

പശ്ചിമേഷ്യയിൽ വീണ്ടും ആക്രമണങ്ങൾ നടന്നെങ്കിലും അവ വ്യാപകമായില്ല. ലബനനിലെ സമാധാന നീക്കത്തിൽ നിന്ന് ഇറാനെയും അവരുടെ കൂട്ടാളികളായ ഹിസ്ബുള്ളയെയും ഒഴിവാക്കിയതാണു പുതിയ സംഘർഷത്തിനു കാരണം. നാളെ ഖത്തറിൽ യുഎസ് - ഇറാൻ ചർച്ച നടക്കും എന്നാണു പുതിയ റിപ്പോർട്ട്. ഇതു വിപണികൾക്കു ചെറിയ ആശ്വാസമാകും. സ്വിറ്റ്സർലൻഡിലെ ചർച്ചകളും തുടരും.
ക്രൂഡ് ഓയിൽ വില ചെറിയ പരിധിയിൽ ചാഞ്ചാടുകയാണ്. ഏഷ്യൻ വിപണികൾ ടെക് ഓഹരികളെ പറ്റിയുള്ള ആശങ്കയിൽ താഴ്ച തുടർന്നു. കഴിഞ്ഞയാഴ്ച യുഎസിലും ടെക് ഓഹരികൾ ഇടിഞ്ഞു. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വാരാന്ത്യത്തിൽ 24,096.50-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,937 വരെ താഴുകയും 24,140 വരെ കയറുകയും ചെയ്തു. ഇന്നു വിപണി കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് 2027 ആദ്യം ഇന്ത്യയിൽ സന്ദർശനം നടത്തും. അതിനു മുൻപു സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഒരു തവണ കൂടി ഡൽഹിയിൽ വരും. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിനു തിരിച്ചടി നേരിടുകയോ ഇറാൻ യുദ്ധം നീണ്ടു പോകുകയോ ചെയ്താൽ സന്ദർശനം കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കുകയില്ല. മറിച്ചായാൽ ഇന്ത്യക്കു നേട്ടം ഉണ്ടാകും. ഇന്ത്യ- അമേരിക്ക വ്യാപാര കരാർ അതിനു മുൻപ് ഒപ്പു വയ്ക്കുമോ എന്നു വ്യക്തമല്ല. കയറ്റുമതിയിൽ മത്സരിക്കുന്ന രാജ്യങ്ങളേക്കാൾ കുറഞ്ഞ തീരുവ ആണെങ്കിൽ മാത്രമേ കരാറിൽ ഏർപ്പെടൂ എന്നാണ് ഇന്ത്യയുടെ നിലപാട്.
തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ജൂൺ 28-ലെ നിലവച്ച് 43.1 ശതമാനം കുറവാണെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജ്യത്തെ 71 ശതമാനം പ്രദേശത്തും മഴക്കുറവ് 20 ശതമാനത്തിലധികമാണ്. പ്രധാന കാർഷിക മേഖലകളിൽ 40 മുതൽ 90 വരെ ശതമാനം കുറവ് മഴയേ ലഭിച്ചിട്ടുള്ളൂ. ഭക്ഷ്യവിലക്കയറ്റ ഭീഷണി ഉയരുന്നുണ്ട്.
യു.എസ് വിപണിയിൽ കഴിഞ്ഞയാഴ്ച ഐടി, എഐ, മെമ്മറി ചിപ് കമ്പനികൾക്കു തിരിച്ചടി നേരിട്ടു. ടെക് ഓഹരികൾക്കു മുൻതൂക്കം ഉള്ള നാസ്ഡാക് കോംപസിറ്റ് സൂചിക ആഴ്ചയിൽ 4.6 ശതമാനം ഇടിഞ്ഞു. തുടർച്ചയായ അഞ്ചു ദിവസവും സൂചിക നഷ്ടത്തിലായി. എസ് ആൻഡ് പി സൂചിക രണ്ടു ശതമാനം താഴ്ന്നു. എന്നാൽ ഡൗ ജോൺസ് ആഴ്ചയിൽ 0.6 ശതമാനം ഉയർന്നു.
