വിപണികൾ നഷ്ടത്തിൽ; ആശ്വാസറാലി കാത്ത് ഇന്ത്യ; ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിൽ; സ്വർണം ഇടിഞ്ഞു

ഗിഫ്റ്റ് നിഫ്റ്റി സൂചിക ഇന്നു രാവിലെ 22,799 വരെ ഇടിഞ്ഞു; ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന
Stock Market pre-opening analysis
Morning Business UpdatesImage: Cana/Dhanam Media
Published on: 

ആഗോള ആകുലതകൾക്കൊപ്പം വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതും കാർഷികോൽപാദനം കുറയുന്നതും ഇന്ത്യൻ വിപണിയെ ആശങ്കയിലാക്കുന്നു. ചെറിയ ആശ്വാസറാലി പ്രതീക്ഷിച്ച വിപണിക്ക് ഏഷ്യൻ വിപണികളിലും യുഎസ് ഫ്യൂച്ചേഴ്സിലും ഉള്ള തളർച്ച ആവേശം കെടുത്തുന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി സൂചിക തിങ്കളാഴ്ച രാത്രി 22,817.00-ൽ ക്ലോസ് ചെയ്തു. ഇന്നു (സെപ്റ്റംബർ 29) രാവിലെ 22,799 വരെ ഇടിഞ്ഞു. ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

ഖത്തർ ചർച്ച തുടരുന്നു

അമേരിക്കയും ഇറാനുമായുള്ള പരോക്ഷ ചർച്ച ഖത്തർ ഇടനിലക്കാരായി നിന്നു. പക്ഷേ കാര്യമായ പുരോഗതി ഇല്ല. ഇറാൻ പുതിയ നിർദേശം വച്ചതും അമേരിക്കയ്ക്കു സ്വീകാര്യമല്ലെന്നാണു സൂചന. ആണവകാര്യത്തിൽ ഇറാൻ വഴങ്ങിയാൽ നാവിക ഉപരോധം നീക്കാനും ഇറാൻ്റെ പിടിച്ചുവച്ച സമ്പത്ത് വിട്ടുകൊടുക്കാനും താൻ സന്നദ്ധത അറിയിച്ചെന്ന റിപ്പോർട്ട് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നിഷേധിച്ചു. ആണവകാര്യത്തിൽ വ്യക്തമായ ഉറപ്പു കിട്ടിയാലേ നേരിട്ടുള്ള ചർച്ച നടക്കൂ എന്നാണു യുഎസ് നിലപാട്.

ഹോർമുസ് വഴി യുദ്ധത്തിനു മുൻപ് കടന്നിരുന്നതിൻ്റെ 60 ശതമാനം ക്രൂഡ് ഓയിൽ ഇപ്പോൾ കടത്തുന്നുണ്ട്. ഇറാൻ്റെ എണ്ണ കയറ്റുമതി പ്രയോഗികമായി മുടങ്ങി. ഈ സാഹചര്യത്തിൽ എണ്ണയുടെ പേരിൽ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് യുഎസ് വിലയിരുത്തൽ. ഇറാനാണ് ഇപ്പോൾ ഹോർമുസ് ഉപരോധം നീക്കേണ്ട ആവശ്യം. നവംബറിലെ യുഎസ് തെരഞ്ഞെടുപ്പിൻ്റെ പേരിൽ വിട്ടുവീഴ്ച ചെയ്തു കരാറിൽ എത്തുന്നതിൽ രാഷ്ട്രീയനേട്ടം ഇല്ലെന്നും ട്രംപ് കരുതുന്നു. ഇറാനിൽ കാര്യങ്ങൾ തീരുമാനിക്കുന്ന ഐആർജിസി എന്ന സായുധവിഭാഗം ഏതെങ്കിലും കരാർ ഉണ്ടായാലും സ്വീകരിക്കുമെന്ന ഉറപ്പുമില്ല. യുഎസ് കർക്കശ നിലപാടിൻ്റെ കാരണം അതാണ്.

