

പശ്ചിമേഷ്യയിൽ വീണ്ടും ചർച്ചയ്ക്കു കളമൊരുങ്ങുന്നു. രണ്ടു ദിവസമായി ആക്രമണങ്ങൾ നടക്കുന്നില്ല. ഇതോടെ ക്രൂഡ് ഓയിൽ വില ഇടിഞ്ഞ് 84 ഡോളറിനു താഴെ വന്നു. യു.എസ് ഓഹരി ഫ്യൂച്ചേഴ്സ് കയറ്റത്തിലാണ്. എന്നാൽ പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് രാവിലെ താഴ്ചയിലാണ്. സെമികണ്ടക്ടർ ചിപ്പ് കമ്പനികളുടെ ഇടിവാണു കാരണം.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,448.00-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,594 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിലെ കമ്മി ഓഗസ്റ്റ് രണ്ടിനു 11.6 ശതമാനം ആയി കുറഞ്ഞെന്നു കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. ഐഎംഡിയുടെ നിർവചനമനുസരിച്ച് ശരാശരിയിൽ നിന്നു 19 ശതമാനം കൂടിയതോ കുറഞ്ഞതോ ആയ മഴ നോർമൽ ആണ്. കേരളത്തിൽ കമ്മി 26 ശതമാനമായി കുറഞ്ഞു. ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്, ഹരിയാന, ജാർഖണ്ഡ്, കർണാടക, ആന്ധ്രപ്രദേശ്, കേരളം, ആസാം, മേഘാലയ സംസ്ഥാനങ്ങളിൽ 20 ശതമാനത്തിലധികമാണു മഴക്കുറവ്. രാജ്യത്തെ ഭൂവിസ്തൃതിയിൽ 33 ശതമാനത്തിലും മഴയുടെ കമ്മി 20 ശതമാനത്തിൽ കൂടുതലാണ്.
ഫെഡ് നയം തിരുത്താത്തതിലെ വ്യസനം മാറ്റി കമ്പനി ഫലങ്ങളെ ശ്രദ്ധിച്ച യു.എസ് വിപണി വെള്ളിയാഴ്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. ആഴ്ചയിൽ ഡൗവും എസ് ആൻഡ് പിയും ഓരോ ശതമാനവും നാസ്ഡാക് 1.6 ശതമാനവും ഉയർന്നു. എന്നാൽ ജൂലൈയിൽ നാസ്ഡാക് സൂചിക 3.2 ശതമാനം ഇടിഞ്ഞു. ഡൗ 0.3 ശതമാനം കയറിയപ്പോൾ എസ് ആൻഡ് പി 0.1 ശതമാനം താഴ്ന്നു.
സാമ്പത്തികപാദ റിസൽട്ടുകളെ തുടർന്ന് ആമസോൺ 15.3-ഉം ആൽഫബെറ്റ് ഏഴും ശതമാനം കുതിച്ച വെള്ളിയാഴ്ച ആപ്പിൾ 7.3 ശതമാനം ഇടിഞ്ഞു. മൈക്രോസോഫ്റ്റും എൻവിഡിയയും മൂന്നു ശതമാനം വീതം ഉയർന്നു.
ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് വീണ്ടും ഇടിഞ്ഞ് 108.37 ഡോളർ ആയി. ലിസ്റ്റിംഗ് വിലയിൽ നിന്നു 33 ശതമാനവും വിപണിയിലെ ഉയർന്ന വിലയിൽ നിന്ന് 53 ശതമാനവും താഴെയാണ് ഓഹരിയുടെ വില. തുടർവ്യാപാരത്തിലും ഓഹരി താഴ്ന്നു. സ്പേസ് എക്സ് ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള ആദ്യത്തെ സാമ്പത്തിക പാദ റിസൽട്ട് നാളെ പുറത്തുവിടും. റിസൽട്ടിനു ശേഷം ഓഹരി 18 ശതമാനം ഉയരുമെന്ന് ചാറ്റ് ജിപിടി പ്രവചിച്ചിട്ടുണ്ട്. സ്പേസ് എക്സിൻ്റെ ഉപേക്ഷിക്കപ്പെട്ട ഒരു ഫാൽകൺ 9 റോക്കറിൻ്റെ ഭാഗം ബുധനാഴ്ച ചന്ദ്രനിൽ പതിക്കുന്നുണ്ട്. അതുമൂലം മറ്റു പ്രശ്നങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 276.97 പോയിൻ്റ് (0.53 ശതമാനം) ഉയർന്ന് 52,485.03 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 52.09 പോയിൻ്റ് (0.70%) മുന്നേറി 7489.72 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 251.68 പോയിൻ്റ് (1.00%) കുതിച്ച് 25,373.85 ൽ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്സ് കയറ്റത്തിലാണ്. ഡൗ ജോൺസ് 238 പോയിൻ്റും (0.45%) എസ് ആൻഡ് പി 37 പോയിൻ്റും (0.49%) നാസ്ഡാക് 225 പോയിൻ്റും (0.79%) ഉയർന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വെള്ളിയാഴ്ച എച്ച്.ഡി.എഫ്.സി ബാങ്ക് വ്യാപാര സമയത്ത് 0.87 ശതമാനം താഴ്ന്നിട്ട് തുടർവ്യാപാരത്തിൽ 0.71 ശതമാനം കയറി 24.10 ഡോളറിൽ ക്ലോസ് ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക് നിശ്ചിത സമയത്ത് 0.89% താഴ്ന്നിട്ട് തുടർ വ്യാപാരത്തിൽ 0.27 ശതമാനം കുറഞ്ഞ് 29.91 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 0.67 ശതമാനം കയറിയ ശേഷം തുടർവ്യാപാരത്തിൽ 0.55 ശതമാനം താഴ്ന്ന് 11.96 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.54 ശതമാനം ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 0.51 ശതമാനം കൂടി കയറി 1.99 ഡോളറിൽ അവസാനിച്ചു.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഭിന്ന ദിശകളിലായി. ഫ്രഞ്ച്, ജർമൻ സൂചികകൾ നേരിയ കയറ്റം കാണിച്ചു, മറ്റുള്ളവ താഴ്ന്നു. യൂറോ മേഖലയിലെ ചില്ലറവിലക്കയറ്റം 2.8 ൽ നിന്നു 2.9 ശതമാനത്തിലേക്കു കയറി. ഹൃദ്രോഗ ചികിത്സയ്ക്ക് കണ്ടെത്തിയ പുതിയ മരുന്നു ഫലപ്രദമല്ലെന്നു പരീക്ഷണത്തി തെളിഞ്ഞത് നോവോ നോർഡിസ്കിനെ 7.4 ശതമാനം താഴ്‌ത്തി. വാർഷിക വിറ്റുവരവ് മെച്ചമാകുമെന്ന റിപ്പോർട്ട് സാങ് ഗോബാനെ ഏഴു ശതമാനം ഉയർത്തി.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. യു.എസ് വിപണിയിൽ സെമികണ്ടക്ടർ ചിപ്പ് കമ്പനികൾ താഴ്ന്നത് കാരണമായി. ദക്ഷിണ കൊറിയയിൽ എസ്.കെ ഹൈനിക്സും സാംസങ്ങും ഏഴു ശതമാനത്തിലധികം ഇടിഞ്ഞു. കോസ്‌പി വിപണി സൂചിക അഞ്ചു ശതമാനം താഴ്ന്നു. ജപ്പാനിൽ നിക്കൈ സൂചിക 2.5 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ സൂചിക 0.40 ശതമാനം ഉയർന്നു. ഹോങ് കോങ് സൂചിക 0.40 ശതമാനം കയറി. ഷാങ്ഹായ് സൂചിക 0.51 ശതമാനം താഴ്ന്നു.
ആഗോള അനിശ്ചിതത്വങ്ങൾ വെള്ളിയാഴ്ചയും ഇന്ത്യൻ വിപണിയെ ചാഞ്ചാട്ടത്തിലാക്കി. എങ്കിലും മുഖ്യസൂചികകൾ ചെറിയ നേട്ടത്തിൽ അവസാനിച്ചു. വിശാലവിപണി കുറേക്കൂടി മെച്ചപ്പെട്ട നേട്ടം ഉണ്ടാക്കി. ജൂലൈയിലെ മികച്ച വിൽപന പ്രതീക്ഷയിൽ വാഹനമേഖല നല്ല മുന്നേറ്റം നടത്തി. ധനകാര്യ കമ്പനികളും ഓയിൽ, ഫാർമ, മീഡിയ ഓഹകളും കുതിച്ചു. ഐ.ടിയും എഫ്.എം.സി.ജി.യും ഇടിഞ്ഞു.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച നാമമാത്ര വാങ്ങലുകാരായി. അവർ കാഷ് വിപണിയിൽ 277.48 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശിഫണ്ടുകൾ 2260.37 കോടി രൂപയുടെ അറ്റ വിൽപന നടത്തി.
