വീണ്ടും യുദ്ധഭീതി; വിപണിയിൽ ആശങ്ക വളരുന്നു; ക്രൂഡ് ഓയിൽ 65 ഡോളറിനു താഴെ

ഇന്ന് നിഫ്റ്റിക്ക് പിന്തുണ 24,255, പ്രതിരോധം 24,470; നാളെ ഓഹരി വിപണിക്ക് അവധി
TCM, Morning Business News
Morning business newscanva
Published on

വിപണി വീണ്ടും ആശങ്കയുടെ ദിനങ്ങളിലേക്കു നീങ്ങുകയാണ്. അതിർത്തി സംഘർഷം ആണ് കാരണം. ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തി സംഘർഷം നീണ്ട ഏറ്റുമുട്ടലിലേക്കാേ സമ്പൂർണയുദ്ധത്തിലേക്കോ നീങ്ങിയാൽ വിപണി വലിയ താഴ്ചയിലാകും എന്നാണു വിലയിരുത്തൽ. 36 മണിക്കൂറിനുള്ളിൽ ഇന്ത്യ തങ്ങളെ ആക്രമിക്കും എന്നു പാക് പ്രതിരോധമന്ത്രി ഇന്നലെ അവകാശപ്പെട്ടിരുന്നു. പഞ്ചാബ്, ജമ്മു അതിർത്തികൾക്കടുത്തും പാക് അധിനിവേശ കാശ്മീരിലും പാക് സേനാവിന്യാസം വർധിച്ചു. വരുന്നതായി റിപ്പോർട്ടുണ്ട്. ഇന്ത്യ കാശ്മീരിലെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു.

ഇതിനിടെ ഇന്ത്യയുമായി വ്യാപാര ഉടമ്പടി താമസിയാതെ ഉണ്ടാകും എന്നു യുഎസ് പ്രസിഡൻ്റ് ട്രംപ് ഇന്നലെ പറഞ്ഞു. ഒരു രാജ്യവുമായുളള കരാറിൽ തീരുമാനമായതായി യുഎസ് വ്യാപാര സെക്രട്ടറി ലുട്നിക്കും ഇന്നലെ പറഞ്ഞു. കരാറിൽ ഇന്ത്യ എന്തെല്ലാം സമ്മതിച്ചു എന്നതിനെപ്പറ്റി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,465 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,345 വരെ താഴ്ന്നു. നിഫ്റ്റി ഇന്നു നഷ്ടത്തോടെ  വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

മഹാരാഷ്ട്ര ദിനവുമായി ബന്ധപ്പെട്ട്‌ നാളെ ഇന്ത്യൻ വിപണിക്ക് അവധിയാണ്.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. എന്നാൽ വരുമാന പ്രതീക്ഷ താഴ്ത്തിയ വാഹന കമ്പനികളായ ഫോക്സ് വാഗണും പോർഷെയും ഇടിഞ്ഞു. എച്ച്എസ്ബിസിയും ഡോയിച്ച് ബാങ്കും പ്രതീക്ഷകൾ മറി കടന്ന ലാഭം റിപ്പോർട്ട് ചെയ്തു. ക്രൂഡ് ഓയിൽ വിലയിടിവ് ബിപിയുടെ ലാഭം 49 ശതമാനം താഴ്ത്തി.

യുഎസ് വിപണി ചൊവ്വാഴ്ച ഉയർന്നു. വിവിധ രാജ്യങ്ങളുമായി വ്യാപാര കരാറിന് വഴി ഒരുങ്ങുന്നതാണ് വിപണിയെ സന്തോഷിപ്പിച്ചത്. പേരു പറയാത്ത ഒരു രാജ്യവുമായി കരാറിൽ എത്തിയതായി യുഎസ് വ്യാപാര സെക്രട്ടറി ഹവാർഡ് ലുട്നിക്ക് പറഞ്ഞു. 18 രാജ്യങ്ങളുമായി ചർച്ച നടക്കുന്നുണ്ട്. 85 ശതമാനം യുഎസ് ഘടകങ്ങൾ ഉള്ള വാഹനങ്ങൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവ ഇളവ് പ്രഖ്യാപിച്ചത് യുഎസ് വാഹന ഭീമന്മാർക്ക്  ആശ്വാസമായി. ഡൗ ജോൺസും എസ് ആൻഡ് പിയും തുടർച്ചയായ ആറാം ദിവസവും നേട്ടം കുറിച്ചു.

