എല്ലാ ശ്രദ്ധയും ജിഎസ്ടി യോഗത്തിലേക്ക്; പ്രഖ്യാപനം നാളെ പ്രതീക്ഷിക്കുന്നു; നടപ്പാക്കൽ വെെകില്ല; ഇന്ത്യ - അമേരിക്ക ചർച്ച തുടരുന്നു എന്നു സൂചന; വിദേശ സൂചനകൾ നെഗറ്റീവ്

ഡോളർ സൂചിക ഉയരുകയാണ്, അതു രൂപയ്ക്കു ക്ഷീണം വരുത്തും
Morning business news
Morning business newsCanva
Published on

ജിഎസ്ടി നിരക്കു കുറയ്ക്കാൻ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലേക്കാണ് ഇന്നു വിപണിയുടെ ശ്രദ്ധ. ചർച്ചകളെപ്പറ്റി ചില വിവരങ്ങൾ ഇന്നു ലഭിക്കുമെങ്കിലും നാളെയേ തീരുമാനം അറിവാകൂ. ഏതാനും ദിവസത്തിനുള്ളിൽ തീരുമാനം നടപ്പാക്കി വ്യാപാരമാന്ദ്യം മാറ്റാനാണു കേന്ദ്രം ഉദ്ദേശിക്കുന്നത്. നികുതി സുതാര്യമാക്കുന്നതാകും മാറ്റമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സൂചിപ്പിച്ചു. കേന്ദ്ര ധനമന്ത്രിയാണു കൗൺസിലിൻ്റെ അധ്യക്ഷ.

ഇന്ത്യ - അമേരിക്ക വ്യാപാര കരാർ നവംബറോടെ തയാറാകും എന്നു വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഇന്നലെ പറഞ്ഞു. വിപണിക്ക് ആശ്വാസകരമാണ് ഈ പ്രസ്താവന. അമേരിക്കയുമായി ചർച്ച തുടരുന്നു എന്നാണു മന്ത്രിയുടെ പ്രസ്താവനയിൽ നിന്നു വായിക്കാവുന്നത്.

ഡോളർ സൂചിക ഉയരുകയാണ്. അതു രൂപയ്ക്കു ക്ഷീണം വരുത്തും.

ക്രൂഡ് ഓയിൽ വില 69 ഡോളർ കടന്നത് അത്ര ശുഭവാർത്തയല്ല.

സ്വർണം ഔൺസിന് 3500 ഡോളർ കടന്ന് 3600 ലേക്കു നീങ്ങുകയാണ്.

അമേരിക്കൻ വിപണിയിലെ താഴ്ചയുടെ ചുവടു പിടിച്ച് ഏഷ്യൻ വിപണികൾ ഇന്നു താഴുകയാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,626.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,645 വരെ ഉയർന്നു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് ഇടിഞ്ഞു

കടപ്പത്രവിലകൾ താഴുകയും അവയിലെ നിക്ഷേപ നേട്ടം ഉയരുകയും ചെയ്തതു യൂറോപ്യൻ ഓഹരികളെ ഇന്നലെ താഴ്ത്തി. ജർമൻ സൂചിക 2.2 ശതമാനം ഇടിഞ്ഞു. യൂറോയും യുകെയുടെ പൗണ്ട് സ്റ്റെർലിംഗും താഴ്ന്നു. യുകെയിൽ 30 വർഷ ബോണ്ട് വില 1998 നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലായി. യൂറോ മേഖലയിലെ ചില്ലറ വിലക്കയറ്റം പ്രതീക്ഷിച്ചതിലും അൽപം കൂടി 2.1 ശതമാനമായി.

