ഇന്നു യു.എസ് ഫെഡറൽ റിസർവ് പ്രഖ്യാപിക്കുന്ന പണനയ തീരുമാനത്തെയാണു വിപണികൾ ഉറ്റുനോക്കുന്നത്
Stock Market Pre-opening Analysis
Published on

നാലു ദിവസത്തെ വെടിനിർത്തലിനു ശേഷം കഴിഞ്ഞ രാത്രി ഇറാൻ മിസൈൽ പ്രയോഗിച്ചത് പശ്ചിമേഷ്യൻ യുദ്ധത്തെപ്പറ്റി വീണ്ടും ആശങ്ക വർധിപ്പിച്ചു. ക്രൂഡ് ഓയിൽ 88 ഡോളറിനു സമീപത്തേക്കു കയറി. ഒന്നിലേറെ ബാലിസ്റ്റിക് മിസൈലുകൾ ഒന്നിലേറെ യുഎസ് താവളങ്ങൾക്കു നേരേ പ്രയോഗിച്ചത് ആക്രമണത്തിൻ്റെ ഗൗരവം കാണിക്കുന്നു. എല്ലാ മിസൈലുകളും തകർത്തു. പ്രത്യാക്രമണം ഉണ്ടായില്ല.

ഇസ്രേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുക്രെയ്നിയൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയും ഇന്നലെ വാഷിംഗ്ടണിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തി.

ഇന്നു യു.എസ് ഫെഡറൽ റിസർവ് പ്രഖ്യാപിക്കുന്ന പണനയ തീരുമാനത്തെയാണു വിപണികൾ ഉറ്റുനോക്കുന്നത്. ഫെഡ് റേറ്റ് 3.50 -3.75 ശതമാനത്തിൽ തുടരും എന്നാണു ഭൂരിപക്ഷം പേരും പ്രതീക്ഷിക്കുന്നത്.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്നദിശകളിലാണു നീങ്ങുന്നത്. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,301.00-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,224 വരെ താഴ്ന്നു. വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

മൺസൂൺ കമ്മി 15.8 ശതമാനം

തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിലെ കമ്മി ജൂലൈ 28 ന് 15.8 ശതമാനം ആയി കുറഞ്ഞെന്നു കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. ഐ.എം.ഡിയുടെ നിർവചനമനുസരിച്ച് ശരാശരിയിൽ നിന്നു 19 ശതമാനം കൂടിയതോ കുറഞ്ഞതോ ആയ മഴ നോർമൽ ആണ്. കേരളത്തിൽ കമ്മി 37.12 ശതമാനമായി. ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്, ജാർഖണ്ഡ്, ഗുജറാത്ത്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ 20 ശതമാനത്തിലധികമാണു മഴക്കുറവ്. രാജ്യത്തെ ഭൂവിസ്തൃതിയിൽ 45 ശതമാനത്തിലും മഴയുടെ കമ്മി 20 ശതമാനത്തിൽ കൂടുതലാണ്.

ഡൗ കുതിച്ചു, നാസ്ഡാക് താഴ്ന്നു

എണ്ണവിലയിലെ ഇടിവും പശ്ചിമേഷ്യയിൽ യുദ്ധവിരാമവും തുടർന്നത് ഇന്നലെ പ്രധാന യുഎസ് സൂചികകളെ നേട്ടത്തിലാക്കി എന്നാൽ സെമികണ്ടക്ടർ ചിപ്പ് കമ്പനികൾ താഴ്ച തുടർന്നു. സെമികണ്ടക്ടർ ഇടിഎഫ് തുടർച്ചയായ നാലാം ദിവസവും താഴ്ന്നു.

ആപ്പിൾ ഇന്നലെ അൽപനേരം അഞ്ചു ട്രില്യൺ (ലക്ഷം കോടി) ഡോളർ വിപണിമൂല്യത്തിൽ എത്തി പിന്നീടു 4.99 ട്രില്യണിൽ ക്ലോസ് ചെയ്തു. എൻവിഡിയ അൽപം ഉയർന്നു. ഇലോൺ മസ്‌കിൻ്റെ സ്പേസ് എക്സ് ഉയർന്നു. ടെസ്‌ല നഷ്‌ടം തുടർന്നു. മസ്കിൻ്റെ ട്രില്യണയർ സ്ഥാനം നഷ്‌ടമായി.

ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 537.24 പോയിൻ്റ് (1.03 ശതമാനം) ഉയർന്ന് 52,747.32-ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 15.60 പോയിൻ്റ് (0.21%) കയറി 7428.78 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 55.17 പോയിൻ്റ് (0.22%) താഴ്ന്ന് 24,876.91 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഫ്ലാറ്റ്

ഇറാൻ യുഎസ് താവളങ്ങൾക്കു നേരേ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിനെ തുടർന്നു യുഎസ് ഫ്യൂച്ചേഴ്സ് നേട്ടം കുറച്ചു. ഡൗ ജോൺസ് 38 പോയിൻ്റും (0.07%) എസ് ആൻഡ് പി 15 പോയിൻ്റും (0. 20%) നാസ്ഡാക് 60 പോയിൻ്റും (0.21%) ഉയർന്നു നീങ്ങുന്നു.

എ.ഡി.ആർ വിപണി

ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ചൊവ്വാഴ്ച എച്ച്.ഡി.എഫ്.സി ബാങ്ക് വ്യാപാര സമയത്ത് 1.55 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 23.58 ഡോളറിൽ ക്ലോസ് ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക് നിശ്ചിത സമയത്ത് 1.24% ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 30.26 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 5.56% കുതിച്ച ശേഷം തുടർവ്യാപാരത്തിൽ 0.24% താഴ്ന്ന് 12.32 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 0.52% കയറിയ ശേഷം തുടർവ്യാപാരത്തിൽ 0.45 ശതമാനം ഉയർന്ന് 1.929 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് നേട്ടത്തിൽ

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ചയും ഉയർന്നു. യൂണിലീവർ ജൂൺ പാദത്തിലെ വിറ്റുവരവ് ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ വർധിപ്പിച്ചു. അടുത്ത പാദങ്ങളിൽ അഞ്ചു ശതമാനത്തോളം വളർച്ച പ്രതീക്ഷിക്കുന്നു. ഫെബ്രുവരിക്കു ശേഷം 16 ശതമാനം ഇടിഞ്ഞ ഓഹരി ഇന്നലെ എട്ടു ശതമാനം കയറി.

ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ

ഏഷ്യൻ വിപണികൾ ഇന്നു പല ദിശകളിലാണ്. ദക്ഷിണ കൊറിയൻ സൂചിക കോസ്‌പി 1.5 ശതമാനം ഉയർന്നു. സെമികണ്ടക്ടർ ചിപ് കമ്പനികളുടെ വീഴ്ച തുടരുകയാണ്. ദക്ഷിണ കൊറിയയിലെ ചിപ്പ് ഭീമൻ എസ്കെ ഹൈനിക്സ് അറ്റാദായം മൂന്നിരട്ടി ആക്കിയെങ്കിലും ഓഹരി ചെറിയ താഴ്ചയിലാണ്. ജാപ്പനീസ് നിക്കൈ സൂചിക 0.60 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ സൂചിക ഒരു ശതമാനം കയറി.

ഇന്ത്യൻ വിപണി ചാഞ്ചാടി

ഏഷ്യൻ വിപണികളിലെ വലിയ തകർച്ച ഇന്നലെ ഇന്ത്യൻ വിപണിയെ ചാഞ്ചാട്ടത്തിലേക്കു നയിച്ചു. ഐടിയും റിയൽറ്റിയും വലിയ കുതിപ്പു നടത്തിയെങ്കിലും വിപണിക്കു മുന്നേറാൻ കഴിഞ്ഞില്ല. എഫ്.എം.സി.ജി വമ്പൻ ഹിന്ദുസ്ഥാൻ യൂണിലീവറിൻ്റെ റിസൽട്ട് പ്രതീക്ഷയിലും മോശമായത് ഓഹരിയെ ഏഴു ശതമാനം ഇടിവിലാക്കി. എഫ്എംസിജി സൂചികയും താഴ്ന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്‌ടത്തിലായി.

വിദേശനിക്ഷേപകർ ഇന്നലെ വാങ്ങലുകാരായി. അവർ കാഷ് വിപണിയിൽ 755.33 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശിഫണ്ടുകൾ 1664.16 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി.