പലിശപ്പേടി കൂടുന്നു

ക്രൂഡ് ഓയിൽ വില ഉയരുന്നതും റിഫൈനറികൾ തകർന്നതു മൂലം ഡീസൽവില കുതിക്കുന്നതും പലിശ വർധനയെ അനിവാര്യമാക്കുന്നു. ഒക്ടോബർ അവസാനം യുഎസ് ഫെഡ് നിരക്കു കാൽ ശതമാനം കൂടി കൂട്ടാനുള്ള സാധ്യത 70.3 ശതമാനമായി ഉയർന്നു. ഇതു കണക്കാക്കി അമേരിക്കയിലും മറ്റു രാജ്യങ്ങളിലും കടപ്പത്ര വിലകൾ ഇടിയുകയാണ്. അവയിലെ നിക്ഷേപനേട്ടം (yield) 2004നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയായി.

രണ്ടു വർഷ ട്രഷറിക്ക് 4.926ഉം 10 വർഷത്തിന് 5.233ഉം 30 വർഷത്തിന് 5.62ഉം ശതമാനമായി. നിക്ഷേപനേട്ടം ഉയരുമ്പോൾ പുതിയ ബോണ്ടുകൾക്ക് സ്വകാര്യ മേഖലയും കൂടുതൽ പലിശ നൽകണം. അതു കമ്പനികൾക്കു തിരിച്ചടിയാകും. കടപ്പത്ര തകർച്ച ഓഹരികളിൽ നിന്നു നിക്ഷേപകരെ പിന്മാറ്റും. കറൻസി വിപണികൾ ഉലയും. വികസ്വര രാജ്യങ്ങളിൽ നിന്നു നിക്ഷേപം പിൻവലിക്കും. ഇന്ത്യയുടെ ആശങ്ക വർധിപ്പിക്കുന്ന കാര്യമാണത്.

യു.എസ് വിപണി ചുവപ്പിൽ

യുദ്ധവും സാമ്പത്തിക ആശങ്കകളും ഇന്നലെ യുഎസ് വിപണികളെ തകർച്ചയിലാക്കി. ബോയിംഗ് 737 മാക്സ് 10 വിമാനങ്ങളിൽ കണ്ട പുതിയ സോഫ്റ്റ്‌വേർ തകരാർ പഠിച്ചിട്ടേ വിമാനങ്ങൾക്കു പറത്തൽ അനുമതി നൽകൂ എന്നു വ്യോമയാന റെഗുലേറ്റർ പറഞ്ഞതു ബോയിംഗ് ഓഹരിയെ ഏഴു ശതമാനം താഴ്ത്തി. പലിശ വർധന എഐ കമ്പനികളെ നഷ്ടത്തിലാക്കി. 15,000 കോടി ഡോളറിൻ്റെ ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപിച്ച എൻവിഡിയ മാത്രമായിരുന്നു ആ വിഭാഗത്തിൽ നേട്ടം ഉണ്ടാക്കിയത്.

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 347.11 പോയിൻ്റ് (0.67 ശതമാനം) താഴ്ന്ന് 51,481.51ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 59.72 പോയിൻ്റ് (0.77%) നഷ്‌ടത്തോടെ 7683.69ൽ എത്തി. നാസ്ഡാക് കോംപസിറ്റ് 248.34 പോയിൻ്റ് (0.92%) ഇടിഞ്ഞത് 26,820.38ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഇടിവിൽ

യു.എസ് ഫ്യൂച്ചേഴ്‌സ് താഴ്ച തുടരുകയാണ്. ഡൗ ജോൺസ് 50 പോയിൻ്റും (0.10%) എസ് ആൻഡ് പി 12 പോയിൻ്റും (0.15%) നാസ്ഡാക് 87 പോയിൻ്റും (0.29%) താഴ്ന്നു.