യുഎസ് വിപണിക്കും വീഴ്ച

ഒരു ദിവസത്തെ അവധിക്കു ശേഷം ചൊവ്വാഴ്ച പ്രവർത്തിച്ച യുഎസ് വിപണി തുടക്കം മുതൽ താഴ്ചയിലായിരുന്നു. ആദ്യം 580 പോയിൻ്റ് വരെ ഇടിഞ്ഞ ഡൗ ജോൺസ് നഷ്ടം പകുതിയിൽ താഴെയാക്കി അവസാനിച്ചു. മറ്റു മുഖ്യസൂചികകളും തുടക്കത്തിൽ നിന്നു കയറിയാണു ക്ലോസ് ചെയ്തത്.

ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 249.07 പോയിൻ്റ് (0.55%) താഴ്ന്ന് 45,295.81 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 44.72 പോയിൻ്റ് (0.69%) നഷ്ടത്തോടെ 6415.54 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 175.92 പോയിൻ്റ് (0.82%) ഇടിഞ്ഞ് 21,279.63 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു ഭിന്ന ദിശകളിലാണ്. ഫ്യൂച്ചേഴ്സിൽ ഡൗ 0.26 ശതമാനം താഴ്ന്നു. എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.25 ഉം ശതമാനം ഉയർന്നാണു നീങ്ങുന്നത്.

ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. യുഎസ് വിപണിയുടെ ഇടിവാണു കാരണം. ജപ്പാനിലെ നിക്കെെ സൂചിക 0.45 ശതമാനം താഴ്ന്നിട്ടു നഷ്ടം കുറച്ചു. ദക്ഷിണ കൊറിയൻ സൂചിക അൽപം കയറി. ഓസ്ട്രേലിയൻ വിപണി ജിഡിപി കണക്കു പ്രതീക്ഷിച്ചു താഴ്ന്നു നിൽക്കുന്നു. ചൈനീസ് വിപണി ഉയർന്നാണു വ്യാപാരം തുടങ്ങിയത്.

ഗൂഗിളിനു നേട്ടം

ഗൂഗിളിന് സെർച്ച് എൻജിൻ കുത്തകയുടെ പേരിൽ വന്ന കേസിൽ വിജയം കിട്ടിയത് ആൽഫബെറ്റ് ഓഹരിയെ എട്ടു ശതമാനം ഉയർത്തി. ആപ്പിൾ ഉൽപന്നങ്ങളിലും മറ്റും ഡിഫോൾട്ടായി ക്രോം ബ്രൗസർ വച്ച് അതുവഴി കിട്ടുന്ന പരസ്യങ്ങളിൽ നിന്നു ഗൂഗിൾ വരുമാനം ഉണ്ടാക്കുന്നതു വിവാദമായിരുന്നു. ഈ വ്യാപാരത്തിൻ്റെ പേരിൽ ആപ്പിളിനു ഗൂഗിൾ ശതകോടിക്കണക്കിനു ഡോളർ നൽകുന്നുണ്ട്. ആപ്പിൾ ഓഹരി നാലു ശതമാനം ഉയർന്നു. നിർമിതബുദ്ധിയുടെ കാലത്തു ബ്രൗസർ കുത്തകയെ അത്ര കാര്യമായി കാണേണ്ട എന്നാണു ഫെഡറൽ ജഡ്ജി അമിത് മേത്തയുടെ പരാമർശം. ഗൂഗിളും ആൽഫബെറ്റും നീതിന്യായ വകുപ്പും സെപ്റ്റംബർ 10 നു ചർച്ച നടത്തിയ ശേഷം കേസിൽ അന്തിമവിധി നൽകും. ക്രോം ബ്രൗസറിനെ നിർബന്ധമായും വിൽക്കാൻ ഗൂഗിളിനു നിർദേശം നൽകാനാവശ്യപ്പെട്ടാണു വകുപ്പ് കേസ് നൽകിയത്.