വ്യാഴാഴ്ച യുഎസ് ഒന്നാം പാദ ജിഡിപി കണക്ക് പുറത്തുവിടും. വോൾ സ്ട്രീറ്റിലെ പല ധനശാസ്ത്രജ്ഞരും ജിഡിപി ചുരുങ്ങും എന്നാണു പ്രതീക്ഷിക്കുന്നത്.  തീരുവപ്പേടി മൂലം മാർച്ചിൽ ഇറക്കുമതി വർധിച്ചത് വ്യാപാര കമ്മി 16,200 കോടി ഡോളർ എന്ന റെക്കോർഡിൽ എത്തിച്ചതും ജിഡിപി താഴാൻ കാരണമാകും. ജിഡിപി ഒന്നര ശതമാനം മുതൽ 0.2 ശതമാനം വരെ ചുരുങ്ങാം എന്നാണു പ്രമുഖ ബാങ്കുകളുടെ നിഗമനം.

മാർച്ചിലെ യുഎസ് തൊഴിൽ കണക്ക് നിരാശാജനകമായി. 75 ലക്ഷം തൊഴിൽ വർധന പ്രതീക്ഷിച്ച സ്ഥാനത്ത് 71.9 ലക്ഷം മാത്രം. 

ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 300.03 പോയിൻ്റ് (0.75%) ഉയർന്ന് 40,527.62 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 32.08 പോയിൻ്റ് (0.58%) കയറി 5560.83 ൽ അവസാനിച്ചു. നാസ്ഡാക് 95.18 പോയിൻ്റ് (0.55%) ഉയർന്ന് 17,461.32 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ 0.15 ഉം എസ് ആൻഡ് പി 0.42 ഉം നാസ്ഡാക് 0. 58 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.  

ഏഷ്യൻ വിപണികൾ ഇന്നു ദുർബലമാണ്. ജപ്പാനിൽ നിക്കൈ കാൽ ശതമാനം ഉയർന്നു. ഹോങ് കോങ്,  ഷാങ്ഹായ് വിപണികൾ താഴ്ന്നു.

ഇന്ത്യൻ വിപണി ഫ്ലാറ്റ്

ഇന്ത്യൻ വിപണി ഇന്നലെ യാഥാർഥ്യ ബോധത്തിലേക്കു മടങ്ങുന്ന സൂചനയാണു നൽകിയത്. നേട്ടത്തോടെ വ്യാപാരം തുടങ്ങി കൂടുതൽ ഉയർന്ന ശേഷം വിപണി ആ നേട്ടങ്ങൾ മുഴുവൻ തന്നെ നഷ്ടപ്പെടുത്തി. ഐടി ഓഹരികളും റിലയൻസും ഉയർന്നതാണ് മുഖ്യസൂചികകളെ നാമമാത്രമായ ഉയർച്ചയിൽ നിർത്തിയത്.

ഐടിയും കൺസ്യൂമർ ഡ്യൂറബിൾസും ഓയിൽ - ഗ്യാസും ഒഴികെ എല്ലാ മേഖലകളും ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്.

ചൊവ്വാഴ്ച നിഫ്റ്റി 7.45 പോയിൻ്റ് (0.03%) ഉയർന്ന് 24,335.95 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 70.01 പോയിൻ്റ് (0.09%) നേട്ടത്തോടെ 80,288.38 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 41.55 പോയിൻ്റ് (0.07%) താഴ്ന്ന് 55,391.25 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 147.70 പോയിൻ്റ് (0.27 ശതമാനം) ഉയർന്ന് 54,587.95 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 0.37 ശതമാനം കയറി 16,738.70 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1767 ഓഹരികൾ ഉയർന്നപ്പോൾ 2168 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ  ഉയർന്നത് 1365 എണ്ണം. താഴ്ന്നത് 1478 ഓഹരികൾ.

എൻഎസ്ഇയിൽ 33 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 17 എണ്ണമാണ്. 78 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 46 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ഇന്നലെയും വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 2385.61 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 1369.19 കോടി രൂപയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞ പത്തു വ്യാപാര ദിനങ്ങൾ കൊണ്ട് വിദേശികൾ 37,360 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചു.