എഡിആർ വിപണി

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ എച്ച്ഡിഎഫ്സി ബാങ്ക് തിങ്കളാഴ്ച വ്യാപാര സമയത്ത് 2.61 ശതമാനം ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 0.58 ശതമാനം കയറി 22.54 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 2.22% താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ 0.95% ഉയർന്ന് 27.56 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 0.19% കയറിയ ശേഷം തുടർ വ്യാപാരത്തിൽ 0.57% താഴ്ന്നു 10.46 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 1.82 ശതമാനം താഴ്ന്നിട്ട് തുടർ വ്യാപാരത്തിൽ 0.62% ഉയർന്ന് 1.63 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് പലവഴി

യൂറോപ്യൻ ഓഹരിവിപണികൾ തിങ്കളാഴ്ച ഭിന്നദിശകളിൽ നീങ്ങി. ജർമൻ, ബ്രിട്ടീഷ് വിപണികൾ നാമമാത്രമായി താഴ്ന്നു. ഫ്രഞ്ച് സൂചികയും സ്റ്റോക്സ് 600 ഉം നാമമാത്രമായി ഉയർന്നു.

ഏഷ്യൻ വിപണികൾ താഴുന്നു

ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ സൂചിക ഒരു ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ കോസ്‌പി 0.85 ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയൻ സൂചിക 0.20 ശതമാനം ഉയർന്നു. തായ്‌വാൻ സൂചിക 0.45 ശതമാനം താഴ്ന്നു. ഹോങ് കോങ്ങിലെ ഹാങ് സെങ് 0.40 ശതമാനവും ചൈനയിലെ ഷാങ്ഹായ് സൂചിക 0.20 ശതമാനവും താഴ്ചയിലാണ്.

ചോരപ്പുഴയിൽ ഇന്ത്യൻ വിപണി

ക്രൂഡ് ഓയിൽ വില, പലിശ എന്നീ ആഗോള ആശങ്കകളും എൽ-നിനോ മൂലമുള്ള കാർഷികോൽപാദന നഷ്‌ടവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഇന്ത്യൻ വിപണിയെ ഇന്നലെ ചോരപ്പുഴയിലാക്കി. എല്ലാ ബിസിനസ് മേഖലയിലെയും ഓഹരികൾ ഇടിഞ്ഞു. സെൻസെക്സ് 73,000നും നിഫ്റ്റി 23,000നും താഴെയായി. ഈയാഴ്ച കൂടി നിഫ്റ്റി താഴ്‌ന്നാൽ തുടർച്ചയായ എട്ട് ആഴ്ചകളിലെ ഇടിവാകും. 25 വർഷത്തിനിടയിലെ ആദ്യ അനുഭവമാകും അത്. നിഫ്റ്റി-50, ജനുവരിയിലെ സർവകാല ഉയരത്തിൽ നിന്നു 13.62-ഉം സെൻസെക്സ് ഡിസംബറിലെ സർവകാല ഉയരത്തിൽ നിന്നു 15.53-ഉം ശതമാനം താഴ്ചയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്.

പൊതുമേഖലാ ബാങ്കുകൾ ആണ് ഇന്നലെ ഏറ്റവുമധികം ഇടിഞ്ഞത്. പൊതുമേഖലാ ബാങ്ക് സൂചിക 3.24 ശതമാനം നഷ്‌ടത്തിലായി. ബാങ്ക് ഓഫ് ഇന്ത്യ 5.76 ഉം ബാങ്ക് ഓഫ് മഹാരാഷ്ട്ര 4.75 ഉം ഇന്ത്യൻ ബാങ്ക് 3.48 ഉം ശതമാനം ഇടിഞ്ഞു. കാപ്പിറ്റൽ മാർക്കറ്റ്, ധനകാര്യ, വാഹന, മെറ്റൽ, എഫ്എംസിജി, പ്രതിരോധ, ഓയിൽ, ടൂറിസം മേഖലകളും കുത്തനേ താഴ്ന്നു.