ഇന്ത്യൻ വിപണി ചാഞ്ചാടി, താഴ്ന്നു

തിങ്കളാഴ്ചത്തെ മുന്നേറ്റം തുടരും എന്ന ധാരണ ജനിപ്പിച്ചു രാവിലെ കുതിപ്പ് നടത്തിയ ഇന്ത്യൻ വിപണി പിന്നീടു നേട്ടമെല്ലാം നഷ്ടപ്പെടുത്തി ക്ലാേസ് ചെയ്തു. ആഗോള വിപണികളിൽ നിന്നുള്ള സൂചനകളാണ് പ്രധാനകാരണം. വിദേശനിക്ഷേപകർ വിൽപന തുടർന്നെങ്കിലും മുൻ ദിവസത്തെ അപേക്ഷിച്ചു കുറവായിരുന്നു.

സെൻസെക്സ് 80,761 വരെയും നിഫ്റ്റി 24,756 വരെയും ഉയർന്ന ശേഷമാണു ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്കു സമീപം ക്ലോസ് ചെയ്തത്.

ബാങ്ക്, ധനകാര്യ, ഓട്ടോ, ഹെൽത്ത് കെയർ, ഫാർമ മേഖലകൾ താഴ്ന്ന ഇന്നലെ ഐടി സൂചിക നാമമാത്ര നഷ്ടം കാണിച്ചു. എഫ്എംസിജി, മെറ്റൽ, മീഡിയ, റിയൽറ്റി, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ ഉയർന്നു.

റിലയൻസ് ഓഹരി ഒരു ശതമാനം ഉയർന്ന് 1367.50 രൂപയിൽ എത്തി. റിലയൻസിൻ്റെ കയറ്റമാണു സൂചികകളെ വലിയ താഴ്ചയിലാകാതെ താങ്ങി നിർത്തിയത്. റിലയൻസ് ഓഹരിക്ക് നുവാമ 1733 ഉം ബിഎൻപി പാരിബയും ഗോൾഡ്മാൻ സാക്സും 1700 ഉം ജെപി മോർഗൻ 1695 ഉം സിറ്റി 1690 ഉം ജെഫറീസ് 1670 ഉം സിഎൽഎസ്എ 1650 ഉം മോർഗൻ സ്റ്റാൻലി 1602 ഉം രൂപ ലക്ഷ്യവില നിർണയിച്ചു.

നിഫ്റ്റി ചൊവ്വാഴ്ച 45.45 പോയിൻ്റ് (0.18%) കുറഞ്ഞ് 24,579.60 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 206.61 പോയിൻ്റ് (0.26%) നഷ്ടത്തോടെ 80,157.88 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 341.45 പോയിൻ്റ് (0.63%) താഴ്ന്ന് 53,661.00 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 151.90 പോയിൻ്റ് (0.27%) ഉയർന്ന് 56,977.40 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 93.20 പോയിൻ്റ് (0.53%) കയറി 17,591.30 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2439 ഓഹരികൾ ഉയർന്നപ്പോൾ 1705 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1927 എണ്ണം. താഴ്ന്നത് 1116 ഓഹരികൾ.

എൻഎസ്ഇയിൽ 106 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 56 എണ്ണമാണ്. 151 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 46 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 1159.48 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 2549.51 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റിക്ക് 24,700- 24,800 മേഖലയിൽ തടസം മറികടക്കാൻ പ്രയാസം നേരിടും. 24,400- 24,250 മേഖല താങ്ങായി നിൽക്കും. ഇന്നു നിഫ്റ്റിക്ക് 20,530 ലും 24,470 ലും പിന്തുണ ലഭിക്കാം. 24,700 ലും 24,765 ലും തടസങ്ങൾ ഉണ്ടാകും.

കമ്പനികൾ, വാർത്തകൾ

സൊമാറ്റോ ഫുഡ് ഡെലിവറിയുടെ പ്ലാറ്റ്ഫോം ഫീസ് 10-ൽ നിന്നു 12 രൂപയാക്കി. പ്രവർത്തനച്ചെലവിലെ നഷ്ടം കുറയ്ക്കാൻ ഇതു സഹായിക്കും.