മുൻ മാസങ്ങളിൽ വലിയ വിൽപനക്കാരായിരുന്ന വിദേശ നിക്ഷ സ്ഥാപനങ്ങൾ ജൂലൈയിൽ 20,200 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു. ജൂണിൽ 49,340 കോടി രൂപ പിൻവലിച്ചതാണ്. ജനുവരി - ജൂലൈയിലെ കണക്കിൽ വിദേശികൾ 2.54 ലക്ഷം കോടി രൂപയുടെ വിൽപനക്കാരാണ്.
വെള്ളിയാഴ്ച സെൻസെക്‌സ് 166.49 പോയിൻ്റ് (0.21%) ഉയർന്ന് 78,094.64-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 66.45 പോയിൻ്റ് (0.27%) കയറി 24,383.60-ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 117.35 പോയിൻ്റ് (0.21%) നേട്ടത്തോടെ 57,264.85-ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്-100 സൂചിക 273.55 പോയിൻ്റ് (0.44%) ഉയർന്ന് 62,915.30-ൽ അവസാനിച്ചു. സ്മോൾ ക്യാപ്-100 സൂചിക 85.20 പോയിൻ്റ് (0.44%) കയറി 19,339.65-ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിൽ കൂടുതൽ ഓഹരികൾ ഉയർന്നു. ബി.എസ്.ഇ.യിൽ 2522 ഓഹരികൾ കയറി, 1722 ഓഹരികൾ താഴ്ന്നു. എൻ.എസ്.ഇ.യിൽ 2050 എണ്ണം ഉയർന്നപ്പോൾ 1243 എണ്ണം താഴ്ന്നു.
പശ്ചിമേഷ്യൻ സാഹചര്യം മോശമാകുന്നു എന്ന സൂചനയിൽ വെള്ളിയാഴ്ച സ്വർണം ഇടിഞ്ഞു. വാരാന്ത്യത്തിൽ ആക്രമണം ഉണ്ടായില്ല. ഇറാനുമായി കരാറിനു ചർച്ച തിങ്കളാഴ്ച പുനരാരംഭിക്കും, അതിനാൽ ആക്രമണം നിർത്തിവയ്ക്കുന്നു എന്നു ഞായറാഴ്ച യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇത് ഇന്നു സ്വർണത്തെ ഉയർത്തി.
വെള്ളിയാഴ്ച 60.20 ഡോളർ താഴ്ന്ന് ഔൺസിന് 4043.70 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4069 ഡോളറിലേക്കു കയറിയിട്ടു 4055 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വെള്ളിയാഴ്ച 200 രൂപ വർധിച്ചു. ശനിയാഴ്ച 280 രൂപ കുറഞ്ഞ് 1,05,760 രൂപയിൽ എത്തി.
വെള്ളിവില ഔൺസിന് 57.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 58.20 ലേക്കു കയറി. പ്ലാറ്റിനം 1653 ഡോളർ, പല്ലാഡിയം 1272 ഡോളർ, റോഡിയം 7825 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
അലൂമിനിയവും ലെഡും ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ചയും നേട്ടം തുടർന്നു. ചെമ്പ് 0.29 ശതമാനം ഉയർന്നു ടണ്ണിനു 13,833.15 ഡോളർ ആയി. അലൂമിനിയം 0.60 ശതമാനം താഴ്ന്നു 3170.00-ൽ ക്ലോസ് ചെയ്തു. സിങ്കും ടിന്നും നിക്കലും കയറി. ലെഡ് താഴ്ന്നു.
റബറിനു രാജ്യാന്തര വില താഴ്ന്നു. കേരളത്തിൽ ഉയർന്നു നിൽക്കുന്നു. ബാങ്കോക്കിൽ ആർ.എസ്.എസ്-1 ക്വിൻ്റലിന് 283.95 ഡോളറിലും ആർ.എസ്.എസ്-3-ന്റെ വില 280.50 ഡോളറിലും രേഖപ്പെടുത്തുന്നു. കേരളത്തിൽ ആർ.എസ്.എസ്-4 ക്വിൻ്റലിന് 28,400 രൂപയിലാണ്.