എൻഎസ്ഇ ഓഹരി 1.74 ശതമാനം താഴ്ന്ന് ഐപിഒ വിലയിലും കുറവായി 1761.50 രൂപയിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ ഓഹരി 3.15 ശതമാനം ഇടിഞ്ഞു. ബിഎസ്ഇയിൽ ഇന്നലെ മൂന്ന് ഓഹരികൾ കയറുമ്പോൾ എട്ട് ഓഹരികൾ താഴുകയായിരുന്നു. 1271 ഓഹരികൾ കയറി, 3218 ഓഹരികൾ നഷ്‌ടത്തിലായി. എൻഎസ്ഇയിൽ കയറുന്ന ഒന്നിന് മൂന്നെണ്ണം ഇടിഞ്ഞു. 861 ഓഹരികൾ കയറിയപ്പോൾ 2696 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകർ ഇന്നലെയും കനത്ത വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 5353.22 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5189.02 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.

തിങ്കളാഴ്ച സെൻസെക്‌സ് 1124.02 പോയിൻ്റ് (1.52%) ഇടിഞ്ഞ് 72,771.72 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 360.25 പോയിൻ്റ് (1.56%) നഷ്ടത്തോടെ 22,780.25 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1108.75 പോയിൻ്റ് (1.99%) തകർന്ന് 54,471.65 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 991.80 പോയിൻ്റ് (1.63%) ഇടിഞ്ഞ് 59,914.20 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 364.15 പോയിൻ്റ് (1.85%) താഴ്‌ന്ന് 19,351.20ൽ ക്ലോസ് ചെയ്തു.

സ്വർണം 4,100-ലേക്ക്

പലിശ വർധനയുടെ ആശങ്ക സ്വർണത്തെ തകർച്ചയിലാക്കി. തിങ്കളാഴ്ച നാലു ശതമാനത്തോളം (170 ഡോളർ) ഇടിഞ്ഞ സ്വർണം ഔൺസിന് 4116.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ചെറിയ നേട്ടത്തോടെ 4130 ഡോളറിൽ എത്തി. ജൂൺ-ജൂലൈയിൽ 4000 - 4100 ഡോളറിലായിരുന്നു സ്വർണം. വീണ്ടും അങ്ങോട്ടാണു പോക്ക് എന്നു വിപണി കരുതുന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ഇന്നലെ രണ്ടു തവണയായി വില 2640 രൂപ ഇടിഞ്ഞ് 1,09,320 രൂപ ആയി. വെള്ളി വിലയും ഇടിയുകയാണ്. തിങ്കളാഴ്ച 5.68 ശതമാനം നഷ്‌ടപ്പെട്ട് ഔൺസിന് 60.77 ഡോളറിൽ ക്ലോസ് ചെയ്തു. പ്ലാറ്റിനം 1708 ഡോളർ, പല്ലാഡിയം 1195 ഡോളർ, റോഡിയം 8525 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ ഇടിഞ്ഞു

പലിശ ഭീതി വ്യാവസായിക ലോഹങ്ങളെ താഴ്ത്തി. ചെമ്പ് 1.33 ശതമാനം ഇടിഞ്ഞു ടണ്ണിന് 14,544.35 ഡോളർ ആയി. അലൂമിനിയം 0.43 ശതമാനം താഴ്‌ന്ന് 3252.00 ഡോളറിൽ എത്തി. ലെഡും സിങ്കും ടിന്നും താഴ്ന്നു. നിക്കൽ ഉയർന്നു.

റബർ ഭിന്നദിശകളിൽ

രാജ്യാന്തര വിപണിയിൽ റബർ വീണ്ടും താഴ്ന്നു. എന്നാൽ കേരളത്തിൽ റബർവില കയറ്റം തുടർന്നു. തിങ്കളാഴ്ച ബാങ്കോക്കിൽ ആർഎസ്എസ്-1 ക്വിൻ്റലിന് 283.50 ഡോളറിലും ആർഎസ്എസ്-3 ക്വിൻ്റലിന് 280.00 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ്-4 ഇനം ക്വിൻ്റലിന് 27,900 രൂപയിലേക്ക് കയറി.