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിൽ ഒന്നായ മിട്സുയി ഒഎസ്കെ ലൈൻസ് കപ്പലുകൾ നിർമിക്കുന്നതിനു കൊച്ചിൻ ഷിപ്പ് യാർഡുമായി ചർച്ച തുടങ്ങി. കരാർ ഉണ്ടായാൽ ഷിപ്പ് യാർഡിനു വലിയ കുതിപ്പാകും. ഷിപ്പ് യാർഡ് ഓഹരി മികച്ച ബ്രോക്കറേജ് റിപ്പോർട്ടുകളെ തുടർന്ന് ഇന്നലെ 3.95 ശതമാനം കുതിച്ചു. ഓഹരിവില 200 ദിന മൂവിംഗ് ആവരേജിനു മുകളിൽ കയറി 1740 രൂപയിൽ എത്തിയത് കുതിപ്പിനു വഴി തെളിക്കും എന്ന വ്യാഖ്യാനമുണ്ട്. ഗാർഡൻ റീച്ച്, മസഗോൺ ഡോക്ക് എന്നിവയും ഇന്നലെ ഉയർന്നു.

എഥനോൾ ഉൽപാദന നിയന്ത്രണം മാറ്റിയതോടെ പഞ്ചസാരമിൽ ഓഹരികൾ കുതിച്ചു. രാജശ്രീ ഷുഗേഴ്സ് 20 ശതമാനം കയറി. കമ്പനികൾക്ക് എത്ര വേണമെങ്കിലും എഥനോൾ ഉൽപാദിപ്പിക്കാം. ഇന്ധനത്തിൽ എഥനോൾ ചേർക്കുന്നതിനെതിരായ കേസ് തള്ളിയതും മില്ലുകൾക്കു ഗുണകരമാണ്.

3500 ഡോളർ കടന്നു സ്വർണം

സ്വർണക്കുതിപ്പിനു ശമനമില്ല. യുഎസ് പലിശ കുറയ്ക്കൽ പ്രതീക്ഷയും ഡോളറിൻ്റെ ദൗർബല്യവും യുഎസ് കടപ്പത്രങ്ങളിലെ അവിശ്വാസവും സ്വർണത്തെ ഉയർത്തുന്നു.

സ്പോട്ട് വിപണിയിൽ സ്വർണം ഇന്നലെ 57.60 ഡോളർ കയറി ഔൺസിന് 3533.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3544 ഡോളറിലേക്ക് കയറിയിട്ട് അൽപം താഴ്ന്നു. സ്വർണത്തിൻ്റെ അവധിവില 3616.90 ഡോളർ വരെ എത്തിയിട്ട് അൽപം താഴ്ന്നു.

കേരളത്തിൽ 22 കാരറ്റ് പവൻവില ചൊവ്വാഴ്ച 160 രൂപ കൂടി 77,800 രൂപയിൽ എത്തി. ഇന്നും വില ഗണ്യമായി കയറും എന്നാണ് രാജ്യാന്തര വില സൂചിപ്പിക്കുന്നത്.

വെള്ളിവിലയും കയറ്റം തുടരുന്നു. ചൊവ്വാഴ്ച ഔൺസിന് 40.82 ഡോളറിൽ ക്ലോസ് ചെയ്തു. ലഭ്യത തുടർച്ചയായ അഞ്ചാം വർഷവും കുറവായതാണ് വിലക്കുതിപ്പിനു കാരണം. സോളർ പാനലുകളിലും മറ്റുമുള്ള ഉപയോഗമാണ് ആവശ്യം കൂട്ടുന്നത്.

ചൊവ്വാഴ്ച വ്യാവസായിക ലോഹങ്ങൾ പൊതുവേ താഴ്ന്നു. ചെമ്പ് 0.32 ശതമാനം കുറഞ്ഞ് ടണ്ണിന് 9773.35 ഡോളറിൽ ആയി. അലൂമിനിയം 0.40 ശതമാനം കയറി 2615.63 ഡോളറിൽ എത്തി. നിക്കലും ലെഡും ടിന്നും താഴ്ന്നപ്പോൾ സിങ്ക് 1.18 ശതമാനത്തിലധികം കയറി.