സ്പേസ് എക്സ് ഓഹരി ലിസ്റ്റിംഗിൻ്റെ രണ്ടാം ആഴ്ചയിൽ നേട്ടം മുഴുവൻ നഷ്‌ടപ്പെടുത്തിയതും ഓപ്പൺ ഐഐ ഐപിഒ അടുത്ത വർഷത്തേക്കു നീട്ടിവയ്ക്കാൻ ആലോചിക്കുന്നതായ റിപ്പോർട്ടും ഡാറ്റാ സെൻ്ററുകൾക്കായുളള എഐ കമ്പനികളുടെ ഭീമമായ നിക്ഷേപത്തെപ്പറ്റിയുള്ള ആശങ്കകളും നിക്ഷേപകരെ അലട്ടി. എഐ കമ്പനികൾ അടിസ്ഥാന സൗകര്യങ്ങൾക്കായി നടത്തുന്ന വമ്പൻ നിക്ഷേപം ലാഭകരമാകാൻ അനേകവർഷങ്ങൾ വേണ്ടി വരുമെന്നു ജെപി മോർഗൻ വിലയിരുത്തിയതും നിക്ഷേപകരെ ചിന്തിപ്പിക്കുന്നുണ്ട്. ഓപ്പൺ എഐയുടെ ഐപിഒ വൈകുന്നത് എഐയിലെ നിക്ഷേപങ്ങൾ കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.
മെമ്മറി ചിപ് ക്ഷാമം മൂലം ആപ്പിളും മൈക്രോസോഫ്റ്റും കഴിഞ്ഞയാഴ്ച ഉൽപന്നവില വർധിപ്പിച്ചു. ആപ്പിൾ ഐഫോണിനു വില കൂട്ടിയില്ലെങ്കിലും വൈകാതെ അതും വർധിപ്പിക്കും എന്നു വിപണി കണക്കുകൂട്ടുന്നു. വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 44.51 പോയിൻ്റ് (0.09 ശതമാനം) താഴ്ന്ന് 51,876.11 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 3.47 പോയിൻ്റ് (0.05%) നഷ്ടത്തോടെ 7354.02 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 60.99 പോയിൻ്റ് (0.24%) താഴ്ന്ന് 25,297.62 ൽ ക്ലോസ് ചെയ്തു.
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വെള്ളിയാഴ്ച വിപണിസമയത്ത് 1.46 ശതമാനം ഉയർന്നിട്ട് തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 25.74 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.41 ശതമാനം കയറിയിട്ടു തുടർവ്യാപാരത്തിൽ 1.90 ശതമാനം ഇടിഞ്ഞ് 28.99 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 1.99 ശതമാനം കയറിയശേഷം തുടർവ്യാപാരത്തിൽ 0.46 ശതമാനം ഉയർന്ന് 10.83 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 3.65 ശതമാനം കുറിച്ച ശേഷം തുടർവ്യാപാരത്തിൽ 0.44 ശതമാനം കയറി 2.28 ഡോളറിൽ അവസാനിച്ചു.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ ജോൺസ് 138 പോയിൻ്റും (0.26%) എസ് ആൻഡ് പി 35 പോയിൻ്റും (0.47%) നാസ്ഡാക് 127 പോയിൻ്റും (0.43%)നേട്ടത്തോടെ നീങ്ങുന്നു.
യൂറോപ്പ് ഇടിവിൽ
മെമ്മറി ചിപ് കമ്പനികളുടെ തകർച്ചയിൽ യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഇടിഞ്ഞു.
ഏഷ്യൻ വിപണികൾ താഴുന്നു
ഏഷ്യൻ വിപണികളിൽ ടെക് ആഘാതം തുടരുകയാണ്. കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയൻ സൂചിക കോസ്‌പി 9385.59 എന്ന റെക്കോർഡ് നിലയിൽ നിന്നു 10.4 ശതമാനം ഇടിഞ്ഞാണു ക്ലോസ് ചെയ്തത്. ജപ്പാനിൽ നിക്കൈ തിങ്കളാഴ്ച എത്തിയ റെക്കോർഡ് ഉയരത്തിൽ നിന്നു 4.75 ശതമാനം താഴെയായി. കഴിഞ്ഞയാഴ്ച കൊറിയയിൽ എസ്കെ ഹൈനിക്സും സാംസംഗും പത്തു ശതമാനത്തിലധികവും ജപ്പാനിൽ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് 15 ഉം ശതമാനം ഇടിഞ്ഞു. ഇന്നു കൊറിയൻ സൂചിക 2.5 ഉം ജാപ്പനീസ് സൂചിക ഒന്നും ശതമാനം താഴ്‌ന്നു വ്യാപാരം തുടങ്ങി. പിന്നീടു നഷ്ടം കുറച്ചു. ഹോങ് കോങ്, ഷാങ്ഹായ് സൂചികകളും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.
ബുധനാഴ്ച കുതിച്ചുകയറിയ ഇന്ത്യൻ വിപണി വ്യാഴാഴ്‌ച രാവിലെ വീണ്ടും കയറിയിട്ട് അവസാന മണിക്കൂറിൽ ഒരു ശതമാനത്തോളം ഇടിഞ്ഞു നാമമാത്ര നേട്ടത്തിൽ അവസാനിച്ചു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അര ശതമാനത്തിലധികം നഷ്‌ടത്തിലായി.