കൊക്കോ കയറി

കൊക്കോ വില 0.53 ശതമാനം താഴ്ന്നു ടണ്ണിന് 5589 ഡോളറിൽ ക്ലോസ് ചെയ്തു. ഐവറി കോസ്റ്റിൻ്റെ പല ഭാഗങ്ങളിലും വരൾച്ച തുടരുന്നത് ഉൽപാദനം കുറയ്ക്കും എന്നു കരുതുന്നു. അറബിക്ക കാപ്പി 3.64 ശതമാനം കയറി പൗണ്ടിന് 2.888 ഡോളർ ആയി. പാം ഓയിൽ 0.17 ശതമാനം താഴ്ന്നു ടണ്ണിന് 4664 മലേഷ്യൻ റിംഗിറ്റ് ആയി.

ഡോളർ സൂചിക ഉയരുന്നു

യു.എസ് ഡോളർ സൂചിക തിങ്കളാഴ്ച ഉയർന്ന് 101.20 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.26 ലേക്കു കയറി. യൂറോ 1.1367 ഡോളറിലേക്കു താണു. പൗണ്ട് 1.3247 ഡോളറിലേക്കു താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 157.36 യെൻ വരെ കയറി. ചൈനീസ് യുവാൻ ഡോളറിന് 6.71 എന്ന നിരക്കിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 5.23 ശതമാനമായി.

രൂപ ദുർബലം

തിങ്കളാഴ്ച രൂപ നഷ്‌ടത്തിലായി. ഡോളർ 17 പൈസ കൂടി 95.98 രൂപയിൽ അവസാനിച്ചു. വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നലെ 96.08 രൂപ വരെ കയറിയിട്ട് ഇന്നു രാവിലെ 95.99 രൂപയിൽ നിൽക്കുന്നു. ചൈനീസ് യുവാൻ 14.30 രൂപയിലേക്കു കയറി. യൂറോ 109.11 രൂപ ആയി.

ക്രൂഡ് ഓയിൽ വീണ്ടും കയറി

ക്രൂഡ് ഓയിൽ തിങ്കളാഴ്ച കയറ്റം തുടർന്നു. ബ്രെൻ്റ് ഇനം തിങ്കളാഴ്ച ഒരു ശതമാനം കയറി 105.28 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.62 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 93.60 ഡോളറിലാണ്.

ക്രിപ്റ്റോകൾ ഇടിവിൽ

ക്രിപ്റ്റോ കറൻസികൾ താഴോട്ടു നീങ്ങുകയാണ്. ബിറ്റ്കോയിൻ ഇന്നു രാവിലെ 83,000 ഡോളറിനു താഴെ വന്നു. ഈഥർ 2660 ഡോളറിനും സൊലാന 117 ഡോളറിനും താഴെ എത്തി.

വിപണി സൂചനകൾ

(2026 സെപ്റ്റംബർ 28, തിങ്കൾ)

  • സെൻസെക്സ്: 72,771.72 -1.52%

  • നിഫ്റ്റി-50: 22,780.25 -1.56%

  • ബാങ്ക് നിഫ്റ്റി: 54,471.65 -1.99%

  • മിഡ് ക്യാപ്-100: 59,914.20 -1.63%

  • സ്മോൾ ക്യാപ്-100: 19,351.20 -1.85:%

  • ഡൗജോൺസ്: 51,481.51 -0.67%

  • എസ്ആൻഡ്പി: 7683.69 -0.77%

  • നാസ്ഡാക്: 26,820.38 -0.92%

  • ഡോളർ: ₹95.98 +₹0.17

  • സ്വർണം (ഔൺസ്): $4116.10 -$170.10

  • സ്വർണം (പവൻ): ₹1,09,320 -₹2640

  • ക്രൂഡ് ഓയിൽ-ബ്രെൻ്റ്: $105.28 +0.96

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com