ചൊവ്വാഴ്ച സെൻസെക്‌സ് 69.86 പോയിൻ്റ് (0.09%) താഴ്‌ന്ന് 76,765.92 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 10.60 പോയിൻ്റ് (0.04%) കുറഞ്ഞ് 23,985.35 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 331.60 പോയിൻ്റ് (0.58%) നഷ്ടത്തോടെ 56,755.60 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 47.85 പോയിൻ്റ് (0.08%) കൂടി 62,351.50 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 41.90 പോയിൻ്റ് (0.22%) താഴ്ന്ന് 19,080.70 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികൾ താഴ്ന്നു. ബി.എസ്.ഇയിൽ 1528 ഓഹരികൾ കയറി, 2740 ഓഹരികൾ താഴ്ന്നു. എൻ.എസ്.ഇയിൽ 1146 എണ്ണം ഉയർന്നപ്പോൾ 2120 എണ്ണം താഴ്ന്നു.

കമ്പനികൾ, വാർത്തകൾ

ഹിന്ദുസ്ഥാൻ യൂണിലീവർ ജൂൺ പാദത്തിൽ വിറ്റുവരവ് 10 ശതമാനം വർധിപ്പിച്ചു. എന്നാൽ അറ്റാദായം 3.2 ശതമാനം കുറഞ്ഞു. പ്രതീക്ഷയിലും മോശമായി റിസൽട്ട്.

ലാർസൻ ആൻഡ് ടൂബ്രോ ജൂൺ പാദത്തിൽ വരുമാനം ഏഴു ശതമാനം കൂടിയപ്പോൾ അറ്റാദായം 14 ശതമാനം വർധിപ്പിച്ചു. കമ്പനിക്കു പതിയ കരാറുകൾ 14 ശതമാനം വർധിച്ചു. വിപണിയുടെ നിഗമനത്തേക്കാൾ മികച്ചതായി റിസൽട്ട്.

ആസ്തികൾ 22 ശതമാനം വർധിച്ചപ്പോൾ ടാറ്റാ കാപ്പിറ്റൽ ജൂൺ പാദത്തിലെ അറ്റാദായം 56 ശതമാനം ഉയർത്തി. ബിർലാ സോഫ്റ്റിൻ്റെ ജൂൺ പാദ അറ്റാദായം 51.2 ശതമാനം കുതിച്ചു.

സ്വർണം ചാഞ്ചാട്ടത്തിൽ

അമേരിക്കൻ ഫെഡറൽ റിസർവിൻ്റെ പണനയ പ്രഖ്യാപനം കാത്തിരിക്കുന്ന സ്വർണ വിപണി ഇന്നലെ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ഇന്നു രാവിലെ കൂടുതൽ താഴ്ന്ന ശേഷം കയറ്റത്തിലായി. സ്വർണം ചൊവ്വാഴ്ച 1.17 ശതമാനം താഴ്‌ന് ഔൺസിനു 4029.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4009 ഡോളറിലേക്കു താഴ്ന്ന ശേഷം 4018 ലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ചൊവ്വാഴ്ച 1240 രൂപ കുറഞ്ഞ് 1,05,720 രൂപയിൽ എത്തി.

വെള്ളിവില ചൊവ്വാഴ്ച താഴ്ന്ന് ഔൺസിന് 57.45 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 57.32 ഡോളർ ആയി. പ്ലാറ്റിനം 1604 ഡോളർ, പല്ലാഡിയം 1251 ഡോളർ, റോഡിയം 7925 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ ഇടിഞ്ഞു

ചൊവ്വാഴ്ച വ്യാവസായിക ലോഹങ്ങൾ ഇടിഞ്ഞു. യുഎസ് ഫെഡ് പലിശ കൂട്ടുമോ എന്ന ആശങ്ക വിപണിയിൽ ഉണ്ട്. ചെമ്പ് 1.20 ശതമാനം താഴ്ന്നു ടണ്ണിനു 13,643.45 ഡോളർ ആയി. അലൂമിനിയം 1.17 ശതമാനം നഷ്‌ടത്തോടെ 3143.10 ൽ ക്ലോസ് ചെയ്തു. സിങ്കും ടിന്നും നിക്കലും ലെഡും താഴ്ന്നു.