വിദേശ നിക്ഷേപകർ വ്യാഴാഴ്ച അറ്റ വാങ്ങലുകാരായിരുന്നു. അവർ ക്യാഷ് വിപണിയിൽ 383.76 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5747.75 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. ജൂണിൽ ഇതുവരെ വിദേശികളുടെ വിൽപന 53,022 കോടി രൂപയാണ്. മേയിൽ 32,963 കോടി രൂപ ആയിരുന്നു. ഈ വർഷം ഇതുവരെ വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിന്നു 2,77,954 കോടി രൂപ പിൻവലിച്ചു. അതേ സമയം ജൂണിൽ അവർ കടപ്പത്രങ്ങളിൽ 48,994 കോടി രൂപ നിക്ഷേപിച്ചു.
വ്യാഴാഴ്ച സെൻസെക്‌സ് 109.25 പോയിൻ്റ് (0.14%) ഉയർന്ന് 77,100.47-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 34.35 പോയിൻ്റ് (0.14%) കയറി 24,056.00 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 26.70 പോയിൻ്റ് (0.05%) നേട്ടത്തോടെ 58,177.05-ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 339.75 പോയിൻ്റ് (0.55%) താഴ്ന്ന് 61,795.50 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 88.95 പോയിൻ്റ് (0.47%) കുറഞ്ഞ് 18,790.35 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിൽ കയറ്റത്തിൻ്റെ ഇരട്ടിയോളം ഓഹരികൾ താഴ്ന്നു.ബിഎസ്ഇയിൽ 1602 ഓഹരികൾ കയറി, 2627 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1221 എണ്ണം ഉയർന്നപ്പോൾ 2052 എണ്ണം താഴ്ന്നു. വ്യാജകണക്ക് വിവാദത്തിൽ കുരുങ്ങിയ രാജേഷ് എക്സ്പോർട്സ് വ്യാഴാഴ്ചയും അഞ്ചു ശതമാനം ഇടിഞ്ഞു ലോവർ സർകീട്ടിൽ എത്തി. കമ്പനിയുടെ ഓഫീസുകളിൽ ഇഡി നടത്തിയ പരിശോധനയിൽ പല ഇടപാടുകൾക്കും രേഖകൾ കണ്ടെത്തിയില്ല എന്നാണു റിപ്പോർട്ട്.
കഴിഞ്ഞയാഴ്ച അവസാന ദിനങ്ങളിൽ ക്രൂഡ് ഓയിലിൻ്റെ വിലയിടിവ് സ്വർണത്തെ തിരികെ കയറ്റിയിരുന്നു. വെള്ളിയാഴ്ച സ്വർണം ക്ലോസ് ചെയ്തത് ഔൺസിന് 4090.60 ഡോളറിലാണ്. എന്നാൽ വാരാന്ത്യത്തിലെ പശ്ചിമേഷ്യൻ സംഘർഷം ഇന്നു രാവിലെ സ്വർണത്തെ താഴ്‌ത്തി. ഇറാൻ- യുഎസ് സംഘർഷം തുടരുകയും ക്രൂഡ് ഓയിൽ കയറുകയും ചെയ്താൽ യുഎസ് ഫെഡ് പലിശ കൂട്ടും എന്ന ഭീതി ഉണ്ട്. തുടർന്നു സ്വർണം ഒരു ശതമാനം താഴ്ന്ന് 4047 ഡോളറിൽ എത്തി. പിന്നീട് ക്രൂഡ് ഓയിൽ താഴ്ന്നപ്പോൾ സ്വർണം 4060 ലേക്കു കയറി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവൻ ശനിയാഴ്ച 1040 രൂപ കയറി 1,05,560 രൂപ ആയി. വെള്ളിവില കഴിഞ്ഞ ആഴ്ച ഔൺസിന് 59.31 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 58.47-ലേക്കു താഴ്ന്നു. പ്ലാറ്റിനം 1611 ഡോളർ, പല്ലാഡിയം 1184 ഡോളർ, റോഡിയം 7200 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
വ്യാവസായിക ലോഹങ്ങൾ മിക്കതും വെള്ളിയാഴ്ച ഉയർന്നു. ചെമ്പ് 0.70 ശതമാനം കയറി ടണ്ണിനു 13,287.00 ഡോളർ ആയി. അലൂമിനിയം 0.47 ശതമാനം കൂടി 3179.50 ൽ ക്ലോസ് ചെയ്തു. സിങ്കും ടിന്നും ഉയർന്നു. ലെഡും നിക്കലും താഴ്ന്നു.