നിഫ്റ്റി 24,300 നു മുകളിൽ തുടരുന്നതിനാൽ 24,550 -24,850 മേഖലയിലേക്കു കുതിപ്പ് ആരംഭിക്കാൻ കഴിയും എന്നാണു ചാർട്ടിസ്റ്റുകൾ കരുതുന്നത്. ഇന്നു നിഫ്റ്റിക്ക് 24,300 ഉം 24,255 ഉം പിന്തുണയാകും. 24,420 ലും 24,470 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

പ്രതീക്ഷയിലും മികച്ച ലാഭവുമായി നാലാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ച ബജാജ് ഫിനാൻസ് ഒരോഹരിക്കു നാല് എന്ന അനുപാതത്തിൽ ബോണസ് ഇഷ്യു പ്രഖ്യാപിച്ചു. ഓഹരി വിഭജിച്ച് മുഖവില രണ്ടു രൂപയിൽ നിന്ന് ഒരു രൂപ ആക്കി. 

വിവാദക്കയത്തിൽ പെട്ട ഇൻഡസ് ഇൻഡ് ബാങ്കിൻ്റെ സിഇഒ സുമന്ത് കാഠ്പാലിയ രാജിവച്ചു. 2020 ൽ സിഇഒ ആയ ഇദ്ദേഹം ബാങ്ക് പ്രൊമോട്ടർമാരായ ഹിന്ദുജ കുടുംബവുമായി നല്ല ബന്ധം പുലർത്തിയിരുന്നു. 2023-24 കാലത്ത് കാഠ്പാലിയ 134 കോടി രൂപയുടെ 9.5 ലക്ഷം ഓഹരികൾ വിറ്റഴിച്ചിരുന്നു. തിങ്കളാഴ്ച രാജിവച്ച ഡെപ്യൂട്ടി സിഇഒ ഇതേ കാലത്ത് 80 കോടി രൂപയുടെ ഓഹരികളും വിറ്റതാണ്.

വി മാർട്ട് റീട്ടെയിൽ മേയ് രണ്ടിന് ബോണസ് ഇഷ്യു പ്രഖ്യാപിക്കും.

റിസൽട്ടുകൾ ഇന്ന്

ഇന്ത്യൻ ഓയിൽ കോർപറേഷൻ, വേദാന്ത, ഫെഡറൽ ബാങ്ക്, ബന്ധൻ ബാങ്ക്, ഇക്വിറ്റാസ്, ഉജ്ജീവൻ, അദാനി പവർ, ഇൻഡസ് ടവേഴ്സ്, അജന്ത ഫാർമ, ക്രിസിൽ, എക്സൈഡ്, ഗോദ്റെജ് അഗ്രോവെറ്റ്, ഗ്രീവ്സ് കോട്ടൻ, ജിൻഡൽ സ്റ്റീൽ ആൻഡ് പവർ, ജെഎസ്ഡബ്ല്യു ഇൻഫ്രാ, കെഎസ് ബി, പരസ് ഡിഫൻസ്, സോനാ ബിഎൽഡബ്ല്യു, വരുൺ ബിവറേജസ് തുടങ്ങിയവ ഇന്നു റിസൽട്ട് പുറത്തു വിടും.

അദാനി എൻ്റർപ്രൈസസ്, അദാനി പോർട്സ്, റെയിൽടെൽ, ഹോം ഫസ്റ്റ് ഫിനാൻസ് തുടങ്ങിയവ നാളെ റിസൽട്ട് പുറത്തുവിടും.

സ്വർണം താഴ്ന്നു തന്നെ

സ്വർണം താഴോട്ടു യാത്ര തുടരുകയാണ്. എങ്കിലും താഴ്ചയുടെ വേഗം കുറഞ്ഞു.  ചാെവ്വാഴ്ച സ്വർണം ഔൺസിനു 3319.70 ഡോളറിൽ ക്ലോസ് ചെയ്തു. തലേന്നത്തേക്കാൾ 25.10 ഡോളർ കുറവ്. ഇന്നു രാവിലെ വില 3306 - 3328 ഡോളർ മേഖലയിൽ കയറിയിറങ്ങി. 