കാപ്പിയും കൊക്കോയും കയറി

കൊക്കോ വില ചൊവ്വാഴ്ച 1.98 ശതമാനം ഉയർന്ന് ടണ്ണിന് 5201.00 ഡോളറിൽ എത്തി. എൽ നിനോ പ്രതിഭാസം ഉണ്ടെങ്കിലും ഇൻഡോനീഷയിൽ ഉൽപാദനം കൂടും എന്ന് അന്താരാഷ്ട്ര കൊക്കോ സംഘടന വിലയിരുത്തി. പശ്ചിമാഫ്രിക്കയിൽ ഉൽപാദനം കുറയും.

അറബിക്ക കാപ്പിവില 4.91 ശതമാനം കയറി പൗണ്ടിന് 3.40 ഡോളർ ആയി. കാപ്പി സ്റ്റോക്ക് 2024 മാർച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.

ഡോളർ സൂചിക താഴുന്നു

യു.എസ് ഡോളർ സൂചിക ചൊവ്വാഴ്ച താഴ്ന്ന് 101.42-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.37 വരെ താഴ്ന്നു. യൂറോ 1.1388 ഡോളറിലേക്കു കയറി. പൗണ്ട് 1.3285 ഡോളറിലേക്കു താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 163.72 യെൻ എന്ന നിലയിൽ ആയി. ചൈനീസ് യുവാൻ ഡോളറിന് 6.77 യുവാനിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.618 ശതമാനത്തിലേക്കു കയറി. ഇന്നലെ 4.604 വരെ താഴ്ന്നതാണ്.

രൂപ കയറി

ചൊവ്വാഴ്ച ഇന്ത്യൻ രൂപ തുടക്കത്തിൽ മികച്ച മുന്നേറ്റം നടത്തി. ഡോളർ 95.63 രൂപ വരെ താഴ്ന്നു. പിന്നീടു ഡോളർ ഡിമാൻഡ് കൂടിയതോടെ 95.86 രൂപയിൽ ക്ലോസ് ചെയ്തു. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.60 രൂപയിൽ ആണ്. ചൈനീസ് യുവാൻ 14.16 രൂപയിലും യൂറോ 109.17 രൂപയിലും നിൽക്കുന്നു.

ക്രൂഡ് ഓയിൽ കയറുന്നു

ഇന്നലെയും കുത്തനെ താഴ്ന്ന ക്രൂഡ് ഓയിൽ വില ഇറാൻ്റെ മിസൈൽ വിക്ഷേപണത്തെ തുടർന്ന് തിരിച്ചു കയറ്റം തുടങ്ങി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ചൊവ്വാഴ്ച 4.3 ശതമാനം ഇടിഞ്ഞു വീപ്പയ്ക്ക് 84.09 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില നാലര ശതമാനം കുതിച്ച് 87.78 ഡോളർ ആയി. ഡബ്ള്യു.ടി.ഐ ഇനം 82.56 ഡോളറിൽ എത്തി.

ക്രിപ്റ്റോകൾ താഴ്ചയിൽ

ക്രിപ്റ്റോകറൻസികൾ താഴ്‌ന്ന നിലയിൽ തുടരുന്നു. ബിറ്റ് കോയിൻ ഇന്നു രാവിലെ 63,950 ഡോളറിനു താഴെ എത്തി. ഈഥർ 1920 ഡോളറിനും സൊലാന 74 ഡോളറിനും താഴെ നിൽക്കുന്നു.

വിപണി സൂചനകൾ

(2026 ജൂലൈ 28, ചൊവ്വ)

  • സെൻസെക്സ്: 76,765. 92 -0.09%

  • നിഫ്റ്റി-50: 23,985.35 -0.04%

  • ബാങ്ക് നിഫ്റ്റി: 56,755.60 -0.58%

  • മിഡ്ക്യാപ്-100: 62,351.50 +0.08%

  • സ്മോൾക്യാപ്-100: 19,080.70 -0.22%

  • ഡൗജോൺസ്: 52,747.32 +1.03%

  • എസ്ആൻഡ്പി: 7428.78 +0.21%

  • നാസ്ഡാക്: 24,876.91 -0.22%

  • ഡോളർ: ₹95.86 -₹0.05

  • സ്വർണം (ഔൺസ്): $4029.80 -$47.80

  • സ്വർണം (പവൻ): ₹1,05,720 +₹1240

  • ക്രൂഡ്ഓയിൽ-ബ്രെൻ്റ്: $84.09 -$4.27

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com