വ്യാഴാഴ്ചയും വിദേശത്ത് റബർ വില താഴ്ന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 308.20 ഡോളറിലും ആർഎസ്എസ് മൂന്ന് 304.80 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് ശനിയാഴ്ച 27,000 രൂപയിലേക്കു വില താഴ്ന്നു. കൊക്കോ വില കഴിഞ്ഞയാഴ്ച ടണ്ണിന് 5247 ഡോളറിൽ എത്തിയിട്ടു വെള്ളിയാഴ്ച അൽപം താഴ്ന്ന് 5095 ഡോളർ ആയി. എൽ നിനോ പ്രതിഭാസം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉൽപാദനം കുറയ്ക്കും എന്നു വ്യക്തമായതാണ് വിപണിയെ നയിക്കുന്നത്.
യു.എസ് ഡോളർ അൽപം താഴ്ന്നു . വെള്ളിയാഴ്ച ഡോളർ സൂചിക 101.36 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.39 വരെ കയറി. യൂറോ 1.1384 ഡോളറിലേക്കും പൗണ്ട് 1.3195 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 161.73 യെൻ എന്ന നിലയിലാണ്. ചൈനീസ് യുവാൻ ഡോളറിന് 6.80 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.382 ശതമാനമായി ഇടിഞ്ഞു.
ഇന്ത്യൻ രൂപ ചാഞ്ചാട്ടങ്ങൾക്കു ശേഷം വ്യാഴാഴ്ച നല്ല നേട്ടത്തിൽ അവസാനിച്ചു. ഡോളർ 27 പൈസ താഴ്‌ന്ന് 94.40 രൂപയിൽ അവസാനിച്ചു. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 94.46 രൂപയായി. ചൈനീസ് യുവാൻ 13.83 രൂപയിലേക്കും യൂറോ 107.05 രൂപയിലേക്കും താഴ്ന്നു.
ക്രൂഡ് ഓയിൽ ചാഞ്ചാടി
വാരാന്ത്യത്തിലെ പശ്ചിമേഷ്യൻ സംഘർഷം ഇന്നു രാവിലെ ക്രൂഡ് ഓയിൽ വിലയെ ഒരു ശതമാനത്തിലധികം ഉയർത്തി. നാളെ ഖത്തറിലെ ദോഹയിൽ യുഎസ്- ഇറാൻ ചർച്ച നടക്കും എന്ന സൂചനയെ തുടർന്നു വില അൽപം താഴ്ന്നു. വെള്ളിയാഴ്ച 71.99 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ഇന്നു രാവിലെ 72.50 ഡോളറിലാണ്. ഡബ്ള്യുടിഐ ഇനം 70.03 ഡോളറിലായി.
ക്രിപ്റ്റോകൾ ഇടിവിൽ
ക്രിപ്റ്റോ കറൻസികൾ താഴ്ന്ന നിലയിൽ തുടരുകയാണ്. ബിറ്റ് കോയിൻ ഇന്നലെ 59,500 ഡോളറിനു മുകളിലാണ്. ഈഥർ 1570 ഡോളറിനും സൊലാന 71.5 ഡോളറിനും താഴെയാണ്.
(2026 ജൂൺ 25, വ്യാഴം)
സെൻസെക്സ്: 77,100.47 +0.14%
നിഫ്റ്റി-50: 24,056.00 +0.14%
ബാങ്ക് നിഫ്റ്റി: 58,177.05 +0.05%
മിഡ്ക്യാപ്-100: 61,795.50 -0.55%
സ്മോൾക്യാപ്-100: 18,790.05 -0.47%
ഡൗജോൺസ്: 51,920.62 +0.14%
എസ്ആൻഡ്പി: 7357.49 -0.01%
നാസ്ഡാക്: 25,358.60 -0.46%
ഡോളർ: ₹94.40 -₹0.27
സ്വർണം (ഔൺസ്): $4028.00 +$27.60
സ്വർണം (പവൻ): ₹1,03,640 -₹1160
ക്രൂഡ്ഓയിൽ-ബ്രെൻ്റ്: $75.26 +$1.52
2026 ജൂൺ 26, വെള്ളി
ഡൗജോൺസ്: 51,876.11 -0.09%
എസ്ആൻഡ്പി: 7354.02 -0.05%
നാസ്ഡാക്: 25,297.62 -0.24%
സ്വർണം (ഔൺസ്): $4090.60 +$62.00
സ്വർണം (പവൻ): ₹1,04,680 +₹1040
ശനി: ₹1,05,560 +₹880
ക്രൂഡ്ഓയിൽ-ബ്രെൻ്റ്: $71.99 -$3.27
Read DhanamOnline in English
Subscribe to Dhanam Magazine