രാജ്യാന്തര വിപണിയിൽ റബർ വില 0.46 ശതമാനം ഉയർന്ന് കിലോഗ്രാമിന് 174.40 സെൻ്റ് ആയി. കൊക്കോ 3.63 ശതമാനം താഴ്ന്നു ടണ്ണിന് 7357.86 ഡോളറിൽ എത്തി. കാപ്പി 3.49 ഉം തേയില 3.18 ഉം ശതമാനം ഇടിഞ്ഞു. പാം ഓയിൽ വില 2.22 ശതമാനം ഉയർന്നു.

ഡോളർ സൂചിക കുതിക്കുന്നു

പലിശ കുറയൽ സാധ്യത തുടരുമ്പോഴും ഡോളർ സൂചിക കുതിച്ചു കയറുന്നതാണ് ഇന്നലെ കണ്ടത്. ഇന്നലെ 0.65 ശതമാനം കൂടി 98.40 ൽ ഡോളർ സൂചിക ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.45 ആയി.

കറൻസി വിപണിയിൽ ഡോളർ കരുത്തു കാണിച്ചു. യൂറോ 1.163 ഡോളറിലേക്കും പൗണ്ട് 1.3368 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 148.81 യെൻ എന്ന നിരക്കിലേക്കു താഴ്ന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില വീണ്ടും കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.269 ശതമാനമായി.

തിങ്കളാഴ്ച രൂപ വ്യാപാരത്തിലെ കയറ്റമെല്ലാം നഷ്ടപ്പെടുത്തിയ ശേഷം ചെറിയ നേട്ടത്തിൽ അവസാനിച്ചു. ഡോളർ നാലു പൈസ കുറഞ്ഞ് 88.16 രൂപയിൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ 87.89 വരെ ഡോളർ താഴ്ന്നതാണ്. ഇന്നു ഡോളർ സൂചിക കയറുന്നതു രൂപയെ ദുർബലമാക്കും.

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.14 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു. യുവാൻ കുറച്ചു കൂടി ശക്തമാകും എന്ന സംസാരത്തിനിടെയാണ് ഈ താഴ്ച.

ക്രൂഡ് ഓയിൽ ഉയർന്നു

ക്രൂഡ് ഓയിൽ വില വീണ്ടും കയറുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 1.45 ശതമാനം കയറി ഇന്നു രാവിലെ 69.14 ഡോളറിൽ എത്തി. ഡബ്ള്യുടിഐ 65.65 ഡോളറിലും മർബൻ ക്രൂഡ് 71.97 ഡോളറിലും ആണ്. പ്രകൃതിവാതക വില നേരിയ താഴ്ചയിലായി.

ക്രിപ്റ്റോ കറൻസികൾ ചെറുതായി ഉയർന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 1,11,000 ഡോളറിലേക്കു കയറി. ഈഥർ 4300 ഡോളറിനു താഴെ എത്തി. കഴിഞ്ഞ ദിവസം 200 ഡോളറിനു താഴോട്ട് ഇടിഞ്ഞ സൊലാനോ 210 ലേക്കു കയറി.

വിപണിസൂചനകൾ

(2025 സെപ്റ്റംബർ 02, ചൊവ്വ)

സെൻസെക്സ്30 80,157.88 -0.26%

നിഫ്റ്റി50 24,579.60 -0.18%

ബാങ്ക് നിഫ്റ്റി 53,661.00 -0.63%

മിഡ് ക്യാപ്100 56,977.40 +0.27%

സ്മോൾക്യാപ്100 17,591.30 +0.53%

ഡൗജോൺസ് 45,29.81 -0.55%

എസ്ആൻഡ്പി 6415.54 -0.69%

നാസ്ഡാക് 21,279.63 -0.82%

ഡോളർ($) ₹88.16 -₹0.04

സ്വർണം(ഔൺസ്) $3530.50 +$57.60

സ്വർണം(പവൻ) ₹77,800 +₹160

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $69.14 +$0.84

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com