കേരളത്തിൽ സ്വർണം പവന് ഇന്നലെ 320 രൂപ വർധിച്ച് 71,840 രൂപയായി. ഇന്നു കുറയാം.

വെള്ളിവില ഇന്നു രാവിലെ ഔൺസിന് 32.92 ഡോളറിലാണ്.

 ചെമ്പുവില ചൊവ്വാഴ്ച 1.30 ശതമാനം ഉയർന്നു ടണ്ണിന് 9486.75 ഡോളർ ആയി. അലൂമിനിയം വില 1.30 ശതമാനം കയറി ടണ്ണിന് 2462.31 ഡോളർ എത്തി. മറ്റു വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായി.

രാജ്യാന്തര വിപണിയിൽ റബർ 0.18 ശതമാനം കയറി കിലോഗ്രാമിന് 168.90 സെൻ്റ് ആയി. കൊക്കോ ഒരു ശതമാനം താഴ്ന്ന് 8942.84 ഡോളറിൽ എത്തി. കാപ്പി 1.08 ശതമാനം താഴ്ന്നു. പാമോയിൽ വില 0.53 ശതമാനം താഴ്ന്നു. 

ഡോളർ ഉയർന്നു; രൂപ ഇടിവിൽ

ഡോളർ സൂചിക ചാെവ്വാഴ്ച അൽപം ഉയർന്ന് 99.24 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.23 ലേക്ക് താണു. 

യൂറോ ഇന്നു രാവിലെ 1.1387 ഡോളറിലാണ്. പൗണ്ട് 1.3403 ഡോളറിലേക്കു താണു. ജാപ്പനീസ് യെൻ ഡോളറിന് 142.27 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു.

യുഎസ് കടപ്പത്രവില കയറ്റം തുടർന്നു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.162 ശതമാനത്തിലേക്ക് ഇടിഞ്ഞു. 

 രൂപ ചൊവ്വാഴ്ച ദുർബലമായി. വ്യാപാരത്തിനിടെ രാവിലെ ഡോളർ 84.96 രൂപവരെ താഴ്ന്നെങ്കിലും പിന്നീട് കയറി 85.26 രൂപയിൽ ക്ലോസ് ചെയ്തു.

ചൈനയുടെ കറൻസി ഉയർന്നു. ഒരു ഡോളറിന് 7.30 യുവാനിൽ നിന്ന് 7.27 യുവാനിലേക്കു കയറി.

ക്രൂഡ്  ഓയിൽ താഴുന്നു

ക്രൂഡ് ഓയിൽ വില ഇടിവ് തുടരുന്നു.  ബ്രെൻ്റ് ഇനം ബാരലിന് ഒന്നര ഡോളറിലധികം താഴ്ന്ന് 64.25 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 64.22 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം 60.25 ഡോളറിലേക്കും യുഎഇയുടെ മർബൻ ക്രൂഡ് 64.51 ഡോളറിലേക്കും താഴ്ന്നു. 

ക്രിപ്റ്റോകൾ കയറിയിറങ്ങി

ക്രിപ്റ്റോ കറൻസികൾ ഉയർന്ന നിലയിൽ കയറ്റിറക്കം തുടരുന്നു. ബിറ്റ് കോയിൻ 95,000 ഡോളറിനു മുകളിൽ എത്തിയ ശേഷം 94,500 ഡോളർ ആയി. ഈഥർ 1800 ഡോളറിനു മുകളിലാണ്.

വിപണിസൂചനകൾ

(2025 ഏപ്രിൽ 29, ചൊവ്വ)

സെൻസെക്സ്30    80,288.38 +0.09%

നിഫ്റ്റി50       24,335.95         +0.03%

ബാങ്ക് നിഫ്റ്റി   55,391.25     -0.07%

മിഡ് ക്യാപ്100   54,587.95   +0.27%

സ്മോൾക്യാപ്100  16,738.70    +0.37%

ഡൗജോൺസ്   40,527.62   +0.75%

എസ്ആൻഡ്പി   5560.83   +0.58%

നാസ്ഡാക്      17,461.32     +0.55%

ഡോളർ($)     ₹85.26        +₹0.23

സ്വർണം(ഔൺസ്) $  3319.70    -$25.10

സ്വർണം(പവൻ) ₹71,840                 +₹320.00

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $64.25    -$1.61 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com