കൊക്കോ വില വെള്ളിയാഴ്ച 5.58 ശതമാനം കുതിച്ചു ടണ്ണിന് 5397 ഡോളറിൽ എത്തി. എൽ നിനോ പ്രതിഭാസം ഉണ്ടെങ്കിലും ഇൻഡോനീഷയിൽ ഉൽപാദനം കൂടും എന്ന് അന്താരാഷ്ട്ര കൊക്കോ സംഘടന വിലയിരുത്തി. പശ്ചിമാഫ്രിക്കയിൽ ഉൽപാദനം കുറയും.
അറബിക്ക കാപ്പിവില 2.80 ശതമാനം കയറി പൗണ്ടിന് 3.32 ഡോളർ ആയി. ഈ വർഷം ആഗോള കാപ്പി ഉൽപാദനം റെക്കോർഡ് ആകുമെന്ന് യു.എസ് കൃഷി വകുപ്പ് കണക്കാക്കുന്നു. ബ്രസീലിൽ അറബിക്കയും വിയറ്റ്നാമിൽ റോബസ്റ്റയും റെക്കോർഡ് വിളവ് പ്രതീക്ഷിക്കുന്നു. എൽ നിനോ മൂലം അടുത്ത വർഷത്തെ ഉൽപാദനം കുറയും എന്ന ആശങ്കയുണ്ട്.
യു.എസ് ഡോളർ സൂചിക വെള്ളിയാഴ്ച താഴ്‌ന്ന് 99.91-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.52 വരെ താഴ്ന്നു.
യൂറോ 1.1532 ഡോളറിലേക്കും പൗണ്ട് 1.3469 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 156.16 യെൻ എന്ന നിലയിലേക്ക് കയറി. ബാങ്ക് ഓഫ് ജപ്പാനും യുഎസ് ഫെഡും സംയുക്തമായി യെന്നിനെ ഉയർത്താൻ ശ്രമിക്കുകയാണ്. ചൈനീസ് യുവാൻ ഡോളറിന് 6.75 യുവാനിൽ എത്തി.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.698 ശതമാനത്തിലേക്കു താഴ്ന്നു. കഴിഞ്ഞ ആഴ്ച 4.75 വരെ കയറിയിരുന്നു.
വെള്ളിയാഴ്ച ഇന്ത്യൻ രൂപ ശക്തിപ്പെട്ടു. ഡോളർ 30 പൈസ കുറഞ്ഞ് 95.38 രൂപയിൽ ക്ലോസ് ചെയ്തു. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻ.ഡി.എഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.40 രൂപയിൽ ആണ്. ചൈനീസ് യുവാൻ 14.07 രൂപയിലേക്കും യൂറോ 109.65 രൂപയിലേക്കും താഴ്ന്നു.
യു.എസ് - ഇറാൻ ചർച്ച പുനരാരംഭിക്കും എന്ന റിപ്പോർട്ട് ക്രൂഡ് ഓയിൽ വിലയെ വീണ്ടും താഴ്‌ത്തി. വെള്ളിയാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 87.93 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 83.65 ഡോളർ വരെ താഴ്ന്നു. ഡബ്ള്യു.ടി.ഐ ഇനം 80.24 ഡോളറിൽ എത്തി.
ക്രിപ്റ്റോകറൻസികൾ വാരാന്ത്യത്തിൽ ഇടിഞ്ഞിട്ട് ഇന്ന് ഉയർന്നു. ബിറ്റ് കോയിൻ ഇന്നു രാവിലെ 63,150 ഡോളറിനു മുകളിൽ എത്തി. ഈഥർ 1870 ഡോളറിനും സൊലാന 73 ഡോളറിനും മുകളിൽ കയറി.
(2026 ജൂലൈ 31, വെള്ളി)
സെൻസെക്സ്: 78,094.64 +0.21%
നിഫ്റ്റി-50: 24,383.60 +0.27%
ബാങ്ക് നിഫ്റ്റി: 57,264.85 +0.21%
മിഡ്ക്യാപ്-100: 62,915.30 +0.44%
സ്മോൾക്യാപ്-100: 19,339.85 +0.44%
ഡൗജോൺസ്: 52,485.03 +0.53%
എസ്ആൻഡ്പി: 7489.72 +0.70%
നാസ്ഡാക്: 25,373.85 +1.00%
ഡോളർ: ₹95.38 -₹0.30
സ്വർണം (ഔൺസ്): $4043.70 -$60.20
സ്വർണം (പവൻ): ₹1,06,040 +₹200
ശനി ₹1,05,760 -₹280
ക്രൂഡ്ഓയിൽ-ബ്രെൻ്റ്: $87.93 +$1.05
Read DhanamOnline in English
Subscribe to Dhanam Magazine